Monday, September 17, 2012

രാജ്യത്തെ രക്ഷിക്കാന്‍ സമരത്തിനിറങ്ങുക

മന്‍മോഹന്‍സിങ്ങിനെ കഴിവുകെട്ടവനെന്നു വിളിച്ച അതേ നാവില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ കര്‍മനൈപുണ്യത്തിന് പ്രശംസ ഒഴുകിയിരിക്കുന്നു. "പ്രവര്‍ത്തിച്ചു തുടങ്ങി" എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് മന്‍മോഹന്‍സര്‍ക്കാരിനെക്കുറിച്ച് പറയുന്നത്. ഒറ്റയടിക്ക് ചില്ലറ വ്യാപാരമേഖലയിലും വ്യോമയാനരംഗത്തും വിദേശനിക്ഷേപത്തിന് തീരുമാനിച്ചത് ഇന്നാട്ടിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കുമേ പ്രയാസമുണ്ടാക്കുന്നുള്ളൂ. യുപിഎ സര്‍ക്കാര്‍ എന്തുചെയ്യണം; എങ്ങനെ പെരുമാറണം എന്ന് നിശ്ചയിക്കുന്ന അമേരിക്കന്‍ യജമാനന്മാര്‍ക്ക് അത് ഉത്സവമാണ്.

2004ല്‍ അധികാരമേറ്റശേഷം മന്‍മോഹന്‍സിങ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സാമ്പത്തികപരിഷ്കാരമാണിതെന്ന് "വാഷിങ്ടണ്‍ പോസ്റ്റ്" തിരിച്ചറിഞ്ഞു. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിനു പുറമെ വ്യോമയാനരംഗത്തും രണ്ട് പവര്‍ എക്സ്ചേഞ്ചിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്താനുമാണ് യുപിഎ സര്‍ക്കാര്‍ തീരുമാനം. എംഎംടിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാല്‍ക്കോ, ഓയില്‍ ഇന്ത്യ എന്നീ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. ചെറുകിട വ്യാപാരമേഖലയില്‍ കുത്തകവല്‍ക്കരണമാണ് വരാന്‍പോകുന്നത്. ഇന്ത്യയുടെ ആഭ്യന്തരവിപണി തുറന്നുകിട്ടാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെയും സാമ്രാജ്യത്വശക്തികളുടെയും സമ്മര്‍ദം ഇതോടെ പൂര്‍ണ ഫലപ്രാപ്തിയിലെത്തുകയാണ്. വാര്‍ത്താപ്രക്ഷേപണ മേഖലയിലെ വിദേശനിക്ഷേപം 74 ശതമാനമായി ഉയര്‍ത്തിയത് മറ്റൊരു അപകടമാണ്. ഇവിടത്തെ പല വാര്‍ത്താമാധ്യമ സ്ഥാപനങ്ങളും വിദേശ കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് ഏറ്റെടുക്കാന്‍ ഇതുവരെ കഴിയാതിരുന്നത് ആ രംഗത്ത് നിയന്ത്രണം നിലനിന്നതുകൊണ്ടാണ്. ഇനി ആഗോള മാധ്യമക്കുത്തകകള്‍ തീരുമാനിക്കുന്ന വാര്‍ത്തകള്‍മാത്രം ജനം അറിയുന്ന അവസ്ഥയിലേക്കാണ് മാധ്യമരംഗം നീങ്ങുക.

വാള്‍മാര്‍ട്ട് എന്ന വ്യാപാരക്കുത്തക സ്ഥാപനത്തിന്റെ ഒരു വില്‍പ്പനശാല തുറന്നാല്‍ 1300 ഇന്ത്യന്‍ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടേണ്ടിവരുമെന്നാണ് പുറത്തുവന്ന ഒരു കണക്ക്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലമാണ് ആദ്യ യുപിഎ സര്‍ക്കാരിന് നവലിബറല്‍ നയങ്ങളുടെ നടത്തിപ്പിന്റെ വേഗം കുറയ്ക്കേണ്ടിവന്നത്. നിലപാടുകളില്‍ കാര്‍ക്കശ്യമോ ജനവിരുദ്ധനയങ്ങളോട് ഉള്ളുതുറന്ന എതിര്‍പ്പോ ഇല്ലാത്ത ഘടകകക്ഷികളാണ് യുപിഎയില്‍ കോണ്‍ഗ്രസിനൊപ്പം. അവയ്ക്ക് അതതു സമയത്തെ അധികാരം പങ്കിടലുമായി ബന്ധപ്പെടുത്തിയ വികാരങ്ങളേ ഉണ്ടാകാറുള്ളൂ. അതുകൊണ്ടുതന്നെയാണ്, പിന്തുണയ്ക്കുന്നവരും ഘടകകക്ഷികളും വിമര്‍ശത്തിന്റെയും ആക്ഷേപത്തിന്റെയും സ്വരമുയര്‍ത്തിയിട്ടും അത് മുഖവിലയ്ക്കെടുക്കാതെ ഇന്ത്യന്‍ജനതയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന തീരുമാനമെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. നവലിബറല്‍ അജന്‍ഡ എല്ലാം മറന്ന് നടപ്പാക്കിക്കൊള്ളാനുള്ള അമേരിക്കന്‍ തീട്ടൂരമാണ് അനുസരിക്കപ്പെടുന്നത്. പൊതുമേഖലയുടെ പങ്കിന് തുരങ്കംവച്ചും വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം അനുവദിച്ചും വന്‍കിട കോര്‍പറേറ്റുകളുടെ അമിതലാഭത്വരയെ പരിസേവിച്ചും തങ്ങള്‍ മുന്നോട്ടുപോകുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുകയാണ് തുടര്‍ച്ചയായ ജനവിരുദ്ധ തീരമാനങ്ങളിലൂടെ യുപിഎ സര്‍ക്കാര്‍. ഈ അപകടം സിപിഐ എം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ അത് വിശദീകരിക്കുന്നുണ്ട്. ""ഇന്നത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ കരാറുകള്‍ ഇന്ത്യയുടെ എണ്ണ- പ്രകൃതി വാതക വിഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖന നയത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഖനത്തെ സ്വകാര്യ- വിദേശ കോര്‍പറേറ്റുകള്‍ക്ക് വലിയ അളവില്‍ തുറന്നിട്ടുകൊടുത്തിരിക്കുന്നു. 2009-10 ല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട 21.86 കോടി ടണ്‍ ഇരുമ്പയിരിന്റെ 63 ശതമാനവും സ്വകാര്യമേഖലയുടെ കൈയിലാണ്. അതില്‍ 45 ശതമാനവും കയറ്റുമതിചെയ്യപ്പെട്ടു. കല്‍ക്കരി ഖനം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഖനികളും ധാതുലവണമേഖലയും തുറന്നിട്ടുകൊടുത്തതിന്റെ ഫലമായി അനധികൃത ഖനത്തിലൂടെ ധാതുവിഭവങ്ങളുടെ കൊള്ളയും അനിയന്ത്രിതമായ കയറ്റുമതിയും വ്യാപകമായിരിക്കുന്നു."" ഈ വിലയിരുത്തലിന് പുറമെ, ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ചും പ്രമേയം വ്യക്തമാക്കുന്നു. അത് ഇങ്ങനെ: "" 2011 ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒന്നിലേറെ ബ്രാന്‍ഡുകളുടെ ചെറുകിട വ്യാപാരത്തില്‍ 51 ശതമാനം വിദേശപ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നതിനുള്ള ഒരു തീരുമാനം യുപിഎ ക്യാബിനറ്റ് എടുത്തിരുന്നു. ഇത് നാലു കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുകയും കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും ഞെരുക്കുകയുംചെയ്യും. രാഷ്ട്രീയ പാര്‍ടികള്‍, വ്യാപാരികള്‍, ബഹുജനസംഘടനകള്‍ എന്നിവയില്‍നിന്ന് വ്യാപകപ്രതിഷേധം നേരിട്ടതിനാല്‍, ഈ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി."" അങ്ങനെ മാറ്റിവച്ച ഒന്നാണ് അമേരിക്കന്‍സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി ഇപ്പോള്‍ തീരുമാനമെടുത്തത്. സമീപകാലത്ത്, ജനങ്ങളില്‍നിന്ന് ഇത്രയേറെ എതിര്‍പ്പു നേരിട്ട ഒരു വിഷയം വേറെയുണ്ടായിട്ടില്ല. ആ എതിര്‍പ്പിനെപ്പോലും അവഗണിച്ച് ചില്ലറ വ്യാപാരമേഖല വിദേശ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നിലെ സമ്മര്‍ദം ഊഹാതീതമാണ്.

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ല യുദ്ധംതന്നെയാണ് നടക്കുന്നത്. മറ്റെല്ലാ വിയോജിപ്പുകളും മാറ്റിവച്ചുള്ള സമരമേ ജനങ്ങള്‍ക്കുമുന്നിലുള്ളൂ. സമരം കൊടുങ്കാറ്റായി ആഞ്ഞടിച്ചില്ലെങ്കില്‍ കൂടുതല്‍ ജനദ്രോഹനടപടികളിലേക്കാണ് യുപിഎ സര്‍ക്കാര്‍ നീങ്ങുക. ജനദ്രോഹ തീരുമാനങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നാടിനോടും ഭാവിതലമുറയോടുമുള്ള നീതികേടാകുമെന്ന തിരിച്ചറിവാണ് സമൂഹത്തിലാകെ ഉണ്ടാകേണ്ടത്. ഹര്‍ത്താല്‍, പിക്കറ്റിങ്, പ്രകടനം, അറസ്റ്റുവരിക്കല്‍ എന്നിങ്ങനെ ബഹുമുഖമായ സമരരൂപങ്ങളിലൂടെ ജനവികാരം പ്രകടിപ്പിക്കാനും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്താനുമാണ് ഇടതുപക്ഷം ആഹ്വാനംചെയ്തിട്ടുള്ളത്. തൊഴിലാളികളും കര്‍ഷകരും വ്യാപാരി സമൂഹവും ഈ സമരത്തില്‍ പങ്കുചേരുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള ഈ പോരാട്ടം വിജയിപ്പിക്കാന്‍ ഇടതുപക്ഷത്തുള്ളവര്‍ മാത്രമല്ല, യുഡിഎഫില്‍ അണിനിരന്ന ജനവിഭാഗങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 17 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മന്‍മോഹന്‍സിങ്ങിനെ കഴിവുകെട്ടവനെന്നു വിളിച്ച അതേ നാവില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ കര്‍മനൈപുണ്യത്തിന് പ്രശംസ ഒഴുകിയിരിക്കുന്നു. "പ്രവര്‍ത്തിച്ചു തുടങ്ങി" എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് മന്‍മോഹന്‍സര്‍ക്കാരിനെക്കുറിച്ച് പറയുന്നത്. ഒറ്റയടിക്ക് ചില്ലറ വ്യാപാരമേഖലയിലും വ്യോമയാനരംഗത്തും വിദേശനിക്ഷേപത്തിന് തീരുമാനിച്ചത് ഇന്നാട്ടിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കുമേ പ്രയാസമുണ്ടാക്കുന്നുള്ളൂ. യുപിഎ സര്‍ക്കാര്‍ എന്തുചെയ്യണം; എങ്ങനെ പെരുമാറണം എന്ന് നിശ്ചയിക്കുന്ന അമേരിക്കന്‍ യജമാനന്മാര്‍ക്ക് അത് ഉത്സവമാണ്.