Sunday, September 23, 2012

എമര്‍ജിങ് മാഫിയ

ലെ മെറിഡിയനിലെ(മരടിലുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടലിനെ ഫലിതപ്രിയരായ കൊച്ചിക്കാര്‍ ലെ മരടിയന്‍ എന്നും വിളിക്കും) ഗോവണി പതിയെ കയറിപ്പോകുന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ ആരോഹണം നോവലില്‍ വി കെ എന്‍ പിശുക്കില്ലാതെ വര്‍ണിച്ച സുനന്ദയെയാണ് ഓര്‍മവന്നത്. പയ്യന്റെ പല കാമുകിമാരില്‍ ഒരാള്‍. ചേരി നിര്‍മാര്‍ജനമെന്ന ഡല്‍ഹിയിലെ സുപ്രധാന സാമൂഹ്യദൗത്യം ഏറ്റെടുക്കുകയും പരിധികളില്ലാത്ത രാഷ്ട്രീയാഭ്യുന്നതി ലക്ഷ്യംവയ്ക്കുകയും ചെയ്ത സുനന്ദ നാലുപതിറ്റാണ്ടനപ്പുറം ലെ മെറിഡിയനില്‍ പുനരവതരിച്ചിരിക്കയാണോ? വികെഎന്‍ ആരോഹണമെഴുതിയ എഴുപതുകളിലെ സുനന്ദക്ക് ഈ നവലിബറല്‍ കാലത്തെ നിക്ഷേപക സംഗമത്തില്‍ എന്തായിരിക്കും റോള്‍. സുനന്ദയില്‍ ആഗോളവല്‍ക്കരണത്തിന്റെ ഇരുപതാണ്ടുകള്‍ എന്തു മാറ്റമാവും വരുത്തിയിരിക്കുക.

പ്രതിനിധിയുടെ ബാഡ്ജുണ്ട് കഴുത്തില്‍. വിദേശത്തും സ്വദേശത്തുമുള്ള ബിസിനസ്സുകാരുമായി അടുത്ത പരിചയം. സര്‍ക്കാര്‍ പ്രതിനിധികളുമായി ഇടയ്ക്ക് പരിചയം പുതുക്കുന്നു. സംരംഭകയാവാം; ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോലുമാകാം. പുതിയ സുനന്ദക്ക് വന്ന രൂപമാറ്റത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തെളിയുന്ന ചിത്രം മറ്റൊരു നീരാ റാഡിയയുടേത്. സംശയിക്കേണ്ട. 2ജി സ്പെക്ട്രം കേസിലൂടെ നാം വായിച്ചും കേട്ടുമറിഞ്ഞ നീഡിയപ്പോലെ ഒരാളാണ് ഈ സുനന്ദ. പേര് രേണു മല്‍ഹോത്ര. പാലക്കാട്ടെ നെല്ലിയാമ്പതിയിലെയും ഇടുക്കിയിലെ വാഗമണിലെയും പ്രകൃതി സുന്ദരമായ ഭൂമി ബംഗ്ലൂര്‍ കേന്ദ്രമായ സിനര്‍ജി ഇമേജസ് എന്ന കമ്പനിക്കുവേണ്ടി ചുളുവിലയ്ക്ക് സ്വന്തമാക്കുകയാണ് അവതാരലക്ഷ്യം. അതിനായി ഒരു വര്‍ഷമായി കേരള വ്യവസായ മന്ത്രിയുമായും വകുപ്പിലെ പ്രധാനികളുമായ ചര്‍ച്ച നടത്തിവരികയാണ് ഈ പുതിയ സുനന്ദ. ആ ചര്‍ച്ചകളുടെ പരിസമാപ്തി ലക്ഷ്യമിട്ടാണ് ലെ മെറിഡിയനില്‍ സെപ്തംബര്‍ 12, 13, 14 ദിവസങ്ങളില്‍ ഗോള്‍ഫ് കോഴ്സ്, മസാജ്പാര്‍ലര്‍, മലപ്പുറത്ത് എഡ്യുസിറ്റി, നെല്ലിയാമ്പതിയില്‍ വേ ഓഫ് ലൈഫ് എന്ന പേരില്‍ ഹോളിസ്റ്റിക് മെഡിക്കല്‍ കേന്ദ്രം, കൊച്ചി കലൂരിലെ മണപ്പാട്ടിപ്പറമ്പില്‍ കാര്‍പാര്‍ക്കിങ്ങിന് വിപുലമായസൗകര്യങ്ങളോടെയുള്ള പടകൂറ്റന്‍ ഹോട്ടല്‍, വിവിധ ഐടി സംരംഭ ങ്ങള്‍. സിനര്‍ജി ഇമേജസ് കേരളത്തില്‍ മുതല്‍ മുടക്കാന്‍ പോകുന്നത് ഇവയടക്കം എട്ടു പ്രധാന പദ്ധതികളിലാണ്. ഇവയ്ക്കെല്ലാം അവര്‍ക്ക് വേണ്ടത് ഒന്നുമാത്രം, ഭൂമി.

ദീര്‍ഘമായ സമരങ്ങളിലൂടെയും 1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിലൂടെയും എഴുപതുകളിലെ മിച്ചഭൂമി സമരങ്ങളിലൂടെയും പാവങ്ങള്‍ സ്വന്തമാക്കിയ ഒരുതുണ്ടു ഭൂമിയിലാണ് മിസ് മല്‍ഹോത്രയുടെ മസ്കാരയിട്ട നീലക്കണ്ണ് ചുറ്റിക്കളിക്കുന്നത്. അതിനവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മത്സരിക്കുകയും ചെയ്യുന്നു. മിസ് മല്‍ഹോത്രമാര്‍ വെറും ദല്ലാളുകള്‍ മാത്രം. വാഗമണും നെല്ലിയാമ്പതിയും കൊത്തിപ്പറക്കാന്‍ അവരെ അഴിച്ചുവിട്ട പണച്ചാക്കുകള്‍ ആരെല്ലാമാവും. ഇത്തരം സമ്മര്‍ദഗ്രൂപ്പുകള്‍ക്ക് ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ വിലപ്പെട്ട മണ്ണ് വിലപേശാന്‍ അവസരം നല്‍കുന്നവരെ എന്തുപേരിട്ട് വിളിക്കണം. വാഗമണിലെയും നെല്ലിയാമ്പതിയിലെയും ഭൂമി വില്‍പ്പനയ്ക്ക് വച്ചതിനെച്ചൊല്ലി എമര്‍ജിങ് കേരളയ്ക്കു മുമ്പേ കേരളത്തിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് ഈ ദല്ലാളുമാര്‍ കേട്ടറിഞ്ഞിട്ടുണ്ട്. പ്രതിഷേധമെല്ലാം താനെ അടങ്ങിക്കോളുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് മല്‍ഹോത്രയെപ്പോലുള്ള ദല്ലാളുമാര്‍. എമര്‍ജിങ് കേരളയുടെ ആദ്യനാളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ സ്വകാര്യനിക്ഷേപത്തിന്റെ അനിവാര്യതയെക്കുറിച്ച് വാദിച്ചപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ കേരളത്തില്‍ നെല്‍കൃഷി ഇനി ആവശ്യമില്ലെന്ന വിചിത്രമായ വാദമുന്നയിച്ചത് നേരത്തെ പറഞ്ഞ ഭൂമാഫിയയുടെ താല്‍പര്യങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കേരളം ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും വരുമാനംകൂടുതലുള്ള കേരളീയര്‍ ഭക്ഷണത്തിന് എത്ര വിലകൂടിയാലും അത് വാങ്ങിക്കഴിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു. അലുവാലിയയുടെ പ്രസംഗം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് വ്യവസായങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി കുറയ്ക്കരുതെന്ന വ്യവസായികളുടെ മുറവിളി ഉയര്‍ന്നത്. ശക്തമായ ജനകീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പാട്ടക്കാലാവധി മുപ്പതുവര്‍ഷമാക്കാനുള്ള നീക്കത്തിനെതിരെ വ്യവസായികള്‍ ഒറ്റക്കെട്ടായാണ് രംഗത്തെത്തിയത്.

പാട്ടക്കാലാവധി കുറച്ചാല്‍ മുതല്‍മുടക്ക് തിരികെക്കിട്ടില്ലെന്നാണ് വ്യവസായികള്‍ വാദിച്ചത്. പാട്ടക്കാലാവധി പുതുക്കാതെയും പാട്ടക്കരാര്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ക്കെതിരെ നെല്ലിയാമ്പതിയില്‍ ഭരണകക്ഷി എംഎല്‍എമാരുള്‍പ്പെടെ പ്രക്ഷോഭം തുടരുമ്പോഴാണ് ഇങ്ങനെയൊരു വാദമുന്നയിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വേദിയൊരുക്കിയത്. ഈ നിക്ഷേപക സംഗമത്തിന്റെ ശരിതെറ്റുകളിലേക്ക് കടക്കുംമുമ്പ് 2003ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇതേ നഗരത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്(ജിം) എന്ന ആഗോള നിക്ഷേപക സംഗമം കേരളത്തില്‍ സൃഷ്ടിച്ച ആഘാതം എന്തെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 2003 ജനുവരി 18 മുതല്‍ 21 വരെയായിരുന്നു ജിം. അന്നതിന് ചെലവിട്ടത് അഞ്ചുകോടി രൂപ. വികസനത്തിലേക്കുള്ള അവസാന ബസ് ആണ് ജിം എന്ന് ആന്റണി അന്ന് പ്രചരിപ്പിച്ചു. അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടി നിക്ഷേപവും 15,000 പേര്‍ക്ക് തൊഴിലും നല്‍കുമെന്നായിരുന്നു വാഗ്ദാനം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകുമെന്നും ഉത്പാദന മേഖല ഊര്‍ജസ്വലമാകും വിധം വികസനം ത്വരിതപ്പെടും എന്നും അന്ന് കണക്കുകൂട്ടി. റിലയന്‍സ് അടക്കം ഇന്ത്യന്‍ കമ്പനികള്‍ 3000 കോടി രൂപ ഉറപ്പായി നിക്ഷേപിക്കുമെന്ന് ഉറപ്പ്. 95 കമ്പനികളുമായി ധാരണാപത്രം ഒപ്പിടല്‍. കൂടാതെ 11,000 കോടിയുടെ നിക്ഷേപ വാഗ്ദാനം. വേറെ. അതിനും പുറമെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വക 10,000 കോടിരൂപയുടെ നിക്ഷേപവാഗ്ദാനം. ബിജെപിക്കാരനായ പ്രധാനമന്ത്രിയും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയും സിപിഐ എമ്മുകാരനായ പ്രതിപക്ഷനേതാവും ഒരു വേദിയിലിരുന്നപ്പോള്‍ വികസനത്തില്‍ സമവായമുണ്ടായെന്ന പ്രഖ്യാപനവും. ജിമ്മിന്റെ നീക്കിബാക്കിയെന്തെന്ന് ഇന്നാരും ചോദിക്കുന്നില്ല.

