Saturday, November 29, 2008

ഗാനങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടാകുന്നില്ല

ഓരോ അനശ്വരഗാനത്തിനും ഓരോ കഥ പറയാനുണ്ടാകും! അവ ഏറെയും സൃഷ്‌ടിയുടെ അനര്‍ഘ നിമിഷങ്ങളിലെ സുഖമുള്ള നൊമ്പരങ്ങളുടേതായിരിക്കും. ഒരു കവി തന്റെ കരള്‍ കവിഞ്ഞു വരുന്ന വരികള്‍ ഒരു സംഗീതജ്ഞന് നല്‍കുകയും അദ്ദേഹം തന്റെ ഹൃദയനൈര്‍മല്യം പുരട്ടി അതിനെ തഴുകുകയും ചെയ്യുമ്പോഴാണ് നല്ല ഗാനങ്ങള്‍ പിറവികൊള്ളുന്നത്. ഗായകനോ ഗായികയോ അവ ഉള്ളില്‍ തട്ടി പാടുമ്പോള്‍ നാം കേള്‍ക്കുന്നു. ഇങ്ങനെ കേള്‍ക്കാന്‍ കിട്ടുന്നതിനുമുമ്പ് നിര്‍മ്മാതാവെന്നൊരാള്‍ പണം മുന്‍കൂട്ടി മുടക്കുക എന്നൊരു പ്രോസസിംഗിനു കൂടി ഈ ഗാനങ്ങള്‍ വിധേയമാകേണ്ടതുണ്ട്.

വളരെ പ്രസിദ്ധമായ 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' എന്ന ഗാനം ഒ എന്‍ വി എഴുതി ദേവരാജന്‍ മാസ്‌റ്റര്‍ക്ക് നല്‍കി രണ്ടാഴ്ചയിലധികം വേണ്ടിവന്നു'. അതിനു നല്‍കിയ ഈണം അന്തിമമായി ഉറപ്പിക്കാന്‍. കാരണം 'അരികില്‍' എന്ന വാക്കിന് നല്‍കിയ ഈണം മാസ്‌റ്ററുടെ തന്നെ ഒരു പഴയ ഗാനത്തിന്റെ തുടക്കത്തില്‍ ഉടക്കി കിടന്നു. ബിച്ചുതിരുമല രചിച്ച 'ആരോ പാടി, അനുരാഗ മാസ്‌മര ഗാനം.' എന്ന ഗാനത്തിന്റെ 'ആരോ' എന്ന വാക്കിന്റെ ഈണത്തിലാണ് അരികില്‍ എന്ന വാക്കിന് നല്‍കിയ ഈണവും വന്നുനില്‍ക്കുന്നത് . സാധാരണ മാസ്‌റ്ററുടെ ഒരു ഈണവും ഇങ്ങനെ ആവര്‍ത്തിക്കാറുള്ളതല്ല. ഒരു വാക്കിനാണങ്കില്‍ പോലും ഒരീണം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ മാസ്‌റ്റര്‍ കഠിനമായി പരിശ്രമിച്ചു. രണ്ടാഴ്ചക്കാലം മാസ്‌റ്റര്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. 'അരികില്‍'എന്ന വാക്കിനു നല്‍കിയിരിക്കുന്ന ഈണം പിന്‍വലിക്കാന്‍ മാസ്‌റ്റര്‍ക്ക് മനസ്സുവന്നില്ല. അരികില്‍ എന്ന ആശയത്തെ ഈ ഈണം അത്രമേല്‍ ദ്യോതിപ്പിക്കുന്നു എന്ന് മാസ്‌റ്റര്‍ കരുതി. ഭാവഗാനങ്ങളുടെ നിരയില്‍ ഈ ഗാനം നേടിയ അമരത്വം മാസ്‌റ്ററുടെ നിഗമനത്തെ ശരിവയ്‌ക്കുന്നു. ഇത് സര്‍ഗസൃഷ്‌ടിയില്‍ ഒരു കലാകാരന്‍ അനുഭവിക്കുന്ന നോവിന്റെ ഒരുദാഹരണം മാത്രം!

