Sunday, August 26, 2012

കോടികളുടെ അഴിമതി : പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍

കേന്ദ്ര ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവെച്ച 2 ജി സ്‌പെക്ട്രം അഴിമതിയും കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയും കൃഷ്ണാ-ഗോദാവരി ബേസിന്‍ അഴിമതിയും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അസാമാന്യമായ ധീരതയും തന്റെ പദവിയോട് അപാരമായ പ്രതിബദ്ധതയും പ്രകടമാക്കിയ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍  ( സി എ ജി) വിനോദ് റായ് താന്‍ വഹിച്ചുവരുന്ന ഭരണഘടനാ പദവിയോട് തുടര്‍ന്നും കൂറ് പ്രഖ്യാപിക്കുന്നു എന്ന് വെളിവാക്കുന്നൊരു റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സി എ ജി ക്കുള്ള പദവിയോടും അധികാരങ്ങളോടും ഏറെക്കുറെ പൂര്‍ണ്ണമായ നീതി പുലര്‍ത്തുന്നു എന്നതിന്റെ പേരിലാണ് വിനോദ് റായി ഭരണാധികാരി വര്‍ഗ്ഗത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുള്ളതെന്ന് നാം തിരിച്ചറിയണം. ഈ നിലക്ക് വിനോദ് റായിയെ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനാപരമായ എന്ത് സ്ഥാനമാണുള്ളതെന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കിയ മലയാളികളുടെ അഭിമാനമായ ടി എന്‍ ശേഷനോട് ഉപമിക്കാവുന്നതാണ്. താന്‍ ചെയ്യുന്നതിന്റെ ശരിയും തെറ്റും വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് സി എ ജിയായതിനു ശേഷമുള്ള വിനോദ് റായിയുടെ ഓരോ നടപടിയും എന്ന് വ്യക്തവുമാണ്.

കല്‍ക്കരി ഖനനത്തിനായുള്ള ഭൂമി ബ്ലോക്കുകളായി നിശ്ചിത നിബന്ധനകള്‍ക്കു വിധേയമല്ലാതെ വിഭജിച്ചു നല്‍കുന്ന നടപടി നീതിപൂര്‍വവും സുതാര്യവുമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള തുറന്ന ലേലമായിരിക്കും ഉചിതമായിരിക്കുക എന്ന വസ്തുത സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിന് സ്വീകരിച്ച ''ആദ്യം വന്നവര്‍ക്ക് ആദ്യം'' എന്ന മാനദണ്ഡം അഴിമതിക്കും സ്വജനപക്ഷപാതത്തിനും പൊതുമുതല്‍ കൊള്ളയടിക്കുന്നതിനും വഴിവെക്കുകയായിരിക്കും ചെയ്യുക എന്നതും വ്യക്തമാണ്. മറിച്ച് പരസ്യലേലമായിരുന്നെങ്കില്‍ തിരിമറികള്‍ക്ക് ഒട്ടും തന്നെ ഇടമുണ്ടായിരിക്കുകയുമില്ല. സ്വകാര്യ കൊള്ള നടക്കുകയുമില്ല. എന്നാല്‍, കല്‍ക്കരി ഖനനത്തിനായുള്ള ഭൂമി ബ്ലോക്കുകളായി  തിരിച്ചു വീതം വെക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൊള്ള ലാഭം നേടാന്‍ സഹായകമായ  മാര്‍ഗ്ഗങ്ങളാണ്  അവലംബിച്ചത്.

2004-2009 കാലയളവില്‍  'കോള്‍ഗേറ്റ്' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ടുവരുന്ന ഈ കല്‍ക്കരി ഖനന അഴിമതിയിലൂടെ സ്വകാര്യ ഇടപാടുകാര്‍ക്കുണ്ടാക്കാനായ ലാഭം 1,86,000 കോടി രൂപേയോളമാണെന്നാണ് സി എ ജി യുടെ കണ്ടെത്തല്‍. അതായത്, 2 ജി  അഴിമതിയേക്കാള്‍ 10,000 കോടി രൂപയോളം അധിക നേട്ടം. ഇത്രയും ഭീമമായൊരു തുക തന്നെ താല്‍ക്കാലികാടിസ്ഥാനത്തിലുള്ള ഊഹകണക്കാണത്രെ. അതായത് നിലവിലുള്ള കല്‍ക്കരിയുടെ വിപണി നിരക്കുകളെ അടിസ്ഥാനമാക്കി അനുവദിക്കപ്പെട്ട കല്‍ക്കരി ബ്ലോക്കുകളില്‍ നിന്നും ഖനനം ചെയ്‌തെടുക്കാന്‍ കഴിയുമായിരുന്നതെന്ന് പ്രതീക്ഷിക്കപ്പെടുന്ന കല്‍ക്കരി ശേഖരം പൂര്‍ണ്ണമായും ഖനനം ചെയ്യപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്താല്‍ ലഭിക്കാനിടയുള്ള ലാഭമാണിത്.

കല്‍ക്കരി ഖനന ബ്ലോക്ക് വീതംവെപ്പുമായി ബന്ധപ്പെട്ട യാഥാര്‍ഥ 'കുംഭകോണം' ഇതൊന്നുമല്ല. കോള്‍ഗേറ്റ് എന്നാല്‍ കല്‍ക്കരി ഖനന ഭൂമി കൈവശം വന്നു ചേരുന്ന യഥാര്‍ഥ ഗുണഭോക്താക്കള്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കല്‍ക്കരി ഉല്‍പ്പാദനത്തിനായി വിനിയോഗിക്കുന്നതിലൂടെയുളള തിരിമറി എന്നല്ല അര്‍ഥമാക്കുന്നത്. മറിച്ച് ഖനന ബ്ലോക്കുകള്‍ കൈവശമുള്ളവര്‍ അവ പാഴായി വിനിയോഗിക്കപ്പെടാതെ സൂക്ഷിക്കുന്നു എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോടികള്‍ വിലമതിക്കുന്നതും ഊര്‍ജ്ജ ഉല്‍പ്പാദനം അടക്കമുള്ള വികസനാവശ്യങ്ങള്‍ക്ക് അനിവാര്യവുമായ കല്‍ക്കരി എന്ന പ്രകൃതി വിഭവത്തിനുമേല്‍ സ്വകാര്യ ഖനി ഉടമകള്‍ അടയിരിക്കുന്നു എന്നാണ് അര്‍ഥമാക്കുന്നത്.  വലിയ വിപണിവിലയും വിപണിഡിമാന്‍ഡും ഉറപ്പായ ഒരു പ്രകൃതി വിഭവത്തിന്റെ ഉല്‍പാദനവും വിനിയോഗവും കൃത്രിമ ക്ഷാമം സൃഷ്ടിക്കുക വഴി ഭാവിയിലുണ്ടാക്കാന്‍ കഴിയുന്ന അമിത നേട്ടങ്ങള്‍ക്കായി കല്‍ക്കരി ഖനികള്‍ കൈവശം സൂക്ഷിക്കുന്നു എന്ന പാതകമാണ് ഇവിടെ നടക്കുന്നത്. സി എ ജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ പൊതു ഉടമസ്ഥതയിലുള്ള 86 കല്‍ക്കരി ഖനി ബ്ലോക്കുകളില്‍ 28  എണ്ണത്തില്‍ മാത്രമാണ് 2011-12 കാലയളവില്‍ കല്‍ക്കരി ഉല്‍പ്പാദനം നടന്നതത്രെ. അഞ്ചുവര്‍ഷക്കാലത്തേക്കായി കല്‍ക്കരി ഉല്‍പ്പാദനത്തിന് ലക്ഷ്യമിട്ടതിന്റെ പകുതി ഉല്‍പ്പാദനം പോലും ഈ കാലയളവില്‍ തന്മൂലം നടന്നില്ല എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ കാഴ്ചപ്പാടിലൂടെ പരിശോധിച്ചാല്‍ നമുക്കെത്തിച്ചേരാനാകുന്ന നിഗമനം കോള്‍ഗേറ്റ് കുംഭകോണം 2 ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഗൗരവമേറിയ ഒന്നാണെന്ന് വ്യക്തമാണ്. രണ്ട് ഇടപാടുകളിലും നടന്നത് പരസ്യലേലമായിരുന്നില്ല. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന തത്വമനുസരിച്ചുള്ള വിഹിതം നീക്കിവെപ്പായിരുന്നു. അതുകൊണ്ടുതന്നെ ഇവരണ്ടും സുതാര്യവുമായിരുന്നില്ല. അതേസമയം 2 ജിയുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ടായിരുന്നു.

അവിഹിത മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നെങ്കിലും ലൈസന്‍സ് കൈവശം വന്ന മൊബൈല്‍ ഓപ്പറേറ്റര്‍ കമ്പനികള്‍ ഒന്നുകില്‍ നേരിട്ടോ ലൈസന്‍സുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം നടത്തിയോ ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയായിരുന്നു. ഖജനാവിന് നഷ്ടമുണ്ടായെങ്കിലും പുതിയ ഓപ്പറേറ്റര്‍മാര്‍ രംഗപ്രവേശനം നടത്തിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമായി. എന്നാല്‍ കോള്‍ഗേറ്റ് അഴിമതിയുടെ കാര്യം വ്യത്യസ്തമാണ്. ഇതെ തുടര്‍ന്ന് കല്‍ക്കരി ഉല്‍പ്പാദനം ഒട്ടും തന്നെ വര്‍ധിച്ചില്ലെന്നു മാത്രമല്ല കല്‍ക്കരി അവശ്യ അസംസ്‌കൃത ഉല്‍പ്പാദന ഉപാധിയായി വിനിയോഗിച്ചു വരുന്ന വൈദ്യുതി നിലയങ്ങളും ബുദ്ധിമുട്ടിലായി.

രൂക്ഷമായ വൈദ്യുതി ക്ഷാമമായിരുന്നു ഫലം. ഹ്രസ്വകാല- മധ്യകാല ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനനുയോജ്യമായ തോതില്‍ ഊര്‍ജ്ജോല്‍പ്പാദനം ഉയര്‍ത്താന്‍ സ്വകാര്യ ഖനനവും കല്‍ക്കരി ഉല്‍പ്പാദന വര്‍ധനവും പ്രോത്സാഹിപ്പിക്കുവാനുള്ള നീക്കവും പാളം തെറ്റുകയായിരുന്നു.  സുതാര്യത തെറ്റിച്ച് വീതം വെപ്പ് നടത്തിയതുകൊണ്ട് ഖജനാവിന് കനത്ത നഷ്ടമുണ്ടായി എന്നതിനു പുറമെ സമ്പദ് വ്യവസ്ഥക്കും വമ്പിച്ച വളര്‍ച്ചാ പ്രതിസന്ധി നേരിടേണ്ടതായി വന്നു എന്ന വസ്തുതയും ശ്രദ്ധേയമാണ്. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള കല്‍ക്കരി ഖനനം പൊതുമേഖലയില്‍ മാത്രമായിരിക്കണമെന്നതാണ് യഥാര്‍ഥത്തില്‍ സ്വീകരിച്ച് നടപ്പാക്കേണ്ടതായ മാര്‍ഗ്ഗം. സര്‍ക്കാരിനും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥക്കും ഇതായിരിക്കും  കൂടുതല്‍ ഗുണകരമായിരിക്കുക.

സ്വകാര്യ കല്‍ക്കരി ഖനനം പ്രായോഗികമാക്കണമെങ്കില്‍ കല്‍ക്കരി ഖനി (ദേശസാല്‍ക്കരണ) നിയമം ഭേദഗതി ചെയ്യേണ്ടിവരും. ഇതിനുള്ള ഏതു നീക്കവും രാഷ്ട്രീയമായ വന്‍ വില നല്‍കേണ്ടിവരുമെന്നതിനു പുറമെ ഏറെ കാലതാമസവും ആവശ്യമായേക്കുമെന്നും കരുതപ്പെടുന്നു. ഇത്തരം സാഹചര്യത്തിലാണ് വിഹിതം വീതംവെപ്പ് എന്ന വഴിവിട്ട് ബദല്‍മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനമായതും. അതേസമയം ഈ മാര്‍ഗ്ഗം സത്യസന്ധവും സുതാര്യവും സര്‍ക്കാര്‍ ഖജനാവിന് ഗുണകരവും ആയിരിക്കണമെങ്കില്‍ തുറന്ന ലേലമാക്കുകയായിരുന്നു ഉചിതമായ നയം. ഇതെല്ലാം കേന്ദ്ര യു പി എ സര്‍ക്കാര്‍ മാത്രമല്ല മുന്‍ എന്‍ ഡി എ സര്‍ക്കാരും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന തത്വത്തിലൂടെ കോടികള്‍ അടിച്ചുമാറ്റാന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളെ വഴിവിട്ടു സഹായിക്കുകയാണ് ചെയ്തുവന്നുപോന്നിട്ടുള്ളത്.

II

പൊതുപണം കൊള്ളയടിക്കല്‍ യു പി എ യുടെ നാണംകെട്ട മുഖം   

സി എ ജിയുടെ പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതോടെ ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ രാജിക്കായി മുറവിളി കൂട്ടുകയുണ്ടായി. കല്‍ക്കരി ബ്ലോക്കുകളുടെ വീതം വെപ്പ് നടക്കുമ്പോള്‍ കല്‍ക്കരി ഖനന വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു.  2 ജി സ്‌പെക്ട്രം അഴിമതി ആരോപണത്തിന്റെതില്‍ നിന്നും വ്യത്യസ്തമായൊരു സാഹചര്യമായിരുന്നു ഇത്. എന്‍ ഡി എ ഭരണകാലത്താരംഭിച്ചൊരു അഴിമതിയായിരുന്നു ഇതും. അക്കാലത്തെ വാര്‍ത്താവിനിമയ മന്ത്രി ബി ജെ പി നേതാവ് പരേതനായ പ്രമോദ് മഹാജനുമായിരുന്നു. യു പി എ ഭരണമായപ്പോള്‍ ഡി എം കെ യിലെ എ രാജയായി വകുപ്പ് മന്ത്രി. സ്വാഭാവികമായും 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുവന്നതോടെ തുടക്കത്തില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഇത് നിഷേധിച്ചെങ്കിലും പ്രധാനമന്ത്രിയുടെ കാര്യാലയം കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഒടുവില്‍ സി ബി ഐ അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്. ഇക്കുറി പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ കാര്യാലയത്തിനോ ചുമതലയില്‍ നിന്നും കുതറി മാറാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടാണ് ഭരണകൂടമാകെ തന്നെ സി എ ജി ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. കല്‍ക്കരി ബ്ലോക്കുകളുടെ വീതംവെപ്പിനു പുറമെ മെഗാ ഊര്‍ജ്ജപദ്ധതികള്‍ക്കായി പൊതു- സ്വകാര്യ പങ്കാളിത്ത പ്രോജക്റ്റുകള്‍ക്കും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു  അനുമതി നല്‍കിയതിനെതിരായി സി എ ജി യുടെ കണ്ടെത്തലുകളും സര്‍ക്കാര്‍ അഴിമതിയുടെ വലുപ്പം 3 ലക്ഷം കോടിയോളം വരുമെന്നോര്‍ക്കുക. കോള്‍ഗേറ്റ് അഴിമതിയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ സി എ ജി തന്റെ ഭരണഘടനാ പദവി വഴിവിട്ട് വിനിയോഗിക്കുകയാണെന്ന് ആരോപണമാണ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഉന്നയിച്ചിരിക്കുന്നതും.

