Wednesday, August 29, 2012

വെല്ലുവിളികളെ അതിജീവിച്ച് കരുത്തോടെ മുന്നോട്ട്

ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ.യുടെ 31-ാം സംസ്ഥാന സമ്മേളനം ജൂലൈ 26 മുതല്‍ 29 വരെ, എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാട് വെച്ച് നടക്കുകയുണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കൂറ്റന്‍ റാലിയോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. വിക്ടോറിയാ കോളേജില്‍ നിന്ന് തുടങ്ങി കോട്ടമൈതാനത്ത് അവസാനിച്ച റാലി എസ്.എഫ്.ഐ.യുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ടൗണ്‍ ഹാളിലെ ഇടുക്കിയില്‍ കോണ്‍ഗ്രസ് അക്രമികള്‍ കൊലചെയ്ത അനശ്വര രക്തസാക്ഷി സഖാവ് അനിഷ്രാജന്റെ നാമധേയത്തിലുള്ള നഗറില്‍ ജൂലൈ 27-ന് നടന്ന പ്രതിനിധി സമ്മേളനം പശ്ചിമബംഗാള്‍ ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ മുന്‍ വൈസ് ചെയര്‍മാനും ഇന്ത്യയിലെ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ സുബിമന്‍സെന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എസ്എഫ്.ഐ.യുടെ 1300710 അംഗങ്ങളെ പ്രതിനിധീകരിച്ച് 14 ജില്ലകളില്‍ നിന്നും വിവിധ സബ്കമ്മിറ്റികളില്‍ നിന്നുമായി 516 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളെക്കുറിച്ചും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അരാജക പ്രവണതകളെക്കുറിച്ചും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. കേരളീയ വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് എസ്.എഫ്.ഐ.യുടെ 31-ാം സംസ്ഥാന സമ്മേളനം നടന്നത്. 13-ാം നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുകയും വരേണ്യവത്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണമായി ലീഗ്വത്കരിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടേയും തലപ്പത്ത് ലീഗുകാരെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. സര്‍വകലാശാലകളെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമിക് ഭരണസമിതികള്‍ പിരിച്ചുവിട്ട് നോമിനേറ്റഡ് സമിതികള്‍ സര്‍വകലാശാലയില്‍ ഭരണം നടത്തുകയാണ്. കച്ചവട ചരക്കാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ മാറ്റുകയാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് കോര്‍പ്പറേറ്റുകളെ ക്ഷണിച്ച് പൂര്‍ണ്ണമായും വിദ്യാഭ്യാസ കച്ചവടം നടത്താന്‍ കൂട്ടുനില്‍ക്കുന്നു. കേരളത്തിലെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കാന്‍ ഈ മേഖലകളിലേക്ക് ഇആടഋ, കഇടഋ സിലബസ് സ്കൂളുകള്‍ക്ക് അനുമതി നല്‍കി പൂര്‍ണ്ണമായും വിദ്യാഭ്യാസ മേഖലയെ വില്‍പ്പന ചരക്കാക്കി മാറ്റുകയാണ്. സ്വാശ്രയകോളേജുകളില്‍ ഇന്ന് ഭരണം നടത്തുന്നത് ജാതി-മത ശക്തികളാണ്. സാമൂഹ്യ നീതിയുടെയും മെറിറ്റിന്റെയും നഗ്നമായ ലംഘനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഈ തെറ്റായ നയങ്ങള്‍ക്കെതിരായി ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഈ സമ്മേളന കാലയളവില്‍ കേരളത്തിലെ 14 ജില്ലകളിലും എസ്.എഫ്.ഐ. ഉയര്‍ത്തിക്കൊണ്ടുവന്നത്. ഈ സമരങ്ങളെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഉമ്മന്‍ചാണ്ടി ഭരണകൂടം ശ്രമിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍വരെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരായി. തെരുവുകള്‍ ചോരക്കളമായി.

നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിയെ സാമൂഹ്യനീതിയും, മെറിറ്റും കാറ്റില്‍പറത്തി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിപ്പിച്ചതിനെതിരെ ഉജ്ജ്വലമായ പ്രക്ഷോഭമാണ് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നത്. സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി പി. ബിജു ഉള്‍പ്പെടെയുള്ള സമര സഖാക്കളുടെ തലതല്ലിപ്പൊട്ടിച്ചു. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികളുടെ നേരെ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള വെടിയുതിര്‍ക്കുകയുണ്ടായി. ഒടുവില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനവും, യുവജനപ്രസ്ഥാനവും ഈ സമരം ഏറ്റെടുക്കുകയും എസ്.എഫ്.ഐ. ഉയര്‍ത്തിയ മുദ്രാവാക്യത്തിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുട്ടുമടക്കേണ്ടിതായി വരുകയും ചെയ്തു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ തെരുവുകള്‍ വിദ്യാര്‍ത്ഥികളുടെ ചോരയാല്‍ ചുവന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് വേട്ടയാടി. നിരവധി വിദ്യാര്‍ത്ഥികള്‍ കൊടിയ മര്‍ദ്ദനത്തിന് വിധേയരായി. യൂണിവേഴ്സിറ്റി കോളേജിലേക്ക് നൂറുകണക്കിന് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. പാളയം ഏരിയാ സെക്രട്ടറി നിയാസിനെ തലങ്ങും വിലങ്ങും ലാത്തിയൊടിയും വരെ തല്ലിച്ചതച്ചു.