ഇങ്ങനെ പിറവികൊള്ളുന്ന ഗാനങ്ങള്‍ അനുയോജ്യമായ പശ്ചാത്തല സംഗീതം സൃഷ്‌ടിച്ച് സ്‌റ്റുഡിയോയില്‍ വച്ച് ഒരു സംഘം വാദ്യോപകരണ കലാകാരന്മാരുടെ വിരലുകളും ശ്വാസനിശ്വാസങ്ങളും ഒരേഹൃദയതാളത്തില്‍ കൊണ്ടുവന്ന് ഗായകനേയോ ഗായികയേയോകൊണ്ട് പാടിച്ചു കഴിയുമ്പോഴാണ് സംഗീതസംവധായകന്‍ തന്റെ കസേരയില്‍ സംതൃപ്‌തിയോടെ ഒന്നമര്‍ന്നിരിക്കുന്നത്. ഇവിടെ ഗാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു നാലാമനുണ്ട്. ആദ്യത്തെ മൂന്ന് പേരും അറിയപ്പെടുന്നതുപോലെ അറിയപ്പെടാന്‍ വിധിയില്ലാത്ത നിര്‍മ്മാതാവാണ് ഈ നാലാമന്‍. അയാളുടെ കൈയില്‍ പണമുണ്ടായതുകൊണ്ട് മാത്രമല്ല ഇങ്ങനെ പാട്ടിനും പിന്നെ സിനിമയ്‌ക്കും വേണ്ടി പണം മുടക്കുന്നത്. ലാഭക്കൊതിയനെങ്കിലും ഒരു സഹൃദയന്‍ അയാളില്‍ ഉള്ളതുകൊണ്ടാണ്. മലയാള ഗാനചരിത്രത്തില്‍ ഒരു നിര്‍മ്മാതാവില്ലാതെ ഒരു ഗാനവും ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഏ കെ ജി യെ സ്വീകരിക്കുന്ന വേദിയില്‍ ഒ എന്‍ വി രചിച്ച് ദേവരാജന്‍ ഈണം നല്‍കി സ്വയം പാടിയ 'പൊന്നരിവാളമ്പിളിയി'ലും ശിപായി ലഹളയുടെ 100 ാം വാര്‍ഷികത്തിന് വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി കെ എസ് ജോര്‍ജ്ജും സംഘവും പാടിയ 'ബലികുടീരങ്ങളേ'യും റെക്കോര്‍ഡ് ചെയ്യപ്പെട്ട് കേരളീയര്‍ മുഴുവന്‍ ആസ്വദിക്കാന്‍ ഇടയായത് കെ പി എ സി പണം മുടക്കിയതുകൊണ്ടാണ്. ഗാനപ്രേമികള്‍ ഒ എന്‍ വിക്കും വയലാറിനും ദേവരാജനും നല്‍കിയ അതേ പ്രാധാന്യം കെ പി എ സി യ്‌ക്കും നല്‍കിയിരുന്നതിന് തെളിവാണ്, നാടകഗാനങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെ മനസ്സില്‍ ഉറക്കെ പറയുന്നത് അതാ കെപിഎസി ഗാനങ്ങള്‍ എന്ന്. ഗാനനിര്‍മ്മാതാവിന് അപൂര്‍വ്വമായി ലഭിക്കുന്ന ഈ പദവി സിനിമയില്‍ ഉദയയ്‌ക്കും മെരിലാന്റിനും മഞ്ഞിലാസിനും കെ പി എ സിയുടെ അതേ അളവിലല്ലെങ്കിലും ഉണ്ടായിരുന്നു.

