Tuesday, August 7, 2012

പൊന്നണിഞ്ഞ ഭാഗ്യം...!

മഹാഭാരതത്തില്‍ ഒളിമ്പിക്സിനെകുറിച്ചൊന്നും പറയുന്നില്ല. അതിലുള്ള ഏക കായികവിനോദം അമ്പെയ്ത്താണ്. എങ്കിലും അതിനൊരു മത്സരയിനമായി അംഗീകാരമില്ല. ഒന്നിനൊന്ന് എയ്ത് നില്‍ക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. ആഗ്നേയാസ്ത്രം തൊടുത്താല്‍ വരുണാസ്ത്രം. നാഗാസ്ത്രം തൊടുത്താല്‍ ഗരുഡാസ്ത്രം. എന്നുവെച്ചാല്‍ അസ്ത്രവും പ്രതിവിധി അസ്ത്രവും തൊടുത്ത് പിടിച്ചുനില്‍ക്കലായിരുന്നു അന്നത്തെ പ്രധാനപരിപാടി.

പനിയസ്ത്രം തൊടുത്താല്‍ പാരസെറ്റമോളസ്ത്രം, പുട്ടസ്ത്രം തൊടുത്താല്‍ കടലയസ്ത്രം,ദോശാസ്ത്രം തൊടുത്താല്‍ ചട്ണ്യാസ്ത്രം, ചപ്പാത്ത്യാസ്ത്രം തൊടുത്താല്‍ ചിക്കണസ്ത്രം, ജോര്‍ജസ്ത്രം തൊടുത്താല്‍ ഗണേഷാസ്ത്രം, സുധീരാസ്ത്രം തൊടുത്താല്‍ ചാണ്ട്യാസ്ത്രം.....അങ്ങനെ ഒന്നിനൊന്ന്. ലേശം വ്യത്യാസമുള്ള അമ്പ് അന്ന് മാര്‍ക്കറ്റിലിറക്കിയത് മറ്റൊരു വിദഗ്ധനാണ്- കാമദേവന്‍. വന്‍ ഡിമാന്റായിരുന്നു പുള്ളിക്ക്. കക്ഷിയുടെ അസ്ത്രം ഒരുതരം ഉത്തേജക മരുന്നാണ്. ഒരു സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍പോലെ. ഒന്നു കൊണ്ടാല്‍ മതി, മരിക്കാന്‍ കിടക്കുന്നവന്‍ വരെ എഴുന്നേറ്റ് ഓടും.

നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സൊക്കെ ഡിം ഡിം എന്ന് തീര്‍ത്തു കളയും. മസില്‍ പവര്‍! എക്സ്ട്രാ പവര്‍! അമ്പിലും വില്ലിലുമാണ് പ്രയോഗം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍. എല്ലാം പ്രാദേശികാടിസ്ഥാനത്തില്‍ കൃഷിചെയ്തുണ്ടാക്കുന്നതാണ്. കാര്‍ഷികഭാരതത്തിന്റെ കണ്‍മണിയാണ് കാമദേവന്‍. വില്ല് കരിമ്പുകൊണ്ടാണ്. അമ്പുകളാവട്ടെ അഞ്ചു പൂക്കള്‍ കൊണ്ട്. അശോകം, താമര, ചൂതം, നവമല്ലിക, നീലോല്‍പ്പലം.കേട്ടാല്‍ തോന്നും ഏതോ നാട്ടുവൈദ്യന്‍ വയറുകടിക്ക് മരുന്ന് കുറിച്ചതാണെന്ന്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

"നാരായണന്‍ തന്റെ പദാരവിന്ദം നാരീജനത്തിന്റെ മുഖാരവിന്ദം മനുഷ്യനായാലിവരണ്ടിലൊന്നു നിനച്ചുവേണം ദിവസം കഴിപ്പാന്‍" ഇതാണ് ജീവിതലക്ഷ്യമെന്നാണ് മണിപ്രവാളത്തിന്റെ പ്രഖ്യാപനം. ജീവിതത്തില്‍ രണ്ടേ രണ്ട് കാര്യങ്ങളെയുള്ളൂ. ഈശ്വരസേവ അല്ലെങ്കില്‍ സ്ത്രീസേവ. ഇതില്‍ രണ്ടാമത്തെ വിഷയത്തിലെ ഗവേഷണകുതുകികള്‍ക്ക് ആവശ്യമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുകയാണ് ശ്രീമദ് രതിപതി കാമദേവന്‍. ഒന്നും ഇറക്കുമതി ചെയ്യാതെ, തീര്‍ത്തും പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഇന്‍ഫ്രാസ്ട്രക്ചറാണിത്. പക്ഷെ മഹാഭാരതത്തിലൊരു അമ്പെയ്ത്ത് മത്സരമുണ്ട്. കൂട്ടിലെ കിളിയെ നിഴല്‍ നോക്കി എയ്ത് വീഴ്ത്താനാണ് മത്സരം. പരിപാടിക്ക് തല്‍സമയസംപ്രേഷണം ഉണ്ടായില്ല. കര്‍ണനും അര്‍ജുനും മത്സരത്തില്‍ വിജയിച്ചു. പക്ഷെ കര്‍ണന്റെ "ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍" ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഒട്ടും സുതാര്യമായിരുന്നില്ലത്രെ!. അര്‍ജുന് പിടയ്ക്കുന്നൊരു മെഡലു കിട്ടി. പാഞ്ചാലി. പിന്നീട് പാണ്ഡവര്‍ അജ്ഞാതവാസത്തിലേക്ക് പ്രവേശിച്ചു. അതോടെ പാഞ്ചാലി " അജ്ഞാത സുന്ദരി"യായി. ഈ അജ്ഞാതത്തിന് ഇന്ത്യയില്‍ നല്ല മാര്‍ക്കറ്റാണ്. അജ്ഞാത സന്ദേശം, അജ്ഞാത ജീവി, അജ്ഞാത മനുഷ്യന്‍, അജ്ഞാത ബോംബ്... ഇങ്ങനെ എന്തെല്ലാം അജ്ഞാതങ്ങള്‍. നല്ല കച്ചവടമാണ് ഇതിന്. അങ്ങനെ ഒളിമ്പിക്സിലുമെത്തി ഒരജ്ഞാതം!. നോക്കൂ.. അതും ഇന്ത്യയോടൊപ്പം തന്നെ. 205 രാജ്യങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യയോടൊപ്പമല്ലെ ഈ "അജ്ഞാത സൗഭാഗ്യം" ഉണ്ടായത്!. ഇതാണ് പാരമ്പര്യം!. ഇതാണ് കുലമഹിമ!.

സുരേഷ് കല്‍മാഡി ഉദ്ഘാടനത്തിന് പോയില്ലെങ്കിലെന്ത്? ആ കുറവ് പരിഹരിച്ചില്ലേ!. റിപ്പോര്‍ട്ടിങ്ങിലെ സൂക്ഷ്മത നോക്കൂ. "അജ്ഞാത യുവതി", "അജ്ഞാത സ്ത്രീ" എന്നൊന്നും പറയാതെ "അജ്ഞാത സുന്ദരി" എന്നു തന്നെ മാധ്യമഭിഷഗ്വരന്മാര്‍ നമ്മളെ അറിയിച്ചു. വാര്‍ത്തകള്‍ കുറെക്കൂടി സൂക്ഷ്മമാവുകയാണ് അഥവാ "സ്പെസിഫിക്കാ" വുകയാണ്. അങ്ങനെയാണ് വേണ്ടത്. "അജ്ഞാതയുവതി" എന്ന് പരത്തിപ്പറയാതെ അഥവാ അമൂര്‍ത്തമായി പറയാതെ അതില്‍നിന്ന് ഒരു ഘടകം വേര്‍തിരിച്ചെടുത്ത് അതിന് ഊന്നല്‍ നല്‍കി നമ്മളെ അറിയിച്ചു. ഇത് മാതൃകയാക്കാവുന്നതാണ്. നീണ്ട മുടിയുള്ളവളാണെന്ന് കരുതുക. "അജ്ഞാതസുകേശിനി" എന്നു പറയാം. കൊലുന്നനെ ഉള്ളവളാണെങ്കിലോ "അജ്ഞാത കൃശഗാത്രി" എന്നാക്കാം. ലേശം തടിച്ചിട്ടാണെങ്കിലോ" അജ്ഞാതസ്ഥൂലിണി" എന്നാക്കാം. വെളുത്തവളാണെങ്കില്‍ "അജ്ഞാതവെണ്‍മണി" എന്നും കറുത്തിട്ടാണെങ്കില്‍ " അജ്ഞാത കാറണി" എന്നും പറയാം. " ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍ എന്തെന്ത് സൗഭാഗ്യം നേടായ്ക നീ" എന്ന് വള്ളത്തോള്‍ പാടിയത് വെറുതെയല്ല.

ഈ "അജ്ഞാത" സ്പര്‍ശം പുരുഷനോട് ചേര്‍ന്നാല്‍ ഇതുവല്ലതും കിട്ടുമായിരുന്നോ?. "അജ്ഞാതസുന്ദരന്‍" പ്രവേശിച്ചു എന്ന് ആരെങ്കിലും പറയുമോ?. "അജ്ഞാത കളേബരന്‍","അജ്ഞാത കാര്‍വര്‍ണന്‍"," അജ്ഞാതലോലന്‍"....ഇങ്ങനെയൊക്കെ ഏതെങ്കിലും മാധ്യമഭിഷ ഗ്വരന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാലമുണ്ടാവുമോ! പുരുഷഹൃദയം തേങ്ങുകയാണ്. "അജ്ഞാത സുന്ദരന്‍ ബൈക്കിലെത്തി മാലപൊട്ടിച്ചു" ഇങ്ങനെ ഒരു വാര്‍ത്ത വായിക്കാന്‍ കൊതിക്കുന്ന പുരുഷഹൃദയങ്ങളെ മാധ്യമഭിഷഗ്വരര്‍ കാണാതെ പോവരുത്. "അജ്ഞാത കളേബരന്‍ ബാങ്ക് കവര്‍ച്ച ചെയ്തു".

നോക്കൂ, ആ വാര്‍ത്തയുടെ സൗന്ദര്യം. സ്ത്രീ വാദികളേ കോപിക്കരുത്. പുരുഷനയനങ്ങള്‍ക്ക് ദര്‍ശനപുണ്യം നല്‍കാനുള്ള കാഴ്ചവസ്തുക്കളല്ല ഞങ്ങള്‍ എന്ന് പ്രതിഷേധിക്കരുത്. ആരാധന തോന്നിപ്പോയ പുരുഷമനസ്സിന് ആത്മനിയന്ത്രണം നഷ്ടമായപ്പോള്‍ എഴുതിപ്പോയതാണ് ഈ "അജ്ഞാത സുന്ദരി" എന്ന് കരുതിയാല്‍ മതി. ഇളകിപ്പോയി പുരുഷമനസ്സ്. പോട്ടെ, സാരമാക്കണ്ട. ആണിന്റെ മനസ്സല്ലേ. ഇടക്കിടക്ക് അതില്‍ ഇക്കിളിക്കിളി പറക്കും. അപ്പോള്‍ കുളിരുകോരിയ ഒരു മനസ്സ് നല്‍കിയ അംഗീകാരമായി ഈ "അജ്ഞാതസുന്ദരി" പ്രയോഗത്തെ കണ്ടാല്‍ മതി.

ഒരു മനസ്സമാധാനത്തിന്, അനുവദിച്ച് കൊടുത്തേക്ക്. സൗന്ദര്യത്തിന് ഏകീകൃതവും, സാര്‍വലൗകികവുമായ മാനദണ്ഡമുണ്ടോ എന്ന് ചോദിച്ചേക്കാം. ചോദ്യം ശരിയാണ്. ഒരു മാര്‍ക്ക്. കെനിയക്കാരന്റെ സൗന്ദര്യ സങ്കല്‍പ്പമാണോ കൊറിയക്കാരന്റെ സൗന്ദര്യ സങ്കല്‍പ്പം?

ചോദ്യം പിന്നേം ശരിയാണ്. ഒരു മാര്‍ക്ക്. ഏറ്റവും നല്ല നിറമേതാണ്? ഏറ്റവും നല്ല പൂവേതാണ് എന്നൊക്കെ ചോദിക്കുന്ന പോലെയല്ലെ ആരാണ് സുന്ദരി എന്നു ചോദിക്കുന്നതും? ചോദ്യം വീണ്ടും ശരിയാണ്. ഒരു മാര്‍ക്ക് കൂടി. കാണുന്നവന്റെ വ്യാഖ്യാനമല്ലേ സൗന്ദര്യം?ദേ.. പിന്നേം ശരിയായ ചോദ്യം. ഒരു മാര്‍ക്ക് കൂടി തരുന്നു. രുചിയും സൗന്ദര്യവും ഒരുപോലെയല്ലേ? ഒരു മാര്‍ക്ക് കൂടി തന്നേക്കാം.

ചൈനക്കാര്‍ പാമ്പിനെ തിന്നും ഇന്ത്യക്കാര്‍ തരം കിട്ടിയാല്‍ ആരാധിക്കും ഇല്ലെങ്കില്‍ തല്ലിക്കൊല്ലും. കേരളീയര്‍ മുളകിട്ട കറികൂട്ടും, സായിപ്പു കൂട്ടിയാല്‍ വെള്ളത്തില്‍ ചാടും. ശരിയല്ലേ? ശരിയായ ചോദ്യങ്ങള്‍ ഇങ്ങനെ നിരന്തരം ചോദിച്ച് ബോറടിപ്പിക്കണമെന്നില്ല.

വിസ തട്ടിപ്പില്‍ പ്രതിയായ യുവതി സുന്ദരി കൂടിയാണ് എന്ന് വായിക്കാനുള്ള ഭാഗ്യം എന്നാണ് ഉണ്ടാവുക? അര്‍ധചന്ദ്രാകൃതിയിലുള്ള വദനഭംഗിയോടെ യുവതി ജയിലിലായി എന്നു വായിക്കാനുള്ള അവസരം അധികം വൈകാതെ കൈവരുമെന്ന് പ്രതീക്ഷിക്കാം. പീഡനക്കേസില്‍ അറസ്റ്റിലായ യുവതിക്ക് തുടുത്ത കവിളും വിടര്‍ന്ന കണ്ണുകളും ഉണ്ടായിരുന്നു എന്നുകൂടി വായിക്കാന്‍ കഴിയുമായിരിക്കും. അതാണ് വാര്‍ത്തകളുടെ സൗന്ദര്യം. പത്രാധിപന്മാര്‍ ബ്യൂട്ടീഷ്യന്‍ കോഴ്സ് നിര്‍ബന്ധമായും പഠിക്കണം. സൗന്ദര്യമത്സരങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കണം. പ്രണയാതുരമായ മനസ്സുവേണം. റിട്ടയര്‍മെന്റിന് ശേഷം വേണമെങ്കില്‍ ഉപേക്ഷിക്കാം.

വാര്‍ത്തകള്‍ക്കൊരു സൗന്ദര്യബോധം ഉണ്ടാവണം. ഉദാഹരണം. "മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു" എന്ന് എഴുതുന്നത് എത്ര വിരസവും വരണ്ടതുമാണ്. എന്നാല്‍ " യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പോലെ ചീകിയൊതുക്കാത്ത മുടിയുമായി വന്ന ഉമ്മന്‍ ചാണ്ടി മായാത്ത പുഞ്ചിരിയോടെ മൃദുവായി പറഞ്ഞു." നോക്കൂ ആ വ്യത്യാസം. രണ്ടാമത്തെ വാചകത്തില്‍ ജീവിതമുണ്ട്. വികാരങ്ങളുണ്ട്. ഭാവനയുണ്ട്. "യുവതി ഭര്‍ത്താവിന് വിഷം നല്‍കി" എന്ന് നിര്‍വികാരമായി പറയാതെ എങ്ങനെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാം എന്നു നോക്കാം. "ഒരു പൂച്ചക്കുട്ടിയുടെ മസൃണമായ സാമീപ്യംപോലെ അവള്‍ അടുത്തു വന്നു.

സ്നേഹത്തിന്റെ കുറുകല്‍ അപ്പോഴും കേള്‍ക്കാമായിരുന്നു. അന്ന് ധനുമാസത്തിലെ തിരുവാതിര. പുറത്ത് നിലാവും, പൂന്തിങ്കളും. അവര്‍ പരസ്പരം നോക്കി നിന്നു. ആയിരം കണ്ണുകള്‍ കൊണ്ട് കോരിക്കുടിച്ചു. ഒരു ചഷകം അവള്‍ നീട്ടി. അവന്‍ അതേറ്റു വാങ്ങി, സ്വന്തം മരണപത്രത്തില്‍ ഒപ്പുവയ്ക്കുന്ന പോലെ." വെറുതെ വിഷം കൊടുത്തു എന്ന് പറയുന്നതിനാണോ ഇതിനാണോ ചലനം കൊള്ളിക്കാന്‍ കഴിയുന്നത്? ഏതായാലും മുപ്പതാം ഒളിമ്പിക്സിന് ഇന്ത്യ നല്‍കിയ സമ്മാനമാണ് " അജ്ഞാത സുന്ദരി".

ലോകവേദിയില്‍ വ്യക്തിമുദ്രപതിപ്പിക്കാന്‍ കഴിഞ്ഞു. വേദിയില്‍ തിളങ്ങിയില്ലെങ്കിലെന്താ? ജ്വലിച്ചില്ലേ മാര്‍ച്ച് പാസ്റ്റില്‍. ചിലര്‍ വേഗത്തിലോടി, ഉയരത്തിലും ദൂരത്തിലും ചാടി ശ്രദ്ധ നേടുന്നു. അതൊക്കെ ഇത്തിരി പരിശീലിച്ചാല്‍ ആര്‍ക്കും നേടാവുന്നതേയുള്ളു. അത് പോലെയാണോ ഇത്? അതിനേക്കാളൊക്കെ കഠിന പരിശ്രമം വേണ്ടതാണ് ഇത്. കളിക്കാര്‍ സ്ഥാപിക്കുന്ന റെക്കോഡുകള്‍ മാഞ്ഞുപോകും. ഇന്ത്യ സ്ഥാപിച്ച ഈ റെക്കോഡ് ഒരിക്കലും മായില്ല.

ജമൈക്കക്ക് ഓട്ടക്കാര്‍, ചൈനക്ക് ജിംനാസ്റ്റിക്കുകാര്‍, അമേരിക്കക്ക് നീന്തല്‍ക്കാര്‍, കൊറിയക്ക് അമ്പെയ്ത്തുകാര്‍... ഇന്ത്യക്ക് അജ്ഞാതസുന്ദരി. ഇന്ത്യയെ എഴുതിത്തള്ളിയാല്‍ ഇതായിരിക്കും അനുഭവം. സ്വര്‍ണമില്ലെങ്കിലെന്ത് ഒരു സ്വപ്നസുന്ദരിയെ കിട്ടിയില്ലേ. മാധ്യമഭിഷഗ്വരരെ 130 കോടി നമസ്ക്കാരം.....

*
എം എം പൗലോസ് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഹാഭാരതത്തില്‍ ഒളിമ്പിക്സിനെകുറിച്ചൊന്നും പറയുന്നില്ല. അതിലുള്ള ഏക കായികവിനോദം അമ്പെയ്ത്താണ്. എങ്കിലും അതിനൊരു മത്സരയിനമായി അംഗീകാരമില്ല. ഒന്നിനൊന്ന് എയ്ത് നില്‍ക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. ആഗ്നേയാസ്ത്രം തൊടുത്താല്‍ വരുണാസ്ത്രം. നാഗാസ്ത്രം തൊടുത്താല്‍ ഗരുഡാസ്ത്രം. എന്നുവെച്ചാല്‍ അസ്ത്രവും പ്രതിവിധി അസ്ത്രവും തൊടുത്ത് പിടിച്ചുനില്‍ക്കലായിരുന്നു അന്നത്തെ പ്രധാനപരിപാടി.