Wednesday, September 5, 2012

വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. പ്രധാനമന്ത്രി പ്രത്യേക പാക്കേജുമായി വിദര്‍ഭ സന്ദര്‍ശിച്ച് കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൃഷിക്കാരുടെ യഥാര്‍ഥ പ്രശ്നം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ 72 മണിക്കൂറിനകം ഏഴ് കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യചെയ്തത്. 2012 ജനുവരി ഒന്നുമുതല്‍ സെപ്തംബര്‍ 2 വരെ 528 കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ പ്രദേശമാണ് വിദര്‍ഭ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഇന്ത്യയിലാകെ കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തതായി ക്രൈംബ്യൂറോ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ 70 ശതമാനത്തിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്നിട്ടും ഒരുലക്ഷത്തോളം കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ടിവന്നു. കാര്‍ഷികമേഖലയില്‍ മൂലധനം കുറഞ്ഞുവരുന്നു. ഭൂപരിഷ്കരണത്തോട് കോണ്‍ഗ്രസ് മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. രാസവളത്തിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിച്ചു. അതോടെ രാസവളത്തിന്റെ വില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് താങ്ങാനാകാതെ കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുന്നു. വെള്ളപ്പൊക്കവും വരള്‍ച്ചയുംമൂലം കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥ ഫലപ്രദമല്ല. കാര്‍ഷികവിളകളുടെ വിലയിടിവും കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തില്‍ കര്‍ഷക ആത്മഹത്യ യുഡിഎഫ് ഭരണത്തോടൊപ്പം തിരിച്ചുവന്നിരിക്കുന്നു. ഒരുവര്‍ഷത്തിനകം അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. പശ്ചിമബംഗാളിലും ഇടതുപക്ഷമുന്നണി ഭരണം അവസാനിച്ച് തൃണമൂല്‍- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. കര്‍ഷകരുടെ സംഘടനാശേഷികൊണ്ടും പ്രക്ഷോഭസമരങ്ങള്‍കൊണ്ടും മാത്രമേ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ കഴിയൂ എന്നാണ് മുന്‍കാല അനുഭവം. അതിന് തയ്യാറാകുകമാത്രമാണ് പോംവഴി.

*
ദേശാഭിമാനി മുഖപ്രസംഗം 05 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...