Tuesday, September 4, 2012

മോക്ഷം കാത്തുകിടക്കുന്ന വിദ്യാഭ്യാസ ബില്ലുകള്‍

ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയിട്ട് രണ്ടു ദശാബ്ദത്തിലേറെയായെങ്കിലും രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് അവയുടെ പ്രതിഫലനം, തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉണ്ടാകുന്നില്ലെന്നു കണ്ടിട്ടാണ് രണ്ടുവര്‍ഷംമുമ്പ് ഏതാനും വിദ്യാഭ്യാസ ബില്ലുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള അക്രഡിറ്റേഷന്‍ റെഗുലേറ്ററി അതോറിറ്റി ബില്‍, അഴിമതി നിയന്ത്രണബില്‍, പരാതിപരിഹാരത്തിനുള്ള ട്രിബ്യൂണല്‍ ബില്‍, ബിരുദങ്ങളെ സംബന്ധിച്ച അക്കാദമിക് ഡെപ്പോസിറ്ററി ബില്‍, ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ദേശീയ കമീഷന്‍ബില്‍, വിദേശസര്‍വകലാശാലാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്‍, ലോകനിലവാരമുള്ള ഗവേഷണത്തിനും ഇന്നൊവേഷനും വേണ്ടിയുള്ള സര്‍വകലാശാലകളെ സംബന്ധിച്ച ബില്‍ എന്നിങ്ങനെ ഏഴ് ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളത്. ഈ ബില്ലുകള്‍ പാസാക്കുന്നതിന് രാജ്യത്തെ സ്വകാര്യവിദ്യാഭ്യാസലോബി തടസ്സം നില്‍ക്കുന്നു എന്ന് അടുത്തകാലത്ത് മാനവശേഷി വികസനമന്ത്രി പരിതപിച്ചുകണ്ടു. അതേസമയം, നിയമനിര്‍മാണം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്ന് ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ അതേപടി പാസാക്കിയെടുക്കാന്‍ കേന്ദ്രം, രാജ്യസഭയില്‍ ബുദ്ധിമുട്ടും. പ്രവേശനത്തിന് തലവരിയും അമിതഫീസും ഇടാക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് 50 ലക്ഷംവരെ പിഴയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് പത്തുവര്‍ഷംവരെ തടവും വ്യവസ്ഥചെയ്യുന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശങ്ങള്‍ അതേപടി പാസാക്കിയാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള മന്ത്രിമാരും എംപിമാരും ഒക്കെ പ്രയാസത്തിലാകും. കാരണം, തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം കോളേജുകളുടെയും നടത്തിപ്പുകാര്‍ ഇക്കൂട്ടരോ ഇവരുടെ ബിനാമികളോ ആണെന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഏഴ് ബില്ലില്‍ അത്യാവേശപൂര്‍വം അവതരിപ്പിക്കപ്പെട്ട രണ്ടു ബില്ലാണ് എന്‍സിഎച്ച്ഇആര്‍ ബില്ലും വിദേശസര്‍വകലാശാലകളുടെ പ്രവേശനം സംബന്ധിച്ച ബില്ലും. കമീഷനുകളെ നിര്‍മാര്‍ജനം ചെയ്ത് എല്ലാറ്റിനുംകൂടി "ഏകഛത്രനിയമം" കൊണ്ടുവരാനുള്ള നീക്കം ഘടകകക്ഷികളുടെ വകുപ്പിന്മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയക്കാരായ വിസിമാരെ ഒഴിവാക്കാനുദ്ദേശിച്ചുകൂടിയാണ് ബില്‍ കൊണ്ടുവന്നത്. യുജിസിയുടെ സ്ഥിതിയാണ് ഏറെ ദയനീയം.

2011 ഫെബ്രുവരിയില്‍ സുഖദേവ് തോറാട്ട് ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞശേഷം കഴിഞ്ഞ 19 മാസക്കാലമായി ഒരു ചെയര്‍മാനെ കണ്ടെത്തി നിയമിക്കാന്‍ സാധിച്ചിട്ടില്ല. പ്രൊഫ. ഗോവര്‍ധന്‍ മേത്ത ചെയര്‍മാനായി മൂന്നംഗ കമ്മിറ്റി 82 പേരുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുകയും അതില്‍ അഞ്ചുപേരുടെ ഷോര്‍ട്ട് ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ ജയകൃഷ്ണന്‍, ബാംഗ്ലൂര്‍ ഐഐഎം ഡയറക്ടര്‍ ഡോ. പങ്കജ് ചന്ദ്ര, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. സെയ്ദ് ഇ ഹസ്നൈന്‍, ഒറീസ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിസി ഡോ. സുരഭി ബാനര്‍ജി, യുജിസി വൈസ് ചെയര്‍മാന്‍ പ്രൊഫ. വേദപ്രകാശ് എന്നിവരാണ് ആ അഞ്ചുപേര്‍. ഇതില്‍ ഒരാളെ കണ്ടെത്തി നിയമിക്കാന്‍ കഴിയാത്തത് രാഷ്ട്രീയ വടംവലിയുടെ ഭാഗമാണ്. 2009 ജൂണില്‍ കപില്‍ സിബല്‍ നടത്തിയ നൂറുദിന കര്‍മപരിപാടികളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും ഏറെ വിവാദം സൃഷ്ടിച്ചതും വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ സംബന്ധിച്ച ബില്ലായിരുന്നു.

ഈ ബില്‍ പാസാക്കാന്‍ കഴിഞ്ഞാല്‍ രണ്ടുണ്ട് ഗുണം. ഒന്ന്- ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അറുനൂറില്‍പരം വൈദേശിക സര്‍വകലാശാലാ ഓഫ് ക്യാമ്പസ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാം. രണ്ട്- ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമുള്ള അപേക്ഷകര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാം. പക്ഷേ, ബില്ലിനെതിരെ ഇടതുപക്ഷപാര്‍ടികളോടൊപ്പം ഭരണകക്ഷികളിലെയും പ്രതിപക്ഷകക്ഷികളിലെയും മറ്റുചില പാര്‍ടികള്‍കൂടി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ലളിതമല്ല. കഴിഞ്ഞവര്‍ഷം വാഷിങ്ടണില്‍ നടന്ന ഒന്നാം ഇന്തോ-അമേരിക്കന്‍ സ്ട്രാറ്റെജിക് ഡയലോഗില്‍ എടുത്ത തീരുമാനപ്രകാരം ഇക്കഴിഞ്ഞ ജൂണില്‍ നടന്ന രണ്ടാം സമ്മേളനത്തില്‍ നിര്‍ദിഷ്ടപ്രഖ്യാപനം നടത്താന്‍ വകുപ്പുമന്ത്രിക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് നല്ലൊരു അഡ്വക്കറ്റുകൂടിയായ കപില്‍ സിബല്‍, 1956ലെ യുജിസി ആക്ടിലെ സെക്ഷന്‍ മൂന്നിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി വിദേശസര്‍വകലാശാലകളുടെ കടന്നുവരവിനുള്ള പഴുതുതേടി കഴിഞ്ഞ ജൂണ്‍ രണ്ടിന് യുജിസിയുടെ സ്പെഷ്യല്‍ സിറ്റിങ് നടത്തിച്ചത്. മാധ്യമങ്ങള്‍ ഇതിന്റെ പിന്നിലെ അജന്‍ഡ പുറത്തുകൊണ്ടുവന്നതോടെ യുജിസി വീണ്ടും വിവാദച്ചുഴിയിലാണ്ടു. പുതിയ നിര്‍വചനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്, അന്തര്‍ദേശീയതലത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 500 വിദേശ സര്‍വകലാശാലകളും ഇന്ത്യയിലെ ഉന്നത റാങ്കിങ്ങിലുള്ള യൂണിവേഴ്സിറ്റികളുമായി സംയുക്ത പ്രോഗ്രാം നടത്തുന്നതിനുള്ള പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ നടത്തപ്പെടുന്ന ട്വിന്നിങ് പ്രോഗ്രാമുകള്‍ക്കും ജോയിന്റ് പ്രോഗ്രാമുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളായിരിക്കും ബിരുദം നല്‍കുക. പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലുള്ള അപേക്ഷകളില്‍, മികച്ചതും അന്തര്‍ദേശീയ അംഗീകാരമുള്ളതുമായ വിദേശ സര്‍വകലാശാലകളുടെ അപേക്ഷകളൊന്നുംതന്നെയില്ല. വിദേശരാജ്യങ്ങളില്‍ ബഹുമുഖ കാരണങ്ങളാല്‍ അടച്ചുപൂട്ടലിനു വിധേയമായ സര്‍വകലാശാലകളുടെ അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളതില്‍ മിക്കവയും.

കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കല്‍പ്പിത സര്‍വകലാശാലകളെയും സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന സ്വകാര്യ സര്‍വകലാശാലകളെയും സംബന്ധിച്ച യുജിസി ചട്ടങ്ങളില്‍ വെള്ളംചേര്‍ത്ത്, വിദേശ സര്‍വകലാശാലകളെ പിന്‍വാതിലിലൂടെ ഇന്ത്യയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നീക്കത്തില്‍ പൂര്‍ണവിജയം കൈവരിക്കാനാവില്ല. എന്നിരുന്നാലും സെക്ഷന്‍ മൂന്നിന് അനുബന്ധമായി പുതിയ ചട്ടങ്ങള്‍ ചേര്‍ത്ത് ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകളും ട്വിന്നിങ് പ്രോഗ്രാമുകളും നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. 2010 മെയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ രാജ്യസഭയുടെ പണിഗണനയിലിരിക്കെ, കുറുക്കുവഴിയിലൂടെ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പാര്‍ലമെന്റിനോടുള്ള അവമതിപ്പായിട്ടേ ജനാധിപത്യവിശ്വാസികള്‍ കാണുകയുള്ളൂ. രാജ്യത്ത് വിദേശ സര്‍വകലാശാലകളെ കടന്നുവരാന്‍ അനുവദിച്ചാല്‍ സംസ്ഥാന സര്‍വകലാശാലകള്‍ തുടച്ചുനീക്കപ്പെടും. ഈ കച്ചവടത്തില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 04 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...