സിനിമകള്‍ തീയേറ്ററുകളില്‍ നിന്ന് ലാഭം ഉണ്ടാക്കിയാലും ഇല്ലെങ്കിലും അവ പില്‍ക്കാലത്ത് ഓര്‍മ്മിക്കപ്പെടുവാന്‍ അവയിലെ ഗാനങ്ങള്‍ ഒരു കാരണമാണ്. നിര്‍മ്മാതാവിനെ സംബന്ധിച്ച് നേരത്തെ മുടക്കിയ പണവും സമര്‍പ്പിച്ച മനസ്സും കൂടുതല്‍ മഹനീയമായി മാറുന്നത് ആകാശവാണിയില്‍ ഒരു ഗാനം പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പ് ആ സിനിമയുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രോതാക്കളെ വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോഴാണ്. ഓരോന്നും ഓരോ ചരിത്രമുഹൂര്‍ത്തങ്ങള്‍.

പാട്ടിലൂടെ സിനിമയെ ഓര്‍മ്മപ്പെടുത്തുന്ന ആ സുവര്‍ണകാലവും ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്വകാര്യ എഫ്എം ചാനലുകള്‍ ആകാശവാണിക്കുമുകളില്‍ താല്‍ക്കാലികമായി വിജയപതാക പാറിക്കുമ്പോള്‍ പാട്ടിന്റെയും പാട്ടുകാരുടേയും മൂല്യമാണ് തകര്‍ന്നിരിക്കുന്നത്. പാട്ടൊഴികെ മറ്റെല്ലാം അവര്‍ക്ക് ടണ്‍ കണക്കിനാണ്. 'അവതരണ'മെന്ന പേരില്‍ എന്തും വിളിച്ചുകൂവുമ്പോള്‍ കലാകേരളം ലജ്ജിച്ചു തലതാഴ്ത്തുക! കെ ജയകുമാര്‍ രചിച്ച 'ചന്ദനലേപസുഗന്ധം തൂവിയതാരോ...' എന്ന ഗാനം പ്രക്ഷേപണം ചെയ്‌തതിനുശേഷം അതിന്റെ ശില്‍പികളാരാണെന്ന് ഒരക്ഷരവും പറയാതെ കോര്‍പ്പറേഷന്റെ ചവറ് വണ്ടി പോകുമ്പോള്‍ 'ഹെന്റെ അമ്മേ!' നാറുന്നു'' എന്ന് പുതിയൊരു കണ്ടുപിടിത്തം പോലെ പറയുന്നതില്‍ എന്താണ് ഔചിത്യം?

ഇവിടെ, പ്രക്ഷേപണം ചെയ്യപ്പെട്ട പാട്ടിന്റെ എല്ലാ വിശദാംശങ്ങളും ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട് അവതാരകന്റേയോ അവതാരകയുടേയോ ഒരു പ്രസക്തിയുമില്ലാത്ത അറുബോറന്‍ 'പാണ്ഡിത്യ'മാണ് വിളംബരം ചെയ്യുന്നത്. അവതാരകനോ അവതാരകയ്‌ക്കോ വീട്ടില്‍ നിന്ന് കൊടുത്തയയ്‌ക്കപ്പെട്ട ചോറുപൊതി പോലെ കിട്ടിയതാണോ ഈ പാട്ടുകള്‍? വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് വീട്ടുകാരാകാം, ചിലപ്പോള്‍ ജോലിക്കാരാകാം. അതാരോടും പറയേണ്ട കാര്യമില്ല. ചോറിനുള്ള അരിമണികള്‍ ആരാണ് കൃഷി ചെയ്യുന്നതെന്നും ഏതു വയലിലാണ് വിളഞ്ഞതെന്നും അന്വേഷിച്ചറിഞ്ഞ് വയ്‌ക്കേണ്ട കാര്യമില്ല. പാട്ടുകള്‍ അതുപോലെയാണോ? അവയ്‌ക്ക് രചയിതാവുണ്ട്, സംഗീതസംവിധായകനുണ്ട്, ഗായകനുണ്ട്, ഗായികയുണ്ട്. ഈ പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സിനിമയുണ്ട്. ഇവയെല്ലാം ഒരു ഗാനം പ്രക്ഷേപണം ചെയ്യുമ്പോള്‍ ശ്രോതാക്കളോട് പറയേണ്ടത് സാമാന്യമര്യാദ മാത്രമല്ല പകര്‍പ്പവകാശ നിയമം കലാകാരന്മാര്‍ക്ക് നല്‍കുന്ന അറിയപ്പെടാനുള്ള അവകാശം കൂടിയാണ്. അടുത്തകാലം വരെ കുഞ്ഞുങ്ങള്‍പോലും ഒരറിയിപ്പും കൂടാതെ തിരിച്ചറിയുന്ന ശബ്‌ദമായിരുന്നു ഗന്ധര്‍വഗായകന്‍ യേശുദാസിന്റേത് ! യേശുദാസിന്റെ ശബ്‌ദം തിരിച്ചറിയാന്‍ താല്‍പര്യമില്ലാത്ത പുതിയ തലമുറയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ആരാധനയോടും ഗൌരവത്തോടും കൂടി ഗാനങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം പുതിയ തലമുറയ്‌ക്ക് നഷ്‌ടമാവുമ്പോള്‍ ഇതാരാണ് പാടിയത് എന്ന അന്വേഷണവും ഉണ്ടാകാതെ പോകുന്നു.

ഒരശരീരിപോലെ ഒരു ഗാനം മുഴുമിപ്പിക്കാതെ പ്രക്ഷേപണം ചെയ്യുമ്പോള്‍ അത് ഏത് സിനിമയിലേതെന്നോ അതെഴുതിയതാരെന്നോ ഈണം നല്‍കിയാതാരെന്നോ ആലപിച്ചതാരെന്നോ അറിയാനുള്ള ശ്രോതാവിന്റെ ആഗ്രഹവും അറിയപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള കലാകാരന്റെ അവസരവും ഒരേ സമയം ഹനിക്കപ്പെടുന്നു. വയലാറും ദേവരാജനും യേശുദാസും പി ഭാസ്‌ക്കരനും ബാബുരാജും രാഘവനും ജയച്ചന്ദ്രനും പി സുശീലയും ജാനകിയും ഒ എന്‍ വിയും ചിത്രയും ശ്രീകുമാരന്‍ തമ്പിയും കൈതപ്രവും ജോണ്‍സനും എം ജി ശ്രീകുമാറും ബിച്ചുതിരുമലയും അനില്‍ പനച്ചൂരാനും വിനീത് ശ്രീനിവാസനുമൊക്കെ ഏതോ വയലില്‍ ആരോ വിളയിച്ച നെന്മണികളാണോ?

പുതിയ എഴുത്തുകാരുടേയും സംഗീതസംവിധായകരുടേയും പാട്ടുകാരുടേയും പേരുകള്‍ അവരവരുടെ പാട്ടുകളോട് ചേര്‍ത്ത് കേള്‍ക്കാന്‍ അവര്‍ക്കും അവകാശമുണ്ട് ! അറിയാന്‍ ശ്രോതാക്കള്‍ക്കും. സംഗീതം അഥവാ നല്ല ഗാനങ്ങള്‍, മാണിക്യവീണകൊണ്ട് തലോടുമ്പോള്‍ വേദനകളെ അലിയിക്കുന്ന താമരപ്പൊയ്‌കയാണ് എന്ന് ദേവരാജന്‍ മാസ്‌റ്റര്‍ പറയുമ്പോള്‍ എഫ് എം ചാനല്‍ പറയുന്നത് സംഗതി ഹോട്ടാണെന്നാണ്. എന്താണീ ഹോട്ട്? അത് പറയുമ്പോള്‍ എന്തോ ചവര്‍ക്കുന്നില്ലേ?കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷത്തെ ഇത്രയും മലീമസമാക്കാന്‍ സംഘം ചേര്‍ന്നിവര്‍ ശ്രമിക്കുമ്പോള്‍ എതിര്‍വാക്കുകള്‍ ഉയരാത്തത് ആഗോളവല്‍ക്കരണകാലത്ത് പാട്ടും ഇങ്ങനെയൊക്കെ മതിയെന്ന ധാരണ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. അരിവില കിലോ 30 രൂപ ആയപ്പോഴാണ് നികത്തപ്പെട്ട നെല്‍വയലുകളെക്കുറിച്ചും ആന്ധ്രയിലെ അരി ലോബികളെക്കുറിച്ചും നമ്മുടെ നാട് ചര്‍ച്ച തുടങ്ങിയത്. പിന്നെയാണോ പാട്ട്? എന്ന് ചിന്തിക്കുന്ന, എല്ലാ കാര്യങ്ങളിലുമുള്ള ഈ നിസ്സംഗത മലയാളി സമൂഹത്തെ എത്തിച്ചിരിക്കുന്നത് കല, സാഹിത്യം, ചരിത്രം, രാഷ്‌ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള അറിവില്ലായ്‌മകളിലേയ്‌ക്കാണ്.

1990 ല്‍ തിരുവനന്തപുരം ആകാശവാണി പുറത്തുവിട്ട കണക്കില്‍ 90 വരെ ആകാശവാണി ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രക്ഷേപണം ചെയ്‌ത ഗാനം 1961 ല്‍ പുറത്തിറങ്ങിയ 'ഭക്തകുചേല' എന്ന ചിത്രത്തിലെ ഈശ്വരചിന്തയിതൊന്നേ.' എന്ന ഗാനമായിരുന്നു. പുതിയ കണക്കെടുപ്പില്‍ ഈ പദവി മറ്റേതെങ്കിലും ഗാനം നേടിയിട്ടുണ്ടാകാം! എന്നാലും ആ കണക്ക് ആകാശവാണിയുടെ പക്കലുണ്ടാകും! കാരണം 1957 ലെ പകര്‍പ്പവകാശനിയമപ്രകാരമുള്ള ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐപിആര്‍ എസ് ) മുഖേന ഗാനനിര്‍മ്മാതാവ്, രചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, ഗായിക എന്നിവര്‍ക്ക് റോയല്‍റ്റി നല്‍കേണ്ടതുണ്ട്, 47 വര്‍ഷങ്ങള്‍ക്കിപ്പുറം 'ഈശ്വര ചിന്തയിതൊന്നേ....' ഇപ്പോഴും ആകാശവാണി പ്രക്ഷേപണം ചെയ്യുമ്പോള്‍ ആ ഗാനം ആലപിച്ച കമുകറ പുരുഷോത്തമനേയും രചിച്ച തിരുനയിനാര്‍ക്കുറിച്ചി മാധവന്‍നായരേയും ഈണം നല്‍കിയ ബ്രദര്‍ ലക്‍ഷ്‌മണയെയും പരിചയപ്പെടുത്തുന്നത് റോയല്‍റ്റി കണക്കിനപ്പുറം കലാകാരന്മാരോടുള്ള അനല്‍പമായ ആദരവും ഉന്നതമായ ചരിത്രബോധവും തന്നെയാണ് !

പുതിയ ചാനലുകള്‍ക്ക് ഇതൊന്നും ബാധകമല്ലാത്തത് എന്തുകൊണ്ട് ? അരാഷ്‌ട്രീയതയുടെ മുഖംമൂടി ധരിച്ച രാഷ്‌ട്രീയം ഇതിനുപിന്നിലുണ്ടോ? ഉണ്ടെന്നുവേണം കരുതാന്‍! ഇരയ്‌ക്കും തുല്യനീതി നിശ്ചയിക്കുന്ന കപട നിഷ്‌പക്ഷതയാണ് പാട്ടുകളുടെ ഇടവേളകളില്‍ വിഷം പുരട്ടി ശ്രോതാക്കള്‍ക്ക് നല്‍കുന്നത്.

ഒരുദാഹരണം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടി. അത് സാഹചര്യങ്ങളുടെ അനിവാര്യത! അതിനെ എഫ് എം ചാനല്‍ അവതാരകന്‍ നിസ്സാരവല്‍ക്കരിച്ചു. ഇനി സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന നാമമാത്രമായ നികുതിവിഹിതം വേണ്ടെന്ന് വച്ച്, വിലക്കയറ്റത്തില്‍ നിന്ന് ഒരിറ്റാശ്വാസം നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാന്‍ ധനമന്ത്രി സ്ഥലത്തില്ലാതെ ഒരു ദിവസം വൈകിയത് കൊടുംപതാകം. പാട്ടിന്റെ ഇടവേളയില്‍ ചെറുപ്പക്കാരന്‍ / ചെറുപ്പക്കാരി 'നിഷ്‌കളങ്കമായി ഇതു പറയുമ്പോള്‍ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം മന്ദഹാസം പൊഴിക്കുന്നു.

നീറുന്ന ജനകീയ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കാനും അപ്രസക്തമായവയെ പര്‍വതീകരിക്കുന്നതിനും ജനങ്ങളെ പരിശീലിപ്പിക്കുകയെന്ന ആഗോളതന്ത്രം പുതിയ പ്രക്ഷേപണ സംസ്‌ക്കാരത്തിലുണ്ട്. ശ്രോതാക്കള്‍ കൂടുതലും തൊഴിലാളികളും യുവാക്കളും വീട്ടമ്മമാരുമാകുമ്പോള്‍ അജണ്ട നിശ്ചയിച്ചവരുടെ ലക്ഷ്യം വളരെപ്പെട്ടെന്ന് നേടാനുമാകും! സ്വാകാര്യ എഫ് എം ചാനലുകള്‍ നല്‍കേണ്ട വിവരങ്ങള്‍ നല്‍കാതിരിക്കുകയും നല്‍കേണ്ടാത്തവ തന്നിഷ്‌ടം പോലെ തെറ്റായി നല്‍കുകയും ചെയ്‌തുകൊണ്ട് ശ്രോതാക്കളുടെ തിരിച്ചറിവിന്റെ മേഖല പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്.

മറന്നുപോകരുത് ! ഗാനങ്ങളൊന്നും തന്നെ ശൂന്യതയില്‍ നിന്നുണ്ടാകുന്നില്ല. ഒരു കൂട്ടം പ്രതിഭകളുടെ അദ്ധ്വാനം അവയ്‌ക്ക്പിന്നിലുണ്ട്. അവയ്‌ക്ക് ആത്മാവുണ്ട്. വിലയുണ്ട്. പാട്ടുകള്‍ക്കിടയില്‍ പറയേണ്ടതുമാത്രം പറയാതെ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം പറഞ്ഞ് തിരിച്ചറിവുകളില്‍ നിന്നും ചരിത്രബോധത്തില്‍ നിന്നും പുതിയ തലമുറയെ ബോധപൂര്‍വം അകറ്റാന്‍ ശ്രമിക്കരുത്.'

*
എം ആര്‍ അനില്‍രാജ്, കടപ്പാട് : യുവധാര.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

വളരെ പ്രസിദ്ധമായ 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' എന്ന ഗാനം ഒ എന്‍ വി എഴുതി ദേവരാജന്‍ മാസ്‌റ്റര്‍ക്ക് നല്‍കി രണ്ടാഴ്ചയിലധികം വേണ്ടിവന്നു'. അതിനു നല്‍കിയ ഈണം അന്തിമമായി ഉറപ്പിക്കാന്‍. കാരണം 'അരികില്‍' എന്ന വാക്കിന് നല്‍കിയ ഈണം മാസ്‌റ്ററുടെ തന്നെ ഒരു പഴയ ഗാനത്തിന്റെ തുടക്കത്തില്‍ ഉടക്കി കിടന്നു. ബിച്ചുതിരുമല രചിച്ച 'ആരോ പാടി, അനുരാഗ മാസ്‌മര ഗാനം.' എന്ന ഗാനത്തിന്റെ 'ആരോ' എന്ന വാക്കിന്റെ ഈണത്തിലാണ് അരികില്‍ എന്ന വാക്കിന് നല്‍കിയ ഈണവും വന്നുനില്‍ക്കുന്നത് . സാധാരണ മാസ്‌റ്ററുടെ ഒരു ഈണവും ഇങ്ങനെ ആവര്‍ത്തിക്കാറുള്ളതല്ല. ഒരു വാക്കിനാണങ്കില്‍ പോലും ഒരീണം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ മാസ്‌റ്റര്‍ കഠിനമായി പരിശ്രമിച്ചു. രണ്ടാഴ്ചക്കാലം മാസ്‌റ്റര്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. 'അരികില്‍'എന്ന വാക്കിനു നല്‍കിയിരിക്കുന്ന ഈണം പിന്‍വലിക്കാന്‍ മാസ്‌റ്റര്‍ക്ക് മനസ്സുവന്നില്ല. അരികില്‍ എന്ന ആശയത്തെ ഈ ഈണം അത്രമേല്‍ ദ്യോതിപ്പിക്കുന്നു എന്ന് മാസ്‌റ്റര്‍ കരുതി. ഭാവഗാനങ്ങളുടെ നിരയില്‍ ഈ ഗാനം നേടിയ അമരത്വം മാസ്‌റ്ററുടെ നിഗമനത്തെ ശരിവയ്‌ക്കുന്നു.

എം ആര്‍ അനില്‍രാജ് എഴുതിയ ലേഖനം.

Anonymous said...

“അലോ ആരാ വിളിക്കുന്നേ?”
“കുഞ്ഞമ്മിണിയാ. കോത്താഴത്ത് നിന്ന്”
“കുഞ്ഞമ്മിണി എന്നത് നല്ല അടിപൊളി പേരാണ് കേട്ടോ കുഞ്ഞമ്മിണീ. കോളേജില്‍ ചെത്ത് പയ്യന്മാരൊക്കെ പിന്നാലെ ആയിരിക്കും അല്ലേ? കുഞ്ഞമ്മിണി ഇപ്പോള്‍ എന്ത് ചെയ്യുന്നു?’
“മോന്റെ പിള്ളാരെയും നോക്കി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നു.”
:)

Jayasree Lakshmy Kumar said...

വളരേ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ..’ ‘ആരോ..പാടീ..’ മാസ്മരീകതയുണർത്തുന്ന വരികളും ആലാപനവുമാണ് ഈ രണ്ടു പാട്ടുകൾക്കും. പക്ഷെ അതിലെ ‘ആരോ’ ബന്ധം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.

പാട്ടുകൾ സമ്പ്രേക്ഷണം ചെയ്യുന്നതിനൊപ്പം അതിന്റെ രചന, സംഗീതം, ആലാപനം എന്നിവ പറയുന്നത് കേൾവിക്കാരിലേക്ക് ഒരു ഫീഡിങ്ങും പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അംഗീകാരവുമാണ്. പണ്ടല്ലാം മാധ്യമങ്ങൾ ഇവ പാലിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ ‘ടൺ കണക്കിനു ഫൺ’ ആയപ്പോഴുള്ള അവസ്ഥ കഷ്ടം തന്നെ. കേൾക്കുന്നതെല്ലാം വെറും അശരീരികൾ മാത്രമായി പോകുന്നു

ഭൂമിപുത്രി said...

