Monday, August 20, 2012

പി എഫ് ആര്‍ ഡി എ ബില്‍ പെന്‍ഷന്‍ ഇല്ലാതാക്കും

രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി രയ്‌സീന കുന്നിലേയ്ക്ക് താമസം മാറാനിരിക്കുന്ന വേളയില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. 1991 ല്‍ താന്‍ തന്നെ നേതൃത്വം നല്‍കി ആരംഭിച്ചതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഉദാര-ആഗോള-സ്വകാര്യവല്‍ക്കരണത്തിലൂന്നി നില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ ഇന്ന് അദ്ദേഹത്തെ പ്രതിസന്ധിയുടെ ആഴങ്ങളിലെത്തിച്ചിരിക്കുന്നു.

നാണ്യപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, ഉല്‍പ്പാദന മേഖലയിലെ തളര്‍ച്ച എന്നിവമൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇതെല്ലാം നേരിടുന്നതിന് ചെറുകിട വ്യാപാര മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശനിക്ഷേപം കൊണ്ടുവരിക, പുതിയ പെന്‍ഷന്‍ ബില്‍ നിയമമാക്കുക തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികളുമായി അദ്ദേഹം മുന്നോട്ടു പോകുന്നു.

കേരളത്തില്‍ പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനത്തിന് പങ്കാളിത്ത പെന്‍ഷനും, തസ്തിക വെട്ടിക്കുറക്കലും നടപ്പാക്കുമെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇത് കേരളത്തിലെ സിവില്‍ സര്‍വീസില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം തകര്‍ക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചതാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള യു പി എ ഘടകകക്ഷികളുടെ ശക്തമായ എതിര്‍പ്പ് എന്ന 'ബ്ലാക്ക് മെയില്‍' തന്ത്രത്തിന് മുമ്പില്‍ തടസപ്പെടുകയാണ് ഉണ്ടായത്. ചില്ലറ വ്യാപാരം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ മേഖലകളില്‍ പ്രത്യക്ഷമൂലധന നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ നിരയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് യു പി എ സര്‍ക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കുമില്ല എന്ന കടുത്ത നിലപാടിലാണ് ഇടതുപക്ഷം.

2011 ഒക്‌ടോബര്‍ മാസത്തില്‍ 26 ശതമാനംവരെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി പി എഫ് ആര്‍ ഡി എ നിയമത്തിന് ഭേദഗതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. വിദേശ നിക്ഷേപത്തിന്റെ പരിധി നിശ്ചയിച്ച് ബില്ലിന്റെ ഭാഗമാക്കാതെ തന്നെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അന്നത്തെ നീക്കത്തിലൂടെ ശ്രമിച്ചത്. ഫലത്തില്‍ വിദേശനിക്ഷേപത്തിന്റെ പരിധി 26 ശതമാനത്തില്‍ ക്ലിപ്തപ്പെടുത്താതെ വീണ്ടും വിദേശനിക്ഷേപം ഉയര്‍ത്താന്‍ ഭാവിയില്‍ സൗകര്യമൊരുക്കുക എന്ന ദുഷ്ടലാക്കാണ് ഇതിന് പിറകിലുള്ളത്. വിദേശ-സ്വദേശ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ താല്‍പര്യങ്ങള്‍ അട്ടിമറിച്ചുമാണ് ബില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം അവിതര്‍ക്കിതമാണ്.

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും പ്രത്യേകിച്ച് പെന്‍ഷന്‍ പദ്ധതികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അതിവേഗം പിന്മാറുകയാണ്. സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള പത്ത് ശതമാനവും സമാനമായി സര്‍ക്കാര്‍ നല്‍കുന്നതും നിക്ഷേപിച്ച് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കാനാണ് പുതിയ പെന്‍ഷന്‍ ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. ഈ പെന്‍ഷന്‍ ഫണ്ട് തികച്ചും സുരക്ഷിതമല്ലാത്ത ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിന് നിയമപരമായ അംഗീകാരം നല്‍കാനാണ് പുതിയ പെന്‍ഷന്‍ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2008 ല്‍ ആഗോള മാന്ദ്യമുണ്ടായ രാജ്യങ്ങളില്‍ വലിയ നഷ്ടം സഹിക്കേണ്ടിവന്നതും ദുരിതമനുഭവിക്കേണ്ടിവന്നതും ആ രാജ്യങ്ങളിലെ പെന്‍ഷന്‍കാര്‍ക്കായിരുന്നു എന്ന കാര്യം ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. വാര്‍ധക്യകാലത്തെ ഏക ആശ്രയമായ പെന്‍ഷന്‍ ഈ രാജ്യങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഈ ദുരന്തം ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ ഭയക്കുന്നു.

2005 ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ പി എഫ് ആര്‍ ഡി എ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിറകോട്ട് പോയി. പുതിയ പെന്‍ഷന്‍ ബില്ലില്‍ പെന്‍ഷന്‍കാര്‍ക്ക് ന്യായവും സ്ഥിരവുമായ വരുമാനം വ്യവസ്ഥ ചെയ്യുന്നില്ല.

പൊതുമേഖലാ പെന്‍ഷന്‍ പദ്ധതികള്‍ എല്ലാം തന്നെ 'പോളിസി റിസ്‌ക്കിന്' വിധേയമാകുന്നതില്‍, പെന്‍ഷന്‍കാര്‍ക്ക് മിതമായ വേതനം മുടങ്ങാതെ നല്‍കുകയെന്നത് പുതിയ പെന്‍ഷന്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പെന്‍ഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഡി സ്വരൂപ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതായത് പുതിയ പെന്‍ഷന്‍ നിയമത്തില്‍ മിനിമം പെന്‍ഷന്‍പോലും ഉറപ്പുനല്‍കുന്നില്ല എന്നുമാത്രമല്ല ജി പി എഫ് ഉം ഉണ്ടാകില്ല എന്നതാണ് സ്ഥിതി. 2004 ജനുവരി ഒന്നിന് ശേഷം സര്‍വീസില്‍ വരുന്നവര്‍ക്ക് മാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാവുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കിലും എല്ലാ പെന്‍ഷന്‍ പദ്ധതികളും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ ഈ പെന്‍ഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഒരു ഗ്യാരണ്ടിയും നല്‍കുന്നില്ല.

നിലവില്‍ ആഭ്യന്തര മേഖലയില്‍ പെന്‍ഷന്‍ ഫണ്ട് സുരക്ഷിതമാണ്. പെന്‍ഷന്‍ പദ്ധതിയില്‍ ഉള്ളവര്‍ക്ക് നഷ്ടസാദ്ധ്യതയെ ഭയക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ ഈ മേഖലയില്‍ ഒരു നിയന്ത്രണവുമില്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ പെന്‍ഷന്‍ ഫണ്ട് സുരക്ഷിതമല്ലാതാകും. വിദേശ നിക്ഷേപമിറക്കുന്നവര്‍ കൂടുതല്‍ ലാഭം എന്ന ലക്ഷ്യത്തോടെ ഓഹരി വിപണിയിലും മറ്റു ഊഹക്കച്ചവടങ്ങളിലും നിക്ഷേപിക്കാനാണ് താല്‍പ്പര്യപ്പെടുക.

പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള ക്രയവിക്രയം നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യം ബില്ലിലുണ്ട്. തികച്ചും ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഓഹരിവിപണി നഷ്ടത്തിലേയ്ക്ക് നീങ്ങിയാല്‍, പെന്‍ഷന്‍ ലഭിക്കാന്‍ സാഹചര്യം ഇല്ലാതാകും.

ഇപ്പോഴത്തെ പെന്‍ഷന്‍ നിക്ഷേപം 1200 കോടി രൂപയാണെങ്കിലും പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട്, ചെറുകിട നിക്ഷേപങ്ങള്‍ തുടങ്ങിയ പെന്‍ഷന്‍ മാര്‍ക്കറ്റിന്റെ വലിപ്പം 2025 ആകുന്നതോടെ 4046 ബില്യന്‍ രൂപയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ 2001 ല്‍ നിയോഗിച്ച വിദഗ്ധരുടെ സമിതി കണ്ടെത്തിയിരിക്കുന്നത്. പുതിയ പെന്‍ഷന്‍ ബില്‍ നിയമമാകുന്നതോടെ ഇത് വിദേശ-സ്വദേശ കോര്‍പ്പറേറ്റുകള്‍ക്ക് കൈകാര്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചേരുകയും പെന്‍ഷന്‍ നിക്ഷേപത്തിന്റെ ഇപ്പോഴുള്ള സാമൂഹ്യലക്ഷ്യം തന്നെ ഇല്ലാതാക്കുകയും ചെയ്യും.

നമ്മുടെ രാജ്യത്തെ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ പെന്‍ഷന്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളുടെ പാതയിലാണ്. കേരളത്തിലെ യു ഡി എഫ് അനുകൂല സര്‍വീസ് സംഘടനകളും പുതിയ പെന്‍ഷന്‍ ബില്ലിനെതിരായി സമരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്താകമാനമുള്ള പെന്‍ഷന്‍കാരെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന പി എഫ് ആര്‍ ഡി എ ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്നും യു പി എ സര്‍ക്കാര്‍ പിന്‍തിരിയുന്നതാണ് അഭികാമ്യം.

*
വി എസ് ജയനാരായണന്‍ (ലേഖകന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്).

ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി രയ്‌സീന കുന്നിലേയ്ക്ക് താമസം മാറാനിരിക്കുന്ന വേളയില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. 1991 ല്‍ താന്‍ തന്നെ നേതൃത്വം നല്‍കി ആരംഭിച്ചതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഉദാര-ആഗോള-സ്വകാര്യവല്‍ക്കരണത്തിലൂന്നി നില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ ഇന്ന് അദ്ദേഹത്തെ പ്രതിസന്ധിയുടെ ആഴങ്ങളിലെത്തിച്ചിരിക്കുന്നു.