Thursday, August 30, 2012

ഹിമാലയന്‍ അഴിമതികളുടെ കാലഘട്ടം

ഭാരതത്തിന്റെ ഗതകാല ചരിത്രം പലനിലകളിലാണ് അറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരുടെ ഭരണത്തെത്തുടര്‍ന്ന് ഏകീകൃതമായ ഇന്ത്യ നിലവില്‍ വന്നത് മൗര്യസാമ്രാജ്യ  കാലഘട്ടത്തിലാണ്. അശോകചക്രവര്‍ത്തിയാണ് ഇതിന് പ്രധാനമായും മുന്‍കയ്യെടുത്തത്. പിന്നീട് വന്ന ഗുപ്തഭരണ കാലമാകട്ടെ മഹത്തായ സംസ്‌കാരത്തിന്റെ കാലമായി അറിയപ്പെട്ടു. തുടര്‍ന്ന് സുല്‍ത്താന്‍ ഭരണവും മുഗള്‍ ഭരണവും നിലവില്‍ വന്നു. ഈ സന്ദര്‍ഭത്തിലാണ് ബഹദൂര്‍ഷായില്‍ നിന്ന് ബ്രിട്ടീഷുകാര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുന്നത്. ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ കാലത്തെക്കുറിച്ച് - 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലെ രണ്ടാം യുപിഎ ഭരണം വരുംതലമുറ എങ്ങനെയാണ് വിലയിരുത്തുക? സംശയലേശമന്യേ ചരിത്രം വിലയിരുത്തുക -- കുംഭകോണങ്ങളുടെയും ഹിമാലയന്‍ അഴിമതികളുടെയും കാലഘട്ടമെന്നായിരിക്കും. ലോകം കണ്ട ഏറ്റവും വലിയ ഒരു അഴിമതികൂടി പുറത്തുവന്നിരിക്കുന്നു -- കല്‍ക്കരി കുംഭകോണം.  

ലേലം നടത്താതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ചതില്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടെത്തിയിരിക്കുന്നു. കല്‍ക്കരി അഴിമതിയുടെ കരിമാത്രമാണോ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് മന്ത്രിമാരുടേയും നേതാക്കളുടേയും മേല്‍ പുരണ്ടിരിക്കുന്നത്? എത്രയെത്ര അഴിമതികളും കുംഭകോണങ്ങളും.  2ജിസ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫഌറ്റ്, ഐപിഎല്‍.......അഴിമതിയുടെ പരമ്പരകള്‍ നടക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരും പറയുന്നത് കണക്കുകള്‍ തെറ്റാണെന്നാണ്. 57 കല്‍ക്കരിപ്പാടങ്ങളുടെ കണക്കാണ് സിഎജി പരിശോധിച്ചത്. പൊതുഖജനാവിന് ഇത്രയേറെ ഭീമമായ നഷ്ടം വരുത്തിയിട്ടും അഴിമതിക്കു കൂട്ടുനിന്നിട്ടും എത്ര നിസ്സാരമായാണ് ഇക്കൂട്ടര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. കല്‍ക്കരിപ്പാടം അനുവദിച്ച കാലഘട്ടത്തില്‍, 2006 മുതല്‍ 2009 വരെ കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്തത് പ്രധാനമന്ത്രി നേരിട്ടായിരുന്നു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതി നടത്തിയവര്‍ ഇപ്പോള്‍ പറയുന്നത് പാര്‍ലമെന്റ് നടക്കാതിരുന്നാലുള്ള ദേശീയ നഷ്ടത്തെക്കുറിച്ചാണ്. എന്തൊരു ധാര്‍മ്മികത! അഴിമതിക്കാര്‍ക്ക് വേണ്ടി വാര്‍ത്തയെഴുതുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചില്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെടുന്ന ലക്ഷംകോടിയുടെ നഷ്ടത്തെപ്പറ്റി മിണ്ടുന്നില്ല. വമ്പന്‍ അഴിമതികളിലൂടെ പൊതുസമ്പത്ത് കവര്‍ന്നെടുക്കുന്നതില്‍ ഇവര്‍ക്ക് വേവലാതിയില്ല.

