Saturday, August 18, 2012

"ഉയര്‍ന്നുവരുന്ന" ലോകത്തില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷം

""ഉയര്‍ന്നുവരുന്ന ലോക""ത്തില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷം"" എന്ന വിഷയം അതീവ പ്രാധാന്യമുള്ളതുതന്നെയാണ്. എന്നാല്‍, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒരൊറ്റ "ഇടതുപക്ഷം ഉയര്‍ന്നുവരുന്"തിനെക്കുറിച്ചുള്ള ചര്‍ച്ചതന്നെ അപ്രസക്തവും അര്‍ത്ഥശൂന്യവുമാണ്. ദേശാതിര്‍ത്തിക്കുള്ളിലും അതിനപ്പുറവും ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ നിലപാടുകളും തികച്ചും വേറിട്ടതാണ്; അത് എന്നും അങ്ങനെതന്നെയായിരുന്നു. അങ്ങനെതന്നെ തുടരുകയും ചെയ്യും. സമീപനങ്ങളുടെ ബഹുസ്വരത മാറിമറിഞ്ഞുകൊണ്ടിരിക്കുകയും വൈവിദ്ധ്യപൂര്‍ണമായിരിക്കുകയും ചെയ്യവെ, ലോകത്തിന്റെ വ്യത്യസ്തങ്ങളായ നാനാ മേഖലകളിലേയും എല്ലാവിധ പുരോഗമന ചിന്തയേയും പൊതുവായ ഒരു പെട്ടിക്കുള്ളില്‍ ഒതുക്കുന്നതിനുള്ള നീക്കങ്ങള്‍ അതിലളിതവല്‍ക്കരണവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുപോലും ആകും എന്ന് ന്യായമായും കരുതാവുന്നതാണ്.

""ഇടതുപക്ഷ"" നിലപാടുകളുടെ വര്‍ദ്ധിച്ചുവരുന്ന ശകലീകരണങ്ങളുടെ (Fragmentation) പ്രതിഫലനം കൂടിയാണ് ഈ സങ്കല്‍പനം. 20-ാം നൂറ്റാണ്ടില്‍ ഏറെക്കാലവും എല്ലാറ്റിനും ബാധകമായ ഒരു സോഷ്യലിസ്റ്റ് ചട്ടക്കൂടിനെക്കുറിച്ചുള്ള ചര്‍ച്ച അനായാസമായിരുന്നു; ആ ""വിശാലമായ കാഴ്ചപ്പാടി""നുള്ളില്‍നിന്ന് സവിശേഷമായ സംവാദങ്ങള്‍ക്ക് അവസരം ഉണ്ടായിരുന്നു. നിശ്ചയമായും സോഷ്യലിസത്തിന്റെ ഒട്ടേറെ വകഭേദങ്ങള്‍ ഉണ്ടായിരുന്നു - ഏതുവിധത്തില്‍ നിര്‍വചിച്ചാലും. അവ തമ്മില്‍ രൂക്ഷവും ചിലപ്പോഴെല്ലാം പ്രചണ്ഡവുമായ ഏറ്റുമുട്ടലുകളും നടക്കാറുണ്ടായിരുന്നു. എന്നിരുന്നാലും, അവയ്ക്ക് ഒരു പൊതു ചരിത്ര പാരമ്പര്യത്തിനുമപ്പുറം പൊതുവായ ചിലതുണ്ടായിരുന്നു; അവ മൗലികമായ ഒരു സങ്കല്‍പനമോ ഒരു അടിസ്ഥാന വീക്ഷണമോ പങ്കിട്ടിരുന്നു. അപക്വമായ ലഘൂകരണം എന്ന അപകടസാദ്ധ്യത ഏറ്റെടുത്ത്, അനുകൂലമായ മാറ്റത്തിന്റെ ഏറ്റവും മൗലികമായ പ്രതിനിധിയായി (ഏജന്റ്) തൊഴിലാളിവര്‍ഗത്തെ പരിഗണിക്കാവുന്നവിധം ഈ വീക്ഷണഗതിയെ സംഗ്രഹിക്കാവുന്നതാണ്. (സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍) നിലവിലുള്ള സ്വത്ത് ബന്ധങ്ങളിലും ഭൗതികമായ (material) ബന്ധങ്ങളിലും മാറ്റം വരുത്താന്‍ മാത്രമല്ല, തനതായ പ്രക്ഷോഭങ്ങളിലൂടെ വിപുലമായ സാമൂഹ്യ-സാംസ്കാരിക ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനും ശേഷിയുള്ളതാണത്. പക്ഷേ, സമീപകാലത്തായി ബൃഹദ് വീക്ഷണം (grand vision) എന്ന ആശയംതന്നെ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. ""യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സോഷ്യലിസ""ത്തിന്റെ വിവിധതരം സാക്ഷാത്കാരങ്ങളിലെ പരിമിതികളും വൈതരണികളും കൊണ്ടു മാത്രമല്ല അത് തകര്‍ക്കപ്പെട്ടത്. മറിച്ച് അടുത്തകാലത്തായും പരിപൂര്‍ണമായും അതിന്റെ എതിരാളികള്‍ കൈവരിച്ച കിരാതമായ വിജയോന്മാദംകൊണ്ടുകൂടിയാണ്.

വാസ്തവത്തില്‍, സമീപകാലത്ത് ഏതെങ്കിലും ബൃഹദ് വീക്ഷണം നിലനിന്നിട്ടുണ്ടായിരുന്നെങ്കില്‍ അത്, ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ മിക്കവാറും ലോകത്തെല്ലായിടത്തും പൊതുജീവിതത്തില്‍ വലിയതോതില്‍ മേധാവിത്വം സ്ഥാപിച്ചിരുന്ന ഒന്ന് സാമ്പത്തിക ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള സ്വയം-നിയന്ത്രിതവും സഹജമായിതന്നെ കാര്യക്ഷമവുമായ സംവിധാനം എന്ന നിലയില്‍ വിപണി ആയിരുന്നു എന്ന് പറയുന്നതാവും ശരി. ഒരു നൂറ്റാണ്ടിനുമുമ്പ് ഈ ആശയം ഉപേക്ഷിക്കപ്പെട്ടുപോയതായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടം എന്ന് അടയാളപ്പെടുത്തുന്ന ധനമൂലധനത്തിന്റെ സംരക്ഷണത്തിന്‍കീഴിലുള്ള ആഗോള സാമ്പത്തിക ഉദ്ഗ്രഥനം എന്ന മഹാവിസ്ഫോടനത്തിനായുള്ള സൈദ്ധാന്തിക അടിത്തറയായി മാറിയ, കുറച്ചെല്ലാം ""ഉത്തരാധുനിക"" രൂപം കൈവരിച്ച ഈ ആശയത്തെ പുനരുജ്ജീവിപ്പിച്ച് ഈ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് മുമ്പായിരുന്നു അത്.
വാസ്തവത്തില്‍ ഭരണകൂടത്തിന്റെ സാമ്പത്തികമായ പങ്ക് ഒരിക്കലും കുറച്ച് കാണിക്കുന്നതായിരുന്നില്ല ഈ നിലപാട്. അതിനുപരി നാനാരൂപങ്ങളില്‍ വന്‍കിട മൂലധനത്തിന്റെ താല്‍പര്യം ഒരു മറയും കൂടാതെ സംരക്ഷിക്കുന്നതിനായി ഭരണകൂട ഇടപെടലിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയായിരുന്നു. തികച്ചും യഥാര്‍ത്ഥവും അപ്രതിരോധ്യവുമായ അധികാര കേന്ദ്രീകരണം സൃഷ്ടിക്കുന്ന ""മൂലധനത്തിന്റെയും മുതലാളിത്ത ഭരണകൂടത്തിന്റെയും ഉറ്റ പങ്കാളിത്തം"" സംബന്ധിച്ച ചര്‍ച്ചയില്‍ നിശ്ചയമായും മിലിബാന്‍ഡ് തന്നെ അംഗീകരിക്കുമായിരുന്ന ഒരു സമീപനമാണിത്. ഈ സവിശേഷത ഒരിക്കലും മറച്ചുവെയ്ക്കപ്പെട്ടിരുന്നില്ല. മറിച്ച്, 2007 മുതലുള്ള കാലഘട്ടത്തിലെ സവിശേഷതയായ ആഗോള പ്രതിസന്ധിയോടുള്ള സര്‍ക്കാര്‍ പ്രതികരണങ്ങളില്‍ പലവിധത്തിലായി ഇത് വലിയതോതില്‍ പതിയിരിക്കുന്നതായി കാണാനാവും. മൂലധനത്തിന്റെ കൂടുതല്‍ കനത്ത കേന്ദ്രീകരണത്തിനുള്ള ശക്തമായ പ്രവണതകളുമായും ഈ പ്രവണതകളെ കൂടുതല്‍ ശക്തിപ്പെടുത്താനും മൂലധനത്തെ പെരുപ്പിക്കാനും ഭരണകൂടത്തെ ഉപയോഗിക്കുന്നതുമായും കൂടിച്ചേര്‍ന്ന് സ്വതന്ത്ര വിപണിയുടെ പ്രത്യയശാസ്ത്രം എല്ലാപേര്‍ക്കും കാണത്തക്കവിധം തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിയുടെ ഭാരം അസമമായി വീതംവെയ്ക്കപ്പെട്ടതിന്റേതായ ഗതിക്രമം അഴിച്ചുവിട്ട ഭൗതിക പ്രക്രിയകള്‍ ഇനിയും സാമൂഹ്യമായി സ്വീകരിക്കപ്പെടാന്‍ ഇടയില്ല. അത് ഇപ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ എന്നപോലെതന്നെ വികസ്വര ലോകത്തെ പല ഭാഗങ്ങളിലും സമാധാനപരമോ അത്രതന്നെ സമാധാനപരം അല്ലാത്തതോ ആയ വിപ്ലവങ്ങള്‍ക്കിടയാക്കിയിരിക്കുന്നു.

എന്നാല്‍, ആഗോള മുതലാളിത്തത്തിനെതിരെ തെക്കും വടക്കും ഒരേപോലെ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ് എന്ന നിലയില്‍, ഭാവിയെ സംബന്ധിച്ച ബൃഹത്തായ സോഷ്യലിസ്റ്റ് വീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന അവ്യക്തമായ അവബോധത്തെ പിന്‍തുടര്‍ന്നുവരാന്‍ ഇനിയും സാധ്യമല്ല. നിശ്ചയമായും, ഇന്ന് വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളില്‍ അധികവും ""രൂപപരിവര്‍ത്ത""ത്തിനുവേണ്ടിയുള്ളത് എന്നതിലുപരി ""ചെറുത്തുനില്‍പു""കളാണ്; നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളില്‍ പൗരന്മാര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന സാമൂഹ്യ-സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുന്ന അതിനിഷ്ഠൂരമായ ചെലവ് ചുരുക്കല്‍ ധനയത്തിന്റെ വേലിയേറ്റത്തെ ചെറുക്കാനുള്ള കരുതല്‍ പ്രക്ഷോഭങ്ങളാണവ; ബദല്‍ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളായി അവ ഉയര്‍ന്നു വന്നിട്ടില്ല. സാമ്പത്തിക ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ മുതലാളിത്തത്തോടല്ലാതെ മറ്റൊന്നിനോടും അടിയുറച്ച വിശ്വാസം ഇല്ലാത്ത സ്ഥിതി യൂറോപ്പിലേയും അമേരിക്കയിലേയും ജനകീയ പ്രതിഷേധങ്ങളില്‍ ഇപ്പോഴും വ്യാപകമാണ്. ഇപ്പോഴത്തെ മുതലാളിത്തത്തിന്റെ ഏറ്റവും കടുത്ത അതിക്രമങ്ങളെ ചെറുക്കുന്നതിനായി എങ്ങനെയെങ്കിലും സ്വാധീനം ചെലുത്തുക എന്നതുമാത്രമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമായി കാണപ്പെടുന്നത്-പരിഷ്കരിക്കുന്നതും മയപ്പെടുത്തുന്നതുമായ ഒരു ശക്തി എന്ന നിലയിലാണ് ഇടതുപക്ഷം ഇന്നറിയപ്പെടുന്നത്; അല്ലാതെ വളരെയേറെ പരിവര്‍ത്തനാത്മകമായ (വിപ്ലവപരം എന്നതുപോയിട്ട്) ശക്തിയായിട്ടില്ല.

ബദലുകള്‍ സങ്കല്‍പിക്കല്‍

എന്നാല്‍ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ചര്‍ച്ചകളാണ് നടക്കുന്നത്. പലപ്പോഴും കരുതപ്പെടുന്നതിനെക്കാള്‍ ഏറെ ചലനാത്മകത ആഗോള ഇടതുപക്ഷത്തിനുള്ളിലുണ്ട്. എല്ലാവിധ ദുര്‍ബല ആശയങ്ങളില്‍നിന്നും വേറിട്ട വൈവിധ്യപൂര്‍ണമായ നീക്കങ്ങള്‍ നിലവിലുണ്ട്. അങ്ങനെ, മുതലളിത്തത്തിന്റെ തിരസ്കരണം ബദലുകള്‍ സങ്കല്‍പിച്ചുകൊണ്ടും അവതരിപ്പിച്ചുകൊണ്ടും മാത്രമല്ല, അനുയോജ്യമായ ബദലിന്റെ ഉള്ളടക്കം സംബന്ധിച്ച വീക്ഷണങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടും കൂടിയാണ് നടക്കുന്നത്. ഇതിനര്‍ത്ഥം സോഷ്യലിസ്റ്റ് ധാരണ സംബന്ധിച്ച ചില മുന്‍ മാനദണ്ഡങ്ങള്‍ ചോദ്യംചെയ്യപ്പെടുന്നുവെന്നും കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിരവധി സവിശേഷതകളുണ്ട്-നിശ്ചയമായും ലാറ്റിന്‍ അമേരിക്കയില്‍ ഇത് കാണാം; അവിടെ പല രാജ്യങ്ങളിലും വലിയൊരു പരിധിവരെ അവ ഭരണാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല, ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും വികസ്വര ഏഷ്യയിലും ഇടതുപക്ഷത്തിന്റെ ഈ പുതിയ പ്രവണതകള്‍ ദൃശ്യമാണ്. സോഷ്യലിസ്റ്റ് സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച പല പരമ്പരാഗത ആശയങ്ങളില്‍നിന്നും വേറിട്ടുള്ള നീക്കങ്ങളാണവ. ഇവയില്‍ പലതും പലപ്പോഴും വ്യക്തമായ സൈദ്ധാന്തികതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളവയല്ല; പരസ്പര പൂരകവും സമഗ്രവുമായ വിശകലന ഘടനയുടെ ഭാഗവുമല്ല അവ. ദൈനംദിന രാഷ്ട്രീയ പ്രയോഗത്തിന്റെ വെളിച്ചത്തില്‍ പല ആശയങ്ങളും നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുകയുമാണ്. വ്യക്തമായി നിര്‍വചിക്കപ്പെട്ട സൈദ്ധാന്തിക ചട്ടക്കൂടിന്റെയോ കാഴ്ചപ്പാടിന്റെയോ അഭാവവും അതിനുപകരം പലപ്പോഴും അവ്യക്തവും എന്നാല്‍ സദുദ്ദേശത്തോടുകൂടിയതുമായ പ്രഖ്യാപനങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നതുമാണ് ഇത്തരത്തിലുള്ള നിരവധി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവിശേഷത.

ഇതിനും പുറമെ, ലോകത്തിന്റെ നാനാഭാഗങ്ങളിലെ വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രയോഗാനുഭവവും വിശകലനവും (പലപ്പോഴും സ്പഷ്ടമായ സിദ്ധാന്തമല്ലെങ്കില്‍പോലും) പരമ്പരാഗതമായ സോഷ്യലിസ്റ്റ് മാതൃക എന്ന് വിശേഷിപ്പക്കപ്പെടാന്‍ കഴിയുന്നവയെ വലിയതോതില്‍ മറികടന്നുപോകുന്നതായാണ് വ്യക്തമാക്കുന്നത്. പഴയ മാതൃക ഊന്നല്‍നല്‍കുന്നത് എല്ലാ വിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുംമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കേന്ദ്രീകരിക്കുന്നതിലാണ്. സ്ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ എന്നിവയുടെ അവകാശങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും വ്യക്തമായും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളെയും പ്രകൃതിയെ ആദരിക്കേണ്ടതിന്റെ സാമൂഹ്യമായ ആവശ്യകതയെയും അംഗീകിരിക്കുകയും ചെയ്യുന്നവയാണ് പുതിയതായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍. ഇവയെല്ലാംതന്നെ വളരെ വ്യക്തമായും പരിഗണിക്കപ്പെടുന്നുമുണ്ട്. ഉദാഹരണത്തിന്, ബൊളീവിയയിലും ഇക്വഡോറിലും അംഗീകരിച്ച പുതിയ ഭരണഘടനകളില്‍ ഇതെല്ലാം കാണാം. എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ ചില ട്രേഡ്യൂണിയനുകള്‍, ചൈനയിലെ ""പുത്തന്‍ ഇടതുപക്ഷ"" ബുദ്ധിജീവികള്‍, ഇന്ത്യയിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ എന്നിങ്ങനെയുള്ള തികച്ചും വ്യത്യസ്തമായ ചില ഗ്രൂപ്പുകള്‍ വര്‍ദ്ധിച്ചതോതില്‍ ഇവയില്‍ നുഴഞ്ഞുകയറുന്നുമുണ്ട്.

ഏഴ് പൊതുതന്തുക്കള്‍

വൈവിധ്യമാര്‍ന്ന ഈ പ്രവണതകളുടെ സമാനതകളുടേതായ ചില നിര്‍ണായക മേഖലകളെ വേര്‍തിരിച്ച് കണ്ടെത്താനാകും. പൊതുവായിട്ടുള്ള ഏഴ് തന്തുക്കളെ ഞാനിവിടെ ചൂണ്ടിക്കാണിക്കാം. ഞാനിവിടെ ""ഉയര്‍ന്നുവരുന്ന ഇടതുപക്ഷം"" എന്ന് വിശേഷിപ്പിക്കുന്നത് അവയെയാണ്. മറ്റുതരത്തിലാണെങ്കില്‍ അവ തികച്ചും ഭിന്നമായ രാഷ്ട്രീയ സംവിധാനങ്ങളാണ്; അസമവും വ്യത്യസ്തവുമായ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിലുള്ളവയുമാണവ. ഇവ എപ്പോഴും ""പുതിയ ആശയങ്ങള്‍"" അല്ല-വാസ്തവത്തില്‍, അവ പലപ്പോഴും പഴയ ആശയങ്ങളാണെന്നും തോന്നുന്നില്ല. മാറിവരുന്ന സന്ദര്‍ഭവും പരമ്പരാഗത ഇടതുപക്ഷക്കാര്‍ക്കിടയില്‍പോലും ഉണ്ടാകുന്ന കൂട്ടായ ഓര്‍മ്മപ്പിശകോ ചില കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാതിരിക്കുന്നതോ കാരണമാണ് അവ പുതിയ ആശയങ്ങളായി തോന്നുന്നത്. ഒരു കാര്യം വ്യക്തമാണ്. ഇന്ന് എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരും ഒരേപോലെ ഈ ആശയങ്ങളെ അനുകൂലിക്കണമെന്നില്ല. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മാവോയിസ്റ്റുകള്‍ ചുവടെ വിവരിക്കുന്ന പല നിലപാടുകളും അംഗീകരിക്കാന്‍ ഇടയില്ല.

ജനാധിപത്യം

ജനാധിപത്യവുമായി ബന്ധപ്പെട്ട സമീപനമാണ് ഒന്നാമത്തേത്. ഔപചാരിക ജനാധിപത്യത്തെ അമര്‍ച്ചചെയ്യുന്നതിന് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന സങ്കല്‍പനത്തെ ദുര്‍വ്യാഖ്യാനം ചെയ്തിരുന്ന ചില മുന്‍ സോഷ്യലിസ്റ്റ് സമീപനങ്ങളില്‍നിന്ന് വ്യത്യസ്തമായി (ഇപ്പോഴും ഈ സമീപനം പിന്തുടരുന്നവരുമുണ്ട്.) ഔപചാരിക ജനാധിപത്യ പ്രക്രിയകളുമായും ബൂര്‍ഷ്വാ ജനാധിപത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും നടപടിക്രമങ്ങളുമായും ഇടപെടാനും അവയെ ആശ്രയിക്കാന്‍പോലും കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഉയര്‍ന്നുവരുന്ന ഇടതുപക്ഷ വിഭാഗങ്ങളുണ്ട്. തിരഞ്ഞെടുപ്പുകള്‍, ഹിതപരിശോധനകള്‍, അവകാശങ്ങള്‍ പ്രദാനംചെയ്യുന്ന നിയമങ്ങള്‍, അതുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ പ്രക്രിയകള്‍ എന്നിവയുമായെല്ലാം ഇടപെടുന്നവരുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും പാര്‍ടികളും തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പരിമിതികള്‍ അംഗീകരിക്കുകയും പണക്കൊഴുപ്പും കോര്‍പ്പറേറ്റ്വല്‍കൃത മാധ്യമങ്ങളും ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നതിനുള്ള സാധ്യതകള്‍ അപായകരമാംവിധം അധികമധികം വര്‍ദ്ധിച്ചുവരികയും ചെയ്യുമ്പോള്‍പോലും, കൂടുതല്‍ വിശാലമായ ഉദ്ദേശലക്ഷ്യങ്ങള്‍ക്കായി നാനാവിധത്തില്‍ ഈ ഔപചാരിക ജനാധിപത്യ സ്ഥാപനങ്ങളെ അവര്‍ അധികമധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ പുരോഗമന സര്‍ക്കാരുകള്‍ തങ്ങളുടെ നിയമസാധുതയും ന്യായയുക്തതയും നേടിയെടുക്കുന്നത് ഈ ബാലറ്റ് പെട്ടികളില്‍നിന്നാണ്; ഈ ഇടതുപക്ഷ സര്‍ക്കാരുകളുടെ ""ജനപ്രിയ"" നയങ്ങള്‍ക്കെതിരെയാണ് യഥാര്‍ത്ഥത്തില്‍ വലതുപക്ഷക്കാരുടെ രോഷം പ്രകടിപ്പിക്കപ്പെടുന്നത്. ഈ സര്‍ക്കാരുകള്‍ക്ക് ജനങ്ങളില്‍നിന്ന് അപ്രതിരോധ്യമായ പിന്തുണ ലഭിക്കുന്നത് ഈ ""ജനപ്രിയ"" നയങ്ങള്‍ മൂലമാണ്. മറ്റു രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന (emerging) ഇടതുപക്ഷമാണ് പലപ്പോഴും ഇത്തരം ഔപചാരിക ജനാധിപത്യ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ സംരക്ഷകരും വക്താക്കളും-അതേപോലെതന്നെ നിക്ഷിപ്ത താല്‍പര്യക്കാരും കോര്‍പ്പറേറ്റ് അധികാര കേന്ദ്രങ്ങളും നടത്തുന്ന അഴിമതിക്കും നിഗൂഢ പദ്ധതികള്‍ക്കും എതിരെ ഏറ്റവുമധികം ഉറച്ചുനില്‍ക്കുന്നതും അവര്‍തന്നെ. ജനാധിപത്യപരമായ നടപടിക്രമങ്ങളിലാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നത് എന്നത് ശരിതന്നെയാണ്. എന്നാല്‍ ഇവിടെയും, ലിബറല്‍ ജനാധിപത്യത്തിന് അപ്പുറത്തേക്ക് പോകാനുള്ള നീക്കങ്ങളുണ്ട്-വാദപ്രതിവാദങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിലും മറ്റും പുതിയ അനുഭവപാഠങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണിത്.

ചില മുന്‍ സോഷ്യലിസ്റ്റ് പ്രതിപാദനങ്ങളില്‍ (formulation) നിന്ന് ഈ ഇടപെടല്‍ തികച്ചും വ്യത്യസ്തമാണ്. മുന്‍ പ്രതിപാദനങ്ങളില്‍ ബൂര്‍ഷ്വാ ഭരണകൂടങ്ങളെ കണ്ടിരുന്നത് സഹജമായും ആഴത്തിലും കളങ്കിതമാക്കപ്പെട്ടതെന്നാണ്; പരിഷ്കരിക്കപ്പെടാന്‍ ആകാത്തതോ ജനങ്ങള്‍ക്കനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉപയോഗിക്കാന്‍ പറ്റാത്തതോ എന്ന നിലയിലായിരുന്നു. ഫ്യൂഡല്‍-കൊളോണിയല്‍ അധികാരഘടനകളില്‍ കുടുങ്ങിക്കിടന്നിരുന്ന രാജ്യങ്ങളില്‍ ദേശീയ ജനാധിപത്യ വിപ്ലവം നടത്തുന്നതില്‍ ഇടതുപക്ഷം വഹിക്കേണ്ട പങ്കിനെ സംബന്ധിച്ച പഴയ ആശയത്തിന്റെ വിപുലീകരണത്തിനും ഏറെക്കുറെ അപ്പുറമാണ് ഇത്. ഏകദിശയിലൂടെ അല്ല ഈ പ്രക്രിയ എന്ന ആശയത്തെയാണ് ഇത് സ്വീകരിക്കുന്നത് (പരോക്ഷമായിട്ടാണെന്നേയുള്ളൂ.) അതിനുപരി, ഈ ജനാധിപത്യ സ്ഥാപനങ്ങളുമായും പ്രക്രിയകളുമായുമുള്ള ഇടതുപക്ഷ ഇടപെടല്‍, ഇടതുപക്ഷ പാര്‍ടികളുടെയും അവയുടെ പ്രവര്‍ത്തനങ്ങളുടെയും സ്വഭാവത്തെ മാറ്റിമറിക്കാനും പര്യാപ്തമായതാണ്.

ജനാധിപത്യത്തോടുള്ള മാറിയ സമീപനത്തിന്റെ മറ്റൊരുവശം ഇടതുപക്ഷ പാര്‍ടികള്‍ക്കുള്ളിലും സംഘടനകളിലുമാണ്. ഈ പ്രവണത സാര്‍വത്രികമല്ലെങ്കിലും, പാര്‍ടി സംഘടനയെ സംബന്ധിച്ച മേല്‍-കീഴ് മാതൃകകളുടെ തിരസ്കരണത്തിനായുള്ള പ്രവണത ഉയര്‍ന്നുവരുന്ന ഇടതുപക്ഷ ഗ്രൂപ്പുകളില്‍ വ്യക്തമായി കാണാവുന്നതാണ്. പാര്‍ടികള്‍ കൂടുതല്‍ തുറന്ന ജനാധിപത്യ രൂപങ്ങളിലേക്കും സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലേക്കും നീങ്ങുന്നതായും കാണാവുന്നതാണ്. മൊത്തത്തിലുള്ള ഒരു ചട്ടക്കൂടിനും ലക്ഷ്യങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് ഇടതുപക്ഷത്തിനുള്ളില്‍ അഭിപ്രായങ്ങളുടെ ബഹുസ്വരത അനുവദിക്കപ്പെടുക മാത്രമല്ല, ആദരിക്കപ്പെടുന്നുപോലുമുണ്ട്.

വലിപ്പവും തോതും

അമിത കേന്ദ്രീകരണത്തിന്റെ തിരസ്കരണമാണ് താരതമ്യേന "പുതിയ" രണ്ടാമത്തെ സവിശേഷത. 20-ാം നൂറ്റാണ്ടില്‍ ഏറെക്കാലവും ""യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സോഷ്യലിസ""ത്തിന്റെ കേന്ദ്ര ഘടകം കേന്ദ്രീകൃതവും സമഞ്ജസമാക്കപ്പെട്ടതുമായ ഭരണകൂടമാണ്. ഇന്നുപോലും സ്വയം സോഷ്യലിസ്റ്റുകളായി കരുതപ്പെടുന്ന പലരുടെയും ബോധത്തില്‍ ഇത് പറ്റിപ്പിടിച്ച് കിടക്കുന്നുണ്ട്. നിശ്ചയമായും, കൂടുതല്‍ വലിയതോതില്‍ ഉല്‍പാദിപ്പിക്കുകയെന്ന മുതലാളിത്ത ഉല്‍പാദനത്തിലെ പ്രവണതയെ ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ അയുക്തികമായവിധം അനുകൂല സവിശേഷതയായി കണ്ടിരുന്നു. കാരണം, ഉല്‍പാദനബന്ധങ്ങളെ മാറ്റിമറിക്കുന്നതിന് അണിനിരത്താന്‍ കഴിയുന്ന വലിയ വിഭാഗം തൊഴിലാളികളുടെ കൂടിച്ചേരലിന് അവ സൗകര്യമൊരുക്കിയിരുന്നു; മാത്രമല്ല, എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ ഉല്‍പാദന ബന്ധങ്ങളില്‍ ദ്രുതഗതിയിലും ഫലപ്രദമായും പരിവര്‍ത്തനം വരുത്താനും അത് അവസരം നല്‍കിയിരുന്നു.

ഏതായാലും, വൈപുല്യത്തെ (largeness) സോഷ്യലിസ്റ്റുകള്‍ ആഘോഷിച്ചതിന് തക്കതായ കാരണമുണ്ടായിരുന്നു; അവ ഇപ്പോഴും സാധുവുമാണ്. നിക്ഷേപത്തിന്റെ സാമൂഹ്യമായ ഏകോപനം ശ്രേഷ്ഠമായ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമാണ്; ഇത് പ്രത്യക്ഷത്തില്‍ അംഗീകരിക്കപ്പെടുന്നില്ലെന്നേയുള്ളൂ. സാമ്പത്തികമായ വൈവിധ്യവല്‍ക്കരണത്തിന്റെ ഏറ്റവും അനുപേക്ഷണീയമായ ആശയം എന്ന നിലയില്‍ വികസനത്തിന് കേന്ദ്രീകൃത തീരുമാനങ്ങളും വന്‍തോതിലുള്ള നിക്ഷേപവും അനിവാര്യമായും ആവശ്യമാണ്. അത് വിജയിപ്പിക്കുന്നതിന് വലിയൊരു പരിധിവരെ അത് ആസൂത്രണം ചെയ്യപ്പെടുകയും വേണം. ചരക്കുകളുടെയും സേവനങ്ങളുടെയും സാമൂഹ്യമായി ഉത്തമമായ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമാഹരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും സ്വത്തിന്റെയും വരുമാനത്തിന്റെയും വിതരണം നടത്തുന്നതിനും ചെറിയതോതില്‍ മാത്രമല്ല, ഗണ്യമായ അളവില്‍ കേന്ദ്രീകരണം അനുപേക്ഷണീയമായും ആവശ്യമാണ്.

ഈ തിരിച്ചറിവ് അനിവാര്യമായും അര്‍ത്ഥമാക്കുന്നത് ഉയര്‍ന്നുവരുന്ന ഇടതുപക്ഷത്തിനുപോലും, ""ചെറുത്"" എന്ന നിലയിലുള്ള എല്ലാത്തിനെയും കൊട്ടിഘോഷിക്കാനോ അന്ധമായി പ്രോത്സാഹിപ്പിക്കാനോ കഴിയില്ല എന്നാണ്. എന്നിരുന്നാലും, ഈ പുതുപുത്തന്‍ ഇടതുപക്ഷ പ്രയോഗത്തിലെ ഏറെ പ്രവണതകളുടെയും കേന്ദ്രബിന്ദു ചെറുകിട ഉല്‍പാദനത്തിന്റെ അതിജീവനക്ഷമത മെച്ചപ്പെടുത്തുന്നതിന്റെയോ സൃഷ്ടിക്കുന്നതിന്റെയോ ആവശ്യകതയാണ്. ഭൗതികജീവിതത്തിന്റെ എല്ലാ വശങ്ങള്‍ക്കുംമേല്‍ കേന്ദ്രീകൃത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന കഴിഞ്ഞകാല സമീപനങ്ങള്‍ക്കെതിരെ വ്യക്തമായി പ്രതികരിക്കുന്നുമുണ്ട്. ആ സമീപനം പ്രയോഗിക്കപ്പെട്ടിരുന്നത് ദൃഢമായും അല്‍പവും അയവില്ലാതെയും പരമ്പരാഗതരീതിയിലും ആരോടും ഉത്തരവാദിത്വമില്ലാതെയുമായിരുന്നു; അങ്ങനെ ഉദ്ദേശിക്കപ്പെട്ടിരുന്നതിന്റെ നേര്‍ വിപരീതഫലമായിരുന്നു അതുണ്ടാക്കിയത്.

വൈപുല്യത്തെ അഭിലഷണീയതയുടെയോ ആവശ്യകതയുടെയോ കുറവുള്ളതാക്കി ഭൗതിക സാഹചര്യങ്ങളെ പലവിധത്തിലുംമാറ്റിയിട്ടുണ്ട് എന്നതും ശരിതന്നെയാണ്. ഒന്നാമതായി, വൈപുല്യത്തിന്റെ പോരായ്മകള്‍ സംബന്ധിച്ച ചില സമീപകാല അനുഭവങ്ങളുണ്ട്. (വല്ലാതെ വലിപ്പമുള്ള ബാങ്കുകളുടെ തകര്‍ച്ച, ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്തവിധവും നികുതി ചുമത്താനാവാത്തവിധവും വലിപ്പം വരിച്ച ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ എന്നിവ) രണ്ടാമതായി, വികേന്ദ്രീകൃത സംവിധാനങ്ങളിലും ഉല്‍പാദന വളര്‍ച്ചയ്ക്കുള്ള പുതിയ സാധ്യതകള്‍ തുറക്കുന്ന സാങ്കേതികവിദ്യ-വിശിഷ്യ, വിവര, വിനിമയ, ഊര്‍ജ്ജ സാങ്കേതികവിദ്യ-കളുടെ സംയോഗം. ഈ സാങ്കേതിക വിദ്യകള്‍ പ്രാദേശികമായി മാനേജ്ചെയ്യാനും വികേന്ദ്രീകരിക്കാനും കാര്‍ബണ്‍ അനന്തര സമ്പദ്ഘടനയുമായി ആഗോളമായി ബന്ധിപ്പിക്കാനുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ആയതിനാല്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും അവ ആധിപത്യം പുലര്‍ത്തുന്ന സര്‍ക്കാരുകള്‍ക്കും എല്ലാ സാമ്പത്തിക നടപടികള്‍ക്കുമേലും കേന്ദ്രീകൃത ഉടമസ്ഥതയും നിയന്ത്രണവും ആവശ്യമായി വരുന്നില്ല; അങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.

ചെറുകിട കൃഷിയും ചെറുകിട സേവന ദാതാക്കളും എന്നപോലെ ചെറുകിട മേഖലയിലെ നിര്‍മിത ചരക്കുകളും നേരിട്ടുള്ള സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നവയാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു; അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രാപ്തി പ്രദാനംചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. അന്താരാഷ്ട്ര വികസന വ്യവസായത്തിന് പ്രിയങ്കരമായ മൈക്രോഫിനാന്‍സ്പോലെയുള്ള തന്ത്രങ്ങളെയും അനൗപചാരികതയെയും കൊണ്ടാടുന്നതില്‍നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. ചിട്ടപ്പെടുത്തിയ സമ്പദ്ഘടനകള്‍ വലിയ പ്രാധാന്യമുള്ളവയായി അറിയപ്പെടുന്നിടത്ത്, സഹകരണസംഘങ്ങളെയും വിവിധ പ്രകാരങ്ങളിലുള്ള മറ്റു കൂട്ടായ്മകളെയുംപോലുള്ള രൂപങ്ങളെക്കുറിച്ച് ഇടതുപക്ഷം പുതിയ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. വലുതും ചെറുതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സന്ദര്‍ഭാനുസരണം പ്രത്യക്ഷത്തില്‍തന്നെ വ്യത്യസ്തവുമായിരിക്കും.

സ്വകാര്യസ്വത്ത്


ഈ കാഴ്ചപ്പാട്, സ്വത്തവകാശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ സങ്കീര്‍ണമായ സമീപനം ആവശ്യമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ഇതിനകംതന്നെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ സ്വകാര്യ സ്വത്തും ഇല്ലാതാക്കുകയും വ്യക്തിഗത സ്വത്തിനെ മാത്രം അംഗീകരിക്കുകയും ചെയ്തിരുന്ന സോഷ്യലിസത്തിന്റെ മുന്‍ മാതൃകകളോട് ഉയര്‍ന്നുവരുന്ന ഇടതുപക്ഷത്തിനുള്ള മൂന്നാമത്തെ മുഖ്യ വിയോജിപ്പ് ഇതുസംബന്ധിച്ചുള്ളതാണ്. സ്വകാര്യ സ്വത്തിനെ സംബന്ധിച്ച പുത്തന്‍ ഇടതുപക്ഷത്തിന്റെ ചിന്താഗതി പൊതുവെ ഒഴുക്കന്‍ മട്ടിലുള്ളതോ പരസ്പരവിരുദ്ധമോ ആണ്. അത് കുത്തകവല്‍ക്കരിക്കപ്പെടുന്നതോ അമിതമായി കേന്ദ്രീകരിക്കപ്പെടുന്നതോ ആയി (ഉദാഹരണത്തിന്, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ രൂപത്തില്‍) കാണപ്പെടുമ്പോള്‍ പുതിയ ഇടതുപക്ഷം അതിനെ ഇഷ്ടപ്പെടുന്നില്ല; എന്നാല്‍ ഇങ്ങനെ അല്ലാത്തപക്ഷം അതിനെ അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്നുപോലുമുണ്ട്. (ഉദാഹരണത്തിന്, ചെറുകിട ഉല്‍പാദകരുടെ കാര്യം). സ്വത്തവകാശങ്ങളുടെ മറ്റു രൂപങ്ങളെ പ്രത്യക്ഷമായിത്തന്നെ അംഗീകരിക്കുകയോ ഉള്‍ക്കൊളളുകയോ ചെയ്യുന്നുണ്ട്; പ്രത്യേകിച്ചും, പരമ്പരാഗതമോ തദ്ദേശീയമോ (Indigenous) പൗരാണികമോ ആയ ""സമൂഹ""ങ്ങളുമായി ബന്ധപ്പെട്ട സമൂഹസ്വത്തിന്റെ കാര്യത്തില്‍. അവയെ ഉപേക്ഷിക്കപ്പെടേണ്ട ആധുനിക പൂര്‍വ്വ അവശിഷ്ടങ്ങളെന്നപേരില്‍ ഇനി മാറ്റിനിര്‍ത്തില്ല.

"അവകാശങ്ങള്‍" സംബന്ധിച്ച്

ഉയര്‍ന്നുവരുന്ന ലോകത്തില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രവണതകള്‍ ഔപചാരിക ജനാധിപത്യ സ്ഥാപനങ്ങളോടും പ്രക്രിയകളോടും കൂടുതല്‍ പ്രായോഗികമായി (Positcly) ഇടപെടുന്നതുപോലെതന്നെ. അവ ""അവകാശങ്ങ""ളുടെ ഭാഷയില്‍ കൂടുതല്‍, കൂടുതല്‍ സംസാരിക്കാനും ശ്രമിക്കുന്നു. ഇതാണ് താരതമ്യേന പുതിയ നാലാമത്തെ പ്രവണത. അഭിപ്രായ സ്വാതന്ത്ര്യ വാദപരമായ (libertarian) തത്വശാസ്ത്രത്തിന്റെ വ്യക്തിമാഹാത്മ്യവാദപരമായ അര്‍ത്ഥത്തില്‍ ഈ അവകാശങ്ങള്‍ കാണപ്പെടുന്നില്ല. അതിനുപരി, അര്‍ഹതയുടെ മാനദണ്ഡത്തിലാണ് അവകാശങ്ങള്‍ കൂടുതല്‍ വിപുലമായി നിര്‍വചിക്കപ്പെടുന്നത്. അതേപോലെതന്നെ മേല്‍ വിവരിച്ച രീതിയില്‍ പൗരന്മാരുടെ മാത്രമല്ല, സമുദായങ്ങളുടെയും ഗ്രൂപ്പുകളുടെയും കൂടി സാമൂഹ്യവും രാഷ്ട്രീയവുമായ ശബ്ദം ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയുമാണ്. ഒരര്‍ത്ഥത്തില്‍, മാനവരാശിയുടെയാകെ നാനാവിധ അവകാശങ്ങള്‍ അക്കമിട്ട് നിരത്തുന്ന മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ആഗോള പ്രഖ്യാപനത്തെ ഒരു സോഷ്യലിസ്റ്റ് മാനിഫെസ്റ്റോ എന്ന നിലയില്‍ വ്യാഖ്യാനിക്കാവുന്നതാണ്. കാരണം, പൗരധര്‍മ്മപരവും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായി വൈവിധ്യമാര്‍ന്ന അംഗീകാരം നേടേണ്ടത് അനുപേക്ഷണീയമാണെന്ന് മാത്രമല്ല, മറിച്ച് ഫലപ്രദമായ ഒരു ജീവിതമാര്‍ഗ്ഗംകൂടിയാണ്. വിവിധ ഇടതുപക്ഷ സര്‍ക്കാരുകളും രാഷ്ട്രീയ ഗ്രൂപ്പുകളും ഇതിനെ പ്രായോഗികമായി വ്യാഖ്യാനിക്കുന്ന രീതി പൊതുവില്‍ സര്‍ക്കാരില്‍നിന്ന് പൗരന്മാര്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ (entitlements) ക്കായുള്ള ഡിമാന്‍ഡുകളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. വാര്‍ദ്ധക്യം ബാധിച്ചവര്‍, കുട്ടികളും യുവാക്കളും, അംഗവൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന പ്രവണതയുമുണ്ട്.

തദ്ദേശീയ ജനവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും ഒരു രാജ്യത്തിനുള്ളിലെ ""ദേശ""ങ്ങളുടെപോലും അവകാശങ്ങള്‍ അംഗീകരിക്കുന്നത് ഉയര്‍ന്നുവരുന്ന ഇടതുപക്ഷക്കാര്‍ക്കിടയില്‍ പൊതു സ്വീകാര്യത നേടിവരികയാണ്. ഇതിനര്‍ത്ഥം, ചൂഷണം ചെയ്യപ്പെടുന്നവര്‍ എന്ന നിലയില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്ന വര്‍ഗ്ഗങ്ങളുടെയും ഗ്രൂപ്പുകളുടെയും വൈപുല്യവും വൈവിധ്യവുമാര്‍ന്ന സ്വഭാവം അനിവാര്യമായും അംഗീകരിക്കപ്പെടമെന്നാണ്. അതിന് സംഘടനാ ശൈലിയിലും ജനങ്ങളെ അണിനിരത്തുന്ന രീതിയിലും മാറ്റം ആവശ്യമാണെന്നാണ്.

വര്‍ഗ്ഗങ്ങളും സ്വത്വങ്ങളും

അഞ്ചാമതായി, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ യാഥാര്‍ത്ഥ്യങ്ങള്‍ രൂപം നല്‍കുന്ന വൈവിധ്യമാര്‍ന്നതും കവിഞ്ഞുകയറാന്‍ സാധ്യതയുള്ളതുമായ സാമൂഹ്യവും സാംസ്കാരികവുമായ സ്വത്വങ്ങളെ അംഗീകരിക്കുന്ന കാര്യത്തിലും പരമ്പരാഗത ഇടതുപക്ഷ ശൈലികള്‍ക്കപ്പുറം പോവുകയാണ് ഉയര്‍ന്നുവരുന്ന ഇടതുപക്ഷം.

19-ാം നൂറ്റാണ്ടില്‍ പൊന്തിവന്നതും 20-ാം നൂറ്റാണ്ടില്‍ വികസിച്ചതുമായ പൊതുസമ്മതി നേടിയ ഇടതുപക്ഷ മാതൃക സമൂഹത്തിലെ അടിസ്ഥാന വൈരുദ്ധ്യം എന്ന നിലയില്‍ വര്‍ഗത്തെയാണ് കണ്ടത്; അതേപോലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ നിര്‍ണായകഘടകമെന്ന നിലയില്‍ സാമ്രാജ്യത്വത്തെയും. അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മറ്റു സാംസ്കാരിക സങ്കല്‍പനങ്ങളെയും കാണുന്ന പ്രവണതയും ഉയര്‍ന്നുവരുന്നുണ്ട്; അപ്രധാനവും അല്‍പായുസുമായ പ്രവണതകളുടെ സ്വഭാവത്തിലുള്ളവയാണ്. അവയില്‍ അധികവും - ആധുനിക പൂര്‍വമോ അര്‍ദ്ധ ഫ്യൂഡലോ ആയ കഴിഞ്ഞകാല അവശിഷ്ടങ്ങള്‍.

വിപണി ശക്തികളുടെയും പൊതുവില്‍ മുതലാളിത്തത്തിന്റെയും വ്യാപനത്തോടെ അത് നശിപ്പിക്കപ്പെടുയോ ബലഹീനമാക്കപ്പെടുകയോ ചെയ്യും. എന്നാല്‍ സാമൂഹ്യമായി സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ഇത്തരം മാതൃകകളുടെ പിന്‍വാങ്ങലിനൊപ്പം ഭാഷാപരവും വംശീയവും സാമൂഹ്യവുമായ ഒഴിവാക്കലുകളുടെയും വിവേചനങ്ങളുടെയും മാതൃകകളെ വാണിജ്യ പ്രവര്‍ത്തനത്തിന്റെയും തൊഴില്‍ വിപണിയുടെയും സവിശേഷതകള്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്താനുള്ള മുതലാളിത്ത വ്യവസ്ഥയുടെ ശ്രദ്ധേയമായ ശേഷി, ധാരണകളില്‍ കുറച്ചേറെ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. വര്‍ഗാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങള്‍ മാത്രം കൈകാര്യംചെയ്താല്‍ പോര എന്ന ബോധ്യത്തിന് ഇതിടയാക്കി. ഉയര്‍ന്നുവരുന്ന വിവിധ ഇടതുപക്ഷ വിഭാഗങ്ങള്‍ ഇത്തരം സാമ്പത്തികേതര ശക്തികളില്‍നിന്ന് ഉണ്ടാകുന്ന അസമത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും എതിരെകൂടി പ്രതികരിക്കുന്ന കാര്യം കൂടുതല്‍ പ്രത്യക്ഷമായിത്തന്നെ (പ്രാധാന്യത്തോടെയും) താല്‍പര്യപ്പെടുന്നു. ഈ മാറ്റം ന്യായീകരിക്കത്തക്കതാണോ എന്നതാണ് പ്രധാനപ്പെട്ട ഒരു തര്‍ക്കവിഷയം-പ്രത്യേകിച്ചും വര്‍ഗ്ഗവും സാമ്രാജ്യത്വവും ഇപ്പോഴും അതിപ്രബലമായ നിര്‍ണ്ണായകശക്തികളായി തുടരുമ്പോള്‍. എന്നാല്‍, നിശ്ചയമായും ഉയര്‍ന്നുവരുന്ന നിരവധി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സുപ്രധാന സവിശേഷതയാണത്.

സ്ത്രീപ്രശ്നം

ഇത്തരം സാമൂഹ്യ - ഭൗതിക സങ്കല്‍പനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ലിംഗപരമായ പ്രശ്നമാണ്. അതാണ് അടുത്ത പ്രധാന പ്രശ്നം. അത് ഉയര്‍ന്നുവരുന്ന നിരവധി ഇടതുപക്ഷ പ്രവണതകളുമായും പ്രത്യക്ഷമായിത്തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. സ്ത്രീപ്രശ്നത്തെ സംബന്ധിച്ച ഒരു മാറിയ സമീപനമാണ് പല ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും സവിശേഷത-ഇതുമായി ബന്ധപ്പെട്ട് ചൂഷണത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചുള്ള ധാരണയും കൂടുതല്‍ വ്യക്തമായി വരുന്നു. നിശ്ചയമായും, മുതലാളിത്തത്തിന്റെ തുടക്കം മുതല്‍തന്നെ സ്ത്രീകള്‍-സ്വന്തം നിലയില്‍ അവകാശങ്ങളുള്ള തൊഴിലാളികള്‍ എന്ന നിലയില്‍ ആ കാലത്ത് അവര്‍ അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കില്‍പോലും-തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നു. സാമൂഹ്യമായ പുനരുല്‍പാദനത്തിനെന്നപോലെതന്നെ മറ്റു നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും അവരുടെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതും കൂലിയില്ലാത്തതുമായിരുന്നെങ്കിലും വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അവ തികച്ചും അനുപേക്ഷണീയമായിരുന്നു. മെച്ചപ്പെട്ട സമൂഹ സൃഷ്ടിക്കായുള്ള തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളുടെ അവിഭാജ്യഭാഗമായി സ്ത്രീകളുടെ സമരങ്ങള്‍ അംഗീകരിക്കപ്പെടാന്‍ വളരെ നീണ്ടകാലം വേണ്ടിവന്നു.

ഒരു നൂറ്റാണ്ടിലേറെക്കാലം, ട്രേഡ്യൂണിയനുകളും മറ്റു തൊഴിലാളി സംഘടനകളും പുരുഷകേന്ദ്രിതമായിരുന്നു. "ഭക്ഷണത്തിന് വക തേടുന്ന പുരുഷന്‍" എന്ന കുടുംബമാതൃകയായിരുന്നു അതിനടിസ്ഥാനം. ആ മാതൃകയില്‍ ഭര്‍ത്താവ്/പിതാവ് ആണ് പണം സ്വരൂപിക്കാന്‍ കുടുംബത്തിന് പുറത്ത് പണിയെടുത്തിരുന്നത്. അതേസമയം ഭാര്യ/മാതാവ് പുറത്തുനിന്ന് വരുമാനത്തിനായി പണിയെടുത്തിരുന്നില്ല, വീട്ടുജോലികളാണ് കൈകാര്യംചെയ്തിരുന്നത്.

വിവിധ രൂപത്തിലുള്ള കൂലിവേല ചെയ്യുന്നവര്‍ എന്ന നിലയില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ സാമൂഹ്യമായി അംഗീകരിക്കുന്നതിനൊപ്പം കൂലി പറ്റാതെ ചെയ്യുന്ന വീട്ടുജോലിയുടെയും സമൂഹാധിഷ്ഠിത ജോലികളുടെയും നിര്‍ണായകമായ സാമ്പത്തിക പ്രാധാന്യം കണക്കിലെടുക്കാനും സുദീര്‍ഘമായ പോരാട്ടങ്ങളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള അണിചേരലുകളും ആവശ്യമായി വന്നിരുന്നു. സ്ത്രീകളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സവിശേഷമായ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നിര്‍മിതികളും നന്നായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിനര്‍ത്ഥം പുരുഷമേധാവിത്വം ഇടതുപക്ഷ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും അണികളില്‍നിന്ന് പെട്ടെന്നുതന്നെ അപ്രത്യക്ഷമായി എന്നല്ല-ദൗര്‍ഭാഗ്യവശാല്‍ വ്യക്തമായും ഇതിന് ഇനിയും നീണ്ട സമരങ്ങള്‍ വേണ്ടിവരും. എന്നാല്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തിന്റെ പല വശങ്ങളെയും ഒരേപോലെ ബാധിക്കുന്ന സമൂഹത്തിലെ ലിംഗപരമായ നിര്‍മ്മിതിയുടെ വിശാലമായ സങ്കല്‍പനങ്ങള്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷത്തിന്റെ കൂടുതല്‍ ഗൗരവമാര്‍ന്ന പരിഗണനയില്‍ വന്നിരിക്കുന്നു. (ചുരുങ്ങിയത് പുറമേയ്ക്കെങ്കിലും; പലപ്പോഴും അത് പ്രയോഗത്തില്‍ കാണാറുമില്ല).

പരിസ്ഥിതിപ്രശ്നം

അവസാനമായി, പ്രകൃതിയുമായുള്ള മനുഷ്യസമുദായത്തിന്റെ ബന്ധം മുന്‍പെന്നത്തേയുംകാള്‍ കൂടുതല്‍ സമഗ്രമായ പരിശോധനകള്‍ക്ക് ഇന്ന് വിധേയമാവുകയാണ്. പരമ്പരാഗത മാര്‍ക്സിസ്റ്റ് ശൈലി സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള ചലനത്തിന്റെ പ്രകടനമെന്ന നിലയില്‍ ഉല്‍പാദനശക്തികളുടെ വളര്‍ച്ചയെ മഹത്വവല്‍കരിക്കുന്നതും ഇത്തരം വളര്‍ച്ചയെ തടയുന്നതോ പിന്നോട്ട് പിടിക്കുന്നതോ ആയ ഉല്‍പാദനബന്ധങ്ങളെ എതിര്‍ക്കുന്നതുമായിട്ടാണ് സാങ്കേതികവിദ്യ കരുതപ്പെട്ടിരുന്നത്. നിശ്ചയമായും, ഇതിന് പ്രകൃതിയോടും പ്രകൃതി സമ്പത്തിന്റെ വിനിയോഗത്തോടും ചൂഷണാധിഷ്ഠിതവും ആക്രമണാത്മകവുമായ ഒരു സമീപനം ആവശ്യമായിരുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ പ്രയോഗത്തിന്റെ തലത്തില്‍ ഇതായിരുന്നില്ല സ്ഥിതി. പ്രകൃതിയോട് ജൈവപരവും ഈടുറ്റതുമായ ഒരു സമീപനത്തിന്റെ ആവശ്യകത, മൂലധന സഞ്ചയത്തെയും ഉല്‍പാദന വിപുലീകരണത്തെയും സംബന്ധിച്ച ചര്‍ച്ചകളില്‍ അത്യപൂര്‍വ്വമായി മാത്രമേ ഇടം കണ്ടിരുന്നുള്ളു. സമീപകാലത്ത് ഇതാകെ തികച്ചും പെട്ടെന്ന് മാറുകയുണ്ടായി. സമകാലിക മുതലാളിത്തത്തിന്റെ പ്രാഥമിക വൈരുദ്ധ്യങ്ങളുടെ കൂട്ടത്തില്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ മാത്രമല്ല, പരിസരമലിനീകരണം, പരിസ്ഥിതിയുടെ ശക്തിക്ഷയം, അമിതചോര്‍ത്തല്‍, പ്രകൃതിയില്‍ കാണുന്ന മറ്റു നിരവധി നശിപ്പിക്കലുകള്‍ എന്നിവയിലും പ്രത്യക്ഷപ്പെടുന്ന വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക പരിമിതികളും ഉള്‍പ്പെടുന്നു. ഉല്‍പാദനത്തിന്റെയും ഉപഭോഗത്തിന്റെയും മൂലധന സഞ്ചയത്തിന്റെയും സുസ്ഥിരമല്ലാത്ത മാതൃകകളെ അനിഷേധ്യമായവിധം ഇത് സൃഷ്ടിച്ചിരിക്കുകയാണ്. അത് വിഭവങ്ങള്‍ക്കായുള്ള തുറന്ന സംഘട്ടനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു; മാറ്റം വരുത്താന്‍ സമൂഹത്തെ നിര്‍ബന്ധിതവുമാക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് അനഭിലഷണീയമായവിധത്തിലാണ്. ആയതിനാല്‍ മനുഷ്യത്വപരവും ന്യായയുക്തവുമായ സമൂഹത്തിനായുള്ള ആഹ്വാനത്തെ ഈ നിര്‍ണായകമായ ഉല്‍ക്കണ്ഠകളില്‍ ഉള്‍ച്ചേര്‍ക്കേുണ്ടതുണ്ട്.

ഇന്ന്, സോഷ്യലിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരില്‍ ഏറെപ്പേരും പാരിസ്ഥിതിക പരിപാലനം, ജൈവവ്യവസ്ഥയുടെയും ജൈവ വൈവിധ്യത്തിന്റെയും രാജ്യത്തിന്റെ ജനിതക സ്വത്തുക്കളുടെ സമഗ്രതയുടെയും സംരക്ഷണം, പാരിസ്ഥിതിക നാശം തടയല്‍, നശിപ്പക്കപ്പെട്ട പ്രകൃതി ഇടങ്ങളുടെ അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയെല്ലാം പൊതു താല്‍പര്യത്തിന്റെയും തന്ത്രത്തിന്റെയും പ്രശ്നങ്ങളായി കാണുന്നു. മനുഷ്യനില്‍നിന്ന് സ്വതന്ത്രമായി പ്രകൃതിക്കുള്ള അവകാശങ്ങള്‍ അനുവദിക്കുന്ന ഇക്വഡോറിലെ പുതിയ ഭരണഘടനയില്‍നിന്നുള്ള (ബൊളിവിയയിലെപ്പോലെതന്നെ) ഈ ഖണ്ഡിക ശ്രദ്ധിക്കുക.

""ജീവന്‍ പുനരുല്‍പാദിപ്പിക്കപ്പെടുകയും സംഭവിക്കുകയും ചെയ്യുന്ന പ്രകൃതിക്ക് സ്വന്തം നിലനില്‍പിനെ സംബന്ധിച്ചിടത്തോളം അവിഭാജ്യമായ കരുതല്‍ ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. അതിന്റെ ജീവിത പരിവൃത്തികളുടെയും ഘടനയുടെയും പ്രവര്‍ത്തനങ്ങളുടെയും പരിണാമ പ്രക്രിയകളുടെയും പരിപോഷണത്തിനും പുനരുല്‍പത്തിക്കുംവേണ്ട കരുതല്‍ ലഭിക്കാനും അവകാശമുണ്ട്. എല്ലാ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ജനങ്ങള്‍ക്കും ദേശങ്ങള്‍ക്കും പ്രകൃതിയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പൊതു അധികാരികളോട് ആവശ്യപ്പെടാന്‍ കഴിയും. പ്രകൃതിക്ക് പുനരുദ്ധരിക്കപ്പെടാനുള്ള അവകാശമുണ്ട്. ബന്ധപ്പെട്ട പ്രകൃതി വ്യവസ്ഥകളെ ആശ്രയിച്ച് കഴിയുന്ന വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരും പ്രകൃതിയുമായി ബന്ധപ്പെട്ട വ്യക്തികളും നിയമപരമായ സംവിധാനങ്ങളും ബാധ്യസ്ഥരുമാണ്.""

തുടര്‍ച്ചയുടേതായ രണ്ട് മേഖലകള്‍

ഈ നിലപാടുകള്‍ പൂര്‍ണ്ണമായും ""പുതിയത്"" അല്ലായെന്ന് ഞാന്‍ ആദ്യമേതന്നെ പറഞ്ഞിരുന്നു. ഈ ആശയങ്ങളുടെ ചില അംശങ്ങളോ പാഠാന്തരങ്ങളോ ഉള്‍പ്പെടുന്ന ചില വകഭേദങ്ങള്‍ മുമ്പുതന്നെ ഇടതുപക്ഷ ചിന്തയില്‍ ഉണ്ടായിരുന്നതാണ്. നിശ്ചയമായും, സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റുവിധങ്ങളിലുള്ള അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും പരിഗണിക്കുന്നതിനൊപ്പം മറ്റു വശങ്ങളെക്കുറിച്ചും മാര്‍ക്സിന്റെയും എംഗല്‍സിെന്‍റയും മാത്രമല്ല മറ്റു സോഷ്യലിസ്റ്റ് ചിന്തകരുടെയും കൃതികളില്‍ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തിരുന്നു. എന്നിരുന്നാലും, ഉയര്‍ന്നുവരുന്ന ഇടതുപക്ഷത്തിന്റെ ഈ ഏഴ് സവിശേഷഘടകങ്ങള്‍ പരമ്പരാഗത ഇടതുപക്ഷ മാതൃകയില്‍നിന്നുള്ള ചില വേര്‍തിരിയലുകളുടെ പ്രതിനിധാനങ്ങളാണ്. എന്നാലും ശക്തമായ തുടര്‍ച്ചയുടേതായ ചില നിര്‍ണ്ണായക സവിശേഷതകളുമുണ്ട്. ഏറ്റവും ശ്രദ്ധേയമായ സംഗതി, ദേശരാഷ്ട്രത്തിന്റെ പ്രാധാന്യത്തെയും പങ്കിനെയും സംബന്ധിച്ച സമീപനവും സാമ്രാജ്യത്വത്തോടുള്ള സമീപനവുമാണ്. ആഗോളവല്‍ക്കരണം പരുവപ്പെടുത്തിയെടുത്ത സാംസ്കാരികവും സാമൂഹ്യവും സാമ്പത്തികവുമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടും ഈ വിഷയങ്ങള്‍ സജീവമായി നില്‍ക്കുന്നുണ്ട്, വിശേഷിച്ചും വികസ്വര ലോകത്ത് എന്നത് ആലോചിക്കപ്പെടേണ്ടതാണ്.

നിശ്ചയമായും, ഒരുതരത്തില്‍ ദേശരാഷ്ട്രത്തിന് നല്‍കുന്ന ഊന്നല്‍ വളരെ വ്യക്തമാണ്; വ്യക്തികളുടെയോ സമുദായങ്ങളുടെയോ പ്രകൃതിയുടെയോ അവകാശങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് നിര്‍വചിക്കപ്പെടേണ്ടത് കൃത്യമായ ഒരു പ്രദേശവുമായി ബന്ധപ്പെട്ടായിരിക്കണം. ഒരു പ്രദേശവുമായി ബന്ധപ്പെട്ടു മാത്രമേ ഇത്തരം അവകാശങ്ങള്‍ ഉറപ്പുവരുത്താനാകു. ഇത്തരം ഡിമാന്‍ഡുകളുമായും ഉടമ്പടികളുമായും ബന്ധപ്പെട്ട അടിസ്ഥാന ഇടം ദേശരാഷ്ട്രം തന്നെയാണ്. ഇപ്പോള്‍ നിലവിലുള്ള സാമ്പത്തികശക്തികളുടെ എണ്ണം പെരുകല്‍ (ജൃീഹശളലൃമശേീി) സൃഷ്ടിക്കുന്ന ഡിമാന്‍ഡുകള്‍ സര്‍വ്വവിധത്തിലുമുള്ള ഭരണകൂട ഇടപെടല്‍ ആവശ്യമാക്കുന്നു; ധനകാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, സമ്പദ്ഘടനയുടെ അളവ്കോല്‍ സൃഷ്ടിക്കല്‍, പ്രകൃതിയിലെ ഉല്‍പന്നങ്ങളുടെ വിനിയോഗത്തിന്റെ പരിധി നിര്‍ണ്ണയിക്കല്‍, ആസ്തികളുടെ പുനര്‍വിതരണം എന്നിവയിലെല്ലാം. ഭരണകൂടം എന്നാല്‍ മിലിബാന്‍ഡ് വിശേഷിപ്പിച്ചതുപോലെ, ""ബൂര്‍ഷ്വാസിയുടെ കാര്യനിര്‍വഹണവിഭാഗം"" എന്ന് അംഗീകരിക്കുമ്പോള്‍തന്നെ നിരന്തരമായ കൂടിയാലോചനകളുടെ അരങ്ങെന്ന നിലയില്‍ ഭരണകൂടവുമായി ഇടതുപക്ഷത്തിന് ഇടപെടേണ്ടതുണ്ട്. പുരോഗമനപരമായ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന അനുരഞ്ജനത്തിനും ഇടതുപക്ഷ ശക്തികളെ അപ്രസക്തമാക്കുന്നവിധം ""പരിശുദ്ധി""യില്‍ കടിച്ചുതൂങ്ങുന്നതിനും ഇടയ്ക്ക് നിലയുറപ്പിച്ചായിരിക്കണം ഭരണകൂടവുമായുള്ള ഇടതുപക്ഷ ഇടപെടല്‍. എന്നാല്‍, അതിനുപുറമെ, ഭരണകൂടത്തിന്റെ രൂപപരിവര്‍ത്തനം അപ്പോഴും അനിവാര്യമായി കാണേണ്ടതുണ്ട്. എന്നാല്‍ ഇത് 20-ാം നൂറ്റാണ്ടിലെ ""പരമ്പരാഗത"" ഇടതുപക്ഷം ലഭ്യമാക്കിയിരുന്നതിനെക്കാള്‍ വിപുലമായ തന്ത്രങ്ങളുടെ ഒരു നിരയിലൂടെ സാധ്യമാക്കാനാകുമെന്ന് ഇപ്പോള്‍ കരുതപ്പെടുന്നു-നിലവിലുള്ള ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നതും മുമ്പ് സൂചിപ്പിച്ചതുപോലെ വിപുലമായ ജനാധിപത്യ ശാക്തീകരണത്തിനായുള്ള ഡിമാന്‍ഡുകള്‍ ഉയര്‍ത്തുന്നതും ഉള്‍പ്പെടെയാണിത്.

അതുകൂടാതെ, ദേശരാഷ്ട്രത്തിന്റെ ഏറെക്കുറെ പരിമിതമായ അതിരുകളെ ഭൗതികശക്തികള്‍ മറികടന്നു പോകുന്നുവെന്നതും തികച്ചും വ്യക്തമാണ്. മുതലാളിത്ത ഉല്‍പാദനത്തിന്റെയും മൂലധന സഞ്ചയത്തിന്റെയും ""സാര്‍വ്വലൗകിക സ്വഭാവം"" മുന്‍പൊരിക്കലും ഇത്രയധികം സ്പഷ്ടമാക്കപ്പെട്ടിട്ടില്ല. ഇതിന് ഫലപ്രദമായ ജനകീയ സഹകരണവുമായും മാറ്റത്തിനായുള്ള അണിചേരലുകളുമായും ബന്ധപ്പെട്ട് ആനുഷംഗിക പ്രത്യാഘാതങ്ങളുണ്ട്. ഉയര്‍ന്നുവരുന്ന ഇടതുപക്ഷ പ്രയോഗത്തിനായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നത് ഇപ്പോഴും ഒരു തുറന്ന ചോദ്യമാണ്.

ഇത് രണ്ടാമത്തെ തുടര്‍ച്ചയിലേക്ക് നയിക്കുന്നു. നാനാവിധത്തിലുള്ള സാമ്പത്തിക ഭൂഭാഗങ്ങളെ (ഭൂമിയും മറ്റു വിഭവങ്ങളും, അധ്വാനം, വിപണികള്‍, വിജ്ഞാനവും സാങ്കേതികവിദ്യയും തുടങ്ങിയവ) കൈപ്പിടിയിലൊതുക്കി നിര്‍ത്താനുള്ള വന്‍കിട മൂലധനത്തിന്റെ പോരാട്ടത്തില്‍ ദേശരാഷ്ട്രങ്ങളെ ഉപയോഗിക്കുന്നു എന്ന വിശാലമായ അര്‍ത്ഥത്തില്‍ സാമ്രാജ്യത്വം പ്രകടമായി നില്‍ക്കുന്ന ലോകത്ത് ഉയര്‍ന്നുവരുന്ന ഇടതുപക്ഷത്തിന്റെ ഉല്‍ക്കണ്ഠ. വികസിത ലോകത്തെ ചില ഇടതുപക്ഷ പ്രവണതകളുമായി ഇത് കുറെയേറെ വ്യത്യസ്തവുമാണ്. സാമ്രാജ്യത്വം എന്നത് കാലഹരണപ്പെട്ട സങ്കല്‍പനമാണെന്നും ആഗോളവല്‍ക്കരണത്തോടുകൂടി ഈ സങ്കല്‍പനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നുമാണ് വികസിത ലോകത്ത് പ്രത്യക്ഷപ്പെടുന്ന ചില ഇടതുപക്ഷ പ്രവണതകളുടെ വാദം. ഇന്നത്തെ അന്താരാഷ്ട്ര ബന്ധങ്ങളിലെ ഭൗതികമായ ഉള്ളടക്കത്തില്‍ പലതിനെയും ഈ പ്രവണത വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതായി തോന്നുന്നു. എന്നാല്‍, നാനാവിധത്തില്‍പെട്ട സാമ്പത്തിക ഭൂഭാഗങ്ങള്‍ക്കായുള്ള പോരാട്ടമെങ്കിലും മുന്‍പെന്നപോലെ തന്നെ ഇപ്പോഴും പ്രസക്തമാണ്, പ്രാധാന്യമുള്ളതാണ്. നിശ്ചയമായും ഇപ്പോഴത്തെ ഒരേയൊരു വന്‍ ശക്തിക്ക് സംഭവിച്ച ആപേക്ഷികമായ ശക്തിക്ഷയം പിന്നെയും വര്‍ദ്ധിച്ചുവരികയുമാണ്. ഉയര്‍ന്നുവരുന്ന ലോകത്തിലെ ഇടതുപക്ഷത്തെ വ്യാകുലപ്പെടുത്തുന്നത് ഈ പ്രവണതകള്‍ മാത്രമല്ല, മറിച്ച്, അവയുടെ ദൈനംദിനം പ്രയോഗവും കൂടിയാണ്. ഈ പ്രയോഗത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്നത് യുദ്ധത്തെയും സൈനിക കടന്നാക്രമണങ്ങളെയുംപോലുള്ള നിലവിലുള്ള ആയുധങ്ങള്‍ മാത്രമല്ല, സ്വകാര്യവല്‍ക്കരിക്കപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിനുമേലുള്ള നിയന്ത്രണത്തെയും പ്രത്യേക രാഷ്ട്രങ്ങളിലെ വന്‍കിട മൂലധന താല്‍പര്യങ്ങളെ മൗലികമായും സംരക്ഷിക്കുന്ന ""സാമ്പത്തിക പങ്കാളിത്ത കരാറു""കളെയും പോലുള്ള പുത്തന്‍ ഉപകരണങ്ങളും പ്രയോഗിക്കപ്പെടുന്നു. ഇവയും മറ്റു കാരണങ്ങളുംകൊണ്ടാണ് ഇടതുപക്ഷം വികസ്വരലോകത്തെ മറ്റുള്ളവരുമായി ചേര്‍ന്ന്, ബലപ്രയോഗത്തിലൂടെ ജനാധിപത്യം കയറ്റിഅയക്കാനുള്ള ""ഭൂതദയാപരമായ ഇടപെടലി""ന്റെയും ""അന്താരാഷ്ട്ര നിയമവാഴ്ച"" അടിച്ചേല്‍പിക്കാനുള്ള മറ്റു നീക്കങ്ങളുടെയും ഉദ്ദേശത്തെയും സ്വഭാവത്തെയും സംബന്ധിച്ച് കൂടുതല്‍ അപകടം പതിയിരിക്കുന്നവയായി കാണാന്‍ തുടങ്ങിയിരിക്കുന്നത്.

ഉത്തരദേശങ്ങളില്‍

ഈ പ്രഭാഷണത്തിനായുള്ള വിഷയത്തെക്കുറിച്ച് ഞാന്‍ ആദ്യം ചിന്തിച്ചപ്പോള്‍ സമ്പദ്ഘടനകളുടെയും സമുദായങ്ങളുടെയും ഭാവി സംഘടനയെ സംബന്ധിച്ച ആഗോള ദക്ഷിണ ദേശങ്ങളില്‍ താരതമ്യേന ഒരേപോലെയും കൂടുതല്‍ പ്രചാരത്തിലുമായ ബദല്‍ പുരോഗമന വീക്ഷണങ്ങളെയാണ് പരിഗണിച്ചത്.

ആഗോള അധികാരകേന്ദ്രം ദക്ഷിണദേശങ്ങളിലുള്ള രാജ്യങ്ങളിലേക്ക് മാറുകയാണെന്ന് വാദിക്കുന്നതുപോലെതന്നെ ഇപ്പോള്‍ ആഗോള "അരികുകളില്‍"  ഉള്ള രാജ്യങ്ങളിലാണ് കൂടുതല്‍ ആവേശകരവും മനോധര്‍മമുള്ളതുമായ സോഷ്യലിസ്റ്റ് പ്രയോഗ രൂപങ്ങള്‍ കാണുന്നതെന്നും വാദിക്കാവുന്നതാണ്. എന്നാല്‍, സമീപകാലത്തെ യൂറോപ്പിലെയും അമേരിക്കയിലെയും സംഭവവികാസങ്ങള്‍ ഉത്തരദേശങ്ങളിലും കൂടുതല്‍ സങ്കീര്‍ണമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു-അവിടങ്ങളില്‍ അംഗീകൃത വിശ്വാസങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും പ്രായോഗികമായ ബദലുകള്‍ സംബന്ധിച്ച ചിന്തോദ്ദീപകമായ സംവിധാനങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു. ""പിടിച്ചെടുക്കല്‍"" പ്രസ്ഥാനവും ഇന്‍ഡിഗ്നഡോസും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സൂചിപ്പിക്കുന്നതുപോലെ, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തികച്ചും എതിരാണ് നിലവിലുള്ള സാമ്പത്തിക വ്യവസ്ഥ എന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നതോടെ സാമ്പത്തിക ബദലുകള്‍ക്കായുള്ള അന്വേഷണം കൂടുതല്‍ ശക്തവും മൂര്‍ച്ചയേറിയതുമാകുകയാണ്.

സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അടിസ്ഥാനപരമായ പരിസരം സാധുവായിത്തന്നെ തുടരുകയാണ്. മുതലാളിത്തത്തിന്റെ അസമവും ചൂഷണാധിഷ്ഠിതവും മര്‍ദ്ദനപരവുമായ സ്വഭാവം; സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താനും അങ്ങനെ തങ്ങളുടെ ഭാവിയെ പുരോഗമനപരമായ ദിശയിലേക്ക് നയിക്കാനുമുള്ള മനുഷ്യരാശിയുടെ ശേഷി; അങ്ങനെ ചെയ്യുന്നതിനുവേണ്ട കൂട്ടായ സംഘടനയുടെ ആവശ്യകത. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പൊട്ടിമുളച്ചുവരുന്ന സോഷ്യലിസ്റ്റ് ബദലുകളുടെ പുഷ്കലത്വം സൂചിപ്പിക്കുന്നത് - പൊതുവില്‍ കെട്ടകാലങ്ങളില്‍ നാം മറിച്ച് എന്തൊക്കെ ചിന്തിച്ചിരുന്നെങ്കിലും-സോഷ്യലിസ്റ്റ് പരിപാടി ഇപ്പോഴും വളരെയധികം ഊര്‍ജ്ജസ്വലവും ആവേശകരവും തന്നെയാണ് എന്നാണ്.

*
ജയതിഘോഷ് ചിന്ത ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഉയര്‍ന്നുവരുന്ന ലോക""ത്തില്‍ ഉയര്‍ന്നുവരുന്ന ഇടതുപക്ഷം"" എന്ന വിഷയം അതീവ പ്രാധാന്യമുള്ളതുതന്നെയാണ്. എന്നാല്‍, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒരൊറ്റ "ഇടതുപക്ഷം ഉയര്‍ന്നുവരുന്"തിനെക്കുറിച്ചുള്ള ചര്‍ച്ചതന്നെ അപ്രസക്തവും അര്‍ത്ഥശൂന്യവുമാണ്. ദേശാതിര്‍ത്തിക്കുള്ളിലും അതിനപ്പുറവും ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ നിലപാടുകളും തികച്ചും വേറിട്ടതാണ്; അത് എന്നും അങ്ങനെതന്നെയായിരുന്നു. അങ്ങനെതന്നെ തുടരുകയും ചെയ്യും. സമീപനങ്ങളുടെ ബഹുസ്വരത മാറിമറിഞ്ഞുകൊണ്ടിരിക്കുകയും വൈവിദ്ധ്യപൂര്‍ണമായിരിക്കുകയും ചെയ്യവെ, ലോകത്തിന്റെ വ്യത്യസ്തങ്ങളായ നാനാ മേഖലകളിലേയും എല്ലാവിധ പുരോഗമന ചിന്തയേയും പൊതുവായ ഒരു പെട്ടിക്കുള്ളില്‍ ഒതുക്കുന്നതിനുള്ള നീക്കങ്ങള്‍ അതിലളിതവല്‍ക്കരണവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുപോലും ആകും എന്ന് ന്യായമായും കരുതാവുന്നതാണ്.