ഇപ്രകാരം എല്ലാ ജില്ലകളില്‍ നിന്നും ഒട്ടേറെ കൊടിയ മര്‍ദ്ദനങ്ങളും, കള്ളക്കേസ്സുകളും, ജയിലറകളും അതിജീവിച്ചാണ് പ്രതിനിധികള്‍ എസ്.എഫ്.ഐ. 31-ാം സംസ്ഥാന സമ്മേളനത്തിനെത്തിച്ചേര്‍ന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുത്തഭൂരിഭാഗം സഖാക്കളും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായവരാണ്. നിരവധി സഖാക്കളുടെ പേരില്‍ കള്ളക്കേസ് ചുമത്തി. മാസങ്ങളോളം ജയിലറ കളിലടച്ചു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ യു.ഡി.എഫ് ഭരണകൂടത്തിന്റെ കൊടിയ മര്‍ദ്ദനത്തിന്റെ മായാത്ത അടയാളങ്ങളും ശരീരത്തിലേറിയാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. 2009-ല്‍ കോഴിക്കോടു നടന്ന 30-ാം സംസ്ഥാന സമ്മേളനത്തിന്ശേഷം പാലക്കാട് 31-ാം സംസ്ഥാന സമ്മേളനത്തില്‍ എത്തിച്ചേരുമ്പോള്‍ ഞങ്ങളുടെ പ്രിയ സഖാവ് അനീഷ്രാജന്‍ ഇന്ന് ഞങ്ങളോടൊപ്പമില്ല. ഒട്ടേറെ സഖാക്കളാണ് കേരളത്തിലെ വിവിധ കോളേജുകളിലും സ്കൂളിലും വലതുപക്ഷ - വര്‍ഗീയ ശക്തികളാല്‍ ആക്രമിക്കപ്പെട്ടത്. അനീഷ് രാജന്റെ അച്ഛന്‍ രാജനേയും അമ്മ സബിതാരാജനേയും മുദ്രാവാക്യപൂരിതമായ ആവേശകരമായ അന്തരീക്ഷത്തിലാണ് സമ്മേളനം സ്വീകരിച്ചത്.. അനീഷിന്റെ അച്ഛന്‍ രാജന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്. ""എന്റെ മകന്‍ അനീഷ്രാജന്‍ മരിക്കുന്നില്ല, അവന്‍ നിങ്ങളില്‍ ഓരോരുത്തരിലുമായി ഇന്നും ജീവിക്കുന്നു"".എസ്.എഫ്.ഐ.യുടെ 31-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചതു മുതല്‍ തന്നെ സമ്മേളനത്തെക്കുറിച്ചും, സമ്മേളനത്തിലെ ചര്‍ച്ചകളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ നിറഞ്ഞ വാര്‍ത്തകളാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സമ്മേളനത്തിന്റെ എല്ലാ അജണ്ടകളും തെരഞ്ഞെടുപ്പുകളും ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്.

സമ്മേളനം 77 അംഗങ്ങളടങ്ങിയ പുതിയ സംസ്ഥാന കമ്മിറ്റിയേയും 189 അംഗ അഖിലേന്ത്യാ സമ്മേളന പ്രതിനിധികളേയും ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ, വിദ്യാഭ്യാസ മേഖലയുടെ ലീഗ്വത്കരണത്തിനെതിരായി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ നീതിയും മെറിറ്റും സംരക്ഷിക്കാന്‍, പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ പിന്‍മടക്കമില്ലാത്ത പോരാട്ടാഹ്വാനവുമായാണ് സമ്മേളനം അവസാനിച്ചത്. ഒരു തോക്കിനും ജയിലറകള്‍ക്കു മുന്നിലും തോല്‍ക്കാന്‍, പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്നും കേരളീയ വിദ്യാഭ്യാസ മേഖലയുടെ എല്ലാ നന്‍മകളെയും സംരക്ഷിക്കാന്‍ ഉജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കരുത്തോടെ മുന്നോട്ടു കുതിക്കുക തന്നെ ചെയ്യുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു എസ്.എഫ്.ഐ. 31-ാം സംസ്ഥാന സമ്മേളനം നടത്തിയത്..

*
ടി പി ബിനീഷ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ.യുടെ 31-ാം സംസ്ഥാന സമ്മേളനം ജൂലൈ 26 മുതല്‍ 29 വരെ, എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാട് വെച്ച് നടക്കുകയുണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കൂറ്റന്‍ റാലിയോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. വിക്ടോറിയാ കോളേജില്‍ നിന്ന് തുടങ്ങി കോട്ടമൈതാനത്ത് അവസാനിച്ച റാലി എസ്.എഫ്.ഐ.യുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.