മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂലൈ അവസാനത്തെ ലക്കവും അവരുടെ സാധാരണ ലക്കങ്ങള്‍പോലെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കം മാത്രംകൊണ്ട് അതിസാധാരണമായിപ്പോകുമായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ "ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മ്മികതയ്ക്കും" എന്ന ലേഖനംകൂടി അതില്‍ ഇല്ലായിരുന്നെങ്കില്‍ എന്നുതോന്നി ആദ്യം പേജുകള്‍ മറിച്ചപ്പോള്‍. ഇടതുപക്ഷത്തിനുവേണ്ടിയുള്ള ന്യായവാദം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയോ എന്ന അമ്പരപ്പായി ആ ലക്കമൊന്ന് ഓടിച്ചുനോക്കിയപ്പോള്‍. ഈ ഇരു തോന്നലുകളും മാറി ആ ലേഖനം സൂക്ഷ്മമായി വായിച്ച് പൂര്‍ത്തിയാക്കിയപ്പോള്‍.
"ഓരോ പ്രതിസന്ധി സന്ദര്‍ഭവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തിക്കൊണ്ടോ സോവിയറ്റ് പതനംപോലുള്ള വലിയ സമസ്യകള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിക്കൊണ്ടോ അല്ല ഇടതുപക്ഷം ആ സന്ദര്‍ഭങ്ങളെ മറികടന്നുപോന്നത്"എന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഈ വിലയിരുത്തലിനെ ശരിവയ്ക്കാന്‍ ചരിത്രവസ്തുതകള്‍ അനുവദിക്കുന്നില്ല. എന്തൊക്കെയായിരുന്നു പ്രതിസന്ധികള്‍?
സുനിലിന്റെ അഭിപ്രായത്തില്‍ എടുത്തുപറയേണ്ടവ അഞ്ചെണ്ണമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള സമീപനം, കല്‍ക്കത്താ തീസീസ്, ഇന്ത്യ- ചൈന യുദ്ധം, അടിയന്തരാവസ്ഥ, സോവിയറ്റ് തകര്‍ച്ച എന്നിവ. ഇതില്‍ ഏതിനാണ് തൃപ്തികരമായ വിശദീകരണമില്ലാതെ കമ്യൂണിസ്റ്റ് പാര്‍ടി കടന്നുപോയത്?
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാര്യമെടുക്കുക. ജര്‍മനിയും ഇറ്റലിയും ജപ്പാനും ഉള്‍പ്പെട്ട അച്ചുതണ്ടുശക്തികള്‍ ഒരു ഭാഗത്തും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികള്‍ മറുഭാഗത്തും നിന്ന് പരസ്പരം ഏറ്റുമുട്ടിയ ഘട്ടമാണ് അത്. അന്ന് ആകെ ഒരു സോഷ്യലിസ്റ്റ് മഹാശക്തിയേ ഉണ്ടായിരുന്നുള്ളൂ- സോവിയറ്റ് യൂണിയന്‍. ലോകത്തെ അധീനതയിലാക്കാന്‍ വ്യഗ്രതപ്പെട്ട ഇരുശക്തികളും സാമ്രാജ്യത്വ വികസന താല്‍പ്പര്യങ്ങള്‍ക്കുള്ള ഏകവിഘാതമായി സോവിയറ്റ് യൂണിയനെ കണ്ടിരുന്ന ഘട്ടം. ഹിറ്റ്ലറുടെ ജര്‍മനി നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികളെ ആക്രമിക്കുന്നതും അങ്ങനെ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും 1939 സെപ്തംബറിലാണ്. സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, 1941ഓടെ സഖ്യശക്തികള്‍ക്കുമേല്‍ അച്ചുതണ്ടുശക്തികള്‍ ആധിപത്യമുറപ്പിക്കുന്ന നിലയായി. സഖ്യശക്തികള്‍ക്കെതിരെ എന്നതിനൊപ്പം സോവിയറ്റ് യൂണിയനെതിരായിക്കൂടി ഹിറ്റ്ലര്‍ നീക്കമാരംഭിച്ചു. 1941 ജൂണില്‍ സോവിയറ്റ് യൂണിയനെ ഹിറ്റ്ലര്‍ ആക്രമിച്ചു. ഇതോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കെതിരെ ഒരുമിച്ചുനിന്ന് പൊരുതേണ്ട നിലയായി- ശത്രുവിന്റെ ശത്രു മിത്രം എന്നനിലയ്ക്ക്.
ഈ സാര്‍വദേശീയ സാഹചര്യത്തില്‍ ബ്രിട്ടനെതിരായ ഏത് പോര്‍മുഖവും ഹിറ്റ്ലറെ സഹായിക്കലാകുമെന്ന് കരുതിയവര്‍ ഇന്ത്യയില്‍ നിരവധിയാണ്. അതില്‍ ഗാന്ധിജിയും പെടുന്നു. അന്ന് ഗാന്ധിജി പറഞ്ഞു -"ഞാന്‍ ഇപ്പോള്‍ ഇന്ത്യയുടെ മോചനത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാന്‍സും നാസിസത്തിന് കീഴ്പെട്ടുപോയാല്‍ ഇന്ത്യയടക്കമുള്ള ലോകത്തിന്റെ ഗതി പിന്നീട് എന്താകുമെന്നതാണ് എന്റെ ഉല്‍ക്കണ്ഠ." (മഹാത്മാഗാന്ധിയുടെ സമാഹൃത കൃതികള്‍ വാള്യം 70, പേജ് 162). ഗാന്ധിജിയുടെ ഉല്‍ക്കണ്ഠയേ അന്ന് കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ടായുള്ളൂ. "ഞങ്ങളുടെ അനുഭാവം ബ്രിട്ടനോടാണ്" എന്ന് ഗാന്ധിജി ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലിത് ഗോവിനോട് പറയുകപോലും ചെയ്തു. കമ്യൂണിസ്റ്റുകാര്‍ അത് ചെയ്തില്ല.
1941-42ല്‍ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികള്‍ക്കുമേലുള്ള മേല്‍ക്കൈ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, അതേസമയം അച്ചുതണ്ടുശക്തികളുമായി ബന്ധം സ്ഥാപിച്ച നേതാജി സുഭാഷ്ചന്ദ്രബോസ് അവരുടെ സഹായത്തോടെ ഇന്ത്യയുടെ മോചനം സാധ്യമാക്കാമെന്ന തെറ്റിദ്ധാരണയില്‍ ഐഎന്‍എയുമായി നീങ്ങുകയും ജനങ്ങളെയാകെ ഇളക്കിമറിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ജനങ്ങള്‍ കൈപ്പിടിയില്‍നിന്ന് ചോരുന്നുവെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ഗാന്ധിജി നേരത്തെ പ്രഖ്യാപിച്ച നിലപാടിനുവിരുദ്ധമായി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുകയായിരുന്നു. അത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സ്വന്തം നേതൃത്വത്തെ അണികള്‍ക്ക് സ്വീകാര്യമാക്കാനുള്ള തന്ത്രവുമായിരുന്നു. ബ്രിട്ടന്റെ മനസ്സുമാറട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിസ്സംഗമായി നീങ്ങുകയായിരുന്നു സുഭാഷ്ചന്ദ്രബോസിന്റെ ഇടപെടല്‍വരെ കോണ്‍ഗ്രസെന്നതും ഓര്‍മിക്കണം.
ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള നിലപാടുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രതിസന്ധിയുണ്ടായി എന്ന സുനില്‍ പി ഇളയിടത്തിന്റെ നിലപാട് സാര്‍വദേശീയ ചരിത്ര പശ്ചാത്തലത്തില്‍ ശരിയല്ല. അത് കോണ്‍ഗ്രസ് നേതാക്കള്‍മുതല്‍ അരുണ്‍ഷൂരിവരെ പല ഘട്ടങ്ങളിലായി നടത്തിയ ദുര്‍വ്യാഖ്യാനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതിന്റെമാത്രം ഫലമാണ്. അന്ന് സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കും നാസിസത്തിനും മുമ്പില്‍ തകര്‍ന്നുപോയിരുന്നുവെന്ന് വയ്ക്കുക. എങ്കില്‍ ഇന്ത്യയുടെ മോചനം സാധ്യമാകുമായിരുന്നോ? ഒരിക്കലും മോചിതമാകാതെ നാസിസത്തിന്റെ ബൂട്ട്സിനുകീഴില്‍ ഞെരിഞ്ഞമരുമായിരുന്നില്ലേ? ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഈ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ തെറ്റായ വായനയുടെ അടിസ്ഥാനത്തിലുള്ള തെറ്റായ നിഗമനം ഉണ്ടാകുമായിരുന്നില്ല. 1942ല്‍ പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യാ സമരം തൊട്ടടുത്തവര്‍ഷംതന്നെ ഗാന്ധിജിക്ക് പിന്‍വലിക്കേണ്ടിവന്നതെന്തുകൊണ്ടാണ്? ഇക്കാര്യവും സുനില്‍ ആലോചിക്കേണ്ടതാണ്.
പ്രതിസന്ധി കമ്യൂണിസ്റ്റ് പാര്‍ടിക്കാണെന്നു പറയുമ്പോള്‍. ആ ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ വേട്ടയാടുകയായിരുന്നു എന്നതും ഓര്‍ക്കണം. പെഷവാർ, കാണ്‍പുര്‍, മദ്രാസ്, മീറത്, ലാഹോര്‍ ഗൂഢാലോചനക്കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളെയല്ല, കമ്യൂണിസ്റ്റ് നേതാക്കളെയാണ് ബ്രിട്ടന്‍ പ്രതിയാക്കിയത്. സോവിയറ്റ് യൂണിയന്‍ ഹിറ്റ്ലറെ തകര്‍ത്തുകളഞ്ഞതുകൊണ്ടാണ് ഇന്ത്യക്ക് സ്വതന്ത്രമാകാന്‍ കഴിഞ്ഞതുപോലും. ഇത്തരം ചരിത്രവസ്തുതകള്‍ പശ്ചാത്തലത്തില്‍ വച്ചുനോക്കിയാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് "ക്വിറ്റ് ഇന്ത്യാ" ഒരു പ്രതിസന്ധിയുമുണ്ടാക്കിയില്ലെന്ന് തിരിച്ചറിയാനാകും. വിശദീകരണമില്ലാതെ ആ സന്ദര്‍ഭത്തെ മറികടന്നുപോരുകയല്ല കമ്യൂണിസ്റ്റ് പാര്‍ടി ചെയ്തത്.
കല്‍ക്കത്താ തീസീസിന്റെ കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ടി നയവ്യക്തതയോടെയാണ് മുമ്പോട്ടുപോന്നിട്ടുള്ളത്. ആ തീസീസിനെ തള്ളിക്കളഞ്ഞ് പാര്‍ടി പിന്നീട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും അതിന് ജനങ്ങളില്‍നിന്ന് ലഭിച്ച അംഗീകാരവും അതിനോടുള്ള നിലപാടിന്റെ സ്വീകാര്യതയ്ക്കുള്ള സ്ഥിരീകരണമായിരുന്നിട്ടുണ്ട്. അക്കാര്യത്തില്‍ നയവ്യക്തതയില്ലായിരുന്നെങ്കില്‍, ഇന്നു കാണുന്നതാകുമായിരുന്നില്ലല്ലോ പാര്‍ടിയുടെ പ്രവര്‍ത്തനശൈലി.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കുണ്ടായ തിരിച്ചടി എന്നിവയെ ആദ്യമായി നിര്‍വചിച്ച് നിലപാട് വ്യക്തമാക്കിയ ലോക കമ്യൂണിസ്റ്റ് പാര്‍ടികളിലൊന്ന് സിപിഐ എമ്മാണ്. ചില രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ആ ഘട്ടത്തില്‍ ആശയക്കുഴപ്പത്തില്‍പ്പെടുകയും പേരുപോലും മാറ്റുകയുംചെയ്തു. സിപിഐ എമ്മിന് ഒരു ആശയക്കുഴപ്പവുമുണ്ടായില്ല.
സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച മാര്‍ക്സിസം- ലെനിനിസത്തിന്റെ പരാജയമല്ലെന്നും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ശരിയെ അത് കെടുത്തിക്കളയുന്നില്ലെന്നും പ്രഖ്യാപിച്ച പാര്‍ടിയാണ് സിപിഐ എം. സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച സോഷ്യലിസത്തിന്റെ തകര്‍ച്ചയല്ല, മറിച്ച് നടപ്പാക്കല്‍ പ്രക്രിയയില്‍ വന്ന പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം അസന്ദിഗ്ധമായി പറഞ്ഞു. പിന്നീട് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൽക്കട്ടയില്‍ ചേര്‍ന്നപ്പോള്‍ പല രാജ്യങ്ങളില്‍നിന്നുള്ള കമ്യൂണിസ്റ്റ് പാര്‍ടികളും ധീരമാംവിധം അത്തരമൊരു നിലപാട് ആദ്യഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ചതിന് സിപിഐ എമ്മിനെ ശ്ലാഘിച്ചു. പക്ഷേ, സുനില്‍ പി ഇളയിടം പറയുന്നത് സോവിയറ്റ് തകര്‍ച്ചപോലുള്ള വലിയ സമസ്യകള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടല്ല ഇടതുപക്ഷം ആ സമ്മര്‍ദത്തെ മറികടന്നത് എന്നാണ്. വിചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ പാര്‍ടി അണുവിടപോലും ക്ഷീണിക്കാതിരുന്നത് പാര്‍ടിയുടെ നയവ്യക്തതകൊണ്ടാണെന്നത് സുനില്‍ കാണണം.
ഇന്ത്യ- ചൈന യുദ്ധമാണ് സുനിലിന്റെ അഭിപ്രായത്തില്‍ "തൃപ്തികരമായ വിശദീകരണമില്ലാതെ" ഇടതുപക്ഷത്തിന് കടന്നുപോരേണ്ടിവന്ന മറ്റൊരു ഘട്ടം. ഇന്ത്യ- ചൈന പ്രശ്നത്തില്‍ സിപിഐ എം പറഞ്ഞത് ശരിയായി എന്നു ചരിത്രം തെളിയിച്ചുകഴിഞ്ഞ ഘട്ടത്തിലാണ് സുനില്‍ ഇത്തരമൊരു നിലപാടുമായി രംഗത്തുവരുന്നത്.
ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള സഹകരണാത്മകമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എഡി 65ല്‍ കശ്യപമാതംഗ, ധര്‍മരത്ന എന്നീ ഇന്ത്യന്‍ ബുദ്ധസന്യാസികളിലൂടെയാണ് ബുദ്ധമതം ചൈനയിലെത്തിയത്. അഞ്ചുമുതല്‍ 12 വരെ നൂറ്റാണ്ടുകള്‍ ചൈനയില്‍ ബുദ്ധമതത്തിന്റെ പ്രതാപകാലമായിരുന്നു. എഡി അഞ്ചാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ഫാഹിയാനും ഹ്യുയാന്‍സാങ്ങും ഇന്ത്യ സന്ദര്‍ശിച്ചത്. അതിനുംമുമ്പുതന്നെ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്ക് സില്‍ക്കിന്റെയും സിന്ദൂരത്തിന്റെയും വ്യാപാരികള്‍ തുടരെ വന്നിരുന്നതായി ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്. 15-ാംനൂറ്റാണ്ടില്‍ മിങ് വംശത്തില്‍പ്പെട്ട ജനറല്‍ ഷെങ്ഹി കൊച്ചിയിലും കോഴിക്കോട്ടും എത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത്, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ പലകാലങ്ങളായി സൗഹൃദത്തിന്റെ സുദൃഢബന്ധം നിലനിന്നിരുന്നുവെന്നാണ്. എന്നാല്‍, അറുപതുകളിലുണ്ടായ ചില അലോസരങ്ങളുടെ പേരില്‍ ഈ ചരിത്രത്തെയാകെ തമസ്കരിച്ചുകൊണ്ട് ഇരുരാജ്യങ്ങളെയും ശത്രുപക്ഷങ്ങളിലാക്കി ഉറപ്പിച്ചുനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രാഷ്ട്രീയശക്തികളും മാധ്യമങ്ങളുമാകട്ടെ, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ശത്രുത ആളിപ്പടര്‍ത്താന്‍ കഥകളും കള്ളപ്രചാരണങ്ങളും നിരത്തി. ഇന്ത്യയും ചൈനയും ഒരുമിച്ചുനിന്നാല്‍ ഈ മേഖലയില്‍ കടന്നുകയറാനുള്ള അവസരം സാമ്രാജ്യത്വത്തിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചൈനാവിരുദ്ധവികാരം പടര്‍ത്താന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷംപോലും അരുണാചല്‍പ്രദേശിനെ മുന്‍നിര്‍ത്തി നിരവധി കല്‍പ്പിതകഥകള്‍ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം തുടരെ പ്രസിദ്ധീകരിച്ചുപോരുന്നു.
ചൈനാവിരുദ്ധ വികാരത്തിന്റെ അപസ്മാരം ആളിപ്പടര്‍ത്തി ഇന്ത്യ- ചൈന സൗഹൃദത്തെ തകര്‍ക്കാന്‍ സംഘടിതശ്രമങ്ങളാണ് ഇവിടെയും പുറത്തും നടന്നത് എന്നര്‍ഥം. ഇന്ത്യയിലും ചൈനയിലും ഒരേപോലെയാണ് ദേശീയപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. ഇത് ഇരുജനതയ്ക്കുമിടയില്‍ വിമോചനബോധത്തിന്റേതായ ഒരു സവിശേഷാന്തരീക്ഷം ഉണര്‍ത്തിയെടുത്തു. അത് ആത്മബന്ധമായി ഇരുജനതകള്‍ക്കുമിടയില്‍ വികസിച്ചുവന്നു. ജനകീയ ജനാധിപത്യ ചൈനീസ് റിപ്പബ്ലിക് രൂപംകൊണ്ടപ്പോള്‍ അതിനെ സോഷ്യലിസ്റ്റ് ലോകസമൂഹത്തിനുപുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. മൂന്നുനാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം നിലവില്‍വന്നു. രവീന്ദ്രനാഥടാഗോറിന്റെ ചൈനാസന്ദര്‍ശനം, ജാപ്പ് വിരുദ്ധ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ ഇന്ത്യയില്‍നിന്നുപോയ ദ്വാരകാനാഥ് കോട്നിസിന്റെ സേവനം തുടങ്ങിയവയൊക്കെ ചൈനീസ് ജനത ഇന്ത്യന്‍ ജനതയോടുള്ള സ്നേഹവായ്പായി മനസ്സില്‍ സൂക്ഷിക്കുകയുംചെയ്തു. ഇന്ത്യ-ചീനാ ഭായി ഭായി എന്ന മുദ്രാവാക്യംവരെ എത്തി അത്.
ഇങ്ങനെ സുദൃഢമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ്, അറുപതുകളുടെ തുടക്കത്തില്‍ "യുദ്ധമല്ല; ചര്‍ച്ചയാണ് വേണ്ടത്" എന്ന് ഇ എം എസ് പറഞ്ഞത്. അന്ന് ഇ എം എസിന്റെ നിലപാടിനെ എതിര്‍ത്തവര്‍പോലും ഇന്ന് ആ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധംചെയ്തല്ല, ചര്‍ച്ചചെയ്താണ് അതിര്‍ത്തിപ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നു പറഞ്ഞ "കുറ്റ"ത്തിന് ചൈനീസ് ചാരന്മാരെന്ന് ഇ എം എസ് അടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കപ്പെട്ടു. അന്ന് ആ നിലപാടിനെ ആക്ഷേപിച്ചവര്‍തന്നെ ഇന്ന് അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ, മൂന്നുവട്ടചര്‍ച്ച നിശ്ചയിച്ചതും ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി സഹകരണത്തിന്റേതായ പ്രത്യേക സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതും. യുദ്ധത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്ന തിരിച്ചറിവ് എണ്‍പതുകളുടെ പ്രാരംഭത്തില്‍ത്തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു. 1988ല്‍ രാജീവ്ഗാന്ധി, "92ല്‍ നരസിംഹറാവു, "93ല്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍, 2000ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, 2003ല്‍ വാജ്പേയി എന്നിവര്‍ ചൈന സന്ദര്‍ശിച്ചത് ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യ കാട്ടിയ മനോഭാവത്തോട് ചൈന അതേ ഊഷ്മളതയോടെതന്നെ പ്രതികരിച്ചു.
1981ല്‍ വിദേശമന്ത്രി ഹുയാന്‍ ഹുവ, "91ല്‍ വെന്‍ ജിയാബാവോ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം ക്രമേണ രൂപപ്പെട്ടുവരികയായിരുന്നു. ഇരുരാജ്യങ്ങളും യുദ്ധംചെയ്ത് നശിക്കുന്നത് കാണാന്‍ കാത്തിരുന്നവരെ ഇത് നിരാശപ്പെടുത്തും. യുദ്ധംചെയ്ത് നശിക്കുകയല്ല, മറിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ചചെയ്യുകയാണ് വേണ്ടതെന്ന് അന്ന് ഇ എം എസ് പറഞ്ഞത് അംഗീകരിക്കപ്പെടുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. കഴിഞ്ഞദിവസം ചൈനീസ് പ്രധാനമന്ത്രി പറഞ്ഞത്, ഇന്ത്യ ശത്രുരാജ്യമല്ല, സഹോദര രാജ്യമാണ് എന്നാണ്. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ യുദ്ധമുണ്ടായാല്‍ അത് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങളെമാത്രമേ സന്തോഷിപ്പിക്കൂ എന്ന സിപിഐ എമ്മിന്റെ നിലപാടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. ഇതില്‍ എന്താണ് വിശദീകരിക്കപ്പെടേണ്ടതായുള്ളത്?
ഒഴിവാക്കേണ്ടിയിരുന്ന ആക്രമണം
ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വത്തെത്തന്നെ സുനില്‍ പി ഇളയിടം വിമര്‍ശിക്കുന്നുണ്ട്. റോസാലക്സംബര്‍ഗും ലെനിനും തമ്മില്‍ ജനാധിപത്യത്തെക്കുറിച്ച് ദീര്‍ഘമായ സംവാദങ്ങള്‍ നടന്നിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍, അതിനര്‍ഥം റോസാലക്സംബര്‍ഗ് ജനാധിപത്യവാദിയും ലെനിന്‍ ജനാധിപത്യവിരുദ്ധവാദിയും എന്നമട്ടില്‍ വേര്‍തിരിവുണ്ടെന്നതല്ല. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് എങ്ങനെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാമെന്ന് അന്വേഷിക്കുകയാണ് ഇരുവരും ചെയ്തത്. "ലെനിന്‍ തുറന്നിട്ട വഴിയിലൂടെയല്ല, റോസാലക്സംബര്‍ഗ് പ്രവചിച്ച സ്വേച്ഛാപ്രവണതയുടെ വഴിയിലൂടെയാണ് ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വം പില്‍ക്കാലത്ത് സഞ്ചരിച്ച"തെന്ന സുനിലിന്റെ നിഗമനം, ലെനിന്‍ ജനാധിപത്യവിരുദ്ധനായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുക. സോവിയറ്റ് പാര്‍ടി കോണ്‍ഗ്രസിലേക്ക് സംഘടനാപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് എത്താന്‍ കഴിയാതെ പോയ ട്രോട്സ്കിയെ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് വീണ്ടും ട്രോട്സ്കിയുടെ വീക്ഷണം എല്ലാ പ്രതിനിധികള്‍ക്കും അറിയാനുള്ള അവസരം ഒരുക്കിക്കൊടുത്തയാളാണ് ലെനിന്‍. അതില്‍ കവിഞ്ഞ ജനാധിപത്യബോധം എവിടെയാണ് കാണാനാവുക? അത് എന്തുകൊണ്ടാണ് സുനില്‍ കാണാതെ പോകുന്നത്?
സിപിഐ എം ഓരോ മൂന്നുവര്‍ഷ കാലയളവിലും ജനാധിപത്യപരമായി സമ്മേളനപ്രക്രിയ പൂര്‍ത്തിയാക്കുന്ന പാര്‍ടിയാണ്. ഇന്ത്യയില്‍ ഇത്രയേറെ ജനാധിപത്യം പാലിക്കപ്പെടുന്ന മറ്റ് ഏത് പാര്‍ടിയുണ്ടെന്ന് സുനില്‍ ആലോചിക്കണം.
അടിയന്തരാവസ്ഥയാണ് മറ്റൊരു ഘട്ടം. പാര്‍ടി നേതാക്കളാകെ ജയിലിലും ഒളിവിലുമായ ആ കാലവും "അടിയന്തരാവസ്ഥ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ഇ എം എസ് മൈക്കുപോലുമില്ലാതെ നടന്ന് പ്രസംഗിച്ച കാര്യവും പാര്‍ടി പ്രവര്‍ത്തകര്‍ ലോക്കപ്പുകളില്‍ ക്രൂരമായ ഭേദ്യത്തിനിരയായ കാര്യവും അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായി വ്യക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ടി നടത്തിയ പോരാട്ടവും ഒക്കെ അത്ര വിദൂര സംഭവങ്ങളല്ല എന്നതിനാല്‍ ഇക്കാര്യം വിശദീകരണം ആവശ്യപ്പെടുന്നില്ല.
മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തെ പിന്‍പറ്റിക്കൊണ്ട് ജനാധിപത്യത്തെ ബൂര്‍ഷ്വാസിയുടെ ഭരണകൂട പ്രത്യയശാസ്ത്രമായി ചുരുക്കിക്കണ്ടു എന്ന് സുനില്‍ എഴുതുമ്പോള്‍ സ്റ്റാലിന്‍ മഹാ കൊള്ളരുതാത്തവന്‍ ആയിരുന്നുവെന്ന പ്രതീതിയാണ് ജനിക്കുക. ഇത് സ്റ്റാലിനെ ഹിറ്റ്ലര്‍ക്കുതുല്യനായ ഒരാളായി ചിത്രീകരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിപ്പോരുന്ന ശ്രമങ്ങളുടെ വിജയമാണ്. ഹിറ്റ്ലറെയും ഫാസിസത്തെയും മുട്ടുകുത്തിച്ച് ലോകത്തെ രക്ഷിക്കുന്നതിന് ചെമ്പടയുടെ നടുനായകമായി നിന്ന ഒരാളെ ആ കാലത്തിന്റെ പ്രത്യേകതകൊണ്ടും നവജാത സോഷ്യലിസ്റ്റ് രാജ്യം നശിപ്പിക്കപ്പെടരുതെന്ന ആഗ്രഹംകൊണ്ടും ഒരുപക്ഷേ ഉണ്ടായിപ്പോയിട്ടുണ്ടാകാവുന്ന ഒറ്റപ്പെട്ട ചില നടപടികള്‍മാത്രം മുന്‍നിര്‍ത്തി അതിഘോര രൂപിയായി ചിത്രീകരിക്കാനുള്ള വലതുപക്ഷ മാധ്യമശ്രമങ്ങളില്‍ സുനിലിനെപ്പോലൊരു ഇടതുപക്ഷ ചിന്തകന്‍ ഭ്രമിച്ച് വീണുപോയിക്കൂടാത്തതാണ്.
ടി പി ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നത് എന്ന് ലേഖനകര്‍ത്താവ് പറയുന്നുണ്ട്. ഇടതുപക്ഷത്തുതന്നെയുള്ള ബുദ്ധിജീവിയായ താനും അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും ഫലത്തില്‍ ആ പ്രതിതരംഗത്തിന് ശക്തിയേറ്റുകയല്ലേ ലേഖനത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം ആലോചിക്കണം.
ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തിധം, ഇടതുപക്ഷം പൊതുവിലും സിപിഐ എം പ്രത്യേകിച്ചും ആഴമേറിയ വിശ്വാസത്തകര്‍ച്ചയെ നേരിടുന്നു എന്ന് എഴുതുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? സിപിഐ എമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍വേണ്ടി എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ശക്തികളും മാധ്യമങ്ങളും സംയുക്തമായി ശ്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത് നേരാണ്. ആ നേര് ലേഖനകര്‍ത്താവ് എന്തുകൊണ്ട് കാണുന്നില്ല? അത് എന്തുകൊണ്ട് സൗകര്യപൂര്‍വം വിസ്മരിക്കുന്നു?
"ഇടത് ധാര്‍മികത"യ്ക്കുവേണ്ടി കൂടിയുള്ളതാണ് ലേഖനകര്‍ത്താവിന്റെ ന്യായവാദം എന്നാണ് ലേഖനം പറയുന്നത്. സിപിഐ എമ്മിന്റെ ധാര്‍മിക അടിത്തറ മുമ്പൊരുകാലത്തുമുണ്ടായിട്ടില്ലാത്തതുപോലെ ദുര്‍ബലപ്പെട്ടു എന്നാക്ഷേപിക്കുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? ധാര്‍മികമായ അടിത്തറ നഷ്ടപ്പെട്ട പാര്‍ടിയാണിത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാകില്ലേ ഇത്? അധാര്‍മിക പ്രവൃത്തികളില്‍ വ്യാപാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണിതെന്ന് ജനങ്ങള്‍ക്കറിയാം. ധാര്‍മികമൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണിതെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ലക്ഷക്കണക്കായ ജനങ്ങള്‍ ഈ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നത്.
1937ല്‍ കോഴിക്കോട്ട് കല്ലായി തെരുവില്‍ പാര്‍ടിയുടെ ആദ്യഘടകം പി കൃഷ്ണപിള്ളയും ഇ എം എസും കെ ദാമോദരനും എന്‍ സി ശേഖറും ചേര്‍ന്ന് രൂപീകരിച്ചപ്പോള്‍ കേരളത്തിലെ മൊത്തം ജനസംഖ്യ ഒന്നേകാല്‍ കോടിയായിരുന്നു. ആ സംഭവത്തിന്റെ പ്ലാറ്റിനം ജൂബിലിയിലെത്തിയ ഈ ഘട്ടത്തില്‍ നാം കാണുന്നത് ആദ്യഘടക രൂപീകരണത്തിന്റെ ഘട്ടത്തിലെ മൊത്തം കേരള ജനസംഖ്യയുടെ അത്രതന്നെ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പ്രസ്ഥാനമായി സിപിഐ എം വളര്‍ന്നിരിക്കുന്നു എന്നതാണ്. നിലപാടില്ലായ്മകൊണ്ട് ഉണ്ടായതാണോ ഈ വളര്‍ച്ച? വിശ്വാസത്തകര്‍ച്ചയെയാണോ ഇത് പ്രതിഫലിപ്പിക്കുന്നത്? നിലപാടുകളിലേക്കെടുത്തു ചാടുമ്പോള്‍ സുനില്‍ ഇതൊക്കെ ആലോചിക്കണമായിരുന്നു.
നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സ്വാധീനമുളവാക്കിയെന്നുമുണ്ട് ലേഖനത്തില്‍ ആക്ഷേപം. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഇടതുപക്ഷമല്ലാതെ വേറെ ഏതെങ്കിലും ശക്തി പൊരുതുന്നുണ്ടോ? ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ ഇന്ത്യയിലുള്ള ഏക വിഘാതമായി സാമ്രാജ്യത്വം കാണുന്നത് ഇടതുപക്ഷത്തെയാണ്. ആ ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തി മറ്റെല്ലാവരും സഹകരിച്ച് കേന്ദ്ര സര്‍ക്കാരുണ്ടാക്കണമെന്ന് അമേരിക്കന്‍ സ്ഥാനപതി പല രാഷ്ട്രീയപാര്‍ടികളെയും കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എംബസിയിലേക്ക് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് ലേഖനകര്‍ത്താവ് കണ്ടിട്ടില്ലെന്നുണ്ടോ? സിപിഐ എമ്മിനെ തോല്‍പ്പിച്ചതു മുന്‍നിര്‍ത്തി അടുത്തകാലത്ത് ഹിലാരി ക്ലിന്‍ണ്‍ പശ്ചിമ ബംഗാളില്‍ ചെന്ന് മമത ബാനര്‍ജിയെ അഭിനന്ദിച്ചത് അറിഞ്ഞിട്ടില്ലെന്നുണ്ടോ?
ചില്ലറ വില്‍പ്പനരംഗത്തെയും കൃഷിരംഗത്തെയും വിദേശ കോര്‍പറേറ്റുവല്‍ക്കരണം മുതല്‍ ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്ന സൈനിക സഖ്യം വരെയുള്ള കാര്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഏക ശക്തി ഇടതുപക്ഷമല്ലേ? ആ ഇടതുപക്ഷം നിയോലിബറല്‍ സ്വാധീനത്തിലാണെന്നു പറഞ്ഞാല്‍ ആരുടെ താല്‍പ്പര്യമാണ് നിര്‍വഹിക്കപ്പെടുക? ആദിവാസി- ദളിത്- സ്ത്രീ പ്രശ്നങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നില്ലെന്നു പറയുന്ന ലേഖകന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കിസാന്‍സഭയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും ആദിവാസി ദേശീയസമ്മേളനവും മധുരയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജാതിവിരുദ്ധ ഭിത്തി തകര്‍ത്തതും ഒക്കെ മനസ്സിലാക്കാതെ പോയോ? കേരളത്തിലെ വയനാട്ടിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരം ഇപ്പോള്‍ മുമ്പോട്ടുകൊണ്ടുപോകുന്നത് സിപിഐ എമ്മല്ലാതെ മറ്റൊരു പാര്‍ടിയല്ല. ഇത്ര ശക്തവും വ്യാപകവുമായ മറ്റൊരു ആദിവാസി സമരവും ഇന്ന് നടക്കുന്നുമില്ല. സുനില്‍ ഇതും കാണുന്നില്ല. ഇടതുപക്ഷം കേരളത്തിനു വേണ്ടപ്പെട്ട പ്രസ്ഥാനമാണ്. പക്ഷേ, അതിന് ഉള്ളതില്‍ ഏറിയ പങ്കും ദോഷങ്ങള്‍മാത്രമാണെന്ന ഈ സമീപനം ഈ ഘട്ടത്തില്‍ സുനിലിനെപ്പോലൊരാളില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നതല്ല.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നതെന്ന് പറയുന്ന സുനില്‍, ഈ പ്രതിതരംഗം വലതുപക്ഷം ബോധപൂര്‍വം രാഷ്ട്രീയമായി സൃഷ്ടിച്ചെടുത്തതാണെന്ന സത്യത്തിലേക്ക് മിഴിതുറക്കുന്നില്ലെന്നത് ഖേദകരമാണ്; വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചെലവില്‍ പ്രശ്നങ്ങള്‍ എഴുതിത്തള്ളിക്കൂടാ എന്നു സുനിലിനെപ്പോലൊരാള്‍ പറയുന്നത് അല്‍പ്പം ക്രൂരവുമാണ്. നീതിബോധവും ധാര്‍മികതയും മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ പ്രേരണാശക്തികളാണെന്നും ഈ പ്രേരണകളാല്‍ പ്രചോദിതമാകാത്ത ഒരു സംഘടനയും സംഘാടനവും വിപ്ലവപരമോ പുരോഗമനംപോലുമോ ആകില്ലെന്നും ഒക്കെ എഴുതുന്ന സുനില്‍, ധാര്‍മികതയ്ക്ക് കാവലാളായി ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നിന്നിട്ടുള്ള പ്രസ്ഥാനം സിപിഐ എം ആണ് എന്നതുകൂടി എടുത്തുപറയേണ്ടതായിരുന്നില്ലേ?
ഇടതുപക്ഷ സാംസ്കാരികതയെ സര്‍ഗാത്മക നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാക്കിപ്പോരുന്നവരുടെ നിരയിലാണ് സുനില്‍ പി ഇളയിടം. ഇവിടെ പരാമര്‍ശ വിഷയലേഖനത്തിലും ഇടതുപക്ഷം കേരളത്തിന് എത്രമേല്‍ വിലപ്പെട്ടതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
തീര്‍ത്തും കമ്യൂണിസ്റ്റ്വിരുദ്ധവും അന്ധവുമായ ഇതര മാതൃഭൂമി ലേഖനങ്ങളില്‍നിന്ന് ആ നിലയ്ക്ക് സുനിലിന്റെ ലേഖനം വേറിട്ടുനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതര ലേഖനങ്ങളെ അവഗണിക്കാനാവുമ്പോഴും സുനിലിന്റെ ലേഖനത്തെ അവഗണിക്കാനാവാത്തത്. അത്തരം ഒരു വ്യതിരിക്തത സുനിലിന്റെ ലേഖനത്തിനുണ്ട് എന്നതുകൊണ്ടുതന്നെയാണ് ഒരുപക്ഷെ, അറിഞ്ഞുകൊണ്ടല്ലാതെയാണെങ്കില്‍പോലും സുനിലിന്റെ ലേഖനം പരത്താനിടയുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഈ വിധത്തിലുള്ള ഒരു ഇടപെടല്‍ ആവശ്യമായി വന്നതും.
*****
പ്രഭാവര്‍മ

1 comment:

Post a Comment