Saturday, September 15, 2012

ആളിപ്പടരട്ടെ പ്രതിഷേധം

പ്രതിദിനം 22.4 രൂപ വരുമാനമുള്ള ഗ്രാമീണനും 28.65 രൂപ കിട്ടുന്ന നഗരവാസിയും ദരിദ്രനല്ല എന്നാണ് യുപിഎ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദാരിദ്ര്യരേഖ മാറ്റിയെഴുതി "ദരിദ്രരുടെ" എണ്ണം കുറച്ചവര്‍ അടുത്ത പടിയായി ജനതയെ വിലക്കയറ്റത്തിന്റെ കൊടുമുടിയിലേക്ക് പിടിച്ചുയര്‍ത്തുകയാണ്. പാചകവാതകത്തിന് നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറച്ച് വര്‍ഷത്തില്‍ കുടുംബത്തിന് ആറ് സിലിണ്ടര്‍ മതി എന്ന് അവര്‍ ആജ്ഞാപിക്കുന്നു. വിലക്കയറ്റത്തിന്റെ ആണിക്കല്ലായ ഇന്ധനവില ഭ്രാന്തന്‍വാശിയോടെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചതും സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും ഇന്ത്യയെ ഗുരുതരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ചരക്കുനീക്കത്തിന്റെ ചെലവ് കുതിച്ചുയരുമെന്നുറപ്പാണ്. ലോറി വാടക 40 ശതമാനം വരെ ഉയര്‍ത്താന്‍പോകുന്നു. യുപിഎ സര്‍ക്കാര്‍തന്നെ സൃഷ്ടിച്ച രീതിയനുസരിച്ച്, റെയില്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ചെലവുഭാരവും ആനുപാതികമായി വര്‍ധിക്കും. യാത്രാനിരക്കുകളിലെ വര്‍ധന മറ്റൊരു ഭാഗത്തുവരും. എല്ലാംചേരുമ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് അവിശ്വസനീയമായ നിര്‍വചനം നല്‍കിയാലും ഇന്ത്യന്‍ പൗരന്മാരില്‍ മഹാഭൂരിപക്ഷവും പരമദരിദ്രരുടെ പട്ടികയിലേക്കാണ് "ഉയര്‍ത്ത"പ്പെടുക.

ചെയ്തതൊന്നും പോരാ, ഇനിയും കടുത്ത നടപടികള്‍ വേണമെന്നാണ് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറയുന്നത്. ഡീസല്‍ വില വര്‍ധന കുറച്ചുപേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും അത് കൂടിയേതീരൂ എന്നാണദ്ദേഹം പറയുന്നത്. എണ്ണവിലയിലെ സകല നിയന്ത്രണങ്ങളും ഒഴിവാക്കണമെന്ന ആവശ്യം അലുവാലിയ ആവര്‍ത്തിക്കുന്നു. സബ്സിഡികള്‍ പാടേ ഇല്ലാതാക്കണമത്രെ. ഇന്ത്യാരാജ്യത്തെ വലിയൊരു കോര്‍പറേറ്റ് കമ്പനിയായാണ് യുപിഎ സര്‍ക്കാര്‍ കാണുന്നത്. ലാഭമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ ഒരുലക്ഷ്യവും സര്‍ക്കാരിനില്ല എന്നവര്‍ കരുതുന്നു. ജനങ്ങള്‍ക്ക് പട്ടിണിയും കഷ്ടപ്പാടുമില്ലാതെ ജീവിക്കാനുള്ള സഹായമാണ് സബ്സിഡികളായി സര്‍ക്കാരുകള്‍ നല്‍കുന്നത്. ജനങ്ങള്‍ തുലഞ്ഞാലും സബ്സിഡി വേണ്ട; സര്‍ക്കാര്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചാല്‍മതി എന്നാണ് മന്‍മോഹന്‍സിങ് ഭരണം പ്രവൃത്തിയിലൂടെ തെളിയിക്കുന്നത്.

എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കുകാട്ടിയാണ് തുടരെത്തുടരെയുള്ള വിലവര്‍ധനയ്ക്ക് സര്‍ക്കാര്‍ ന്യായീകരണം കണ്ടെത്തുന്നത്. ഇത്തവണയും ആ പതിവ് മുടക്കിയില്ല. എന്നാല്‍, അത്തരം കണക്കുകള്‍ക്ക് വസ്തുതയുമായി ബന്ധമൊന്നുമില്ല. ഒഎന്‍ജിസിയുടെ 2011-12 ലെ ലാഭം 25,123 കോടി രൂപയായിരുന്നു. ഇക്കൊല്ലത്തിന്റെ ആദ്യമൂന്നുമാസത്തില്‍ ലാഭത്തോത് 48.4 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍- 4265.27 കോടി രൂപ, ഹിന്ദുസ്ഥാന്‍ പെട്രോളിയം- 911 കോടി രൂപ എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം ലാഭം രേഖപ്പെടുത്തിയത്. മറ്റെല്ലാ കമ്പനികളും ഇതുപോലെ ലാഭത്തിലാണ്. സര്‍ക്കാരിനാകട്ടെ, എണ്ണ വില്‍പ്പനയിലൂടെ കോടാനുകോടികളുടെ നികുതി വരുമാനമുണ്ടാകുന്നു. എന്നിട്ടും കള്ളക്കണക്കുപറഞ്ഞ് ഭീതിപരത്തി വിലവര്‍ധിപ്പിക്കുകയും ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നതിനുള്ള ന്യായീകരണമെന്താണ്? ജനങ്ങളെ ഇങ്ങനെ പീഡിപ്പിക്കാന്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമുണ്ടോ? രാജ്യഭരണം ഏതാനും കോര്‍പറേറ്റ് മാനേജര്‍മാരെ ഏല്‍പ്പിച്ചാല്‍ പോരേ? ജനാധിപത്യം എന്ന വലിയ വാക്ക് ഉച്ചരിക്കേണ്ടതുണ്ടോ? എണ്ണക്കമ്പനികള്‍ പെട്രോള്‍വില അഞ്ചുരൂപയോളം കൂട്ടുമെന്ന് സൂചനയും വന്നിട്ടുണ്ട്. 2011 ജൂലൈയില്‍ ഡീസല്‍ വില കൂട്ടിയിരുന്നു. ഇപ്പോള്‍ ഡീസലിന് നാലുരൂപ കൂട്ടാനും പാചകവാതകവില സിലിണ്ടറിന് നൂറുരൂപ കൂട്ടാനുമാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ നിര്‍ബന്ധംതന്നെയാണ് ഈ തീരുമാനത്തിനുപിന്നില്‍ എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

ഇന്ധന സബ്സിഡിയില്‍ ഈ വര്‍ഷം 25,000 കോടിയുടെ വെട്ടിക്കുറവ് വരുത്താനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുകയാണ് യുപിഎ സര്‍ക്കാര്‍ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകവഴി ഫലത്തില്‍ പാചകവാതകവിലയും വര്‍ധിപ്പിച്ചു. ആറില്‍ കൂടുതലെടുക്കുന്ന ഓരോ സിലിണ്ടറിനും 1000 രൂപവരെ നല്‍കണം. ഇത് അതിക്രമമാണ്- അക്ഷന്തവ്യമായ അപരാധമാണ്. ജനങ്ങള്‍ സര്‍വശക്തിയുമെടുത്ത് ആഞ്ഞടിച്ച് പരാജയപ്പെടുത്തേണ്ട അധമത്വമാണ്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്താകെ രോഷമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിടുന്ന യുപിഎ ഘടക കക്ഷികള്‍ക്കുപോലും പരസ്യമായ നിലപാടെടുക്കേണ്ടിവരുന്നുണ്ട്. ഒരു ന്യായീകരണവുമില്ലാത്ത ജനദ്രോഹനടപടി പിന്‍വലിപ്പിക്കുന്നതിന് വിശാലമായ യോജിപ്പിന്റെ വേദിയാണുണ്ടാകേണ്ടത്. അവശ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്കും കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്കും കാരണമാകുന്ന തീരുമാനവും ദുര്‍നയങ്ങളും തിരുത്തിക്കുന്നതിനുള്ള പ്രക്ഷോഭമാണുയരേണ്ടത്. ശനിയാഴ്ച എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍, എല്ലാ കേരളീയര്‍ക്കും ഈ അതിജീവനസമരത്തില്‍ പങ്കുചേരാനുള്ള ഉചിതമായ അവസരമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 15 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...