Monday, November 3, 2008

വെളിച്ചവും ഇരുട്ടും

ബഷീറിന്റെ ചലച്ചിത്ര പരീക്ഷണം
വിസ്‌മയകരവും അവിശ്വസനീയവുമായ ഒരു രചനാകാലമാണ് മലയാളസാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്‌ടിച്ചെടുത്തത്. ശബ്‌ദങ്ങള്‍ പോലുള്ള നോവലുകളും പ്രേമലേഖനം പോലുള്ള കഥകളും ആദ്യകാലത്തു തന്നെ എഴുതിയ ഭാവിയുടെ പ്രവാചകനും ഭാഷയിലെ വിപ്ലവകാരിയുമായിരുന്നു ബഷീര്‍. അതുകൊണ്ടാണ് അദ്ദേഹം കഥാസാഹിത്യത്തിലൂടെ രൂപീകരിച്ചെടുത്ത വിഭ്രാമകമായ യാഥാര്‍ത്ഥ്യം ദശകങ്ങള്‍ പിന്നിട്ടിട്ടും മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലേക്ക് മുഴുവന്‍ മലയാള സാഹിത്യ-കലാ പ്രവര്‍ത്തകരും കൂട്ടത്തോടെ കടന്നു ചെന്ന അമ്പതുകളിലും അറുപതുകളിലും ബഷീറിനെ വലിയ തോതില്‍ ആശ്രയിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയതും ഈ സ്‌ഫോടനാത്മകത കൊണ്ടായിരിക്കണം. പ്രവചനാതീതവും വിസ്‌ഫോടനാത്മകവുമായ വ്യക്തിത്വവും രചനാരീതിയും ഭാഷാസമീപനവുമുള്ള ബഷീറിനെ തൊടുമ്പോള്‍ തങ്ങളുടെ കൈ പൊള്ളും എന്ന് അന്നത്തെ സിനിമാക്കാര്‍ കരുതി എന്നു വേണം വിചാരിക്കാന്‍. എന്നിട്ടും ടി കെ പരീക്കുട്ടിസാഹിബിനെപ്പോലെ സര്‍ഗധനനായ ഒരു ചലച്ചിത്ര നിര്‍മാതാവിന് (അദ്ദേഹം ട്രാന്‍‌സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്ററും വ്യവസായ പ്രമുഖനും തിയറ്റര്‍ ഉടമസ്ഥനും മറ്റുമായിരുന്നു) ബഷീറിനെ സമീപിക്കാനും അന്യഥാ ധന്യമായ തന്റെ ചലച്ചിത്ര നിര്‍മാണ സപര്യ - നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, കുഞ്ഞാലിമരക്കാര്‍, ആല്‍മരം - യെ കൂടുതല്‍ കരുത്തുറ്റതാക്കാനും തോന്നി എന്നത് ശ്രദ്ധേയമാണ്.

ബഷീറിന്റെ നീലവെളിച്ചം(1952) എന്ന കഥയെ അവലംബിച്ചുള്ള സിനിമ സംവിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അതിനകം ഛായാഗ്രഹണമികവിലൂടെ ശ്രദ്ധേയനായിത്തീര്‍ന്നിരുന്ന എ വിന്‍സന്റായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു താനും അത്. അസാധാരണമായ ആ കഥയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നുവോ എന്നു സംശയമാണ് എന്നാണ് നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നത്. ഇതിനുപോല്‍ബലകമായി അദ്ദേഹം പറയുന്നത്, പില്‍ക്കാലത്ത് അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു കഥ സംവിധാനം ചെയ്തതെന്തെന്ന വരട്ടുനിരൂപകരുടെ ചോദ്യങ്ങള്‍ക്ക്, ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരവസരം കിട്ടിയപ്പോള്‍ കഥയെന്തെന്ന് ശ്രദ്ധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന കാര്യമാണ്. ആര്‍ക്കും കുറ്റബോധം തോന്നേണ്ടതില്ലാത്ത കലാത്മകമായൊരിതിവൃത്തമാണ് വിന്‍സന്റ് കൈയാളിയത് എന്ന വസ്‌തുത അദ്ദേഹം തന്നെ വിശ്വസിച്ചില്ല എന്നാണ് വിജയകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നത്. (മലയാള സിനിമയുടെ കഥ- മാതൃഭൂമി ബുക്സ് / 2004)

ഇത് യഥാര്‍ത്ഥത്തില്‍ വിന്‍സന്റ് മാത്രം അഭിമുഖീകരിച്ചിരുന്ന ഒരു പ്രതിസന്ധിയല്ലെന്നതാണ് വാസ്തവം. പ്രേതം, മന്ത്രവാദം, ദൈവം, ഭൂതം, പിശാച്, എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളോടൊക്കെയും ഒന്നുകില്‍ കേവലയുക്തിവാദപരമോ അല്ലെങ്കില്‍ അമിതവും അന്ധവിശ്വാസജടിലവുമായ ആരാധനയും വിധേയത്വവും കലര്‍ന്നതോ ആയ സമീപനമാണ് പൊതുവെ മലയാളികള്‍ പുലര്‍ത്തിവരുന്നത്. കേരള നവോത്ഥാനത്തിന്റെ കൂടി പരിമിതിയായി ഈ പ്രതിസന്ധിയെ നാം കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. നീലവെളിച്ചം എന്ന കഥയിലും ഭാര്‍ഗവീ നിലയം എന്ന സിനിമയിലും പ്രേതമായി വരുന്ന ഭാര്‍ഗവി എന്ന സുന്ദരി ഏത് മാനസികാവസ്ഥയുടെ പ്രതിഫലനമാണ് എന്നതാണ് ആലോചിക്കേണ്ടത്. കല്‍പനാമധുരവും കാവ്യാത്മകവുമായ കൌമാരപ്രണയത്തെ അടിച്ചുടക്കുന്ന കുടുംബം, സമ്പത്ത്, നാട്ടു മര്യാദ, ജാതി, ജ്യോത്സ്യം തുടങ്ങിയ അധികാരവ്യവസ്ഥകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ആത്മഹത്യയിലൂടെ അവള്‍ പകരം ചോദിക്കുന്നത് അത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആധിപത്യ വാസനകളോടാണ്. അതുകൊണ്ടു തന്നെ പ്രേതത്തിന്റെ ആവിഷ്‌ക്കരണത്തിലല്ല മറിച്ച് നായികയെ ആത്മഹത്യയിലേക്ക് നയിച്ച പഴഞ്ചന്‍ സാമൂഹ്യബോധത്തിലാണ് ദൂഷ്യം ആരോപിക്കപ്പെടേണ്ടത് എന്നും ആഴത്തില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ബഷീറിന്റെ മുഴുവന്‍ കൃതികളും അവയിലെ പ്രതീകങ്ങളും ഭാഷയും സമീപനങ്ങളും അങ്ങേയറ്റം പുരോഗമനപരവും ജനാധിപത്യപരവുമാണെന്ന കാര്യം ചരിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാര്‍ഗവീനിലയം പോലെ ഒരു സിനിമ എത്രമാത്രം ആഹ്ലാദകരമായ അനുഭവമായിരുന്നു എന്നു തിരിച്ചറിയാനും സാധിക്കുന്നുണ്ട്.

എനിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന യുവതിയെപ്പോലെ എനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന മനോഹരഭവനമേ വന്ദനം എന്ന് നായകനായ സാഹിത്യകാരന്‍(മധു) വാടകവീട്ടിന്റെ മുമ്പില്‍ ചെന്നിറങ്ങി സംസാരിക്കുന്നതാണ് ഭാര്‍ഗവീനിലയത്തിലെ ആദ്യ സംഭാഷണം. നാടകീയത നിറഞ്ഞു നില്‍ക്കുന്നതും 'ഘോര'സാഹിത്യത്തിന്റെ ഭാരമുള്ളതുമായ ഇത്തരമൊരു സംഭാഷണരീതി മലയാള സിനിമയില്‍ ബഷീര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നതാണ് സത്യം. ഭാര്‍ഗവീനിലയം എന്നു പേരുള്ള ഒഴിഞ്ഞുകിടന്ന മാളികയിലാണ് സാഹിത്യകാരനായ നായകന്‍ താമസമാക്കുന്നത്. രക്തരക്ഷസ്സായ ഒരു പ്രേതസ്‌ത്രീ അവിടെ കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ നാട്ടുകാരാരും അവിടേക്ക് കയറാതെ ഓടിപ്പോകുകയാണ് പതിവ്. ടൈറ്റിലില്‍ കാണിച്ചതു പോലെ വെള്ള വസ്‌ത്രവും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ട് പ്രേതം നാട്ടുകാരെ പേടിപ്പിച്ച് അവിടെ കഴിഞ്ഞുകൂടുകയാണ്.

നീലവെളിച്ചം എന്ന തന്റെ കഥ സിനിമക്കു വേണ്ടതായ രീതിയില്‍ എഴുതി മാറ്റിയപ്പോഴാണ് ബഷീര്‍ ഈ പേരു സ്വീകരിച്ചത്. പിന്നീടത് മലയാളഭാഷയിലെ തന്നെ ഒരു പദമായി മാറുകയും ഭാര്‍ഗവീനിലയം = പ്രേതഭവനം എന്ന അര്‍ത്ഥം സുസ്ഥാപിതമാകുകയും ചെയ്തു. മാത്രമോ, വെള്ള സാരിയും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ടാണ് സ്ത്രീ പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടുക എന്ന ദൃശ്യസങ്കല്‍പവും ഇതോടെ വ്യവസ്ഥാപിതമായി. കാണികളും വായനക്കാരുമായവരും അല്ലാത്തവരുമായ മലയാളികള്‍ മുഴുവനും ആന്തരീകരിച്ചിട്ടുള്ള പ്രേതസങ്കല്‍പമായി ഈ വേഷം മാറി എന്നതാണ് ചരിത്രസത്യം. നൂറുകണക്കിന് സിനിമകളിലും സീരിയലുകളിലും ആവര്‍ത്തിച്ച് ഈ വേഷം ഇന്നൊരു ക്ലീഷേയും ബാധ്യതയും ആയിട്ടുണ്ടെങ്കിലും ഭാര്‍ഗവീനിലയം സൃഷ്‌ടിച്ച നൂതനത്വം പിന്നീടൊരു കാലത്തും നഷ്ടമായില്ല.

വിശ്വാസവും സങ്കല്‍പവും ഭാവനയും അനുഭവവും എല്ലാം ചേര്‍ന്നുള്ള ഒരു കൂടിക്കുഴയലാണ് ബഷീറിന്റെ കഥകളിലെ യാഥാര്‍ത്ഥ്യത്തെ രൂപീകരിച്ചെടുക്കുന്നത്. മലയാള സിനിമ അതുവരെ പരിചരിച്ചിരുന്ന യാഥാര്‍ത്ഥ്യ പ്രതലത്തില്‍ നിന്നുള്ള പ്രകടമായ എടുത്തുചാട്ടമായിരുന്നു ഇത്തരമൊരു കഥയുടെ തികച്ചും വ്യത്യസ്‌തമായ ചലച്ചിത്രവത്ക്കരണം. വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി, എ വിന്‍സന്റിനെപ്പോലെ പ്രതിഭാധനനായ ഛായാഗ്രാഹകനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചതോടെ ബഷീറിന്റെ സാഹിത്യവും വ്യത്യസ്‌തമായ കാഴ്‌ചയും പ്രാവര്‍ത്തികമാകുകയായിരുന്നു എന്നതാണ് വാസ്‌തവം. സെറ്റിട്ട നിരത്തും പ്രകൃതിയുമാണ് ഭാര്‍ഗവീനിലയത്തിനും ചുറ്റുമായി ആധാരമാക്കാന്‍ സംവിധായകനുണ്ടായിരുന്നതെങ്കിലും ഇരുട്ടും വെളിച്ചവും നിഴലും തമ്മിലുള്ള പാരസ്‌പര്യം കൊണ്ട് രൂപീകരിച്ചെടുത്ത ദൃശ്യവിതാനങ്ങള്‍ അത്ഭുതകരമാണ്.

നാട്ടുകാരും കൂട്ടുകാരും പറഞ്ഞ അപവാദങ്ങളൊന്നും വിശ്വസിക്കാതെ സാഹിത്യകാരനായ നായകന്‍ ഭാര്‍ഗവിക്കുട്ടി എന്ന പ്രേതത്തോട് വിഷാദമോഹനമായ ഒരു മധുരകാവ്യമാണ് നീ എന്ന് കൊച്ചു വര്‍ത്തമാനം പറയുന്നു. ഭാര്‍ഗവിക്കുട്ടിയുടെ അടച്ചിട്ട മുറി കത്തി കൊണ്ട് ദൈവനാമത്തില്‍ തുറന്ന് അകത്തു പ്രവേശിക്കുന്ന സാഹിത്യകാരന്‍ അവിടെ കണ്ട ബി എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പെട്ടി പിടിച്ച് ചോദിക്കുന്നു. നിന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെ ഭാര്‍ഗവിക്കുട്ടി? ഒരു പക്ഷെ നിന്റെ ജീവിതത്തിന്റെ താക്കോല്‍ ഈ പെട്ടിക്കകത്തായിരിക്കുമോ? അവളുടെ മുറിയില്‍ വീണ്ടുമെത്തുന്ന അയാള്‍ക്ക് ഭീതിദമായ അനുഭവങ്ങളുണ്ടാകുന്നു. അതിനുശേഷം അയാള്‍ ചുമരില്‍ എഴുതിവെച്ച വാചകങ്ങള്‍ വായിക്കുന്നു. കടന്നു പോകുന്ന ഹേ അജ്ഞാതസുഹൃത്തേ, പാടുവാന്‍ കഴിയുമെങ്കില്‍ ഒരു കുളിര്‍ഗാന നിശ്വാസത്താലെന്റെ ഹൃദയവ്യഥയെ അല്‍പമൊന്ന് ലഘൂകരിച്ചാലും. ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപത്താല്‍ എന്നെയൊന്നുറക്കിയിട്ടു പോകൂ. എന്നെയൊന്നുറക്കിയിട്ടു പോകൂ.

ഭാര്‍ഗവിയുടെ കഥ പൂര്‍ത്തിയാക്കിയ കഥാകാരന്‍ അത് വായിച്ചു തുടങ്ങുന്നു. ഒരു ചന്ദ്രോദയം. പൂര്‍ണചന്ദ്രന്‍. സുരഭിലമായ കുളിര്‍ നിലാവൊളിയില്‍ ഭാര്‍ഗവീനിലയത്തിലെ പൂങ്കാവനം രൂപരഹിതമായ കിനാവില്‍ മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അത്ഭുതാനന്ദത്തോടെ ഒരു ഗാനപ്രവാഹം ഭാര്‍ഗവിയുടെ ഹൃദയത്തിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു. തൊട്ടുമുമ്പിലെ വീട്ടില്‍ താമസിച്ചിരുന്ന കലാകാരനായ ശശികുമാറി(പ്രേംനസീര്‍)നോടുള്ള ഭാര്‍ഗവി(നിര്‍മല)യുടെ പ്രിയം അതോടെ ആരംഭിക്കുന്നു. അയാളെഴുതിയ പാട്ട് അയാള്‍ തന്നെ കമ്പോസ് ചെയ്‌തത് അവള്‍ കോളേജില്‍ അവതരിപ്പിക്കുന്നു. പിന്നീട് അയാളെ കാണാനായി മതിനിലിനരികില്‍ കോണി ചാരി വെച്ച് മാമ്പൂവ് കൊഴിക്കുന്നതും അമ്മയുടെ ശകാരത്തെതുടര്‍ന്ന് മേല്‍ക്കഴുകാന്‍ പോകുന്നതുമായ രംഗത്തിന്റെ മസൃണത കാണിയില്‍ പ്രണയാനുഭൂതികള്‍ നിറക്കാന്‍ പ്രാപ്‌തമാണ്. മതിലിനിപ്പുറത്തും അപ്പുറത്തുമായുള്ള പ്രണയം എന്ന ബഷീറിന്റെ ബിംബം പിന്നീട് കഥയിലും അടൂരിന്റെ സിനിമയിലും കൂടുതല്‍ വികസിക്കുന്നത് നാം കണ്ടതുമാണല്ലോ.

യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന്‍ പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്‌ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്‌ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!

*****

ജി പി രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.perch.co.in

പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ഞെക്കുക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന്‍ പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്‌ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്‌ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!

Anonymous said...

താമസമെന്തേ വരുവാന്‍!
അമേരിക്കയില്‍ കറങ്ങാന്‍ പോയ കൊടിയേരി സഖാവേ താമസമെന്തേ വരുവാന്‍?

മദനിയെ പൊന്നാനി സീറ്റില്‍ നിര്‍ത്താന്‍ കളിച്ചു കളിച്ചു ഇപ്പോള്‍ ഞമ്മണ്റ്റെ ആള്‍ക്കാരെല്ലാം കാഷ്മീരില്‍ പോയി പാകിസ്താനു വേണ്ടി യുധം ചെയ്തു മരിക്കുന്നു ഇന്ത്യ ഒന്നാകെ ബോംബ്‌ വച്ചവര്‍ കളി പഠിച്ചത്‌ വാഗമണ്ണില്‍ ആയിരുന്നല്ലോ?

അമേരിക്കയില്‍ ആകെ പ്രശം ദുരിതം ആണെന്നല്ലേ പറയുന്നത്‌ പിന്നെ എന്തു ടൂറിസം വളര്‍ത്താനാ അവിടെ നില്‍ക്കുന്നത്‌? ഇളയ മോണ്റ്റെ കല്യാണം വല്ല അമേരിക്കക്കാരീടെ കൂടെ ഗ്രാന്‍ഡ്‌ ആയി നടത്താനാണോ?

പതിനായിരം രൂപയുടെ പട്ടുസാരി ഉടുക്കുന്ന കമ്യൂണിസ്റ്റ്‌ സഹയാത്രിക രാജഗോപാലന്‍ മാഷിണ്റ്റെ പുത്രി കൂടെ കറങ്ങാന്‍ വന്നിട്ടുണ്ടോ?

താംസമെന്തേ വരുവാന്‍ കൊടിയേരീ. തളിര്‍ മരമിളകിയെണ്റ്റെ പൂമൂടല്‍ ഫലിച്ചല്ലോ അമേരിക്ക സര്‍ക്കാര്‍ ചെലവില്‍ കാണാന്‍ കഴിഞ്ഞല്ലോ

Unknown said...

ആരുഷി വീണ്ടും ഉവാച
"മദനിയെ പൊന്നാനി സീറ്റില്‍ നിര്‍ത്താന്‍ കളിച്ചു കളിച്ചു ഇപ്പോള്‍ ഞമ്മണ്റ്റെ ആള്‍ക്കാരെല്ലാം കാഷ്മീരില്‍ പോയി പാകിസ്താനു വേണ്ടി യുധം ചെയ്തു മരിക്കുന്നു ഇന്ത്യ ഒന്നാകെ ബോംബ്‌ വച്ചവര്‍ കളി പഠിച്ചത്‌ വാഗമണ്ണില്‍ ആയിരുന്നല്ലോ?"

ആരുഷി..ഒരു മൃഗം കാമം കരഞ്ഞു തീര്‍ക്കും.ആരുഷി,നിരാശ,പക ഒക്കെ പുലമ്പി തീര്‍ക്കും..തന്റെ നേതാവ് അധ്വാന്‍ ജി ആയിരുന്നില്ലേ അഖില ഭാരതീയ ആഭ്യന്ദര മന്ത്രി 1998 മുതല്‍ 2004 വരെ(മദനി അപ്പോഴും ജയിളിലാരുന്നല്ലോ,നായനാര്‍ കയ്യോടെ പിടിച്ചു കൊടുത്തിരുന്നല്ലോ).സ്ഫോടന,കൊലപാതക കുറ്റം തെളിയിച്ചു മദനിയെ അങ്ങു തീര്‍ത്ത്‌ കൊടുത്തൂടാരുന്നോ.ആരുഷി ഈ കാമം കരഞ്ഞു തീര്‍ക്കാതെ മദനിക്ക് വധശിക്ഷ വാങ്ങി കൊടുത്തൂടാരുന്നോ,അദ്വാനിക്ക്.അപ്പൊ ഒന്നുകില്‍ അദ്വാനി,ചാണ്ടി,ചെന്നിതലന്‍സ് ഒക്കെ എന്തോ ഒളിച്ചു വെക്കാനുണ്ട്(ഇപ്പൊ സംഘപരിവാര്‍ സന്യാസിനിയെ അമ്മയുടെ നെഞ്ചത്ത് നമ്മുടെ ഭാരത നാട്ടില്‍- ഭാരതാംബ എന്നല്ലേ ആരുഷി താനൊക്കെ കാപട്യത്തോടെ പറയുന്നതു-ബോംബ് വച്ച് നിരപരാധികളെ കൊന്നോടുക്കിയത്തിനു പിടിച്ചു ഉള്ളില്‍ ഇട്ടിരുക്കുകയല്ലേ),അല്ലെങ്കില്‍ ഈ പറയുന്നതൊക്കെ രാഷ്ട്രീയം..അല്ലെങ്കിലും പാവം ചാണ്ടി മദനിയെ ജയിലില്‍ പോയി കണ്ടത് ഉമ്മ കൊടുക്കാനല്ലേ..

Arushi-"പതിനായിരം രൂപയുടെ പട്ടുസാരി ഉടുക്കുന്ന കമ്യൂണിസ്റ്റ്‌ സഹയാത്രിക രാജഗോപാലന്‍ മാഷിണ്റ്റെ പുത്രി കൂടെ കറങ്ങാന്‍ വന്നിട്ടുണ്ടോ?"

തന്റെ സഹയാത്രിക ഒരു ഒന്നൊന്നര സാരിയൊക്കെ മുഴുവനായി ഉടുക്കുമോ, അതിന് എത്ര വിലയാകും..