Wednesday, August 15, 2012

യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവും

കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത എന്നുമുതലാണ് വളര്‍ന്നു വന്നതെന്ന് ഒരു പണ്ഡിതന്‍ ചോദിക്കുകയുണ്ടായി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി നിരവധി മാര്‍ക്സിസ്റ്റ് വിരുദ്ധ - കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികള്‍ കേരളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. അപ്പോഴും ഇത്തരം മുന്നണികളില്‍പെട്ടവര്‍പോലും കമ്യൂണിസത്തെ സൈദ്ധാന്തികമായി തള്ളിക്കളയുകയോ കമ്യൂണിസ്റ്റ് പാര്‍ടികളോട് അസ്പൃശ്യത കല്‍പിക്കുകയോ ചെയ്തിരുന്നില്ല. ബിജെപി ഒഴികെ മറ്റാര്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടികളുമായി മുന്നണി ബന്ധങ്ങളുണ്ടായിരുന്നില്ലെന്ന് പറയാനാവില്ല.

""കോണ്‍ഗ്രസും കമ്യൂണിസവും"" എന്ന പുസ്തകത്തില്‍ കെ കേളപ്പന്‍ കമ്യൂണിസത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. പിന്നീട് വിമോചന സമരകാലത്താണ് കമ്യൂണിസത്തിനെതിരായി ശക്തമായ വിമര്‍ശനവുമായി സാമുദായിക സംഘടനകള്‍ രംഗത്തുവന്നത്. ഏതാണ്ടതേ കാലത്തുതന്നെ സി ജെ തോമസ് ""1128ല്‍ ക്രൈം 27"" എന്ന നാടകത്തിലൂടെ കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കി. 60കളില്‍ എം എന്‍ റോയിയുടെ അനുയായികള്‍ എം ഗോവിന്ദന്റെ നേതൃത്വത്തില്‍ കമ്യൂണിസത്തിനെതിരായ സര്‍ഗസംവാദങ്ങള്‍ ക്യാമ്പസുകളില്‍ സംഘടിപ്പിക്കുകയും മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ച "സമീക്ഷ"യിലൂടെ കമ്യൂണിസത്തിനെതിരായ ശക്തമായ വിമര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എഴുപതുകളില്‍ ആഗോളതലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ വളര്‍ച്ചയും മാര്‍ക്സിസത്തിന് സൈദ്ധാന്തികതലത്തിലുണ്ടായ വികാസവുംമൂലം കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് പൊതുവില്‍ മൂര്‍ച്ച കുറവായിരുന്നു. അടിയന്തരാവസ്ഥപോലുള്ള രാഷ്ട്രീയ ഘടകങ്ങള്‍ ഇടതുപക്ഷത്തിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവയുടെ ഫലമായി കമ്യൂണിസ്റ്റ് വിരുദ്ധത വലതുപക്ഷ ആക്രമണമെന്ന നിലയിലല്ല, ഇടതുപക്ഷത്തിനുള്ളില്‍തന്നെയുള്ള ചേരിപ്പോരുകളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എണ്‍പതുകളുടെ ആദ്യം ജനകീയ സാംസ്കാരിക വേദിയും വിവിധ സിപിഐ (എംഎല്‍) ഗ്രൂപ്പുകളും സിപിഐ (എം)നും കുറെയൊക്കെ സിപിഐക്കുമെതിരായി നടത്തിയ ആക്രമണം ഇതിനുദാഹരണമാണ്. കമ്യൂണിസ്റ്റ്പാര്‍ടികളുടെ ""വര്‍ഗ സഹകരണ""പരമായ നയങ്ങള്‍ക്കെതിരായി തീവ്രവാദ ഗ്രൂപ്പുകള്‍ പ്രചാരണം തുടര്‍ന്നുവെങ്കിലും കമ്യൂണിസത്തെ ഒട്ടാകെ തള്ളിപ്പറയുന്ന നിലപാടുകള്‍ അവരും കൈക്കൊണ്ടില്ല. ക്രമേണ ഇവരുടെ സ്വരത്തില്‍ വ്യത്യാസം വരുന്നതായി കാണാം.

ഇടതുപക്ഷത്തില്‍ നിന്നുതന്നെ വളര്‍ന്നുവന്ന സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ്പാര്‍ടികള്‍ സൈദ്ധാന്തികമായും പ്രായോഗികമായും പുരുഷമേധാവിത്വ സമീപനം ഉള്‍ക്കൊള്ളുന്നവരാണെന്ന വിമര്‍ശനം ഉയര്‍ത്തി. അധഃസ്ഥിത ജാതി സമുദായ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകാര്‍ ജാതി വൈരുദ്ധ്യങ്ങളെ അംഗീകരിക്കുന്നില്ലെന്നുമാത്രമല്ല, കമ്യൂണിസ്റ്റ് നേതൃത്വം സവര്‍ണ്ണ മേധാവിത്വപരമാണെന്നുമുള്ള വിമര്‍ശനം ഉന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകാരെ കേവല വികസനവാദികളായി ചിത്രീകരിച്ചു. ഇവയ്ക്കെല്ലാമുള്ള സൈദ്ധാന്തിക വാദമുഖങ്ങളും നിരത്തപ്പെട്ടു. സിപിഐ (എംഎല്‍) ഗ്രൂപ്പുകളുടെ തകര്‍ച്ച പല മുന്‍ തീവ്രവാദി പ്രവര്‍ത്തകരെയും ഫെമിനിസ്റ്റ്-ദളിത്-പരിസ്ഥിതിവാദ പ്രവര്‍ത്തകരോടൊപ്പമെത്തിച്ചു. ഇവരില്‍നിന്ന് ""വ്യവസ്ഥാപിതമായ"" ""മുഖ്യധാരാ"" ഇടതുപക്ഷത്തിനെതിരായ വാദഗതികള്‍ ഉയര്‍ന്നുവന്നു. ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന അക്കാദമിക് ബുദ്ധിജീവികളുടെ തലമുറയും വളര്‍ന്നുവന്നു. അപ്പോഴും അവര്‍ ഇടതുപക്ഷത്തിലെ പുതിയ പ്രവണതയായി സ്വയം ചിത്രീകരിക്കുകയാണ് ചെയ്തത്. അപ്പോഴും കമ്യൂണിസ്റ്റ് പാര്‍ടികളുടെ നിരാകരണം കമ്യൂണിസത്തിന്റെ നിരാകരണത്തിലെത്തിയിരുന്നില്ല.

എന്നാലിപ്പോള്‍ സ്ഥിതി പൂര്‍ണമായി മാറിയിരിക്കുന്നു. ചന്ദ്രശേഖരന്‍വധം സൃഷ്ടിച്ച സംവാദം സൈദ്ധാന്തികവും പ്രായോഗികവുമായ തലത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത സാംസ്കാരിക മണ്ഡലത്തിലെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നു. അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ബുദ്ധിജീവികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ""നവ സാമൂഹ്യപ്രസ്ഥാന""ങ്ങളില്‍പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന വലിയൊരു സംഘം ആളുകള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വക്താക്കളാണ്. ഒന്നുകില്‍ അവര്‍ കമ്യൂണിസത്തെ നേരിട്ട് എതിര്‍ക്കുകയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും തകര്‍ച്ചയ്ക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ അരാഷ്ട്രീയവല്‍ക്കരണ മുദ്രാവാക്യങ്ങളിലൂടെ കമ്യൂണിസ്റ്റുകാരോട് അസ്പൃശ്യത കല്‍പിക്കുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള സൈദ്ധാന്തിക വിമര്‍ശനവും പുതിയൊരു ഇടതുപക്ഷത്തിന്റെ സൃഷ്ടിയുമായി ഇന്നത്തെ കമ്യൂണിസ്റ്റ് വിരുദ്ധതയെ കണക്കാക്കാനാവില്ല. വിമോചനസമരം യാഥാസ്ഥിതികത്വത്തിന്റെ തിരനോട്ടമായിരുന്നെങ്കില്‍, കേരളം കണ്ടിട്ടുള്ള ഏറ്റവും വ്യാപ്തിയും ആഴവുമുള്ള യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ അരങ്ങേറ്റമാണ് ഇപ്പോള്‍ നമ്മുടെമുമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധത നമ്മുടെ സാഹചര്യങ്ങളില്‍ പ്രതിവിപ്ലവ ആശയസംഹിതയുടെ പ്രധാന ഘടകമാണ്.

യാഥാസ്ഥിതിക പ്രതിവിപ്ലവം എന്ന ആശയം പുതിയതായി തോന്നാം. എല്ലാ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പ്രതിവിപ്ലവ ശക്തികള്‍ രംഗത്തുവരാറുണ്ട്. 1848ല്‍ ഫ്രാന്‍സില്‍ നടന്ന തൊഴിലളിവര്‍ഗ മുന്നേറ്റത്തെയും 1871ലെ പാരീസ് കമ്യൂണിനെയും പരാജയപ്പെടുത്തിയത് പ്രതിവിപ്ലവശക്തികളായിരുന്നു. 1917ലെ റഷ്യന്‍ വിപ്ലവത്തിനെതിരായി പ്രതിവിപ്ലവശക്തികള്‍ വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയോടെ ആക്രമണം നടത്തിയെങ്കിലും അതിനെ അതിജീവിക്കാന്‍ വിപ്ലവശക്തികള്‍ക്ക് കഴിഞ്ഞു. 1957ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ പ്രതിവിപ്ലവശക്തികള്‍ വിമോചനസമരവുമായി രംഗത്തുവന്നു. 1972ല്‍ ചിലിയിലെ അലെന്‍ഡെ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ സാമ്രാജ്യത്വശക്തികളെ സഹായിച്ചതും പ്രതിവിപ്ലവശക്തികളായിരുന്നു. 1978ല്‍ അഫ്ഗാനിസ്ഥാനിലെ പുരോഗമന ഭരണകൂടത്തെ മറിച്ചിടുന്നതിനും പ്രതിവിപ്ലവശക്തികള്‍ പങ്കുവഹിച്ചു. പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് ആധിപത്യം നേടാന്‍ സാധിക്കുന്ന ഘട്ടങ്ങളിലൊക്കെ പ്രതിവിപ്ലവശക്തികള്‍ രംഗത്തുവരുന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തില്‍നിന്ന് എടുത്തു നിരത്താന്‍ കഴിയും.

