Friday, August 31, 2012

ഉസ്താദും ഉസ്താദ് ഹോട്ടലും

ഇതിവൃത്തത്തിന്‍റെ മുക്കുമൂലകളിലും അതിരുകളിലും കേന്ദ്രസ്ഥാനങ്ങളിലും ഉള്ള ഭൂരിഭാഗം കഥാപാത്രങ്ങളെയും മുസ്ലിം സമുദായത്തില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഉസ്താദ് ഹോട്ടല്‍, ബോക്സാപ്പീസിലും മികച്ച വിജയം നേടാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. നിരവധി ദശകങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ഇത്തരമൊരു പ്രതിനിധാന അട്ടിമറി നടക്കുന്നത്. അത് സാധ്യമാക്കിയതിന്‍റെ പേരില്‍ തിരക്കഥാകൃത്തായ അഞ്ജലി മേനോനും സംവിധായകനായ അന്‍വര്‍ റശീദും അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച പാക്കേജിങും പാട്ടുകളുടെ പിന്തുണയും പരസ്യങ്ങളുടെ നൂതനത്വവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെയുള്ള ‘മൌത്ത് പബ്ളിസിറ്റി’യും മറ്റുമാണ് ചിത്രത്തെ എടുത്തുയര്‍ത്തിയത്. തിരക്കഥാരചന സ്ത്രീ നിര്‍വഹിച്ചതിനാലായിരിക്കണം, അശ്ളീലാത്മകവും ആഭാസകരവും അറപ്പുളവാക്കുന്നതുമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഗോഷ്ടികളും വേണ്ടെന്നു വെക്കപ്പെട്ടിരിക്കുന്നു. (സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന അശ്ളീലച്ചുവ കലര്‍ന്ന സ്ത്രീവിരുദ്ധ സംഭാഷണം സ്ത്രീ കഥാപാത്രത്തെക്കൊണ്ടു തന്നെ പറയിപ്പിച്ചത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). അശ്ളീലവും ആഭാസത്തരവുമില്ലാതെ തന്ന, ഹാളിനകത്ത് ആര്‍പ്പുവിളികളും കൈയടികളും നേടാനായി എന്നതും നിസ്സാരമല്ല.

1999ലിറങ്ങിയ ഉസ്താദ് (രഞ്ജിത്/സിബി മലയില്‍) എന്ന തട്ടുപൊളിപ്പന്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകവേഷത്തിന് ഇരട്ടവ്യക്തിത്വമാണുണ്ടൊയിരുന്നത്. കോഴിക്കോട്ടെത്തുമ്പോള്‍, സഹോദരിയെ അളവറ്റു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാവത്താനായ പരമേശ്വരന്‍ എന്ന ഹിന്ദു നാമധാരി; പുറത്തു കടക്കുമ്പോള്‍, എതിരാളികളെ തകര്‍ത്തില്ലാതാക്കുന്ന അധോലോക നായകനാകുന്നു. അപ്പോള്‍ അയാള്‍, മുസ്ലിങ്ങളായ ഗുരുസ്ഥാനീയര്‍ സ്വീകരിക്കുന്ന ഉസ്താദ് എന്ന വിശേഷണം എടുത്തണിയുന്നു. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, 1990കളിലെ തീവ്ര-വലതുപക്ഷ-ഹിന്ദുത്വാക്രമണോത്സുകമായ മലയാള സിനിമ; കോഴിക്കോട്ടു നിന്ന് പുറത്താക്കുകയും അധോലോകം സമം മുസ്ലിം എന്ന സൂത്രവാക്യത്തിലേക്ക് തിരുകിക്കയറ്റുകയും ചെയ്തിരുന്ന ഉസ്താദ് എന്ന സ്ഥാനപ്പേര്, പരമശുദ്ധനും പാചകകലയിലെ കൈപ്പുണ്യം കൊണ്ട് ഭക്ഷണപ്രിയര്‍ക്ക് ദൈവതുല്യനുമായിക്കഴിഞ്ഞ കരീം (തിലകന്‍) എന്ന കോഴിക്കോട്ടുകാരന് ലഭിക്കുകയും അദ്ദേഹം ആ സ്വന്തം പേരില്‍ തന്ന ഹോട്ടല്‍ തുടങ്ങി സാധാരണക്കാരെയും പണക്കാരെയും ഒരേ സമയം സംതൃപ്തപ്പെടുത്തുകയും ചെയ്യുന്നു. 1999ലെ ഉസ്താദില്‍ നിന്ന് 2012ലെ ഉസ്താദ് ഹോട്ടലിലേക്ക് സഞ്ചരിക്കുമ്പോള്‍, അവമതിപ്പ്, അവഹേളനം, വെറുപ്പ്, വംശഹത്യ തുടങ്ങിയ കീഴ്പ്പെടുത്തലില്‍ നിന്ന് ഒരളവു വരെ മലയാള സിനിമ വിമോചിപ്പിക്കപ്പെട്ടുവെന്നത് പ്രസ്താവ്യമാണ്.

ചിത്രത്തിന്‍റെ ഇതിവൃത്തത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല. തിന്മക്കും ദുരാഗ്രഹങ്ങള്‍ക്കും മേല്‍ നന്മയുടെ വിജയം ഘോഷിക്കുന്ന മറ്റൊരു ഗുണപാഠ സിനിമ മാത്രമാണിത്. അപ്രകാരം ഒരു ഗുണപാഠം കാശുവാരിക്കൂട്ടുന്നതില്‍ ആരും അസ്വസ്ഥരാകേണ്ട കാര്യവുമില്ല. എന്നാല്‍, ജനപ്രിയത രൂപീകരിക്കുന്നതിനു വേണ്ടി മുസ്ലിം സമുദായത്തിന്‍റെ പ്രതിനിധാന ലക്ഷണങ്ങളായി എടുത്തുകാട്ടുന്ന ഘടകങ്ങളെന്തൊക്കെ എന്ന് പരിശോധിക്കാതിരിക്കാനുമാവില്ല. കാമം, ഭക്ഷണം എന്നീ രണ്ടു അടിസ്ഥാന മാനുഷികാവശ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും ചുറ്റിക്കറങ്ങുന്നവരുമാണ് മലയാള സിനിമയിലെ മുസ്ലിങ്ങളെപ്പോഴും. വെപ്പുകാരന്‍ കരീമിന്‍റെ മകന്‍ എന്ന അവമതിപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഗള്‍ഫിലും നാട്ടിലും മറ്റുമായി ബിസിനസ് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന അബ്ദുറസ്സാക്കിന്(സിദ്ദീഖ്) നാലു പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണുള്ളത്. മുസ്ലിങ്ങള്‍ പെറ്റു പെരുകിക്കൊണ്ടേയിരിക്കും എന്നും അവര്‍ക്ക് കാര്യമായ പണി പ്രത്യുല്‍പാദനം തന്നയാണെന്നും ബോധിപ്പിക്കുന്നതിനു വേണ്ടി അബ്ദുറസ്സാക്കിന്‍റെ കുടുംബത്തിനു പുറമെ, മറ്റ് പരാമര്‍ശങ്ങളും സിനിമയിലുണ്ട്. ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ എത്തിക്കുന്നതിനിടെ ഒരു വീട്ടുകാരനോട് ഫൈസി(ദുല്‍ക്കര്‍ സല്‍മാന്‍) ചോദിക്കുന്നുണ്ട്: കൂട്ടുകുടുംബമാണല്ല! ഗൃഹനാഥന്‍റെ മറുപടി: അല്ല ഒക്കെ ഞമ്മളുടേത് തന്നെ. ഹാളില്‍ പ്രകമ്പനം കൊള്ളിക്കുന്ന പൊട്ടിച്ചിരിയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മാറി മാറി പ്രചാരണം നടത്തി ജനങ്ങളെ ഉദ്ബുദ്ധരാക്കിയ കുടുംബാസൂത്രണ/കുടുംബക്ഷേമ പദ്ധതിയുടെ ഗുണഫലമായിട്ടു മാത്രമാണ് ഈ കൂട്ടച്ചിരിയും ആര്‍പ്പുവിളിയും എന്നു വിശ്വസിക്കാനാവില്ല. മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശമാണെന്നതുകൊണ്ടു തന്നയാണ് മൃദുഹിന്ദുത്വത്തില്‍ കിടന്നു പുളക്കുന്ന കേരളീയ പ്രേക്ഷകര്‍ അര്‍മാദിക്കുന്നത്. ഫൈസിയുടെയും ഇത്താത്തമാരുടെയും ഉമ്മ മരിച്ചതിനെ തുടര്‍ന്ന് അബ്ദുറസ്സാക്ക് രണ്ടാമതു പെണ്ണു കെട്ടിക്കൊണ്ടുവരുന്ന സീനിലും ഇതേ അര്‍മാദം തിയറ്ററിനെ ഇളക്കിമറിക്കുന്നുണ്ടായിരുന്നു. അതിന്‍റെ പുറകിലെ അസുഖവും മറ്റൊന്നല്ലല്ലാ!

പരമ്പരാഗതത്വത്തിനും ആധുനികതക്കുമിടയില്‍ ഗതിയില്ലാതെ അലയുന്ന സമുദായമായിട്ടാണ് മലബാറിലെ മുസ്ലിമിങ്ങളെ മറ്റു സമകാലിക പ്രതിനിധാനങ്ങളിലെന്നതുപോലെ ഉസ്താദ് ഹോട്ടലും പരിചരിക്കുന്നത്. ഷഹാന(നിത്യ മേനോന്‍)യെ പെണ്ണു കാണാനായി ഫൈസി എത്തുന്ന സീന്‍ ശ്രദ്ധിക്കുക. ആര്‍ഭാടം ജനിപ്പിക്കുന്നതും അത്യന്താധുനികവുമായ രീതിയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള വീടാണ് അവളുടേത്. എന്നാല്‍, അവിടെ താമസിക്കുന്നവര്‍ സാമുദായികത വിളിച്ചോതുന്ന രീതിയിലുള്ള വേഷവിധാനങ്ങളാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല, നാടന്‍ പലഹാരങ്ങളാണ് പൂമുഖത്തെ ടീപ്പോയില്‍ നിരത്തുന്നത്. വിദേശത്ത് ജീവിതം സുഖകരം തന്ന; പക്ഷെ നാട്ടിലെ പലഹാരം അവിടെയില്ല എന്ന ഫൈസിയുടെ വെള്ളമൂറുന്ന പ്രതികരണം ഈ നാട്ടുപലഹാരം നിരത്തലിനെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. പിന്നീട്, പുതുക്കക്കാരുടെ പരിഷ്ക്കാരങ്ങളെ അംഗീകരിക്കുന്നുവെന്നതിന്‍റെ പേരില്‍, ഫൈസിയെയും ഷഹാനയെയും ഒറ്റക്ക് സംസാരിക്കാനായി മുതിര്‍ന്നവര്‍ അനുവദിക്കുന്നുണ്ടങ്കിലും അവരെ വീടിന്‍റെ ഒത്ത മധ്യത്തില്‍ നടുമുറ്റം പോലെ നിര്‍മിച്ചിട്ടുള്ള സ്ഥലത്താണിരുത്തുന്നത്. ഈ വീടിന്‍റെ എല്ലാ മൂലകളില്‍ നിന്നും കാണാവുന്നതും നിരീക്ഷിക്കാവുന്നതുമായ സ്ഥലമാണിതെന്നും എല്ലായിടത്തും പാരകള്‍ ഒളിനോട്ടവും തുറിച്ചു നോട്ടവുമായി നില്‍ക്കുകയാണെന്നും അവള്‍ തുറന്നുകാട്ടിക്കൊടുക്കുന്നുമുണ്ട്. പാരമ്പര്യത്തിനും ആധുനികതക്കുമിടയിലുള്ള ഗതികേടിന്‍റെ ഈ നൂല്‍പ്പാലം, മുസ്ലിം സമുദായത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടന്ന നിരീക്ഷണ/വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്.

ഏറ്റവും സംഘര്‍ഷഭരിതമായ കാര്യം, ഈ ഗതികേടിനെയും അതിന്‍റെ രണ്ടു ധ്രുവങ്ങളെയും അപനിര്‍മിക്കുമ്പോള്‍ വെളിപ്പെട്ടുവരും. കുടുംബത്തെയും അതിന്‍റെ കെട്ടുറപ്പ്, സ്നേഹസാമീപ്യം തുടങ്ങിയ ഘടകങ്ങളെയും ഉപേക്ഷിക്കാനും വയ്യ എന്നാല്‍ പുതുമകളില്‍ വിലസുകയും വേണം എന്ന കൌമാര-യൌവന കാലഘട്ടത്തിന്‍റെ സ്വാഭാവിക പ്രതിസന്ധി തന്നയാണ് വിവരിക്കപ്പെടുന്നതെങ്കിലും അതിന് കൈവരുന്ന സാമുദായികഛായകളാണ് സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നത്. നാട്ടു തനിമയും സാമുദായിക മൌലികതയും മാറി മാറി പാരമ്പര്യത്തിന്‍റെയും യാഥാസ്ഥിതികതയുടെയും ലക്ഷണങ്ങളായി പ്രത്യക്ഷീകരിക്കുന്നുണ്ട്. ഭക്ഷണരീതിയാണ് നാട്ടുതനിമയുടെ പ്രത്യക്ഷങ്ങളെങ്കില്‍; വേഷവിധാനവും സ്ത്രീപുരുഷ ബന്ധത്തിന്‍റെ നിര്‍ബന്ധങ്ങളുമാണ് സാമുദായിക പ്രത്യക്ഷങ്ങളായി വരുന്നത്. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെടുന്നതിനാല്‍, മൃദുഹിന്ദുത്വ പരിഹാസങ്ങള്‍ക്ക് എല്ലാം ഒരു പോലെ പാത്രീഭൂതമാകുകയും ചെയ്യുന്നു. ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള കല്ലുമ്മക്കായ എന്ന പേരുള്ള മല്ലുപോപ്പ് ഗായക സംഘം, ഫൈസിയെ തങ്ങളുടെ അവതരണഹാളിലേക്ക് ക്ഷണിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഈ സംഘര്‍ഷം വിശദീകരിക്കപ്പെടും. ഉസ്താദ് ഹോട്ടലിന്‍റെ തന്നെ പരസ്യ ആല്‍ബമായി ചാനലുകളിലും യുട്യൂബിലും ഒരു പോലെ പ്രചരിപ്പിക്കപ്പെടുന്ന, അപ്പങ്ങളെല്ലാം ചുട്ടമ്മായി എന്ന പാട്ടാണ് ആലപിക്കപ്പെടുന്നത്. ഏറെ ജനപ്രിയമായ മാപ്പിളപ്പാട്ടിനെ പോപ്പിലേക്ക് ലയിപ്പിക്കുന്ന ഹരമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. മാപ്പിളപ്പാട്ട്; അതിന്‍റെ തന്നെ വിഷയമായ ഭക്ഷണ വിവരണം; ആ ഭക്ഷണവിവരണത്തിനു തന്നെ നിദാനമായ അമ്മായി(അമ്മായിയമ്മ), മരുമകന്‍ അഥവാ പുതിയാപ്ള അഥവാ മകളുടെ ഭര്‍ത്താവ് എന്ന പാരസ്പര്യം എന്നിവ പലതരം ഗൂഢലീലകളിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. മുസ്ലിം സമുദായത്തില്‍ വയസ്സിളപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിനാല്‍ അവരുടെ പെണ്‍കുട്ടികളും പെട്ടെന്ന് പ്രായപൂര്‍ത്തിയാകുകയും വിവാഹിതരാകുകയും ചെയ്യുന്നുണ്ടന്നാണ് വിവക്ഷിതം. ഈ കുട്ടികളുടെ വിവാഹവും ചെറുപ്രായത്തില്‍ നടക്കുമ്പോള്‍, അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധം അമ്മ/മകന്‍ എന്നതിനു പകരം ലൈംഗികകമിതാക്കള്‍ എന്ന വിധത്തിലേക്ക് വഴി തെറ്റിപ്പോകാറുണ്ടന്നാണ് സദാചാരപ്പോലിസിന്‍റെ ഭാഷ്യം. ഈ ഭാഷ്യത്തെ പരോക്ഷമായി സാധൂകരിക്കുന്നതിനു വേണ്ടിയായിരിക്കാം, അപ്പത്തരം, അമ്മായി, മരുമകന്‍ തുടങ്ങിയ പദങ്ങളെ നിഷ്ക്കളങ്കമായി പരിചരിച്ചിരുന്ന പഴയ മാപ്പിളപ്പാട്ടിനെ പുതിയ ഈണങ്ങളിലേക്കും പുതിയ ഊന്നലുകളിലേക്കും പുതിയ മുഴക്കങ്ങളിലേക്കും അതുവഴി പുതിയ കേള്‍വികളിലേക്കും പുതിയ വ്യാഖ്യാനങ്ങളിലേക്കും വിന്യസിപ്പിച്ചിരിക്കുന്നത്.

(അപ്പങ്ങളെമ്മാടും എന്ന പാട്ട് ഈ യൂട്യൂബ് ലിങ്കില്‍ കാണുക.)

ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന ആണ്‍ ഗായകരുടെ ക്ഷണം സ്വീകരിച്ചാണ് ഫൈസി ഹാളിലെത്തുന്നത്. എന്നാലവനെ വിസ്മയിപ്പിച്ചുകൊണ്ട്, താന്‍ പെണ്ണു കാണാന്‍ പോയി അവിടെ തന്നെ ഉപേക്ഷിച്ചു പോന്ന ഷഹാന ആ ഗായകസംഘത്തിലെ മുഖ്യഗായികയായി പാട്ടു പാടി തിമിര്‍ക്കുന്നതിന് അവന്‍ സാക്ഷ്യം വഹിക്കുന്നു. തിരക്കഥയിലെ ഏറ്റവും ദുര്‍ബലമായ കണ്ണികളാണ് ഈ ദൃശ്യവും തുടര്‍ന്നുള്ള ദൃശ്യങ്ങളും എന്നതിരിക്കട്ടെ. പണവും സ്വാധീനവും ബന്ധുബലവും ഉള്ള വീട്ടില്‍ നിന്ന് ഒളിച്ചുകടന്ന് നൂറു കണക്കിന് ആളുകള്‍ ആടിത്തിമിര്‍ക്കുന്ന സംഗീതപരിപാടിയില്‍ മുഖ്യഗായികയായി പ്രത്യക്ഷപ്പെട്ട് യാതൊരു പരുക്കും പറ്റാതെ അവള്‍ മതില്‍ ചാടി വീട്ടില്‍ തിരിച്ചെത്തുന്ന സീന്‍ കണ്ടിരിക്കാന്‍ രസമാണെങ്കിലും ഒട്ടും തന്നെ വിശ്വാസയോഗ്യമല്ല. കണ്ട ഉടനെയുള്ള വിസ്മയം മാറി, ഫൈസിയും ഹാളിനകത്തെ ആട്ടത്തില്‍ പങ്കാളിയാകുകയും പിന്നീട് ഗായകസംഘത്തിന്‍റെ റിലാക്സിംഗില്‍ ഒത്തു ചേരുകയും ചെയ്യുന്നു. അവിടെ പരസ്പരം മിണ്ടാനാകാതെ ഫൈസിയും ഷഹാനയും തരിച്ചിരിക്കുകയാണ് ചെയ്യുന്നത്. സമയം അതിക്രമിക്കവെ, അവള്‍ക്ക് വീട്ടില്‍ തിരിച്ചെത്തുകയും വേണം; എന്നാല്‍ മറ്റു ഗായക സംഘാംഗങ്ങളൊക്കെയും ബീറടിച്ച് സ്വിമ്മിംഗ് പൂളിന്‍റെ കരയിലും വെള്ളത്തിനടിയിലും ഒക്കെയായി പൂസായിരിക്കുകയുമാണ്. നിങ്ങളെന്നാട് ഈ ചതി എപ്പോഴുമെന്തിനാണ് ചെയ്യുന്നത് എന്നു പറഞ്ഞ് പരിഭവിക്കുന്ന ഷഹാനയെ വീട്ടില്‍ കൊണ്ടു ചെന്നത്തിക്കുന്ന ഉത്തരവാദിത്തം ഫൈസി ഏറ്റെടുക്കുന്നു. പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് അതു തന്ന. അതിനായി കഥ കൊണ്ടു ചെന്നത്തിക്കുന്നതിനു സഹായിക്കുന്ന ബീര്‍ (ആ ബീറിന്‍റെ വില ഫൈസലില്‍ നിന്നീടാക്കാം), മദ്യപാനം ആരോഗ്യത്തിനു ദോഷകരം എന്ന പതിവ് ഗുണപാഠ സബ്ടൈറ്റിലിംഗിനോടൊപ്പം നാം സ്വീകരിച്ചിരിക്കുന്നു! മാത്രമോ, വിദേശത്ത് പഠിക്കുകയും മദാമ്മയെ പ്രേമിക്കുകയും ചെയ്തിട്ടും മദ്യവും പുകയും കൈകൊണ്ട് തൊടാത്ത നന്മ നിറഞ്ഞ നായകനെയും, 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ കെ ഏബ്രഹാമിന്‍റേതു പോലെ ദുശ്ശീലങ്ങളൊന്നും പഠിക്കാത്ത നായികയെയും പഴയ നസീര്‍/ഷീല സിനിമകളില്‍ നിന്ന് നമുക്ക് തിരിച്ചു കിട്ടുകയും ചെയ്തിരിക്കുന്നു. അതുമല്ല, ഉസ്താദ് ഹോട്ടല്‍ പിടിച്ചെടുക്കാന്‍ വേണ്ടി പ്ലാന്‍ വരയ്ക്കുക എന്ന ഭീകരകൃത്യം ചെയ്യുന്ന പഞ്ചനക്ഷത്ര മുതലാളിയെ തുറുപ്പഗുലാനില്‍ നിന്ന് കടമെടുക്കാന്‍, രാജമാണിക്യം/ഛോട്ടാ മുംബൈ/അണ്ണന്‍തമ്പി കാലത്തേക്ക് അന്‍വര്‍ റശീദ് കുറച്ചൊന്ന് തിരിഞ്ഞു നടക്കുകയും ചെയ്തിരിക്കുന്നു.

തന്‍റെ ഭാവിയെക്കുറിച്ച് സ്വന്തമായി ഒരു സ്വപ്നമുണ്ടായിരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന ഫൈസല്‍; ഇതേ ഫൈസലിന്‍റെ മേല്‍ വന്‍ സാമ്പത്തിക പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുന്ന അവന്‍റെ ബാപ്പ അബ്ദുറസാക്ക്; റസാക്കിന്‍റെ പിതാവ്, തന്‍റെ കൊച്ചു ലോകത്ത് കുറേക്കൂടി സന്തോഷവും സമാധാനവും ആഗ്രഹിക്കുകയും ചെയ്യുന്ന കരീം എന്നിവര്‍ ചേര്‍ന്ന രക്തബന്ധ സംഖ്യാരേഖയിലെ കണ്ണികളുടെ ശൈഥില്യവും പാരസ്പര്യവുമാണ് ഉസ്താദ് ഹോട്ടലിന്‍റെ പ്രതിപാദ്യാടിസ്ഥാനം. ഇവര്‍ മൂന്നാളുടെയും കഥാപാത്രവത്ക്കരണം നടത്തിയിരിക്കുന്നത്; നമുക്കിടയില്‍, നമുക്ക് തൊട്ടടുത്ത് സാധാരണ നാം കാണാറുള്ളവരില്‍ നിന്നാണെന്നാണ് തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും നാട്യം. വിദേശത്തു പോയി അവസരങ്ങള്‍ വെട്ടിപ്പിടിക്കേണ്ടതില്ല; നാട്ടിലുള്ള സാധ്യതകള്‍ തന്ന സര്‍ഗാത്മകമായും നീതിപൂര്‍വമായും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ എന്ന ലളിതസമവാക്യവും ചിത്രത്തില്‍ ഉദ്ഘോഷിക്കപ്പെടുന്നു. എന്നാല്‍, നല്ല ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനേ ഉപ്പാപ്പയായ കരീമിക്കയ്ക്ക് കഴിയുന്നുള്ളൂ. അതെന്തിനാണങ്ങനെ ഉണ്ടാക്കുന്നത് (എപ്പടി സമക്കറത് എന്നല്ല, എത്ക്ക് സമക്കറത്) എന്നു പഠിക്കാന്‍, ഫൈസിയെ മധുരൈയിലേക്ക് ബസുകയറ്റി നാരായണകൃഷ്ണന്‍ (ജയപ്രകാശ്) എന്നയാളുടെയടുത്തേക്കയക്കുന്നുമുണ്ട്. ഈ പറഞ്ഞയക്കല്‍ അത്ര നിഷ്ക്കളങ്കമല്ല. സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു (നാലാമിടം ഡോട്ട് കോം): ‘വെജ് നോണ്‍ വെജ് സംവാദം- രുചിക്കൂട്ടുകള്‍ക്ക് മതപരമായ ചുറ്റുപാടുകളുമായുള്ള ബന്ധം നിഷേധിക്കാനാവില്ല. ബിരിയാണി ഇന്ന് എല്ലാവരുടെയും രുചിയാണെങ്കിലും അത് കടന്നു വന്ന പശ്ചാത്തലം എല്ലാവര്‍ക്കും അറിയാം. ബിരിയാണി വെച്ച് തഴമ്പു വീണ കരീം, കത്തും കൊടുത്ത് പേരക്കുട്ടിയെ അയക്കുന്നത് സാമ്പാറും പുളിശേരിയും ഇഡലിയും വടയുമൊക്കെ ഉണ്ടാക്കുന്ന വെജിറ്റേറിയന്‍ സുഹൃത്തിന്‍റെ അടുത്തേക്കാണ്. വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ ടേബിളിന്‍റെ ഇരുപുറവുമിരുന്ന് മതത്തിന്‍റെയും ജാതിയുടെയും സംവാദം പെരുപ്പിക്കുന്ന തലകളെ ഉള്ളി അരിയും പോലെ അരിഞ്ഞു വീഴ്ത്തുകയാണ് തിരക്കഥാകൃത്ത് അഞ്ജലി മേനോനും സംവിധായകന്‍ അന്‍വര്‍ റശീദും കൂടി ഇവിടെ. ‘ കോഴിക്കോട്ടുകാരുടെ മുഴുവനും നാവില്‍ വെള്ളമൂറുകയും അവരുടെ രുചികളെയും വയറിനെയും സംതൃപ്തപ്പെടുത്തുകയും ചെയ്തു പോരുന്നതില്‍ വന്‍ വിജയം തന്ന കൈവരിച്ചിട്ടുള്ള കരീം മുസ്ലിമായതു കൊണ്ടും അയാളുണ്ടാക്കുന്ന ഭക്ഷണം മാംസത്തില്‍ നിന്നായതു കൊണ്ടും, ഉദ്ബോധനം നടത്താനുള്ള അര്‍ഹതയില്ലാത്തയാളാണെന്ന ധ്വനിയാണ് കടന്നു വന്നിരിക്കുന്നത്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്‍റെ നിലപാട് ശരിയാവില്ല എന്നാണ് അഞ്ജലി മേനോന്‍ അന്‍വര്‍ റശീദിനെക്കൊണ്ട് പറയിപ്പിക്കുന്നതെന്നു സാരം.

മലയാള സിനിമയിലെ നടീനടന്മാരുടെ കുത്തക സംഘടനയായ അമ്മയുടെ വിലക്കുകളെയും അതിര്‍ത്തികളെയും ശബ്ദായമാനമായ ആര്‍ജ്ജവത്തോടെയും സ്വപ്രത്യയസ്ഥൈര്യത്തോടെയും മുറിച്ചു കടന്ന അതികായനായ അഭിനേതാവ് തിലകന്‍റെ ത്രസിപ്പിക്കുന്നതും മനസ്സലിയിക്കുന്നതുമായ പ്രകടനം കൊണ്ടും; ന്യൂ ജനറേഷന്‍/മള്‍ട്ടിപ്ളെക്സ് സിനിമകള്‍ എന്ന വിശേഷണത്തോടെ, മലയാള സിനിമ മാറിത്തീര്‍ന്നിരിക്കുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കിയ ചില ചിത്രങ്ങളുടെ രീതിയെ സധൈര്യം വേണ്ടന്നു വെച്ചതു കൊണ്ടും ഉസ്താദ് ഹോട്ടല്‍ പ്രസരിപ്പിക്കുന്ന നവചൈതന്യം ഇപ്പറഞ്ഞതിനൊക്കെ ശേഷവും നഷ്ടമാകുന്നുമില്ല.

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇതിവൃത്തത്തിന്‍റെ മുക്കുമൂലകളിലും അതിരുകളിലും കേന്ദ്രസ്ഥാനങ്ങളിലും ഉള്ള ഭൂരിഭാഗം കഥാപാത്രങ്ങളെയും മുസ്ലിം സമുദായത്തില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഉസ്താദ് ഹോട്ടല്‍, ബോക്സാപ്പീസിലും മികച്ച വിജയം നേടാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. നിരവധി ദശകങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ഇത്തരമൊരു പ്രതിനിധാന അട്ടിമറി നടക്കുന്നത്. അത് സാധ്യമാക്കിയതിന്‍റെ പേരില്‍ തിരക്കഥാകൃത്തായ അഞ്ജലി മേനോനും സംവിധായകനായ അന്‍വര്‍ റശീദും അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച പാക്കേജിങും പാട്ടുകളുടെ പിന്തുണയും പരസ്യങ്ങളുടെ നൂതനത്വവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെയുള്ള ‘മൌത്ത് പബ്ളിസിറ്റി’യും മറ്റുമാണ് ചിത്രത്തെ എടുത്തുയര്‍ത്തിയത്. തിരക്കഥാരചന സ്ത്രീ നിര്‍വഹിച്ചതിനാലായിരിക്കണം, അശ്ളീലാത്മകവും ആഭാസകരവും അറപ്പുളവാക്കുന്നതുമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഗോഷ്ടികളും വേണ്ടെന്നു വെക്കപ്പെട്ടിരിക്കുന്നു. (സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന അശ്ളീലച്ചുവ കലര്‍ന്ന സ്ത്രീവിരുദ്ധ സംഭാഷണം സ്ത്രീ കഥാപാത്രത്തെക്കൊണ്ടു തന്നെ പറയിപ്പിച്ചത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). അശ്ളീലവും ആഭാസത്തരവുമില്ലാതെ തന്ന, ഹാളിനകത്ത് ആര്‍പ്പുവിളികളും കൈയടികളും നേടാനായി എന്നതും നിസ്സാരമല്ല.