Tuesday, September 25, 2012

അനശ്വര പ്രതിഭയ്ക്ക് കൂപ്പുകൈ

തിലകന്‍ മരിക്കേണ്ട സമയമായിട്ടില്ല. ആ പ്രതിഭയുടെ സാന്നിധ്യവും വിസ്മയിപ്പിക്കുന്ന പ്രകടനവും കണ്ട് മലയാളിക്ക് കൊതി തീര്‍ന്നിട്ടില്ല. എന്നിട്ടും ആ മരണം സംഭവിച്ചിരിക്കുന്നു. പ്രതിഭ ദീപ്തമായ പ്രഭവിതറുന്ന ഘട്ടത്തില്‍ത്തന്നെ ശാന്തികവാടത്തിലെ വൈദ്യുതിച്ചൂളയില്‍ ആ ജീവിതം എരിഞ്ഞടങ്ങി. നശ്വരമായതൊന്നിനും ഇളക്കാന്‍ കഴിയാത്തവനാണ് അനശ്വരന്‍ എന്ന വിവേകാനന്ദവചനം തിലകന്‍ ഓര്‍മിപ്പിക്കുന്നു. അരനൂറ്റാണ്ടു പിന്നിട്ട; തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത അഭിനയജീവിതം, കോളേജ് ഹോസ്റ്റലിലെ അനീതിക്കെതിരെ പടനയിച്ച് പഠനംനിര്‍ത്തേണ്ടിവന്ന സമരതീക്ഷ്ണത, ഒളിച്ചുവയ്ക്കാന്‍ കൂട്ടാക്കാത്ത പ്രത്യയശാസ്ത്ര പ്രതിബദ്ധത, തലകുനിക്കാനും നട്ടെല്ലു വളയ്ക്കാനും കൂട്ടാക്കാത്ത ആര്‍ജവം- തിലകന്‍ ഒരു സിനിമാ നടന്‍ എന്ന നിര്‍വചനത്തിനപ്പുറം എന്തൊക്കെയോ ആണ്. ഏതെങ്കിലും പുരസ്കാരങ്ങളുടെ പേരിലല്ല തിലകന്‍ ആദരിക്കപ്പെടുന്നത്. പ്രൈമറി ക്ലാസിലെ സാഹിത്യസമാജവേദിയില്‍ തുടങ്ങിയ അവിരാമമായ കലാപ്രവര്‍ത്തനമാണ് അഭിനയകലയുടെ മുകളറ്റം കണ്ട മഹത്വത്തിലേക്ക് തിലകനെ ഉയര്‍ത്തിയത്.

അഭിനയചക്രവര്‍ത്തി എന്ന വിശേഷണം തിലകന്‍ ആവര്‍ത്തിച്ച് കേട്ടിട്ടുണ്ട്. കുടുംബാംഗത്തിന്റെ; കുടുംബത്തിലെ കാരണവരുടെ വേര്‍പാടായി ആ മരണം മലയാളി കാണുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്യുമ്പോള്‍ തിലകന്റെ സംഭാവനകളുടെ അനശ്വരതയ്ക്കാണ് അടിയൊപ്പുചാര്‍ത്തപ്പെടുന്നത്. മനസ്സിനെ നൊമ്പരപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ക്ഷോഭംകൊള്ളിക്കുകയും ചെയ്യുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് ആ മഹാനടന്‍ അവശേഷിപ്പിച്ച് പോയിരിക്കുന്നത്. പി ജെ ആന്റണിയുടെയും കൊട്ടാരക്കര ശ്രീധരന്‍നായരുടെയും ജനുസ്സിലാണ് തിലകന്‍- മലയാളം മരിക്കുവോളം ജീവിക്കുന്ന കലകാരന്മാരുടെ ജനുസ്സില്‍. മുഴങ്ങുന്ന ശബ്ദവുമായി നാടകവേദികളിലെത്തിയ തിലകന്റെ ഉയര്‍ച്ച നാഷണല്‍ തിയറ്റര്‍ ഉടമയായിരുന്ന ജോസ്പ്രകാശ് ആറുപതിറ്റാണ്ട് മുമ്പേ പ്രവചിച്ചിരുന്നു. പി ജെ ആന്റണിയുടെ "പെരിയാറി"ലൂടെ സിനിമയിലെത്തിയപ്പോള്‍ ആ പ്രവചനം ഫലപ്രാപ്തിയിലേക്കുയര്‍ന്നു.

സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ തട്ടിമാറ്റി തനതായ ശൈലിയില്‍ തിലകന്‍ കഥാപാത്രങ്ങളെ തന്നിലേക്ക് ആവേശിച്ചപ്പോള്‍ മലയാളസിനിമ അത്ഭുതം കൂറുകയായിരുന്നു. സ്നേഹനിധിയായും രോഷാകുലനായും വിടനായും ക്രൂരനായും അധ്വാനിയായും സുഖിമാനായും തിലകന്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടി. വള്ളുവനാടനായും മലബാറിയായും തിരുവിതാംകൂറുകാരനായും അനായാസേന മാറി- ശരിക്കും ജീവിച്ചു. പ്രതിനായക വേഷങ്ങള്‍ തിലകനിലൂടെ അംഗീകരിക്കപ്പെട്ടു. പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ നായകവേഷം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ അത്യുജ്വലമായ അനുഭവമായിരുന്നു. നഖക്ഷതങ്ങളില്‍ ക്രൂരതയുടെ പര്യായമായ അമ്മാവനായി വന്നപ്പോള്‍, എം ടി തിലകനുവേണ്ടി തയ്പ്പിച്ച വേഷമാണോ അതെന്ന് തോന്നിച്ചു. "സ്ഫടിക"ത്തില്‍ അക്കങ്ങളില്‍ ജീവിതതാളം കണ്ടെത്തുന്ന കണക്കുമാഷായി തിലകന്‍ അരങ്ങുതകര്‍ത്തപ്പോള്‍, ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാളില്ല എന്ന് പ്രേക്ഷകര്‍ ഏകകണ്ഠമായി പറഞ്ഞു. അവാര്‍ഡുകള്‍ തിലകനെ പ്രലോഭിപ്പിച്ചിരുന്നില്ല. ഭരത്പുരസ്കാരത്തേക്കാള്‍ വലുപ്പവും മഹത്വവുമുള്ള ആദരം ചലച്ചിത്രാസ്വാദകര്‍ എന്നേ ആ മഹാനടന് നല്‍കിക്കഴിഞ്ഞു. ചിലര്‍ മഹാന്മാരായി ജനിക്കുന്നു; മറ്റുചിലര്‍ മഹാന്മാരായി തീരുന്നു; മറ്റു ചിലരില്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് ഷേക്സ്പിയര്‍ വേര്‍തിരിച്ചിട്ടുണ്ട്. സാധാരണ മനുഷ്യനായി പിറന്ന് മഹാനായി തീര്‍ന്ന വ്യക്തിത്വമാണ് തിലകന്റേത്. നിരന്തരമായ അധ്വാനത്തിലൂടെ, സാധകത്തിലൂടെ സ്ഫുടംചെയ്തെടുത്ത പ്രതിഭയാണത്. ആ അധ്വാനമാണ് തിലകനിലെ നിഷേധിയെ പലപ്പോഴും തൊട്ടുണര്‍ത്തിയത്.

താന്‍ കമ്യൂണിസ്റ്റാണെന്ന് പറയാന്‍ തിലകന്‍ ആവേശം കാട്ടി. പറഞ്ഞ വാക്കുകളിലും എടുത്ത നിലപാടുകളിലും വിട്ടുവീഴ്ച ചെയ്തില്ല. ദേശാഭിമാനിയുടെ വായനക്കാരനും കുടുംബാംഗവുമായിരുന്നു തിലകന്‍. പത്രത്തിന്റെ പ്രചാരണത്തിനായി ഒരു പരസ്യചിത്രം തയ്യാറാക്കിയപ്പോള്‍ തന്റെ എല്ലാ തിരക്കുകളും മാറ്റിവച്ച് ദേശാഭിമാനിയിലെത്തുകയും പ്രതിഫലത്തെക്കുറിച്ച് ഒരു വാക്കുച്ചരിക്കാതെ അഭിനയിക്കുകയുംചെയ്തു അദ്ദേഹം. അന്ന്, എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് മാറ്റിവച്ച് സ്വന്തം വാക്കുകളിലാണ് തിലകന്‍ ദേശാഭിമാനിയെക്കുറിച്ച് വാചാലനായത്. ഈ പത്രം വളരേണ്ടത് കേരളത്തിന്റെ ആവശ്യമാണ് എന്നാണ് ക്യാമറയ്ക്ക് മുന്നിലും അല്ലാതെയും അദ്ദേഹം ആവര്‍ത്തിച്ചത്. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന മൂര്‍ത്തമായ രാഷ്ട്രീയപ്രശ്നങ്ങളില്‍ നിര്‍ഭയം തിലകന്‍ അഭിപ്രായം പറഞ്ഞു.

താരങ്ങളുടെ സംഘടന തന്നെ വിലക്കിയപ്പോള്‍ കീഴടങ്ങാന്‍ തയ്യാറാകാതെ പോരാടി നിന്ന തിലകന്‍, താന്‍ അവതരിപ്പിച്ച കാര്‍ക്കശ്യക്കാരായ കഥാപാത്രങ്ങളെ ജീവിതത്തില്‍ പറിച്ചുനട്ടോ എന്ന സന്ദേഹമാണുയര്‍ത്തിയത്. നിലപാടുകളിലെ ഭിന്നതകള്‍ തിലകനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള പ്രതിബന്ധമല്ല എന്ന് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞപ്പോഴാണ് ആ സമരം അവസാനിച്ചത്. തിലകന്‍ കേന്ദ്രകഥാപാത്രമായി സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ "യുദ്ധം" അരങ്ങേറുകയും സാംസ്കാരികനായകര്‍ പക്ഷംചേരുകയും ചെയ്തപ്പോള്‍ അഭിനയജീവിതത്തിലും ഇടവേളയുണ്ടായി. തന്നെ സിനിമയില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്ന തിലകന്റെ വാക്കുകള്‍ അന്ന് മലയാളിയെ നോവിച്ചു; ക്ഷോഭംകൊള്ളിച്ചു. തിലകനുമുന്നില്‍ അന്ന് ചലച്ചിത്രലോകമാണ് കൈകൂപ്പിയത്- ആ പ്രതിഭയുടെ സാന്നിധ്യം ഒരുനിമിഷംപോലും മാറ്റിനിര്‍ത്തപ്പെടേണ്ടതല്ല എന്ന ബോധ്യത്തോടെ. ഇന്ന് ജനകോടികള്‍ ആ മഹാപ്രതിഭയുടെ ഓര്‍മയ്ക്കുമുന്നില്‍ കണ്ണീരോടെ കൈകൂപ്പുന്നു- പ്രിയപ്പെട്ട തിലകന്‍, അങ്ങില്ലാത്ത മലയാളസിനിമ എത്രമാത്രം ദരിദ്രമാകും എന്ന നീറ്റലോടെ.

*
ദേശാഭിമാനി മുഖപ്രസംഗം 250സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...