അന്നത്തെ മുഖ്യമന്ത്രി ഇന്ന് എമര്‍ജിങ് കേരളയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോധനമന്ത്രി. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍(അതോ പവാറിനും പിന്നില്‍ മൂന്നാമനോ?). എമര്‍ജിങ് കേരളയുടെ ഉദ്ഘാടന ചടങ്ങില്‍ ജിമ്മിനെക്കുറിച്ച് ആന്റണി നടത്തിയത് ഒരേ ഒരു പരാമര്‍ശം മാത്രം. ജിമ്മിനെക്കാള്‍ വിപുലമായ ദൗത്യമാണിതെന്ന് മാത്രമാണ് ജിമ്മിന്റെ ശില്‍പ്പിക്ക് പറയാനുണ്ടായിരുന്നത്. ജിം നടന്ന 2003 മെയ് മുതല്‍ 2006 മെയ്വരെയുള്ള മൂന്നര വര്‍ഷത്തോളം യുഡിഎഫ് അധികാരത്തിലിരുന്നിട്ടും(2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആന്റണി രാജിവച്ചു, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി) നിക്ഷേപമൊന്നും കൊണ്ടുവരാനായില്ലെങ്കിലും നവലിബറല്‍ നയങ്ങള്‍ എളുപ്പം നടപ്പാക്കാനുതകുംവിധം ജനമനസ്സുകളെ പരുവപ്പെടുത്താന്‍ ജിമ്മിനു കഴിഞ്ഞു. വലതുപക്ഷത്തിന് പ്രിയങ്കരമായ നീക്കങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ ജിം വിജയിച്ചു എന്ന ആപല്‍ക്കരമായ സത്യം നാം തൊട്ടറിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാതലായ മേഖലകള്‍ സ്വകാര്യമേഖലയ്ക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറ്റുന്നതില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വിജയിച്ചു. പരമ്പരാഗത വ്യവസായ മേഖലയെ തകര്‍ക്കുകയും പൊതുമേഖലയെ നഷ്ടത്തിലാക്കുകയും ചെയ്തു എന്നതാണ് ജിമ്മിന്റെയും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ബാക്കി പത്രത്തിലുള്ളത്. ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരായി മുദ്രകുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. സിപിഐ എമ്മിനും ഡിവൈഎഫ്ഐയ്ക്കും പരിസ്ഥിതിവാദികള്‍ക്കുമെല്ലാം ഇങ്ങനെ വികസനവിരുദ്ധരുടെ പട്ടം ചാര്‍ത്തിക്കിട്ടി. പൊതു സ്വകാര്യ പങ്കാളിത്തം, ബിഒടി, തുടങ്ങിയ ആഗോള മൂലധന തന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ടു. സ്വാശ്രയകോളേജുകളുടെ വ്യാപനം, ദേശീയ പാതയിലെ ടോള്‍ പിരിവ് തുടങ്ങിയ ആ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍. സ്വകാര്യവല്‍ക്കരണനീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചതിന്റെ ഫലമായാണ് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിനോടു ചേര്‍ന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഹോളിഡേ ഗ്രൂപ്പില്‍നിന്ന് സംരക്ഷിച്ചത്. കേരളത്തില്‍ ആഞ്ഞടിച്ച പ്രതിരോധസമരങ്ങളില്‍ ഒന്നുമാത്രമാണിത്. പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും രക്ഷിച്ചെടുക്കാന്‍ തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് വളരെയേറെ പണിപ്പെടേണ്ടിവന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ലാഭത്തിലെത്തിക്കുന്നതിന് 2006-2011 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വീണ്ടും തകര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ സുതാര്യതയില്ലായ്മയെക്കുറിച്ച് പ്രതിഷേധമുയര്‍ന്നപ്പോള്‍ പല പദ്ധതികളും വെബ്സൈറ്റില്‍നിന്ന് മാറ്റുകയുണ്ടായി. ഏതെല്ലാം പദ്ധതികളാണ് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളതെന്ന കാര്യത്തില്‍ എമര്‍ജിങ് കേരള സമാപിച്ചപ്പോഴും അവ്യക്തത തുടരുകയാണ്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യസംരംഭങ്ങള്‍, സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് ഉറപ്പ്. ഉല്‍പ്പാദന കേന്ദ്രിതമായ വികസനത്തില്‍നിന്ന് കേരളത്തിന്റെ ദിശമാറ്റുകയാണ് എമര്‍ജിങ് കേരളയുടെ ഉന്നം. മാനുഫാക്ചറിങ് മേഖലയിലെ ഏക പ്രധാന പദ്ധതിയായ പെട്രോകെമിക്കല്‍ ഹബ് കൊച്ചിയിലെ ജനവാസകേന്ദ്രത്തില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമി ആവശ്യമുള്ളതും കുടിയിറക്ക് വേണ്ടിവരുന്നതുമാണ്. ഇത്തരമൊരു പദ്ധതി പ്രായോഗികമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണോ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തോട്ടഭൂമിയില്‍ അഞ്ചുശതമാനം കാര്‍ഷികേതര ആവശ്യത്തിന് അനുവദിക്കുന്നതിനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് നെല്ലിയാമ്പതി വനമേഖലയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനുള്ള നീക്കം.