പ്രതിവിപ്ലവങ്ങള്‍ ചരിത്രത്തെ പിന്നോട്ടുനയിക്കുകയാണ് ചെയ്യുന്നതെന്നതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. 1848ലെ പ്രതിവിപ്ലവം ലൂയി നെപ്പോളിയന്റെ ഏകാധിപത്യ ഭരണത്തിലേക്കാണ് നയിച്ചത്. ചിലിയിലെ അട്ടിമറി ജനറല്‍ പിനോഷെയുടെ ഏകാധിപത്യ ഭരണത്തിലേക്കും നയിച്ചു. ഇന്നത്തെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടതും പിനോഷെയുടെ ഭരണത്തിലാണ്. യാഥാസ്ഥിതിക പ്രതിവിപ്ലവങ്ങള്‍ സാമൂഹ്യവിപ്ലവങ്ങളോടുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ മാത്രമല്ല, സാമൂഹ്യവിപ്ലവങ്ങളെ അട്ടിമറിച്ച് പഴയ ഭരണകൂടങ്ങള്‍ പുന:സ്ഥാപിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. സാമൂഹ്യ വിപ്ലവങ്ങള്‍ക്കു കാരണമായ സമൂഹവ്യവസ്ഥയിലെ ഘടകങ്ങളെത്തന്നെ ഇല്ലാതാക്കി സ്വന്തം ആശയസംഹിതകളനുസരിച്ച് സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകകൂടി അവയുടെ ലക്ഷ്യമാണ്. ചിലിയില്‍ ജനറല്‍ പിനോഷെയുടെ പ്രതിവിപ്ലവം അലെന്‍ഡെയുടെ ഗവണ്‍മെന്റ് സാധ്യമാക്കിയ ജനാധിപത്യവ്യവസ്ഥയെവരെ തകര്‍ത്തുകളഞ്ഞു. അലെന്‍ഡെ നടപ്പിലാക്കിയ സോഷ്യലിസ്റ്റ് പരിഷ്കാരങ്ങള്‍ മുഴവനും ഇല്ലാതാക്കുകയും മില്‍ട്ടന്‍ ഫ്രീഡ്മാനും അനുയായികളും നിര്‍ദ്ദേശിച്ച സ്വതന്ത്ര വാണിജ്യ വ്യവസ്ഥയെ പകരം കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയ ഏകാധിപത്യവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഒരേസമയം നടപ്പിലാക്കപ്പെട്ട രാഷ്ട്രമായിരുന്നു ചിലി. മാര്‍ക്കോസ് ദമ്പതിമാരുടെ ഫിലിപ്പൈന്‍സിലും ഹോസ്നി മുബാറക്കിന്റെ ഈജിപ്തിലും മുവമ്മര്‍ ഗദ്ദാഫിയുടെ ലിബിയയിലും ഈ ""മാതൃക"" നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇത്തരം പ്രതിവിപ്ലവം ഒരു പടികൂടി മുന്നോട്ടു കടന്നു. സോഷ്യലിസത്തിന്റെ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയുടെ ഒരു കണികപോലും ബാക്കിവെയ്ക്കാതിരിക്കാന്‍ പ്രതിവിപ്ലവകാരികള്‍ ശ്രദ്ധിച്ചു. അവരുടെ ശ്രമങ്ങള്‍ക്കുള്ള പ്രഹസനാത്മകമായ മറുപടിയായി, അമേരിക്കന്‍ പിന്തുണയോടെ ഹമീദ് കര്‍സായിയുടെ പാവ ഗവണ്‍മെന്റ് ഇപ്പോഴും ഭരിക്കുന്നു. ആ ഗവണ്‍മെന്റിന്റെ കീഴില്‍ എത്രമാത്രം പ്രദേശങ്ങളുണ്ടെന്നുപോലും ഭരണാധികാരികള്‍ക്ക് അറിവുണ്ടാകില്ല. നവലിബറലിസത്തിന്റെകീഴില്‍ നടക്കുന്ന പ്രതിവിപ്ലവങ്ങളുടെ യഥാര്‍ത്ഥ സ്വഭാവമാണ് അഫ്ഗാനിസ്ഥാനിലെപോലെയുള്ള സ്ഥിതിവിശേഷം കാണിക്കുന്നത്.

ആദ്യകാല പ്രതിവിപ്ലവങ്ങള്‍ സോഷ്യലിസ്റ്റ് തൊഴിലാളിവര്‍ഗ്ഗ ""അട്ടിമറി""കള്‍ക്കെതിരായി ലിബറല്‍ ജനാധിപത്യ മുദ്രാവാക്യങ്ങളാണ് ഉന്നയിച്ചത്. അവ അമിതാധികാര രൂപങ്ങളിലേക്കു നയിച്ചുവെന്നു മാത്രം. എന്നാല്‍, നവലിബറലിസം സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനും വേണ്ടി മാത്രമാണ് നിലക്കൊള്ളുന്നത്. ഈ ഒഴുക്ക് ഉറപ്പുവരുത്തുന്ന ഭരണകൂടം ഏതുവിധത്തിലുള്ളതായാലും നവലിബറലിസത്തിന്റെ വക്താക്കള്‍ക്ക് എതിര്‍പ്പുണ്ടാകില്ല. നവലിബറല്‍ അമേരിക്ക ഇറാഖിനെ തകര്‍ത്തത് സദ്ദാംഹുസൈന്‍ അമിതാധികാര പ്രവണത കാണിച്ച ഭരണകര്‍ത്താവായതുകൊണ്ടല്ല, മൂലധന താല്‍പര്യങ്ങള്‍ക്കുവിരുദ്ധമായി കുവൈറ്റിലെയും ഉത്തര ഇറാഖിലെയും എണ്ണപ്പാടങ്ങള്‍ സ്വാധീനതയിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ മറവില്‍ മുവമ്മര്‍ ഗദ്ദാഫിയെ വധിക്കാന്‍ കൂട്ടുനിന്നത് ഗദ്ദാഫിയുടെ അമിതാധികാരം കൊണ്ടല്ല, ലിബിയന്‍ എണ്ണപ്പാടങ്ങളിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പ്രവേശനം നിഷേധിച്ചതുകൊണ്ടാണ്. സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയിലെ സ്വതന്ത്ര വ്യാപാരമേഖലകളില്‍ സാമ്രാജ്യത്വ മൂലധനത്തിന് പ്രവേശനമുള്ളിടത്തോളംകാലം ചൈനയെ ശത്രുവായി കാണില്ല. ജനാധിപത്യരാഷ്ട്രമായി അറിയപ്പെടുന്ന ഇന്ത്യ മൂലധന ചംക്രമണത്തിന് ഒത്താശചെയ്യുമ്പോള്‍ ഇന്ത്യക്ക് എല്ലാവിധ അംഗീകാരവും ലഭിക്കും. ഈ രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത ഭരണരൂപങ്ങള്‍ മൂലധനാധിപത്യത്തിന്റെ രൂപങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള പോറല്‍ ഏല്‍പിക്കുമ്പോള്‍ മാത്രമാണ് അവയെ രാഷ്ട്രീയ ശത്രുക്കളായി മൂലധനം കണക്കാക്കുക. അല്ലെങ്കില്‍ രാജവാഴ്ചമുതല്‍ മതാധിപത്യംവരെ ഏതുവിധത്തിലുള്ള ഭരണരൂപങ്ങളെയും ഉള്‍ക്കൊള്ളാന്‍ നവലിബറല്‍ മൂലധനാധിപത്യത്തിനു കഴിയും.

മൂലധനാധിപത്യത്തെ ആഴത്തില്‍ ചോദ്യംചെയ്യാന്‍ ഇപ്പോഴും കഴിവുള്ളത് സോഷ്യലിസത്തിനും കമ്യൂണിസത്തിനും തന്നെയാണ്. മൂലധനത്തിന്റെ ലാഭാധിഷ്ഠിതയുക്തിക്കും കമ്പോളാധിപത്യത്തിനും സാമൂഹ്യമായ ബദല്‍ അവതരിപ്പിക്കുന്നത് അവരാണ്. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ കൂട്ടായ്മകളില്‍നിന്നു വളര്‍ന്നുവരുന്ന സാമൂഹ്യബദലുകളാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം മൂലധനാധിപത്യത്തിനു ഭീഷണിയായി മാറുന്നത്. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യവും സംഘര്‍ഷവും ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ പ്രതിജ്ഞാബദ്ധരുമാണ്. സ്വാതന്ത്ര്യം, സെക്കുലറിസം, ജനാധിപത്യം മുതലായ മുദ്രാവാക്യങ്ങളില്‍നിന്ന് മൂലധനം പിന്‍വാങ്ങുമ്പോള്‍ അതേ മുദ്രാവാക്യങ്ങളുന്നയിച്ച് ഉല്‍പാദന ശക്തികളുടെ വളര്‍ച്ചയും തൊഴിലാളിവര്‍ഗ ഐക്യവും ഉറപ്പുവരുത്താനും കമ്യൂണിസ്റ്റുകാര്‍ ബാധ്യസ്ഥരാണ്. ജനാധിപത്യവല്‍ക്കരണവും തൊഴിലാളിവര്‍ഗ്ഗ ഐക്യവും ഉറപ്പുവരുത്താനായി പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാനും അവര്‍ സന്നദ്ധരാകണം. നവലിബറല്‍ മൂലധനാധിപത്യത്തിന്റെ ജനവിരുദ്ധ സ്വഭാവത്തെ നിരന്തരമായി തുറന്നുകാണിക്കാനും അവര്‍ക്കു കഴിയണം. ഇതിന്റെഫലമായി ഉണ്ടായിവരുന്ന ചൂഷിതരും പുറന്തള്ളപ്പെട്ടവരുമായ തൊഴില്‍ശക്തിയുടെ ഐക്യമാണ് മൂലധനത്തിന് അതിശക്തിയായ ആഘാതമേല്‍പിക്കുക. വളര്‍ന്നുവരുന്ന വര്‍ഗസമരങ്ങളുടെ രൂപവും അതുതന്നെയായിരിക്കും.

ഇവിടെയാണ് യാഥാസ്ഥിതിക പ്രതിവിപ്ലവശക്തികളുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നത്.

മൂലധനാധിപത്യത്തിനെതിരായി സ്ഥിരവും അസ്ഥിരവുമായ തൊഴിലുകള്‍ ഉള്ളവരും ഭൂമിയുള്ളവരും ഭൂരഹിതരുമായ കര്‍ഷകരും സ്വയം തൊഴിലെടുക്കുന്നവരും സേവന മേഖലയിലും ഐടിപോലുള്ള "ജ്ഞാ" മേഖലകളിലും പണിയെടുക്കുന്ന കൂലിവേലക്കാരുമടക്കമുള്ള ജനസാമാന്യത്തിന്റെ ഐക്യം യാഥാസ്ഥിതികശക്തികള്‍ ഭയപ്പെടുന്നു. കാരണം ഈ ജനസാമാന്യം വ്യത്യസ്ത ജാതിസമുദായങ്ങളിലും മതസമുദായങ്ങളിലുംപെട്ടവരാണ്. വ്യത്യസ്ത ദേശീയതകളും സംസ്കാരങ്ങളും കാഴ്ചപ്പാടുകളുമുള്ളവരാണ്, ലിംഗഭേദങ്ങളുളളവരാണ്. ഇവര്‍ തമ്മിലുണ്ടാകുന്ന പാരസ്പര്യങ്ങളുടെയും ഇഴുകിച്ചേരലുകളുടെയും ഫലമായി വളര്‍ന്നുവരുന്ന പുതിയ മാനവിക സമൂഹം സ്വന്തം നിലനില്‍പിന് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മൂലധനം ന്യായമായി ശങ്കിക്കുന്നു. അതുകൊണ്ട് യാഥാസ്ഥിതികര്‍ എപ്പോഴുംവാദിക്കുന്നത് സ്വന്തം നിലനില്‍പും അതിനുള്ളില്‍ വരുത്താവുന്ന മാറ്റങ്ങളും ഉറപ്പുവരുത്തിക്കൊണ്ടുള്ള ബഹുത്വ സ്വഭാവമുള്ള ഐക്യങ്ങള്‍ മാത്രമാണ്. അതായത് മുസ്ലീമും ക്രിസ്ത്യാനിയും ഈഴവനും നായരും ദളിതരും, ആദിവാസിയും, തീരദേശവാസിയും പരസ്പരം ഇടകലര്‍ന്നും ഇഴുകിച്ചേര്‍ന്നുമുണ്ടാകുന്ന മാനവികതയിലും ഐക്യത്തിലും അവര്‍ക്ക് താല്‍പര്യമില്ല. അതിനുപകരം മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും വ്യത്യസ്തജാതികളും സംസ്കാരങ്ങളും വെവ്വേറെയായി നിലനില്‍ക്കുകയും വളരുകയും ചെയ്യുന്ന ബഹുത്വങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം. അവ നിലനിര്‍ത്തുകയും വളര്‍ത്തുകയുമാണ് എല്ലാ വികസന സങ്കല്‍പങ്ങളുടെയും അടിത്തറയായി അവര്‍ കാണുന്നത്. സോഷ്യലിസവും കമ്യൂണിസവും ഇത്തരം യാഥാസ്ഥിതികത്വത്തെ അടിസ്ഥാനതലത്തില്‍ ചോദ്യംചെയ്യുകയും അധ്വാനശക്തികളെന്ന നിലയിലും മനുഷ്യരെന്ന നിലയിലും സ്വത്വങ്ങള്‍ക്കതീതമായി ജനങ്ങള്‍ തമ്മിലുള്ള ഐക്യം സാധ്യമാണെന്നു വാദിക്കുകയും ചെയ്യുന്നു. യാഥാസ്ഥിതിക ശക്തികള്‍ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും ഇത്തരം കൂട്ടായ്മകളെയാണ്.

ആദ്യഘട്ടത്തില്‍ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കുന്ന മാനവിക സങ്കല്‍പങ്ങളെ എതിര്‍ക്കാന്‍ യാഥാസ്ഥിതികര്‍ ഉപയോഗിച്ചത് സ്വന്തം പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയുമാണ് .മുതലാളത്ത വികാസത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമായ ഔന്നത്യത്തിന്റെ ഉരകല്ലായി പാശ്ചാത്യചിന്തകര്‍ കണക്കാക്കിയത് ഭൗതിക സംസ്കൃതിയുടെ വികാസമാണ്. അതിനെതിരായി പൗരസ്ത്യ മതവിഭാഗങ്ങള്‍ ആത്മീയതയിലും മത സംസ്കാരത്തിന്റെ വികാസത്തിലും ഊന്നി. അതിനുതകുന്നവിധത്തില്‍ സ്വന്തം ദേശീയ ചരിത്രംതന്നെ രൂപപ്പെടുത്തിയെടുക്കുകയും അവ വര്‍ഗീയ ചരിത്ര രചനയുടെ വിവിധ രൂപങ്ങളായി മാറുകയും ചെയ്തു. ഇന്ത്യയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലുള്ള ശാസ്ത്രീയ ചരിത്ര രചനാരീതികള്‍ വളര്‍ന്നുവന്ന അതേ കാലഘട്ടത്തിലാണ് വര്‍ഗീയ ചരിത്രരചനയും വളര്‍ന്നുവന്നത്. മത വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട ഗോത്രസ്മൃതികള്‍ പ്രാദേശികതലത്തില്‍ സാമൂഹ്യമായ കെട്ടുറപ്പിനെ തകര്‍ക്കുകയും നിരവധിയിടങ്ങളില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്നും രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ ബിജെപി മുസ്ലീംലീഗ് കേരള കോണ്‍ഗ്രസ് മുതലായ രാഷ്ട്രീയ പാര്‍ടികളുടെ അടിത്തറയായി മാറുകയും ചെയ്യുന്നു. ഇവയോടൊപ്പം വളര്‍ന്നുവന്ന ജാത്യുന്നമനത്തിനുവേണ്ടിയുള്ള നിരവധി സംഘടനകളും സമൂഹത്തില്‍ സ്വാധീനം നിലനിര്‍ത്തുന്നു.

ഭൗതിക സംസ്കൃതിയുടെ വികാസത്തെ ആധാരമാക്കിയുള്ള മുതലാളിത്ത ചിന്തകരുടെ അവകാശവാദങ്ങള്‍ പാശ്ചാത്യരുടെ ഇടയില്‍തന്നെ ചോദ്യംചെയ്യപ്പെട്ടു. ഭൗതിക സംസ്കൃതിയുടെ വികാസത്തെ നിഷേധിക്കാതെ അതില്‍ അടങ്ങിയിരിക്കുന്ന ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും യുക്തിയെയാണ് മാര്‍ക്സും സോഷ്യലിസ്റ്റുകളും ചോദ്യംചെയ്തത്. ഭൗതിക സംസ്കൃതിയുടെ വികാസം മനുഷ്യരാശിയുടെ സമഗ്രമായ വികാസമായി മാറണമെങ്കില്‍ ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാകണം. മനുഷ്യജീവിതത്തിനാധാരമായ വിഭവങ്ങളും അധ്വാനശക്തിയുടെ വിനിയോഗവും ജനങ്ങളുടെ കൂട്ടായ നിയന്ത്രണത്തിന്റെ കീഴില്‍ വരണം. ഈ അവസ്ഥയെയാണ് മാര്‍ക്സ് കമ്യൂണിസമെന്നു വിളിച്ചത്. വര്‍ഗ്ഗസമരങ്ങളും സാമൂഹ്യവിപ്ലവങ്ങളും കമ്യൂണിസത്തിലേക്കുള്ള വഴിത്താരയാണ്. ഓരോ വ്യക്തിയുടെയും ആന്തരികമായ കഴിവുകളും ഓരോ വ്യക്തിയുടെയും വസ്തുനിഷ്ഠമായ ആവശ്യങ്ങളും തമ്മിലുള്ള ബന്ധം വഴിയാണ് മനുഷ്യബന്ധങ്ങള്‍ രൂപപ്പെടുന്നത്. യഥാര്‍ത്ഥ മാനവികത വളര്‍ന്നുവരുന്നത് കമ്യൂണിസത്തിലാണെന്നും മാര്‍ക്സ് വാദിച്ചു.

ഭൗതിക സംസ്കൃതിയുടെ വികാസത്തെ മറ്റൊരു രീതിയില്‍ വിമര്‍ശിക്കുന്ന ചിന്താധാരയും പാശ്ചാത്യരുടെ ഇടയില്‍ വളരുന്നുണ്ടായിരുന്നു. ഈ ചിന്താധാരയ്ക്ക് തുടക്കമിട്ടത് നീറ്റ്ഷെയാണ്. മുതലാളിത്ത ചിന്തകര്‍ വളര്‍ത്തിക്കൊണ്ടുവന്ന സ്വാതന്ത്ര്യം, സമത്വം, പുരോഗതി മുതലായ ആശയങ്ങളെയെല്ലാം നീറ്റ്ഷെ നിരാകരിച്ചു. നന്മ, തിന്മ തുടങ്ങിയ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കുന്നതും അസംബന്ധമാണ്. മനുഷ്യരുടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കാതല്‍ അധികാരത്തിനുവേണ്ടിയുള്ള ഇച്ഛയാണ്. ഏതൊരു സമൂഹത്തിലും അധികാരിവിഭാഗവും അവര്‍ക്കു വിധേയരായ സമൂഹവും ഉണ്ടാകും. പുതിയ വിഭാഗങ്ങളുടെ അധികാരവാഞ്ഛ ആ സമൂഹത്തിന്റെ അധികാരഘടനയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തും അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാത്ത സമൂഹം സാധ്യമല്ല. മനുഷ്യര്‍ നേടുന്ന അറിവും സ്വാംശീകരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളുമെല്ലാം അധികാരവാഞ്ഛയുടെ ഭാഗമാണ്. ഫ്രഞ്ച് ചിന്തകനായ ഫുക്കോ ഈ ആശയത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കുകയും അധികാരഘടനയും അത് സൃഷ്ടിക്കുന്ന കര്‍തൃത്വങ്ങളും എങ്ങനെ സമൂഹബന്ധങ്ങളെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു. അധികാരഘടന വളര്‍ന്നുവരുമ്പോള്‍ അതിനെതിരായ സമരങ്ങളും സ്വാഭാവികമാണ്. അവ പുതിയ അധികാര രൂപങ്ങളെ സൃഷ്ടിക്കുന്നു. ഇവയ്ക്കപ്പുറം കമ്യൂണിസമോ മറ്റേതെങ്കിലും വിധത്തിലുള്ള "മാനവിക"മായ ആദര്‍ശസമൂഹങ്ങളോ സാധ്യമല്ല. സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വ്യത്യസ്തതകള്‍ക്കാണ് പ്രാധാന്യം, ഐക്യത്തിനല്ല. കര്‍തൃത്വങ്ങള്‍ വളര്‍ന്നുവരുന്നതുതന്നെ വ്യത്യസ്തതകളെ ആധാരമാക്കിയാണ്.

നീറ്റ്ഷെ തുടങ്ങിവെച്ച ചിന്താധാരയിലേക്ക് ശ്രദ്ധേയമായ സംഭാവന നല്‍കിയത് മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍ ആണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ഭരണകൂടത്തെ പരസ്യമായി പിന്തുണച്ച ജര്‍മ്മന്‍ ചിന്തകനായിരുന്നു അദ്ദേഹം. ഹൈഡഗ്ഗറിന്റെ നാസിസത്തെയും അതിനോടൊപ്പം അദ്ദേഹം ഉള്‍ക്കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധതയെയും ഒരു ചെറുപാളിച്ചയായി മാത്രം കാണുന്നവരുണ്ട്. വസ്തുത നേരെമറിച്ചാണ്. ഹിറ്റ്ലറുടെ രാഷ്ട്രീയ പദ്ധതിയെ കൂടുതല്‍ സൈദ്ധാന്തികമായ ആഴത്തിലും വ്യാപ്തിയിലും അവതരിപ്പിക്കാന്‍ ഹൈഡഗ്ഗര്‍ ശ്രമിക്കുന്നു. ആദിമ മുതലാളിത്ത ചിന്തകരെ മുഴുവന്‍ സ്വാധീനിച്ച മനസ്സും ശരീരവും തമ്മിലുള്ള വേര്‍തിരിവിനെയും മനസ്സിനും അതുവഴി യുക്തിചിന്തയ്ക്കും ശരീരത്തിന്റയും പ്രകൃതിയുടെയുംമേലുള്ള നിയന്ത്രണത്തെ സംബന്ധിച്ച ആശയങ്ങളെയും ഹൈഡഗ്ഗര്‍ നിരാകരിക്കുന്നു. മനുഷ്യന്റെ ഉണ്മയില്‍ ഈ ആശയങ്ങളെ സംയോജിപ്പിക്കുകയാണ് ഹൈഡഗ്ഗര്‍ ചെയ്യുന്നത്. ഉണ്മയുടെ ചലനവും വളര്‍ച്ചയുമാണ് സമൂഹ രൂപങ്ങളെ നിര്‍ണയിക്കുന്നത്. കലാരൂപങ്ങളും സാങ്കേതികവിദ്യകളുമെല്ലാം ഇവയുടെ ഭാഗങ്ങളാണ്. കാലമാണ് ഉണ്മയുടെ പരിധിയെ നിശ്ചയിക്കുന്നത്, അതായത് ഉണ്മയുടെ അവസാനം എന്നത് ആത്യന്തികമായി മരണത്തിലാണ്. കേവലമായ സമൂഹ രൂപങ്ങള്‍ക്കും സ്വാതന്ത്ര്യം, ജനാധിപത്യം, പൗരസമൂഹം മുതലായ ആശയങ്ങള്‍ക്കും ഉണ്മയുടെ സങ്കല്‍പത്തില്‍ സ്ഥാനമില്ല. അവയെല്ലം വാചകമടിക്കാനും തര്‍ക്കിക്കാനുമുള്ള വീണ്‍വാക്കുകളും പ്രയോഗങ്ങളുമാണ്. കാലത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഉണ്മയുടെ ചലനം സാധ്യമാക്കുന്ന സമുദായങ്ങള്‍ മാത്രമാണ് നമുക്കാവശ്യം. അതായത് ജര്‍മ്മന്‍ നാസിസവും അവരുടെ സാമ്രാജ്യ സങ്കല്‍പവും ഹൈഡഗ്ഗറിന്റെ ഭാഷയില്‍ ജര്‍മ്മന്‍കാരുടെ ഉണ്മയുടെ ചലനം ഉറപ്പുവരുത്തുന്ന സമുദായങ്ങള്‍ നിലകൊള്ളുന്ന ഇടങ്ങളാണ്. ഭരണകൂടം, പൗരസമൂഹം, സ്വാതന്ത്ര്യം, ജനാധിപത്യം മുതലായ മുതലാളിത്ത ആശയരൂപങ്ങളും ഘടനകളുമെല്ലാം ഇവിടെ നിരാകരിക്കപ്പെടുന്നു.

നീറ്റ്ഷെയില്‍നിന്നും ഹൈഡഗ്ഗറില്‍നിന്നും തുടങ്ങി ഉത്തരാധുനിക ചിന്തകര്‍വരെ എത്തിനില്‍ക്കുന്ന ആശയങ്ങള്‍ മുതലാളിത്ത ആശയസംഹിതകളുടെ ശക്തമായ നിഷേധമാണെന്നു തോന്നാം. മാര്‍ക്സും എംഗല്‍സും മുതലാളിത്ത സമൂഹത്തിനും ആശയസംഹിതകള്‍ക്കും നല്‍കിയ അംഗീകാരംപോലും ഇവര്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. അതിനുപകരം അവര്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അധികാര രൂപങ്ങളും അധികാരത്തിനെതിരായ സമരങ്ങളും സൃഷ്ടിക്കുന്ന ചാക്രികഘടന അനിവാര്യതയായി മാറുകയാണ്. അതിലൂടെ നിലനില്‍ക്കുകയും വളര്‍ന്നുവരുകയും ചെയ്യുന്നത് ഉണ്മ മാത്രമാണ്. ഉണ്മയുടെ നിലനില്‍പ് സ്വത്വങ്ങളിലേക്കും സമുദായങ്ങളിലേക്കും നയിക്കുന്നു. മറ്റൊരു ഭാഷയില്‍ വ്യക്തിയുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നത് സമുദായങ്ങളിലാണ്, ഔപചാരികവും ഉപരിപ്ലവവുമായ സമൂഹബന്ധങ്ങളിലല്ല. ഇന്ത്യന്‍ ചിന്തകനായ പാര്‍ഥാചാറ്റര്‍ജിയുടെ ഭാഷയില്‍, മുതലാളിത്തത്തിനെതിരെ പോരാടുന്ന ശക്തി തൊഴിലാളിവര്‍ഗമല്ല സമുദായമാണ്. സ്വത്വങ്ങളും സമുദായങ്ങളും അംഗീകരിക്കപ്പെട്ടാല്‍ പിന്നെ വര്‍ഗങ്ങള്‍ക്കോ വര്‍ഗസമരത്തിനോ പ്രസക്തിയില്ല. യൂറോപ്പില്‍ നവോത്ഥാനഘട്ടത്തില്‍ ക്രിസ്ത്യന്‍പള്ളിക്കെതിരായ മുന്നേറ്റത്തില്‍ രൂപംകൊണ്ടതും പിന്നീട് മുതലാളിത്ത ആശയസംഹിതയുടെ ഭാഗമായതുമായ മാനവികതയും ഇതോടെ അപ്രത്യക്ഷമാകുന്നു. മാനവികത, മനുഷ്യ സ്വഭാവം തുടങ്ങിയ ആശയങ്ങളെല്ലാം ഇക്കാലത്തു വളര്‍ത്തിക്കൊണ്ടുവന്ന ഭാവനകളാണ്. കേവലമായ, എല്ലാവരിലും പ്രത്യക്ഷപ്പെടുന്ന മാനവികത എന്നൊന്നില്ല. വ്യത്യസ്ത സ്വത്വങ്ങളും സമുദായങ്ങളും മാത്രമാണ് യാഥാര്‍ത്ഥ്യം. ലോകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക വൈവിധ്യം അതിനെയാണ് കാണിക്കുന്നത്. വ്യത്യസ്തജാതികള്‍, മതങ്ങള്‍, സംസ്കാരങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയവയുടെ ബഹുത്വത്തിനുമേല്‍ ഏകപക്ഷീയമായ ""മാനവികത"" അടിച്ചേല്‍പിച്ചത് യൂറോപ്യന്‍ ആധിപത്യത്തിന്റെ മറ്റൊരു രൂപമാണ്. മാര്‍ക്സും എംഗല്‍സും കരുതിയതുപോലെ മുതലാളിത്തം സാമ്രാജ്യത്വമായി മാറിയപ്പോഴും അത് ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയായി പ്രത്യക്ഷപ്പെടുമ്പോഴും അതിന് യഥാര്‍ത്ഥ മാനവിക സ്വഭാവമുള്ള തൊഴിലാളിവര്‍ഗത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം വളര്‍ന്നുവന്നത് നിരവധി സമുദായ സാംസ്കാരിക സ്വത്വങ്ങളാണ്. അതുകൊണ്ട് മുതലാളിത്തത്തിനെതിരായ പോരാട്ടം നടത്തുന്നതും ഇത്തരം ബഹുത്വ രൂപങ്ങളായിരിക്കും. ഇവര്‍ നടത്തുന്ന സമരങ്ങള്‍ മുതലാളിത്തത്തെ നശിപ്പിക്കാം. പക്ഷേ അധികാരം ഇതാകില്ല. കൂടുതല്‍ തീക്ഷ്ണമായ രൂപങ്ങള്‍ വളര്‍ന്നുവരാം. അപ്പോള്‍ അവയ്ക്കെതിരായ സമരങ്ങളും അനിവാര്യമാകും. ഏതായാലും, കാലം അതിനെ തമസ്കരിക്കുന്നതുവരെ ഉണ്മ നിലനില്‍ക്കും.

ഇപ്പോള്‍ നാം കണ്ടുവരുന്ന യാഥാസ്ഥിതിക പ്രതിവിപ്ലവമായി മാറുന്നത് ഇത്തരം ആശയങ്ങളാണ്. നീറ്റ്ഷെയുടെയോ ഹൈഡഗ്ഗറിന്റെയോ ഫുക്കോയുടെയോ ഡെല്യൂസ്, നെഗ്രി മുതലായ ചിന്തകരുടെയോ ആശയങ്ങള്‍ ഇന്നത്തെ പ്രതിവിപ്ലവകാരികള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നല്ല ഇവിടെ വാദിക്കുന്നത്. അത് പ്രതിവിപ്ലവത്തെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ആനുകാലികങ്ങളില്‍ ലേഖനമെഴുതുന്നവരുടെ ജോലിയാണ്. പക്ഷേ, നമ്മുടെ സാധാരണ പ്രതിവിപ്ലവകാരികള്‍ ഉള്‍ക്കൊള്ളുന്ന ചില ആശയങ്ങളുണ്ട്. അവയുടെ ഉറവിടങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഈ ആശയങ്ങളെ താഴെപറയുന്നരീതിയില്‍ വിശദീകരിക്കാം.

ഒന്ന്, സമൂഹം നിലനില്‍ക്കുന്നത് വ്യക്തികള്‍ക്കുവേണ്ടിയാണ്. വ്യക്തിസ്വാതന്ത്ര്യം, വരുമാനദായകമായ തൊഴിലോ അല്ലെങ്കില്‍ വെറും വരുമാനമോ നേടാനുള്ള വ്യക്തിയുടെ അവകാശം, വ്യക്തിയുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കാനും വ്യക്തിയുടെ "സ്വകാര്യത"യില്‍ കടന്നുകയറാതിരിക്കാനുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം തുടങ്ങിയവയിലുള്ള ഊന്നല്‍ ഇതിന്റെ ഭാഗമാണ്. വ്യക്തികളുടെ വ്യത്യസ്തതയും അവര്‍ തമ്മിലുള്ള മത്സരവും ഇന്നത്തെ ലോകത്തിന്റെ ചാലകശക്തിയാണ്. സമൂഹത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തികളില്‍ അധിഷ്ഠിതമായതുകൊണ്ട് രാഷ്ട്രീയം, സംസ്കാരം എന്നിവയും വ്യക്തികളില്‍ കേന്ദ്രീകരിക്കുമെന്ന ധാരണയും വളര്‍ന്നുവരുന്നു. രാഷ്ട്രീയപാര്‍ടികള്‍ക്കുപകരം നേതാക്കളും സാംസ്കാരിക പ്രവര്‍ത്തനങ്ങളെ സമഗ്രമായി കാണുന്നതിനുപകരം സാംസ്കാരിക "നായകരി"ല്‍ കേന്ദ്രീകരിക്കുന്നതും താരാരാധനയും വ്യക്ത്യധിഷ്ഠിത നിലപാടുകളുടെ ഭാഗമാണ്. ഇതിനെ കഴിയാവുന്നത്ര പ്രോത്സാഹിപ്പിക്കുന്നതിനു മാത്രമല്ല, സമൂഹത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും വ്യക്തിപരമായ ""മാതൃക""കളില്‍ കേന്ദ്രീകരിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളുടെ ക്ഷേത്രസന്ദര്‍ശനം, അവര്‍ പണിയുന്ന വീടുകള്‍, വാങ്ങുന്ന ചെരുപ്പുകള്‍, ധരിക്കുന്ന ഉടുപ്പുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമാക്കുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ നിലപാടുകളെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നിസാരവല്‍ക്കരിക്കുന്ന രീതിയെയാണ് കാണിക്കുന്നത്. വ്യക്തികളുടെ "ശരീരഭാഷ" മുഖത്തുപതിയുന്ന ധാര്‍ഷ്ട്യം, ധിക്കാരം തുടങ്ങിയവയെല്ലാം രാഷ്ട്രീയ നിലപാടുകളുടെ സൂചനകളാകുന്നതും ഇതേ പ്രവണതയെയാണ് കാണിക്കുന്നത്. വധിക്കപ്പെട്ട നേതാവിന്റെ ഭാര്യയുടെ അടങ്ങാത്ത വിതുമ്പലുകളെ കൊലപാതകക്കുറ്റംചുമത്തി അറസ്റ്റ്ചെയ്യപ്പെട്ട പ്രതിയെ ലോക്കപ്പില്‍ ചെന്നു കാണുന്ന നേതാവിന്റെ നിരങ്കുശത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലാംകിട സ്റ്റണ്ട് സിനിമകളിലെ നായികയും വില്ലനും പുനരവതരിക്കുന്നു. അതോടെ രാഷ്ട്രീയം ഒരു സ്റ്റണ്ട്സിനിമയായി മാറുകയും വ്യക്തിഗതമായ നേട്ടങ്ങള്‍ കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

രണ്ടാമത്, വ്യക്തിഗതമായ നേട്ടങ്ങള്‍ക്കുള്ള ഭൗതികതലം കുടുംബവും ഏറ്റവും വ്യാപകമായ തലത്തില്‍ സമുദായവുമാണ്. എല്ലാ വ്യക്തികളും ജനിക്കുന്നത് ഏതെങ്കിലും കുടുംബത്തിലും ഏതെങ്കിലും സമുദായത്തിലുമാണ്. ഇതു രണ്ടും സ്വന്തം "ഉണ്മ"യുടെ ഭാഗമായി മരണംവരെയും അതിനുശേഷവും പിന്തുടരുകയും ചെയ്യുന്നു. വ്യക്തിജീവിതത്തെ ഭൗതികതലത്തില്‍ പരിശോധിക്കുന്നത് ഇതു രണ്ടിന്റെയും അടിസ്ഥാനത്തിലാണ്. സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയും ഈ തലമാണ്. എല്ലാ നായന്മാരും എല്ലാ ഈഴവരും എല്ലാ ക്രിസ്ത്യാനികളും എല്ലാ മുസ്ലീങ്ങളും ഈ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് സമുദായ നേതാക്കന്മാര്‍ പ്രഖ്യാപിക്കുമ്പോഴും, സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ സമുദായച്ചേരുവകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമ്പോഴും വിജയിക്കുന്നത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയത്തിന്റെ തലം അവിടെ ഒതുങ്ങുന്നില്ല. കുട്ടികള്‍ സമുദായത്തിന്റെ ആശുപത്രികളില്‍ ജനിക്കണമെന്നും, സമുദായത്തിന്റെ മതപാഠശാലകളില്‍ മൂല്യബോധനം നേടണമെന്നും, സമുദായത്തിന്റെ വിദ്യാലയങ്ങളില്‍ പഠിക്കണമെന്നും സമുദായ ചിട്ടകളനുസരിച്ച് വിവാഹം കഴിക്കണമെന്നും സമുദായത്തിന്റെ ആശുത്രികളില്‍ പ്രസവിക്കണമെന്നും സമുദായം നിശ്ചയിക്കുന്ന ശ്മശാനത്തില്‍ മരിച്ചുകിടക്കണമെന്നും തീരുമാനിക്കപ്പെടുന്നത് ""പൗരസമൂഹ""ത്തിന്റെയോ ""പൊതു മണ്ഡലത്തിന്റെയോ"" വ്യാപനത്തെയല്ല കാണിക്കുന്നത്, നാശത്തെയാണ്. നവലിബറല്‍ കമ്പോളവ്യവസ്ഥയ്ക്ക് സമുദായവല്‍ക്കരണമോ പൊതുസമൂഹത്തിന്റെ നാശമോ ഒരു പ്രശ്നമല്ല എന്നു കാണിക്കാന്‍ ഇന്ന് വ്യാപകമായി അരങ്ങേറുന്ന സാമുദായിക മാട്രിമണി ഡോട്ട്കോം പരസ്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍മതി. സാമുദായിക സ്വാശ്രയ കോളേജുകളും സാമുദായിക വിവാഹ ബ്യൂറോകളും ചെയ്യുന്ന ധര്‍മ്മം ഒന്നുതന്നെ. അവര്‍ സമുദായത്തെ നിലനിര്‍ത്താന്‍ നവലിബറല്‍ രൂപങ്ങള്‍ ഉപയോഗിക്കുന്നു. തിരിച്ച് നവലിബറല്‍ മൂലധനം സമുദായത്തെ ഉപയോഗിച്ച് സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു. സമുദായങ്ങളുടെ ഘടകമായി കുടുംബങ്ങള്‍ മാറുന്നതോടെ പ്രജനത്തിന്റെമേലും അതുവഴി സമുദായത്തിന്റെ നിലനില്‍പിന്റെമേലും നിയന്ത്രണം ഉറപ്പിക്കാന്‍ കഴിയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളര്‍ന്നുവന്നിട്ടുള്ള സ്ത്രീപക്ഷവാദങ്ങളില്‍ നല്ലൊരുഭാഗവും സമുദായങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹമോചനം, പ്രണയവിവാഹങ്ങള്‍, ഇതര ജാതിമതവിഭാഗങ്ങളുമായുള്ള വിവാഹങ്ങള്‍ തുടങ്ങിയവയുടെ മേലെല്ലാം മതാദ്ധ്യക്ഷരും ജാതിപഞ്ചായത്തുകളും കൊണ്ടുവരുന്ന നിയന്ത്രണങ്ങളും വിലക്കുകളും നാട്ടിലുടനീളം നടക്കുന്ന സദാചാര പൊലീസിങ്ങായി മാറിയത് അടുത്തകാലത്താണ്. അതേസമയം സ്ത്രീയെ ലൈംഗിക ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നതില്‍ സമുദായങ്ങളും കമ്പോളശക്തികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. സ്വര്‍ണ്ണം, പട്ടുവസ്ത്രങ്ങള്‍, സുഗന്ധലേപനവസ്തുക്കളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും തുടങ്ങിയവയുടെ കമ്പോളം സ്ത്രീകളാണ്. അതേ സ്ത്രീകള്‍ തന്നെ സാമുദായികശക്തികളുടെ ശരീര സങ്കല്‍പത്തിനും മര്യാദകള്‍ക്കും വഴങ്ങുകയും ചെയ്യുന്നു. അടുത്തകാലത്തെ ഒരു സിനിമയില്‍ ബ്യൂട്ടീഷ്യനെക്കൊണ്ട് സൗന്ദര്യം പരമാവധി വര്‍ദ്ധിപ്പിച്ചതിനുശേഷം പര്‍ദ്ദയണിഞ്ഞുപോകുന്ന സ്ത്രീ, കമ്പോളശക്തികളും സമുദായവും യോജിക്കുന്ന സ്ത്രീ സങ്കല്‍പത്തിന് ഉദാഹരണമാണ്.

മൂന്നാമത്, സമുദായസ്വത്വങ്ങളുടെ വളര്‍ച്ച പൗരസമൂഹത്തെയും പൊതുമണ്ഡലത്തെയും തകര്‍ക്കുന്നു. ഇതിനെയാണ് നാം അരാഷ്ട്രീയവല്‍ക്കരണമെന്ന് പറയുന്നത്. രാഷ്ട്രീയവല്‍ക്കരണമെന്നാല്‍ രാഷ്ട്രീയപാര്‍ടികളുടെ വളര്‍ച്ചയല്ല, പൊതുവേദികളിലും സമൂഹത്തിലും ചര്‍ച്ചചെയ്യപ്പെടുന്ന കാലിക പ്രശ്നങ്ങളും അതില്‍ ഓരോ വ്യക്തിയും സ്വതന്ത്രമായി കൈക്കൊള്ളുന്ന നിലപാടുകളുമാണ്. ഇത്തരം നിലപാടുകളുടെ സമ്യക്കായ രൂപങ്ങളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പാര്‍ടികളെയും വളര്‍ത്തുന്നത്. നമ്മുടെ ഇടയില്‍ രാഷ്ട്രീയം വളര്‍ന്നുവന്നത് സംഘടനകള്‍, വായനശാലകള്‍, പൊതുസമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍, സാഹിത്യസമാജങ്ങള്‍, ക്ലബ്ബുകള്‍ മുതലായവയിലൂടെയാണ്. എല്ലാ പൊതുസ്ഥാപനങ്ങളിലും സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും നല്‍കപ്പെട്ടത് ഈ പൊതു സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്ന് അനുക്രമമായി സ്ഥാപനങ്ങളിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും വിലക്കുകള്‍ വരുന്നു. വഴിയോരങ്ങളിലെ പൊതുസമ്മേളനങ്ങള്‍ നിരോധിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതൊന്നും സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമല്ല. അവര്‍ പതിന്മടങ്ങ് ശക്തിയോടെ പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, ""പൗരസമൂഹം"" എന്നറിയപ്പെടുന്ന എല്ലാ മേഖലകളിലേക്കും കടന്നുകയറുകയും ചെയ്യുന്ന വഴിയോരങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ക്ക് വിലക്കുണ്ടെങ്കിലും ക്ഷേത്രങ്ങള്‍ക്കോ പള്ളികള്‍ക്കോ വഴിയോരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു വിലക്കുമില്ല. അച്ചടിമാധ്യമങ്ങള്‍, ചാനലുകള്‍, പൊതുസ്ഥാപനങ്ങള്‍ മുതലായവയുടെ സിംഹഭാഗവും സമുദായങ്ങള്‍ കൈവശപ്പെടുത്തിയതോടെ ""പൊതു"" മണ്ഡലം സാമുദായിക മണ്ഡലമായി മാറിയിരിക്കുകയാണ്. മൂലധനാധിപത്യത്തിന് അതൊരു തടസ്സവുമല്ല. പക്ഷേ, പൊതു ജനങ്ങളുടെ സ്വതന്ത്ര നിലപാടുകളും ധാരണകളും തമസ്കരിക്കപ്പെടുകയും അവരുടെ ഇടങ്ങളിലേക്കുപോലും ചാനലുകള്‍ കടന്നുകയറുകയും ചെയ്യുന്നു. പൊതുജന ധാരണകള്‍ അവര്‍ക്കുവേണ്ടി ചാനലുകളിലെയും മാധ്യമങ്ങളിലെയും സര്‍വ്വജ്ഞന്മാര്‍ രൂപപ്പെടുത്തുന്നു. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന സാധാരണക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ആരു രൂപപ്പെടുത്തുന്നതിനും തടസ്സമില്ല. അവരുടെ അഭിപ്രായങ്ങള്‍ എസ്എംഎസ് മെസേജുകളിലൂടെ ""വിലയിരുത്തുമ്പോള്‍"" ചാനല്‍ വിദഗ്ധര്‍ പ്രദര്‍ശിപ്പിക്കുന്ന അവാച്യമായ ജനാധിപത്യ പ്രതിബദ്ധതകൊണ്ട് അവര്‍ തൃപ്തരാകുന്നു. എസ്എംഎസുകളെയും ഫേസ്ബുക്ക് എന്‍ട്രികളെയും ""നിലപാടുകളാ""ക്കി മാറ്റേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കുമുണ്ടാകുന്നില്ല. ഒപ്പിനിയന്‍ പോള്‍ ജനാധിപത്യം യഥാര്‍ത്ഥ ജനാധിപത്യ സംവാദങ്ങള്‍ക്ക് പകരം നില്‍ക്കുന്നു.

നാലാമത്, സാമുദായിക സ്വത്വങ്ങളുടെ വളര്‍ച്ച ""ബഹുത്വ""ത്തില്‍ അധിഷ്ഠിതമായ സമൂഹത്തിലേക്കു നയിക്കുന്നു. പൗരസമൂഹം ഒരര്‍ത്ഥത്തില്‍ ഏകാത്മകമാണ്. നിലവിലുള്ള ഭരണകൂടത്തിന്റെയും മാര്‍ക്സിസ്റ്റ് ഭാഷയില്‍ ഭരണവര്‍ഗത്തിന്റെയും അധീശത്വത്തിന് വിധേയമായ പൗരസമൂഹമാണ് നമുക്കുള്ളത്. കമ്യൂണിസ്റ്റുകാരുടെ അഭിശപ്തമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി ശേഷിക്കുന്നത് പൗരന്മാരുടെ നിര്‍വചനം മാത്രമാണ്. വ്യത്യസ്തതയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ക്ക് ഏകീകരിക്കപ്പെട്ട പൗരസമൂഹത്തെക്കുറിച്ചുള്ള ഈ ധാരണകള്‍ സ്വീകാര്യമല്ല. ഈ പൗരന്മാര്‍ സ്വാഭാവികമായും വിവിധ സമുദായക്കാരാണ്, വിവിധ മതക്കാരാണ്, വിവിധ സംസ്കാരങ്ങളുള്ളവരാണ്, വിവിധതരം ലൈംഗികവേഴ്ചകളില്‍ ഏര്‍പ്പെടുന്നവരാണ്. വിവിധതരം സാമൂഹ്യ പദവികളുള്ളവരാണ്. ഇവരെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്നത് ബഹുത്വമാണ്. ബഹുസാമുദായികത, ബഹുസ്വരത, ബഹു സാംസ്കാരികത തുടങ്ങി എത്ര വേണമെങ്കിലും ബഹുത്വങ്ങള്‍ നമുക്കു കാണാം. ബഹുത്വ സങ്കല്‍പത്തിന്റെ ഒരു ഗുണം അത് വര്‍ഗങ്ങളെ ഒഴിവാക്കുന്നു എന്നതാണ്. വര്‍ഗങ്ങളിലും ബഹുത്വമുണ്ട്. മുതലാളിത്തത്തിലെ അടിസ്ഥാന വൈരുദ്ധ്യം മുതലാളിമാരും തൊഴിലാളികളും എന്നു പറയുമ്പോഴും ഒരു പെറ്റി ബൂര്‍ഷ്വാ വിഭാഗത്തെ മര്‍ക്സ് വിസ്മരിക്കുന്നില്ല. തൊഴിലാളികളെ ഉല്‍പാദകരും ഉല്‍പാദനത്തിലേര്‍പ്പെടാത്തവരും എന്ന് വേര്‍തിരിക്കാനും മാര്‍ക്സ് മറക്കുന്നില്ല. പിന്നീട് കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഭൂരഹിതര്‍ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാരും മടിച്ചിട്ടില്ല. പക്ഷേ ഇത്തരത്തിലുള്ള "ബഹുത്വം" സ്വത്വവാദികള്‍ക്ക് പ്രിയങ്കരമല്ല. കാരണം മനുഷ്യസമൂഹത്തെ പരിശോധിക്കേണ്ടത് അധ്വാനം മുതലായ സാമ്പത്തിക ഘടകങ്ങളില്‍നിന്നല്ല. അയാളുടെ ഉണ്മയില്‍നിന്നാണ്, അവരുടെ സ്വത്വത്തില്‍നിന്നും വ്യത്യസ്തതയില്‍നിന്നുമാണ്. സമൂഹവ്യവഹാരങ്ങളിലൂടെ ""നിര്‍മ്മിക്കപ്പെടുന്ന"" കര്‍തൃത്വങ്ങളില്‍നിന്നാണ്. തൊഴിലും കുടുംബവും സമുദായവുമെല്ലാം ഇങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്. അപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ വര്‍ഗമല്ല നമുക്കാവശ്യം, സാമുദായികവും സാംസ്കാരികവുമായ സ്വത്വങ്ങളുടെ ബഹുത്വമാണ്.

അഞ്ചാമത്, ഇത്തരം സാമുദായിക ബഹുത്വങ്ങള്‍ നേരിടുന്ന പ്രശ്നം അധികാരത്തിേന്‍റതാണ്. സമൂഹവ്യവഹാരങ്ങളുടെ ഭാഗമായി വളര്‍ന്നുവരുന്ന നിര്‍മ്മിതികള്‍ തന്നെയാണ് അധികാരഘടനയെയും നിര്‍ണയിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവഹാരരൂപത്തെ നമുക്ക് അധികാരം എന്നു പറയാനാവുകയില്ല. ഭരിക്കുന്നവരുണ്ടെങ്കില്‍ ഭരിക്കപ്പെടുന്നവരുമുണ്ട്. അധികാരഘടനയില്‍ ഉള്‍പ്പെടുന്നവരുണ്ടെങ്കില്‍ പുറന്തള്ളപ്പെടുന്നവരുമുണ്ട്. ഭൂരിപക്ഷ സമുദായങ്ങള്‍ അധികാരം നിര്‍ണയിക്കുമ്പോള്‍ ന്യൂനപക്ഷം ഭരിക്കപ്പെടുന്നവരാണ്. സവര്‍ണര്‍ അധികാരം കൈയാളുമ്പോള്‍ അവര്‍ണരും പുരുഷന്മാര്‍ അധികാരികളാകുമ്പോള്‍ സ്ത്രീകളും ഭരിക്കപ്പെടുന്നു. ഇതെല്ലാം കൂടാതെ ഭരണകൂടം പൗരസമൂഹത്തിന്റെമേലും അധികാരം അടിച്ചേല്‍പിക്കുന്നു. സ്വാഭാവികമായും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ സംഘര്‍ഷങ്ങള്‍ വളര്‍ന്നുവരുന്നു. മുതലാളികളും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം അവയിലൊന്നുമാത്രമാണ്. ഈ കാഴ്ചപ്പാടനുസരിച്ച് കമ്യൂണിസ്റ്റുകാരുടെ വര്‍ഗസമരവും കേവലമായ അധികാരത്തിന്റെ പ്രശ്നം മാത്രമായി തീരുന്നു. കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന ഓരോ സമരവും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം അധികാര വടംവലിയുടെ വിവിധ രൂപങ്ങള്‍ മാത്രമായി ചിത്രീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി വിവിധ പക്ഷങ്ങളും ""ലോബികളും"" പ്രത്യക്ഷപ്പെടുന്നു. അധികാരത്തിന്റെ ഘടനപോലും സവര്‍ണമേധാവിത്വം, ആഭ്യന്തര കൊളോണിയലിസം, ബ്രാഹ്മണാധിപത്യം, ഭരണകൂട ഭീകരത, വിവിധതരം ""ലോബി""കളുടെ ആധിപത്യം മുതലായ പ്രയോഗങ്ങളുപയോഗിച്ചാണ് വിശദീകരിക്കുന്നത്. അവിടെ ഒരിക്കലും മൂലധനാധിപത്യം, സാമ്രാജ്യത്വം മുതലായ വാക്കുകള്‍ പ്രത്യക്ഷപ്പെടാറില്ല എന്നതും ഉറപ്പുവരുത്തപ്പെടുന്നു. കമ്യൂണിസ്റ്റ് പ്രയോഗങ്ങള്‍ ഒരിടത്തും കടന്നുവരരുത് എന്ന നിര്‍ബന്ധബുദ്ധിയുടെ സൂചന കൂടിയാണത്. ഇവയെല്ലാം ചേര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധതക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഇതിന്റെ ഏറ്റവും രസകരമായ ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഹിംസ എന്ന സങ്കല്‍പം. ഹിംസയുടെ അടിസ്ഥാനതത്വം ഇരകളെയും ശത്രുക്കളെയും വകവരുത്തുക എന്നതാണ്. യുദ്ധങ്ങള്‍ ചരിത്രത്തില്‍ ഹിംസയുടെ പ്രതിരൂപമാണ്. അധികാരമുള്ളിടത്തോളം കാലം ഹിംസയും ഉണ്ടാകും. അധികാരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും ഹിംസിച്ചും അച്ചടക്കം പഠിപ്പിക്കുന്നു. മാര്‍ക്സിസ്റ്റ് നിലപാടായ സാമൂഹ്യ വിപ്ലവങ്ങളും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ഹിംസയുടെയും ""ഭരണകൂട ഭീകരത""യുടെയും രൂപങ്ങളാണെന്ന് സമര്‍ത്ഥിക്കപ്പെടുകയാണ്. ഇതിനുതെളിവായി 1930കളില്‍ സ്റ്റാലിന്റെ നിയന്ത്രണത്തില്‍ നടത്തിയ കുറ്റവിചാരണകളെയും ശിക്ഷകളെയും വധങ്ങളെയും കൊണ്ടുവരുന്നു. സ്റ്റാലിനിസം മാര്‍ക്സിസ്റ്റുകാരുടെ ""ഭരണകൂട ഭീകരത""യാണ്. അതുതന്നെയാണ് അവര്‍ അതിനെ സൈദ്ധാന്തികതലത്തില്‍ ലോകമെമ്പാടും കൊണ്ടു നടക്കുന്നത്. ഇതിന്റെ അവസാനത്തെ തെളിവുകളാണ് ചന്ദ്രശേഖരന്‍ വധവും എം എം മണിയുടെ പ്രസംഗത്തിലൂടെ ""തെളിയിക്കപ്പെട്ട"" വസ്തുതകളും. അതുകൊണ്ട്, ഇന്നു നമ്മുടെ മുമ്പിലുള്ള കൊടും ഭീകരര്‍ കമ്യൂണിസ്റ്റുകാരാണ്. അവരെ ഒറ്റപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുക എന്നത് മാനവികാവകാശത്തിന്റെയും ""ജനാധിപത്യ""ത്തിന്റെയും നിലനില്‍പിന് അനിവാര്യമാണ്. ഈ ""തീസിസ്"" ഒറ്റയടിക്ക് നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ട്.

ഒന്ന്, അധികാരം ആരുടെ കയ്യിലായാലും അവര്‍ ഇരകളെ നശിപ്പിക്കും. പാര്‍ടി നേതാക്കള്‍ അത്തരത്തിലുള്ള അധികാരികളാണ്. അവര്‍ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചും സ്വന്തം അനുയായികളെ നിലയ്ക്ക്നിര്‍ത്തുന്നു.

രണ്ട്, ഈ അധികാരരൂപം പരമ്പരാഗത രാഷ്ട്രീയത്തിന്റെ ശാപമാണ്, കമ്യൂണിസ്റ്റ് രാഷ്ട്രീയം അതിന്റെ ഭീതിദമായ "അന്തിമഘട്ട"മാണ്.

മൂന്ന്, നവലിബറലിസം, വര്‍ഗീയത മുതലായ ""ബൃഹദാഖ്യാന""ങ്ങള്‍ അപ്രസക്തമാണ്. അധികാരേച്ഛയുടെ ഫലമായി പ്രത്യേക ഗ്രൂപ്പുകളും വ്യക്തികളും നടത്തുന്ന ഭീകരതകളെയാണ് എതിര്‍ക്കേണ്ടത്. അതില്‍ ഇടതുപക്ഷം തന്നെയാണ് മുഖ്യശത്രു. അതുകൊണ്ട് നവലിബറലിസത്തിനും വര്‍ഗീയതയ്ക്കുമെതിരായ പൊതുസമരങ്ങള്‍ക്കും പ്രചരണത്തിനും പകരം പ്രത്യേക സമരമുഖങ്ങളില്‍ (പ്രോജക്റ്റുകളില്‍) ഇടപെടുകയാണ് വേണ്ടത്. പ്ലാച്ചിമട മുതല്‍ ചന്ദ്രശേഖരന്‍ വധം വരെ അത്തരത്തിലുള്ള പ്രോജക്ടുകളാണ്.

നാല്, അധികാരരൂപങ്ങളും ചെറുത്തുനില്‍പുകളും വ്യക്തികളുടെ ഉണ്മയിലും കര്‍തൃത്വങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് ബൃഹദ്സംഘടനകളും പാര്‍ടികളും ഭീകരതയുടെ രൂപങ്ങളായി മാറുകയും കൃത്രിമമായ അംഗീകാരം ജനങ്ങളുടെ ഇടയില്‍നിന്ന് കവര്‍ന്നെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് സാമൂഹ്യവിപ്ലവങ്ങള്‍ക്ക് പാര്‍ടിയുടെയോ സംഘടനകളുടെയോ ആവശ്യമില്ല. കര്‍തൃത്വങ്ങളുടെ പരസ്പരച്ചേരുവകള്‍ (ഐക്യപ്പെടലുകള്‍) മാത്രം മതി.

അഞ്ച്, മൂലധനം, സമുദായങ്ങള്‍ മുതലായവ അധികാരരൂപങ്ങളായി നിലനില്‍ക്കുമെന്നത് സ്വാഭാവികം മാത്രമാണ്. അത്തരം അധികാരരൂപങ്ങള്‍ വ്യക്തികളുടെ സ്വത്വങ്ങളെ ഹനിക്കുമ്പോള്‍ ഐക്യപ്പെടലുകള്‍ ആവശ്യമായിവരും. കേരളത്തിലുടനീളം ഉയര്‍ന്നുവരുന്ന സ്ത്രീപീഡനക്കേസുകള്‍ ഉദാഹരണമാണ്. അതേസമയം ഇത്തരം സമുദായങ്ങളും അവരുടെ സ്വത്വത്തിനുവേണ്ടി അധികാരത്തിലുള്ള സമുദായങ്ങളുമായി സമരം നടത്തുന്നുണ്ടെന്നും തിരിച്ചറിയണം. അതുകൊണ്ട് സമുദായത്തിനകത്തുള്ള സംഘര്‍ഷങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചുകൊള്ളും. പുറത്തുനിന്നുള്ള ഇടപെടലുകള്‍ സമുദായസ്വത്വത്തിനെതിരായ കടന്നാക്രമണമാണ്.

ആറ്, വര്‍ഗസമരങ്ങള്‍ ഇനി ആവശ്യമില്ല, അത്തരത്തിലുള്ള വര്‍ഗങ്ങള്‍ കമ്യൂണിസ്റ്റുകാരുടെ നിര്‍മ്മിതികള്‍ മാത്രമാണ്. ഇരകളുടെ കലാപങ്ങള്‍ മാത്രമാണ് ഇനി ആവശ്യം.

ഈ തീസിസ് മൂടിവെക്കുന്ന കാര്യങ്ങളുമുണ്ട്. വ്യക്തിഗത പീഡനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളാകുമ്പോള്‍ കലാപം നടത്തണം, അല്ലാത്തവയെ ചെറുക്കേണ്ടത് വ്യക്തിയുടെ കടമയാണ്. ഉദാഹരണത്തിന്, കുട്ടികളെ നിര്‍ബന്ധിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുമ്പോഴും അവിടെ കര്‍ക്കശമായ അച്ചടക്കത്തില്‍ നിര്‍ത്തുമ്പോഴും സ്വത്വങ്ങള്‍ക്ക് ഇടപെടാനുള്ള സാഹചര്യമില്ല. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും രക്ഷിതാക്കള്‍ തീരുമാനിക്കുമ്പോഴും അന്തര്‍ജാതീയ വിവാഹങ്ങള്‍ വിലക്കുമ്പോഴും അങ്ങനെ തന്നെയാണ്. സാമുദായിക സ്വത്വങ്ങള്‍ വ്യക്തികളെ ജനം മുതല്‍ മരണംവരെ എല്ലാ തലങ്ങളിലും വിലങ്ങുകളിടുമ്പോള്‍ അതു സമുദായത്തിന്റെ ആന്തരിക പ്രശ്നവും അവര്‍ തന്നെ തീരുമാനിക്കേണ്ടതുമാണ്, മറ്റുള്ളവര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല. അതോടെ മനുഷ്യാവകാശങ്ങളുടെ ഏറ്റവും ഹീനമായ ലംഘനംപോലും മൂടിവെയ്ക്കപ്പെടുന്നു. ഈയിടെയായി ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് രണ്ടു സഹോദരന്മാര്‍ വധിക്കപ്പെട്ടപ്പോള്‍, മറുവശത്ത് ഒരു എംഎല്‍എയുടെ സാന്നിധ്യം ഉണ്ടായിട്ടുപോലും അതു ""ഭരണകൂട ഭീകരത""യായും ""ഹിംസ""യായും ആരും കണ്ടില്ല. അത് സാമുദായിക സ്വത്വത്തെ ചിലര്‍ മാനിക്കാത്തതിന്റെ പ്രശ്നം മാത്രമാണ്. മറ്റൊരു സമുദായ ഭൂരിപക്ഷ പ്രദേശത്തില്‍ ഒരു യുവാവിനെ സംഘം ചേര്‍ന്ന് വധിച്ചപ്പോഴും പ്രതികരണം വ്യത്യസ്തമായിരുന്നില്ല. കുറ്റം സദാചാരലംഘനമായിരുന്നല്ലോ. "ഗാന്ധിയന്‍" മുഖമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ആരെയെങ്കിലും കൊല്ലാന്‍ ഗുണ്ടകളെ വിട്ടാല്‍ അത് വ്യക്തിഗതമായ ഒരു "പാളിച്ച" മാത്രമാകും, ഭീകരതയാകില്ല. ഗാന്ധിജി എന്തായാലും സ്റ്റാലിനല്ലല്ലോ. അതിശക്തനായ ഒരു മന്ത്രിക്കെതിരെ പത്തുകൊല്ലത്തിലധികം കാലം നിലനില്‍ക്കുന്ന വ്യഭിചാരാരോപണം സമുദായവും അധികാരരൂപങ്ങളും ചേര്‍ന്നാണ് തടഞ്ഞുനിര്‍ത്തുന്നത്. അതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം. പക്ഷേ, അതു തടയാന്‍ വേണ്ടി നടത്തിയ തന്ത്രങ്ങളെ ""ഭരണകൂട ഭീകരത""യായല്ല, മന്ത്രിയുടെ സാമര്‍ത്ഥ്യമായാണ് വിലയിരുത്തുന്നത്. ഏതായാലും അതുകൊണ്ട് ആര്‍ക്കും ജീവന്‍ പോയതായി തെളിവില്ല. ആത്യന്തികമായി വ്യഭിചാരം ഒരു സമുദായപ്രശ്നമല്ലേ? അപ്പോള്‍, ബുദ്ധിജീവികളുടെ ഭാഷയില്‍, ഹിംസ ഒരു വ്യവഹാരമാണ്. അതിന്റെ ""അപരന്‍"" കമ്യൂണിസവുമാണ്.

കമ്യൂണിസം വ്യക്തിപരമായ "ഉണ്മ"കളെയും സമുദായങ്ങളെയും കേവലമായ അധികാരസങ്കല്‍പങ്ങളെയും ബഹുത്വത്തെയും എതിര്‍ക്കുന്നു. സമുദായത്തിനുപകരം സമൂഹത്തെ കൊണ്ടുവരികയും അതിനെ വൈരുദ്ധ്യാത്മകമായ സാമാന്യതയായി കാണുകയും ചെയ്യുന്നു. ഈ സാമാന്യതയുടെ ചലനാത്മക രൂപമാണ് ചരിത്രം. വര്‍ഗസമരങ്ങള്‍ സമൂഹത്തിന്റെ വൈരുദ്ധ്യാത്മകതയുടെ പ്രകടനങ്ങളാണ്. സമൂഹമാറ്റങ്ങളില്‍ മനുഷ്യാധ്വാനത്തിലും അതിന്റെ ഫലമായി വളര്‍ന്നുവരുന്ന ഉല്‍പാദനശക്തികളിലും ഊന്നുന്ന കമ്യൂണിസം ആത്യന്തികമായി ലക്ഷ്യമിടുന്നത് മനുഷ്യരെല്ലാം ഉള്‍ക്കൊള്ളുന്ന വ്യക്തികളുടെ സ്വതന്ത്രമായ സംഘങ്ങളെ അടിത്തറയാക്കുന്ന യഥാര്‍ത്ഥ മാനവികതയെയാണ്. അത് സ്വത്വങ്ങളെയോ താല്‍ക്കാലികമായി ഉയരുന്ന കൂട്ടായ്മ രൂപങ്ങളെയോ നിഷേധിക്കുന്നില്ല. അതിനോടൊപ്പം ഇത്തരം രൂപങ്ങള്‍പ്പുറം കടന്ന് വളര്‍ന്നുവരുന്ന മനുഷ്യബന്ധങ്ങളില്‍ ഊന്നുന്നുവെന്നു മാത്രം.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലം കോടിക്കണക്കിനു ജനങ്ങളെ ആവേശം കൊള്ളിക്കുകയും അവരെ സര്‍ഗധനരാക്കുകയും പോരാടാന്‍ പ്രാപ്തരാക്കുകയും ചെയ്ത ഈ ആശയസംഹിതയാണ് ""സ്റ്റാലിനിസ്റ്റ് ഭീകരത""യും ഹിംസയും നേതാക്കന്മാരുടെയും ""ലോബി""കളുടെയും പേക്കൂത്തുകളുമായി ചിത്രീകരിച്ച് അഗണ്യകോടിയില്‍ തള്ളുന്നത്. ഇതിന്റെ അര്‍ത്ഥം കമ്യൂണിസ്റ്റുകാര്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടില്ല എന്നല്ല. പക്ഷേ മാര്‍ക്സിസം ഒരു തുറന്ന ചിന്താ പ്രവര്‍ത്തന പദ്ധതിയാണ്. കര്‍തൃത്വങ്ങളെയും സമുദായങ്ങളെയുംപോലെ സ്വന്തം വാതിലുകള്‍ കൊട്ടിയടച്ച ഇടുങ്ങിയ രൂപങ്ങളല്ല. തെറ്റുകളെ സ്വയം വിമര്‍ശനപരമായി പരിശോധിച്ച് മുന്നോട്ടുപോകുന്നതിലാണ് കമ്യൂണിസ്റ്റുകാരെന്‍റ ശക്തി കിടക്കുന്നത്. സ്റ്റാലിനിസമടക്കമുള്ള വ്യതിയാനങ്ങളെ ശക്തമായി വിമര്‍ശിക്കാനും പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ടുപോകാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ, സ്റ്റാലിനിസത്തിനെതിരായ ഏറ്റവും നിശിതമായ വിമര്‍ശനം നടന്നതും മാര്‍ക്സിസ്റ്റ് ചിന്താധാരയില്‍നിന്നാണ്. അതുപോലെ ഇന്നത്തെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഗുണദോഷവിചാരം നടത്താന്‍ കമ്യൂണിസ്റ്റുകാര്‍ ബാധ്യസ്ഥരുമാണ്.

