Wednesday, August 22, 2012

പി ജയരാജന്റെ അറസ്റ്റ്: നിയമവും രാഷ്ട്രീയവും

ഷുക്കൂര്‍ വധത്തെത്തുടര്‍ന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും അറസ്റ്റ് രാഷ്ട്രീയ- നിയമവൃത്തങ്ങളില്‍ വിവാദപരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ടി പി ചന്ദ്രശേഖരന്‍വധം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗം എന്നിവയെത്തുടര്‍ന്നുണ്ടായ പ്രതികരണത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സങ്കുചിത നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് പില്‍ക്കാലത്തെ സംഭവപരമ്പരകള്‍ തെളിയിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 118-ാം വകുപ്പ് അനുസരിച്ചാണ് പി ജയരാജനെയും ടി വി രാജേഷിനെയും അറസ്റ്റുചെയ്തു തടവിലിട്ടത്. മരണശിക്ഷയോ, ജീവപര്യന്തമോ ആയ ശിക്ഷ ലഭിക്കാവുന്ന കുറ്റം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും ആ വിവരം ഒളിച്ചുവച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയാണ് 118-ാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്.

ഷുക്കൂര്‍ വധക്കേസില്‍ ഇരുവരെയും പ്രതിചേര്‍ക്കാന്‍ പൊലീസ് ആശ്രയിക്കുന്ന പശ്ചാത്തലം വളരെ വിചിത്രമാണ്. ഒരു അക്രമസംഭവത്തിനുശേഷം അതിന്റെ തിരിച്ചടിയുണ്ടാകുമെന്ന് ആക്രമണത്തിനിരയായവര്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, സമീപത്തുള്ളവര്‍ ടെലിഫോണ്‍ മുഖാന്തിരം പറയുന്നത് കേട്ടെന്നും അത് ഒളിച്ചുവച്ചുവെന്നും പറഞ്ഞാണ് ഇരുവര്‍ക്കുമെതിരെ ഐപിസി 118 പ്രയോഗിച്ചിരിക്കുന്നത്. പൊലീസ് ഭാഷ്യം അനുസരിച്ച്, ഇങ്ങനെയൊരു സംഭാഷണം അഥവാ ഇവര്‍ കേട്ടിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ പൊലീസിനെ അറിയിച്ച് അവരെ കസ്റ്റഡിയിലെടുത്ത് പ്രതിരോധ നടപടി സ്വീകരിക്കണമായിരുന്നു. നിയമപരിപാലന രംഗത്ത് കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങുന്ന പുതിയ അധ്യായമാണ് ഐപിസി 118. രാഷ്ട്രീയരംഗത്ത് ഉണ്ടാകുന്ന ഏത് അക്രമത്തിന്റെയും ഉത്തരവാദിത്തം ബന്ധപ്പെട്ട പാര്‍ടിനേതാക്കളുടെ ചുമലില്‍ ചാര്‍ത്തി കല്‍ത്തുറങ്കിലടയ്ക്കാന്‍ നിഷ്പ്രയാസം ഇതുവഴി ഭരണകൂടത്തിന് സാധിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വളരെ ദുര്‍ബലമായ ഒരു വകുപ്പിനെ ഭരണകൂടം എത്ര ഫലപ്രദമായി രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നത് "അഭിനന്ദനം" അര്‍ഹിക്കുന്ന കാര്യമാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെയും എം എം മണി പ്രസംഗത്തിന്റെയും പശ്ചാത്തലത്തില്‍ സിപിഐ എം നേതാക്കളെ ഐപിസി 118 പ്രകാരം പ്രതിയാക്കി കല്‍ത്തുറങ്കിലടയ്ക്കുന്ന നടപടി ചിലര്‍ ഒരുപക്ഷേ സ്വാഗതം ചെയ്തേക്കാം. പക്ഷേ, ഇന്ന് സിപിഐ എമ്മിനെതിരായാണ് യുഡിഎഫ് ഐപിസി 118 എന്ന ആയുധം ഉപയോഗിക്കുന്നതെങ്കില്‍, നാളെ അതെല്ലാവര്‍ക്കും ബാധകമാണെന്ന കാര്യം ആരും വിസ്മരിക്കണ്ട. വിലക്കയറ്റത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെയും നിഷ്പ്രയാസം അടിച്ചമര്‍ത്താനും രാഷ്ട്രീയനേതൃത്വത്തെ കല്‍ത്തുറങ്കിലടയ്ക്കാനും ഈ വകുപ്പ് വളരെ അഭികാമ്യമാണ്. പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അറസ്റ്റിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വക്താക്കള്‍ പ്രതികരിച്ചത് ദുര്‍ബലമായ വകുപ്പാണ് ജയരാജനെതിരെ ചാര്‍ത്തിയിട്ടുള്ളത്. എന്നാല്‍, 120 ബി വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചനപോലും ചുമത്തിയിട്ടില്ലായെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ വാദിച്ചത്. എന്നാല്‍, അടുത്ത ദിവസം മജിസ്ട്രേട്ട് കോടതിയില്‍ ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അപേക്ഷയെ എതിര്‍ക്കാന്‍ ഹാജരായത് എമര്‍ജന്‍സി ടെലി ഉത്തരവിലൂടെ നിയമിതനായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍, കെപിസിസി നിര്‍വാഹകസമിതി അംഗം കൂടിയായ സീനിയര്‍ അഭിഭാഷകന്‍ സി കെ ശ്രീധരന്‍. കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെന്ന് ആലോചിക്കപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. എന്നാല്‍, ജയരാജന്റെ ജാമ്യാപേക്ഷയുടെ വിചാരണവേളയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഷുക്കൂര്‍ കൊലപാതകക്കേസില്‍ 302-ാം വകുപ്പ് അനുസരിച്ച് കൊലക്കുറ്റം ആരോപിക്കപ്പെട്ട പ്രതിക്കെതിരെപോലും പ്രത്യേക അഭിഭാഷകനെ നിയോഗിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ ജയരാജനെ 118-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റം ആരോപിക്കപ്പെട്ട് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ എങ്ങനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായി? ഇതിന്റെ പേര് സങ്കുചിത രാഷ്ട്രീയം എന്നല്ലെ? ഇതാണോ സര്‍ക്കാരിന്റെ സുതാര്യത? ഇതാണോ നിഷ്പക്ഷത? നേരിട്ട് കൊലപാതകം നടത്തിയെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യമെങ്കിലും ജയരാജന് ലഭിക്കുന്നുണ്ടൊ? അത് ലഭിക്കാത്തത് അല്ലെങ്കില്‍ നല്‍കാതിരുന്നത് പച്ചയായ രാഷ്ട്രീയമാണ്. ഇന്ന് സിപിഐ എം എങ്കില്‍ നാളെ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെയാണ് പൊലീസിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അമര്‍ച്ചചെയ്യാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രഖ്യാപനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ തന്നെ അധികമാണെന്നിരിക്കെ പുതിയ നിയമഭേദഗതിയെ സംബന്ധിച്ച് ആലോചിക്കുന്നത് കേരളത്തില്‍ ഉയര്‍ന്നുവരുന്ന മുഴുവന്‍ ജനകീയസമരങ്ങളെയും അടിച്ചമര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്. പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍, സംസാരിച്ചാല്‍ ജാമ്യമില്ലാകേസ് ചുമത്തി കല്‍ത്തുറങ്കിലടയ്ക്കാനുള്ള പുതിയ നിയമത്തെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടിയന്തരാവസ്ഥയുടെ പഴയനാളുകളിലേക്ക് നാട് തിരിച്ചുപോകുന്നോയെന്ന ആപല്‍ക്കരമായ ആശങ്ക പങ്കുവയ്ക്കാതിരിക്കാന്‍ ഈ അവസരത്തില്‍ നിവര്‍ത്തിയില്ല. പി ജയരാജന്റെ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ പ്രതികരണങ്ങളും വളരെ നിര്‍ഭാഗ്യകരമാണ്. ലഭ്യമായ വസ്തുക്കളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുപകരം മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പൊതുപ്രതികരണം കോടതിയെയും സ്വാധീനിച്ചുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. പൊതുപ്രതികരണങ്ങള്‍ക്കനുസൃതമായി കോടതികള്‍ വിധിപറയാന്‍ തയ്യാറായാല്‍ നീതിന്യായവ്യവസ്ഥയുടെ സ്ഥിതിയെന്താകും? പ്രതിഷേധത്തിന്റെയും വികാരത്തിന്റെയും അടിസ്ഥാനത്തില്‍ കോടതികള്‍ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സരസന്‍കേസില്‍ ബേബിജോണും ചാരക്കേസില്‍ കെ കരുണാകരനും കല്‍ത്തുറങ്കിലടക്കപ്പെടുമായിരുന്നു. സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ഭരണപക്ഷത്തിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊന്നും. കുനിയില്‍ ഇരട്ടക്കൊലപാതകവും കെ സുധാകരന്‍ എംപിയുടെ കേസും ഇതിന് വ്യക്തമായ ദൃഷ്ടാന്തമാണ്. അധ്യാപകനെ ചവിട്ടിക്കൊന്നകേസില്‍ കോടതി മുറിയില്‍ സാക്ഷിപറയാന്‍ പോയാല്‍ തിരിച്ചുവീട്ടിലെത്തില്ലായെന്ന് പരസ്യമായ കൊലവിളി പ്രസംഗം നടത്തിയ ലീഗ് നേതാവ് പി കെ ബഷീറിനെതിരെ 2010ല്‍ എടുത്ത കേസ് നിരുപാധികം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചു. കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ എഫ്ഐആറില്‍ ആറാം പ്രതിയായിരുന്ന ബഷീര്‍ എംഎല്‍എയ്ക്ക്് സര്‍ക്കാരിന്റെ സമ്പൂര്‍ണസംരക്ഷണം. കണ്ണൂര്‍ ജില്ലയിലെ ആറ് കൊലപാതകങ്ങളില്‍ കെ സുധാകരന്‍ എംപിയുടെ ഗൂഢാലോചനയുണ്ടെന്ന്, സന്തതസഹചാരിയും വിശ്വസ്ത അനുയായിയുമായ പ്രശാന്ത്ബാബു രണ്ടുപ്രാവശ്യം വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിട്ടും ഒരു നടപടിയുമില്ല. ബാര്‍ ലൈസന്‍സ് ലഭ്യമാക്കാന്‍ സുപ്രീംകോടതി ജഡ്ജിക്ക് ലക്ഷങ്ങള്‍ കോഴകൊടുത്തുവെന്ന് കൊട്ടാരക്കരയില്‍ പരസ്യമായി പൊതുയോഗത്തില്‍ പ്രസംഗിച്ച കെ സുധാകരനെതിരെ എഫ്ഐആര്‍ എടുക്കാനുള്ള ആര്‍ജവംപോലും സര്‍ക്കാര്‍ കാണിച്ചില്ല. ചെറുനെല്ലി എസ്റ്റേറ്റിലെ പാട്ടക്കരാര്‍ ലംഘനത്തെതുടര്‍ന്ന് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതിയില്‍ കേസ് നടത്തുമ്പോള്‍ നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ എം മാണി പരസ്യമായി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു.

1260 കോടി രൂപയുടെ വൈദ്യുതിനിരക്ക് അമിതമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതും തോട്ടഭൂമിയുടെ അഞ്ചുശതമാനം ഇതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന നിയമഭേദഗതിയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ദുര്‍ബലപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനവും 35 സ്കൂളുകള്‍ക്ക് മലപ്പുറം ജില്ലയില്‍ എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനവും നിയമലംഘനം നടത്തിയ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിച്ചതും പങ്കാളിത്ത പെന്‍ഷന്‍ പ്രഖ്യാപിച്ചതും ഈ വിവാദത്തിന്റെ മറവിലാണ് എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധേയമാണ്.

ചന്ദ്രശേഖരന്‍ വധം, എം എം മണിയുടെ പ്രസംഗം എന്നിവയെത്തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ വിവാദപരമായ സാഹചര്യത്തെ മുതലെടുത്ത്, സിപിഐ എമ്മിനെയും അതുവഴി എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്തി ജനവിരുദ്ധനയങ്ങളും നടപടികളും യഥേഷ്ടം നടപ്പാക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ കുത്സിതനീക്കത്തിനെതിരെ മുഴുവന്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പും മുന്നേറ്റവും അനിവാര്യമാണ്. നിയമവാഴ്ചയുടെ പേരില്‍ യുഡിഎഫ് നടപ്പാക്കുന്ന സങ്കുചിതരാഷ്ട്രീയ അജന്‍ഡയെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹത്തിന് കഴിയണം.

*
അഡ്വ. എന്‍ കെ പ്രേമചന്ദ്രന്‍ ദേശാഭിമാനി 22 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഷുക്കൂര്‍ വധത്തെത്തുടര്‍ന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും അറസ്റ്റ് രാഷ്ട്രീയ- നിയമവൃത്തങ്ങളില്‍ വിവാദപരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ടി പി ചന്ദ്രശേഖരന്‍വധം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗം എന്നിവയെത്തുടര്‍ന്നുണ്ടായ പ്രതികരണത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സങ്കുചിത നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് പില്‍ക്കാലത്തെ സംഭവപരമ്പരകള്‍ തെളിയിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 118-ാം വകുപ്പ് അനുസരിച്ചാണ് പി ജയരാജനെയും ടി വി രാജേഷിനെയും അറസ്റ്റുചെയ്തു തടവിലിട്ടത്. മരണശിക്ഷയോ, ജീവപര്യന്തമോ ആയ ശിക്ഷ ലഭിക്കാവുന്ന കുറ്റം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും ആ വിവരം ഒളിച്ചുവച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയാണ് 118-ാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്.