Sunday, September 9, 2012

പി സുന്ദരയ്യ: കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശില്‍പ്പി


നമ്മള്‍ ജന്മശതാബ്ദി ആചരിക്കുന്ന പുച്ചലപ്പള്ളി സുന്ദരയ്യ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമനും പ്രാമാണികനുമായ ശില്‍പ്പിയായിരുന്നു. കാര്‍ഷികവിപ്ലവത്തിന്റെ തന്ത്രജ്ഞനും ബഹുജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയുമായിരുന്നു അദ്ദേഹം. പാര്‍ടിയുടെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും ശില്‍പ്പി എന്നുള്ള നിലയ്ക്ക് സ. പി സുന്ദരയ്യയുടെ സവിശേഷമായ സംഭാവനകളെ വിവരിക്കാനാണ് ഈ ലേഖനത്തില്‍ പ്രധാനമായും ഞാനാഗ്രഹിക്കുന്നത്.

1930കള്‍ മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിവരെ നീളുന്ന രണ്ടു പതിറ്റാണ്ടുകാലത്തെ സാമ്രാജ്യത്വവിരുദ്ധ- ഫ്യൂഡല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ സന്തതിയാണ് പി എസ് എന്ന് അറിയപ്പെടുന്ന പി സുന്ദരയ്യ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സുന്ദരയ്യ ബന്ധപ്പെടുന്ന 1930ല്‍ പാര്‍ടിക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനമില്ല. മിക്കവാറും നേതാക്കളെല്ലാം മീററ്റ് ഗൂഢാലോചനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ സംഘടനകളും ഉണ്ടായിരുന്നു.

വിപ്ലവ പാര്‍ടിയുടെ സംഘാടകന്‍

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരുടെ കൂട്ടത്തില്‍ സ. സുന്ദരയ്യയും ഉണ്ടായിരുന്നു. മാര്‍ക്സിസം- ലെനിനിസത്തില്‍ അടിയുറച്ച ഒരഖിലേന്ത്യാ പാര്‍ടി രൂപീകരിക്കേണ്ടതിന്റെയും അതിനെ ഒരു വിപ്ലവ പാര്‍ടിയുടെ അച്ചടക്കത്തോടുകൂടി ചിട്ടപ്പെടുത്തേണ്ടതും മുഖ്യകടമയായി സുന്ദരയ്യ ഏറ്റെടുത്തു. ഈ ഉത്തരവാദിത്തം ഗൗരവത്തോടെ ഏറ്റെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത് ചെറുപ്രായത്തില്‍ 24-ാം വയസ്സില്‍, 1936ല്‍ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായപ്പോഴാണ്. സുന്ദരയ്യയെ പാര്‍ടിയില്‍ ചേര്‍ക്കുകയും ദക്ഷിണേന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിന് നിയുക്തനാവുകയും ചെയ്യുന്ന അമീര്‍ ഹൈദര്‍ഖാന്റെ പിന്‍ഗാമിയാവുകയായിരുന്നു അദ്ദേഹം. അമീര്‍ ഹൈദര്‍ഖാന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണേന്ത്യയില്‍ പാര്‍ടിയെ സംഘടിപ്പിക്കേണ്ട ചുമതല സുന്ദരയ്യയെ ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ യൂണിറ്റ് കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കകത്ത് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനെപ്പറ്റി പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തുകയും പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തത് സുന്ദരയ്യയായിരുന്നു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ആന്ധ്രപ്രദേശിന്റെ തീരദേശ ജില്ലകളിലും രായലസീമയിലും ഹൈദ്രാബാദിലും അദ്ദേഹം സഞ്ചരിക്കുകയും പാര്‍ടി സംഘടനയുടെ പ്രാഥമിക സംവിധാനങ്ങള്‍ ഒരുക്കുകയുംചെയ്തു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍നിന്ന് അംഗങ്ങളെയും മദിരാശി പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും മാര്‍ക്സിസത്തില്‍ ആകൃഷ്ടരായ വിദ്യാര്‍ഥികളെയും കേഡര്‍മാരായി കണ്ടെത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. തമിഴ്നാട്ടില്‍നിന്ന് സുന്ദരയ്യ കണ്ടെത്തിയ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു എം ആര്‍ വെങ്കിട്ടരാമന്‍, പി രാമമൂര്‍ത്തി തുടങ്ങിയവര്‍.