ബി ജെ പിയുടെ അഴിമതി ആരോപണവും ഇതിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ചതും കോള്‍ഗേറ്റിന്റെ കാര്യത്തില്‍ രസകരമായൊരു വസ്തുത ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ബി ജെ പി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ് ഛത്തീസ്ഗഡ് ജാര്‍ഖണ്ഡ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സുതാര്യമായ മത്സരാടിസ്ഥാനത്തിലുള്ള പരസ്യ ലേല പ്രക്രിയ  എതിര്‍ക്കുകയായിരുന്നു എന്നതാണിത്. ബി ജെ പി യെ സംബന്ധിച്ചിടത്തോളം കര്‍ണ്ണാടകത്തിലെ റെഡ്ഡി സഹോദരന്മാരുടെ ദുര്‍നടപടികളും ജയില്‍വാസവും ഖനി മേഖലാ അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. സി എ ജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് കല്‍ക്കരി ഖനന ലേലം സംബന്ധമായി ഒരു ദേശീയ സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്നതിന്റെ മറപിടിച്ച് സുതാര്യമായൊരു പങ്കിടലിനു പകരം അഴിമതിക്ക് കളമൊരുക്കുന്ന വിധത്തിലുള്ളൊരു വീതംവെപ്പാണ് പിന്‍തുടര്‍ന്നു വന്നിട്ടുള്ളത് എന്നതാണ്. സ്വന്തം ആവശ്യങ്ങള്‍ക്കു മാത്രമായുള്ള കല്‍ക്കരി ഖനനമാണെങ്കില്‍ കൂടി മത്സരാടിസ്ഥാനത്തിലുള്ള പങ്കിടല്‍ തത്വം അവലംബിക്കാന്‍ 2004 ജൂലായ് മാസത്തില്‍ കേന്ദ്ര കല്‍ക്കരി മന്ത്രാലയം നിര്‍ദ്ദേശിക്കുകയും 2006 ല്‍ കേന്ദ്ര നിയമ മന്ത്രാലയം അത് ശരിവെക്കുകയും ചെയ്തിരുന്നതാണെങ്കിലും മാറി മാറി അധികാരത്തില്‍ വന്ന കേന്ദ്രഭരണകൂടങ്ങള്‍ അതിനു തയ്യാറായിട്ടില്ല. ഇതിനിടയാക്കിയ പ്രചോദന ശക്തി കേന്ദ്ര ഭരണം ഇക്കാലമത്രയും കൈകാര്യം ചെയ്തു വന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നിഷ്ടപ്രകാരം വീതം വെപ്പു നടത്തി അവിഹിതമായി പണം  തട്ടിയെടുക്കുക  എന്നതായിരുന്നു എന്ന് വ്യക്തമാണ്. വാണിജ്യാടിസ്ഥാനത്തില്‍ കല്‍ക്കരി ഖനനം നടത്തുന്നതിന് ഇന്ത്യയിലെ മുഖ്യധാരാ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊന്നും തന്നെ പൊതുമേഖയുടെ കുത്തക സ്വീകാര്യമായിരുന്നില്ല എന്നതിന് വേറെ തെളിവൊന്നും തന്നെ ആവശ്യമില്ലല്ലോ. ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം തന്നെ കല്‍ക്കരി ബ്ലോക്കുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായിരുന്നു എന്നു മാത്രമല്ല കല്‍ക്കരി ഉല്‍പാദന ലക്ഷ്യങ്ങള്‍ നേടാതിരിക്കുന്നതിന്റെ പേരില്‍ യാതൊരുവിധ ശിക്ഷയും  ഏറ്റുവാങ്ങേണ്ടതായും വരുന്നില്ല. സ്വാഭാവികമായും ഇത്തരം സാഹചര്യങ്ങളില്‍ അവിഹിതമായി കൈവശം വന്നുചേര്‍ന്ന ഖനികള്‍ക്കു മേല്‍  ചടഞ്ഞിരിക്കാന്‍ അവര്‍ക്കൊക്കെ ഖനികളെ വികസിപ്പിക്കുന്നതിനു പകരം എളുപ്പത്തില്‍  കഴിയുകയും ചെയ്യുമായിരുന്നു. ഇതിനെല്ലാം കനത്ത വില നല്‍കേണ്ടിവന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും ഇന്ത്യന്‍ ജനതക്കുമായിരുന്നു. ഈ യാഥാര്‍ഥ്യം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ സി എ ജി വിജയിച്ചതിന്റെ പേരിലാണ് യു പി എ ഭരണകൂടം ഈ ഭരണഘടനാ സ്ഥാപനത്തിന്റെ കണ്ടെത്തലുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നതും.

സി എ ജിയുടെ രണ്ടാമത്തെ പ്രധാന കുംഭകോണ ആരോപണവും കണ്ടെത്തലും ഡല്‍ഹി രാഷ്ട്രാന്തര വിമാനത്താവള (ഡയല്‍) നിര്‍മ്മാണ ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിമാനത്താവള കമ്പനിക്ക് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പാട്ടവ്യവസ്ഥയില്‍ 60 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ ഖജനാവിനുണ്ടായിരിക്കുന്ന നഷ്ടം 24,000 കോടി രൂപയോളമാണെന്ന് സി എ ജി കണ്ടെത്തിയിരുന്നു. പൊതു സ്വകാര്യ പങ്കാളിത്ത (പി പി പി) ത്തിന്റെ അടിസ്ഥാനത്തിലുള്ളൊരു വന്‍ പദ്ധതിയാണിത്. മറ്റു നിരവധി പി പി പി പദ്ധതികളേയും പോലെ അഴിമതിക്ക് നിരവധി പഴുതുകളുണ്ടെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടായിരുന്നിട്ടും സുതാര്യമായ ഇടപാടുകള്‍ക്ക് തയ്യാറാകാതിരുന്നത് കരുതികൂട്ടി തന്നെയാണെന്നതില്‍  സംശയമില്ല. യാത്രക്കാരില്‍ നിന്നും വികസന “ഫീ എന്നപേരില്‍ ഒരു തുക പിരിച്ചെടുക്കാന്‍ കമ്പനിക്ക് വഴിയൊരുക്കുന്നതിനായി കരാറിന്റെ ധനകാര്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിലൂടെ ലേല പ്രക്രിയയില്‍ അഴിമതിക്ക് ഇടം നല്‍കുകയായിരുന്നു. പി പി പല പദ്ധതികളുടെയെല്ലാം ശാപമാണ് ഇത്തരം ഇടപാടുകകളും മാറ്റങ്ങളും കാരണം എക്‌സിക്യൂട്ടീവ് തീരുമാനങ്ങളിലൂടെ കരാര്‍ ഉറപ്പിച്ചതിനു ശേഷവും വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധ്യതകളുണ്ടാക്കുകയാണ്. നേരത്തേ തയ്യാറാക്കിയ കെട്ടിടത്തിന്റെ പ്ലാനിന്റെ വലുപ്പം വര്‍ധിപ്പിക്കുക വഴി പ്രോജക്ട് ചെലവ് പെരുകാനിടയാകുന്നു. ഇതും സി എ ജി പ്രതേ്യകം എടുത്തുകാട്ടുന്നുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ അര്‍ഹിക്കുന്നതിലേറെ നേട്ടങ്ങളുണ്ടാക്കാന്‍ സ്വകാര്യ പങ്കാളിക്ക് നിഷ്പ്രയാസം കഴിയുന്നു എന്നതാണ് സി എ ജി യുടെ കണ്ടെത്തലുകളുടെ സുപ്രധാനമായ ഘടകം.

സി എ ജി റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്ന ഡോ. മന്‍മോഹന്‍ സിംഗ്് ഭരണകൂടത്തിന്റെ അഴിമതി പരമ്പരയില്‍ മറ്റൊന്നുകൂടിയുണ്ട്. റിലയന്‍സ് പവറിന്റെ സസാന്‍ വൈദ്യുതി പദ്ധതിക്ക് കല്‍ക്കരി പാടങ്ങളില്‍ നിന്നും കരാറിനപ്പുറം കല്‍ക്കരി വിനിയോഗിക്കാന്‍ അനുവാദം നല്‍കുകയം അതിനായി കുറഞ്ഞ വിലമാത്രം ഈടാക്കുകയും ചെയ്തതിലൂടെ 29,000 കോടി രൂപ അധിക നേട്ടമുണ്ടാക്കാന്‍ റിലയന്‍സിനെ സഹായിക്കുകയും ചെയ്ത നടപടിയാണ് സി എ ജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ അഴിമതിയും കൂടി ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍  സി എ ജി റിപ്പോര്‍ട്ടുകളിലൂടെ വെളിവാക്കപ്പെട്ട പൊതുഖജനാവ് കൊള്ളയുടെ ആകെത്തുക 5.55 ലക്ഷം കോടിയോളം വരുമെന്നാണ് ഏകദേശ കണക്ക്.

വിനോദ് റായ് സി എ ജി ആയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജനതയ്ക്ക് ബോധ്യപ്പെടാനായൊരു യാഥാര്‍ഥ്യം ആഡിറ്റര്‍മാര്‍ പൊതുമുതല്‍ സൂക്ഷിപ്പുകാരായ കാവല്‍ നായ്ക്കളാണ്. അത് കൊള്ള ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെ സംരക്ഷകരല്ലാ എന്ന തത്വമാണ്.

*
പ്രൊഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം ദിനപത്രം

No comments: