Sunday, August 19, 2012

ഗോപാലകൃഷ്ണന്റെ മസ്ജിദുകള്‍

കല്ലിലും സിമന്റിലും തീര്‍ത്ത പ്രാര്‍ഥനകളാണ് ഗോപാലകൃഷ്ണന് ഒരോ പള്ളിയും. അപൂര്‍വമായ ജീവിത നിയോഗത്തിന് സ്വയം സമര്‍പ്പിച്ച അദ്ദേഹം എഴുപത്തഞ്ചാം വയസ്സിലും വിശ്രമിക്കുന്നില്ല. മുസ്ലിംദേവാലയങ്ങളുടെ പെരുന്തച്ചന്റെ ജീവിതത്തിലേക്ക്

നിറയെ കാറ്റും വെളിച്ചവുമുള്ള അനാര്‍ഭാടമായ വീട്ടില്‍, ഖുര്‍ആനും ബൈബിളും പുരാണങ്ങളും ചേര്‍ന്നിരുന്ന് സൗഹൃദം പങ്കുവയ്ക്കുന്ന ഓഫീസ് മുറിയില്‍, പണിതീരാത്ത പള്ളികളുടെ രൂപരേഖകള്‍ക്കിടയിലാണ് ഗോപാലകൃഷ്ണന്‍. പുലര്‍ച്ചെ നാലിനുണര്‍ന്ന് അക്ഷരങ്ങളോടും ആകാശത്തുയരേണ്ട മിനാരങ്ങളുടെ കണക്കുകളോടും മല്ലിടാന്‍ തുടങ്ങിയതാണ്. ലാപ്ടോപ്പിലും കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്ക്കാന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ഇനി ഭക്ഷണം സൂര്യന്‍ അസ്തമിച്ചശേഷംമാത്രം. റമദാന്‍ കാലത്തെ ഈ ശീലം തുടങ്ങിയിട്ട് 20 വര്‍ഷത്തിലേറെയായി. നെറ്റിയില്‍ നിസ്കാര തഴമ്പിനുപകരം വയ്ക്കാന്‍ ഭസ്മക്കുറി. മത്സ്യവും മാംസവുംപോലും വര്‍ജ്യം. അത് ഒരിക്കല്‍ വ്രതവും ഏകാദശിയും നോറ്റ അമ്മയും അച്ഛനും പകര്‍ന്നുനല്‍കിയ ശീലം. മുസ്ലിം ആരാധനാലയ നിര്‍മാണത്തിനായി കേരളത്തിലെമ്പാടുനിന്നും ആളുകള്‍ തേടിയെത്തുന്നതിന്റെ നന്ദിപ്രകടനമല്ല ഈ നോമ്പുപിടിത്തം. കല്ലിലും സിമന്റിലും തീര്‍ത്ത പ്രാര്‍ഥനകളാണ് ഗോപാലകൃഷ്ണന് ഒരോ പള്ളിയും. നാലര ദശകത്തിനിടെ രൂപകല്‍പ്പനചെയ്തത് തൊണ്ണൂറിലേറെ മുസ്ലിംപള്ളികള്‍. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് അഞ്ചിലേറെ. അഞ്ച് ക്രിസ്ത്യന്‍ പള്ളികളും വീടിനു സമീപത്തെ ക്ഷേത്രവും വേറെയുണ്ട്. ഹിന്ദുകുടുംബത്തില്‍ പിറന്ന് ക്രിസ്ത്യാനിയെ ജീവിതസഖിയാക്കി കുട്ടികളെ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് വിവാഹം ചെയ്തുകൊടുത്ത തിരുവനന്തപുരത്തുകാരന്‍ ജി ഗോപാലകൃഷ്ണന്‍ എന്ന ഈ "അണ്‍ക്വാളിഫൈഡ്" വാസ്തുശില്‍പ്പി പക്ഷേ ആരാധനാലയങ്ങള്‍ പണിയാനാഗ്രഹിക്കുന്നത് മനുഷ്യമനസ്സുകളിലാണ്.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളുടെ രൂപമാറ്റത്തിന്റെ ചരിത്രമാണ് ഗോപാലകൃഷ്ണന്റെ ജീവചരിതം. 