Wednesday, November 19, 2008

ആഗോള പ്രതിസന്ധി - മെയ്‌ഡ് ഇന്‍ അമേരിക്ക

ആഗോളവല്‍ക്കരണകാലത്ത് മോശം കാര്യങ്ങള്‍ എളുപ്പം അതിര്‍ത്തി കടക്കുന്നതില്‍ അതിശയമില്ല. ഇപ്പോള്‍ അമേരിക്ക ലോകത്താകെ കയറ്റി അയക്കുന്നത് മാന്ദ്യമാണ്.

ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ആഗോളപരിഹാരം വേണം. ഏകോപനമില്ലാത്ത സ്ഥൂല സാമ്പത്തികനയങ്ങളാണ് യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ക്കു കാരണം. പണപ്പെരുപ്പം ഉയരുമെന്ന കാരണത്താല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കൊല്ലം ആദ്യം പലിശനിരക്ക് കുറയ്‌ക്കാന്‍ വിസമ്മതിച്ചപ്പോള്‍ അമേരിക്ക അതു ചെയ്‌തു. ഇതു യൂറോ കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി. എന്നാല്‍, ക്രമേണ യൂറോപ്പ് മാന്ദ്യത്തിലേക്ക് നീങ്ങുകയും അമേരിക്കയുടെ ആഭ്യന്തര മൊത്തഉല്‍പ്പാദനം മെച്ചപ്പെട്ടെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ അമേരിക്കയ്‌ക്കു പിന്നാലെ യൂറോപ്പും അഗാധമായ മാന്ദ്യത്തിലേക്ക് പതിക്കുകയാണ്. യൂറോപ്പിന്റെ ദൌര്‍ബല്യങ്ങള്‍ അമേരിക്കയ്‌ക്കു നേട്ടമാകുന്നു. നിയന്ത്രണത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണ്. നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നത് കുതിപ്പുപകരുമെന്ന മിത്തിന്റെ പിന്നാലെ നെട്ടോട്ടമായിരുന്നു. യഥാര്‍ഥത്തില്‍ മികച്ച വിവരങ്ങള്‍ നല്‍കുകയും ഭദ്രമായ സാമ്പത്തികസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്ന നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് കുതിപ്പ് ഏറ്റവും ഉയരത്തിലെത്തുക.

ധനകമ്പോളങ്ങള്‍ അന്ത്യത്തിലേക്കുള്ള വഴിയാണ്. വിഭവങ്ങള്‍ നല്ല രീതിയില്‍ പങ്കിടുകയും അപകടസാധ്യത മെച്ചപ്പെട്ട രീതിയില്‍ നേരിടുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ പുരോഗതിയും സുസ്ഥിര സമ്പദ്ഘടനയും ഉണ്ടാകുന്നത്. ധനകമ്പോളങ്ങള്‍ക്ക് അപകടം കൈകാര്യംചെയ്യാന്‍ കഴിയില്ല, അവ അപകടം ഉണ്ടാക്കുകമാത്രം ചെയ്യുന്നു. പലിശനിരക്കുകളിലെ വ്യതിയാനം നേരിടാന്‍ അമേരിക്കന്‍കുടുംബങ്ങള്‍ക്ക് ധനകമ്പോളം കെല്‍പ്പ് പകര്‍ന്നില്ല, ദശലക്ഷങ്ങള്‍ക്ക് വീട് നഷ്ടമായി. കൂടാതെ, അവര്‍ ശതകോടി ഡോളറുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കുകയാണ്.

ഇത്തരം പിശകുകളുടെ ഫലം ലക്ഷം കോടികളായി ഉയരും. രക്ഷാപദ്ധതികള്‍ക്കായി ചെലവിടുന്ന പണം മാത്രമായല്ല, ആഗോളസാമ്പത്തിക വളര്‍ച്ചാശേഷിയും യഥാര്‍ഥപ്രകടനവും തമ്മിലുള്ള വ്യത്യാസമായും.

മാനുഷികദുരന്തമാണ് ഏറ്റവും ദയനീയം-ഭവനങ്ങള്‍ നഷ്‌ടമായ കുടുംബങ്ങളുടെ തകര്‍ന്ന സ്വപ്നങ്ങള്‍, നഷ്‌ടപ്പെട്ട തൊഴിലും ജീവിതസമ്പാദ്യങ്ങളും. ആഗോളസാമ്പത്തിക ഉദാരവല്‍ക്കരണം നിലനിര്‍ത്തുകയും സാമ്പത്തികഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി കടത്തുകയും ചെയ്യണമായിരുന്നുണ്ടെങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമായിരുന്നു.

ദേശീയ, രാജ്യാന്തര തലങ്ങളില്‍ ധനകമ്പോളത്തിന്റെ നടത്തിപ്പുകാര്‍ പരാജയപ്പെട്ടു. സ്വന്തം അപകടങ്ങള്‍ നേരിടാന്‍ കഴിവില്ലാത്തവരാണെന്ന് ബാങ്കുകള്‍ തെളിയിച്ചു. അവര്‍ക്ക് ഇതിനു കഴിയുമായിരുന്നെങ്കിലും സംവിധാനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പിടികൂടുമായിരുന്നു.

ഇന്നത്തെ ആഗോളസാമ്പത്തികഘടന നന്നായി പ്രവര്‍ത്തിക്കുന്നില്ല, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളില്‍. 'അമേരിക്കന്‍ നിര്‍മിത' സാമ്പത്തിക പ്രതിസന്ധിയുടെ നിരപരാധികളായ ഇരകള്‍ അവരാണ്. സമ്പദ്ഘടനയെ മികച്ച രീതിയില്‍ കൈകാര്യംചെയ്‌ത രാജ്യങ്ങള്‍പോലും, നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ അമേരിക്കയുടെ തെറ്റുകള്‍ക്ക് കഷ്‌ടത സഹിക്കുന്നു. വികസ്വരരാജ്യങ്ങളില്‍നിന്ന് മൂലധനം വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നു.

ഐഎംഎഫിന്റെ ശേഷിക്കും അപ്പുറത്തുള്ള തോതില്‍ ഭീമമായ സംഖ്യ വികസ്വരരാജ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. വിഭവങ്ങളുടെ ഉറവിടം ഏഷ്യയും മധ്യപൌരസ്‌ത്യദേശങ്ങളുമാണ്. പക്ഷേ, അവര്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം നിയന്ത്രണങ്ങള്‍ നീക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ലോകത്തെ ഇന്നത്തെ സ്ഥിതിയില്‍ എത്തിക്കുകയുംചെയ്‌ത സ്ഥാപനത്തിന്; അസന്തുലിത നയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ലോകത്ത് അസ്ഥിരത വളര്‍ത്തുകയും ചെയ്യുന്ന സ്ഥാപനത്തിന്; ഭരണവ്യവസ്ഥ പാളീസായ സ്ഥാപനത്തിന്; മോശമായ പ്രവര്‍ത്തനപാരമ്പര്യമുള്ള ഒരു സ്ഥാപനത്തിന് എന്തിനു നല്‍കണം?

വികസ്വരരാജ്യങ്ങളെ സഹായിക്കുന്ന പുതിയ സാമ്പത്തികസൌകര്യം നമുക്ക് വേണം- ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിക്കുന്ന ഒരു സംവിധാനം. കാലക്രമത്തില്‍ ഈ പുതിയസംവിധാനം ഐഎംഎഫില്‍ ആഴത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ വരുത്തും. ഇത്തരമൊരു സംവിധാനത്തിന് ഉടന്‍ രൂപം നല്‍കണം. ധനമന്ത്രാലയങ്ങളിലെയും കേന്ദ്രബാങ്കുകളിലെയും വിദഗ്‌ദ്ധര്‍ ഇതിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടി എടുക്കണം.

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള ആഗോളകരുതല്‍ സംവിധാനം തകര്‍ന്നു, ഡോളര്‍ പാഴ്വസ്‌തുവായി. പക്ഷേ, ഡോളറില്‍നിന്ന് യൂറോയിലേക്കു മാറുന്നതോ ഡോളര്‍-യൂറോ-യെന്‍ സംവിധാനമോ കൂടുതല്‍ അസ്ഥിരതയ്ക്ക് കാരണമാകും. ആഗോളസാമ്പത്തിക ഘടനയ്‌ക്കായി ആഗോളകരുതല്‍ സംവിധാനമാണ് നമുക്ക് ആവശ്യം. കഴിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്ത് കെയിന്‍സ് ഇതേപ്പറ്റി എഴുതി, പക്ഷേ ഇന്ന് അതിന്റെ ആവശ്യം വളരെയധികമാണ്. ഐഎംഎഫ് പുതിയ ആഗോള കരുതല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇത് നടപ്പാക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്.

അമേരിക്ക അവരുടെ സാമ്പത്തികമാനേജ്‌മെന്റ് 50 സംസ്ഥാനങ്ങള്‍ക്കായിയി വീതിച്ചുകൊടുക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പങ്കുണ്ട്, എന്നാല്‍ ദേശീയസര്‍ക്കാര്‍ അനിവാര്യമാണ്. ഇന്ന് ആഗോളസാമ്പത്തിക സംവിധാനമുണ്ട്, പക്ഷേ കൈകാര്യംചെയ്യുന്നത് ഓരോ രാജ്യവും. ഈ അവസ്ഥ ചലിക്കില്ല.

സമ്പദ്ഘടനയില്‍ പൂര്‍ണത കൈവരിക്കാന്‍ നമുക്ക് കഴിയില്ല. കമ്പോളങ്ങള്‍ക്ക് സ്വയം തിരുത്താന്‍ കഴിയില്ല. നമുക്ക് ഒരുപാട് കാര്യം ചെയ്യാനാകും. ഏഷ്യയിലെയും യൂറോപ്പിലെയും നേതാക്കള്‍ ഇതിനു വഴികാട്ടണം.

*****

ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ്

(ശ്രീ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ Global Crisis - Made in America എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, കടപ്പാട് : ദേശാഭിമാനി)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള ആഗോളകരുതല്‍ സംവിധാനം തകര്‍ന്നു, ഡോളര്‍ പാഴ്വസ്‌തുവായി. പക്ഷേ, ഡോളറില്‍നിന്ന് യൂറോയിലേക്കു മാറുന്നതോ ഡോളര്‍-യൂറോ-യെന്‍ സംവിധാനമോ കൂടുതല്‍ അസ്ഥിരതയ്ക്ക് കാരണമാകും. ആഗോളസാമ്പത്തിക ഘടനയ്‌ക്കായി ആഗോളകരുതല്‍ സംവിധാനമാണ് നമുക്ക് ആവശ്യം. കഴിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്ത് കെയിന്‍സ് ഇതേപ്പറ്റി എഴുതി, പക്ഷേ ഇന്ന് അതിന്റെ ആവശ്യം വളരെയധികമാണ്. ഐഎംഎഫ് പുതിയ ആഗോള കരുതല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇത് നടപ്പാക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്.

അമേരിക്ക അവരുടെ സാമ്പത്തികമാനേജ്‌മെന്റ് 50 സംസ്ഥാനങ്ങള്‍ക്കായിയി വീതിച്ചുകൊടുക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പങ്കുണ്ട്, എന്നാല്‍ ദേശീയസര്‍ക്കാര്‍ അനിവാര്യമാണ്. ഇന്ന് ആഗോളസാമ്പത്തിക സംവിധാനമുണ്ട്, പക്ഷേ കൈകാര്യംചെയ്യുന്നത് ഓരോ രാജ്യവും. ഈ അവസ്ഥ ചലിക്കില്ല.

സമ്പദ്ഘടനയില്‍ പൂര്‍ണത കൈവരിക്കാന്‍ നമുക്ക് കഴിയില്ല. കമ്പോളങ്ങള്‍ക്ക് സ്വയം തിരുത്താന്‍ കഴിയില്ല. നമുക്ക് ഒരുപാട് കാര്യം ചെയ്യാനാകും. ഏഷ്യയിലെയും യൂറോപ്പിലെയും നേതാക്കള്‍ ഇതിനു വഴികാട്ടണം.

ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ ലേഖനം