Thursday, September 20, 2012

മുങ്ങിത്താഴുന്ന കപ്പല്‍

യുപിഎ സര്‍ക്കാര്‍ തകരുകയോ അതിജീവിക്കുകയോ ചെയ്യാം. എന്തായാലും മുങ്ങിത്താഴുന്ന കപ്പലാണ് യുപിഎ എന്നും അതില്‍നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത് എന്നും ഘടകകക്ഷികളും പിന്തുണകക്ഷികളും ചിന്തിച്ചുതുടങ്ങുന്നു എന്ന യാഥാര്‍ഥ്യം ബാക്കിയാവും. ശിഷ്ടകാലത്ത് യുപിഎയെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയുംചെയ്യും. കോണ്‍ഗ്രസ് നേതൃത്വം എന്തെങ്കിലും ചെപ്പടിവിദ്യ കാട്ടിയെന്നുവരാം; അതില്‍ മയങ്ങി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ ഭരണത്തിന് വീണ്ടും പിന്തുണ നല്‍കിയെന്നുവരാം. ഇനി മറിച്ചാണ് സംഭവിക്കുന്നത് എന്നുവയ്ക്കുക. അതിനൊപ്പം മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ടികൂടി പിന്തുണ പിന്‍വലിക്കുന്നു എന്നും വയ്ക്കുക. അപ്പോഴും ബിഎസ്പിയുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കുതിരക്കച്ചവട പ്രവീണരായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാനേജര്‍മാര്‍ ഏതറ്റംവരെയും പോകും.

തൃണമൂല്‍ പിന്തുണ പിന്‍വലിച്ചിരിക്കെ സമാജ്വാദി പാര്‍ടിയും ബിഎസ്പിയും സമാന നിലപാട് കൈക്കൊള്ളുകയും ഇടതുപക്ഷം എതിരെ വോട്ടുചെയ്യുകയും ചെയ്യുമ്പോഴേ യുപിഎ മന്ത്രിസഭ തകരൂ. ഇടതുപക്ഷത്തെ "മാനേജ് ചെയ്യല്‍" അസാധ്യമാണെന്ന് അറിയുന്ന കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിന്റെ ജീര്‍ണാന്തരീക്ഷം പുനഃസ്ഥാപിച്ചായാലും മന്ത്രിസഭയെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം നടത്തുമെന്നതുറപ്പാണ്. മന്ത്രിസഭ നിലനില്‍ക്കുമോ ഇല്ലയോ എന്നതല്ല, മറിച്ച് ഈ മന്ത്രിസഭ നിലനില്‍ക്കണോ വേണ്ടയോ എന്നതാണ് ഇന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തീവ്ര ജനവിരുദ്ധ നടപടികള്‍ തുടരെ കൈക്കൊണ്ട് മുന്നോട്ടുനീങ്ങുന്ന യുപിഎ ഭരണത്തിന്റെ ഭാഗമാവുകയോ പുറത്തുനിന്നെങ്കിലും അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് സ്വന്തം പാര്‍ടിയുടെ ജനസ്വാധീനത്തിന് അന്ത്യംകുറിക്കുമെന്ന വീണ്ടുവിചാരം ഘടകകക്ഷികളിലും പിന്തുണകക്ഷികളിലും വര്‍ധിച്ചതോതില്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. അതിന്റെ പ്രതിഫലനം വരുംമാസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ഇന്നത്തെ പ്രതിസന്ധിയെ മറികടന്നാലും യുപിഎ മന്ത്രിസഭയ്ക്ക് അതിജീവനം അസാധ്യമാകുമെന്ന് കരുതേണ്ടിവരുന്നത്.

2014ലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിനുമുമ്പ് ഇടക്കാല തെരഞ്ഞെടുപ്പ് വരുമോ? ഈ ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം പറയാന്‍ അധികാരപ്പെട്ടയാള്‍ പ്രധാനമന്ത്രിയാണ്. ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുമ്പോഴാണല്ലോ സാധാരണ കാലാവധിക്കുമുമ്പ് ലോക്സഭ പിരിച്ചുവിടുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും. എന്നാല്‍, ഇവിടെ ഒരു പ്രധാനമന്ത്രി ഇക്കാര്യത്തില്‍പ്പോലും അധികാരമില്ലാതെ ഉഴലുന്നതാണ് കാണുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് റോള്‍ ഒന്നുമില്ല. അത് നിശ്ചയിക്കുക മുലായംസിങ് യാദവോ മമത ബാനര്‍ജിയോ മായാവതിയോ ഒക്കെയാണ് എന്നതാണ് സ്ഥിതി. ഇത്രമേല്‍ ദുര്‍ബലനായിരിക്കുമ്പോഴും അമേരിക്കന്‍ സമ്രാജ്യത്വത്തിന് സ്വീകാര്യമാകുന്നതും ഇന്ത്യന്‍ ജനതയ്ക്കുമേലുള്ള യുദ്ധപ്രഖ്യാപനമാകുന്നതുമായ നയനടപടികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. അതുകൊണ്ടുതന്നെ കൃഷി രംഗത്ത് മൊണ്‍സാന്റോയെ മുതല്‍ ചില്ലറ വ്യാപാരരംഗത്ത് വാള്‍മാര്‍ട്ടിനെവരെ ആനയിച്ചുകൊണ്ടും വിലക്കയറ്റത്തിന്റെ തുടര്‍പരമ്പരകള്‍ക്ക് തീകൊടുത്തും അങ്ങനെ ഭരണം നടത്തുന്നത്. ജനരോഷത്തിന്റെ തീയില്‍ വെന്തെരിഞ്ഞു ചാമ്പലാകാനാകും ഇത് തുടര്‍ന്നാല്‍ തങ്ങളുടെയും വിധിയെന്ന് ഇടയ്ക്കിടെ ഘടകകക്ഷികളും പിന്തുണകക്ഷികളും ഓര്‍മിക്കുന്നുണ്ട്. എന്നാല്‍, അടിസ്ഥാനപരമായി നയങ്ങളോട് അതില്‍ പലതിനും വിയോജിപ്പില്ലതാനും. എങ്കിലും ജനങ്ങളെ പൊള്ളിക്കുന്ന നടപടികള്‍ക്കുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ഇടയ്ക്കിടെ ശ്രമിക്കും.

യഥാര്‍ഥത്തില്‍ ആ വിദ്യയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്തുപയോഗിക്കുന്നത്. ഇത് കോണ്‍ഗ്രസിന് അറിയുകയും ചെയ്യാം. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് തീവ്രതയേറ്റിയ ആളാണ് മമത. കരാര്‍ കൃഷി സമ്പ്രദായമടക്കം ബഹുരാഷ്ട്ര കുത്തകകളെ ഇന്ത്യന്‍ കാര്‍ഷികമേഖല കൊള്ളചെയ്യാനായി ആനയിക്കുന്ന നയതീരുമാനങ്ങളുടെ പങ്കാളിയായിരുന്നു അവരും അവരുടെ പാര്‍ടിയും പിന്നീട്. അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോഴുണ്ടായത് ജനത്തെ കരുതിയല്ല. മറിച്ച്, ജനതാല്‍പ്പര്യത്തിനായി ഇടപെടുന്നത് തങ്ങളാണെന്ന പ്രതീതിയുണ്ടാകണമെന്നുകരുതിയാണ്. അതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയില്ല; ഉള്ളത് രാഷ്ട്രീയ കരുനീക്കങ്ങള്‍ മാത്രം. യഥാര്‍ഥത്തില്‍ യുപിഎയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നെങ്കില്‍ അവര്‍ അക്കാര്യം കാണിച്ച് പ്രസിഡന്റിന് കത്തെഴുതണമായിരുന്നു. അതുണ്ടായില്ല. ഉടനടി മന്ത്രിമാരെക്കൊണ്ട് രാജികൊടുപ്പിക്കണമായിരുന്നു; അതും ഉണ്ടായില്ല. എന്നുമാത്രമല്ല, മന്ത്രിമാരുടെ രാജി വെള്ളിയാഴ്ചയേ ഉള്ളൂ എന്നറിയിക്കുകയാണുണ്ടായത്. എന്തെങ്കിലും ഒരു ചെപ്പടിവിദ്യ കാട്ടി കോണ്‍ഗ്രസ് തങ്ങളെ കൂടെ നിര്‍ത്തട്ടെ എന്ന വിചാരമല്ലാതെ മറ്റൊന്നുമല്ല ഇതിനുപിന്നിലുള്ളത്. രാഷ്ട്രീയ ഗതിവിഗതികള്‍ ഒരുപക്ഷേ, മാറിമറിഞ്ഞ് തിരിച്ച് യുപിഎയിലേക്ക് പോകാനാകാത്ത അവസ്ഥ മമത ബാനര്‍ജിക്കുമുമ്പില്‍ സൃഷ്ടിച്ചേക്കാം. അത് മറ്റൊരു കാര്യം. ഏതായാലും മമതയുടെ ചിന്തയില്‍ ഇപ്പോള്‍ യുപിഎയെ തീര്‍ത്തും കൈയൊഴിയണമെന്ന ചിന്തയില്ല. ഇതേ മമത ബാനര്‍ജിതന്നെ എന്‍ഡിഎ ഭരണത്തില്‍നിന്ന് ഇറങ്ങിപ്പോയതും പിന്നീട് നിര്‍ലജ്ജം തിരിച്ചുചെന്ന് കയറിയതും ജനങ്ങള്‍ മറന്നിട്ടില്ല. സ്ഥിതപ്രജ്ഞതയില്ലാത്ത ഒരു അപക്വമതിയുടെ വികാരവിക്ഷോഭങ്ങള്‍, കാല്‍ക്കീഴില്‍നിന്ന് ഒലിച്ചുപോകുന്ന ജനപിന്തുണ പിടിച്ചുനിര്‍ത്താനുള്ള വ്യഗ്രതകള്‍ എന്നിവയല്ലാതെ അവരുടെ നിലപാടുകള്‍ക്കുപിന്നില്‍ മറ്റൊന്നുമില്ല.

എന്തായാലും ഒരുകാര്യം വ്യക്തം. യുപിഎ സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും അതില്‍നിന്ന് രക്ഷപ്പെടണമെന്നുമുള്ള ചിന്ത ഘടകകക്ഷികളിലും പിന്തുണകക്ഷികളിലും വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടാണ് വ്യാഴാഴ്ചയിലെ ദേശീയ പ്രതിഷേധത്തില്‍ അണിനിരക്കാന്‍ ഡിഎംകെ നിശ്ചയിച്ചത്. അതുകൊണ്ടാണ് മന്ത്രിസഭയ്ക്കുള്ള പിന്തുണയുടെ കാര്യത്തില്‍ മുലായംസിങ്ങിനും അദ്ദേഹത്തിന്റെ സമാജ്വാദി പാര്‍ടിക്കും തീരുമാനമെടുക്കാന്‍ രണ്ടുദിവസം വേണ്ടിവരുന്നത്. ജനരോഷത്തിനിരയാകുന്ന യുപിഎയുടെ ഭാഗമാകാന്‍ അവരും ഭയക്കുന്നു. യുപിഎ നേതൃത്വമാകട്ടെ, കുതിരക്കച്ചവടത്തിലൂടെയും കോടികളുടെ കൈക്കോഴയിലൂടെയും പ്രതിസന്ധിയെ മറികടക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ആണവക്കരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ വിശ്വാസ വോട്ട് വേളയില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ ലോക്സഭാതലത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട അനുഭവം ജനങ്ങളുടെ ഓര്‍മയിലുണ്ട്. അതിന് സമാനമായ കുതിരക്കച്ചവടത്തിന്റെ നാളുകളിലേക്കാകും ഇന്ത്യന്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഇനി നയിക്കുക.

ഇതേസമയം, വിലപേശലിനുള്ള അവസരമായി ഈ ഘട്ടത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ചെറുകക്ഷികളുമുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് അനുനയവും ഭീഷണിയുമായി വിവിധ കക്ഷികളെ നേരിടാന്‍ ഒരുങ്ങുന്നുണ്ട്. യുപിയിലെയും ബിഹാറിലെയും നേതാക്കളെ സിബിഐ അന്വേഷണം എന്ന ഭീഷണി ഉയര്‍ത്തി വരുതിക്ക് കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും; പതിവുപോലെ. ഏതായാലും 2ജി സ്പെക്ട്രം, തൊട്ടുപിന്നാലെ വന്ന കല്‍ക്കരിപ്പാടം എന്നീ മഹാകുംഭകോണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിക്കൂടിയാണ് ഡീസല്‍വില യുപിഎ മന്ത്രിസഭ വര്‍ധിപ്പിച്ചത്. അത് ഒട്ടൊക്കെ വിജയിച്ചതായി ഇപ്പോള്‍ അവര്‍ കരുതും. ഡീസലിന്റെ വിലയില്‍ നാമമാത്രമായ കുറവ് ഏര്‍പ്പെടുത്തുകയോ സബ്സിഡി പ്രകാരമുള്ള സിലിണ്ടറിന്റെ എണ്ണം രണ്ടോ മൂന്നോ വര്‍ധിപ്പിച്ചോ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാം എന്നും അവര്‍ കരുതും.

*
ദേശാഭിമാനി മുഖപ്രസംഗം 20 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുപിഎ സര്‍ക്കാര്‍ തകരുകയോ അതിജീവിക്കുകയോ ചെയ്യാം. എന്തായാലും മുങ്ങിത്താഴുന്ന കപ്പലാണ് യുപിഎ എന്നും അതില്‍നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത് എന്നും ഘടകകക്ഷികളും പിന്തുണകക്ഷികളും ചിന്തിച്ചുതുടങ്ങുന്നു എന്ന യാഥാര്‍ഥ്യം ബാക്കിയാവും. ശിഷ്ടകാലത്ത് യുപിഎയെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയുംചെയ്യും. കോണ്‍ഗ്രസ് നേതൃത്വം എന്തെങ്കിലും ചെപ്പടിവിദ്യ കാട്ടിയെന്നുവരാം; അതില്‍ മയങ്ങി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ ഭരണത്തിന് വീണ്ടും പിന്തുണ നല്‍കിയെന്നുവരാം. ഇനി മറിച്ചാണ് സംഭവിക്കുന്നത് എന്നുവയ്ക്കുക. അതിനൊപ്പം മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ടികൂടി പിന്തുണ പിന്‍വലിക്കുന്നു എന്നും വയ്ക്കുക. അപ്പോഴും ബിഎസ്പിയുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കുതിരക്കച്ചവട പ്രവീണരായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാനേജര്‍മാര്‍ ഏതറ്റംവരെയും പോകും.