1966ല്‍ പാളയം ജുമാമസ്ജിദിന്റെ രൂപമാറ്റത്തോടെയാണ് വെറും കോണ്‍ക്രീറ്റ് കൂടാരങ്ങളില്‍നിന്ന് കേരളത്തിലെമ്പാടും പള്ളികള്‍ ഇന്തോ-സാരസനിക് മാതൃകയിലേക്ക് ചുവടുമാറ്റുന്നത്. മുഗള്‍ ശില്‍പ്പരീതിയും ഇന്ത്യന്‍രീതിയും കൈകോര്‍ക്കുന്ന ഈ മാതൃക പിന്നീട് കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചരിഞ്ഞ വരാന്തകളോടെയുള്ള നിര്‍മാണശൈലിയിലേക്ക് മാറുന്നതിനും ചുക്കാന്‍പിടിച്ചു. ജാതിഭേദമെന്യേ ആരാധന നടത്താവുന്ന ബീമാപള്ളി, ആറ്റിങ്ങലിനു സമീപമുള്ള കടുവയില്‍ പള്ളി, കൊല്ലത്തെ ഷെയ്ഖ് മസ്ജിദ് സിയാറത്തുമൂട് പള്ളി, എരുമേലി വാവര്‍ പള്ളി എന്നിവിടങ്ങളില്‍ കേരളീയമാതൃക പിന്‍പറ്റിയ ദേശീയോദ്ഗ്രഥന ശൈലിയാണ് സ്വീകരിച്ചത്. ഇന്നേവരെ താജ്മഹല്‍ നേരിട്ട് കാണാതെയാണ് താജ്മഹലിന്റെ മാതൃകയില്‍ കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദ് നിര്‍മിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലായതുമായ ആരാധനാലയങ്ങള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പുതുരൂപം പകര്‍ന്നത്. പിന്നീടവയെല്ലാം കേരളത്തിന്റെ തീര്‍ഥാടനകേന്ദ്രങ്ങളായി. നിര്‍മാണപ്രകിയയില്‍ വിദഗ്ധരായവരുടെ പരമ്പരയിലാണ് ജനം. തിരുവിതാംകൂര്‍ മഹാരാജാവ് കനകക്കുന്ന് കൊട്ടാരം നിര്‍മിക്കാന്‍ നിയോഗിച്ച വാസ്തുശില്‍പ്പികളില്‍ മുത്തച്ഛനുമുണ്ടായിരുന്നു. ചെറുകെട്ടിടങ്ങളുടെ കരാര്‍പണി ഏറ്റെടുത്തിരുന്ന അച്ഛന്‍ പാളയം ജുമാമസ്ജിദിന്റെ അടങ്കല്‍പണി ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടി നില്‍ക്കുകയാണ് അപ്പോള്‍ ഗോപാലകൃഷ്ണന്‍. പഴയ പത്താംക്ലാസ്. ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ് വില്ലനായി. അച്ഛന്റെ പണിസ്ഥലത്ത് ചോറുമായെത്തിയിരുന്ന ഗോപാലകൃഷ്ണന് കെട്ടിടങ്ങള്‍ വരയ്ക്കുന്നതില്‍ കുട്ടിക്കാലത്തേ കമ്പമുണ്ടായിരുന്നു. മുതിര്‍ന്നപ്പോള്‍, അച്ഛന് പ്ലാനുകള്‍ വരച്ചുകൊടുത്തിരുന്ന ആംഗ്ലോ ഇന്ത്യനായ എല്‍ എ സല്‍ദാനയുടെ അനൗപചാരിക ശിക്ഷണം. സല്‍ദാനയുടെ മക്കളെ ഗോപാലകൃഷ്ണന്‍ മലയാളം പഠിപ്പിച്ചു, സല്‍ദാന പകരം കെട്ടിടംവരയും. ആര്‍ക്കിടെക്ചറില്‍ അന്നത്തെ ബിരുദത്തിനു തുല്യമായ എഎംഐ എന്ന കോഴ്സിനു ചേര്‍ന്നെങ്കിലും ഭാഗ്യം തുണച്ചില്ല. സല്‍ദാനയ്ക്ക് ഒപ്പം കെട്ടിടം വരച്ചും സല്‍ദാനയ്ക്കുവേണ്ടി വരച്ചും നടക്കെയാണ് യുവാവായ ഗോപാലകൃഷ്ണന്‍ സ്വതന്ത്രകേരളത്തിന്റെ ആദ്യത്തെ ചീഫ് എന്‍ജിനിയര്‍ ടി പി കുട്ടിയാമുവിനെ പരിചയപ്പെടുന്നത്. കുട്ടിയാമുവും 1965ല്‍ വാങ്ങി വായിച്ച പേഴ്സി ബ്രൗണിന്റെ ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍-ഹിന്ദു പീരീഡ്, ഇസ്ലാമിക് പീരീഡ് എന്നീ ഗ്രന്ഥങ്ങളുമാണ് ഗോപാലകൃഷ്ണന്റെ തലവര മാറ്റിയത്. കുട്ടിയാമു പകര്‍ത്തിക്കൊണ്ടുവന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് കുടീരത്തിന്റെ മുഖവാരത്തിന്റെ മാതൃക അവലംബിച്ചാണ് പാളയം പള്ളിയൊരുക്കിയത്. ചീഫ് ആര്‍ക്കിടെക്ടായ ജെ സി അലക്സാണ്ടര്‍ക്ക് ഒപ്പം പള്ളിവരയ്ക്കുന്നതില്‍ ഗോപാലകൃഷ്ണനും സഹായിയായി. താഴികക്കുടവും മിനാരങ്ങളുമുള്ള കേരളത്തിലെ ആദ്യ പള്ളിയൊരുക്കാന്‍ ലഭിച്ച പരിചയം ഇന്തോ-സാരസനിക് ശില്‍പ്പശൈലിയിലേക്ക് ഗോപാലകൃഷ്ണന് പുതിയ വാതായനം തുറന്നു. പിന്നീട് ഗോപാലകൃഷ്ണന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാളയം പള്ളിയുടെ മാതൃകയില്‍ പള്ളി നിര്‍മിക്കാന്‍ ആളുകള്‍ ഗോപാലകൃഷ്ണനെ തേടിയെത്തി.

ബീമാപള്ളിക്ക് 1966ല്‍ ഗോപാലകൃഷ്ണന്‍ രൂപകല്‍പ്പന നടത്തുമ്പോള്‍ ആര്‍ക്കിടെക്ട് എന്ന അക്കാദമിക് സമൂഹം കേരളത്തില്‍ പഠിച്ചിറങ്ങിയിരുന്നില്ല. പിന്നീട് രണ്ടുവര്‍ഷംകൂടി കഴിഞ്ഞു ട്രിവാന്‍ഡം എന്‍ജിനിയറിങ് കോളേജില്‍നിന്ന് അംഗീകൃത ആര്‍ക്കിടെക്ടുമാരുടെ ആദ്യബാച്ച് പുറത്തിറങ്ങാന്‍. ഇന്തോ-പേര്‍ഷ്യന്‍ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രം രേഖപ്പെടുത്തുന്ന മൂന്നേക്കറില്‍ പരന്നുകിടക്കുന്ന പള്ളിയുടെ കൂറ്റന്‍ മുഖവാരവും താഴികക്കുടങ്ങളും 132 അടി പൊക്കമുള്ള മിനാരങ്ങളും താമരയിതള്‍ കൊത്തുപണികളും തീര്‍ക്കാന്‍ ഗോപാലകൃഷ്ണന്‍ ചെലവിട്ടത് യൗവനയുക്തമായ 18 വര്‍ഷം. ഡല്‍ഹി ചെങ്കോട്ടയ്ക്കുള്ളിലെ മോട്ടി മസ്ജിദിന്റെ മാതൃക ഉള്‍ക്കൊണ്ടാണ് ബീമാപള്ളിയിലെ ദര്‍ഗയിലെ മിനാരങ്ങളും താഴികക്കുടവും തീര്‍ത്തത്. 1984ലാണ് പണി പൂര്‍ത്തിയായത്. ""ഒരു നീണ്ട പ്രാര്‍ഥനയായിരുന്നു അത്. എന്റെ കൈ പതിയാത്ത ഒരിടംപോലുമുണ്ടാകില്ല അവിടെ. കൂറ്റന്‍ താഴികക്കുടങ്ങള്‍ സ്ഥാപിക്കുന്നതിനുമുമ്പ് മിനാരങ്ങളുടെ മുകളില്‍പ്പോലും ഞാന്‍ എത്തിപ്പിടിച്ചുകയറി"" ബീമാപള്ളിയുടെ പൂര്‍ത്തീകരണത്തോടെ രൂപകല്‍പ്പനയില്‍ ഗോപാലകൃഷ്ണന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ഉദാഹരണമാണ് കടുവയില്‍ പള്ളിയും വാവരു പള്ളിയും. തനി കേരളീയമായ ചരിഞ്ഞ മേല്‍ക്കൂരയും ഇസ്ലാമിക ശില്‍പ്പശൈലിയും ഇന്ത്യന്‍ പരമ്പരാഗത കൊത്തുപണിയും സംഗമിക്കുന്ന പ്രാര്‍ഥനയുടെ ഇടങ്ങള്‍. ശബരിമലയുടെ ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന വാവരുപള്ളിക്ക്് ഹൈന്ദവ-ഇസ്ലാമിക പാരസ്പര്യത്തിന്റെ സൗന്ദര്യം നല്‍കണമെന്ന് ഗോപാലകൃഷ്ണന് നിര്‍ബന്ധമുണ്ടായിരുന്നു. പള്ളിയിലെ പ്രാര്‍ഥാനകര്‍മങ്ങളെ ബാധിക്കാത്തവിധം അയ്യപ്പഭക്തര്‍ക്ക് വലംവച്ച് പേട്ട തുള്ളാനുള്ള സൗകര്യമൊരുക്കി.

സംഘപരിവാറിന്റെ കര്‍സേവകര്‍ അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തത് തമിഴ്നാട്ടിലെ തക്കലയില്‍ പീര്‍മുഹമ്മദ് ഔലിയ കള്‍ച്ചറല്‍ സെന്ററിനു ഗോപാലകൃഷ്ണന്‍ കോണ്‍ക്രീറ്റ് നടത്തുമ്പോഴാണ്. ""വാസ്തുശില്‍പ്പിക്ക് ഒന്നിന്റെയും നശീകരണത്തെ അനുവദിച്ചുകൊടുക്കാനാകില്ല. നൂറ്റാണ്ടുകളായി നമുക്കിടയില്‍ ഒത്തൊരുമയോടെ അധിവസിച്ച ഒരു സമുദായം പെട്ടെന്ന് ഭയപ്പെട്ട് ഉള്‍വലിയാന്‍ വെമ്പുന്നത് അടുത്തുനിന്ന് അറിഞ്ഞവനാണ് ഞാന്‍"". ഗോപാലകൃഷ്ണന്റെ വാക്കുകളില്‍ രോഷം. ഗോഥിക് പാരമ്പര്യം ഉള്‍ക്കൊണ്ട് ഗോപാലകൃഷ്ണന്‍ രൂപംനല്‍കിയ ക്രിസ്ത്യന്‍ പള്ളികളില്‍ ഏറ്റവും പ്രധാനം റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയില്‍ തീര്‍ത്ത ചന്ദനപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയാണ്. ദ്രവീഡിയന്‍ ശില്‍പ്പരീതിയിലാണ് തിരുവനന്തപുരത്ത് പാളയത്ത് കുടുംബവീടിനു സമീപം കൊണാര്‍ക്ക് ക്ഷേത്രത്തിലെ വലിയ ചക്രമുള്ള രഥത്തിന്റെ മാതൃകയില്‍ ഭദ്രകാളി ക്ഷേത്രം ഒരുക്കിയത്.

പ്രാര്‍ഥനയുടെ വിശുദ്ധ ഇടങ്ങള്‍ കേരളമെമ്പാടും സൃഷ്ടിച്ച വാസ്തുശില്‍പ്പിസര്‍ക്കാര്‍ രേഖകള്‍ പ്രകാരം"അണ്‍ക്വാളിഫൈഡ് ആര്‍ക്കിടെക്ട്" ആണ്. ഗോപാലകൃഷ്ണന്റെ രൂപരേഖകള്‍ മണ്ണില്‍ പണി തുടങ്ങണമെങ്കില്‍ അക്കാദമിക ബിരുദം നേടിയിറങ്ങിയ ആര്‍ക്കിടെക്ടിന്റെ കൈയൊപ്പ് ചാര്‍ത്തണം. 1972ലെ ആര്‍ക്കിടെക്ട് ആക്ടാണ് ഗോപാലകൃഷ്ണന്റെ കഴിവിന്റെ നിത്യസ്മാരകങ്ങള്‍ക്കു മുന്നില്‍ സ്വയംപരിഹാസ്യമായി തലകുനിച്ചു നില്‍ക്കുന്നത്. വ്യക്തിപരമായ മികച്ച കഴിവു പ്രകടിപ്പിച്ച ശില്‍പ്പിയെന്ന പരിഗണന ഗോപാലകൃഷ്ണന് നേടിയെടുക്കാനുള്ള പഴുതുകള്‍ ഉത്തരവിലുണ്ടെങ്കിലും അതിനായുള്ള നിയമപോരാട്ടത്തിനൊന്നും അദ്ദേഹമിറങ്ങിയില്ല. പകരം മക്കളിലൂടെ ആ കുറവ് പരിഹരിച്ചു. മൂത്തമകന്‍ ഗോവിന്ദ് ജൂനിയറും മരുമകളും ആര്‍ക്കിടെക്ചര്‍ ബിരുദധാരികളാണ്.

കോവളം കടല്‍ത്തീരത്ത് മനോഹരമായ പള്ളി പണിതു നല്‍കിയപ്പോള്‍ ഷാര്‍ജയിലെ ചീഫ് ഓഫ് ജുഡീഷ്യറി ആയിരുന്ന ഹമീദ് ബിന്‍ അല്‍പാസ്മി, അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ഓഫീസിന് സ്ഥലം വാഗ്ദാനംചെയ്ത് ഗോപാലകൃഷ്ണനെ ഷാര്‍ജയിലേക്ക് ക്ഷണിച്ചു. ഗോപാലകൃഷ്ണന്‍ സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു. വിദേശത്തേക്ക് പോയാല്‍ ഏറ്റെടുത്ത പള്ളികളൊന്നും താന്‍ ആഗ്രഹിച്ച രൂപത്തില്‍ തീരില്ലെന്ന വേവലാതികൊണ്ട് മാത്രമായിരുന്നു ആ തിരസ്കാരം. ""ഇത്രകാലം ജോലിചെയ്തിട്ടും വലിയ ബാങ്ക് ബാലന്‍സ് ഒന്നും നേടാനായില്ല. ഉള്ളിലെ വെളിച്ചമാണ് നേട്ടം. എല്ലാ മതങ്ങളും ഒന്നാണെന്നു പഠിച്ചു. റമദാന്‍ മാസത്തെ പുലര്‍കാലങ്ങളിലെ വായനകളില്‍ എല്ലാ മതസ്ഥരുടെയും പുണ്യഗ്രന്ഥങ്ങള്‍ കടന്നുവരാറുണ്ട്, ആരാധനാലയങ്ങള്‍ ഏതു സമുദായത്തിന്റേതായാലും ആത്മസംസ്കരണത്തിനുള്ള സാംസ്കാരികകേന്ദ്രങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് സ്വന്തം ജീവിതംകൊണ്ടാണ്.""

മാനവമൈത്രി അഥവാ യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് എന്ന സംഘടനയ്ക്ക് 2002 ജനുവരി ഒന്നിന് ഗോപാലകൃഷ്ണന്‍ സമാനമനസ്കരുമായി ചേര്‍ന്ന് രൂപം നല്‍കിയത് ഈ തിരിച്ചറിവില്‍നിന്നാണ്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍, പത്തുവര്‍ഷത്തിനിപ്പുറവും സംഘടന തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു. സിമന്റും കമ്പിയും കല്ലും ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയുന്നതിനേക്കാള്‍ കഠിനമാണ് മനുഷ്യമനസ്സുകളില്‍ ദേവാലായം പണിയാനെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ വേദനയാകുന്നു. മനുഷ്യരിലെ സ്വാര്‍ഥതയുടെ കല്ലുകള്‍ ഉടച്ചുവാര്‍ക്കാനാകുന്നതിലും വലുതാണ്, എങ്കിലും ശില്‍പ്പി തളരുന്നില്ല, മതങ്ങളെല്ലാമൊന്നാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കാനായെങ്കില്‍ ആ സന്ദേശം പുതിയ തലമുറയിലേക്ക് പകരാനാകുമെന്ന ദൃഢവിശ്വാസം ഗോപാലകൃഷ്ണനുണ്ട്.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 19 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കല്ലിലും സിമന്റിലും തീര്‍ത്ത പ്രാര്‍ഥനകളാണ് ഗോപാലകൃഷ്ണന് ഒരോ പള്ളിയും. അപൂര്‍വമായ ജീവിത നിയോഗത്തിന് സ്വയം സമര്‍പ്പിച്ച അദ്ദേഹം എഴുപത്തഞ്ചാം വയസ്സിലും വിശ്രമിക്കുന്നില്ല. മുസ്ലിംദേവാലയങ്ങളുടെ പെരുന്തച്ചന്റെ ജീവിതത്തിലേക്ക്