Saturday, August 4, 2012

ചില മാധ്യമങ്ങളുടെ പുതിയ ബോധോദയം

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രാഷ്ട്രീയമായ പകപോക്കലിനായി അറസ്റ്റ്ചെയ്ത് ജയിലിലടിച്ച ധിക്കാരപരമായ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലാചരിച്ചതില്‍ മനോരമയും മാതൃഭൂമിയും അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നു. രണ്ടു പത്രവും ഒരേപോലെ മുഖപ്രസംഗം തയ്യാറാക്കി. മാധ്യമങ്ങളെ അവയുടെ ധര്‍മത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നാണ് മാതൃഭൂമിയുടെ വിലാപം. പത്രധര്‍മത്തെപ്പറ്റിയാണ് മാതൃഭൂമി സൂചിപ്പിക്കുന്നതെങ്കില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടത് ആ പത്രംതന്നെയാണ്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍മാസ്റ്ററെ സിനിമാ ശൈലിയില്‍ ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ഇറങ്ങിയ മാതൃഭൂമി മോഹനന്‍മാസ്റ്റര്‍ അന്വേഷണസംഘത്തിന്റെ മുമ്പില്‍ കുറ്റം സമ്മതിച്ചതായി അച്ചടിച്ച് വിടുകയുണ്ടായി. സത്യത്തിന്റെ കണികപോലും അതിലുണ്ടായിരുന്നില്ല. ഇങ്ങനെ ഒന്നല്ല, കഴിഞ്ഞ മൂന്നു മാസമായി തുടര്‍ച്ചയായി സത്യവിരുദ്ധവാര്‍ത്ത അച്ചടിച്ചുവിട്ടതിന് അവാര്‍ഡ് നല്‍കുന്നെങ്കില്‍ അര്‍ഹതയുള്ളത് മാതൃഭൂമിക്കുതന്നെയാണ്. എന്നിട്ടും പത്രധര്‍മത്തെപ്പറ്റിയാണ് ഉപന്യസിക്കുന്നത്. സത്യം വദ, ധര്‍മം ചര എന്നത് എഴുതി നെറ്റിയില്‍ ഒട്ടിക്കാനാണെങ്കില്‍ ബഹുകേമംതന്നെ. സത്യധര്‍മാദി വെടിഞ്ഞീടിന പത്രങ്ങളെ ക്രുദ്ധനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണം എന്ന് പാഠഭേദം വരുത്തി പറയുന്നതായിരിക്കും ഉചിതം. സിപിഐ എം സത്യത്തെയല്ല പേടിക്കുന്നതും വെറുക്കുന്നതും- ഇത്തരം കള്ളപ്രചാരവേലയെയാണ്.

ജയരാജനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി കൈകാര്യംചെയ്യുകയാണ് പാര്‍ടിയില്‍നിന്ന് ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന മാന്യതയെന്നാണ് മലയാള മനോരമയുടെ മുഖപ്രസംഗത്തിലെ ഉപദേശം. മാന്യത എന്താണെന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നതിനുമുമ്പ് സ്വന്തം പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ പഠിക്കുകയാണ് ആ പത്രം ചെയ്യേണ്ടത്. "തിരിച്ചടിയായി ഏതാനും സിപിഎം ഓഫീസുകളും ആക്രമിക്കപ്പെട്ടു" എന്ന് മനോരമ സമ്മതിക്കുന്നു. കയര്‍ കളവുപോയി; അതിന്റെ അറ്റത്ത് ഒരു പശുവും ഉണ്ടായിരുന്നു എന്നതുപോലെയാണ് മനോരമ പറയുന്നത്. പി ജയരാജനെ അറസ്റ്റ്ചെയ്തതിന്റെ കാരണം എന്തെന്ന് പറയാന്‍ പൊലീസ് മേധാവിക്ക് കഴിഞ്ഞില്ല. മനോരമയ്ക്ക് വിശദീകരിക്കാന്‍ കഴിയുമോ? വള്ളിക്കാട്ടെ കൊലപാതകത്തില്‍ ജയരാജനെ പ്രതിയാക്കാന്‍ ശ്രമം നടന്നു എന്നത് രഹസ്യമല്ല. മൂന്ന് കൊലപാതക കേസുകളാണ് ഒരേ അവസരത്തില്‍ സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്. ഷുക്കൂര്‍ വധം, ആറു വര്‍ഷംമുമ്പ് നടന്ന ഫസല്‍ വധം, മെയ് നാലിന് നടന്ന ചന്ദ്രശേഖരന്‍ വധം. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജയരാജനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കണമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും വളരെമുമ്പുതന്നെ തീരുമാനിച്ചത്. കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിക്കുവേണ്ടി ആഭ്യന്തരമന്ത്രിയും പൊലീസിന് രഹസ്യമായും പരസ്യമായും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു എന്ന് മാധ്യമങ്ങള്‍തന്നെ വ്യക്തമാക്കിയതാണ്. അറസ്റ്റ്ചെയ്തത് പരല്‍മീനിനെയാണ്; വമ്പന്‍ സ്രാവുകള്‍ പുറത്താണ് എന്ന പ്രസ്താവനമുതല്‍ മരണവാറന്റില്‍ ഒപ്പുവച്ച ആളെവരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചേ അന്വേഷണം അവസാനിക്കൂ എന്ന പ്രസ്താവനവരെ പൊലീസിനുള്ള നിര്‍ദേശങ്ങളായിരുന്നു. ഇതേവരെ ഒരു കേസിലും ഇത്രയും നഗ്നമായ ഇടപെടല്‍ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരു കാരണവുമില്ലാതെ രാഷ്ട്രീയപകപോക്കലിന്റെ മാത്രം അടിസ്ഥാനത്തില്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കണമെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ ഉപദേശം.

മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ബാധിച്ച ഇക്കൂട്ടരുടെ ഉപദേശം കേട്ടുകൊണ്ടല്ല പാര്‍ടി പ്രവര്‍ത്തനം നടത്തുന്നത്. സി എച്ച് അശോകന്‍, മോഹനന്‍മാസ്റ്റര്‍, കാരായി രാജന്‍ തുടങ്ങിയ പാര്‍ടി നേതാക്കളെ അറസ്റ്റ്ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനെന്ന പേരില്‍ പീഡിപ്പിക്കുകയാണുണ്ടായത്. അറസ്റ്റിലായ പലര്‍ക്കുമെതിരെ ഒരു കുറ്റവും തെളിവുസഹിതം ചാര്‍ത്താനില്ല എന്നതാണ് വാസ്തവം. തികച്ചും നിരപരാധികളായവരെ, സംശയത്തിന്റെ ശകലംപോലും ഇല്ലാത്തവരെ തെരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുകയാണ്. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് നിരപരാധികളാണെന്നു കണ്ട് അവരെ വെറുതെ വിടുമ്പോള്‍ അനുഭവിച്ച ജയില്‍വാസവും പീഡനവും പേരുദോഷവും കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന പ്രയാസവും ആര്‍ക്കാണ് പരിഹരിക്കാന്‍ കഴിയുക? നിയമപരമായി കൈകാര്യചെയ്യണമെന്നുപദേശിക്കുന്നവര്‍ ഉത്തരം പറയേണ്ട ചോദ്യമാണിത്. സകലവിധ ജനാധിപത്യ മര്യാദകളും കാറ്റില്‍പറത്തി, രാഷ്ട്രീയ വിരോധംമാത്രം അടിസ്ഥാനമാക്കി കേസില്‍ പ്രതിയാക്കിയാല്‍ എല്ലാവരും നാമം ജപിച്ച് വീട്ടിലിരിക്കണമെന്നാണ് മാധ്യമവിശാരദന്മാര്‍ മോഹിക്കുന്നതെങ്കില്‍ അത് നടപ്പുള്ള കാര്യമല്ല. ഇരട്ട കൊലപാതകത്തില്‍ നാലാംപ്രതിയായ മുസ്ലിംലീഗ് എംഎല്‍എ ബഷീറിന് നിയമത്തിന്റെ മുമ്പില്‍ തുല്യതയുണ്ടോ? നിരവധി കൊലപാതകങ്ങളിലും വധശ്രമങ്ങളിലും പങ്കാളിയാണെന്ന് വ്യക്തമായും വെളിപ്പെടുത്തപ്പെട്ട സാഹചര്യത്തില്‍ കെ സുധാകരന് നിയമത്തിന്റെ മുമ്പില്‍ തുല്യതയാണോ കാണുന്നത്? നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്ന മാധ്യമങ്ങള്‍ ഉത്തരം പറയണം.

ഭരണകക്ഷി നേതാക്കള്‍ക്ക് ഒരു നീതി, പ്രതിപക്ഷത്തിന് മറ്റൊരു നീതി എന്നതാണല്ലോ ഇവിടെ കാണുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രി എന്ത് കുറ്റം ചെയ്തിട്ടാണ് ആക്രമിക്കപ്പെട്ടത്! കാസര്‍കോട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മുസ്ലിംലീഗുകാര്‍ ചവിട്ടിക്കൊന്നത് എന്തിനാണ് ഈ പത്രങ്ങള്‍ മൂടിവയ്ക്കുന്നത്. അനീഷ് രാജന്റെയും അരീക്കോട്ടെ കൊളക്കാടന്‍ കുടുംബത്തിലെ രണ്ടു സഹോദരന്മാരുടെയും ജീവന് വില കല്‍പ്പിക്കാത്ത പത്രധര്‍മം അധര്‍മമല്ലേ? ഹര്‍ത്താലില്‍ രോഷംകൊള്ളുന്നവര്‍ അല്‍പ്പനേരം ചിന്തിച്ചാല്‍ കൊള്ളാം. അനീതി കാട്ടിയാല്‍, ധാര്‍മികത നശിപ്പിച്ചാല്‍ പ്രതിഷേധാഗ്നി ആളിപ്പടരുകതന്നെചെയ്യും. പട്ടാളത്തെ കാണിച്ച് വിരട്ടാനുള്ള ശ്രമം വിഫലമായി തീരും. അതാണ് ചരിത്രത്തില്‍നിന്ന് ലഭിക്കുന്ന വെളിച്ചം എന്നോര്‍ത്താലും.

*
ദേശാഭിമാനി മുഖപ്രസംഗം 04 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജയരാജനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി കൈകാര്യംചെയ്യുകയാണ് പാര്‍ടിയില്‍നിന്ന് ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന മാന്യതയെന്നാണ് മലയാള മനോരമയുടെ മുഖപ്രസംഗത്തിലെ ഉപദേശം. മാന്യത എന്താണെന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നതിനുമുമ്പ് സ്വന്തം പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ പഠിക്കുകയാണ് ആ പത്രം ചെയ്യേണ്ടത്.