Saturday, September 8, 2012

മാന്യമായ വഴി മാപ്പിരക്കല്‍

"കുറഞ്ഞനിരക്ക് ക്വോട്ട്ചെയ്ത കമ്പനികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയാണ് കൊറിയന്‍ കമ്പനിക്ക് ഊര്‍ജ വികസന നവീകരണ പദ്ധതിയുടെ കരാര്‍ നല്‍കിയത്. 50 കോടി രൂപയാണ് ഈ ഇടപാടിലൂടെ സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ ഇതിലുള്ള ഗൂഢാലോചനയും തുടങ്ങി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വേണമെന്ന നിബന്ധനയില്‍ വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധം പിടിച്ചു. ഈ വ്യവസ്ഥമൂലം 14 കമ്പനികള്‍ ബിഡില്‍ പങ്കെടുത്തില്ല. ബിഡ് സമര്‍പ്പിക്കാന്‍ രണ്ടുമാസം സാവകാശം വേണമെന്ന് നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ആവശ്യപ്പെട്ടിട്ടുപോലും ബോര്‍ഡ് വഴങ്ങിയില്ല. കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഒമിനിഗേറ്റെന്ന സ്ഥാപനത്തെ ആദ്യം ഒഴിവാക്കിയെങ്കിലും പിന്നീട് അംഗീകരിക്കേണ്ടിവന്നു. എന്നാല്‍, അവര്‍ക്ക് സാങ്കേതിക മിനിമം മാര്‍ക്കില്ലെന്ന് പറഞ്ഞ് പിന്നീട് വീണ്ടും അയോഗ്യരാക്കി. കുറഞ്ഞ തുക ക്വോട്ട് ചെയ്ത എംഐസി ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തെയും വിദഗ്ധമായി ഒഴിവാക്കി. ഇതോടൊപ്പം ഊര്‍ജ സംരക്ഷണത്തിനുള്ള സോഫ്റ്റ്വെയര്‍ ആജീവനാന്തം നല്‍കണമെന്ന കരാറിലെ വ്യവസ്ഥ അഞ്ചുവര്‍ഷത്തേക്ക് മതിയെന്ന് ഇളവും നല്‍കി. ഇത് സംബന്ധിച്ച് വിപ്രോ ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിപോലും നല്‍കി. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയും ഇപ്പോള്‍ കരാര്‍ നല്‍കിയ കമ്പനിയും തമ്മിലുള്ള വ്യത്യാസം 51.97 കോടി രൂപയാണ്. പരിചയക്കുറവുള്ള കൊറിയന്‍ കമ്പനി പദ്ധതി പൂര്‍ത്തിയാക്കാതെ വന്നാല്‍ 214 കോടി രൂപയുടെ കേന്ദ്രസഹായം പലിശസഹിതം തിരിച്ചടയ്ക്കുകയും വേണം. കൊറിയന്‍ കമ്പനിയുടെ കണ്‍സോര്‍ഷ്യത്തിലുള്ള ചില കമ്പനികളും ചില അധികാരകേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് സംസ്ഥാനം നല്‍കാന്‍ പോകുന്ന വില കനത്തത്തായിരിക്കുമെന്ന് നിസ്സംശയം പറയാം" 

ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ (2010 ഒക്ടോബര്‍ 9) പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളാണിത്.

അന്ന് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അച്ചടിച്ചുവന്ന അതേ മാതൃഭൂമി പത്രത്തില്‍ രണ്ടുദിവസംമുമ്പ് (2012 സെപ്തംബര്‍ അഞ്ചിന്) വന്ന വാര്‍ത്ത ഇങ്ങനെ: 

“ വൈദ്യുതി വിതരണ പ്രസരണ മേഖല വിവരസാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനുള്ള കരാര്‍ വീണ്ടും കൊറിയന്‍ കമ്പനിക്ക്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ കരാറാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വീണ്ടും അതേ കമ്പനിക്ക് നല്‍കാന്‍ വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്..........കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം വന്‍ വിവാദത്തിന് കാരണമായി. വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലന്‍ അഴിമതിയാരോപണം നിഷേധിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കരാറില്‍ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് കത്തുനല്‍കി. "രണ്ടാം ലാവലിന്‍" എന്നാണ് അന്ന് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്."

വൈദ്യുതിമേഖലയുടെ നവീകരണത്തിനും വിവരസാങ്കേതികവിദ്യ മെച്ചപ്പെടുത്താനുമുള്ള കേന്ദ്രപദ്ധതിയായ ആര്‍എപിഡിആര്‍പി (റീസ്ട്രക്ചേര്‍ഡ് ആക്സിലറേറ്റര്‍ പവര്‍ ഡെവലപ്മെന്റ് റിഫോംസ് പ്രോഗ്രാം) എങ്ങനെ തടയപ്പെട്ടുവെന്നും ഒടുവില്‍ എങ്ങനെ തിരിച്ചെത്തിയെന്നും മനസിലാക്കാന്‍ ഈ രണ്ടു വാര്‍ത്തകള്‍ ധാരാളമാണ്.

പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ 2010ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊറിയന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ടെന്‍ഡറിലൂടെ 239 കോടിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയ ഉടനെയാണ് അഴിമതി ആരോപിച്ച് ഉമ്മന്‍ചാണ്ടിയും ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് ആര്യാടന്‍ മുഹമ്മദും അന്ന് രംഗത്തെത്തിയത്. എ കെ ബാലനുനേരെ അഴിമതിയുടെ ചെളി വാരിയെറിയാന്‍ അവര്‍ മത്സരിച്ചു. ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ലേഖനം എഴുതി. മാധ്യമങ്ങളെ ഉപയോഗിച്ച് വന്‍ പ്രചാരണം നടത്തി. സിപിഐ എമ്മിന്റെ സമുന്നതനേതാക്കളെയടക്കം ഇടപാടുമായി ബന്ധപ്പെടുത്തി കഥകള്‍ പ്രചരിപ്പിച്ചു. രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ച ആ വിവാദത്തിന്റെ ഫലമായി എല്‍ഡിഎഫ് സര്‍ക്കാരിന് പദ്ധതിയില്‍നിന്ന് പിന്‍മാറേണ്ട ഗതിയാണുണ്ടായത്.

വിലപ്പെട്ട രണ്ടുവര്‍ഷവും ഗ്രാന്റായി ലഭിക്കേണ്ട 215 കോടിയും സംസ്ഥാനത്തിന് നഷ്ടമാകുന്ന അവസ്ഥയാണ് ഈ നെറികെട്ട കളിയിലൂടെ ഉരുത്തിരിഞ്ഞത്. അഴിമതി ആരോപണമുന്നയിച്ച് പദ്ധതിക്ക് തുരങ്കംവച്ച യുഡിഎഫ്, കരാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ കമ്പനി കോടതിയെ സമീപിച്ചപ്പോള്‍ അനങ്ങാപ്പാറ നയമാണെടുത്തത്. അനുമതി ലഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയായിരുന്നുവെങ്കില്‍ 90 ശതമാനം തുകയും കേന്ദ്രഗ്രാന്റായി ലഭിക്കുമായിരുന്നു. അത് നഷ്ടപ്പെടുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയില്‍നിന്നാണ് ഈടാക്കേണ്ടത്.

യഥാര്‍ഥത്തില്‍, കരാര്‍ ലഭിക്കാതിരുന്ന ഒരു കമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി നടത്തിയ തരംതാണ കളിയാണ് ഇതിനൊക്കെ പിന്നില്‍. സ്വന്തം കാര്യം നേടാനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും സംസ്ഥാനത്തിന്റെ വികസനം തടയുന്നതിന് ഒരു മടിയുമില്ല എന്നാണ് ഉമ്മന്‍ചാണ്ടി തെളിയിച്ചത്. അതല്ലെങ്കില്‍, തന്റെ എതിര്‍പ്പുമൂലം തടയപ്പെട്ട ഒരു കരാര്‍ തന്റെതന്നെ കാര്‍മികത്വത്തില്‍ വീണ്ടും ഒപ്പിടേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നേരിയ ജാള്യമെങ്കിലും കേരളം കാണുമായിരുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കുപ്പായമിട്ട്, സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തത് എന്നാണ് തെളിയുന്നത്. അതേ ദേഹമാണ്, എമര്‍ജിങ് കേരളയുടെ പേരിലുള്ള കൊള്ളയടിശ്രമത്തെ തുറന്നുകാട്ടുമ്പോള്‍, വികസന വിരോധം ആരോപിക്കുന്നത്. താന്‍ മുമ്പ് ഉന്നയിച്ച ആരോപണം പിന്‍വലിച്ച് എ കെ ബാലനോടും കേരളസമൂഹത്തോടാകെയും മാപ്പുപറയുക എന്നതുമാത്രമാണ്, ഈ കേസില്‍ ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള മാന്യമായ വഴി.


*****

ദേശാഭിമാനി മുഖപ്രസംഗൻ സെപ്റ്റംബർ 8, 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആരോപണം പിന്‍വലിച്ച് എ കെ ബാലനോടും കേരളസമൂഹത്തോടാകെയും മാപ്പുപറയുക എന്നതുമാത്രമാണ്, ഈ കേസില്‍ ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള മാന്യമായ വഴി.