ലോക്‌സഭ ഒരു ദിവസം ചേരുന്നതിന് ഒന്നേകാല്‍ക്കോടി രൂപ ചെലവുവരുമെന്നാണ് കണക്ക്. നികുതിദായകരുടെ പണമെടുത്ത് കുംഭകോണങ്ങള്‍ നടത്തിയവര്‍ തന്നെയാണ് ഇതൊക്കെ പറഞ്ഞ് വിലപിക്കുന്നത്. കൊള്ളനടത്തിയവരെ നേരിടുന്ന പ്രതിപക്ഷത്തിനുനേരെ പ്രത്യാക്രമണം നടത്താനാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ അന്ത:സ്സുതന്നെ തകര്‍ത്തെറിഞ്ഞ മാനം കെട്ട നിലപാടാണ് ഇത്. പ്രധാനമന്ത്രി നേരിട്ട് അഴിമതിയാരോപണത്തിന് വിധേയനായത് നിസ്സാരമാക്കി തള്ളാനാവില്ല. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചത് രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. അങ്ങനെ ചിലപ്പോഴൊക്കെ രാജ്യം രക്ഷപ്പെട്ടിട്ടുമുണ്ട്. എസ് ബാന്റ് അഴിമതി ഓര്‍ക്കുന്നില്ലേ? രണ്ടുലക്ഷം കോടിരൂപയുടെ അഴിമതി സിഎജി കണ്ടെത്തി, വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്ത ബഹിരാകാശവകുപ്പിന്റെ കീഴിലാണ് ഇതുംനടന്നത്. പാര്‍ലമെന്റ് അന്ന് പ്രതിപക്ഷം സ്തംഭിപ്പിച്ചപ്പോഴാണ് വിവാദമായ ഈ ഇടപാട് റദ്ദാക്കിയത്.

ജീവിക്കാന്‍ പ്രതിദിനം 32 രൂപ ചെലവാക്കാന്‍ കഴിവില്ലാത്ത കോടിക്കണക്കിനു മനുഷ്യരുള്ള നമ്മുടെ നാട്ടിലാണ് ഈ പെരുംകൊള്ള നടക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് പറയാന്‍ ധൈര്യപ്പെടുന്ന കോണ്‍ഗ്രസ്സ് മന്ത്രിമാരായ കപില്‍ സിബലിനെ പോലെയുള്ളവര്‍ ജനങ്ങളെ പരിഹസിക്കുകയാണ്. മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ്സിനുമെതിരായി ഉയര്‍ന്നിരിക്കുന്ന ഹിമാലയന്‍ കുംഭകോണങ്ങളില്‍ നിന്നും തലയൂരാന്‍ - ഭരണഘടനാപരമായ അധികാരങ്ങളുള്ള സിഎജിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? സര്‍ക്കാരിന്റെ കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നത്  സിഎജിയാണ്. സിഎജി ജനങ്ങളോട് കണക്കുപറയുമ്പോള്‍ കലി തുള്ളുന്നതെന്തിനാണ്?

കല്‍ക്കരി ഖനനം ചെയ്തില്ലെങ്കില്‍ നഷ്ടമുണ്ടാകില്ലെന്നാണ് ധനമന്ത്രി ചിദംബരം പറയുന്നത്. അഴിമതിയും കുംഭകോണങ്ങളും നടന്നുകൊണ്ടേയിരിക്കുന്നതും അതു ചെയ്യുന്നതുകൊണ്ടാണ്. കല്‍ക്കരി ഖനനം ചെയ്യാതെ ഭൂമിക്കടിയില്‍ തന്നെ കിടന്നാല്‍ നഷ്ടമുണ്ടാകില്ലെന്നും ചിദംബരം പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോള്‍ പറയുകയുണ്ടായി. ടെലികോംമന്ത്രി കപില്‍സിബലും ഇതുപോലെ തന്നെയാണ് പറഞ്ഞത്. 2ജി സ്‌പെക്ട്രം ഇടപാടില്‍ ഒരുലക്ഷത്തിഎഴുപത്തിയാറായിരം കോടി രൂപ പൊതുഖജനാവിന് നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയപ്പോഴും ഇവരൊക്കെ ഒന്നും സംഭവിക്കാത്ത മട്ടിലാണ് സംസാരിച്ചത്. കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും ഇതേരീതിയിലാണ് പറയുന്നത്. സ്വകാര്യമേഖലയിലുള്ള സ്ഥാപിതതാല്പര്യക്കാരെ - ടാറ്റാ സ്റ്റീല്‍ - പോലുള്ളവരെ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുകയും സമ്മര്‍ദ്ദംചെലുത്തി നേടിക്കൊടുത്തതും ഖനിവകുപ്പുമന്ത്രി ദിന്‍ഷാ ജെ പട്ടേല്‍ ആയിരുന്നു.

മുന്‍പൊരിക്കല്‍, സിസിഎല്‍ അക്വയര്‍ചെയ്ത 3070 ഏക്കര്‍ കോള്‍ബ്ലോക്കില്‍ 1670 ഏക്കര്‍ 2008 മേയില്‍ ടാറ്റാസ്റ്റീലിനുതന്നെ കൊടുക്കണമെന്ന് തീരുമാനിച്ചത് ഇതേമന്ത്രിയുടെ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതൊക്കെ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ 21-ാം പാര്‍ട്ടീ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. കോള്‍ വര്‍ക്കേഴ്‌സ് ഫെഡറേഷനും നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. കല്‍ക്കരി ബ്ലോക്കുകള്‍ അന്യായമായി കൈക്കലാക്കിയതിനുപിന്നില്‍ വന്‍അഴിമതിയാണ് നടന്നത്. കോടികളുടെ അഴിമതി നടന്നതിനാലാണ് ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത്. 142 കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ട് നഷ്ടമൊന്നുമുണ്ടായില്ലെന്ന് പറയുന്നത് തികച്ചും ബാലിശമാണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മരവിപ്പിലാണ്.

1993 മുതല്‍ 2011 വരെ 289 കല്‍ക്കരിപ്പാടങ്ങള്‍ നിയമം പാലിക്കാതെ നല്‍കിയിട്ടുണ്ട്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്നതായിരുന്നു മാനദണ്ഡം. സര്‍ക്കാരിന്റെ നിയമങ്ങളും നിബന്ധനകളും പാലിച്ചത് 26 ലൈസന്‍സികള്‍ മാത്രമാണ്. ഇങ്ങനെ ലൈസന്‍സ് നല്‍കിയതിലൂടെ 10.67 ലക്ഷംകോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടായതായി സിഎജി നേരത്തേ കണ്ടെത്തുകയുണ്ടായി. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ധാതുശേഖരവും കൊള്ളയടിക്കപ്പെടുകയാണ്.

കനല്‍ക്കട്ടയിലും ഉറുമ്പരിക്കുന്നു. എങ്ങും ദുരിതങ്ങളുടെ ഘോഷയാത്രയാണ്. ഇവര്‍ ഇന്ത്യയെ വലിയൊരു അഴിമതി രാജ്യമാക്കിമാറ്റി. തത്വങ്ങള്‍ മുറുകെപ്പിടിക്കാത്തവര്‍ മാത്രമുള്ള കേന്ദ്രമന്ത്രിസഭ. 34 കേന്ദ്രമന്ത്രിമാരില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ 15 പേര്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്നു. മന്‍മോഹന്‍സിംഗ്, പി ചിദംബരം, കപില്‍സിബല്‍, എസ് എം കൃഷ്ണ, പ്രഫൂല്‍ പട്ടേല്‍, ശരത്പവ്വാര്‍, കമല്‍നാഥ്, വിലാസ്‌റാവു ദേശ്മുഖ്, വിര്‍ഭദ്ര സിംഗ്, സല്‍മാന്‍ ഖുര്‍ഷിദ്, ജി.കെ വാസന്‍, എം.കെ. അഴഗിരി, സുശീല്‍കുമാര്‍ ഷിന്‍ഡേ, ഫാറൂഖ് അബ്ദുള്ള എന്നിവരാണ് അവര്‍.

പ്രധാനമന്ത്രിക്കെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത് കല്‍ക്കരി അഴിമതിയാണ്. സാധാരണ രീതിയില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ കല്‍ക്കരി ബ്ലോക്കുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരുന്നതെങ്കില്‍, മന്‍മോഹന്‍സിംഗ് 22 -24 ബ്ലോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കി. ചിദംബരത്തിനെതിരെ പലകേസ്സുകളുമുണ്ട്. ടെലികോം മന്ത്രിയായിരുന്ന എ രാജയോടൊപ്പം 2ജി സ്‌പെക്ട്രം ഇടപാടില്‍ ഹച്ച് കമ്പനിയുടെ 67% ഓഹരി, വ്യവസ്ഥകള്‍ ലംഘിച്ച് വോഡഫോണിന് വിറ്റതില്‍ ചിദംബരം നേരിട്ട് ഇടപെട്ടു. വഞ്ചന - ക്രിമിനല്‍ ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ട, ദില്ലിയിലെ ഹോട്ടല്‍വ്യവസായി എസ് പി ഗുപ്തയുടെ അഭിഭാഷകനായിരുന്ന ചിദംബരം പിന്നീട് ആഭ്യന്തരമന്ത്രിയായപ്പോള്‍ തന്റെ കക്ഷിയുടെ കേസ്സ് ഒഴിവാക്കാനായി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി. ചിദംബരം മകന്‍ കാര്‍ത്തിക്കിനുവേണ്ടി 4000 കോടി രൂപയുടെ എയര്‍സെല്‍ - മാക്‌സിസ് കമ്പനി ഇടപാടു നടത്തി. പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ്മുഖര്‍ജി സ്‌കോര്‍പ്പിന്‍  സബ്‌മെറൈന്‍ ഇടപാടില്‍ 4% കമ്മീഷന്‍ കൈപ്പറ്റിയതായി ആരോപണമുയര്‍ന്നു. വിദേശകാര്യമന്ത്രിയായ എസ് എം കൃഷ്ണ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് വനഭൂമി നല്‍കിയതില്‍ അഴിമതി നടത്തി.

വ്യോമയാന മന്ത്രിയായിരിക്കെ എയര്‍ലൈന്‍സിന് 111 എയര്‍ക്രാഫ്റ്റ്കള്‍ വാങ്ങാന്‍ 67,000 കോടിരൂപയുടെ ഓര്‍ഡര്‍ നല്‍കിയതില്‍ പ്രഫൂല്‍പട്ടേല്‍ ഇടപെട്ട് അഴിമതി നടത്തി. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കായി നിര്‍മ്മിച്ച ആദര്‍ശ്ഫഌറ്റ് അഴിമതി നടത്തിയത് വിലാസ്‌റാവു ദേശ്മുഖ് ആയിരുന്നു. റിലയന്‍സിന് പിഴശിക്ഷ ഇളവുനല്‍കിക്കൊണ്ട് ടെലികോംമന്ത്രി കപില്‍സിബല്‍ അഴിമതി നടത്തി. കണ്ട്‌ലതുറമുഖട്രസ്റ്റ് കുറഞ്ഞ നിരക്കില്‍ പാട്ടത്തിനുകൊടുത്തതിനാല്‍ 2 ലക്ഷം കോടി രൂപ തുറമുഖമന്ത്രി ജി കെ വാസന്‍ നഷ്ടം വരുത്തി. അതും അഴിമതിക്കുവേണ്ടിയായിരുന്നു. കോടിയും ലക്ഷംകോടിയും വെട്ടിച്ചു ശീലമുള്ള കോണ്‍ഗ്രസ്സ് പറയുന്നത് - ഒരു ലക്ഷം രൂപയുടെ നിസ്സാര പ്രലോഭനത്തില്‍ വീണ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ ബംഗാരൂ ലക്ഷ്മണ്‍ രാജ്യത്തെ അഴിമതിക്കാര്‍ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ്. സിബിഐ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ബിജെപിയും ചില്ലറക്കാരല്ല. കര്‍ണ്ണാടകത്തിലെ ഖനികുംഭകോണം, ഭൂമിയിടപാട്, 2 ജി സ്‌പെക്ട്രം തുടങ്ങി എത്രയെത്ര ആരോപണങ്ങള്‍. അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്.

*
സി എന്‍ ചന്ദ്രന്‍ ജനയുഗം 29 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭാരതത്തിന്റെ ഗതകാല ചരിത്രം പലനിലകളിലാണ് അറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരുടെ ഭരണത്തെത്തുടര്‍ന്ന് ഏകീകൃതമായ ഇന്ത്യ നിലവില്‍ വന്നത് മൗര്യസാമ്രാജ്യ കാലഘട്ടത്തിലാണ്. അശോകചക്രവര്‍ത്തിയാണ് ഇതിന് പ്രധാനമായും മുന്‍കയ്യെടുത്തത്. പിന്നീട് വന്ന ഗുപ്തഭരണ കാലമാകട്ടെ മഹത്തായ സംസ്‌കാരത്തിന്റെ കാലമായി അറിയപ്പെട്ടു. തുടര്‍ന്ന് സുല്‍ത്താന്‍ ഭരണവും മുഗള്‍ ഭരണവും നിലവില്‍ വന്നു. ഈ സന്ദര്‍ഭത്തിലാണ് ബഹദൂര്‍ഷായില്‍ നിന്ന് ബ്രിട്ടീഷുകാര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുന്നത്. ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ കാലത്തെക്കുറിച്ച് - 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലെ രണ്ടാം യുപിഎ ഭരണം വരുംതലമുറ എങ്ങനെയാണ് വിലയിരുത്തുക? സംശയലേശമന്യേ ചരിത്രം വിലയിരുത്തുക -- കുംഭകോണങ്ങളുടെയും ഹിമാലയന്‍ അഴിമതികളുടെയും കാലഘട്ടമെന്നായിരിക്കും. ലോകം കണ്ട ഏറ്റവും വലിയ ഒരു അഴിമതികൂടി പുറത്തുവന്നിരിക്കുന്നു -- കല്‍ക്കരി കുംഭകോണം.