Friday, August 17, 2012

നയംമാറ്റത്തിന്റെ പ്രതിഫലനം

ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ പ്രകടമാവുകയാണ്. ഇടതുപക്ഷ പിന്തുണ അനിവാര്യമായിരുന്നതുകൊണ്ട് ഇടയ്ക്കൊക്കെയെങ്കിലും ജനതാല്‍പ്പര്യത്തിലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കില്‍ ഇടതുപക്ഷപിന്തുണയുടെ പ്രശ്നമില്ലാത്ത സാഹചര്യത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനതാല്‍പ്പര്യത്തിലുള്ള ഒരു ഭരണനടപടിയും കൈക്കൊള്ളാതിരിക്കുകമാത്രമല്ല, സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ നിയന്ത്രണരഹിതമായും വിപല്‍ക്കരമായും മുന്നോട്ടുകൊണ്ടുപോവുകകൂടിയാണ്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് റെയില്‍പ്പാത നിര്‍മാണരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള പുതിയ നീക്കം.

റെയില്‍പ്പാത നിര്‍മാണരംഗത്ത് വിദേശശക്തികളെയും വിദേശനിക്ഷേപത്തെയും അനുവദിക്കാനുള്ള കുറിപ്പ് റെയില്‍വേ മന്ത്രാലയം കേന്ദ്രമന്ത്രിസഭായോഗ തീരുമാനത്തിനായി അയച്ചുകഴിഞ്ഞു. തുടക്കത്തില്‍ ഇത്, കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനസ്ഥലങ്ങളിലേക്കുള്ള പാതനിര്‍മാണത്തിന് മാത്രമായി പരിമിതപ്പെട്ടുനില്‍ക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ നീക്കത്തിന്റെ പരിസമാപ്തിയില്‍ എല്ലാ റെയില്‍പ്പാതനിര്‍മാണങ്ങളും വിദേശനിക്ഷേപകരുടെ വകയായി മാറുകയുംചെയ്യും. യാത്രാസുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാവും ഈ നീക്കം. റെയില്‍വേ വികസനം സംബന്ധിച്ച് പഠിക്കാന്‍ സാം പിട്രോഡ കമ്മിറ്റിയെ നിയോഗിച്ചതുമുതല്‍തന്നെ ഇത്തരം "വിദേശത്തിന് തുറന്നുകൊടുക്കല്‍ നയങ്ങള്‍" രാജ്യം പ്രതീക്ഷിച്ചതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പിട്രോഡയെ ദൗത്യം ഏല്‍പ്പിച്ചതുതന്നെ വിദേശതാല്‍പ്പര്യത്തിലുള്ള ഈ ഒരു ലാക്കോടെയായിരുന്നു. ഭയപ്പെട്ടത് ഇന്ന് സത്യമായി വരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെകാലത്തുതന്നെ ഇത്തരം നീക്കം ഉണ്ടായതാണ്. എന്നാല്‍, ഇടതുപക്ഷം കടുത്ത നിലപാടെടുത്തതോടെ ആ വഴിക്കു മുമ്പോട്ടുപോകാന്‍ കഴിയില്ല എന്നുവന്നു. അന്ന് ഉപേക്ഷിച്ച നീക്കമാണ് ഇടതുപക്ഷത്തിന് "റോള്‍" ഇല്ലാതായതോടെ പുനരുജ്ജീവിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പടിപടിയായി വിദേശനിക്ഷേപത്തിന് കീഴിലാക്കുന്ന ഈ നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോള്‍തന്നെ 1354.65 കോടി രൂപയുടെ വിദേശനിക്ഷേപം റെയില്‍വേ രംഗത്തുണ്ട്. റെയില്‍ ഘടകങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടതാണിത്. ഇപ്പോള്‍ കൂടുതല്‍ മേഖലകളെ വിദേശനിക്ഷേപ പരിധിയിലേക്ക് കൊണ്ടുവരികയാണ്. അഞ്ചുവര്‍ഷംകൊണ്ട് 7,35,000 കോടി രൂപയുടെ നവീകരണപദ്ധതി എന്ന സാം പിട്രോഡസങ്കല്‍പ്പം എങ്ങനെയാവും നടപ്പാവുക എന്നതിന്റെ സൂചന ഇതില്‍നിന്ന് ലഭിക്കുന്നുണ്ട്.

ഇടതുപക്ഷം ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കൈക്കൊണ്ടിരുന്ന നിലപാടുകളുടെ വില ഇപ്പോള്‍ ഓരോ മാസവുമെന്നോണം രാജ്യം അറിയുന്നുണ്ട്. ഇന്‍ഷുറന്‍സ്, വ്യോമയാനം, ചെറുകിട വ്യാപാരം എന്നിങ്ങനെ കൂടുതല്‍ തലങ്ങളിലേക്ക്, കൂടുതല്‍ മേഖലകളിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷമാണ് ചെറുത്തിരുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അനിയന്ത്രിതമായി എല്ലാം വിദേശത്തിന് തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്; പിന്തുണച്ചിരുന്ന ഇടതുപക്ഷത്തെ ഇന്ന് ഭയക്കേണ്ടതില്ലല്ലോ. ഇടതുപക്ഷ പിന്തുണയിലല്ലല്ലോ ഇന്ന് ഭരണം. രണ്ടുകാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നിവയൊക്കെ ഒന്നാം സര്‍ക്കാര്‍ നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധംകൊണ്ടുമാത്രമാണ്. ഇത്തരം ഒരു ജനക്ഷേമനടപടിയും രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നുണ്ടാവുന്നില്ല എന്നുമാത്രമല്ല, ഇവയൊക്കെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുകകൂടി ചെയ്യുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ വര്‍ഗീയകലാപങ്ങള്‍ തടയാനുള്ള ബില്‍ കൊണ്ടുവന്നതും ഇടതുപക്ഷനിര്‍ബന്ധംകൊണ്ടുമാത്രം. ആ ബില്‍ നിയമമാക്കാനുള്ള ഒരു നീക്കവും ഇന്ന് യുപിഎ സര്‍ക്കാരില്‍നിന്നുണ്ടാവുന്നില്ല.

തൊഴിലുറപ്പുപദ്ധതി ഫണ്ട് നിഷേധംകൊണ്ട് തകര്‍ച്ചയിലായിരിക്കുന്നു. വനാവകാശ നിയമം ഫലപ്രദമായി നടപ്പാവുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ജനക്ഷേമ നടപടികളോട് വിടപറഞ്ഞ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതടക്കമുള്ള ജനദ്രോഹനടപടികളുമായി തകൃതിയായി മുമ്പോട്ടുപോവുന്നുണ്ടുതാനും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും പുതിയ നടപടിയില്‍ തെളിയുന്നുണ്ട്. ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച അതേ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രി റെയില്‍വേ വകുപ്പ് ഭരിക്കുമ്പോഴാണ് റെയില്‍പ്പാത നിര്‍മാണരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നത്! വാക്കും പ്രവൃത്തിയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ഇപ്പോള്‍ മമത ബാനര്‍ജിക്ക് ഒരു പ്രതിഷേധവുമില്ല.

റെയില്‍പ്പാത രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നത് റെയില്‍വേ മന്ത്രി സ്വന്തം നിലയ്ക്കാണെന്ന് ആരും കരുതേണ്ടതില്ല. കോണ്‍ഗ്രസിന്റെയും യുപിഎയുടെയും നയം അദ്ദേഹം നടപ്പാക്കാന്‍ കുറിപ്പുകൊടുത്തിരിക്കുന്നുവെന്നേയുള്ളൂ. കഴിഞ്ഞ വാര്‍ഷിക പൊതുബജറ്റില്‍ ധനമന്ത്രിതന്നെ പറഞ്ഞ കാര്യമാണ് റെയില്‍വേരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുക എന്നത്. മന്ത്രി ആ പ്രക്രിയ വേഗത്തിലാക്കാന്‍ വേണ്ടതുചെയ്യുന്നുവെന്നുമാത്രം. ഏതായാലും പാര്‍ലമെന്റിലെ ഇടതുപക്ഷ സാന്നിധ്യത്തിന്റെ പ്രസക്തി യുപിഎയുടെ ഒന്നും രണ്ടും സര്‍ക്കാരുകളുടെ നയത്തില്‍ വന്ന മാറ്റം ആവര്‍ത്തിച്ച് വ്യക്തമാക്കിത്തരുന്നുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 17 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ പ്രകടമാവുകയാണ്. ഇടതുപക്ഷ പിന്തുണ അനിവാര്യമായിരുന്നതുകൊണ്ട് ഇടയ്ക്കൊക്കെയെങ്കിലും ജനതാല്‍പ്പര്യത്തിലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കില്‍ ഇടതുപക്ഷപിന്തുണയുടെ പ്രശ്നമില്ലാത്ത സാഹചര്യത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനതാല്‍പ്പര്യത്തിലുള്ള ഒരു ഭരണനടപടിയും കൈക്കൊള്ളാതിരിക്കുകമാത്രമല്ല, സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ നിയന്ത്രണരഹിതമായും വിപല്‍ക്കരമായും മുന്നോട്ടുകൊണ്ടുപോവുകകൂടിയാണ്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് റെയില്‍പ്പാത നിര്‍മാണരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള പുതിയ നീക്കം.