ആരേയൊക്കെയൊ വികൃതമായി അനുകരിയ്ക്കുകയാവണം എഫ്.എം.
അവതാരകർ.
വായിൽത്തോന്നുന്നത് വിളിച്ചുപറയുകയെന്നതാൺ അവരുടെ ജോലി.പക്ഷെ,ഏതൊക്കെ പാട്ടുകൾ പ്രക്ഷേപണം ചെയ്യണമെന്ന് നേരത്തെ അറിയാവുന്ന നിലയ്ക്ക് ഹോംവർക്ക് ചെയ്യണമെന്നത് കർശനമാക്കാം.

Anonymous said...

രന്‍ ജിനി ഹരിദാസിനെപോലെ മലയാളവും ഇംഗ്ളീഷും എല്ലാം കൂടി പുട്ടും പാളയം തോടന്‍ പഴവും കൂടി കുഴച്ചു വായില്‍ തള്ളിക്കയറ്റി കൊഴ കൊഴ എന്തൊക്കെയോ പുലമ്പുന്ന ജീന്‍സു ധാരികളും മലയാലം കുര്‍ച്ചു കുരച്ച്‌ അറിയാവുന്ന കുറെ ഫാരക്സ്‌ ബേബികളൂം ആണീ ഈ അവതാരകറ്‍

പണ്ടത്തെ പോലെ പ്റൈമറി സ്കൂളില്‍ അക്ഷരശുധി ഒന്നും പഠിപ്പിക്കുന്നില്ല ക്റിഷ്ണഗാഥ പാടിക്കുന്നില്ല ഴയും ശയും ഷയും തിരിച്ചു ഉച്ചരിപ്പിക്കുന്നില്ല

മലയാളത്തെ എന്‍ വീ ക്റിഷ്ണവാര്യര്‍ തുടങ്ങി വച്ച ബലാത്സംഗം ( ലിപി പരിഷ്കരണം) കൂടുതല്‍ പേര്‍ ആവറ്‍ത്തിച്ചു

ഇപ്പോള്‍ തറ പറക്കു പകരം അരിവാള്‍ കൊട്ടൂടി ഒക്കെയാണൂ പഠിപ്പിക്കുനത്‌ പിന്നെ മാറു മറക്കല്‍ കലാപം വയലാറ്‍ പുന്നപ്റ അങ്ങിനെ പോകുന്നു പഠിക്കാനുള്ള ഭാഗങ്ങള്‍

ഇതൊന്നും പഠിച്ചില്ലേലും ബേബി ജയിപ്പിക്കും എന്നു എല്ലാറ്‍ക്കും അറിയാം അതിണ്റ്റെ ഒക്കെ ഫലം ഈ സാംസ്കാരിക ദുരന്തം!!.

ലേഖന കറ്‍ത്താവിനു പെട്റോള്‍ വില കൂടി ചിദംബരത്തെ എന്തു കൊണ്ട്‌ തെറി വിളിക്കുന്നില്ല ഇതൊക്കെയാണു സങ്കടം ഡിഫിക്കാരെ അവതാരകരാക്കി അതു പരിഹരിക്കാം

Anonymous said...

"ഇപ്പോള്‍ തറ പറക്കു പകരം അരിവാള്‍ കൊട്ടൂടി ഒക്കെയാണൂ പഠിപ്പിക്കുനത്‌.."
അരിവാള്‍ കൊട്ടൂടി ക്ക് പകരം വിചാരധാരാ പരമായ കാവി കോണകം,അസന കാല്പത്തി,സോറി കൈപ്പത്തി എന്നിവയും പഠിപ്പിക്കണം.

" ഡിഫിക്കാരെ അവതാരകരാക്കി അതു പരിഹരിക്കാം"
അമുല്‍ ബേബി രാഹുലന്‍,കൊലംബിയക്കാരി കാമുകി,ദുരൂഹ സാഹചര്യത്തില്‍ സഹോദരനാല്‍!!! കൊല്ലപ്പെട്ട മഹാജനപുത്രനും ആകാം അവതാരകര്‍..