Wednesday, September 26, 2012

നിയുക്ത ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം അനുചിതം

ദിവസങ്ങള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കേണ്ട സുപ്രിംകോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയപ്രഖ്യാപനങ്ങളെപ്പറ്റി നടത്തിയ അഭിപ്രായ പ്രകടനം അനുചിതവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെപ്പറ്റി ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണ്. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും ബാര്‍ കൗണ്‍സിലും ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ നയങ്ങള്‍ ശരിയാണെന്നും വികസനത്തിന് വിദേശനിക്ഷേപം അനിവാര്യമാണെന്നും നിയുക്ത ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇത് രാജ്യത്താകെ വന്‍ എതിര്‍പ്പും പ്രതിഷേധവും ക്ഷണിച്ചു വരുത്തിയ ചില്ലറ വ്യാപാര മേഖലയിലെ പ്രത്യേക വിദേശ നിക്ഷേപമുള്‍പ്പെടെയുള്ള സമീപകാല സാമ്പത്തിക പരിഷ്‌ക്കാര നടപടികളെപ്പറ്റിയുള്ള അഭിപ്രായ പ്രകടനമായിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തുതന്നെ നടന്ന 'സാമ്പത്തിക വളര്‍ച്ചയും ഏഷ്യന്‍ കോര്‍പ്പറേറ്റ് കാലാവസ്ഥയിലെ മാറ്റവും' എന്ന രാഷ്ട്രാന്തര സമ്മേളനത്തില്‍ നിയുക്ത ചീഫ് ജസ്റ്റിസ് അര്‍ഥശങ്കക്കിടമില്ലാത്തവിധം തന്റെ അഭിപ്രായ പ്രകടനം ആവര്‍ത്തിക്കുകയുണ്ടായി. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് കടുത്ത നടപടികള്‍ ആവശ്യമാണെന്നായിരുന്നു ഇത്തവണ അദ്ദേഹം തുറന്നടിച്ചത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും അതിന്റെ നിഷ്പക്ഷതയിലും നിസഹായരായ ജനകോടികളുടെ അവസാനത്തെ ആശ്രയമെന്ന നിലയിലും ജനഹൃദയങ്ങളില്‍ സുപ്രിം കോടതിയെ സംബന്ധിച്ച ചിരപ്രതിഷ്ഠിതമായ വിശ്വാസത്തെയാണ് ജസ്റ്റിസ് അല്‍തമസ് കബീറിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പിടിച്ചുലച്ചിരിക്കുന്നത്. ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരരംഗത്ത് പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ അഡ്വ. എം എല്‍ ശര്‍മ സമുന്നത നീതിപീഠത്തെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനമെന്നത് അത്യന്തം ഗൗരവതരമാണ്.

അല്‍തമസ് കബീര്‍ തന്റെ വ്യക്തി ശ്രേഷ്ഠതകൊണ്ടും ന്യായാധിപന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കറപുരളാത്ത പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജി എന്ന നിലയിലും ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയാണ്. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ ഇന്ത്യന്‍ ഭരണഘടന നീതിപീഠത്തിനു കല്‍പിച്ചു നല്‍കിയിട്ടുള്ള സ്വതന്ത്രവും ഉന്നതവും പക്ഷപാത രഹിതവുമായ പദവിക്ക് അനുയോജ്യമാണോ എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഭരണാധികാരികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നീതിപീഠത്തെ യഥേഷ്ടം സ്വാധീനിക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ ജനാധിപത്യത്തിന്റെ സ്വതന്ത്ര നെടുംതൂണുകളില്‍ ഒന്നായി അതിനെ വിഭാവനം ചെയ്തത്. തങ്ങളുടെ നിക്ഷിപ്തവും വര്‍ഗപരവുമായ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കോടതികളെ നിയന്ത്രിക്കാനും കോടതിവിധികളെ അട്ടിമറിക്കാനും പലപ്പോഴും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകേസില്‍ തനിക്കെതിരായ അലഹബാദ് ഹൈക്കോടതിവിധി മറികടക്കാനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥയിലേയ്ക്കും തുടര്‍ന്നുള്ള ജനാധിപത്യധ്വംസന പരമ്പരയിലേയ്ക്കും രാജ്യത്തെ നയിച്ചത്. സമീപകാലത്തായി കേന്ദ്രഭരണ വൃത്തങ്ങള്‍ക്ക് സുപ്രിംകോടതിയുള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അസഹിഷ്ണുത അവര്‍ മറച്ചുവച്ചിട്ടുമില്ല. കേന്ദ്ര വിജിലന്‍സ് കമ്മിഷനെതിരെ കോണ്‍ഗ്രസുകാര്‍, പ്രധാനമന്ത്രിയടക്കം, തുറന്നയുദ്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. വകുപ്പുമന്ത്രി മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഉള്‍പ്പെട്ട 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ജയിലില്‍ കിടക്കുന്ന ബിസിനസ് പ്രമാണിമാരെപ്പറ്റി കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ അനുഭാവ പരാമര്‍ശവും വിസ്മരിക്കാറായിട്ടില്ല. അഴിമതിക്കാരായ ബിസിനസുകാരെ ജയിലിലടച്ച കോടതി നടപടി രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തെ അപകടപ്പെടുത്തുമെന്നായിരുന്നു ഖുര്‍ഷിദിന്റെ വിമര്‍ശനം.

ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ പ്രത്യക്ഷ വിദേശ നിക്ഷേപമടക്കം സമീപദിവസങ്ങളില്‍ ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങള്‍ രാജ്യത്തെമ്പാടും വ്യാപകമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ഭരണമുന്നണിയിലെ അംഗങ്ങള്‍തന്നെ മുന്നണിവിട്ടു പുറത്തുപോകുന്നതിനും, മുന്നണിയുടെ ഭാഗമായി ഇപ്പോഴും തുടരുന്നവരും പുറത്തുനിന്ന് പിന്തുണക്കുന്നവരുമായ പാര്‍ട്ടികള്‍പോലും ശക്തമായി എതിര്‍ക്കുന്നതിനും, ഇടയാക്കിയ നയനടപടികളാണവ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ് ആ നടപടികള്‍ എന്നതിനാലാണ് അതിനെതിരായ രോഷപ്രകടനങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവന്നത്. ജനജീവിതം താറുമാറാക്കുന്ന, ജനങ്ങളെ തൊഴിലില്ലായ്മയിലേയ്ക്കും അളവറ്റ സാമ്പത്തിക ദുരിതത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന നയങ്ങളെ, അവ കേവലം ഭരണ നയങ്ങളാണെന്ന് വ്യാഖ്യാനിച്ച് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ നീതിപീഠത്തിന് എങ്ങനെയാണ് കഴിയുക? അത് ഭരണഘടനയുടെയും അതിന്റെ സ്ഥാപന തത്വങ്ങളുടെയും നഗ്നമായ ലംഘനമല്ലെ? വസ്തുതകള്‍ അതായിരിക്കെ ജനങ്ങള്‍ ആശ്രയത്തിനുവേണ്ടി ഉറ്റുനോക്കുന്ന നീതിപീഠംതന്നെ പരസ്യമായി ഭരണവര്‍ഗങ്ങളുമായി കൈകോര്‍ക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍തന്നെ ഇളക്കിമറിക്കുന്നതിന് തുല്യമാണ്.

*
ജനയുഗം മുഖപ്രസംഗം 26 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...