Monday, November 3, 2008

ആഗോളമാന്ദ്യവും കേരള സര്‍ക്കാരിന്റെ ചിട്ടിയും

ആഗോളമാന്ദ്യവും കേരള സര്‍ക്കാര്‍ നടത്തുന്ന ചിട്ടിയും തമ്മില്‍ എന്താണ് ബന്ധം? കെഎസ്എഫ്ഇയുടെ പൊന്നോണ ചിട്ടി സ്‌കീം, ബിസിനസ് പ്ലാന്‍ പ്രകാരം ലക്ഷ്യമിട്ടിരുന്നത് 45 കോടിയാണ്. എന്നാല്‍, 90 കോടി രൂപ മാസ സലയുള്ള ചിട്ടികളില്‍ ആളുകള്‍ ചേര്‍ന്നു. ഒരു കാലത്തും ഇങ്ങനെ ഉണ്ടായിട്ടില്ല. രണ്ടുകൊല്ലം മുമ്പുവരെ പ്രതിവര്‍ഷം ആകെ ഇരുപത്തൊമ്പതോ മുപ്പതോ കോടി രൂപയുടെ മാസസലയുള്ള ചിട്ടികളാണ് പുതുതായി തുടങ്ങിയിരുന്നത്. ആ സ്ഥാനത്താണ് ആറുമാസംകൊണ്ട് 90 കോടി ബിസിനസ് കെഎസ്എഫ്ഇ ചെയ്‌തിരിക്കുന്നത്.

ആഗോള ധനകാര്യമേഖലയിലെ കുഴപ്പങ്ങള്‍ സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ വിശ്വാസ്യത ഉയര്‍ത്തിയിരിക്കുകയാണ്.

അമേരിക്കയില്‍ തകര്‍ന്ന മെറില്‍ ലിഞ്ച്, ലേമാന്‍ തുടങ്ങിയ ഭീമന്‍ സ്ഥാപനങ്ങളെല്ലാം നിക്ഷേപ ബാങ്കുകളായിരുന്നു. സര്‍ക്കാരിന്റെ പരിമിതമായ നിയന്ത്രണങ്ങളേ ഈ നിക്ഷേപബാങ്കുകളിന്മേലുള്ളൂ. കാരണം ഇവ പൊതുജനങ്ങളില്‍നിന്ന് ഡിപ്പോസിറ്റ് സ്വീകരിക്കുകയോ ദൈനംദിന ബാങ്ക് ഇടപാട് നടത്തുകയോ ചെയ്യുന്നില്ല. കടപ്പത്രങ്ങള്‍വഴി വായ്‌പ സമാഹരിച്ച് കൂടുതല്‍ ആദായം തരുന്ന ഓഹരി തുടങ്ങിയ കമ്പോളങ്ങളില്‍ നിക്ഷേപിക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുന്നതിനുവേണ്ടി മറ്റു രണ്ടു നിക്ഷേപ ബാങ്കുകളായ സ്റ്റാന്‍ലി മോര്‍ഗനും ഗോള്‍ഡ് മാന്‍ സാച്ചസും തങ്ങളെ വാണിജ്യബാങ്കുകളായി കരുതണമെന്നും സര്‍ക്കാര്‍നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും സ്വയം അഭ്യര്‍ഥിച്ചിരിക്കുകയുമാണ്.