അത്തരത്തിലുള്ള ഗുണദോഷവിചാരമല്ല പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസത്തെ മാത്രമല്ല, കമ്യൂണിസം രൂപംകൊണ്ട സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സെക്കുലര്‍ പൊതുമണ്ഡലത്തിന്റെയും പ്രായോഗിക രൂപങ്ങള്‍ക്കെതിരായ സംഘടിതാക്രമണമാണ് ഇന്നു നടക്കുന്നത്. കമ്യൂണിസ്റ്റ് വിരോധത്തിന്റെ മറവില്‍ കേരളത്തിലെ സമസ്ത ജീവിതമേഖലകളെയും മൂലധനശക്തികള്‍ക്ക് മുന്നില്‍ അടിയറവെയ്ക്കാനുള്ള നീക്കങ്ങളാണ് വലതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത്. കേരള ജനത സ്വന്തം പോരാട്ടങ്ങളിലൂടെ നേടിയെടുത്തതെല്ലാം ഇന്ന് കവര്‍ന്നെടുക്കപ്പെടുകയാണ്. അതിനെയാണ് നാം യാഥാസ്ഥിതിക പ്രതിവിപ്ലവം എന്ന് ഇവിടെ വിളിക്കുന്നത്.

യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ ഭാവിസാധ്യതകളും നാം കാണേണ്ടതാണ്. കേരളത്തിലെ ജനമനസ്സുകളെ ഇപ്പോള്‍തന്നെ നിയന്ത്രിക്കുന്ന വാണിജ്യമാധ്യമ രൂപങ്ങളുടെയും അവര്‍ വഴിയായി വ്യാപിക്കുന്ന സ്വര്‍ണക്കച്ചവടക്കാരും പണമിടപാടുകാരും, റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും ചൂതാട്ടക്കാരും സ്വാശ്രയ ബിസിനസ്സുകാരുമടങ്ങുന്ന നവലിബറല്‍ ക്രോണി മുതലാളിത്തത്തിന്റെ ആധിപത്യം വളര്‍ന്നുവരും. ഇപ്പോള്‍ തന്നെ മാധ്യമങ്ങളെ നിലനിര്‍ത്തുന്നത് റിയാലിറ്റി ഷോകള്‍ മുതല്‍ കോടീശ്വരനും സമ്മാനമഴയുംപോലുള്ള കാസിനോ രൂപങ്ങളാണ്. അവയുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വേട്ട നടത്തുന്നതും. അതിനു അനുപൂരകമായി സമുദായങ്ങള്‍ ജനമനസ്സുകളില്‍ ആധിപത്യം പുലര്‍ത്തുകയും സമുദായ ""ബഹുത്വ""വും വ്യത്യസ്തതകളും ജനങ്ങള്‍ മനസ്സിലാക്കുന്ന ഏകവൈരുദ്ധ്യമായി രൂപംകൊള്ളുകയും ചെയ്യും. ക്രോണിമുതലാളിമാരും ചൂതാട്ടക്കാരും ജനങ്ങള്‍ക്ക് ""ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ"" ജീവിതം നല്‍കുന്ന, "മനുഷ്യസ്നേഹി""കളായി മാറിക്കൊണ്ടിരിക്കുകയാണ്. മണല്‍മാഫിയക്കാര്‍ നിലനിര്‍ത്തുന്ന എത്രയോ ജീവിതങ്ങളില്ലേ? ഗോള്‍ഡ്ലോണ്‍ ചെയിനുകളും മണിചെയിനുകളും ലോട്ടറികളും എത്രപേര്‍ക്കാണ് വരുമാനമുണ്ടാക്കുന്നത്?

കമ്യൂണിസം തകരുന്നതോടെ മാനവികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍പോലും തകരുകയും മനുഷ്യരെല്ലാം മുസ്ലിങ്ങളും ക്രിസ്ത്യാനികളും നായന്മാരും ""ദളിതരു""മൊക്കെയായി മാറുകയും ചെയ്യും. മനുഷ്യാവകാശങ്ങളും "മനുഷ്യപക്ഷ"വും എല്ലാം സമുദായാവകാശങ്ങളും സമുദായപക്ഷവുമായി മാറും. വ്യക്തിജീവിതങ്ങളിലെ പ്രണയം, സ്നേഹം, സംതൃപ്തി തുടങ്ങിയവയെല്ലാം പണത്തിന്റെയും സമുദായത്തിന്റെയും ""അധികാര രൂപങ്ങളുടെ"" മുമ്പില്‍ ബലികഴിക്കപ്പെടുകയും അവര്‍ നിര്‍ണയിക്കുന്ന പുതിയ കര്‍തൃത്വങ്ങള്‍ മാത്രം നിലനില്‍ക്കുകയും ചെയ്യും. സംഘടനകളും പാര്‍ടികളുമില്ലാതാകുന്ന, ""ഐക്യപ്പെടലുകള്‍"" മാത്രം നടക്കുന്ന ആ സുവര്‍ണകാലത്തില്‍ ചെറുത്തുനില്‍പുകള്‍ ബുദ്ധിജീവികളുടെയും ""സന്നദ്ധ പ്രവര്‍ത്തകരുടെയും"" വെടിവട്ടങ്ങളുടെ വേദികളായി മാത്രം സംഘടിപ്പിക്കപ്പെടുകയും പൗരസമൂഹങ്ങള്‍ തകരുന്നതോടെ അവ വെറും അധരവ്യായാമങ്ങള്‍ മാത്രമായി മാറുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ പലതും നവലിബറല്‍ - സാമുദായികാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അരങ്ങേറുകയാണ്. എല്ലാ ചെറുത്തുനില്‍പുകളും അവസാനിക്കുന്ന, കര്‍തൃത്വങ്ങളും സമുദായങ്ങളും അരങ്ങുതകര്‍ക്കുന്ന, അല്ലെങ്കില്‍ സ്കിസോഫ്രീനിക്കുകളായി മാറുന്ന ആ മോഹനലോകത്തെ നമുക്ക് ഫാസിസം എന്നും വിളിക്കാം. കമ്യൂണിസത്തിന് യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ ഫാസിസമാണ്. പ്രതിവിപ്ലവം നമ്മെ എത്തിക്കുന്നത് ഫാസിസത്തിലേക്കാണ്. മൂലധനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തിമരൂപവും അതുതന്നെയാകും.

അതേസമയം പ്രതിവിപ്ലവകാരികള്‍ മറച്ചുവെയ്ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. അവര്‍ കൊട്ടിഘോഷിക്കുന്ന ""മുല്ലപ്പൂ"" വിപ്ലവം ഒരു സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കുമെന്ന സൂചനയില്ല. ആത്യന്തികമായി അവ നവലിബറലിസത്തിന് കീഴടങ്ങാനുള്ള സാധ്യത ഏറെയാണ്. പക്ഷേ സാമ്രാജ്യത്വ രാഷ്ട്രങ്ങളിലും ലാറ്റിന്‍ അമേരിക്കയിലും ""കര്‍തൃത്വ""ങ്ങള്‍ക്കും സ്വത്വങ്ങള്‍ക്കും അതീതമായി നവലിബറലിസത്തിനെതിരായി വളര്‍ന്നുവരുന്ന ചെറുത്തുനില്‍പുകളെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ""സ്റ്റാലിനിസ്റ്റ് ഭീകരത""യെ കുഴിച്ചുമൂടാനുള്ള വ്യഗ്രതയില്‍ അവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന സമരങ്ങളെയും പ്രതിരോധങ്ങളെയും തമസ്ക്കരിക്കുന്നു. അവര്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന സംഘടിത പ്രതിരോധത്തിനുള്ള സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ടെന്നല്ലേ അതിന്റെ അര്‍ത്ഥം? യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നവലിബറലിസത്തിന്റെയും സാമുദായികതയുടെയും കുഴലൂത്തുകാരാണെന്ന് അവര്‍ തന്നെ ഉറക്കെ പ്രഖ്യാപിക്കുകയല്ലേ ചെയ്യുന്നത്?

*
കെ എന്‍ ഗണേശ് ദേശാഭിമാനി ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസം തകരുന്നതോടെ മാനവികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍പോലും തകരുകയും മനുഷ്യരെല്ലാം മുസ്ലിങ്ങളും ക്രിസ്ത്യാനികളും നായന്മാരും ""ദളിതരു""മൊക്കെയായി മാറുകയും ചെയ്യും. മനുഷ്യാവകാശങ്ങളും "മനുഷ്യപക്ഷ"വും എല്ലാം സമുദായാവകാശങ്ങളും സമുദായപക്ഷവുമായി മാറും. വ്യക്തിജീവിതങ്ങളിലെ പ്രണയം, സ്നേഹം, സംതൃപ്തി തുടങ്ങിയവയെല്ലാം പണത്തിന്റെയും സമുദായത്തിന്റെയും ""അധികാര രൂപങ്ങളുടെ"" മുമ്പില്‍ ബലികഴിക്കപ്പെടുകയും അവര്‍ നിര്‍ണയിക്കുന്ന പുതിയ കര്‍തൃത്വങ്ങള്‍ മാത്രം നിലനില്‍ക്കുകയും ചെയ്യും. സംഘടനകളും പാര്‍ടികളുമില്ലാതാകുന്ന, ""ഐക്യപ്പെടലുകള്‍"" മാത്രം നടക്കുന്ന ആ സുവര്‍ണകാലത്തില്‍ ചെറുത്തുനില്‍പുകള്‍ ബുദ്ധിജീവികളുടെയും ""സന്നദ്ധ പ്രവര്‍ത്തകരുടെയും"" വെടിവട്ടങ്ങളുടെ വേദികളായി മാത്രം സംഘടിപ്പിക്കപ്പെടുകയും പൗരസമൂഹങ്ങള്‍ തകരുന്നതോടെ അവ വെറും അധരവ്യായാമങ്ങള്‍ മാത്രമായി മാറുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ പലതും നവലിബറല്‍ - സാമുദായികാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അരങ്ങേറുകയാണ്. എല്ലാ ചെറുത്തുനില്‍പുകളും അവസാനിക്കുന്ന, കര്‍തൃത്വങ്ങളും സമുദായങ്ങളും അരങ്ങുതകര്‍ക്കുന്ന, അല്ലെങ്കില്‍ സ്കിസോഫ്രീനിക്കുകളായി മാറുന്ന ആ മോഹനലോകത്തെ നമുക്ക് ഫാസിസം എന്നും വിളിക്കാം. കമ്യൂണിസത്തിന് യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ ഫാസിസമാണ്. പ്രതിവിപ്ലവം നമ്മെ എത്തിക്കുന്നത് ഫാസിസത്തിലേക്കാണ്. മൂലധനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തിമരൂപവും അതുതന്നെയാകും.