ചീമേനിപദ്ധതി ലക്ഷ്യമിട്ട 1671 ഏക്കര്‍ പദ്ധതിയുടെ ഭാഗമാക്കിയത് സര്‍ക്കാരിെന്‍റ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്തുന്നു. തീരദേശനിയമം, വനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ട് പദ്ധതികള്‍ അനുവദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എമര്‍ജിങ് കേരളയില്‍ മൂന്നുദിവസം കേട്ട പ്രസംഗങ്ങളേറെയും കേരളത്തിന്റെ ഭൂപ്രകൃതിയെയും ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിനുള്ള അനന്ത സാധ്യതകളെക്കുറിച്ചുമാണ്. ഒപ്പം അടിസ്ഥാന സൗകര്യവികസന മേഖലയിലടക്കം പൊതു-സ്വകാര്യ-പങ്കാളിത്തമുള്ള പദ്ധതികളല്ലാതെ മറ്റ് പോംവഴികളിലെന്നും.

കേന്ദ്രമന്ത്രിമാരും വ്യവസായപ്രമുഖരും കോര്‍പറേറ്റ് ദല്ലാളുമാരും സംസ്ഥാനത്തെ പ്രതിനിധികളുമെല്ലാം ഈ മൂന്നുദിവസവും പറഞ്ഞത് ഒരേ കാര്യം. സര്‍ക്കാര്‍ കണക്കില്‍ 25 കോടി രൂപ ചെലവിട്ട് (യഥാര്‍ഥത്തില്‍ ചെലവ് എത്രയോ അധികമാവും) നടത്തിയ ഈ ധൂര്‍ത്തിന്റെ മാമാങ്കം കഴിയുമ്പോള്‍ ഒരു സംശയം ബാക്കി. വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള സേവനമേഖലകളിലത്രയും സ്വകാര്യപങ്കാളിത്തം തീവ്രമാക്കുമ്പോള്‍ നമ്മുടെ പൊലീസ് പണിയും പട്ടാളപ്പണിയും ഇനി ഏതെങ്കിലും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുമോ എന്ന സംശയം. അതിനു നാമറിയാതെ ഏതെങ്കിലും രേണു മല്‍ഹോത്രമാര്‍ കൊച്ചിയില്‍ എത്തിയോ എന്തോ?

*
എന്‍ എസ് സജിത് ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലെ മെറിഡിയനിലെ(മരടിലുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടലിനെ ഫലിതപ്രിയരായ കൊച്ചിക്കാര്‍ ലെ മരടിയന്‍ എന്നും വിളിക്കും) ഗോവണി പതിയെ കയറിപ്പോകുന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ ആരോഹണം നോവലില്‍ വി കെ എന്‍ പിശുക്കില്ലാതെ വര്‍ണിച്ച സുനന്ദയെയാണ് ഓര്‍മവന്നത്. പയ്യന്റെ പല കാമുകിമാരില്‍ ഒരാള്‍. ചേരി നിര്‍മാര്‍ജനമെന്ന ഡല്‍ഹിയിലെ സുപ്രധാന സാമൂഹ്യദൗത്യം ഏറ്റെടുക്കുകയും പരിധികളില്ലാത്ത രാഷ്ട്രീയാഭ്യുന്നതി ലക്ഷ്യംവയ്ക്കുകയും ചെയ്ത സുനന്ദ നാലുപതിറ്റാണ്ടനപ്പുറം ലെ മെറിഡിയനില്‍ പുനരവതരിച്ചിരിക്കയാണോ? വികെഎന്‍ ആരോഹണമെഴുതിയ എഴുപതുകളിലെ സുനന്ദക്ക് ഈ നവലിബറല്‍ കാലത്തെ നിക്ഷേപക സംഗമത്തില്‍ എന്തായിരിക്കും റോള്‍. സുനന്ദയില്‍ ആഗോളവല്‍ക്കരണത്തിന്റെ ഇരുപതാണ്ടുകള്‍ എന്തു മാറ്റമാവും വരുത്തിയിരിക്കുക.