Saturday, August 4, 2012

ജനപക്ഷ നിലപാടുമായി പ്രതിപക്ഷം

സമ്പൂര്‍ണ ബജറ്റ് പാസാക്കലും നിയമനിര്‍മാണവുമായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ മുഖ്യഅജന്‍ഡ. സമകാലീന കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സഭയില്‍ ഉയര്‍ന്നുവന്നു. ഈ പ്രശ്നങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കപ്പെടുകയും ഒന്നരവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുംചെയ്തു. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളാകെ ജനവികാരത്തിന്റെ നേര്‍ചാലിലൂടെ സഭയിലെത്തേണ്ടതുണ്ട്. ചോദ്യോത്തരംമുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിക്കണം. ഇതിനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും 29 ദിവസവും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

കേവലം ധനാഭ്യര്‍ഥനകള്‍ പാസാക്കുകയും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നിയമമാക്കേണ്ട ബില്ലുകള്‍ പാസാക്കുകയും മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ധനാഭ്യര്‍ഥനകളായിരുന്നില്ല സഭയില്‍ വന്നത്; ജനദ്രോഹനയങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. നിയമനിര്‍മാണങ്ങളില്‍ പലതും ജനവിരുദ്ധവും ജനാധിപത്യാവകാശങ്ങളുടെ ലംഘനവുമാണ്. മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോയും ഭരണമുന്നണിയുടെ കൂട്ടുത്തരവാദിത്തമില്ലായ്മയും തെളിയിക്കുന്നതായിരുന്നു 13-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം. ഞാനാണ് കേരളം ഭരിക്കുന്നതെന്ന് ഒരു മുഖ്യമന്ത്രി ഒറ്റയ്ക്ക് തെളിയിക്കുന്നതാണ് സഭയിലുടനീളം കണ്ടത്. മന്ത്രിമാരെല്ലാം കഴിവുകെട്ടവരാണെന്ന് മുഖ്യന്റെ ശിഷ്യര്‍ പുറത്തു പ്രസംഗിച്ചു നടക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അത് തെളിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യപ്രശ്നങ്ങളുടെയും അതുയര്‍ത്തുന്ന പാരിസ്ഥിതിക- ആരോഗ്യപ്രശ്നങ്ങളുടെയും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളുടെയും ഭീതിജനകമായ അന്തരീക്ഷത്തിലാണ് സമ്മേളനം ആരംഭിച്ചത്. ഇതുതന്നെയായിരുന്നു ആദ്യദിവസം സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിഷയവും. മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഗൗരവതരമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയാണ് സഭയില്‍ കണ്ടത്. ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ അലംഭാവത്തിന്റെ മകുടോദാഹരണമായിരുന്നു പനിബാധിച്ച് ആളുകള്‍ മരിച്ചുവീഴുന്ന സംഭവങ്ങള്‍. കേരളത്തിന്റെ ഈ ദുരവസ്ഥ സഭയില്‍ ഗൗരവതരമായി അവതരിപ്പിക്കാനും ചില നടപടികളെങ്കിലും സര്‍ക്കാരിനെക്കൊണ്ടു ചെയ്യിക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. മലപ്പുറം അരീക്കോട് കുനിയില്‍ രണ്ടു സഹോദരങ്ങളെ മുസ്ലിംലീഗ് ഏറനാട് എംഎല്‍എയുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയും പൊലീസ് എംഎല്‍എയെ ആറാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, എംഎല്‍എയെ അറസ്റ്റു ചെയ്യാനോ ചോദ്യംചെയ്യാനോ തയ്യാറാകാതെ നിയമസഭയില്‍ ഇരുത്തി സംരക്ഷിക്കുന്നതിനെതിരെ രണ്ടാംദിനം പ്രതിപക്ഷം ആഞ്ഞടിച്ചു. ഇതു സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കര്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ യുഡിഎഫ് നേതാക്കളും ആഭ്യന്തരമന്ത്രിയും പ്രതികളെ നിശ്ചയിച്ച് ഗൂഢാലോചനക്കഥകള്‍ ഉണ്ടാക്കി സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ മത്സരിക്കുമ്പോഴാണ്, ലീഗ് നേതാവിന്റെ കൊലവിളിയും കൊലപാതകത്തിന്റെ പങ്കാളിത്തവും പകല്‍പോലെ വെളിപ്പെട്ടിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടി. എംഎല്‍എയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും പെടാപാട് പെട്ടെങ്കിലും ഭരണമുന്നണിയില്‍ കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും നിശബ്ദരായിരുന്നത് ശ്രദ്ധേയമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ മൂന്നു ദിവസം സഭ സ്തംഭിച്ചു. അവസാനം ഗവര്‍ണര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം പിന്മാറിയത്. 21 അടിയന്തര പ്രമേയമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. ഏറ്റവും വലിയ അഴിമതിയുടെ വിവരം അവസാനദിവസം സഭയില്‍ വന്നു. വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നല്‍കിയ കരാര്‍ റദ്ദാക്കിയതിലെ അഴിമതിയായിരുന്നു അത്. അടിയന്തരപ്രമേയങ്ങളില്‍ ഒന്നുപോലും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെക്കുറിച്ച് അയിഷാപോറ്റി നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതിപോലും നിഷേധിച്ചു. ധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനും വികസനത്തിന്റെ പേരില്‍ നടക്കുന്നത് വാചകമടികള്‍ മാത്രമാണെന്നു സ്ഥാപിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളം പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പദ്ധതി എന്നിവ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം, കേരളത്തിന് ലഭിച്ച പല കേന്ദ്രപദ്ധതികളും നടപ്പാക്കാത്തതും വെട്ടിക്കുറച്ചതും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും പ്രതിപക്ഷം തുറന്നുകാട്ടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നഷ്ടത്തിലായതും, എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പൊതുവിതരണശൃംഖല തകര്‍ത്തതും അതിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ തീക്ഷ്ണതയും ചര്‍ച്ചകളില്‍ പ്രതിപക്ഷം ഉയര്‍ത്തി. വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ഭരണപക്ഷം തയ്യാറായില്ല. അഞ്ചാംമന്ത്രിയുടെ നിയമനത്തിലൂടെ കേരളീയസമൂഹത്തില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം നാടിന്റെ മതേതര മുഖത്തില്‍ വീണ കറുത്ത പാടാണെന്നു ചര്‍ച്ചകളില്‍ പ്രതിപക്ഷം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ കച്ചവടം, സിബിഎസ്ഇ സ്കൂളുകള്‍ വാരിക്കോരി നല്‍കിയത്, പ്രൊഫഷണല്‍ സീറ്റുകള്‍ സ്വകാര്യമാനേജ്മെന്റുകള്‍ക്ക് തീറെഴുതിയത്. വകുപ്പിലെ ലീഗ്വല്‍ക്കരണം തുടങ്ങിയ ജനവിരുദ്ധനയങ്ങളാകെ തുറന്നുകാട്ടി.

മലപ്പുറം ജില്ലയിലെ 34 സ്കൂളിന് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ രഹസ്യമായി തീരുമാനിക്കുകയും മാനേജര്‍മാര്‍ അതിന്റെ പേരില്‍ അധ്യാപക നിയമനത്തിന് വന്‍ പിരിവ് തുടങ്ങിയെന്നും വിദ്യാഭ്യാസവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തില്‍ വകുപ്പിന്റെ ഭരണനേട്ടങ്ങളുടെ കൂട്ടത്തില്‍ ഇതും വിദ്യാഭ്യാസമന്ത്രി വായിച്ചു. എന്നാല്‍, മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ സ്കൂളുകളാക്കി മാറ്റാനാണെന്ന് ജൂണ്‍ 13ലെ മന്ത്രിസഭായോഗ മിനിറ്റ്സ് ഉയര്‍ത്തിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതോടെ മന്ത്രി വെട്ടിലായി. ഉത്തരവിറങ്ങിയിട്ടില്ലെന്ന പിടിവള്ളി മാത്രമായിരുന്നു മന്ത്രിയുടെ ഏക ആശ്വാസം. സര്‍ക്കാര്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ മന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടിലായി. ആരു പറയുന്നതാണ് ശരി എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.

കേരള വികസനത്തെയും പൊതുപ്രാധാന്യമുള്ള സാമൂഹ്യവിഷയങ്ങളെയും കുറിച്ചുള്ള 28 ശ്രദ്ധക്ഷണിക്കല്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലൂടെ പലപ്രശ്നങ്ങളിലും നടപടി സ്വീകരിക്കാനോ നടപടി സ്വീകരിക്കാമെന്ന ഉറപ്പു നേടാനോ പ്രതിപക്ഷത്തിനു കഴിഞ്ഞു. നാല് ധനകാര്യ ബില്‍ ഉള്‍പ്പടെ 13 ബില്‍ സഭ പാസാക്കി. സര്‍വകലാശാലകളുടെയും സഹകരണസ്ഥാപനങ്ങളുടെയും ജനാധിപത്യസ്വഭാവം തകര്‍ത്ത് അവയെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ വേദിയാക്കാനുള്ളതായിരുന്നു ബില്ലുകള്‍. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന സേവനാവകാശ ബില്ലിന്മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സ്വീകരിക്കാനോ നിയമം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനോ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു ആവശ്യങ്ങളിന്മേല്‍ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്താന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ തയ്യാറായത് പ്രതിപക്ഷത്തിന്റെ വിജയമായിരുന്നു. ഭക്ഷ്യവിഷബാധ നേരിടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ആരോഗ്യമന്ത്രിയും എന്‍ജിനിയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയെ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മറുപടി പറഞ്ഞു. ചട്ടം 58 പ്രകാരം, സദാചാര പൊലീസിന്റെ വിളയാട്ടത്തെക്കുറിച്ച് ഈ ലേഖകന്‍ അവതരിപ്പിച്ച പ്രമേയവും സഭ ചര്‍ച്ചചെയ്തു. സഭയുടെ അന്തസ്സിന് നിരക്കാത്ത സംഭവങ്ങളും ഭരണപക്ഷത്തു നിന്ന് ഉണ്ടായി. പ്രതിപക്ഷ നേതാവ് വാക്ക്ഔട്ട് നടത്തുമ്പോള്‍ ഭരണപക്ഷം കൂക്കിവിളിച്ചത് ശക്തമായ പ്രതിഷേധത്തിനും സഭാബഹിഷ്കരണത്തിനും ഇടയാക്കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ ശക്തമായി സഭയില്‍ ഉന്നയിച്ച ഈ ലേഖകനെ ശല്യക്കാരനെന്ന് സ്പീക്കര്‍ വിളിച്ചെങ്കിലും അംഗങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ച് അത് രേഖകളില്‍നിന്ന് നീക്കി.

ഒരു മന്ത്രിയും ചീഫ്വിപ്പും തമ്മില്‍ ഏറ്റുമുട്ടുന്നതിനും സഭ സാക്ഷിയായി. അഴിമതിയുടെ നാറ്റക്കഥകള്‍ സഭയില്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി കുമ്പിട്ടിരുന്നതും കണ്ടു. നക്ഷത്ര ചിഹ്നമിട്ട 840ഉം നക്ഷത്രചിഹ്നമിടാത്ത 8419ഉം ചോദ്യം സഭയുടെ മുന്നിലെത്തിയെങ്കിലും 25 ശതമാനത്തോളം ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലഭിച്ച ഉത്തരങ്ങള്‍ ഏറെയും ശേഖരിച്ചുവരുന്നു, പരിശോധിച്ചുവരുന്നു തുടങ്ങിയ മറുപടികളായിരുന്നു. ചില മറുപടികള്‍ തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവങ്ങളും ആയിരുന്നു. ഒരേ ചോദ്യത്തിന് പല അംഗങ്ങള്‍ക്കും വ്യത്യസ്ത മറുപടി ലഭിച്ച സാഹചര്യങ്ങളും ഉണ്ട്. യഥാര്‍ഥ വസ്തുതകള്‍ സഭയില്‍നിന്ന് മറച്ചുവയ്ക്കാനും ചോദ്യോത്തരത്തെ ചില മന്ത്രിമാര്‍ ദുരുപയോഗംചെയ്തു.

എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനുപോലും യഥാര്‍ഥ ഉത്തരം നല്‍കാതെ പുകമറ സൃഷ്ടിക്കുന്ന മറുപടിയാണ് ബന്ധപ്പെട്ട മന്ത്രി നല്‍കിയത്. ഇതു സംബന്ധിച്ച് എളമരം കരീം സ്പീക്കര്‍ക്ക് പരാതി നല്‍കുകയും കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. നിയമസഭാ സമിതിയെക്കൊണ്ട് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.

*
എ കെ ബാലന്‍ 04 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമ്പൂര്‍ണ ബജറ്റ് പാസാക്കലും നിയമനിര്‍മാണവുമായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ മുഖ്യഅജന്‍ഡ. സമകാലീന കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സഭയില്‍ ഉയര്‍ന്നുവന്നു. ഈ പ്രശ്നങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കപ്പെടുകയും ഒന്നരവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുംചെയ്തു. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളാകെ ജനവികാരത്തിന്റെ നേര്‍ചാലിലൂടെ സഭയിലെത്തേണ്ടതുണ്ട്. ചോദ്യോത്തരംമുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിക്കണം. ഇതിനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും 29 ദിവസവും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.