Thursday, November 6, 2008

തട്ടിപ്പിന്റെ ചീറ്റല്‍

ഇത്രയും കാലം തീരെ അറിയപ്പെടാതിരുന്ന ചില ധനോല്‍പന്നങ്ങള്‍ തെറ്റായ കാരണങ്ങള്‍ കൊണ്ടാണെങ്കിലും തല്‍ക്കാലകീര്‍ത്തി നേടിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ പെട്ട ഏറ്റവും ഒടുക്കത്തെ ഉല്‍പ്പന്നത്തിന്റെ പേര്, വളരെ പ്രാകൃതമെങ്കിലും ആളെക്കുഴക്കുന്ന "ലേല നിരക്ക് കടപ്പത്രം'' എന്നാണ്. (auction rate securities) സാധാരണ നിലക്ക് ഈ അജ്ഞാതമായ ധനോല്‍പന്നങ്ങളെ ഒരു സാധാരണ പൌരന് അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ ഇത് സാധാരണ കാലമല്ലല്ലോ. അതിന്റെ ഫലമായി ഈ വിചിത്ര നാമധാരികളായ കടപ്പത്രങ്ങള്‍ ആഗോള ധനക്കമ്പോളത്തിന്റെ തെറ്റുകളുടെ മുഴുവന്‍ രൂപകമായി, പ്രതീകമായി മാറുകയാണ്. ഇന്ത്യയില്‍ ഈ കമ്പോളത്തിന്റെ ആരാധകരുടെ എണ്ണം ഒട്ടും കുറവല്ലല്ലോ. അതു കൊ ണ്ടു തന്നെ ഈ ഉല്‍പന്നങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇവിടെ നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

നമുക്കിവിടെ നിന്ന് തുടങ്ങാം. കഴിഞ്ഞ വര്‍ഷം മധ്യത്തോടെ അന്താരാഷ്‌ട്ര ധനമേഖലയെ ബാധിച്ച സബ് പ്രൈം പ്രതിസന്ധി പഠിപ്പിച്ച പാഠമെന്താണ് ? അവിടെ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി സാധാരണ റീടെയില്‍ നിക്ഷേപകര്‍ക്കും നിയന്ത്രണ സ്ഥാപനങ്ങള്‍ക്കു തന്നെയും വലുതായൊന്നും അറിയില്ല എന്നതാണത്. സമീപകാലം വരെ വളരെ സുതാര്യതയും മത്സരക്ഷമതയും കാര്യക്ഷമതയും കൂടിയത് എന്നു കരുതപ്പെട്ടിരുന്ന കമ്പോളങ്ങളും സ്ഥാപനങ്ങളും അതാര്യവും പരസ്‌പരാശ്രിതവും ഗൂഢാലോചനാപരവും പരാജയ സാധ്യവുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക ഘടികാരത്തിന്റെ സൂചികള്‍ പിറകോട്ട് തിരിക്കപ്പെടാതിരിക്കണമെങ്കില്‍ പെട്ടെന്നു കാശാക്കി മാറ്റാനുള്ള സാധ്യത ഉറപ്പു വരു ത്തിക്കൊണ്ടും കടം പുന:സം ഘടിപ്പിക്കാനുള്ള പിന്തുണ നല്‍കിയും ഏറ്റവും കടുത്ത കമ്പോള മൌലികതാവാദികള്‍ കൂടി ദേശസാല്‍ക്കരണം പോലുള്ള സ്‌റ്റേറ്റ് ഇടപെടലിനെ അംഗീകരിക്കുകയാണിപ്പോള്‍. ധനക്കമ്പോളത്തെ മാത്രമായി വെറുതെ വിട്ടു കൂടാ എന്നായിരിക്കുന്നു.

ഈ വാസ്‌തവങ്ങള്‍ വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കുമ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കി ചെറുകിട നിക്ഷേപകരുടെ ചെലവില്‍ വന്‍ ലാഭം കുന്നു കൂട്ടാനുള്ള പ്രവണത തന്നെയാണ് വന്‍കിട സ്ഥാപനങ്ങള്‍ കാട്ടുന്നത് എന്നതാണ് ഞെട്ടലുളവാക്കുന്ന ഒരു കാര്യം. ഈ സ്ഥാപനങ്ങള്‍ക്ക് വന്ന നഷ്‌ടങ്ങള്‍ പെരുകുന്നതനുസരിച്ച് തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ വെളുപ്പിക്കാനായി ആ നഷ്‌ടമത്രയും റീട്ടെയില്‍ മാര്‍ക്കറ്റിന്മേല്‍ അടിച്ചേല്‍പിക്കുന്നതിനുള്ള അധാര്‍മ്മിക മാര്‍ഗങ്ങളാണ് അവ അന്വേഷിക്കുന്നതെന്നു തോന്നുന്നു. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണങ്ങളോ, മുമ്പത്തെതു പോലെ തന്നെ അതിന്റെ സ്രഷ്‌ടാക്കള്‍ക്ക് നല്ല ലാഭം ഉറപ്പു വരുത്താനായി ആധുനിക ഫൈനാന്‍സ് കണ്ടെത്തിയ പുതിയ ധനോല്‍പന്നങ്ങളാണ്.

ഇത്തരം നടപടികള്‍ തുടരു ന്നു എന്നതിനുള്ള ഏറ്റവുമൊടുക്കത്തെ തെളിവ് "നവീനമായി'' നാമകരണം ചെയ്യപ്പെട്ട ലേല നിരക്ക് കടപ്പത്ര കമ്പോളത്തെക്കുറിച്ചുള്ള അപവാദമാണ്. ലേലനിരക്ക് കടപ്പത്രങ്ങള്‍ (auction rate securities) ദീര്‍ഘകാല വായ്‌പാ ഉല്‍പന്നങ്ങളാണ്. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, വിദ്യാഭ്യാസ വായ്‌പാ ഏജന്‍സികള്‍ തുടങ്ങിയവര്‍ അവരുടെ ധനകാര്യ ഉപദേശകരാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട് വാങ്ങുന്ന ഉപകരണങ്ങളാണിവ. ഇവയുടെ പലിശനിരക്ക് അസ്ഥിരമാണ്. അത് ഇടക്കിടെയുള്ള ലേലത്തില്‍ നിശ്ചയിക്കുകയാണ് ചെയ്യുക. ഏറ്റവും ചുരുങ്ങിയ പലിശ നിരക്കിന് ലേലം കൊള്ളുന്നവര്‍ക്ക് കടപ്പത്രങ്ങള്‍ ഉറപ്പിച്ചു കൊടുക്കുകയാണ് ചെയ്യുക. ഇതാണ് "ഡച്ച് ലേല''ത്തിന്റെ മെച്ചം. എന്തെന്നാല്‍, ഒരൊറ്റ ലേലക്കാരനോ, അതല്ലെങ്കില്‍ വളരെക്കുറച്ചു ലേലക്കാരോ മതി ഈ കച്ചവടം ഉറപ്പിക്കാന്‍. ആസ്‌തിയെ എളുപ്പം പണമാക്കി മാറ്റാനുള്ള സാധ്യത അതുകൊണ്ടു തന്നെ കൂടും.

ഒറ്റനോട്ടത്തില്‍ കമ്പോള സിദ്ധാന്തങ്ങളുടെ കാര്യക്ഷമമായ പ്രയോഗമാണിതെന്നു തോന്നാം. ഉത്തമര്‍ണ്ണനും അധമര്‍ണ്ണനും തമ്മിലുള്ള പാരസ്‌പര്യത്തിലാണ് ഈ ഇടപാടുകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. സുതാര്യമായ ലേലം വഴി ആസ്‌തി പെട്ടെന്നു പണമാക്കി മാറ്റാനാവും. അത് കാശു പോലയോ ഡെപ്പോസിറ്റുകള്‍ പോലെയോ അത്രക്ക് പെട്ടെന്ന് പണമാക്കി മാറ്റാവുന്നതല്ലെങ്കിലും അവ ഇടക്കിടക്ക് വാങ്ങല്‍ കൊടുക്കലിന് വിധേയമാണല്ലോ. മിക്കപ്പോഴും ഖ്യാതിയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കുന്നതായതു കൊണ്ടും അത് വളരെ ഭദ്രമാണ് എന്നാണ് തോന്നുക.

ഒരു പ്രയാസമുള്ളത്, അവയുടെ മൂല്യം കടപ്പത്രങ്ങള്‍ ഇടക്കിടെ ലേലം ചെയ്യപ്പെടുകയും പലിശ നിരക്ക് പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്യുന്നതിനുള്ള സജീവമായൊരു മാര്‍ക്കറ്റിന്റെ സാന്നിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഇപ്പോഴത്തേതു പോലുള്ള സാഹചര്യത്തില്‍, പെട്ടെന്നു പണമാക്കി മാറ്റാനുള്ള സാധ്യത വരണ്ടു പോകുമ്പോള്‍ ലേല നിരക്ക് കടപത്ര മാര്‍ക്കറ്റില്‍ ഇടപെടാന്‍ വളരെക്കുറച്ച് പേരേ, ഉണ്ടാവൂ. പലപ്പോഴും ആരും തന്നെ ഉണ്ടാവുകയുമില്ല. ലിക്വിഡിറ്റിയുടെ കാര്യത്തില്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ക്ക് സമം എന്നു കരുതിപ്പോന്നിരുന്ന ഈ ആസ്തികള്‍ ഇപ്പോള്‍ കാശാക്കി മാറ്റാനാവാത്തവയായി തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.

കമ്പോള മരവിപ്പ് ഈ സെക്യൂരിറ്റികളുടെ സാങ്കല്‍പിക മൂല്യത്തെ (notional value ) ഗണ്യമായി കുറച്ചു കളയുന്നു. ബാങ്കുകളുടെ കയ്യിലും ഇത്തരം സെക്യൂരിറ്റികള്‍ ഏറെയുണ്ട്. ഈ സെക്യൂരിറ്റികളെ മാര്‍ക്ക്ഡ് ടു മാര്‍ക്കറ്റ് അടിസ്ഥാനത്തില്‍ വില കണക്കാക്കിയാല്‍ ഇവയുടെ മൂലധനാടിത്തറയില്‍ വന്‍ ശോഷണം സംഭവിക്കും. അതു കൊണ്ടാണ് പല മുന്‍നിര അന്താരാഷ്‌ട്ര സ്ഥാപനങ്ങളും വാള്‍ സ്‌ട്രീറ്റ് ബാങ്കുകളും കാര്യങ്ങള്‍ വേണ്ടും വിധം ധരിച്ചിട്ടില്ലാത്ത ഒട്ടും സംശയിക്കാനിടയില്ലാത്ത പണമെന്ന നിലക്ക് ഈ കടപ്പത്രം വില്‍ക്കാന്‍ താല്‍പര്യം കാട്ടിയത് - വായ്‌പാ ഞെരുക്കത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ.

ലേല നിരക്ക് കടപ്പത്രങ്ങള്‍ 1980കളുടെ അവസാനത്തിലുണ്ടായൊരു പടപ്പാണ്- അപ്പോഴാണല്ലോ യു.എസ് ധനമാര്‍ക്കറ്റ് ഉദാരവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും മുന്നിട്ടിറങ്ങിയത്. 1988 മാര്‍ച്ച് 17ന്റെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: "നികുതി രഹിത മാര്‍ക്കറ്റിലേക്ക് ഡച്ച് ലേല കടപ്പത്രങ്ങള്‍ ആദ്യമായവതരിപ്പിച്ചത് ഗോള്‍ഡ്‌മാന്‍ സാച്‌സ് കമ്പനിയാണ്. പീരിയോഡിക് ഓക്‍ഷന്‍ റിസെറ്റ് സെക്യൂരിറ്റീസ് എന്ന പേരില്‍. ഇതാകട്ടെ കോര്‍പ്പറേറ്റ് മേഖല മുന്‍ഗണന നല്‍കുന്ന ഓഹരി വായ്‌പകളിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഈ മാര്‍ക്കറ്റിന്റെ വലുപ്പം കൂടിക്കൂടി വരികയും ഇപ്പോഴത് 330 ബില്യണ്‍ ഡോളറിന്റേതാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവയുടെ 53 ശതമാനവും വിദ്യാര്‍ത്ഥി വായ്‌പ അല്ലെങ്കില്‍ അതു പോലുള്ള നികുതി ഒഴിവാക്കപ്പെട്ട ഈടുകളുടെ പിന്‍ബലമുള്ളവയാണ് ''.

