Thursday, August 16, 2012

സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍

ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇന്നത്തെ ഘട്ടം ജനകീയ ജനാധിപത്യം സ്ഥാപിക്കുകയാണെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി വിലയിരുത്തുന്നു. പാര്‍ടി പരിപാടി ഇതുസംബന്ധിച്ച് ഇങ്ങനെ പ്രഖ്യാപിക്കുന്നു. ""സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുക എന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി മുറുകെ പിടിക്കുന്നു. ഇന്നത്തെ ഭണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്റിന്റെയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ജനങ്ങളുടെമുമ്പില്‍ വെയ്ക്കുന്ന അടിയന്തിരലക്ഷ്യം ഇതാണ്.

ഉറച്ച തൊഴിലാളി കര്‍ഷക സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ എല്ലാ അസല്‍ ഫ്യൂഡല്‍ വിരുദ്ധ - കുത്തക വിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയ ജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ടുമാത്രമേ കഴിയൂ."" കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ കാഴ്ചപ്പാട് ഇതായിരിക്കെ ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന് വിശദമാക്കുന്ന രൂപരേഖ ഇപ്പോള്‍ തയ്യാറാക്കേണ്ടതുണ്ടോ എന്ന ചോദ്യം പാര്‍ടിക്കുള്ളിലും പുറത്തും ""ഏതാനും പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം"" ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി തയ്യാറാക്കുമ്പോള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതോടൊപ്പം മറ്റൊരു സംശയവും ചിലര്‍ പ്രകടിപ്പിക്കുകയുണ്ടായി. ജനകീയ ജനാധിപത്യ വിപ്ലവം ഇന്ത്യയില്‍ ഏത് സ്വഭാവത്തിലാണ് വിജയകരമായി പൂര്‍ത്തീകരിക്കുക എന്ന് പ്രവചിക്കാനാവില്ല. അന്നത്തെ സമൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യവും ലോക സാഹചര്യവും എന്തായിരിക്കുമെന്ന് ഇപ്പോള്‍ മുന്‍കൂട്ടി കാണാനും കഴിയുന്നതല്ല. അത്തരമൊരു സാഹചര്യത്തില്‍ സോഷ്യലിസം ഇന്ത്യയില്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന് ഇപ്പോള്‍ നിശ്ചയിക്കാനാവുമോ എന്ന സംശയമായിരുന്നു അത്.

""സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍"" എന്ന അദ്ധ്യായം പ്രത്യയശാസ്ത പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്നത്തെ ചില സവിശേഷ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പാര്‍ടിയുടെ ഇരുപതാം കോണ്‍ഗ്രസ് നിശ്ചയിച്ചത്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സോഷ്യലിസത്തിനേറ്റ തിരിച്ചടിയെയും തുടര്‍ന്ന് മുതലാളിത്തത്തിന്റെ ദാര്‍ശനികന്മാരും സാമ്പത്തിക പണ്ഡിതന്മാരും രാഷ്ട്രമീമാംസകരും മാര്‍ക്സിസത്തിനും സോഷ്യലിസത്തിനും കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുമെതിരായി ശക്തിമത്തായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മാര്‍ക്സിസം പരാജയപ്പെട്ടുവെന്നും സോഷ്യലിസം പഴഞ്ചനും കാലഹരണപ്പെട്ടതുമാണെന്നും അവര്‍ വിളിച്ചുകൂവുന്നു. മനുഷ്യസമൂഹത്തിന്റെ വികാസ പരിണാമത്തിലെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് മുതലാളിത്തമെന്നും എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കെല്‍പുള്ള ഒറ്റമൂലിയാണ് നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെന്നും അവര്‍ പ്രചരിപ്പിക്കുന്നു. സോവിയറ്റ് യൂണിയന്‍ ശിഥിലമായതും കിഴക്കന്‍ യൂറോപ്പില്‍ സോഷ്യലിസത്തിന് തിരിച്ചടിയേറ്റതും മാര്‍ക്സിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ ദൗര്‍ബല്യങ്ങള്‍ കൊണ്ടായിരുന്നില്ല. വമ്പിച്ച നേട്ടങ്ങള്‍ നേടിയതിനുശേഷമാണ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടത്. പ്രയോഗത്തിലുണ്ടായ പിശകുകളും ബാഹ്യ ഇടപെടലുകളുമായിരുന്നു തിരിച്ചടിക്ക് കാരണം. സോഷ്യലിസം കെട്ടിപ്പടുത്തതില്‍ എന്തെല്ലാം തെറ്റുകളും കുറവുകളും സംഭവിച്ചു എന്ന് മനസ്സിലാക്കുവാന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി പരിശ്രമിച്ചുവരികയാണ്.

മാര്‍ക്സിസത്തിന്റെ പ്രയോഗത്തില്‍ എന്തെല്ലാം ദൗര്‍ബല്യങ്ങള്‍ ഉണ്ടായി എന്ന് വിലയിരുത്തേണ്ടത് സിദ്ധാന്തത്തിന്റെ സാധുത സ്ഥാപിക്കു ന്നതിന് ആവശ്യമാണ്. അതോടൊപ്പം സോഷ്യലിസം ഇന്ത്യയില്‍ കെട്ടിപ്പടുക്കുമ്പോള്‍ തെറ്റുകളും പോരായ്മകളും ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ഒരു മാതൃക മാത്രമാണുള്ളതെന്ന ധാരണയും ഗണ്യമായ ഒരു വിഭാഗം ജനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സോവിയറ്റ് യൂണിയനിലെ നേട്ടങ്ങളോടൊപ്പം വളര്‍ന്നുവന്ന ധാരണയാണിത്. എന്നാല്‍, പിന്നീട് സോവിയറ്റ് യൂണിയന്റെ സാമ്പത്തിക വളച്ച മുരടിച്ചതും സോഷ്യലിസ്റ്റ് വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെട്ടതും തുടര്‍ന്നുള്ള അനുഭവങ്ങളാണ്.സോവിയറ്റ് യൂണിയന്‍ നേടിയ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ആ മാതൃകതന്നെ പിന്തുടരാനാണ് വിപ്ലവാനന്തരകാലത്ത് കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളും ചൈനയും വിയറ്റ്നാമും ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനും കിഴക്കന്‍ യൂറോപ്പില്‍ സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കും മുമ്പുതന്നെ ചൈനയും വിയറ്റ്നാമും പ്രയാസങ്ങള്‍ നേരിട്ടു. ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചൈനയും വിയറ്റ്നാമും പുതിയരീതികളും നടപടികളും സ്വീകരിക്കാന്‍ തുടങ്ങി. തെക്കേ ആഫ്രിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് പുതിയ പല അനുഭവങ്ങളുമുണ്ട്. നവ ഉദാരവല്‍ക്കരണത്തിനും അമേരിക്കന്‍ മേധാവിത്വത്തിനുമെതിരെ പോരാടി വിജയം കൈവരിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ അനുഭവങ്ങളും പ്രധാനപ്പെട്ടവയാണ്. ഇവയില്‍ നിന്നാകെ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ഒരു മാതൃക മാത്രമല്ല ഉള്ളത്. ഓരോ രാജ്യത്തെയും സമൂര്‍ത്ത സാഹചര്യങ്ങളെയും ലോക സാഹചര്യങ്ങളെയും വിലയിരുത്തിയാണ് ഓരോ രാജ്യത്തും സ്വീകരിക്കേണ്ട സമീപനങ്ങള്‍ നിശ്ചയിക്കേണ്ടത്. തൊഴിലാളിവര്‍ഗ വിപ്ലവ വിജയത്തെ തുടര്‍ന്ന് വ്യത്യസ്തരാജ്യങ്ങളില്‍ വ്യത്യസ്ത സമീപനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ""സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍"" എന്ന അദ്ധ്യായം പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ഉള്‍പ്പെടുത്തുവാന്‍ നിശ്ചയിച്ചത്. ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസം എങ്ങനെ കെട്ടിപ്പടുക്കുമെന്നതിന്റെ പൊതുസ്വഭാവം ഉയര്‍ത്തിക്കാട്ടേണ്ടത് ജനകീയ ജനാധിപത്യവിപ്ലവ പൂര്‍ത്തീകരണത്തിനും തുടര്‍ന്ന് സോഷ്യലിസത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ നയിക്കാനുള്ള ആത്മനിഷ്ഠഘടകം വിപ്ലവ ബഹുജനപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായകരവും ആവശ്യവുമാണെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കരുതുന്നു. ഏതെങ്കിലും ഒരു രാജ്യത്തെ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ മാതൃക പകര്‍ത്തി എഴുതി ഇന്ത്യയില്‍ സോഷ്യലിസം സ്ഥാപിക്കാനാവുമെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി വിശ്വസിക്കുന്നില്ല. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച എല്ലാ രാജ്യങ്ങളുടെയും വ്യത്യസ്ത അനുഭവങ്ങളെ വിലയിരുത്തി സോഷ്യലിസം ഇന്ത്യയില്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന് വിവരിക്കാനാണ് പാര്‍ടി പ്രത്യയശാസ്ത്രരേഖയില്‍ പരിശ്രമിക്കുന്നത്. ശരിയായ സമീപനത്തില്‍ എത്തിച്ചേരുന്നതിന് ഇത് മാത്രമാണ് മാര്‍ഗം. മുതലാളിത്ത സമ്പദ്വ്യവസ്ഥയും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അഗാധമായ പ്രതിസന്ധിയുടെ പിടിയിലാണ്. ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ ചരിത്രംതന്നെ ഒരു പ്രതിസന്ധിയില്‍നിന്ന് മറ്റൊരു പ്രതിസന്ധിയിലേക്കുള്ള യാത്ര മാത്രമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ മുതലാളിത്തത്തിന് ഒരു കാലത്തും കഴിഞ്ഞിട്ടുമില്ല. മുതലാളിത്തത്തിന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയ്ക്കാണ് കഴിയുക. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സോഷ്യലിസം ജനങ്ങളെ പ്രാപ്തരാക്കും. സോഷ്യലിസത്തെപ്പറ്റിയുള്ള പ്രത്യയശാസ്ത്ര രേഖയിലെ രൂപരേഖ ഈ കാഴ്ചപ്പാടില്‍ തയ്യാറാക്കിയതാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പ്രതിപാദിച്ചിട്ടുള്ള മാതിരി പ്രത്യയശാസ്ത്ര പ്രമേയത്തിലെ സോഷ്യലിസത്തെപ്പറ്റിയുള്ള പ്രതിപാദനങ്ങളില്‍ പൊതുവായ സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. അവയുടെ സമൂര്‍ത്ത രൂപം എന്തെന്ന് സോഷ്യലിസം കെട്ടിപ്പടുക്കുന്ന സമൂര്‍ത്ത സാഹചര്യങ്ങളില്‍ മാത്രമേ നിശ്ചയിക്കാന്‍ കഴിയൂ.

ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുമ്പോള്‍ പ്രഥമമായും പ്രധാനമായും ശ്രദ്ധിക്കുന്നത് എല്ലാ ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയും പൂര്‍ണ്ണമായ തൊഴിലും സാര്‍വത്രികമായ വിദ്യാഭ്യാസ അവസരങ്ങളും ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും നല്‍കുന്നതിനാണ്. അതോടൊപ്പം മുതലാളിത്തം പ്രാന്തവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ജീവിത പരിതസ്ഥിതികള്‍ വന്‍തോതില്‍ മെച്ചപ്പെടുത്തിക്കൊണ്ട് അവരെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും ശാക്തീകരിക്കും. പ്രാങ് മുതലാളിത്ത അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥയ്ക്ക് നല്‍കാന്‍ കഴിയാത്തവയാണ് ഇവയെല്ലാം.

സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയില്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും പരമാവധി വികസ്വരമാക്കും. ബൂര്‍ഷ്വാ ജനാധിപത്യ അവകാശങ്ങള്‍ എന്നത് തികച്ചും ഔപചാരികമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. അവ വ്യാമോഹങ്ങള്‍ ജനിപ്പിക്കുമെങ്കിലും അത്തരം ജനാധിപത്യ അവകാശങ്ങള്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ ഒരിക്കലും അവസരം ലഭിക്കുകയില്ല. സാമ്പത്തികമായി ജനങ്ങള്‍ ശാക്തീകരിക്കുന്നതുകൊണ്ട് മാത്രമേ അവര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ അനുഭവിക്കാനാവൂ. മുതലാളിത്ത സമ്പദ്വ്യവസ്ഥ ജനങ്ങളെ നിസ്സഹായരാക്കുകയാണ് ചെയ്യുന്നത്. സോഷ്യലിസ്റ്റ് ഭരണത്തിന്റെകീഴില്‍ യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യം വളരുകയും വികസിക്കുകയും ചെയ്യും. ജനാധിപത്യ അവകാശങ്ങളും സിവില്‍ സ്വാതന്ത്ര്യങ്ങളും സോഷ്യലിസ്റ്റ് നീതിന്യായ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായിരിക്കും. സോഷ്യലിസത്തിനുകീഴില്‍ വിയോജിക്കുന്നതിനുള്ള അവകാശവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും അഭിപ്രായ ബഹുത്വവും വളര്‍ന്ന് വികസിക്കും. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍നിന്ന് സോഷ്യലിസ്റ്റ് ജനാധിപത്യം തികച്ചും വ്യത്യസ്തമാണ്. മുതലാളിത്തം പ്രഖ്യാപിക്കുന്ന ഔപചാരികമായ ജനാധിപത്യ അവകാശങ്ങളെ കൂടുതല്‍ ശക്തവും വിപുലവുമാക്കി ജനങ്ങള്‍ക്ക് അനുഭവയോഗ്യമാക്കുകയാണ് സോഷ്യലിസം ചെയ്യുന്നത്.
ഇന്ത്യയിലെ ഒരു പ്രത്യേകതയാണ് ജാതിവ്യവസ്ഥ. വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും ഇന്ത്യന്‍ സമുഹത്തില്‍ ഒരേ കാലത്ത് നിലനില്‍ക്കുന്നു. മുതലാളിത്തപരവും അര്‍ദ്ധ നാടുവാഴിത്തപരവുമായ വര്‍ഗ ചൂഷണം നിലനില്‍ക്കുന്നതോടൊപ്പംതന്നെ ജാതി, വംശം, ലിംഗഭേദം, എന്നിവയെ ആധാരമാക്കിയ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലും തുടരുന്നു. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ ജനങ്ങളെ ചൂഷണംചെയ്യുന്നു. ഭരണവര്‍ഗങ്ങളുടെ ചൂഷണവും അതിനുപകരിക്കുന്ന മേധാവിത്വവും നിലനിര്‍ത്തുന്നതിനായി അവര്‍ വിവിധ സ്വഭാവത്തിലുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലുകളെ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടാണ് ജാതിവ്യവസ്ഥ ഇല്ലാതാക്കി ജാതിപരമായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് പ്രത്യയശാസ്ത്ര പ്രമേയം പ്രഖ്യാപിക്കുന്നത്. ഭാഷാപരമായ എല്ലാ ജനവിഭാഗങ്ങള്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും യഥാര്‍ത്ഥത്തിലുള്ള തുല്യത ഉറപ്പുവരുത്തും. ലിംഗഭേദപരമായ അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും അവസാനിപ്പിക്കും. ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥ ഇവയ്ക്കൊന്നിനും പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, ഇവയെ ആകെ തങ്ങളുടെ വര്‍ഗപരമായ ചൂഷണത്തിനും മേധാവിത്വം നിലനിര്‍ത്തുന്നതിനും ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

സാമൂഹ്യവല്‍ക്കരിക്കപ്പെട്ട ഉല്‍പാദനോപകരണങ്ങളും കേന്ദ്രീകൃതമായ ആസൂത്രണവും സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവമായിരിക്കും. ഉല്‍പാദനോപകരണങ്ങളുടെ സാമൂഹ്യവല്‍ക്കരണം മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതിവരുത്തും. മുതലാളിത്ത വ്യവസ്ഥയുടെ സഹജസ്വഭാവമായ അസന്തുലിതമായ സാമ്പത്തിക വികാസത്തിന് പകരം സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ കേന്ദ്രീകൃത ആസൂത്രണം സന്തുലിതമായ സാമ്പത്തിക വികാസം കൈവരിക്കും. ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കേന്ദ്രീകൃത ആസൂത്രണം അടിത്തറയിടും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും തുടര്‍ച്ചയായി പുരോഗതി കൈവരിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്യുക കേന്ദ്രീകൃത ആസൂത്രണത്തിന്റെ കടമയാണ്.

സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ വിപണി ഉണ്ടായിരിക്കില്ല എന്നത് തെറ്റായ ധാരണയാണ്. ചരക്കുല്‍പാദനം നടക്കുന്ന എല്ലാ കാലവും വിപണി ഉണ്ടായിരിക്കും. ആസൂത്രണമാണോ വിപണിയാണോ വേണ്ടതെന്നുള്ളതല്ല പ്രധാന പ്രശ്നം. ആസൂത്രണമാണോ വിപണിയാണോ മേധാവിത്വം പുലര്‍ത്തുകയെന്നുള്ളതാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ വിപണി കേന്ദ്രീകൃത ആസൂത്രണത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.

സ്വത്തുടമസ്ഥതയുടെ വിവിധ രൂപങ്ങള്‍ നിലനില്‍ക്കുമെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥയിലും ഉല്‍പാദനോപകരണങ്ങളുടെ സാമൂഹ്യവല്‍ക്കരിക്കപ്പെട്ട ഉടമസ്ഥതയ്ക്കുതന്നെയായിരിക്കും നിര്‍ണ്ണായകസ്ഥാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല എന്ന അര്‍ത്ഥത്തില്‍ മാത്രം സാമൂഹ്യവല്‍ക്കരിക്കപ്പെട്ട ഉല്‍പാദന ഉപകരണങ്ങളെ ചുരുക്കിക്കാണരുതെന്നും പ്രത്യയശാസ്ത്ര രേഖ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലയ്ക്ക് സുപ്രധാന പങ്കുള്ളപ്പോള്‍തന്നെ സഹകരണസംഘങ്ങള്‍, കൂട്ടുസംരംഭങ്ങള്‍, സാമ്പത്തിക നയങ്ങളുടെമേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടങ്ങിയ നിരവധി രൂപങ്ങള്‍ സ്വത്തുടമസ്ഥതയ്ക്കുണ്ടായിരിക്കും.

നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അനുഭവങ്ങളെ വിലയിരുത്തി ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ സ്വഭാവം എന്തെന്ന് നിര്‍ണ്ണയിക്കാനാണ് ഇരുപതാം കോണ്‍ഗ്രസ് ശ്രമിച്ചത്. പല വിവാദ വിഷയങ്ങള്‍ക്കും ഉത്തരം കാണുന്നതോടൊപ്പം സോഷ്യലിസം പരാജയമായിരുന്നെന്ന മുതലാളിത്ത പണ്ഡിതന്മാരുടെ പ്രചാരവേലകളെ നേരിടുന്നതിനും പ്രത്യയശാസ്ത്രരേഖ കരുത്ത് നല്‍കുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിനും തുടര്‍ന്ന് കെട്ടിപ്പടുക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കും മാത്രമേ ഇന്ത്യന്‍ ജനതയുടെ പുരോഗതിയും വികാസവും ഉറപ്പ് നല്‍കാനാവൂ എന്ന സന്ദേശമാണ് പ്രത്യയശാസ്ത്രരേഖ നല്‍കുന്നത്.

*
എസ് രാമചന്ദ്രന്‍ പിള്ള ചിന്ത ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇന്നത്തെ ഘട്ടം ജനകീയ ജനാധിപത്യം സ്ഥാപിക്കുകയാണെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി വിലയിരുത്തുന്നു. പാര്‍ടി പരിപാടി ഇതുസംബന്ധിച്ച് ഇങ്ങനെ പ്രഖ്യാപിക്കുന്നു. ""സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുക എന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി മുറുകെ പിടിക്കുന്നു. ഇന്നത്തെ ഭണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്റിന്റെയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ജനങ്ങളുടെമുമ്പില്‍ വെയ്ക്കുന്ന അടിയന്തിരലക്ഷ്യം ഇതാണ്.