കഴിഞ്ഞദിവസം കെഎസ്എഫ്ഇയുടെ പ്രവാസിബന്ധു ചിട്ടികള്‍- 2008 സ്‌കീം ഉദ്ഘാടനംചെയ്‌തു. ഗള്‍ഫിലുള്ള സാധാരണക്കാരായ മലയാളികള്‍ തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗള്‍ഫിലെ അനൌപചാരിക കുറികളെയാണ്. ഈ ചിട്ടികള്‍ പൊളിഞ്ഞ് സമ്പാദ്യമെല്ലാം നഷ്‌ടപ്പെടുന്ന അനുഭവം ധാരാളമാണ്. ഈ പശ്ചാത്തലത്തില്‍ കെഎസ്എഫ്ഇയുടെ പ്രവാസിബന്ധു ചിട്ടികള്‍ അഭൂതപൂര്‍വമായ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഇന്ന് ഇതിന് സങ്കേതികമായ പ്രതിബന്ധമുണ്ട്. ഇന്ത്യയിലെ ഫോറിന്‍ എക്‍സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‍ട് പ്രകാരം വിദേശ ഇന്ത്യക്കാര്‍ക്കോ വിദേശികള്‍ക്കോ ചിട്ടിയില്‍ നിക്ഷേപിക്കാന്‍ പാടുള്ളതല്ല. വിദേശമൂലധന അക്കൌണ്ടുതന്നെ സ്വതന്ത്രമാക്കണമെന്നും മൂലധന ഒഴുക്കിന് ഒരു നിയന്ത്രണവും പാടില്ലെന്നും വാദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരെ നാട്ടിലെ ചിട്ടിയില്‍ ചേരാന്‍ അനുവദിക്കാത്തത് വിരോധാഭാസമല്ലേ? കേന്ദ്ര ധനമന്ത്രാലയത്തിലും മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തും ഞാന്‍തന്നെ നേരിട്ട് പലതവണ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പോയിരുന്നു. ചിട്ടികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള തടസ്സത്തിന്റെ കാരണം വിശദീകരിച്ച് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.

ഒന്നാമതായി പറഞ്ഞ കാരണം വിദേശ റെഗുലേറ്റര്‍മാര്‍ക്ക് (അവിടത്തെ റിസര്‍വ് ബാങ്കുകള്‍ക്കും മറ്റും) സുപരിചിതമായിട്ടുള്ള ഒരു ധന ഉപാധിയല്ലത്രേ ചിട്ടി! അവര്‍ക്ക് ചിട്ടി അസ്വസ്ഥത ഉണ്ടാക്കുമത്രേ (They are not comfortable with it). ചിരി വരാന്‍ കാരണം മറ്റൊന്നുമല്ല, ഓഹരി, വിദേശവിനിമയം, ചരക്കുകള്‍, കടപ്പത്രങ്ങള്‍ എന്നിവയുടെ കമ്പോളങ്ങളില്‍ ഓരോ വര്‍ഷം കഴിയുംതോറും ഒരാള്‍ക്കും പിടികിട്ടാത്ത എത്രയോ പുതിയ ഉപാധികള്‍ വാള്‍‌സ്‌ട്രീറ്റിലെ മിടുക്കന്മാര്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. സമീപകാലത്ത് വായിച്ച ഡഗ് ഹെന്‍വുഡിന്റെ ‘The Wall Street ’എന്ന ഗ്രന്ഥത്തില്‍ ഇത്തരത്തിലുള്ള നൂറോളം ധന ഉപാധികളുടെ (instruments) ലിസ്‌റ്റ് കൊടുത്തിട്ടുണ്ട്. ഇതും അപൂര്‍ണമാണത്രേ. ഇങ്ങനെ ഒരു നിയന്ത്രണവുമില്ലാതെ ചൂതാട്ടക്കാര്‍ തന്നിഷ്‌ടപ്രകാരം ഉപാധികളുണ്ടാക്കി അപ്രകാരം വിഹരിച്ച് ആഗോള ധനകാര്യവ്യവസ്ഥതന്നെ തകര്‍ച്ചയുടെ വക്കിലെത്തിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് പാവം ചിട്ടിയോട് എന്തൊരു സംശയമാണെന്ന് നോക്കൂ.

രണ്ടാമത് പറഞ്ഞ കാരണം ഇതിലെറെ രസാവഹമാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടി ദുരുപയോഗപ്പെടുത്തുമത്രേ. നാട്ടിലേക്ക് കള്ളപ്പണം വിദേശത്തുനിന്ന് കൊണ്ടുവരേണ്ടവര്‍ ഒട്ടേറെ ചിട്ടികള്‍ ഒരേസമയത്ത് ചേരുകയും നാട്ടില്‍ ചിട്ടികള്‍ ലേലം വിളിച്ച് വെളുത്ത പണമായി കൈക്കലാക്കുകയും ചെയ്യുമത്രേ. ലക്ഷങ്ങളുടെ ചിട്ടികളൊന്നുമല്ലെന്നും ഏതാനും ആയിരങ്ങള്‍ സലയുള്ള ചിട്ടികള്‍മാത്രമേ തുടങ്ങുകയുള്ളൂ എന്ന സമാധാനം അധികൃതര്‍ക്ക് ബോധ്യമായില്ല. കള്ളപ്പണക്കാര്‍ക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നാലും വെളുപ്പിക്കാമല്ലോ എന്നായിരുന്നു അവരുടെ മട്ട്. ഇക്കാലത്ത് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിടാന്‍ പറ്റാത്ത മറ്റൊരു കാര്യംകൂടി അവര്‍ പറഞ്ഞു. ഭീകരന്മാര്‍ നാട്ടിലേക്ക് പണമെത്തിക്കാന്‍ ചിട്ടി ദുരുപയോഗപ്പെടുത്തുമത്രേ. ഭീകരവാദത്തിനുമുമ്പില്‍ ഇപ്പോള്‍ അപ്പീല്‍ ഇല്ലല്ലോ!

ധനമന്ത്രി ചിദംബരത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും ഇരട്ടത്താപ്പ് മാത്രമല്ല, ദേശദ്രോഹവും വ്യക്തമാക്കുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനും വേണ്ടിവന്നാല്‍ ഭീകരരുടെ പണം നാട്ടിലെത്തിക്കാനും എല്ലാ ഒത്താശയും അവര്‍ ചെയ്‌തുകൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ഓഹരിക്കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്തുന്നതിന് ഇന്ത്യയില്‍ രജിസ്‌റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്ന വിദേശസ്ഥാപനങ്ങള്‍ (Foreign Institutional Investors) കൊണ്ടുവന്ന ഭീമമായ പോര്‍ട്ട്ഫോളിയോ മൂലധനമാണ് ഇന്ത്യയിലെ ഓഹരികളുടെ വിലകള്‍ ഊതി വീര്‍പ്പിച്ചത്. അങ്ങനെയാണ് ഒമ്പതിനായിരമോ പതിനായിരമോ പോയിന്റുമാത്രം ഉണ്ടായിരുന്ന സെന്‍സെക്‍സ് രണ്ടുവര്‍ഷംകൊണ്ട് 20,000 പോയിന്റില്‍ എത്തിയത്. ആഗോളമാന്ദ്യം വരികയും തങ്ങളുടെ മാതൃസ്ഥാപനങ്ങളുടെ നിലനില്‍പ്പുതന്നെ പരുങ്ങലിലാവുകയും ചെയ്‌തപ്പോള്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയില്‍നിന്ന് പണം പിന്‍വലിച്ചുതുടങ്ങി. ഇതോടെ ഇന്ത്യന്‍ ഓഹരിവിലകളും കൂപ്പുകുത്തി. പോകുന്നപോക്കിലും വിലത്തകര്‍ച്ചയിന്മേല്‍ ഊഹക്കച്ചവടം നടത്തി അതിന്റെ ലാഭവുംകൂടി എടുത്തിട്ടാണ് ഈ പഹയന്മാര്‍ നാടുവിട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരിവിലകള്‍ അതിന്റെ യഥാര്‍ഥ നിലവാരത്തിലേക്ക് വന്നിരിക്കുകയാണെന്ന് സമാധാനിക്കുകയും ഉല്‍പ്പാദനമേഖലകളില്‍ ശ്രദ്ധചെലുത്തി ആവശ്യമായ തോതില്‍ പൊതുനിക്ഷേപം ഉയര്‍ത്തി മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളെ കൂടുതല്‍ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഒട്ടേറെ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇവയില്‍ ഏറ്റവും പ്രധാനം പാര്‍ടിസിപ്പേറ്ററി നോട്ടുകളിന്മേലുള്ള നിയന്ത്രണങ്ങളെല്ലാം നീക്കംചെയ്യലാണ്. ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദേശ ഊഹക്കച്ചവടക്കാര്‍ക്ക് രജിസ്‌റ്റര്‍ചെയ്ത വിദേശ സ്ഥാപനങ്ങളുടെ പേരില്‍ ഊഹക്കച്ചവടം നടത്താന്‍ അനുവാദം നല്‍കിയിരിക്കുകയുമാണ്. നേരത്തെ ഇത്തരം നിക്ഷേപം അവരുടെ ആസ്തികളുടെ 40 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റിയിരിക്കുകയാണ്. ആര്‍ക്കുവേണമെങ്കിലും ഉറവിടമോ തങ്ങളുടെ ബന്ധങ്ങളോ ലക്ഷ്യങ്ങളോ വെളിപ്പെടുത്താതെ എത്ര വിദേശനിക്ഷേപം വേണമെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും കിട്ടുന്ന ലാഭവും വേണ്ടിവന്നാല്‍ മുതലും തിരിച്ചുകൊണ്ടുപോകുന്നതിനും അനുവാദം നല്‍കിയിരിക്കുകയാണ്. ഇത്തരം വിദേശനിക്ഷേപകര്‍ കൂടുതല്‍ പേരും മൌറീഷ്യസ് പോലുള്ള രാജ്യങ്ങളിലാണ് രജിസ്‌റ്റര്‍ചെയ്യുന്നത്.

മൌറീഷ്യസ് ധനകാര്യസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഫ്രീ ട്രേഡ് സോണ്‍ അഥവാ സര്‍വസ്വതന്ത്ര വിപണിയാണ്. മറ്റു രാജ്യങ്ങളിലേതുപോലെ റിസര്‍വ് ബാങ്കിന്റെയും മറ്റും നിയന്ത്രണങ്ങള്‍ അവിടത്തെ ധനകാര്യസ്ഥാപനങ്ങളിന്മേല്‍ ഇല്ല. ഒരുവിധ മേല്‍നോട്ടവും ഇല്ലാത്തതുകൊണ്ട് ഭീകരപ്രവര്‍ത്തകരും മയക്കുമരുന്ന് മാഫിയകളും മറ്റും തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാനും വിനിമയം നടത്താനുമായി ഇത്തരം കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് എത്രവേണമെങ്കിലും നമ്മുടെ രാജ്യത്തിലേക്ക് ഓഹരിവിപണിയില്‍ വ്യവഹാരം നടത്താന്‍ സമ്മതിക്കും. എന്നാല്‍, വയറ്റുപ്പിഴപ്പിനുവേണ്ടി ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളിക്ക് ചിട്ടിയില്‍ പണമടയ്‌ക്കാന്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം പ്രതിബന്ധങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ. വെള്ളക്കാരന് നമ്മുടെ ചിട്ടി എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ മാപ്പുകൊടുക്കാം. എന്നാല്‍, നാടന്‍ സായിപ്പന്മാര്‍ക്ക് ചിട്ടിയെന്തെന്ന് മനസ്സിലായില്ലെങ്കില്‍ എങ്ങനെ മാപ്പുകൊടുക്കും?

നിയമത്തിനോട് പ്രതിഷേധമുണ്ടെങ്കിലും നിയമാനുസൃതമായിമാത്രമേ കെഎസ്എഫ്ഇക്ക് പ്രവര്‍ത്തിക്കാനാകൂ. അതുകൊണ്ടാണ് പ്രവാസിചിട്ടിക്കുപകരം പ്രവാസിബന്ധു ചിട്ടി ആരംഭിക്കുന്നത്. പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരുന്നതിനാണല്ലോ നിരോധനം. പ്രവാസികളുടെ ബന്ധുകള്‍ക്ക് ചിട്ടിയില്‍ ചേരാന്‍ നിരോധനം ഇല്ലല്ലോ? ആയതിനാല്‍ ഓരോ ഗള്‍ഫ് മലയാളിയും തങ്ങളുടെ ബന്ധുക്കളില്‍ ഒരാളെയെങ്കിലും പ്രവാസിബന്ധു ചിട്ടികളില്‍ ചേര്‍ക്കണം. എല്ലാ മാസവും കുറിത്തവണ അദ്ദേഹത്തിന്റെ അക്കൌണ്ടില്‍നിന്ന് കെഎസ്എഫ്ഇയിലേക്ക് അടയ്‌ക്കുന്നതിന് ഔപചാരികമായ ഏര്‍പ്പാടുണ്ടാക്കാം. നിക്ഷേപകനായ ഗള്‍ഫ് മലയാളിക്ക് ചിട്ടിയുടെ നോമിനിയായി നില്‍ക്കുന്നതിന് നിയമതടസ്സവുമില്ല. ഇത് മലയാളികളുടെ ഒരു വാശിയായി തീരണം.

കേരള സര്‍ക്കാരിന്റെ ചിട്ടിയില്‍ മുടക്കുന്ന പണം ഏറ്റവും സുരക്ഷിതവും ആദായകരവുമാണെന്നുമാത്രമല്ല അതില്‍ നല്ലൊരു പങ്ക് കേരളത്തിന്റെ വികസനപ്രവര്‍ത്തനത്തിനുള്ള നിക്ഷേപമായി മാറുന്നു. ആഗോളമാന്ദ്യ പശ്ചാത്തലത്തില്‍ നമ്മുടെ സംസ്ഥാനത്തെ പൊതുനിക്ഷേപം ഇനിയും ഗണ്യമായി ഉയര്‍ത്തുന്നതിനാണ് കേരള സര്‍ക്കാര്‍ പരിപാടിയിട്ടിട്ടുള്ളത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. ആഗോളപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട് രണ്ടുമാസത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ആകെ ചെയ്‌തിട്ടുള്ളത് ഊഹക്കച്ചവടക്കാര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും വായ്‌പകള്‍ സുഗമമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകമാത്രമാണ്. 2.7 ലക്ഷം കോടി രൂപയാണ് മൊത്തം ഇങ്ങനെ ലഭ്യമാക്കിയിട്ടുള്ളത്. ലിക്വിഡിറ്റി പ്രശ്‌നം വിജയകരമായി കൈകാര്യം ചെയ്‌തെന്ന അഭിമാനഗര്‍വിലാണ് കേന്ദ്ര ധനമന്ത്രിയും റിസര്‍വ് ബാങ്കും.

കേന്ദ്രസര്‍ക്കാര്‍ ചെവിക്കുപിടിച്ചപ്പോള്‍ പ്രസ്‌താവന പിന്‍വലിച്ചെങ്കിലും മുതലാളിമാരുടെ സംഘടനയായ 'അസോചെം' പറഞ്ഞത് സംഘടിതമേഖലയിലെ 20 മുതല്‍ 30 ശതമാനംവരെ തൊഴിലാളികളെങ്കിലും തൊഴില്‍രഹിതരായി മാറുമെന്നാണ്. ഇന്ത്യയുടെ പ്രശ്‌നം ലിക്വിഡിറ്റി മാത്രമല്ല, വ്യവസായ-വ്യാപാര മേഖലകളിലേക്ക് മാന്ദ്യം പടരുകയാണ്. വായ്‌പ കൊടുത്താലും മുതലാളിമാര്‍ പണം മുടക്കാന്‍ പോകുന്നില്ല. കാരണം അവര്‍ ആഗോളമാന്ദ്യത്തെക്കുറിച്ച് ബോധവാന്മാരാണ്. ലാഭപ്രതീക്ഷ കുറയുമ്പോള്‍ അവരുടെ മുതല്‍മുടക്ക് കുറയും. ഇതുകൊണ്ട് സുലഭമായി വായ്‌പ കൊടുത്താലും അവര്‍ മുതല്‍മുടക്കാന്‍ തയ്യാറാകില്ല.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍തന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍വഴിയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ടോ പശ്ചാത്തലസൌകര്യങ്ങളില്‍ മുതല്‍മുടക്കണമെന്ന അഭിപ്രായം ഉയരുന്നത്. ഇതുവരെ ഇത്തരം ഒരു പ്രസ്‌താവനപോലും ഇറക്കാതിരിക്കാനായി പ്ലാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ് സിങ് അലുവാലിയ വളരെയേറെ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഇല്ലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ മേല്‍പ്പറഞ്ഞ കാഴ്‌ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ, പൊതുമേഖലാ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കേന്ദ്രസര്‍ക്കാരിനെപ്പോലെ നോട്ട് അച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലല്ലോ? കടം വാങ്ങണമെങ്കില്‍പ്പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇവിടെയാണ് കെഎസ്എഫ്ഇപോലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. വാട്ടര്‍ അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് കോര്‍പറേഷന്‍, ഇന്‍-കല്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴിയുള്ള വായ്‌പയെടുത്ത് നിക്ഷേപം വര്‍ധിപ്പിക്കാനാകണം. ട്രഷറി ഡിപ്പോസിറ്റ് നിരക്ക് ഗണ്യമായി ഉയര്‍ത്തിയതും ഇങ്ങനെ വിഭവസമാഹരണം ഉദ്ദേശിച്ചാണ്. കെഎസ്എഫ്ഇ ചിട്ടിവഴി സമാഹരിക്കുന്ന പണത്തില്‍ ഒരു ഭാഗവും പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താനാകും. പ്രവാസിബന്ധു ചിട്ടിക്ക് ഇന്നത്തെ ആഗോളപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു മാനവുംകൂടിയുണ്ട്. ദേശാഭിമാനിയായ ഓരോ പ്രവാസിമലയാളിയും പ്രവാസിബന്ധു ചിട്ടിയുമായി സഹകരിക്കുക.

*****

തോമസ് ഐസക്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മൌറീഷ്യസ് ധനകാര്യസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഫ്രീ ട്രേഡ് സോണ്‍ അഥവാ സര്‍വസ്വതന്ത്ര വിപണിയാണ്. മറ്റു രാജ്യങ്ങളിലേതുപോലെ റിസര്‍വ് ബാങ്കിന്റെയും മറ്റും നിയന്ത്രണങ്ങള്‍ അവിടത്തെ ധനകാര്യസ്ഥാപനങ്ങളിന്മേല്‍ ഇല്ല. ഒരുവിധ മേല്‍നോട്ടവും ഇല്ലാത്തതുകൊണ്ട് ഭീകരപ്രവര്‍ത്തകരും മയക്കുമരുന്ന് മാഫിയകളും മറ്റും തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാനും വിനിമയം നടത്താനുമായി ഇത്തരം കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് എത്രവേണമെങ്കിലും നമ്മുടെ രാജ്യത്തിലേക്ക് ഓഹരിവിപണിയില്‍ വ്യവഹാരം നടത്താന്‍ സമ്മതിക്കും. എന്നാല്‍, വയറ്റുപ്പിഴപ്പിനുവേണ്ടി ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളിക്ക് ചിട്ടിയില്‍ പണമടയ്‌ക്കാന്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം പ്രതിബന്ധങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ. വെള്ളക്കാരന് നമ്മുടെ ചിട്ടി എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ മാപ്പുകൊടുക്കാം. എന്നാല്‍, നാടന്‍ സായിപ്പന്മാര്‍ക്ക് ചിട്ടിയെന്തെന്ന് മനസ്സിലായില്ലെങ്കില്‍ എങ്ങനെ മാപ്പുകൊടുക്കും?

നിയമത്തിനോട് പ്രതിഷേധമുണ്ടെങ്കിലും നിയമാനുസൃതമായിമാത്രമേ കെഎസ്എഫ്ഇക്ക് പ്രവര്‍ത്തിക്കാനാകൂ. അതുകൊണ്ടാണ് പ്രവാസിചിട്ടിക്കുപകരം പ്രവാസിബന്ധു ചിട്ടി ആരംഭിക്കുന്നത്. പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരുന്നതിനാണല്ലോ നിരോധനം. പ്രവാസികളുടെ ബന്ധുകള്‍ക്ക് ചിട്ടിയില്‍ ചേരാന്‍ നിരോധനം ഇല്ലല്ലോ? ആയതിനാല്‍ ഓരോ ഗള്‍ഫ് മലയാളിയും തങ്ങളുടെ ബന്ധുക്കളില്‍ ഒരാളെയെങ്കിലും പ്രവാസിബന്ധു ചിട്ടികളില്‍ ചേര്‍ക്കണം. എല്ലാ മാസവും കുറിത്തവണ അദ്ദേഹത്തിന്റെ അക്കൌണ്ടില്‍നിന്ന് കെഎസ്എഫ്ഇയിലേക്ക് അടയ്‌ക്കുന്നതിന് ഔപചാരികമായ ഏര്‍പ്പാടുണ്ടാക്കാം. നിക്ഷേപകനായ ഗള്‍ഫ് മലയാളിക്ക് ചിട്ടിയുടെ നോമിനിയായി നില്‍ക്കുന്നതിന് നിയമതടസ്സവുമില്ല. ഇത് മലയാളികളുടെ ഒരു വാശിയായി തീരണം.