1968 ഫെബ്രുവരിയില്‍ പാരീസില്‍ നടന്ന ലാംഗ്ളോയിസ് സംഭവത്തെ ആധാരമാക്കി ബ്രിട്ടീഷ് എഴുത്തുകാരനായ ഗില്‍ബര്‍ട്ട് അഡെയര്‍ രചിച്ച വിശുദ്ധ നിരപരാധികള്‍(ഹോളി ഇന്നസന്റ്സ്-1988) എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി ഡ്രീമേഴ്‌സ് (2003/വര്‍ണം/115 മിനുറ്റ്) എന്ന സിനിമ പൂര്‍ത്തീകരിച്ചത്. സ്വപ്‌നജീവികള്‍ ഒരേ സമയം തീവ്രവും ശിഥിലവുമാണ്; പരുപരുത്തതും മൃദുലവുമാണ് ; ലൈംഗികപ്രധാനവും ബാലിശവുമാണ്; വൈകാരികവും കൃത്രിമ സ്‌പര്‍ശമുള്ളതുമാണ്; പ്രബോധനപരവും തീര്‍ച്ചയായ ഉത്തരത്തിലെത്താത്തതുമാണ്. ബെര്‍ത്തലൂച്ചി വിപ്ലവത്തെയും ചരിത്രത്തെയും സ്നേഹത്തെയും കാമത്തെയും സിനിമയെയും എല്ലാം കൂട്ടിക്കുഴക്കുന്ന വിസ്‌മയകരമായ ഒരു രൂപശില്‍പം മെനഞ്ഞെടുക്കുകയായിരുന്നെന്നും പറയാം.
അമേരിക്കക്കാരനായ മാത്യു എന്ന സിനിമാ ഭ്രാന്തന്‍ പാരീസിലെത്തി അവിടത്തെ സിനിമാത്തെക്കുകളില്‍ നേരവും താല്‍പര്യവും ചെലവഴിക്കാനായി മുന്‍നിരയിലെ ഇരിപ്പിടം എല്ലായ്‌പോഴും കരസ്ഥമാക്കുന്നു. ഇരിപ്പിടങ്ങള്‍ കടന്ന് പുറകോട്ടെത്തുമ്പോള്‍ സിനിമാനുഭവത്തിന് നിരവധി തടസ്സങ്ങള്‍ നേരിടും അല്ലെങ്കില്‍ പല തലകള്‍ കടന്നെത്തുമ്പോള്‍ അതിന്റെ മൌലികത നഷ്‌ടമാവും എന്ന തോന്നലുള്ളതുകൊണ്ടാണ് മുന്‍സീറ്റു തന്നെ എല്ലായ്‌പോഴും ഉറപ്പാക്കുന്നത്. ഹെന്റി ലാംഗ്ളോയിസിന്റെ ഫ്രാങ്കെയിസ് എന്ന സിനിമാത്തെക്ക് ഭരണകൂടം അടച്ചുപൂട്ടുകയും ലാംഗ്ളോയിസിനെ തടവിലിടുകയും ചെയ്യുമ്പോള്‍ ത്രൂഫോ, ഗൊദാര്‍ദ്, റിവെ, റോമര്‍, ഷാബ്രോള്‍ എന്നിവര്‍ മാത്രമല്ല, ചാപ്ളിനും റോസ്സല്ലിനിയും ഫ്രിറ്റ്സ് ലാംഗും കാള്‍ ഡ്രെയറും ഓര്‍സണ്‍ വെല്‍സും വരെ പ്രതിഷേധത്തോടൊപ്പം ചേര്‍ന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ ഗൊദാര്‍ദിനടക്കം പലര്‍ക്കും പരിക്കുകള്‍ പറ്റുകയും ചെയ്തു.
ഇതിനിടെ മാത്യു, തിയോ എന്നും ഇസബെല്ല എന്നും പേരുള്ള ഇരട്ടകളെ പരിചയപ്പെടുന്നു. അവരുടെ ക്ഷണമനുസരിച്ച് ഹോസ്‌റ്റലിലെ മുറി ഒഴിവാക്കി അവന്‍ അവരോടൊപ്പം താമസിക്കുകയാണ്. സഹോദരനും സഹോദരിയും കൂട്ടുകാരനും ചേര്‍ന്ന് വിട്ടുപിരിയാനാകാത്ത വിധത്തിലുള്ള മാനസിക-ശാരീരിക-ലൈംഗിക ത്രയമായി അപൂര്‍വവും യാഥാസ്ഥിതികതക്കു നിരക്കാത്തതുമായ അവസ്ഥയില്‍ ഇഴുകിച്ചേരുകയാണ്. തിയോയുടെയും ഇസബെല്ലയുടെയും മാതാപിതാക്കള്‍ ഈ അവസ്ഥ നേരില്‍ കാണുന്നുണ്ടെങ്കിലും നിസ്സഹായരായി അവിടം വിട്ടു പോകുകയാണ് ചെയ്യുന്നത്. മാത്യുവും ഇസബെല്ലയുമായുള്ള പ്രണയം തീവ്രമാണെങ്കിലും 1968ലെ മേയ് വിദ്യാര്‍ത്ഥി വിപ്ലവത്തില്‍ അണിചേരാന്‍ വേണ്ടി അവനെ വിട്ടുപിരിഞ്ഞ് ഇസബെല്ല സഹോദരനുമൊത്ത് കലാപകാരികള്‍ക്കൊപ്പം അണിചേരുന്ന അര്‍ത്ഥഭരിതമായ അന്ത്യരംഗമാണ് സിനിമക്കുള്ളത്. വിയറ്റ്നാം യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും അവര്‍ രണ്ടു ധ്രുവങ്ങളിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. അമേരിക്കക്കാരന്‍ അവന്റെ സ്ഥിരം അരാഷ്‌ട്രീയ ബോധത്തില്‍ സുഖം കണ്ടെത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ നിതാന്തമായ രാഷ്‌ട്രീയ ജാഗ്രതയിലേക്ക് ഉണരുകയാണ്.
സിനിമയോടും സാഹിത്യത്തോടും ബെര്‍ത്തലൂച്ചിക്കുള്ള ആത്മബന്ധം വിശദീകരിക്കുന്ന ഇതിവൃത്തത്തിന്റെയും ആഖ്യാനത്തിന്റെയും സൂക്ഷ്‌മഘടകങ്ങള്‍ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ ചേഷ്‌ടകളും ഭാവനകളും സംഭാഷണങ്ങളും സ്വപ്‌നങ്ങളും മിക്കപ്പോഴും സിനിമാചരിത്രത്തിലെ സമാനസീക്വന്‍സുകളോട് ചേര്‍ത്തുവെക്കുന്ന രീതി വിസ്‌മയകരമാണ്. ഗൊദാര്‍ദിന്റെയും ബ്രൌണിംഗിന്റെയും ത്രൂഫോയുടെയും ചാപ്ളിന്റെയും സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അപൂര്‍വമായ ആരാധനയോടെയും അടുപ്പത്തോടെയും ഡ്രീമേഴ്‌സില്‍ ഇടകലരുന്നത്. ബസ്‌റ്റര്‍ കീറ്റണിന്റെയും ചാര്‍ളി ചാപ്ളിന്റെയും കലാമികവുകളെപ്പറ്റി അവര്‍ തര്‍ക്കത്തിലേര്‍പ്പെടുന്നു. ഇരട്ടകളുടെ പിതാവാകട്ടെ പ്രസിദ്ധനായ ഒരു ഫ്രഞ്ച് കവിയുമാണ്. ഒരു ഒളിഞ്ഞുനോട്ടക്കാരനാണ് ഒരു ചലച്ചിത്രകാരനായി മാറുന്നതെന്ന് കഹേദു സിനിമ (പ്രസിദ്ധ ഫ്രഞ്ച് ചലച്ചിത്ര നിരൂപണ മാസിക) വായനക്കാരായ കഥാപാത്രങ്ങള്‍ പരസ്‌പരം പറയുന്നുണ്ട്. സ്വന്തം മാതാപിതാക്കളുടെ കിടപ്പറയുടെ താക്കോല്‍ ദ്വാരമാണ് അയാള്‍ ഉപയോഗിക്കുന്ന ക്യാമറ എന്നും ബെര്‍ത്തലൂച്ചി ആത്മവിമര്‍ശനപരമായി ആരോപിക്കുന്നു. സ്നേഹമെന്നൊന്നില്ലെന്നും സ്നേഹത്തിന്റെ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്നുമുള്ള കണ്ടെത്തലും സവിശേഷമാണ്.
തിളച്ചുമറിയുന്ന വിപ്ലവത്തിന്റെ തെരുവുകളില്‍ തന്നെയുള്ള അപ്പാര്‍ടുമെന്റുകളില്‍ സ്നേഹം, കാമം, സ്വപ്‌നം, സിനിമ എന്നിവയെ ഭാവന ചെയ്‌തും പ്രയോഗിച്ചും കേളികളിലാറാടിയും 1968ലെ യുവാക്കള്‍ക്ക് പലായനം ചെയ്യാനാവുമോ എന്നായിരിക്കണം ബെര്‍ത്തലൂച്ചി അന്വേഷിക്കുന്നത്. തിയോയും ഇസബെല്ലയും സയാമീസ് ഇരട്ടകളായി വേര്‍പിരിക്കപ്പെട്ടവരാണെന്നാണ് വിശദീകരിക്കപ്പെടുന്നത്. ബര്‍ഗ്‌മാന്റെ പെര്‍സൊണയിലെ ഒരു സ്‌റ്റില്‍ മുറിയിലെ മേശപ്പുറത്ത് കിടപ്പുണ്ട്. അവര്‍ രണ്ടല്ല ഒരാള്‍ തന്നെയാണ് എന്നും വരാം. ഒരേ വ്യക്തിയിലെ വ്യത്യസ്‌ത ലൈംഗിക താല്‍പര്യങ്ങളും ഇഛകളും ആസക്തികളും വിദ്വേഷങ്ങളും വെളിപ്പെടുത്താനുള്ള കഥാപാത്രവല്‍ക്കരണവുമാകാം അത്. അതുകൊണ്ടാണ് മാത്യു ഇസബെല്ലയോട് നിന്റെ മാത്രം സ്‌നേഹമാണ് എനിക്കാവശ്യം എന്നു പറയുന്നത്. മുതിര്‍ന്നവര്‍ രൂപീകരിച്ചെടുക്കുന്ന രക്ഷാകര്‍തൃത്വപരമായ സദാചാര ബോധത്തെ ഖണ്ഡിക്കുന്ന ആദര്‍ശലോകത്തെക്കുറിച്ചുള്ള അറുപതുകളിലെ യൂറോപ്യന്‍ അന്വേഷണങ്ങളും അതിന്റെ സാഹസികമായ വിപ്ലവാത്മകതകളുമാണ് ഡ്രീമേഴ്‌സ് പോലെ ഞെട്ടലുളവാക്കുന്ന ഒരു ആഖ്യാനത്തിന്റെ പ്രേരണ. രാഷ്‌ട്രീയവും ചലച്ചിത്രപരവും ലൈംഗികവുമായ ഉട്ടോപ്യകളാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത് എന്ന് ബെര്‍ത്തലൂച്ചി തന്നെ പറയുന്നുണ്ട്.
*****
ജി പി രാമചന്ദ്രന്‍
Subscribe to:
Post Comments (Atom)
1 comment:

Post a Comment