""ഇന്നസന്‍സ് ഓഫ് മുസ്ലീംസ്"" എന്ന പേരില്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചിത്രീകരിച്ച ഇംഗ്ലീഷ് സിനിമ ലോകമാകെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത രോഷവും പ്രതിഷേധവും ഇളക്കിവിട്ടിരിക്കുന്നു. മൊറോക്കോ മുതല്‍ മലേഷ്യവരെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലും ആസ്ത്രേലിയയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയാണ്. ഒരാഴ്ച പിന്നിട്ടിട്ടും ഇത് ഇനിയും അവസാനിച്ചിട്ടുമില്ല. അറുപതോളം ഹോളിവുഡ് താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തെക്കുറിച്ച് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നതുതന്നെ, ഇതിനുപിന്നിലെ ആസൂത്രിതമായ അജണ്ട വെളിപ്പെടുത്തുന്നു. അഭിനേതാക്കള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്, ഈ സിനിമയുടെ കഥയെയും മറ്റു വിവരങ്ങളെയും പറ്റി തങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നതായാണ്.
സിനിമ നിര്‍മ്മിച്ച ആളിനെക്കുറിച്ചുപോലും കൃത്യമായ വിവരം, അയാളുടെ ശരിയായ പേരുതന്നെ, അവര്‍ക്ക് അറിയില്ല എന്നാണ്. സിനിമയില്‍ പ്രവാചകനായ മുഹമ്മദിന്റെ വധുവായി പ്രത്യക്ഷപ്പെടുന്ന അന്നാ ഗുര്‍ജി എന്ന നടി തന്റെ ജീവന്‍തന്നെ അപകടത്തിലായേക്കുമെന്ന ഭീതിയില്‍ ഒളിച്ചുകഴിയുകയാണ്. അവര്‍ പറയുന്നത്, സാം എന്ന പേരില്‍ പരിചയപ്പെടുത്തിയ ആളാണ് സിനിമ നിര്‍മ്മിച്ചത്. ""ഡെസേര്‍ട് വാരിയര്‍"" എന്ന പേരിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാനാണത്രെ അഭിനേതാക്കളെ അയാള്‍ ക്ഷണിച്ചത്. അറേബ്യന്‍ മണലാരണ്യത്തില്‍ പതിച്ച ഒരു ധൂമകേതുവുമായി ബന്ധപ്പെട്ട കഥയാണത്രെ ചിത്രീകരിച്ചത്. "ജോര്‍ജ്ജ്" എന്ന കഥാപാത്രത്തിന്റെ യുവവധുവായ "ഹിലാരി" ആയിട്ടാണത്രെ ഗുര്‍ജി അഭിനയിച്ചത്. ഒരു പച്ച സ്ക്രീനിന്റെ പശ്ചാത്തലത്തിലാണ് ഇത് ചിത്രീകരിച്ചതെന്നും അവര്‍ പറയുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ഡബ്ബിങ് വേളയില്‍ സംഭാഷണങ്ങള്‍ മാറ്റിയാണ് ""ഇന്നസന്‍സ് ഓഫ് മുസ്ലീംസ്"" എന്ന ചിത്രമാക്കി രൂപം നല്‍കിയത്. നകൗല ബാസെലെ നകൗല എന്ന അമേരിക്കന്‍ പൗരനായ ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനിയാണ് ഈ ചിത്രം നിര്‍മ്മിച്ചത് എന്നാണ് ഇപ്പോള്‍ അറിയുന്നത്.
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റുചെയ്യുകയുമുണ്ടായി. മയക്കുമരുന്ന് കള്ളക്കടത്ത് അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇയാള്‍, ഏറ്റവും ഒടുവില്‍ പിടിയിലായത് ബാങ്ക് തട്ടിപ്പ് കേസിലാണ്-2010ല്‍. ആ കേസില്‍ അയാള്‍ 21 മാസത്തെ തടവുശിക്ഷ അനുഭവിച്ച് ജയില്‍ മോചിതനായത് 2011 ജൂണിലാണ്. അതിനുശേഷമായിരിക്കണം ഇയാള്‍ ഈ ചിത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. ജയില്‍മോചനത്തിനുശേഷം 5 വര്‍ഷക്കാലം ഇയാള്‍ പ്രൊബേഷണറി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇയാളെ അനുവദിക്കരുതെന്നും കോടതി വിധി ഉണ്ടായിരുന്നു. നകൗല കടുത്ത മുസ്ലീം വിരുദ്ധ തീവ്രവാദിയായാണ് അറിയപ്പെടുന്നത്. 2012 ജൂണ്‍ മാസത്തിലാണ്, ഇയാള്‍ കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ""ഇന്നസന്‍സ് ഓഫ് മുസ്ലിംസ്"" എന്ന സിനിമ ഒരു ഹോളിവുഡ് തീയേറ്ററില്‍ റിലീസ് ചെയ്തത്. പൊളിഞ്ഞ് പാളീസായ ഈ ചിത്രത്തെ അന്നാരും ഗൗനിച്ചില്ല. ഇയാള്‍ മറ്റൊരു മുസ്ലീംവിരുദ്ധ തീവ്രവാദിയായ മോറിസ് സാഡെക്ക് എന്ന ഈജിപ്ഷ്യന്‍ അമേരിക്കന്‍ കോപ്റ്റിക് ക്രിസ്ത്യാനിയെ ഈ ചിത്രത്തിനുവേണ്ട ഒത്താശ നല്‍കാനും വിതരണംചെയ്യാനുമായി ബന്ധപ്പെട്ടതായും അയാള്‍ ഫ്ളോറിഡക്കാരനായ ടെറി ജോണ്‍സ് എന്ന, ഖുറാന്‍ കത്തിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച പള്ളി വികാരിയെ സമീപിച്ചെന്നുമാണ് ഇസാം അല്‍ അമീന്‍ എന്ന ലേഖകന്‍ ""കൗണ്ടര്‍ പഞ്ചി""ല്‍ എഴുതിയിരിക്കുന്നത്. ടെറി ജോണ്‍സ് തന്റെ വെബ്സൈറ്റില്‍ ഈ ചിത്രത്തിന് പരസ്യം നല്‍കിയെങ്കിലും വേണ്ട ഫലമുണ്ടായില്ല. സെപ്തംബര്‍ ആദ്യവാരംവരെ യൂട്യൂബില്‍ ഈ ചിത്രത്തിന്റെ 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രയലര്‍ 50ല്‍ താഴെ ആളുകള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. തുടര്‍ന്നാണ് മോറിസ് സാഡെക് ട്രയലറിന്റെ അറബിക് പതിപ്പ് തയ്യാറാക്കി നിരവധി വെബ്സൈറ്റുകളിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിക്കുകയും സമാന്തരമായി അതുസംബന്ധിച്ച് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിവരം എത്തിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് സെപ്തംബര്‍ 11ന് കെയ്റോയിലെ അമേരിക്കന്‍ എംബസിക്കുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ സലാഫിസ്റ്റ് അനുകൂല സാറ്റലൈറ്റ് ചാനല്‍ ""അല്‍-നാസ്"" ആഹ്വാനംചെയ്തത്. ഇത് ഏറ്റുപിടിച്ച് ലിബിയയിലെയും ചില തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകള്‍ ബെന്‍ഗാസിയിലെ അമേരിക്കന്‍ എംബസിക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തു. രണ്ട് രാജ്യങ്ങളിലും ഭരണകക്ഷിയായ മൃദു ഇസ്ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന മുസ്ലീം ബ്രദര്‍ഹുഡിനും പ്രതിഷേധപ്രസ്ഥാനത്തില്‍നിന്നും വിട്ടുനില്‍ക്കാനാവുമായിരുന്നില്ല. കെയ്റോയില്‍ പ്രതിഷേധ പ്രകടനക്കാര്‍ അമേരിക്കന്‍ എംബസിയുടെ ചുറ്റുമതില്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറി. ബെന്‍ഗാസിയില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മൂന്ന് എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത ആഘാതമാണുണ്ടാക്കിയത്. എംബസികള്‍ ആക്രമിക്കപ്പെട്ടു എന്നുമാത്രമല്ല, സ്റ്റീവന്‍സിനെപ്പോലെ മധ്യപൂര്‍വ്വമേഖലയിലെ രാജ്യങ്ങളില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു സീനിയര്‍ നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടു എന്നത് വലിയ തിരിച്ചടിയായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിര്‍മ്മിച്ചതും അത് പ്രചരിപ്പിച്ചതുമായ രീതികളാകെ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലോക വ്യാപകമായി ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടണമെന്ന ബോധപൂര്‍വ്വമായ താല്‍പര്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കയിലെ മുസ്ലീം വിരുദ്ധ തീവ്ര യാഥാസ്ഥിതികരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ സിനിമയ്ക്ക് വന്‍ പ്രചാരണം നല്‍കാന്‍ തീരുമാനിച്ച തീയതിപോലും ശ്രദ്ധേയമാണ്. സെപ്തംബര്‍ 11ന് തൊട്ടുമുമ്പ് സിനിമയുടെ ഏറ്റവും ആക്ഷേപകരമായ ഭാഗങ്ങളുടെ അറബി പതിപ്പ്, ട്രയലര്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുകയും അറബി രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വന്‍ പ്രചരണം നല്‍കുകയും ചെയ്തതുതന്നെ, 2005ലെ ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദത്തെപ്പേലെ മുസ്ലീം മതമൗലികവാദികളെ തെരുവിലിറങ്ങാന്‍ പ്രകോപനമുണ്ടാക്കുക എന്ന വ്യക്തമായ അജണ്ട ഇതിനുപിന്നില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കന്‍ കമ്യൂണിസ്റ്റുപാര്‍ടി മുഖപത്രമായ ""പീപ്പിള്‍സ് വേള്‍ഡും"" ""കൗണ്ടര്‍ പഞ്ച്""പോലുള്ള പല പുരോഗമന പ്രസിദ്ധീകരണങ്ങളും ഈ ഗൂഢനീക്കത്തെ അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഈ സന്ദര്‍ഭം മുതലെടുത്ത് ഒബാമയ്ക്കെതിരെ വംശീയമായി പ്രചരണം ശക്തപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ ഈ വാദഗതിയെ സ്ഥിരീകരിക്കുന്നു.
മുസ്ലീം രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെയും അമേരിക്കന്‍ എംബസികള്‍ക്കുനേരെയുള്ള ആക്രമണങ്ങളെയും അമേരിക്കന്‍ ജീവിതരീതിക്കും അമേരിക്കന്‍ ദേശീയതയ്ക്കും സംസ്കാരത്തിനും എതിരായ വെല്ലുവിളി എന്നാണ് റോംനി വിശേഷിപ്പിക്കുന്നത്. സിനിമാ നിര്‍മ്മാതാവിനെതിരെ കേസെടുത്തതും ചിത്രത്തിന്റെ ട്രയലര്‍ യൂ ട്യൂബില്‍ നിന്ന് നീക്കംചെയ്യാന്‍ ഗൂഗിളിനോട് ഒബാമ സര്‍ക്കാര്‍ ആവശ്യപ്പെട്ടതും തെറ്റായിരുന്നുവെന്നും അത് ശത്രുവിനെ സഹായിക്കലാണെന്നും അമേരിക്കന്‍ സേനയെ അയച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും പ്രസ്താവിച്ച റോംനി, ആംഗ്ലോ-സാക്സണ്‍ വികാരവും ക്രിസ്തീയ മതവികാരവും ഇളക്കിവിടാനാണ് ശ്രമിച്ചത്. അങ്ങനെ തിരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി വെള്ളക്കാരായ വോട്ടര്‍മാരെ തിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് റോംനിക്കുള്ളത്. ഇതാണ് സിനിമയെയും അതിനെതിരായ പ്രതിഷേധത്തെയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്ന വസ്തുതകള്‍. ഇത് ശരിയാണുതാനും. എന്നാല്‍ അതിനപ്പുറമള്ള ഒരു തലംകൂടി ഈ സിനിമയ്ക്കും അതിന് നല്‍കുന്ന പ്രചരണത്തിനുമുണ്ട്. അറബ് വസന്തത്തിന്റെയും അതിനെ തുടര്‍ന്ന് 2011 സെപ്തംബറില്‍ ആരംഭിച്ച ""വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍"" പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍കൂടി ഈ സംഭവവികാസങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. അറബ് വസന്തത്തിന്റെയും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും ശ്രദ്ധേയമായ സവിശേഷത അവയുടെ മതനിരപേക്ഷ സ്വഭാവവും ജനസാമാന്യത്തിന്റെയാകെ ഐക്യം എന്ന സമീപനവുമാണ്. ഈ പ്രക്ഷോഭങ്ങള്‍ മന്ദീഭവിച്ചെങ്കിലും അവയുടെ കനലുകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അത് ആളിക്കത്താന്‍ പാകത്തില്‍ കെടാതെ നില്‍ക്കുന്ന വാര്‍ത്തകളാണ് ഈ രാജ്യങ്ങളില്‍ നിന്നെല്ലാം വരുന്നത്. ഏറ്റവും ഒടുവില്‍ അമേരിക്കയിലെ അധ്യാപകര്‍ നടത്തിയ വിജയകരമായ സമരം ഈ വര്‍ഗപരമായ ചേരിതിരിവ് ശക്തിപ്പെടുന്നതിന്റെ നിദര്‍ശനമാണ്. വര്‍ഗ്ഗ സംഘര്‍ഷത്തെ വര്‍ഗീയവും സ്വത്വപരവുമായ സംഘര്‍ഷങ്ങളാക്കി മാറ്റുക എന്ന നവലിബറല്‍ അജണ്ടയാണ്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ഉയര്‍ന്നുവന്ന സാമുവല്‍ ഹണ്ടിങ്ടണ്‍ന്റെ ""സംസ്കാരങ്ങളുടെ സംഘട്ടനം"" എന്ന സിദ്ധാന്തമാണ്, കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭങ്ങളിലൂടെ പിന്നോട്ടടിക്കപ്പെട്ടത്. അങ്ങനെ ഉയര്‍ന്നുവരാനാരംഭിച്ച ജനങ്ങളുടെ ഐക്യത്തെ ശിഥലമാക്കാനുള്ള മൂലധന ശക്തികളുടെ നിഗൂഢ നീക്കമായും ഈ സിനിമയെ കാണാവുന്നതാണ്.
അതുകൊണ്ടുതന്നെ ഈ സിനിമയുടെ പ്രചരണത്തെ തടയുകതന്നെ വേണം. അതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാക്കി പരിമിതപ്പെടുത്താനാവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെപേരില്‍ ജുഗുപ്സാവഹമായ ഈ സിനിമയുടെ ഭാഗങ്ങള്‍ യൂട്യൂബില്‍ നിന്നും മറ്റും പിന്‍വലിക്കാന്‍ വിസമ്മതിക്കുന്നവരും ലോകത്തെ വംശീയ സംഘര്‍ഷത്തിലേക്ക് തള്ളിനീക്കാനുള്ള ഗൂഢനീക്കത്തില്‍ പങ്കാളികളാവുകയാണ്. മൂലധനശക്തികള്‍ക്കായി രണ്ടു വിഭാഗം മതമൗലികവാദികള്‍ ആസൂത്രിതമായി നടത്തുന്ന നിഗൂഢ നീക്കമാണിതെന്ന് ഈ സംഭവങ്ങളുടെ സൂക്ഷ്മ നിരീക്ഷണം വ്യക്തമാക്കുന്നു. ഇതിന്റെതന്നെ മറ്റൊരു വശമാണ്, മത തീവ്രവാദികളെ അടിച്ചമര്‍ത്താനും അമേരിക്കന്‍ പൗരന്മാരുടെ രക്ഷയ്ക്കും എന്ന പേരില്‍ അമേരിക്ക ലിബിയയിലേക്കും കെയ്റോയിലേക്കും പ്രതിഷേധം ശക്തമായ മറ്റു സ്ഥലങ്ങളിലേക്കും അമേരിക്കന്‍ എംബസികളുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ അമേരിക്കന്‍ സൈന്യത്തെ നിയോഗിക്കുകയും അമേരിക്കന്‍ പടക്കപ്പലുകള്‍ യുദ്ധസജ്ജമായി ഈ രാജ്യങ്ങള്‍ക്കുചുറ്റും റോന്ത് ചുറ്റുകയും ചെയ്യുന്നത്.
അല്‍ ഖ്വയ്ദയെയും ഭീകര സംഘങ്ങളെയും മതമൗലികവാദികളെയും വളര്‍ത്തിയതും വലുതാക്കിയതും അമേരിക്കതന്നെയാണ്. ഏറ്റവും ഒടുവില്‍ ബെന്‍ഗാസിയില്‍ ഗദ്ദാഫി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് പരിശീലനവും മറ്റ് ഒത്താശകളും ചെയ്തത് അമേരിക്കയും അവരുടെ പാശ്ചാത്യ സഖികളുമാണ്. ഇപ്പോള്‍ സിറിയയിലും ഇതുതന്നെയാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ ശക്തികള്‍തന്നെയാണ് ബെന്‍ഗാസിയിലെ അമേരിക്കന്‍ എംബസി തകര്‍ത്ത് അംബാസിഡര്‍ ഉള്‍പ്പെടെയുള്ളവരെ വധിച്ചത്. വിവിധ മതമൗലികവാദികളും-തീവ്രവാദികളായാലും മിതവാദികളായാലും-സാമ്രാജ്യത്വശക്തികളും ഇണങ്ങിയും പിണങ്ങിയും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. വിവാദ സിനിമ ഈ സമീപനത്തിന്റെ മറ്റൊരു മുഖമാണ്.
*
ജി വിജയകുമാര്‍ ചിന്ത 22 സെപ്തംബര്‍ 2012

1 comment:
പല അമേരിക്കന്‍ ടെലിവിഷിന്‍ സറ്റയര്‍ ഷോകളും മറ്റു മത വിഭാഗക്കാരെ കളിയാക്കുന്നത് വച്ച് നോക്കിയാല്‍, മത നിന്ദയുടെ കാര്യത്തില്‍ ഈ പറഞ്ഞ പടം എഴയലത്ത് വയ്ക്കാന്‍ പറ്റില്ല. ഇന്നു വരെ അതിനെതിരെ അക്രമരഹിത പ്രതിഷേദങ്ങള്‍ക്കപ്പുറം ഒരു പ്രശ്നവും ഉണ്ടായതായ വലിയ ചരിത്രമില്ല. ഇപ്പോള്‍ അത്രയും പോലും നിന്ദാപരമല്ലാത്ത ഒരു സബ്സ്റ്റാന്റേര്‍ട് ചലചിത്രം മതത്തെ അവഹേളിച്ചുവെന്നു പറഞ്ഞ് കൊലപാതകവും അരാജകത്വവും അഴിച്ചു വിടുന്നത് മതഭ്രാന്ത് തലയ്ക്കു പിടിച്ചതിന്റെ ലക്ഷണമായി കാണേണ്ടിയിരിക്കുന്നു. ലേഖനം ചലചിത്ര നിര്‍മാതാവിന്റെ ഉദ്ധേശുദ്ധി മാത്രം ചോദ്യം ചെയ്ത് അവസാനിപ്പിച്ചത് പ്രശ്നത്തിന്റെ നിസ്സാരവത്കരിച്ചതിന് തുല്യമായി. ഇതില്‍ മതത്തിനുള്ള വലിയ പങ്ക് മുക്കിയത് ശരിയായില്ല.
Post a Comment