മരവിപ്പിച്ച സമ്പാദ്യം

സബ്പ്രൈം വായ്‌പാ പ്രതിസന്ധിയോടെ പൊട്ടിപ്പുറപ്പെട്ട വായ്‌പാ ഞെരുക്കത്തിന്റെ ഇരയായിത്തീര്‍ന്നു ഈ വര്‍ഷാദ്യം തന്നെ ഈ കമ്പോളവും എന്നതാണ് പ്രശ്‌നം. അതിവേഗം മാറിത്തീരുന്നതിനുള്ള അതിന്റെ അവസ്ഥ നിലകൊള്ളുന്നത് ഒരു സജീവമായ ലേലമാര്‍ക്കറ്റിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമാണല്ലൊ. വായ്‌പ ദുര്‍ബലമാവുകയും വായ്‌പാ കുടിശ്ശികയെപ്പറ്റിയുള്ള ഭയം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാങ്ങാന്‍ ആളെക്കിട്ടാന്‍ വിഷമമായിരുന്നു താനും. ഈ നിക്ഷേപങ്ങള്‍ ക്യാഷ് ഡെപ്പോസിറ്റ് പോലെയും ധനക്കമ്പോളത്തെപ്പോലെയും പെട്ടെന്ന് പണമാക്കി മാറ്റാവുന്നതാണെന്ന് ബാങ്കുകളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇടപാടുകാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചതായി കണ്ടെത്തി ഞെട്ടുകയാണ് എന്ന വാര്‍ത്ത ഉടനെ തന്നെ പരക്കാന്‍ തുടങ്ങി. വാങ്ങാന്‍ ആള്‍ കുറഞ്ഞു. ഈ കടപ്പത്രങ്ങള്‍ ഇറക്കിയവരും അവരെ പിന്തുണച്ച ബാങ്കുകളും ഡീലര്‍മാരും അവര്‍ നടത്തിയ ലേലത്തില്‍ വില്‍ക്കാതെ പോയ സെക്യൂരിറ്റികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. കൊള്ളയടിക്കപ്പെട്ട നിക്ഷേപകരെപ്പറ്റിയുളള കഥകള്‍ പരക്കാന്‍ തുടങ്ങിയതോടെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ കുവോമോയും സെക്യൂരിറ്റീസ് ആന്റ് എക്‍സ്‌ചേഞ്ച് കമ്മീഷനും സ്‌റ്റേറ്റ് സെക്യൂരിറ്റീസ് റെഗുലേറ്റര്‍മാരും ഈ കേസുകള്‍ അന്വേഷണം നടത്തി. മാര്‍ക്കറ്റ് ലിക്വിഡിറ്റി പ്രതിസന്ധി കാരണം തകരുകയാണെന്ന് അറിഞ്ഞിട്ടും ബാങ്കുകള്‍ ഇവ വാങ്ങാന്‍ ശുപാര്‍ശ ചെയ്തു എന്നതിനു തെളിവുകള്‍ കണ്ടെത്തി. പ്രശ്‌നം ബാങ്കുകള്‍ ഉണ്ടാക്കിയതാണ്. തങ്ങളുടെ തെറ്റായ നടപടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ബാങ്കുകള്‍ തന്നെയാണ് കനത്ത വില നല്‍കേണ്ടത്.

ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇടപെട്ട് ഈ സെക്യൂരിറ്റികള്‍ അതേ വിലക്ക് വാങ്ങിക്കൊണ്ട് മാര്‍ക്കറ്റിനെ വീണ്ടും സജീവമാക്കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും എന്നു കേട്ടപ്പോള്‍ ആദ്യമാദ്യം ഈ സ്ഥാപനങ്ങള്‍ ചെറുത്തു നിന്നു. കാരണം വ്യക്തം, ഈ സെക്യൂരിറ്റികള്‍ പെട്ടെന്നു പണമാക്കി മാറ്റാനാവാത്ത നിലയിലായതിനാല്‍ അവയുടെ വില വല്ലാതെ ഇടിഞ്ഞു പോയതു കൊണ്ട് അവര്‍ക്ക് വന്‍ തോതില്‍ എഴുതിത്തള്ളേണ്ടി വരും. ബാലന്‍സ് ഷീറ്റുകള്‍ ഇപ്പോള്‍ തന്നെ കുഴപ്പത്തിലാണ്. അവയുടെ മൂലധനം തന്നെ കുത്തിയൊലിച്ചു പോയിട്ടുമുണ്ട്. നിലയാകെ പരുങ്ങലിലുമാണ്.

പക്ഷേ റഗുലേറ്റര്‍മാര്‍ കര്‍ശനമായ നിലപാടെടുക്കാന്‍ തുടങ്ങുകയും ഓക്‍ഷന്‍ റെയിറ്റ് സെക്യൂരിറ്റീസ് എന്നത് ഇപ്പോള്‍ മറ നീക്കിയെത്തുന്ന വായ്‌പാച്ചുരുളിന് ഇടവെച്ച ഒരു തരം സാമ്പത്തിക തിരിമറിയാണ് എന്ന നിലപാട് എടുക്കുകയും ചെയ്തതോടെ, ബാങ്കുകള്‍ വഴിക്ക് വരാന്‍ തുടങ്ങി. തിരിമറിയുടെ കാര്യം സമ്മതിച്ചു കൊടുക്കാതെ പ്രശ്‌നം ഒത്തു തീര്‍ക്കാനും നിക്ഷേപകരില്‍ നിന്ന് ഘട്ടം ഘട്ടമായി തിരിച്ചു വാങ്ങിക്കാമെന്ന് സമ്മതിക്കാനും അവര്‍ മുന്നോട്ടുവന്നു. ആഗസ്‌ത് മധ്യത്തോടെ യു.ബി.എസ്, മെറില്‍ ലിഞ്ച്, സിറ്റിഗ്രൂപ്പ്, ജെ.പി. മോര്‍ഗന്‍, മോര്‍ഗന്‍ സ്‌റ്റാന്‍ലി തുടങ്ങിയവര്‍ തിരിച്ചു വാങ്ങിയത് 4800 കോടി ഡോളറിന്റെ കടപ്പത്രങ്ങളാണ്.

തങ്ങളുടെ ഖ്യാതി നിലനിര്‍ത്തുന്നതോടൊപ്പം പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാവുകയും ചെയ്യും. അതിനും പുറമെ, ആ സെക്യൂരിറ്റികള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ ചേര്‍ത്താല്‍, പിന്നീട് അവയുടെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും കിട്ടും. ആഗസ്‌റ്റ് 2 ന്റെ ഫൈനാന്‍ഷ്യല്‍ ടൈംസില്‍ അലയ്ന്‍ വാന്‍ ദുയെന്‍ ചൂണ്ടി ക്കാട്ടിയതുപോലെ "ഈ മേഖല ന്യായ മൂല്യ അക്കൌണ്ടിങ്ങിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ (fair value accounting) പരിശോധിക്കാനുള്ള ഒരു ലൈവ് പരീക്ഷണ ശാലയായിത്തീര്‍ന്നു. സ്‌ട്രക് ച്ചേര്‍ഡ് വായ്പയിലുള്ള കുതിപ്പിനു ശേഷം അവയുടെ മൂല്യനിര്‍ണ്ണയം സംബന്ധിച്ച് ആയിരക്കണക്കിനല്ലെങ്കില്‍ നൂറുകണക്കിനെങ്കിലും വേളകളിലാണ് നിയമങ്ങളും നിബന്ധനകളും പുറത്തിറക്കിയത്.
വളരെ ഹരകരമായ ഒരു കാര്യം വിവിധ കക്ഷികള്‍ക്ക് ഒരേ ഈടിന് വിവിധ മൂല്യങ്ങളാണ് അക്കൌണ്ടന്റുമാര്‍ നല്‍കിപ്പോന്നത് എന്നതാണ്. മൂല്യനിര്‍ണ്ണയത്തിന്റെ പിറകില്‍ യുക്തിപൂര്‍വകമായ ഒരു ന്യായമുണ്ടെങ്കില്‍ അത് സ്വീകാര്യമാണ്. യഥാര്‍ത്ഥത്തില്‍ സാമ്പത്തികമായി ഭദ്രമല്ലെങ്കില്‍ കൂടി തങ്ങള്‍ അങ്ങനെയാണ് എന്നു തോന്നിപ്പിക്കാവുന്ന ന്യായങ്ങള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കാവും.

ഇന്ന് ബാങ്കുകള്‍ നഷ്ടത്തിലാണെങ്കിലും ഈ നഷ്ടം ഭൂതകാല ലാഭം കൊണ്ട് നികത്തി പ്രോസിക്യൂഷനില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ക്ക് വെള്ള പൂശാനും അവര്‍ക്ക് കഴിയും. അതു കൊണ്ടു തന്നെ ഇത്തരം ഏര്‍പ്പാടുകള്‍ ഇനിയങ്ങോട്ടു വേണ്ടെന്നു വെച്ച് ആണയിട്ടപടി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവ മിനക്കെടില്ല. ഈ വ്യവസ്ഥ ഇനിയും അപകടങ്ങളെ സ്വയം വരിക്കും. അതിന്റെ നഷ്‌ടമാകെ ശങ്കാരഹിതരായ പാവം നിക്ഷേപകരുടെ ചുമലില്‍ കെട്ടി വെക്കും. ഏതു വരെ? ഒരു വന്‍ പ്രതിസന്ധി വീണ്ടും പൊട്ടിപ്പുറപ്പെട്ട് വമ്പന്‍ ധനത്തെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം തരത്തിലുള്ള കമ്പോളങ്ങളും ധനോല്‍പന്നങ്ങളും സമ്പ്രദായങ്ങളുമാണ് സ്വീകാര്യം എന്ന കാര്യത്തില്‍ അടിസ്ഥാനപരമായ ഒരു പുനരാലോചനക്ക് നിര്‍ബന്ധിക്കുന്നതു വരെ.

****

സി.പി.ചന്ദ്രശേഖര്‍

ശ്രീ സി.പി.ചന്ദ്രശേഖര്‍ ഫ്രണ്ട്‌ലൈനില്‍ എഴുതിയ Whiff of a scam എന്ന ലേഖനതിന്റെ സ്വതന്ത്ര പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത്രയും കാലം തീരെ അറിയപ്പെടാതിരുന്ന ചില ധനോല്‍പന്നങ്ങള്‍ തെറ്റായ കാരണങ്ങള്‍ കൊണ്ടാണെങ്കിലും തല്‍ക്കാലകീര്‍ത്തി നേടിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ പെട്ട ഏറ്റവും ഒടുക്കത്തെ ഉല്‍പ്പന്നത്തിന്റെ പേര്, വളരെ പ്രാകൃതമെങ്കിലും ആളെക്കുഴക്കുന്ന "ലേല നിരക്ക് കടപ്പത്രം'' എന്നാണ്. (auction rate securities) സാധാരണ നിലക്ക് ഈ അജ്ഞാതമായ ധനോല്‍പന്നങ്ങളെ ഒരു സാധാരണ പൌരന് അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ ഇത് സാധാരണ കാലമല്ലല്ലോ. അതിന്റെ ഫലമായി ഈ വിചിത്ര നാമധാരികളായ കടപ്പത്രങ്ങള്‍ ആഗോള ധനക്കമ്പോളത്തിന്റെ തെറ്റുകളുടെ മുഴുവന്‍ രൂപകമായി, പ്രതീകമായി മാറുകയാണ്. ഇന്ത്യയില്‍ ഈ കമ്പോളത്തിന്റെ ആരാധകരുടെ എണ്ണം ഒട്ടും കുറവല്ലല്ലോ. അതു കൊ ണ്ടു തന്നെ ഈ ഉല്‍പന്നങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇവിടെ നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു