Wednesday, August 22, 2012

തുടക്കം പ്രതിഷേധത്തോടെ

പതിനഞ്ചാം ലോക്സഭയുടെ പതിനൊന്നാം സമ്മേളനം ജൂലൈ എട്ടിനാണ് ചേര്‍ന്നത്. ആഗസ്ത് 7 മുതല്‍ സെപ്തംബര്‍ 7വരെ ചേരുന്ന സമ്മേളനത്തില്‍ പ്രധാനമായും നിയമനിര്‍മാണങ്ങളാണ് അജന്‍ഡയായി നല്‍കിയിരുന്നത്. എന്നാല്‍, മറ്റു സമ്മേളനങ്ങള്‍ പോലെതന്നെ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഈ സമ്മേളനത്തിലും ഉയര്‍ന്നു.

പാര്‍ലമെന്റിനകത്തും പുറത്തും സമരങ്ങളുടെ വേലിയേറ്റത്തോടെയാണ് ആദ്യദിവസം ആരംഭിച്ചത്. 73 പേര്‍ ദാരുണമായി കൊല്ലപ്പെട്ട അസമിലെ സംഭവങ്ങളാണ് ഇരുസഭകളെയും പിടിച്ചുകുലുക്കിയത്. സഭയിലെ പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തരപ്രമേയമായി വിഷയം ചര്‍ച്ചയ്ക്കെടുത്തു. ഭരണ- പ്രതിപക്ഷഭേദമെന്യേ അസമിലെ സംഭവവികാസങ്ങള്‍ സഭ അപലപിച്ചു. പ്രമേയം അവതരിപ്പിച്ച് ലോക്സഭയിലും രാജ്യസഭയിലും സംസാരിച്ച ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും അരുണ്‍ ജെയ്റ്റ്ലിയും സര്‍ക്കാര്‍ പരാജയത്തെ തുറന്നുകാണിച്ചതോടൊപ്പം ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാരാണ് കുഴപ്പത്തിന് ഉത്തരവാദികളെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ബിജെപിയുടെ ഘടക കക്ഷികളായ ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ടികളും ഈ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍, സിപിഐ എം, സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ ഈ സമീപനത്തെ എതിര്‍ത്തു. സിപിഐ എമ്മിനുവേണ്ടി ബസുദേവ് ആചാര്യ ചര്‍ച്ചയില്‍ പങ്കെടുത്തു. അസം പ്രശ്നം രൂക്ഷമാകുന്നതിനു കാരണം സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് തുറന്നുകാണിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവുമായി ഈ വിഷയത്തില്‍ വക്കുതര്‍ക്കങ്ങള്‍ ഉയര്‍ന്നു. കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ ഗള്‍ഫ് യാത്രാപ്രശ്നം ഉന്നയിച്ച് പാര്‍ലമെന്റിന് പുറത്ത് ആദ്യദിവസം തന്നെ നടത്തിയ ധര്‍ണ ശ്രദ്ധേയമായി. പ്രശ്നം പ്രധാനമായും കേരളത്തിന്റേതാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരും ഈ സമരത്തില്‍ പങ്കെടുത്തു. ഗള്‍ഫിലേക്കുള്ള നിരവധി ഷെഡ്യൂളുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കുകയും പ്രസ്തുത റൂട്ടില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്ന വിഷയമാണ് സമരത്തിനാധാരം.

വിമാനചാര്‍ജ് വര്‍ധിപ്പിച്ച് ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിഷയം പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ന്നുവന്നു. ജമ്മു കശ്മീരില്‍ മലയാളി ജവാന്‍ അരുണ്‍ ആത്മഹത്യ ചെയ്ത സംഭവം സഭയില്‍ വിമര്‍ശനത്തിന് വിധേയമായി. രാജ്യസഭയില്‍ ഈ വിഷയം സീതാറാം യെച്ചൂരിയും ബാലഗോപാലുമാണ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ മറുപടി വിഷയത്തെ ലഘൂകരിക്കുന്നതായിരുന്നു. പി കരുണാകരന്‍ ഈ വിഷയം പ്രതിരോധമന്ത്രി ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് അരുണ്‍ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ 800 സൈനികര്‍ പ്രതിഷേധിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ജമ്മുവില്‍നിന്ന് രണ്ടായിരത്തോളം പട്ടാളക്കാര്‍ ചേര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. എസ്സി-എസ്ടി വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ സംവരണം വേണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ അംഗങ്ങള്‍ ഉന്നയിച്ചു. സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഭരണഘടന ഭേദഗതി വരുത്താമെന്ന് പിന്നീട് സര്‍ക്കാര്‍ തീരുമാനമായി. ഇതിനിടയില്‍ പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു എന്നുപറഞ്ഞ് ലോക്സഭയില്‍ ബിജെപി നടുക്കളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചു. ഹിന്ദുവികാരം ഉയര്‍ത്തിക്കൊണ്ടുവരുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഇതുതന്നെ അവര്‍ രാജ്യസഭയിലും ആരോപിച്ചു. ആഗസ്ത് 14ന് ഇടതുപക്ഷ പാര്‍ടികളും എസ്പിയും ചേര്‍ന്ന് പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തി. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുക, രണ്ടുരൂപയ്ക്ക് ബിപിഎല്‍ ലിസ്റ്റില്‍പെട്ടവര്‍ക്ക് അരി നല്‍കുക, ബിപിഎല്‍- എപിഎല്‍ വിവേചനം അവസാനിപ്പിക്കുക, എഫ്സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന അരി സംസ്ഥാനങ്ങള്‍ക്ക് വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

സഭ തുടര്‍ന്ന സമയത്തുതന്നെ ഈ വിഷയം ഉയര്‍ത്തി ഇടതുപക്ഷ പാര്‍ടികളും എസ്പിയും പ്രതിഷേധമുയര്‍ത്തി. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസുദേവ് ആചാര്യയും പി കരുണാകരനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. നക്സല്‍- മാവോയിസ്റ്റ് ആക്രമണങ്ങള്‍ സംബന്ധിച്ച് റൂള്‍ 193 അനുസരിച്ചുള്ള ചര്‍ച്ച 14ന് വൈകിട്ടാണ് ആരംഭിച്ചത്. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മണിപ്പുര്‍, ഒറീസ, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്സല്‍- മാവോയിസ്റ്റ് ആക്രമങ്ങള്‍ നിയമസമാധാനപ്രശ്നമായി മാറിയത് അംഗങ്ങള്‍ വിശദീകരിച്ചു. ബംഗാളില്‍ മമത ബാനര്‍ജി ഇവര്‍ക്കനുകൂലമായി എടുക്കുന്ന സമീപനം സഭയില്‍ പരാമര്‍ശിക്കപ്പെട്ടു.

ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ അസഹിഷ്ണുതയും ഏകാധിപത്യസമീപനവും പാര്‍ലമെന്റില്‍ എംപിമാരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കേന്ദ്ര ശാസ്ത്രസങ്കേതിക മന്ത്രിയും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖിന്റെ മരണവിവരം അറിയുന്നതും സഭ നിര്‍ത്തിവയ്ക്കുന്നതും. പതിനാറിന് രാവിലെ സഭ സമ്മേളിക്കുകയും വിലാസ്റാവു ദേശ്മുഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ നേരത്തേ പിരിയുകയും ചെയ്തു. പതിനേഴിന് സഭ തുടങ്ങിയപ്പോള്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2ജി സ്പെക്ട്രം അഴിമതിയെപ്പോലും വെല്ലുന്നതാണ് കല്‍ക്കരി അഴിമതി.ഏറ്റവും ഗുരുതരമായ പ്രശ്നം, പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ഈ അഴിമതി അരങ്ങേറിയത് എന്നതാണ്. വരുംനാളുകളില്‍ പാര്‍ലമെന്റില്‍ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ഈ അഴിമതിക്കേസ് തന്നെയായിരിക്കും.

*
പി കരുണാകരന്‍ ദേശാഭിമാനി 21 ആഗസ്റ്റ് 2012

No comments: