Saturday, August 18, 2012

ഉമ്മന്‍ചാണ്ടിയുടെ ഫാസിസം

മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാംമുറ പ്രയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന അഭ്യാസങ്ങളാണ് കേരളത്തെ സംഘര്‍ഷഭരിതമാക്കുന്നത്. ഉമ്മന്‍ചാണ്ടി നാക്കുകൊണ്ടും തിരുവഞ്ചൂര്‍ ലാത്തികൊണ്ടും നടത്തുന്ന മൂന്നാംമുറ വഴി അധികാരം നിലനിര്‍ത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ക്രമസമാധാന പാലനത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. യുഡിഎഫ് പതിനഞ്ച് മാസം ഭരിച്ചപ്പോള്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൊലപാതകം, മോഷണം, സ്ത്രീപീഡനം, ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ആക്രമണം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും സര്‍വകാല റെക്കോഡാണ് സൃഷ്ടിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ കൊല ചെയ്യപ്പെട്ടു. ബിഹാര്‍ സ്വദേശി സത്നാംസിങ്ങും കൊല്ലം ശാസ്താംകോട്ടയിലെ അജികുമാറും പൊലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട സംഭവം കേരളാപൊലീസിന്റെ സമീപനത്തില്‍ വന്ന മാറ്റം വ്യക്തമാക്കുന്നുണ്ട്. 2011ലെ കേരള പോലീസ് ആക്ട് അനുസരിച്ച് എല്ലാ രീതിയിലുള്ള മൂന്നാം മുറകളും നിരോധിച്ച സംസ്ഥാനമാണ് കേരളം. നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് തന്നെ നിയമലംഘനം നടത്തുന്നു. ഈ ഗൗരവതരമായ പ്രശ്നം യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഉയര്‍ന്നുവന്നതാണ്. അമൃതാനന്ദമയി മഠത്തില്‍ അസ്വാഭാവികമായി പെരുമാറിയ, മാനസികരോഗിയായ ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനുമേല്‍ 307 -ാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ചെയ്യാന്‍ പൊലീസിന് ധൈര്യം ലഭിച്ചത് സംഭവസ്ഥലം ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചശേഷമാണ്. ഏതു തരത്തിലാണ് ആഭ്യന്തരവകുപ്പിലെ കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ തെളിവാണിത്.

റബര്‍പ്പുര കത്തി നശിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത അജികുമാറിനെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിക്കാന്‍ മൂന്നാംമുറ പ്രയോഗിച്ചതിന്റെ അനന്തരഫലമായാണ് അദ്ദേഹം മരണപ്പെട്ടത് എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിച്ചെടുക്കാനായി പൊലീസിന് സര്‍ക്കാര്‍ നല്‍കിയ അമിതാധികാരത്തിന്റെ അനന്തരഫലമായാണ് ഒരാഴ്ചകൊണ്ട് രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. പൊലീസിന്റെ രീതികള്‍ യുഡിഎഫ് കാലത്ത് പാടേ മാറിമറിഞ്ഞു. ലോക്കപ്പില്‍ കൊണ്ടുപോയി സങ്കല്‍പ്പകസേരയില്‍ ഇരുത്തുക, തലകീഴായി കെട്ടിത്തൂക്കുക, ഇരുചെകിടത്തും മാറിമാറി അടിച്ച് ശ്രവണപുടം തകര്‍ക്കുക, കൈകാലുകള്‍ ഒടിക്കുക, വിരലുകള്‍ക്കിടയില്‍ ചെറിയ മരക്കഷണമോ പേനയോ വെച്ച് ഞെരിച്ചമര്‍ത്തുക, മലദ്വാരത്തില്‍ കമ്പി കയറ്റുക, മൂത്രദ്വാരത്തില്‍ മുളക് പുരട്ടുക തുടങ്ങി നിരവധി മര്‍ദനമുറകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. പ്രതികളില്‍ ചിലര്‍ മജിസ്ട്രേട്ടിനോട് പരാതി പറഞ്ഞപ്പോള്‍ കോടതിക്കുതന്നെ ചില കേസുകളില്‍ ഇടപെടേണ്ടി വന്നു. ചില പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്യുന്നവരെ നേരെ ആശുപത്രിയില്‍ ഹാജരാക്കും. പൂര്‍ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിച്ചശേഷം ഭീകരമായി മര്‍ദിക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ നേരത്തെ സംഘടിപ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മര്‍ദനവിവരം മറച്ചു പിടിക്കും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു വധക്കേസില്‍ തെറ്റായരീതിയില്‍ പ്രതിചേര്‍ത്താണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യംചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിനുവേണ്ടി ഐപിസി 118-ാം വകുപ്പ് തെരഞ്ഞുപിടിച്ച് കേസിലുള്‍പ്പെടുത്തി. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റംപോലും ചുമത്താന്‍ സാധിക്കില്ലെന്ന് വന്നപ്പോഴാണ് ഇത്തരംവകുപ്പ് കണ്ടെത്തി പി ജയരാജനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഈ രണ്ട് നേതാക്കളും പ്രതിചേര്‍ക്കപ്പെട്ടത് യുഡിഎഫ് സര്‍ക്കാര്‍ എത്രമാത്രം വഴിവിട്ട് കേസുകളില്‍ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ല എന്നാണ് ജയരാജനും രാജേഷിനും എതിരായി ഉന്നയിക്കുന്ന കുറ്റം. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലെ വാര്‍ഡില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ഒരാള്‍ ഫോണ്‍ചെയ്തു എന്നൊരു കഥയുണ്ടാക്കി ആ ഫോണ്‍ സംഭാഷണം ജയരാജനും രാജേഷും കേട്ടിരിക്കാന്‍ ഇടയുണ്ട് എന്ന് വ്യാഖ്യാനിച്ച് കൊലക്കേസില്‍ പ്രതിചേര്‍ക്കുന്നു. ഷുക്കൂര്‍ ആക്രമിക്കപ്പെടുമ്പോള്‍ കൂടെ ദാവൂദ് എന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍കൂടിയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് വിധേയനായ ദാവൂദിനെ അവിടെയെത്തിയ പൊലീസ് രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. അതിന് ശേഷം രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് ഷുക്കൂര്‍ വധിക്കപ്പെടുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണെങ്കില്‍ കുറച്ചാളുകള്‍ ചേര്‍ന്ന് ഷുക്കൂറിനെ ആക്രമിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പൊലീസിന്റെ അലംഭാവമാണ് ഷുക്കൂറിന്റെ കൊലപാതകത്തിന് വഴിവച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ സ്ഥലം സന്ദര്‍ശിച്ച ഡിജിപിതന്നെ ചൂണ്ടിക്കാണിച്ചു. ഇന്റലിജന്‍സ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് ഡിജിപി പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയുമുണ്ടായി. 118-ാം വകുപ്പ്, പി ജയരാജനും ടി വി രാജേഷിനുമെതിരെ പ്രയോഗിക്കുന്നതിന് പകരം, സംഭവമറിഞ്ഞിട്ടും ഇടപെടാതിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്ത മുഖ്യമന്ത്രിക്കും എതിരായാണ് പ്രയോഗിക്കേണ്ടത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉള്ള മുഖ്യമന്ത്രിക്ക് മണിക്കൂറുകളോളം ഒരാളെ തടഞ്ഞുവച്ച് ആക്രമിക്കുന്നു എന്ന വിവരം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നത് ആരും വിശ്വസിക്കില്ല. കേസിന് രാഷ്ട്രീയമാനം നല്‍കുന്നതിനായി ജയരാജനെയും രാജേഷിനെയും കേസില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്തതാണ് സിപിഐ എം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടത് എന്നതാണ്് നഗ്നമായ യാഥാര്‍ഥ്യം. ചന്ദ്രശേഖരന്‍വധത്തിലും ഫസല്‍വധത്തിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് വ്യത്യസ്തമല്ല. ഇത്തരം സംഭവങ്ങളുടെ മറവില്‍ സിപിഐ എം ശക്തികേന്ദ്രങ്ങളിലെ പ്രധാന നേതാക്കളെയും കേഡര്‍മാരെയും പ്രതിലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കുക എന്ന തന്ത്രമാണ് ഇവിടെയും പ്രയോഗിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യറിയില്‍നിന്നാണ് നീതി പ്രതീക്ഷിക്കുന്നത്. എന്നാല്‍, കോടതികളില്‍ ഹാജരാകേണ്ടുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് പകരം കോണ്‍ഗ്രസ് നേതാക്കന്മാരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിശ്ചയിച്ച് യുഡിഎഫിന്റെ നിലപാട് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടായി കോടതിയില്‍ അവതരിപ്പിക്കുകയാണ്. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി കെപിസിസി എക്സിക്യൂട്ടീവ് അംഗവും തലശ്ശേരിക്കാരനുമായ ആസിഫ് അലിയെ നിയോഗിച്ചു. ചന്ദ്രശേഖരന്‍ വധക്കേസിലും ഷുക്കൂര്‍ വധക്കേസിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിശ്ചയിച്ചത് മറ്റൊരു കെപിസിസി എക്സിക്യൂട്ടീവ് അംഗമായ സി കെ ശ്രീധരനെയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഡബിള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരാണുള്ളത്. സി കെ ശ്രീധരനെ കൂടാതെ ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രസിഡന്റ് കുമാരന്‍കുട്ടിയെയും പ്രോസിക്യൂട്ടറായി നിയോഗിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഏതെല്ലാം തരത്തിലാണ് നടക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്.

ഷുക്കൂര്‍ വധക്കേസില്‍ കുറെ പ്രതികളെ പിടികൂടിയപ്പോള്‍ ജാമ്യാപേക്ഷ സമയത്ത് മജിസ്ട്രേട്ട് കോടതിയില്‍ നിയമിക്കപ്പെടാതിരുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മുപ്പത്തിയെട്ടാം പ്രതിയായി പി ജയരാജനെ ഉള്‍പ്പെടുത്തിയപ്പോള്‍ ഹാജരായി എന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ അതിവേഗം ഏതുരൂപത്തിലാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. പി ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സി കെ ശ്രീധരനെ നിശ്ചയിച്ചുള്ള ഉത്തരവ് ശരവേഗത്തില്‍ പുറപ്പെടുവിച്ചു. ഇത് സര്‍ക്കാരിന്റെ ഇടപെടല്‍രീതിയും നീതിനിര്‍വഹണവും ഏതുരൂപത്തിലാണെന്ന് തെളിയിക്കുന്നുണ്ട്.

പി ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ ഉന്നതനായ ഒരു നേതാവിനെ തെറ്റായി കേസിലുള്‍പ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി ഉയര്‍ന്നത്. അധികാരദുര്‍വിനിയോഗത്തിനെതിരായി ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പായിരുന്നു അത്. അറസ്റ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദി ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ്. ഇത്തരം സംഭവങ്ങളെ കൈകാര്യംചെയ്യുന്നതിലുള്ള സര്‍ക്കാരിന്റെ അനവധാനതയാണ് ഇത് വ്യക്തമാക്കുന്നത്. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോടതിവഴി നടപടി സ്വീകരിപ്പിക്കുന്നതിന് പകരം പോലീസ് തന്നെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്ന വാശി സര്‍ക്കാര്‍ കാണിച്ചത് ബോധപൂര്‍വമായിരുന്നു. നാട്ടില്‍ ഇതിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാവട്ടെയെന്നും അതിന്റെ മറവില്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കാമെന്നുമുള്ള ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പി ജയരാജന്റെ അറസ്റ്റ്. കോടതിയില്‍ പേര് സമര്‍പ്പിക്കുകയും അതിനെത്തുടര്‍ന്ന് മുന്‍കൂര്‍ജാമ്യം കോടതി നിഷേധിക്കുകയും ചെയ്തപ്പോള്‍ നിയമനടപടിക്ക് വിധേയനാവാന്‍ ടി വി രാജേഷ് കോടതിയില്‍ ഹാജരായി. അത്തരമൊരു സമീപനം പി ജയരാജന് നല്‍കാതെ പൊലീസ് നടപടി സ്വീകരിച്ചതാണ് കേരളത്തിലുണ്ടായ എല്ലാ പ്രതിഷേധസംഭവങ്ങള്‍ക്കും കാരണമായത്.

ഷുക്കൂര്‍ വധക്കേസിന്റെ പേരില്‍ നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെ ചോദ്യംചെയ്യാത്തൊരു സമൂഹമായി കേരളീയസമൂഹം മാറിയാല്‍ ഇപ്പോള്‍ പി ജയരാജനെയും ടി വി രാജേഷിനെയും തെറ്റായരീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തിയതുപോലെ നാളെ ഏതൊരാളെയും ഏതൊരു കേസിലും ഉള്‍പ്പെടുത്തുന്ന അവസ്ഥ വളര്‍ന്നുവരും. പൊലീസിന് അമിതാധികാരം നല്‍കിയാല്‍ അതൊരു സ്ഥിരം സംവിധാനമായി വളര്‍ന്നുവരും. ഫാസിസ്റ്റുകള്‍ ലോകത്താകെ നടപ്പാക്കിയ വേട്ടയുടെ ചെറിയൊരുപതിപ്പാണ് കേരളത്തില്‍ സിപിഐ എമ്മിനെതിരെയും പ്രയോഗിക്കുന്നത്. രാജ്യത്തെ ശക്തമായ ഇടതുപക്ഷപ്രസ്ഥാനം സിപിഐ എമ്മാണ്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ക്കുക എന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ബംഗാളിലും ഇപ്പോള്‍ കേരളത്തിലും അധികാരമുപയോഗിച്ച് നടത്തുന്ന കടന്നാക്രമണങ്ങള്‍.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 18 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാംമുറ പ്രയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന അഭ്യാസങ്ങളാണ് കേരളത്തെ സംഘര്‍ഷഭരിതമാക്കുന്നത്. ഉമ്മന്‍ചാണ്ടി നാക്കുകൊണ്ടും തിരുവഞ്ചൂര്‍ ലാത്തികൊണ്ടും നടത്തുന്ന മൂന്നാംമുറ വഴി അധികാരം നിലനിര്‍ത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ക്രമസമാധാന പാലനത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. യുഡിഎഫ് പതിനഞ്ച് മാസം ഭരിച്ചപ്പോള്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.