മുംബൈയില്‍ 1934-35 കാലത്ത് ആദ്യത്തെ പാര്‍ടി സെന്റര്‍ തുറന്നതിനുശേഷം ദക്ഷിണേന്ത്യയില്‍ പാര്‍ടി ഘടകങ്ങള്‍ രൂപീകരിക്കുന്ന പ്രധാനമായ സംഘടനാ കര്‍ത്തവ്യത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്. അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവനകളിലൊന്നാണ് പാര്‍ടി കെട്ടിപ്പടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനം. അതുകൊണ്ടാണ് സുന്ദരയ്യയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ബി ടി രണദിവെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവൃത്തിയുടെയും ഈ പ്രധാനപ്പെട്ട വശം ചൂണ്ടിക്കാണിച്ചത്: ""പാര്‍ടി മൂല്യങ്ങള്‍ക്കുവേണ്ടി, മറ്റെല്ലാറ്റിനുമുപരി പാര്‍ടിയുടെ പ്രാമാണികത്വത്തിനുവേണ്ടി പാര്‍ടിയുടെ വിപ്ലവകരമായ അച്ചടക്കത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് സുന്ദരയ്യ നടത്തിയത്. ഈ സംഭാവനകളാണ് സ. സുന്ദരയ്യയെ പാര്‍ടിയുടെ പ്രമുഖ നേതാവാക്കി മാറ്റിയത്.""

ജനാധിപത്യ കേന്ദ്രീകരണം

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രൂപീകരണത്തിനുശേഷം സാര്‍വദേശീയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനകത്ത് ലെനിനിസ്റ്റ് രീതിയിലുള്ള ഒരു പാര്‍ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പരക്കെ അംഗീകാരം കിട്ടിയിരുന്നു. റഷ്യന്‍ വിപ്ലവത്തിലും അതിനുശേഷമുള്ള മറ്റു വിപ്ലവങ്ങളിലും തൊഴിലാളിവര്‍ഗവും കര്‍ഷകരും ഒരുമിച്ച് നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങളുടെ അനുഭവത്തില്‍ നിന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ തത്വങ്ങളും രീതിശാസ്ത്രങ്ങളും ഉരുത്തിരിഞ്ഞുവന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാപരമായ സത്തയെന്നു പറയുന്നത് ജനാധിപത്യ കേന്ദ്രീകരണമാണ്. ഇതിന്റെ അന്തഃസത്തയെ അദ്ദേഹം ഗ്രഹിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വ്യാപൃതനാവുകയും ചെയ്തു.

തെലങ്കാനയിലെ കര്‍ഷകരുടെ ചരിത്രപ്രസിദ്ധമായ സായുധസമരത്തെ സുന്ദരയ്യ നേരിട്ട് നയിച്ചു. നൈസാമിന്റെ ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന് എതിരായി രൂപപ്പെട്ടുവന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരമായിരുന്നു അത്. ഭൂമിയിലുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയും നൈസാമിന്റെ കീഴിലുള്ള റസാക്കര്‍മാരും ജാഗീര്‍ദാര്‍മാരും നടത്തിപ്പോന്ന ചൂഷണത്തിനെതിരായും ആണും പെണ്ണുമടക്കം ആയിരക്കണക്കിനു സാധാരണ കര്‍ഷകര്‍ ആയുധമെടുത്ത് പോരാടി. ആ സമരം ഉയര്‍ന്ന നിലയിലെത്തിയതിനു കാരണം അച്ചടക്കമുള്ളതും സംഘടിതവുമായ ഒരു കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്തതുകൊണ്ടായിരുന്നു. ആന്ധ്രപ്രദേശില്‍ അത്തരത്തിലുള്ള ഒരു പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സുന്ദരയ്യയുടെ സംഭാവന സുപ്രധാനമായിരുന്നു. ഒരുകൂട്ടം കേഡര്‍മാരും മുഴുവന്‍സമയ പ്രവര്‍ത്തകരായ വിപ്ലവകാരികളും ചേര്‍ന്നതായിരുന്നു ആ പാര്‍ടി.

ശേഷിയും നേതൃപാടവവുമുള്ള കേഡര്‍മാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സുന്ദരയ്യക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ജീവിതവുമായും ശീലങ്ങളുമായും താദാത്മ്യം പ്രാപിക്കുകയും ചെയ്ത് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദനവുമായി. പാര്‍ടി കേഡര്‍മാരും അംഗങ്ങളും അനുവര്‍ത്തിച്ചുപോന്ന അച്ചടക്കം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിലെ അര്‍പ്പണ മനോഭാവത്തില്‍നിന്നും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതില്‍നിന്നും ഉയര്‍ന്നുവന്ന അവബോധത്തില്‍നിന്നും ഉണ്ടായതായിരുന്നു. ഒരു വിപ്ലവസംഘടനയുടെ തത്വങ്ങളെ പ്രയോഗത്തില്‍ വരുത്തുന്ന കാര്യത്തില്‍ സമാനതകളില്ലാത്ത ഒരു കമ്യൂണിസ്റ്റ് നേതാവായിരുന്നു സുന്ദരയ്യ.

ആദ്യ ജനറല്‍ സെക്രട്ടറി

റിവിഷണിസവുമായി തെറ്റിപ്പിരിഞ്ഞ് 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിക്കുമ്പോള്‍ സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടുകാലം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്തതിന്റെ അംഗീകാരമായിരുന്നു ആ പദവി. ഭിന്നിപ്പിനുമുമ്പുള്ള പാര്‍ടിയില്‍ റിവിഷനിസത്തിനെതിരെ രാഷ്ട്രീയവും ആശയപരവുമായ പോരാട്ടം ദീര്‍ഘകാലം നടന്നു. എന്നാല്‍, സിപിഐ എം രൂപീകൃതമായതിനുശേഷം പാര്‍ടിക്കുള്ളില്‍ കടന്നുകൂടിയ റിവിഷനിസവുമായും പരിഷ്കരണവാദവുമായും കണക്കുപറഞ്ഞു തീര്‍ക്കേണ്ടതുണ്ടായിരുന്നു. സുന്ദരയ്യയുടെ അഭിപ്രായത്തില്‍ സിപിഐ എമ്മിന്റെ സംഘടനാ സംവിധാനത്തെ പുനഃസംഘടിപ്പിച്ച് റിവിഷനിസത്തിന്റെ അവശിഷ്ടങ്ങളെ ഇല്ലായ്മ ചെയ്യണമായിരുന്നു. ""പാര്‍ടി സംഘടനാരംഗത്തെ നമ്മുടെ കടമകള്‍"" എന്ന 1967ലെ കേന്ദ്രകമ്മിറ്റി പ്രമേയം പാര്‍ടി സംഘടനയെപ്പറ്റിയുള്ള സുന്ദരയ്യയുടെ സങ്കല്‍പ്പനത്തിന്റെ മുദ്രപതിഞ്ഞതാണ്. പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യ കേന്ദ്രീകരണത്തിനുള്ള പ്രാമാണികത്വം അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ് ഈ പ്രമേയത്തിന്റെ സുപ്രധാനവശം. പാര്‍ടി പ്രമേയം ഇങ്ങനെ പറയുന്നു:

""ലെനിന്‍ ആവിഷ്കരിക്കുകയും വിപുലീകരിക്കുകയും നിര്‍ബന്ധബുദ്ധിയോടെ നടപ്പാക്കുകയും ചെയ്ത ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം എല്ലാ കമ്യൂണിസ്റ്റ് പാര്‍ടികളും ശരിയായ തത്വമെന്ന് സാര്‍വത്രികമായി അംഗീകരിച്ചിട്ടുണ്ട്. ആ സംഘടനാ തത്വത്തിനുമാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിയെ ഒരു യഥാര്‍ഥ വിപ്ലവപാര്‍ടിയായി പോരാടാന്‍ സജ്ജമാക്കി നിറുത്താന്‍ കഴിയുകയുള്ളൂ.""

എന്താണ് ജനാധിപത്യ കേന്ദ്രീകരണമെന്ന് പ്രമേയം തുടര്‍ന്നു പറയുന്നു:

""നമ്മുടെ പാര്‍ടിയില്‍ കേന്ദ്രീകരണം എന്ന് പറയുന്നത്, പ്രധാനപ്പെട്ട സമിതികളെല്ലാം പാര്‍ടി അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതും അവയുടെ വിശ്വാസം ആര്‍ജിച്ചിട്ടുള്ളതുമാകുന്നു. ഇതാണ് പാര്‍ടി കാര്യങ്ങളെയെല്ലാം നടത്തിക്കൊണ്ടുപോകുന്നതിന് അവരെ അധികാരപ്പെടുത്തുന്നതും വ്യക്തിയെ ഘടകത്തിനും, ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിനും, കീഴ്ഘടകത്തെ മേല്‍ഘടകത്തിനും, എല്ലാ കീഴ്ഘടകങ്ങളും കേന്ദ്രകമ്മിറ്റിക്കും വിധേയരാക്കുന്നതും. പാര്‍ടിയുടെ കേന്ദ്രീകരണം എന്ന് പറയുന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമാണ്. ""നമ്മുടെ പാര്‍ടിയില്‍ ജനാധിപത്യം എന്നുപറയുന്നത്, എല്ലാ പാര്‍ടി യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നത് ശരിയായ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ്. ശ്രദ്ധാപൂര്‍വവും ശരിയായതുമായ തയ്യാറാക്കലിനും ചര്‍ച്ചയ്ക്കുംശേഷമാണ് പ്രമേയങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നമ്മുടെ പാര്‍ടിയില്‍ നേതൃത്വമില്ലാത്ത ജനാധിപത്യമോ, അതിരുകടന്ന ജനാധിപത്യമോ അരാജകത്വമോ ഇല്ല. ""ഉയര്‍ന്ന രൂപത്തിലുള്ള ഉള്‍പാര്‍ടി ജനാധിപത്യം സ്ഥാപിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നേതൃത്വത്തില്‍ ഉയര്‍ന്നതരത്തിലുള്ള കേന്ദ്രീകരണം നേടാന്‍ കഴിയുകയുള്ളൂ.""

അച്ചടക്കമുള്ള പാര്‍ടി സുന്ദരയ്യയെ സംബന്ധിച്ചിടത്തോളം, വര്‍ഗ-ബഹുജനപോരാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴിലാളിവര്‍ഗ കര്‍ഷക പ്രസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഭരണവര്‍ഗത്തിനും ഭരണകൂടത്തിനുമെതിരായി അവര്‍ തൊഴിലാളിവര്‍ഗത്തിനും കര്‍ഷകര്‍ക്കും മേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ അഴിച്ചുവിടുമ്പോള്‍ പോരാടുന്നതിന് ആവശ്യമായിട്ടുള്ളത് ജനാധിപത്യ കേന്ദ്രീകരണത്തില്‍ അടിയുറച്ചുനിന്ന് അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. 1964 മുതല്‍ 1976 വരെ 12 വര്‍ഷക്കാലം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ അത്തരമൊരു പാര്‍ടി കെട്ടിപ്പടുത്ത് മുന്നേറാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ടി സംഘടന വളര്‍ത്തിയെടുത്തതില്‍ ഈ വിജയം പ്രകടമാണ്. മറ്റു ചില സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി സംഘടനയ്ക്കുള്ള അടിത്തറയിടുകയുണ്ടായി.

ഈ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യകേന്ദ്രീകരണവും വിപ്ലവ പാര്‍ടി എന്ന സങ്കല്‍പ്പനവും ഇന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 2008 മുതല്‍ ഇടതുപക്ഷത്തിനെതിരായി പൊതുവായും സിപിഐ എമ്മിനെതിരെ വിശേഷിച്ചും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരായും അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ സഖ്യത്തിനെതിരായും പോരാടുന്നതില്‍ സിപിഐ എം വഹിച്ച പങ്കാണ് ഭരണവര്‍ഗങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും എതിര്‍പ്പ് വിളിച്ചുവരുത്തുന്നതിനിടയാക്കിയത്. ഈ ആക്രമണം പാര്‍ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും എതിരായി മാത്രമല്ല പാര്‍ടിഘടനയ്ക്കും അതിന്റെ സംഘടനയ്ക്കും പ്രവര്‍ത്തനത്തിനും എതിരായി കൂടെ തിരിഞ്ഞിരിക്കുന്നു.

കടന്നാക്രമണങ്ങള്‍

പശ്ചിമബംഗാളില്‍ പാര്‍ടിക്കെതിരായി നടക്കുന്ന ആക്രമണത്തില്‍ കേഡര്‍ രാജിനെ പ്രതിരോധിക്കുക, പാര്‍ടി "ഏകാധിപത്യം" അവസാനിപ്പിക്കുക തുടങ്ങിയ വാദങ്ങളുയര്‍ന്നുവരുന്നു. ത്രിപുരയിലാവട്ടെ 1993ല്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി 20 വര്‍ഷം അധികാരത്തിലിരിക്കുകയാണ്. അവിടെ പ്രചാരണത്തിന്റെ സ്ഥിരം സ്വഭാവമായി ഉയര്‍ന്നുവരുന്നത് സര്‍ക്കാരിനുമേലും പൊതുജീവിതത്തിന്റെ സര്‍വമേഖലകളിലുമുള്ള പാര്‍ടിക്കുള്ള ഏകശിലാ സമാനമായ സ്വാധീനത്തെപ്പറ്റിയാണ്. കേരളത്തിലാകട്ടെ പാര്‍ടിയുടെ ഏകാധിപത്യമാര്‍ഗങ്ങള്‍, വ്യത്യസ്ത അഭിപ്രായത്തെ അടിച്ചമര്‍ത്തല്‍, ശത്രു നിഗ്രഹം, ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് കൊല്ലല്‍ എന്നിവ സംഘടിത പ്രചാരവേലയുടെ ഭാഗമായി ഉയര്‍ന്നുവരുന്നു. സിപിഐ എമ്മിനെ സ്റ്റാലിനിസ്റ്റായും പട്ടാളച്ചിട്ടയിലുള്ള സംഘടനാ രൂപമായും മുദ്രയടിച്ചുകൊണ്ടാണ് ഇത്തരം വിമര്‍ശങ്ങള്‍ അവസാനിപ്പിക്കാറുള്ളത്. സ്റ്റാലിനിസ്റ്റായി മുദ്രകുത്തപ്പെടുന്നത് യഥാര്‍ഥത്തില്‍ ലെനിനിസ്റ്റ് സംഘടനാ സങ്കല്‍പ്പനമാണ്. സ്റ്റാലിന്റെ കാലത്തുണ്ടായ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ഗൗരവതരമായ ലംഘനവുമായി ഇത് മനഃപൂര്‍വം കൂട്ടിക്കുഴയ്ക്കപ്പെടുന്നു. പാര്‍ടിക്കും അതിന്റെ സംഘടനാ തത്വങ്ങള്‍ക്കുമെതിരായി വര്‍ഗശത്രുക്കളില്‍നിന്നും വലതുപക്ഷ മാധ്യമങ്ങളില്‍നിന്നും ഉയരുന്ന ഈ ആക്രമണത്തെ ശക്തിമായി നേരിടേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ അടവും തന്ത്രവും നടപ്പാക്കുന്നതില്‍ സംഘടനാപ്രശ്നത്തിന് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ലെനിന്‍ വിശദീകരിച്ചതുപോലെ:

""അധികാരത്തിന് വേണ്ടി നടത്തുന്ന സമരത്തില്‍ തൊഴിലാളി വര്‍ഗത്തിന് അതിന്റെ സംഘടനയല്ലാതെ മറ്റായുധങ്ങളൊന്നുമില്ല. മുതലാളിത്ത ലോകത്തിലെ അരാജകത്വപരമായ മത്സരത്താല്‍ അനൈക്യപ്പെട്ടുകിടക്കുന്ന, മൂലധനത്തിനു കീഴില്‍ നിര്‍ബന്ധിത അധ്വാനത്തിന് വിധേയമായി അടിച്ചമര്‍ത്തപ്പെട്ട അതിദാരിദ്ര്യത്തിന്റെയും കിരാതത്വത്തിന്റെയും അപകര്‍ഷതയുടെയും അടിത്തട്ടിലേക്ക് ഞെരിഞ്ഞമര്‍ന്നു കിടക്കുന്ന തൊഴിലാളിവര്‍ഗത്തിന് അപ്രതിരോധ്യമായ ഒരു ശക്തിയായി മാറാന്‍ കഴിയുക--തീര്‍ച്ചയായും അങ്ങനെ കഴിയും--അവര്‍ മാര്‍ക്സിസത്തിന്റെ തത്വങ്ങളാല്‍ ആശയപരമായി ഐക്യപ്പെടുന്നത് തൊഴിലാളിവര്‍ഗത്തിന്റെ സേനയിലേക്ക് ദശലക്ഷക്കണക്കിന് വരുന്ന അധ്വാനിക്കുന്നവരെ വിളക്കിച്ചേര്‍ക്കുന്ന ഒരു സംഘടനയുടെ കീഴില്‍ അണിനിരക്കുമ്പോഴാണ്"" (ഒരടി മുന്നോട്ട് രണ്ടടി പിറകോട്ട്)

ലെനിനെ സംബന്ധിച്ചിടത്തോളം പാര്‍ടി എന്നത് വിപ്ലവത്തിന് തയ്യാറെടുപ്പ് നടത്തുന്നതിനുള്ള ഒരു സംഘടനയായിരുന്നു; അത്തരമൊരു സംഘടന രാഷ്ട്രീയവും സംഘടനാപരവുമായ മേഖലകളില്‍ വര്‍ഗശത്രുക്കളില്‍നിന്ന് വരുന്ന അപ്രതീക്ഷിതമായ ഏതൊരാക്രമണത്തെയും നേരിടുന്നതിന് പ്രാപ്തമായിരിക്കണം. അച്ചടക്കത്തിന് മാത്രമേ മാറിയ സ്ഥിതിവിശേഷങ്ങളോട് യോജിച്ചു പോകാനും പോരാട്ടത്തിന്റെ രൂപങ്ങളെ മാറ്റുന്നതില്‍ മെയ്വഴക്കം കാണിക്കാനും പാര്‍ടിയെ പ്രാപ്തമാക്കാനാവൂ. സംഘടനയുടെ പ്രാധാന്യം കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ അച്ചടക്കം ലെനിന്റെ അഭിപ്രായത്തില്‍ സൈന്യത്തിലെ അച്ചടക്കത്തേക്കാള്‍ ഉയര്‍ന്നതാണ്. ഈ അച്ചടക്കം രൂപംകൊള്ളുന്നത് പാര്‍ടിയില്‍ സ്വന്തം ഇഷ്ടപ്രകാരം ചേരുക എന്ന പ്രവര്‍ത്തനത്തില്‍നിന്നും ഭരണകൂടത്തിനും ഭരണ വര്‍ഗങ്ങള്‍ക്കുമെതിരായി പോരാടുന്നതിന് പാര്‍ടിക്ക് കേന്ദ്രീകൃതമായ അച്ചടക്കം ആവശ്യമാണെന്ന് അംഗീകരിക്കുന്നതില്‍നിന്നുമാണ്. ശരിയായ ഒരു രാഷ്ട്രീയ നയമുണ്ടായതുകൊണ്ടുമാത്രമായില്ല. ഈ നയത്തെ ബഹുജനങ്ങള്‍ക്കടുത്തേക്ക് എത്തിക്കുന്നതിനും അതിനെ പ്രാവര്‍ത്തികമാക്കി മാറ്റുന്നതിനും ഒരു സംഘടനയില്ലാതെ ഒരു രാഷ്ട്രീയനയത്തിനും വിജയിക്കാനാവില്ല. ജനാധിപത്യകേന്ദ്രീകരണത്തില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുള്ളതുകൊണ്ടാണ് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ബഹുജനങ്ങളെ അണിനിരത്തുന്നതുമായ സമരങ്ങള്‍ നടത്താന്‍ സിപിഐ എമ്മിന് കഴിവുണ്ടാകുന്നത്.

രാഷ്ട്രീയ പ്രതിയോഗികളും ഭരണവര്‍ഗവും, പാര്‍ടിയില്‍ അടങ്ങിയിരിക്കുന്ന സംഘടനാപരമായ കരുത്ത് ജനാധിപത്യകേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കിയിരിക്കുന്നതിനാലാണ് പാര്‍ടിയുടെ സംഘടനാപരമായ ശൈലിക്കും രീതികള്‍ക്കും എതിരായി അവര്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പാര്‍ടിയുടെ കേന്ദ്രീകൃത അച്ചടക്കത്തെ സ്റ്റാലിനിസം എന്ന് പേരിട്ട് ആക്രമിക്കുകയും മുകളിലിരിക്കുന്ന ഒരു കൂട്ടം നേതാക്കളെ ഏകാധിപത്യമായി ചിത്രീകരിക്കുകയും ചെയ്യുന്നു. മറുഭാഗത്താകട്ടെ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ഉപയോഗം, സ്വതന്ത്രമായ ചര്‍ച്ച, പാര്‍ടിക്കകത്തെ സംവാദങ്ങള്‍ ഇതിനെയൊക്കെ പാര്‍ടിക്കകത്തെ അഭിപ്രായഭിന്നതയും ഏറ്റുമുട്ടലുകളുമായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ഒരു കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ജനാധിപത്യകേന്ദ്രീകരണത്തിന്റെ മാനദണ്ഡങ്ങള്‍പ്രകാരം, എല്ലാ തലത്തിലുമുള്ള പാര്‍ടി കമ്മിറ്റികള്‍ക്ക് തീരുമാനത്തിലും തീര്‍പ്പിലുമെത്തുന്നതിനുമുമ്പ് എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചചെയ്യാനും സംവാദങ്ങള്‍ നടത്താനുമുള്ള അവകാശമുണ്ട്. ഉള്‍പാര്‍ടി ജനാധിപത്യം പാലിക്കപ്പെടണം. അതേസമയം ഉയര്‍ന്ന കമ്മിറ്റികളുടെ തീരുമാനങ്ങള്‍-- അവയും തെരഞ്ഞെടുക്കപ്പെട്ടവതന്നെയാണ്-- അനുസരിക്കുകയും നടപ്പാക്കുകയും വേണം. ഏത് തലത്തിലുമുള്ള പാര്‍ടി പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട പാര്‍ടി കമ്മിറ്റികള്‍ക്കകത്ത് ഉന്നയിക്കണം. വിമര്‍ശവും സ്വയംവിമര്‍ശവുമാണ് ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ജീവരക്തം.

സുന്ദരയ്യയുടെ മാതൃക

ഇന്ത്യയിലെ ബൂര്‍ഷ്വാ പാര്‍ടികളുടെ സംഘടനാ സംവിധാനങ്ങളൊന്നുംതന്നെ നയങ്ങളെ സംബന്ധിച്ചിട്ടുള്ള ചര്‍ച്ചകളെയോ നേതൃത്വത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിമര്‍ശങ്ങളെയോ അനുവദിക്കുന്നില്ല. എന്നിട്ടും സിപിഐ എമ്മിനെ ഏകാധിപത്യപരമെന്നും ""സ്റ്റാലിനിസ്റ്റെ""ന്നും ചിത്രീകരിക്കുന്നത് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ കടമ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് വിപ്ലവ സംഘടന ആവശ്യമാണെന്ന അതിന്റെ അടിയുറച്ച വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാത്തതിനാലാണ്. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ നിന്ദിക്കുന്നതിനായി നടക്കുന്ന സംഘടിതാക്രമണം പാര്‍ടിയുടെ വിപ്ലവ സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനും പ്രസ്ഥാനത്തിനെ നിരായുധീകരിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. തീര്‍ച്ചയായും ജനാധിപത്യ കേന്ദ്രീകരണം പ്രയോഗിക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നില്ലെന്നും അതിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും നാം ഉറപ്പ് വരുത്തണം. എല്ലാത്തിനുമുപരി നാം പി സുന്ദരയ്യയുടെ ഉദാഹരണത്തില്‍നിന്ന് പഠിക്കേണ്ടതുണ്ട്. എല്ലായ്പ്പോഴും ജനങ്ങളോടൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. പാര്‍ടിക്കുവേണ്ടി ജനങ്ങളെ അണിനിരത്തുന്നതിന് ഉപകരിക്കുമെന്നതിനാല്‍ അദ്ദേഹം ബോധപൂര്‍വം അനുവര്‍ത്തിച്ചതായിരുന്നു അത്.

കേരളത്തിലേതുപോലെ ഒരു വന്‍ ബഹുജനശക്തിയായി പാര്‍ടി വളര്‍ന്ന സ്ഥലത്ത് സുന്ദരയ്യയുടെ മാതൃക പിന്തുടരേണ്ടതാണ്.നമ്മുടെ കേഡര്‍മാര്‍, പാര്‍ടി അംഗങ്ങള്‍ ഒക്കെ എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരിക്കുകയും അവരുടെ ജീവിതവും പ്രശ്നങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും ഒരിക്കലും അവരേക്കാള്‍ മേലെയാണെന്ന് കരുതാതിരിക്കുകയും വേണം. നമ്മുടെ പാര്‍ടിക്ക് തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനാവുകയും സര്‍ക്കാരിലും മറ്റ് പൊതുഭരണസ്ഥാനങ്ങളിലും വരാനിടയുള്ള സ്ഥലങ്ങളില്‍ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. പി സുന്ദരയ്യ ജന്മശതാബ്ദി വര്‍ഷത്തെ നാം പാര്‍ടി സംഘടനയെ കാര്യക്ഷമമാക്കാനും, പാര്‍ടി കേഡര്‍മാരുടെയും അംഗങ്ങളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്താനും ജനങ്ങളുമായി പാര്‍ടിക്കുള്ള ബന്ധത്തെ സജീവവും ചലനാത്മകവുമാക്കി മാറ്റാനുംവേണ്ടി ഉപയോഗപ്പെടുത്തണം.

*
പ്രകാശ് കാരാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""നമ്മുടെ പാര്‍ടിയില്‍ കേന്ദ്രീകരണം എന്ന് പറയുന്നത്, പ്രധാനപ്പെട്ട സമിതികളെല്ലാം പാര്‍ടി അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതും അവയുടെ വിശ്വാസം ആര്‍ജിച്ചിട്ടുള്ളതുമാകുന്നു. ഇതാണ് പാര്‍ടി കാര്യങ്ങളെയെല്ലാം നടത്തിക്കൊണ്ടുപോകുന്നതിന് അവരെ അധികാരപ്പെടുത്തുന്നതും വ്യക്തിയെ ഘടകത്തിനും, ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിനും, കീഴ്ഘടകത്തെ മേല്‍ഘടകത്തിനും, എല്ലാ കീഴ്ഘടകങ്ങളും കേന്ദ്രകമ്മിറ്റിക്കും വിധേയരാക്കുന്നതും. പാര്‍ടിയുടെ കേന്ദ്രീകരണം എന്ന് പറയുന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമാണ്. ""നമ്മുടെ പാര്‍ടിയില്‍ ജനാധിപത്യം എന്നുപറയുന്നത്, എല്ലാ പാര്‍ടി യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നത് ശരിയായ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ്. ശ്രദ്ധാപൂര്‍വവും ശരിയായതുമായ തയ്യാറാക്കലിനും ചര്‍ച്ചയ്ക്കുംശേഷമാണ് പ്രമേയങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നമ്മുടെ പാര്‍ടിയില്‍ നേതൃത്വമില്ലാത്ത ജനാധിപത്യമോ, അതിരുകടന്ന ജനാധിപത്യമോ അരാജകത്വമോ ഇല്ല. ""ഉയര്‍ന്ന രൂപത്തിലുള്ള ഉള്‍പാര്‍ടി ജനാധിപത്യം സ്ഥാപിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നേതൃത്വത്തില്‍ ഉയര്‍ന്നതരത്തിലുള്ള കേന്ദ്രീകരണം നേടാന്‍ കഴിയുകയുള്ളൂ.""