Wednesday, September 19, 2012

അലുവാലിയയുടെ കുറിപ്പടിയുടെ സ്ഥാനം ചവറ്റുകുട്ടയില്‍

കേരളത്തിലെ നെല്‍പ്പാടങ്ങള്‍ ചുരുങ്ങിവരുന്നതിനെ ചൊല്ലി നാം ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ഭക്ഷ്യസുരക്ഷയ്ക്ക് വെളിയില്‍ നിന്ന് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്നും അത് വാങ്ങാനുള്ള പണം കൈയില്‍ ഉണ്ടായാല്‍ മതി എന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും പ്രധാന മന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ മൊണ്ടേക് സിംഗ് അലുവാലിയ ഉപദേശിച്ചിരിക്കുന്നു. ഭൂമിയുടെ പരിമിതി അനുഭവിക്കുന്ന കേരളം, കൂടുതല്‍ സമ്പത്ത് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും ആണ് ഉള്ള ഭൂമി വിനിയോഗിക്കേണ്ടത് എന്നാണദ്ദേഹത്തിന്റെ മതം.

കേരളത്തില്‍ അവശേഷിക്കുന്ന രണ്ടര ലക്ഷം ഹെക്ടര്‍ നെല്‍പ്പാടം കൊണ്ട് നമുക്കാവശ്യമുള്ള അരി മുഴുവന്‍ ഉണ്ടാക്കാം എന്ന് ആരും കരുതുന്നുണ്ടാവില്ല. നമുക്കാവശ്യമുള്ള നാല്‍പതു ലക്ഷം ടണ്ണോളം അരിയില്‍ കഷ്ടിച്ച് എട്ടു ലക്ഷം ടണ്‍ മാത്രമേ നാമിവിടെ ഉണ്ടാക്കുന്നുള്ളൂ. ഈ അടിത്തറ എത്രത്തോളം വിപുലമാക്കാമോ അത്രത്തോളമാവും നമ്മുടെ ഭക്ഷ്യസുരക്ഷ. ഇറക്കുമതി ചെയ്ത അരി വാങ്ങാന്‍ കൈയില്‍ കാശുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷ ആയി എന്നത് അപകടകരമായ ചിന്തയാണ്. അറുപതുകളില്‍ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ അരിക്ഷാമം ഉണ്ടായപ്പോള്‍ അവര്‍ കേരളത്തിലേക്കുള്ള അരികടത്തു തടഞ്ഞതും ഇവിടെ രൂക്ഷമായ ഭക്ഷ്യക്ഷാമവും ലഹളയും കൊള്ളയും പോലും ഉണ്ടായതും ഓര്‍മ്മയുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. പട്ടിണികൊണ്ട്  സഹികെട്ട ജനം കടകള്‍ കൊള്ളയടിച്ച് അരിയും പഞ്ചസാരയും വാരിക്കെട്ടി റോഡിലൂടെ ഓടുന്നത് നേരില്‍ കണ്ട ഒരാളാണ് ഞാന്‍. അന്ന് ഞാന്‍ ജോലി സംബന്ധമായി കൊല്ലത്ത് ചിന്നക്കടയിലുള്ള ഒരു ലോഡ്ജില്‍ താമസിക്കുകയാണ്. അന്ന് കണ്ട ഒരു കാഴ്ച ഒരിക്കലും മറക്കില്ല. റേഷന്‍ കട കൊള്ളയടിച്ച ഒരാള്‍ക്ക് അരി വാരിക്കെട്ടാന്‍ ഒരു സഞ്ചിയും കിട്ടിയില്ല. ഉടുമുണ്ടഴിച്ചു അതില്‍ അരി വാരിക്കെട്ടി അതും തലയില്‍ വച്ചു പരിപൂര്‍ണ നഗ്‌നനായി അയാള്‍ റോഡിലൂടെ ഓടുന്നു!   
കാശുണ്ടെങ്കില്‍ എവിടെ നിന്നുവേണമെങ്കിലും അരി കൊണ്ടുവരാം എന്നുള്ള അവസ്ഥയൊക്കെ മാറാന്‍ ഒറ്റ വരള്‍ച്ച മതി എന്ന് മറക്കരുത്. അതുകൊണ്ടുതന്നെ, ഉള്ള നെല്‍പ്പാടം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാനം ആണെന്നതിനെ ചോദ്യം ചെയ്യാനാവില്ല.

നെല്‍പ്പാടം സംരക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി മാത്രമാണ് എന്നതും തെറ്റായ ഒരു ധാരണയാണ്. നെല്‍വയലുകള്‍ ജൈവ വൈവിധ്യം നിറഞ്ഞ ഒരു ആവാസ വ്യവസ്ഥയാണ്. മഴവെള്ളം കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിക്കുന്ന തണ്ണീര്‍തടമാണത്. മഴക്കാലത്ത് പല നദികളുടെയും വെള്ളപ്പൊക്കക്കെടുതി ഉള്‍ക്കൊള്ളുന്ന ഫഌഡ് പ്ലെയിന്‍ ആണത്. കുളിര്‍ കാറ്റും ശുദ്ധവായുവും പ്രദാനം ചെയ്തു അത് പ്രാദേശിക കാലാവസ്ഥയെയും സമീകരിക്കുന്നു. വയല്‍ നികത്തിയ സ്ഥലങ്ങളിലെല്ലാം താമസിയാതെ ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടാറുള്ളത് വെറുതെയല്ല. ഇതൊന്നും ഇവിടത്തെ മാത്രം കാര്യമല്ല. വ്യവസായവത്കരണവും സ്ഥലദൗര്‍ലഭ്യവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ജപ്പാന്‍, സ്‌പെയിന്‍ മുതലായ രാജ്യങ്ങള്‍ പോലും ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ പൊതുപ്പണം ചെലവാക്കി നെല്‍വയലുകള്‍ സംരക്ഷിക്കുകയും കര്‍ഷകരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഒരു ദേശീയ നയം ആയി അംഗീകരിച്ചിട്ടുള്ളത്. കുറച്ചുനാള്‍ മുന്‍പ് സ്‌പെയിനിലെ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രി നല്‍കിയ വിശദീകരണം മാധ്യമങ്ങളില്‍ വന്നിരുന്നു. ''എന്തിനാണ് വമ്പിച്ച സഹായധനം കൊടുത്തു നെല്‍കൃഷി  താങ്ങി നിര്‍ത്തുന്നത്'' എന്നായിരുന്നു അവിടത്തെ അലുവാലിയമാരുടെ ചോദ്യം. അതിന് മന്ത്രി കൊടുത്ത മറുപടി നമ്മുടെ രാജ്യസഭ ഉപാധ്യക്ഷന്‍ ശ്രദ്ധിച്ചു പഠിക്കേണ്ടതാണ്. ''നമ്മുടെ നെല്‍വയലുകള്‍ ജൈവവൈവിധ്യത്തിന്റെയും സവിശേഷ ആവാസ വ്യവസ്ഥയുടെയും നിദര്‍ശനങ്ങളാണ്. അവ അങ്ങനെ തന്നെ നിലനില്‍ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ട് അതിന് വേണ്ട സഹായം ചെയ്യാന്‍ സമൂഹം  ബാധ്യസ്ഥമാണ്.''     
സര്‍വോപരി, വിശാലമായ നെല്‍വയലുകളും ഇടതൂര്‍ന്ന തെങ്ങിന്‍ തലപ്പുകളും അല്ലേ കേരളക്കാഴ്ചയുടെ മുഖമുദ്രകള്‍? ഇതുകാണാനല്ലേ ടൂറിസ്റ്റുകള്‍ ഇവിടെ കൂട്ടം കൂട്ടമായി എത്തുന്നത്? അല്ലാതെ പാശ്ചാത്യ ലോകത്തെ നിശാക്ലബ്ബുകളുടെ വികൃത അനുകരണങ്ങള്‍ കാണാനോ, അവിടെകിട്ടാത്ത മദ്യം കുടിച്ചു മദിച്ചു മറിയാേനാ അവിടെങ്ങും കാണാത്ത ഗോള്‍ഫ് കളിക്കാനോ ആണോ? വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ടൂറിസം പോലും ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ ഇവിടത്തെ കായലുകളും തെങ്ങിന്‍ തോപ്പുകളും വിശാലമായ നെല്‍വയലുകളും നിലനിന്നേ മതിയാവൂ.

അലുവാലിയക്ക് ഇതൊക്കെ പറഞ്ഞിട്ട് പോകാം. പ്രസ്തുത പ്രസ്താവനയെ കെ പി സി സി  പ്രസിഡന്റ് തള്ളിപ്പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്ത്രപരമായ മൗനം പാലിക്കുകയാണ് ചെയ്തത്. പക്ഷേ, ഇപ്പോഴിതാ നാം തിരഞ്ഞെടുത്ത് ദില്ലിയിലെക്കയച്ച ഒരു എം പി, (വെറും എം പിയല്ല, രാജ്യസഭാ ഉപാധ്യക്ഷനുമാണദ്ദേഹം) രാജാവിനെക്കാള്‍ രാജഭക്തി കാട്ടി  അലുവാലിയയെ പിന്‍താങ്ങി രംഗത്ത് വന്നിരിക്കുന്നു. അലുവാലിയക്ക് കേരളത്തെ പറ്റി അത്രയ്‌ക്കെ അറിഞ്ഞുകൂടൂ എന്ന് വച്ചു സമാധാനിക്കാം. പക്ഷേ ഇദ്ദേഹം ഇവിടെ ജനിച്ചുവളര്‍ന്ന ആളല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം നാം ഗൗരവപൂര്‍വം കണ്ടേ തീരൂ. പോരെങ്കില്‍ താന്‍ ഒരു പഴയ കൃഷിക്കാരനാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഒരര്‍ഥത്തില്‍ ഇതുപോലുള്ള 'പഴയ' കൃഷിക്കാരാണ് നമ്മുടെ കാര്‍ഷികരംഗം ഇന്നത്തെപ്പോലെ അലങ്കോലമാകാന്‍ കാരണം. അവര്‍ക്കൊക്കെ സര്‍ക്കാര്‍ജോലിയോ മറ്റു വരുമാന മാര്‍ഗങ്ങളോ കാണും. ഒഴിവുസമയത്തോ അവധിദിവസങ്ങളിലോ ഉള്ള പാര്‍ട്ട് ടൈം ജോലി മാത്രമാണവര്‍ക്ക് കൃഷി. അവരാണ് കൃഷിഭൂമി തരിശിട്ടു നികത്തി വില്‍ക്കാന്‍ തരം പാര്‍ത്ത് കഴിയുന്നതും. അതേ സമയം, ഭൂമിയില്‍ അധ്വാനിക്കാന്‍ തയാറായി, 'ഞങ്ങള്‍ക്ക്  കൃഷി ചെയ്യാന്‍ ഭൂമി തരൂ' എന്ന അവകാശവാദം ഉന്നയിക്കുന്ന ലക്ഷക്കണക്കിന് ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ ഇവിടെയുണ്ട്. ഒരു ലക്ഷത്തോളം തരിശുഭൂമിയില്‍ നെല്‍കൃഷിചെയ്യുന്ന കുടുംബശ്രീ സഹോദരിമാരും ചെങ്ങറയിലും വയനാട്ടിലും സമരം ചെയ്തവരും അവരില്‍ പെട്ടവരാണ്. കേരളത്തില്‍ കൃഷി കാലഹരണപ്പെട്ടിട്ടില്ല എന്ന് അത് തെളിയിക്കുന്നു. അവരെയാണ് നാം പിന്‍തുണയ്‌ക്കേണ്ടത്. അവര്‍ക്ക് അധ്വാനിക്കാന്‍ ഭൂമി ലഭ്യമാക്കുകയായിരിക്കണം നമ്മുടെ ഭൂനിയമങ്ങളുടെ ലക്ഷ്യം. നമ്മുടെ നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം അക്ഷരാര്‍ത്ഥത്തിലും ആന്തരാര്‍ഥത്തിലും നടപ്പാക്കിയാല്‍ മതി. കൃഷിഭൂമി തരിശിട്ടാല്‍ അത് ഏറ്റെടുത്ത് അധ്വാനിക്കാന്‍ തയാറുള്ള സംഘങ്ങള്‍ക്ക് നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ അധികാരപ്പെടുത്തുക. കൃഷിഭൂമി കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍ക്കാവൂവെന്ന്  വ്യവസ്ഥ ചെയ്യുക. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയും ഇന്‍ഷുറന്‍സ് സംരക്ഷണവും ഉറപ്പാക്കുക. അവര്‍ ചെയ്യുന്നത് വെറും ഉപജീവന പ്രവര്‍ത്തനം മാത്രമല്ല, ഒരു സാമൂഹിക സേവനംകൂടിയാണ് എന്ന് തിരിച്ചറിഞ്ഞ്  അവരെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുക.

വികസനം സുസ്ഥിരമാകാന്‍ ഇതൊക്കെ കൂടിയേ തീരൂ.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 18 സെപ്തംബര്‍ 2012

No comments: