Saturday, September 15, 2012

എങ്ങനെവന്നു പൊലീസിന് ഈ അഹന്ത?

വ്യാഴാഴ്ച കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജൂബിലി സമ്മേളനം നടന്നു. അത് ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മലയാളപത്രങ്ങള്‍ നല്‍കിയ സംഭാവന നിസ്തുലമാണെന്ന് പ്രകീര്‍ത്തിച്ചു. ""ഊര്‍ജസ്വലവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് കേരളത്തിലുള്ളത്. ഒരുലക്ഷത്തിലധികം പ്രചാരമുള്ള 10 പത്രങ്ങള്‍ ഇവിടെയുണ്ട്. സമൂഹത്തെയും ഭരണസംവിധാനത്തെയും നിലനിര്‍ത്തുന്നതിന് സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്"" എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമ്മേളനം വൈകിട്ട് ഒരു പ്രമേയം പാസാക്കി. അതില്‍, "വാര്‍ത്ത എഴുതിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെയും പ്രകടനം നടത്തിയ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്യാന്‍ പോയ തലശേരി ലേഖകന്‍ പി ദിനേശന്‍പൊലീസിനെ ആക്രമിച്ചു എന്നാരോപിച്ചും എടുത്ത കേസുകള്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും." എന്നാണ് വ്യക്തമാക്കുന്നത്.

കേരളത്തിലെ മാധ്യമരംഗം എത്തിനില്‍ക്കുന്ന സവിശേഷസാഹചര്യമാണ് ഈ പ്രമേയത്തില്‍ തെളിയുന്നത്. കേസുകളെല്ലാം ഒരു ലക്ഷ്യത്തിലേക്കാണ്; ദേശാഭിമാനിക്കും ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കുമെതിരെ. ദേശാഭിമാനി സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ മുഖപത്രമാണ്. കേരള നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയും സംസ്ഥാനത്ത് ഏറ്റവുമധികം ജനപിന്തുണയുള്ള പ്രസ്ഥാനവുമാണത്. ഇടതുപക്ഷത്തെ നയിക്കുന്ന, അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ കരുത്തന്‍ പോരാട്ടം നയിക്കുന്ന സിപിഐ എം സ്വാഭാവികമായും ഭരണാധികാരികളുടെ കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടത്തിന്റെ സകല മര്‍ദനസംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. അതിന്റെ ഭാഗമായാണ് ദേശാഭിമാനിക്കെതിരായ യുദ്ധം.

ദേശാഭിമാനി അധാര്‍മികമായി പ്രവര്‍ത്തിച്ചിട്ടില്ല; അസത്യജടിലമായ വാര്‍ത്തയെഴുതിയിട്ടില്ല; നിയമലംഘനം നടത്തിയിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് രാഷ്ട്രീയ ആയുധമായി വലതുപക്ഷം ഉപയോഗിച്ചപ്പോള്‍, സത്യത്തിനും നീതിക്കും നിരക്കാത്ത പ്രവൃത്തികളെ തുറന്നുകാട്ടി. പൊലീസ് നിയമം ലംഘിക്കുന്നുവെന്നും വ്യാജവാര്‍ത്തകള്‍ വലതുപക്ഷമാധ്യമങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്നും തെളിവുസഹിതം സമര്‍ഥിച്ചു. ദേശാഭിമാനിയുടെ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചു.

ഭരണകക്ഷിയുടെ കോടാലിക്കൈകളായി അധഃപതിച്ച ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്, അവര്‍ ചെയ്ത പാതകങ്ങള്‍ തുറന്നുകാട്ടുന്ന വാര്‍ത്തകള്‍ വിഷമം സൃഷ്ടിച്ചിട്ടുണ്ടാകാം. അതില്‍ അവര്‍ പ്രതികരിച്ചത്, ദേശാഭിമാനിക്കെതിരെ കേസെടുത്തുകൊണ്ടാണ്. എത്ര വലിയ കേസുകള്‍ വന്നാലും വധശിക്ഷ വിധിച്ചാലും നേരിനും നീതിക്കുംവേണ്ടിയുള്ള സമരത്തില്‍നിന്ന് അണുകിട പിന്നോട്ടുപോകില്ല എന്ന സമീപനമാണ് ആ കേസിനോട് ദേശാഭിമാനി എടുത്തത്. സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്ക് കാലഹരണപ്പെട്ട ചെമ്പുനാണയത്തിന്റെ വിലപോലുമില്ല എന്നാണ് പിന്നീട് തെളിഞ്ഞത്. ദേശാഭിമാനിക്കെതിരെ കേസില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അച്ചടിച്ച കടലാസിലെ മഷിയുണങ്ങുംമുമ്പാണ്, "കേസുണ്ട്; എപ്പോള്‍ ഹാജരാകണമെന്ന് പിന്നീട് അറിയിക്കാം" എന്ന് ദേശാഭിമാനി ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെ വടകരയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ രേഖാമൂലം അറിയിച്ചത്. ഒരു പടികൂടി കടന്ന്, മോഹന്‍ദാസ് ചോദ്യം ചെയ്യാന്‍ ഹാജരാകുമ്പോള്‍ മുദ്രാവാക്യം വിളിച്ച് അനുഗമിച്ച ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസെടുക്കാനും യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ്ഭൃത്യര്‍ തയ്യാറായി. അത്രയൊക്കെ ചെയ്തിട്ടും പൊലീസിന് മതിവന്നില്ല എന്നാണ് തലശേരിയിലെ സംഭവം തെളിയിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൊച്ചിയില്‍ വാചാലനാകുമ്പോള്‍, തലശേരിയില്‍ ഒരു പത്രപ്രവര്‍ത്തകനെ തങ്ങള്‍ക്ക്് ഇഷ്ടപ്പെടാത്ത വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അക്രമിയെന്ന ലേബലടിച്ച് തുറുങ്കിലടയ്ക്കാനുള്ള വ്യാജറിപ്പോര്‍ട്ടുമായി കോടതിയിലേക്ക് ചെല്ലുകയായിരുന്നു പൊലീസ്. ദേശാഭിമാനി തലശേരി ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി ദിനേശന്‍ മയ്യഴി പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരിക്കെയാണ് പത്രപ്രവര്‍ത്തനരംഗത്തെത്തിയത്. പോണ്ടിച്ചേരി നിയമസഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ദിനേശന്‍ ആ മേഖലയിലാകെ കക്ഷിരാഷ്ട്രീയത്തിനതീതമായി അംഗീകാരമുള്ള വ്യക്തിയുമാണ്. അദ്ദേഹം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ കടമ നിറവേറ്റുക എന്ന "കുറ്റം" മാത്രമേ ചെയ്തിട്ടുള്ളൂ. ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം കൃത്രിമമായി ചുമത്തി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് ആഗസ്ത് ഒന്നിന് പാര്‍ടി പ്രവര്‍ത്തകര്‍ തലശേരി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ദിനേശന്‍ മറ്റു മാധ്യമപ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടുമൊപ്പമാണ് പോയത്. അവിടെ നടന്ന കാര്യങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു.

""പ്രകടനം നടത്തിയ സ്ത്രീകളെ പുരുഷപൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ചെയ്തത് നിയമവിരുദ്ധമായി. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തിയാണ് തലശേരി സിഐ എം പി വിനോദും സംഘവും സ്ത്രീകളെ കടന്നാക്രമിച്ച് അപമാനിച്ചത്.....പ്രകടനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷമാണ് സ്ത്രീകളെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചത്. നെയിംപ്ലേറ്റ് അഴിച്ചുമാറ്റിയ കെഎപിക്കാരെ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധപ്രവര്‍ത്തനം സിഐ ചെയ്യിച്ചത്."" ഈ വാര്‍ത്ത പത്രത്തില്‍ വന്നതോടെയാണ് പൊലീസ് മേലാളന്മാര്‍ക്ക് ദിനേശനെയും കേസില്‍ പെടുത്തണമെന്ന് തോന്നിയത്. അതിനുമുമ്പുതന്നെ പൊലീസിന്റെ മൂന്നാംമുറകള്‍ തുറന്നുകാട്ടുന്ന ചില വാര്‍ത്തകള്‍ തലശേരി ബ്യൂറോയില്‍നിന്നുണ്ടായിരുന്നു. അതിലൊന്നില്‍, പിണറായി സ്വദേശി വത്സന് ഏല്‍ക്കേണ്ടിവന്ന ക്രൂരമര്‍ദനത്തെക്കുറിച്ച് വിവരിക്കുന്നു. ""തലശേരി സിഐ ഓഫീസിലെ പ്രത്യേക മുറിയിലിട്ടാണ് കൈ അടിച്ചൊടിച്ചത്. കൈകള്‍ പിന്നിലോട്ട് തിരിച്ചുപിടിച്ച ശേഷം എല്ലുപൊട്ടുംവരെ അടിക്കുകയായിരുന്നു. രണ്ടുകൈയും അടിച്ചൊടിക്കാനായിരുന്നു ശ്രമം. ഒരുകൈയുടെ എല്ലുപൊട്ടിയിട്ടും അവര്‍ അടി നിര്‍ത്തിയില്ല"- ഇ വത്സന്‍ സിപിഐ എം നേതാക്കള്‍ക്കുമുന്നില്‍ വിങ്ങിപ്പൊട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിശദീകരിക്കുന്നു. പൊലീസിന്റെ ഭീകരതയെക്കുറിച്ച് വാര്‍ത്തയെഴുതിയ ദേശാഭിമാനി ലേഖകനെ വിടില്ല എന്ന ഭീഷണി തലശേരിയിലെ സിഐ വിനോദ് പലതവണയായി പലര്‍ മുഖേന ദിനേശന്റെ ചെവിയിലെത്തിച്ചു. അതിന് വഴങ്ങില്ല എന്നുവന്നപ്പോഴാണ്, നിയമവിരുദ്ധമായി സംഘം ചേരല്‍ (ഐപിസി 143), ലഹളയുണ്ടാക്കല്‍ (147), ആയുധമുപയോഗിച്ച് ലഹളയുണ്ടാക്കല്‍ (148), അസഭ്യം പറയല്‍ (294ബി), ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ (353), പൊലീസിനെ ശാരീരികമായി പരിക്കേല്‍പ്പിക്കല്‍ (332), കലാപം നടത്താനുള്ള സംഘത്തില്‍ അംഗമാകല്‍ (149) എന്നീ വകുപ്പുകള്‍ ചുമത്തി ദിനേശനെ പ്രതിസ്ഥാനത്തെത്തിച്ചത്. ഇത് അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്ത അനുഭവമാണ്. വിവരശൂന്യനായ ഒരു ഇന്‍സ്പെക്ടറുടെ പ്രതികാരനടപടിയായി ഇതിനെ ചുരുക്കിക്കണ്ടുകൂടാ. ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടപ്പാക്കുകയും ചെയ്യുന്ന പൊലീസ് നയത്തിന്റെ പ്രയോഗമാണിത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പത്രത്തിന്റെ പ്രധാന റിപ്പോര്‍ട്ടറെ അദ്ദേഹം റിപ്പോര്‍ട്ടുചെയ്യാന്‍ പോയ സംഭവത്തെ സംബന്ധിച്ച കേസില്‍ പ്രതിയാക്കാന്‍ ഒരു ഇന്‍സ്പെക്ടര്‍ക്ക് തോന്നുന്നുവെങ്കില്‍ അത് സാധാരണ തോന്നലല്ല. കാക്കിയിട്ടാല്‍ ആരുടെയും നെഞ്ചത്തുകയറാമെന്ന തോന്നല്‍ മതിഭ്രമമാണ്. അത്തരം മതിഭ്രമമുള്ളവരാക്കി പൊലീസ് സേനയെ മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് ഇത്തരം അതിക്രമങ്ങളെ നേരിടാന്‍ മടിയോ പതര്‍ച്ചയോ ഇല്ല. അതിനപ്പുറം, മാധ്യമസമൂഹമാകെ; ജനാധിപത്യസമൂഹമാകെ പരിശോധിക്കേണ്ട വിഷയമാണിത്. പത്രപ്രവര്‍ത്തക യൂണിയന്‍ സമരാഹ്വാനം നടത്തിയത് ആ തിരിച്ചറിവില്‍നിന്നാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. ഇന്ന് ദേശാഭിമാനിക്കെതിരെ നടക്കുന്ന ആക്രമണം നാളെ മറ്റാര്‍ക്കെതിരെയും വരാം. ഇന്ന് രാഷ്ട്രീയ അപസ്മാരം ബാധിച്ച് ദേശാഭിമാനിക്കും സിപിഐ എമ്മിനുമെതിരെ അട്ടഹസിക്കുന്നവര്‍ക്കും ഈ അവസ്ഥ വരാം. ദിനേശനെതിരായ കേസ് കൂടുതല്‍ ചര്‍ച്ചയ്ക്കും പ്രതികരണത്തിനും വിഷയമാകേണ്ടതിന്റെ ആവശ്യകത അവിടെയാണ്. ഇന്ന് ദിനേശനെ ജയിലിലടയ്ക്കുന്നത് നോക്കിനില്‍ക്കുന്നവരെത്തേടിയാകും നാളെ ലക്കുകെട്ട പൊലീസിന്റെ കറുത്ത കൈകള്‍ നീളുന്നത്. അന്ന് അതിനെതിരായ സമരത്തിലും ദേശാഭിമാനി പ്രവര്‍ത്തകര്‍ മുന്നില്‍ത്തന്നെയുണ്ടാകും.

*
പി എം മനോജ് ദേശാഭിമാനി 15 സെപ്തംബര്‍ 2012

No comments: