Monday, November 17, 2008

ഇന്നലെ പറഞ്ഞതും ഇന്നു പറയുന്നതും

നാമിപ്പോൾ കാണുന്നത് ആഗോളവൽക്കരണത്തിനു വേണ്ടി പുരപ്പുറത്തു നിന്നു നിലവിളിച്ചവർ ഇപ്പോഴത്തെ കുഴപ്പത്തിനെല്ലാം കാരണം ആഗോളവൽകരണമാണെന്നു വിലപിക്കുന്നതാണ്. അമേരിക്കയിൽ പോയി മന്‍‌മോഹൻ സിങ്ങും ഇതു പറഞ്ഞു. ഇവിടെ ഇതു നടപ്പിലാക്കിയ ഒന്നാമത്തെ പുള്ളിയാണ് അദ്ദേഹം. നിയമപരമായ നിയന്ത്രണം വേണ്ട, പകരം സ്വയം നിയന്ത്രണം മതി എന്ന് മന്‍‌മോഹൻ, മൊണ്ടേക്‌, ചിദംബരം കമ്പനി തീരുമാനിച്ചു. കമ്പോളത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ എല്ലാ വഴിയും തുറന്നു കൊടുത്തു. ബാസേല്‍ നോർമ്സ്‌ , സ്വതന്ത്ര സ്‌ഥാപനങ്ങളുടെ റേറ്റിംഗ്‌, ലിക്വിഡിറ്റി അഡ്‌ജസ്‌റ്റ്‌മെന്റ്‌, ഫിസ്‌ക്കല്‍ ഡെഫിസിറ്റ്‌ കുറയ്‌ക്കൽ, ഡെഫിസിറ്റ് ഫിനാൻസിംഗ്‌ സീറോ ലെവെലില്‍ ആക്കൽ, എഫ് ആര്‍ ബി എം ആക്‍ട്‌ എന്നിങ്ങനെ എന്തെല്ലാം ഏര്‍പ്പെടുത്തി. അസറ്റ് ക്ലാസിഫിക്കേഷൻ, പ്രൊവിഷനിംഗ്‌ , ലിക്വിഡിറ്റി മാനേജ്‌മെന്റ്‌ , ഇൻഫ്ലേഷൻ കണ്‍ട്രോള്‍, ഒക്കെ ഇപ്പോൾ നേരെ തിരിച്ചിടുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ലിക്വിഡിറ്റി കൂട്ടാൻ സി ആര്‍ ആര്‍ , എസ് എല്‍ ആര്‍ എന്നിവ കുറച്ചു. പബ്ലിക്‌ സെക്‍ടർ ബാങ്കുകളും ഇൻഷുറൻസ്‌ സ്‌ഥാപനങ്ങളും സർക്കാർ പറഞ്ഞതിന്‍‌പടി കമ്പോളത്തിലേക്ക് പണമൊഴുക്കി. സ്‌റ്റോക്ക് മാർക്കറ്റ്‌ ഒരു ദിവസം മുകളിൽ പോയാല്‍ അടുത്ത ദിവസം നേരെ താഴേക്കു പോകുന്നു. കമ്പോളത്തില്‍ ഇറക്കുന്ന പണം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍(എഫ് ഐ ഐകള്‍) കൊണ്ടു പോകുന്നു. കാറ്റു പോയ ടയർ പോലെ സ്‌റ്റോക്ക് ഇൻഡെക്‍സ് താഴേക്കു പോകുന്നു. മ്യൂച്വൽ ഫണ്ടുകള്‍ പണം പിന്‍‌വലിക്കുന്നു. വായ്‌പ വർദ്ധിക്കുന്നില്ല. വായ്‌പാ പലിശ കുറച്ചിട്ടും ഇതാണ് സ്ഥിതി. നിക്ഷേപം കൂട്ടാൻ പലിശ കൂട്ടി. പക്ഷെ ലിക്വിഡിറ്റി നിലനിർത്താൻ കഴിയുന്നില്ല. വിദേശ പണം ഇങ്ങോട്ടു വരുന്നില്ല. പാർട്ടിസിപ്പേറ്ററി നോട്ട്‌ വഴി കള്ളപ്പണം വരുന്നെങ്കില്‍ അതും വന്നോട്ടെ എന്നു കരുതി അതിനു ഇടക്കാലത്തു കൊണ്ടുവന്ന എല്ലാ തടസ്സവും എടുത്തു കളഞ്ഞു. എന്നിട്ടും പ്രയോജനമുണ്ടായില്ല

ഇന്നു പത്രത്തിലെ വാർത്ത ഇങ്ങനെയാണ്. റിയൽ എസ്റ്റേറ്റിനും ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ( എന്‍ ബി എഫ് സി) പെർസണൽ ലോണിനും ഉണ്ടായിരുന്ന പ്രൊവിഷൻ നിരക്കു കുറച്ചിരിക്കുന്നു. രണ്ടു ശതമാനം എന്നത് . 40 % ആയാണ് കുറച്ചത് . ഭവന വായ്‌പയ്‌ക്കും പ്രൊവിഷൻ ഇങ്ങനെ കുറച്ചു . എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി. ചുരുക്കത്തിൽ എഫ് ഐ ഐ കളെ ആകർഷിക്കാൻ, അവർക്കു ഇവിടത്തെ കമ്പോളത്തില്‍ കളിക്കാൻ അവർ ആവശ്യപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഇത്രയും നാള്‍ നൽകിയ ശേഷം, ഇന്നു അവരെല്ലാം കളം ഉപേക്ഷിച്ചു പോയപ്പോൾ ഉത്സവം കഴിഞ്ഞ പറമ്പു പോലെ ആയ ഇന്ത്യൻ കമ്പോളത്തെ ഉത്തേജിപ്പിക്കാൻ എന്‍ ആര്‍ ഐ കളേയും, നാട്ടുകാരേയും തേടി സർക്കാർ വീണ്ടും വന്നിരിക്കുന്നു. ആഭ്യന്തര വികസനവും ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കുന്ന പദ്ധതികളുമാണ് നമ്മുടേതു പോലെ ഉള്ള ഒരു രാജ്യത്തിന് സ്വീകരിക്കാൻ കഴിയുന്ന മാർഗം എന്ന് ഇവർ ഈ പ്രവർത്തിയിലൂടെ സമ്മതിക്കുകയാണ്.

ഇവിടെ ഒരു കാര്യം കൂടി സാന്ദർഭികമായി ഓർത്തു പോകുന്നു. 91 ലെ ബജറ്റ്‌ അവതരിപ്പിച്ച ഇന്നത്തെ പ്രധാന മന്ത്രി, അന്നു വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനു എന്‍ ആര്‍ ഐ കളെ അനുമോദിച്ചു. അൽപം കഴിഞ്ഞു എഫ് ഐ ഐ കള്‍ പണം കൊണ്ടു ചൊരിഞ്ഞപ്പോൾ, എന്‍ ആര്‍ ഐ കളെ അദ്ദേഹം മറന്നു. അവർക്കു നൽകി വന്ന പലിശ സൗജന്യവും, മറ്റു സേവനങ്ങളും നിർത്തലാക്കി. എന്നിട്ട് എഫ് ഐ ഐ കള്‍ പറഞ്ഞതെല്ലം ചെയ്‌തു കൊടുത്തു. ഇപ്പോള്‍ വീണ്ടും എന്‍ ആര്‍ ഐ കളെ അന്വേഷിച്ചു വന്നിരിക്കുന്നു.

അടിസ്ഥാന സമീപനങ്ങളിൽ മാറ്റം വരുത്താൻ ഈ സർക്കാർ തയ്യാറാകാത്തിടത്തോളം കാലം ഈ കുഴപ്പം തീരാൻ പോകുന്നില്ല. വൈദ്യരേ, രോഗം അറിഞ്ഞു ചികിൽസിക്കൂ എന്നു അവരോടു പറയാൻ ജനങ്ങള്‍ തയാറാകേണ്ട സന്ദര്‍ഭമാണിത് . അത് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ പറയുകയും വേണം.

****

എ. സിയാവുദ്ദീന്‍

(ബി എ എഫ് ഐ കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...