Saturday, September 29, 2012

നാട്ടിലെ വ്യവസായം നാടുകടത്തുന്നു

വിദേശികള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭകരെ ക്ഷണിച്ചുവരുത്തി എമര്‍ജിങ് കേരള പരിപാടി നടത്തിയവര്‍ നാട്ടിലെ പ്രശസ്തിയാര്‍ജിച്ച വ്യവസായങ്ങളെ നാടുകടത്തുന്ന വേലയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ കിറ്റെക്സ് വസ്ത്രനിര്‍മാണ ഗ്രൂപ്പ് ഏറെ പെരുമയുള്ളതാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. 8000 പേര്‍ക്ക് തൊഴില്‍നല്‍കുന്ന ഈ വ്യവസായം കഴിഞ്ഞവര്‍ഷം 550 കോടി രൂപയുടെ വിദേശനാണ്യം നാടിനു നേടിക്കൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ശോഷിച്ച ഖജനാവിലേക്ക് 21 കോടി രൂപ നികുതി നല്‍കി. നികുതി ഇനത്തില്‍ പഞ്ചായത്തിനും നല്‍കി 60 ലക്ഷം. ഇതൊന്നും യുഡിഎഫ് സര്‍ക്കാരിന് പ്രശ്നമേയല്ല. ഇത് നാടിന്റെ നേട്ടമായി അവര്‍ കാണുന്നുമില്ല. അവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യമാണ് പ്രധാനം. അതോടൊപ്പം സ്വാര്‍ഥ താല്‍പ്പര്യവും.

സ്വന്തമായി എന്തു നേട്ടമുണ്ടായി എന്നതിലാണ് നോട്ടം. കിറ്റെക്സ് ഗ്രൂപ്പ് 262 കോടി രൂപ മുതല്‍മുടക്കി വ്യവസായം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബാങ്ക് വായ്പ തരപ്പെടുത്തുകയും യന്ത്രസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുംചെയ്തു. 4000 പേര്‍ക്ക് പുതുതായി തൊഴില്‍നല്‍കാന്‍ കഴിയുന്ന മഹത്തായ സംരംഭമാണിത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും പകപോക്കല്‍ സമീപനത്തിന്റെ ഫലമായി മനംമടുത്ത വ്യവസായി ഈ സ്ഥാപനം ശ്രീലങ്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ച വിവരമാണ് രണ്ടുദിവസം മുമ്പ് വെളിപ്പെടുത്തിയത്. വിദേശ വ്യവസായികളെ ക്ഷണിച്ചുവരുത്താന്‍ വ്യഗ്രത കാണിക്കുന്നവര്‍ നാട്ടിലെ പാരമ്പര്യമുള്ള വ്യവസായികളെ നാടുകടത്തുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത്. വ്യവസായ വികസനത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ആത്മാര്‍ഥതയുടെ കണികപോലുമില്ലെന്ന് വെളിപ്പെടുത്താന്‍ ഇതിലധികം ഉദാഹരണം തേടിപ്പോകേണ്ടതില്ല.

കിറ്റെക്സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് വേദനയോടെ വെളിപ്പെടുത്തിയ അനുഭവം മറ്റൊരു വ്യവസായിക്കും ഉണ്ടാകാന്‍ പാടില്ല. ബെന്നി ബഹനാന്‍ എന്ന കോണ്‍ഗ്രസ് എംഎല്‍എയും സാബുവിന്റെ വന്ദ്യപിതാവ് എം സി ജേക്കബ്ബും തമ്മില്‍ മൂന്നരപതിറ്റാണ്ടുമുമ്പ് 1978ല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ തലപൊക്കാനിടയായി. ഇതാണുപോലും കിഴക്കമ്പലത്തെ കോണ്‍ഗ്രസിലെ ഒരുവിഭാഗം കിറ്റെക്സിനെതിരെ തിരിയാന്‍ കാരണമായത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ വ്യക്തിവൈരാഗ്യം 12,000 പേര്‍ക്ക് തൊഴില്‍നല്‍കുന്ന ഒരു വ്യവസായം വിദേശത്തേക്ക് പറിച്ചുനടാന്‍ ഇടവരുത്തുന്നത് യുഡിഎഫിന് അപമാനംതന്നെയാണ്. യുഡിഎഫ് ഭരണത്തിലെത്തിയ 2001-06 വരെയുള്ള കാലത്തും 2011നു ശേഷവും കമ്പനിക്ക് വ്യാവസായിക ലൈസന്‍സ് ഗ്രാമപഞ്ചായത്ത് പുതുക്കി നല്‍കാന്‍ വിസമ്മതിച്ചു. 17 വര്‍ഷമായി ഇല്ലാതിരുന്ന മലിനീകരണപ്രശ്നം കഴിഞ്ഞ മൂന്ന് മാസമായി ചില തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടുവന്നു. കമ്പനിവളപ്പില്‍ ഒരു ഗേറ്റ് സ്ഥാപിക്കാന്‍ അനുമതിക്കായി അപേക്ഷിച്ചു. 11 മാസമായിട്ടും അനുമതി നല്‍കാന്‍ പഞ്ചായത്തിന് കനിവുണ്ടായില്ല. തന്നെയും കുടുംബത്തെയും യുഡിഎഫിലെ ഒരു വിഭാഗം വേട്ടയാടുകയാണെന്നാണ് അടക്കാന്‍ കഴിയാത്ത അമര്‍ഷത്തോടെ സാബു എം ജേക്കബ് വെളിപ്പെടുത്തിയത്.

സ്ഥലത്തെ ചില തീവ്രവാദി സംഘടനകളെ കോണ്‍ഗ്രസുകാര്‍ ഇതിന് ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്നാണ് പറയുന്നത്. അതിവേഗം ബഹുദൂരം ആവര്‍ത്തിച്ച് ഉരുവിടുന്ന ഉമ്മന്‍ചാണ്ടി ഈ വ്യവസായ ഗ്രൂപ്പിനോട് അല്‍പ്പംപോലും കനിവ് കാട്ടിയില്ലെന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.

ആയിരങ്ങളെ ക്ഷണിച്ചുവരുത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും പോയി അപേക്ഷ നേരിട്ട് വാങ്ങി അവിടെ വച്ചുതന്നെ ഒപ്പിട്ട് ഓര്‍ഡറിറക്കി പരാതി പരിഹരിക്കുന്ന പുത്തന്‍ ശൈലി സ്വീകരിച്ച മുഖ്യമന്ത്രി കിറ്റെക്സ് ഗ്രൂപ്പിന്റെ പരാതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രദ്ധിച്ചില്ല എന്നത് അദ്ദേഹത്തിന്റെ ഉന്നത പദവിക്ക് ഭൂഷണമായി തോന്നിയേക്കാം. അധികാരവും പദവിയുമൊക്കെ പകപോക്കാനുളള ഉപകരണമാണെന്നു വന്നാല്‍ അത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. യുഡിഎഫ്് സര്‍ക്കാരില്‍ നിന്നുള്ള അതിരുകടന്ന പീഡനം സഹിക്കാന്‍ കഴിയാതെ 262 കോടി രൂപ മുതല്‍മുടക്കുള്ള പുതിയ സംരംഭം ശ്രീലങ്കയില്‍ സ്ഥാപിക്കാന്‍ കിറ്റെക്സ് ഗ്രൂപ്പ് നിര്‍ബന്ധിതമായിരിക്കുന്നു. ചൈനയിലും സംരംഭം തുടങ്ങാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എമര്‍ജിങ് കേരള എന്നുചൊല്ലി 36 വിദേശ രാജ്യത്തില്‍നിന്ന് വ്യവസായ സംരംഭകരെ വിളിച്ചുവരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിനകത്ത് പരിചയസമ്പന്നരും രാജ്യസ്നേഹികളുമായ വ്യവസായികളെ നാടുകടത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 8000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന നിലവിലുള്ള കിറ്റെക്സ് വ്യവസായം ഇവിടെ തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ ഓര്‍ത്തുമാത്രമാണെന്നാണ് എംഡി പറയുന്നത്. ഇത് കേവലം കിറ്റെക്സ് ഗ്രൂപ്പിനോട് കാണിക്കുന്ന വൈരനിര്യാതന ബുദ്ധിയായി ചുരുക്കിക്കാണാന്‍ കഴിയുന്നതല്ല.

കേരളത്തിലെ പൊതുമേഖല വ്യവസായങ്ങള്‍ നഷ്ടത്തിലാക്കി അടച്ചുപൂട്ടാനാണ് ശ്രമം. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കൈത്തറി- കയര്‍- കശുവണ്ടി- ബീഡി- ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളോടും ഇതേ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. പൊതുമേഖല വ്യവസായം അടച്ചുപൂട്ടി സ്ഥലവും കെട്ടിടവും ഹോട്ടല്‍ ഉടമയ്ക്ക് വില്‍ക്കാനാണല്ലോ വ്യവസായമന്ത്രി മുമ്പ് ശ്രമിച്ചത്. ചുരുക്കത്തില്‍ സ്ഥലം വില്‍പ്പനയിലാണ് താല്‍പ്പര്യം. ഭൂമാഫിയാ സംഘത്തെ സഹായിക്കലും പ്രോത്സാഹിപ്പിക്കലുമാണ് നയം. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും താല്‍പ്പര്യമുള്ളവരുടെ കടമയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 29 സെപ്തംബര്‍ 2012

No comments: