ആധുനികത എന്നാല്‍ യുക്തിയുടെ ഭരണം. യുക്തിചിന്തയില്‍ ദൈവത്തിന് സ്വാധീനമില്ല- പിശാചിനും ഭൂതപ്രേതങ്ങള്‍ക്കും ഇടമില്ല. ജനാധിപത്യമാണ് മറ്റൊരു ആധുനികാദര്‍ശം. ഇവിടെ പ്രഭുവിനും ഇടമില്ല. യുക്തിസമ്പന്നരായ ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും അതിന്റെ നിറവേറലുമാണ് ആധുനികത. പേടിയില്‍നിന്ന് വിടുതി തേടുന്നവരാണ് ആധുനിക പൗരസമൂഹമായി മാറുന്നത്. എന്ത്? എന്തുകൊണ്ട്? എങ്ങനെ? എപ്പോള്‍? എവിടെ? എന്നൊക്കെ മറ്റുള്ളവരോടും തന്നോടുതന്നെയും ചോദിച്ച് ഉത്തരം തേടുന്ന വ്യക്തിയിലേക്ക് പേടി കയറില്ല. ഇപ്പോഴും പേടി അങ്ങിങ്ങായി വാഴുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കുകയും പേടി എന്ന അവസ്ഥ ഇല്ലാതായിട്ടില്ല എന്ന് ഉത്തരം നല്‍കുകയും ചെയ്യുന്ന സമീപനം ആധുനികതയുടെ ഓരങ്ങളില്‍ നില്‍പ്പുണ്ട്.
ആധുനികത പേടി മായ്ക്കാനുള്ള ഒരുമ്പെടലാണ്. പേടിയില്ലാതാകല്‍ അതിന്റെ ഭാവി മാത്രമാണ്. ആധുനികത പണി തീര്‍ന്ന ഉല്പന്നമല്ല - തുടരുന്ന പ്രവര്‍ത്തനമാണ്. പഴയ അധികാര മാതൃകകളും അനുസ്മരണ ശീലവും മുഴുവനായും ഒഴിഞ്ഞുപോയിട്ടില്ല എന്നതുകൊണ്ട് പേടിയുടെ സന്ദര്‍ഭങ്ങളും വിവക്ഷകളും മുഴുവനായും ഒഴിഞ്ഞിട്ടില്ല. പേടി കുറഞ്ഞിട്ടുണ്ട്, കുറഞ്ഞുകൊണ്ടിരിക്കയുമാണ്. "ഡ്രാക്കുള" (1897) യെ സാധ്യമാക്കിയത് ആധുനികതയ്ക്കകത്തുതന്നെയുള്ള ഈ നിലപാടാണ്. കാലത്തെ പിന്നോട്ടടിപ്പിക്കുന്ന ആഖ്യാനമല്ല ഡ്രാക്കുള. അത് പേടി പരത്തുന്ന ഒരു പുസ്തകമായിട്ടല്ല ഇന്ന് വായിക്കപ്പെടുന്നത്. പേടിയെക്കുറിച്ചുള്ള, ആധുനികതയുടെ ആദ്യത്തെ പഠനങ്ങളിലൊന്നാണ് ഡ്രാക്കുള. ഉയര്‍ന്ന സാക്ഷരതാനിലവാരം കൈവരിച്ച ഇംഗ്ലീഷ് ജനതയുടെ മുന്നിലേക്കാണ് വിക്ടോറിയന്‍ കാലത്തിന്റെ രണ്ടാംപകുതിയില്‍ ബ്രാംസ്റ്റോക്കറുടെ നോവല്‍ വന്നത്. ആ സമൂഹത്തിന്റെ പഴയ മാതൃകയ്ക്കകത്ത് ചിറകടിച്ചിരുന്ന വാംപയര്‍ ഫോക്ലോറില്‍ (കടവാതില്‍ കഥകളില്‍) നിന്ന്, അച്ചടിച്ച കൃതി എന്ന നിലയില്‍ത്തന്നെ ഡ്രാക്കുള വ്യത്യസ്തമാകുന്നുണ്ട്.
"അറിഞ്ഞിരുന്നാല്‍ ഫലം കുറഞ്ഞിരിക്കും" എന്ന തത്വം അനുസരിച്ചുകൊണ്ട് സ്വന്തമായി വായിക്കാനും വീണ്ടും വായിക്കാനും വായിച്ചറിയാനും അങ്ങനെ പേടിയെ മറികടക്കാനുമുള്ള ആഹ്വാനം ഡ്രാക്കുളയില്‍ (ഒരുപക്ഷേ, കര്‍തൃലക്ഷ്യത്തിനപ്പുറത്ത്) വന്നുചേര്‍ന്നിരുന്നു. ഡ്രാക്കുളയുടെ പാഠത്തിന് താദാത്മ്യം പ്രാപിക്കുന്ന, വികാരപ്രധാനമായ വായനയെ ചെറുക്കുന്ന ഘടനയാണുള്ളത്. ജേര്‍ണലുകള്‍, കത്തുകള്‍, വാര്‍ത്തകള്‍ എന്നിവയടങ്ങിയ ആഖ്യാനത്തിന് ഒരുതരം അന്യവല്‍ക്കരണശേഷി (ബ്രെഹ്റ്റിയനര്‍ഥത്തില്‍) സ്വാഭാവികമായും ഉണ്ട്. പേടിയുടെ പുസ്തകമായി ഡ്രാക്കുളയ്ക്ക് ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയാതിരുന്നതിന്റെ പിന്നില്‍ ഈ പാഠഘടനയ്ക്കും പങ്കുണ്ട്. വൈദ്യുതവിളക്ക് വന്നതോടെ ദുരാത്മാക്കള്‍ പോയി എന്നത് ഒരു ആലങ്കാരിക പ്രസ്താവനയാണ്. നല്ല തെളിച്ചമുള്ള വിളക്ക് ഇരുട്ടിനെയകറ്റി എന്നു പറയുന്നതിന് പകരമാണിങ്ങനെ അലങ്കരിക്കുന്നത്. ദുരാത്മാക്കള്‍ ഇരുട്ടിലുണ്ട് എന്ന് സംശയിക്കുകയും അതിന് തെളിവുപോലും തരാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്ക് ഇനി വേവലാതി വേണ്ട- ഇതാ ഈ വിളക്ക് ഇരുട്ടിനെ മുറിയില്‍ നിന്നകറ്റുന്നു എന്ന ശാസ്ത്രസമൂഹത്തിന്റെ വിളംബരമാണത്. ശരി, മുറിയില്‍നിന്ന് ഇരുട്ടിനെ അകറ്റി; പക്ഷേ അതിനപ്പുറം അതേ ഇരുട്ട് നില്‍പ്പുണ്ട്- വിളക്കണയാന്‍ കാത്തെന്നപോലെ. ഇത് യുക്തിയുടെയും കാര്യമാണ്. യുക്തി മങ്ങിത്തുടങ്ങുന്നതെന്നോ, അപ്പോള്‍ ആദ്യം കടന്നുവരിക പേടിയായിരിക്കും. ""യുക്തി കൈവിടല്ലേ"" എന്ന് ബഷീര്‍ പ്രാര്‍ഥിക്കുന്നത് "പാത്തുമ്മായുടെ ആടി"ന്റെ ആമുഖത്തില്‍ വായിക്കാം. ``Sleep of Reason breeds Monsters"" എന്നുതന്നെയാണ് ചിത്രകാരനായ ഗോയ പറഞ്ഞിരുന്നത്. ആധുനികതയുടെ ചോരയായ യുക്തിവിചാരം എല്ലാവരിലും ഒരേ തീവ്രതയില്‍ ഇല്ലെങ്കില്‍, പേടിയുടെ സഞ്ചാരം നിലയ്ക്കുകയില്ല എന്ന മുന്നറിയിപ്പാണ് ഡ്രാക്കുള.
അഭിഭാഷകനും യുക്തിയോടെ കാര്യങ്ങള്‍ കാണുന്നയാളും ഭൂമികൈമാറ്റ നിയമത്തില്‍ നല്ല അറിവുള്ളയാളുമായ ജൊനാഥന്‍ ഹാര്‍ക്കര്‍ ഒരു ആധുനിക വ്യക്തിത്വമാണെങ്കില്‍ കൗണ്ട് ഡ്രാക്കുള മുഴുവനായും ഇങ്ങനെയല്ല. ആധുനികതയ്ക്ക് ഒരു ഘട്ടത്തില്‍ (ഒരുപക്ഷേ, നെടുനാള്‍) പൂര്‍വകാലത്തിന്റെ നീക്കിബാക്കിയുമായി പോരടിക്കേണ്ടി വരും എന്ന കാര്യമാണ് ഇവരുടെ അഭിമുഖീകരണത്തില്‍നിന്ന് അറിയാനാവുന്നത്. കൗണ്ട് ഡ്രാക്കുളയുടെ രാച്ചെയ്തികള്‍ ആധുനികതയുടെ അങ്കണത്തില്‍നിന്ന് അകലാത്ത പൂര്‍വകാലത്തിന്റെ അപകട ചിഹ്നങ്ങളാണ്. ജനാധിപത്യദര്‍ശനം ആധുനികതയെ സൗഹൃദ-സംവാദങ്ങള്‍കൊണ്ട് രസകരവും സുതാര്യവും ഉപകാരപ്രദവും സര്‍ഗാത്മകവുമായി മാറുന്ന മനുഷ്യബന്ധങ്ങളുടെ കാലമായി ഭാവന ചെയ്യുന്നു. ഇത് കാര്യമായി പരക്കുന്നില്ലെങ്കില്‍ (ആധിപത്യശക്തികള്‍ക്ക് ആളുകളുടെ നല്ല അടുപ്പങ്ങള്‍ പഥ്യമല്ല) സുഹൃത്തിനെത്തന്നെ ഹിംസി ക്കാന്‍ മടിക്കാത്ത ആളിന്റെ സാന്നിധ്യത്തെയും ആധുനികതയ്ക്ക് കണക്കിലെടുക്കേണ്ടിവരും.
ആധുനികത ഉട്ടോപ്യന്‍ ആദര്‍ശമല്ല -സാധാരണ ജീവിതത്തിന്റെ കാര്യമാണ് എന്നതിനാല്‍, ഇപ്പറഞ്ഞ അപകട സൂചനകളൊന്നും ഇല്ല എന്നും എല്ലാവരും എപ്പോഴും നല്ലവരാണ് എന്നും തിട്ടപ്പെടുത്തി വയ്ക്കാനാവുകയില്ല. അതിഥിയുടെ മുഖത്ത് ഇത്തിരിച്ചോര പൊടിയുന്നത് കാണുമ്പോള്‍ ഹിംസാ വാസന ഉണരുന്ന ഡ്രാക്കുളപ്രഭു, സൗഹൃദത്തിന്റെ ശക്തിയിലേക്ക് അധികാരശക്തിയെ വിവര്‍ത്തനം ചെയ്യാനാവാത്ത (മധ്യകാലത്തിന്റെ) അവശിഷ്ട വ്യക്തിത്വമാണ്. "ഡ്രാക്കുള" എന്ന കവിതയില്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്, 2005) പ്രഭുവിനെ നരകത്തിലെ ക്ഷുദ്രപ്രവാചകനും നീചകാമത്തിന്റെ നിതാന്തനക്തഞ്ചരനും രക്തദാഹത്തിന്റെ നിത്യപ്രഭുവും ഭ്രൂണഭക്ഷകനായ പുരോഹിതനുമായി വാഴിക്കുന്നു. ഇപ്പറയുന്ന ക്രൗര്യം, പക്ഷേ ഡ്രാക്കുള പ്രഭുവിന്റേത് മാത്രമല്ല. പാപത്തിലിഴയുന്നവനായ ആഖ്യാതാവിനാണ് (ഞാന്‍) അയാളെ വിളിച്ചുണര്‍ത്തേണ്ടി വരുന്നത്. "എനിക്ക്" ശരിക്കും ആധുനികത കല്പന ചെയ്ത മാനവികതയിലേക്ക് കടക്കാനായിട്ടില്ല. "എന്റെ" തുടര്‍സ്വത്വമാണ് ഡ്രാക്കുള. കവിതയുടെ അതിനാടകീയത (`dramaticula" എന്നാണ് ഈ കവിതയെ വിളിക്കേണ്ടതെന്ന് എ സി ശ്രീഹരി ഒരു സ്വകാര്യ സന്ദേശത്തില്‍) ഈ ബന്ധത്തെ മറച്ചുപിടിക്കുന്നുണ്ടാവാമെന്നേയുള്ളൂ. "എന്നെ"പ്പോലുള്ളവര്‍ ബാക്കിയാവുന്നിടത്തോളം ഒരു സൂക്ഷ്മപ്രമാണം എന്ന നിലയില്‍ത്തന്നെ ഡ്രാക്കുള" തുടരുന്നതാണ്. ഇതിന് പേടിയുമായി വലിയ ബന്ധമില്ല. തിന്മയുടെ നാടകീകരണമാണ് ഇതിലുള്ളത്. മാനവികതയിലേക്ക് ഉണരാത്ത ഇത്തരം ആള്‍പ്രകൃതങ്ങള്‍ ആധുനികതയെ ദുര്‍ബലമാക്കും എന്ന സിഗ്നലാണ് ഡ്രാക്കുളക്കോട്ടയില്‍നിന്നുയരുന്നത്. ഇന്നും പേടിയുണ്ട് (ആരോ പറഞ്ഞതുപോലെ, അഡ്രിനാലിന്‍ വ്യവസ്ഥ ശരീരത്തിലുള്ള കാലം വരെ പേടിയുണ്ടാവും).
ഇന്നത്തെ പേടി മധ്യകാലത്തുണ്ടായിരുന്നയിനം പേടിയല്ല. അമിതാധികാരവെറി മൂത്ത ഭരണകൂടങ്ങളും കൂട്ടങ്ങളും പ്രയോഗിക്കുന്ന ഹിംസയെക്കുറിച്ചുള്ള വിചാരമാണ് ഇന്ന് പേടിയുടെ ഒരു വലിയ ഉള്ളടക്കം. മധ്യകാലത്തെ പേടിയെപ്പോലെ അയുക്തികമല്ല ഇത്. വിമാനത്തില്‍നിന്നുള്ള ബോംബിടലിന്റെ ഭീകരത നേരില്‍ കണ്ട കുട്ടിക്ക് പേടിയുണ്ട്. ""അമ്മേ, നമുക്ക് ആകാശമില്ലാത്ത എവിടേക്കെങ്കിലും പോകാം"" എന്ന് ആ കുട്ടി പറയുന്നു. ഇത് പഴയതരം പേടിയല്ല- സമകാലികമായ രാഷ്ട്രീയ പ്രതികരണമാണ്. അതിലെ വിമര്‍ശനം തള്ളിക്കളയാനാവില്ല. ഡ്രാക്കുളയുടെ വായനയെ പേടിയുടെ പ്രകൃതത്തില്‍ വന്നിട്ടുള്ള ഈ മാറ്റം സ്വാധീനിക്കുന്നുണ്ട്.
പേടി ചിത്രീകരിച്ച്, പേടി ഉ ല്പാദിപ്പിച്ച് വിവിധ ഭാഷകളിലെ ആയിരക്കണക്കിനാളുകളെ ബാധിച്ച ഈ നോവല്‍, പേടിയുടെ ദീര്‍ഘചരിത്രത്തിലെ ഒരു ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. പേടിയെ അതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു -പഠന വസ്തുവാക്കിയിരിക്കുന്നു. അങ്ങനെ മനസ്സിലാക്കുമ്പോള്‍ ഡ്രാക്കുള പേടിയകറ്റാനുള്ള സാംസ്കാരികോപാധിയായി മാറും. ഡ്രാക്കുള വന്നതിന് ശേഷം ഹൊറര്‍ എന്നത് ഒരു കലാവിഷയമായി; ഹൊറര്‍ ചലച്ചിത്ര ങ്ങള്‍ ധാരാളമുണ്ടായി. കംപ്യൂട്ടര്‍ ആനിമേഷന്‍ സാധ്യതകള്‍ കൂടിയതോടെ ഭാവനയെയൊക്കെ ദൃശ്യമായി മാറ്റാന്‍ കഴിഞ്ഞു. വന്‍ സാമ്പത്തികാടിത്തറയുള്ള സംസ്കാരക്കച്ചവടമായി ഹൊറര്‍ ചലച്ചിത്രങ്ങള്‍ മാറിയിട്ടുണ്ട്. ടെലിവിഷന്‍ സംപ്രേഷണാവകാശക്കച്ചവടം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. പൂര്‍വികര്‍ ഇരുട്ടിനെ പേടിച്ചു. നാം തിയേറ്റിലെ ഇരുട്ടിനായി പേടിയുണ്ടാക്കുന്നു -അവിടെയിരുന്ന് പേടി ആസ്വദിക്കുന്നു- പുറത്തുവന്ന് പേടിയുണ്ടാക്കിയ ദൃശ്യസങ്കേതങ്ങ ളെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ഇതു വലിയ മാറ്റമാണ്.
ക്രിസ്റ്റഫര്‍ ലീയുടെ പഴയകാല ഡ്രാക്കുളച്ചിത്രങ്ങള്‍ കണ്ട ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് ഈ ഹൊറര്‍ ഹ്യൂമറാണെന്നാണ്. ഹൊററിനെ, ശരിക്കും ഫലപ്രദമാക്കാന്‍ (ആര്‍ടിസ്റ്റിക്കാക്കാന്‍ എന്നാണ് അയാള്‍ പറഞ്ഞത്) എന്തൊക്കെയാണ് ഇന്ന് വേണ്ടത് എന്ന് ആ കംപ്യൂട്ടര്‍ വിദഗ്ധന് അറിയാം. പേടിപ്പിക്കാനുള്ള ഡ്രാക്കുളയുടെ കഴിവ് ഹിറ്റ്ലറുടെ വിഷവാ(പാ)തകശാലകളോടെ ഇല്ലാതായി എന്ന സിദ്ധാന്തവും നിലവിലുണ്ട്. ഫാഷിസ്റ്റുകള്‍ ആളുകളെ കൊല്ലുക മാത്രമല്ല - ജഡങ്ങള്‍കൊണ്ട് ഭീകരമായ കാഴ്ചകളും ഉണ്ടാക്കും. ഗുജറാത്തില്‍ (Gujariot" ല്‍ എന്നും) കണ്ടത് അതാണ്. പേടി പരത്തി ഭരിക്കുക എന്നതാണതിലെ താല്‍പര്യം. കൂടുതല്‍ ഹിംസിക്കുന്നവര്‍ ജനങ്ങളെ കൂടുതല്‍ പേടിക്കുന്നവരുമാണ്. കുറേയാളുകളെ ഭീകരദൃശ്യങ്ങളായ ജഡങ്ങളാക്കുന്നതിലൂടെ അതിലും കൂടുതലാളുകളെ വരുതിക്ക് നിര്‍ത്താം എന്ന് അവര്‍ വിചാരിക്കുന്നു. പേടിപ്പിക്കല്‍ ചീത്ത രാഷ്ട്രീയത്തിന്റെ ആയുധമാവുന്നത് അങ്ങനെയാണ്. ""ചിത്തയേഥാ ഭയശൂന്യ"" - സ്വാതന്ത്ര്യവും ജനാധിപത്യവും പുലരുന്ന ഒരു നാടിന്റെ മനസ്സിനെ ടാഗോറിന്റെ ഗീതം ഇങ്ങനെയാണല്ലോ നിര്‍വചിക്കുന്നത്.
ഡ്രാക്കുള യൂറോപ്യന്‍ പാഠമാണെങ്കിലും അത് ഏതാണ്ടെല്ലാ സമൂഹങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ടാവണം. വാമൊഴിയായും ആ അച്ച ടിക്കഥ പരന്നു. അതിന്റെ ചലച്ചിത്ര രൂപങ്ങള്‍ക്കും ചിത്രകഥകള്‍ക്കും കാര്യമായ വ്യാപനമുണ്ടായിട്ടുണ്ട്. അതിനാല്‍ ഡ്രാക്കുള പേടിയനുഭവത്തിന്റെ, ഹൊററിന്റെ, വ്യക്തിഗത ഹിംസയുടെ മാനദണ്ഡമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആണവയുദ്ധത്തിലുണ്ടാകാവുന്ന മനുഷ്യനാശത്തിന്റെ അളവ് കുറിക്കാനുള്ള ഏകകമായി ഹിരോഷിമയെ സങ്കല്പിക്കാം എന്നുപറയുന്നതുപോലെ (ഒരു ബോംബിന്റെ സംഹാരശക്തിയളക്കാനുള്ള യൂണിറ്റാണ് ഹിരോഷിമ).
സ്വന്തം സ്വന്തം നാടുകളിലെ ഹിംസയെക്കുറിച്ചും ക്രൗര്യത്തെക്കുറിച്ചും ആലോചിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മഹാഖ്യാനമാണ് ഇന്ന് ഡ്രാക്കുള. ഒരു ക്രൂരന്‍ ഇത്ര ഡ്രാക്കുളയാണെന്ന് ഒരാള്‍ മാര്‍ക്കിട്ടേക്കാം. ഡ്രാക്കുള അമ്മട്ടില്‍ കാനോനീകൃത മായിരിക്കുന്നു. ഒരു മലയാളി, ഐതിഹ്യമാലയില്‍ ശക്തന്‍ തമ്പുരാന്റെ കഥ വായിക്കുമ്പോള്‍ ഡ്രാക്കുളാനുഭവം താരതമ്യത്തിനെടുത്തേക്കാം. ചില കഥാംശങ്ങള്‍ ചുരുക്കിയെഴുതുന്നു:
(ഒന്ന്) താന്‍ പിടികൂടിയ ജാരന്റെ ദേഹത്ത് മുഴുവന്‍ തിരിത്തുണി ചുറ്റി എണ്ണ ഒഴിച്ച് നച്ച് തീക്കൊളുത്തി.
(രണ്ട്) പാറമേക്കാവ് വെളിച്ചപ്പാടിന്റെ തലയില്‍ തന്റെ പള്ളിവാള്‍ വച്ച് ചിലമ്പുകൊണ്ട് മുട്ടിയിറക്കി. ശരീരം വിലങ്ങനെ രണ്ടായിപ്പിളര്‍ന്ന് നിലത്തേക്ക് വീണു
(മൂന്ന്) തന്റെ ഒരു പിറന്നാളിന് ഉച്ചയൂണ് കഴിക്കാന്‍ തമ്പുരാന്‍ സമയത്തിന് വന്നില്ല. കുറച്ചേറെ സമയം കഴിഞ്ഞ് എത്തി. എന്തേ താമസിച്ചത് എന്ന് ഇളയമ്മത്തമ്പുരാട്ടി ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു: ""കുളിക്കാനായിട്ടു പുറപ്പെട്ടപ്പോള്‍ ഒരു മാപ്പിള പശുവിനെ അറുത്തു എന്നു കേട്ടു. എണ്ണക്കൈയോടെ പോയി അവനെ കൊന്നശേഷം കുളിച്ചുവരാന്‍ സ്വല്പം താമസം പറ്റിപ്പോയി"".
(നാല്) തന്റെ അനുചരന്മാരായ കുതിരപ്പക്ഷി, കുഞ്ചിക്കുട്ടി, വൈക്കം പിള്ള എന്നിവരെ ആരും അപായപ്പെടുത്താതിരിക്കാന്‍ ഒരു മാന്ത്രികനെക്കൊണ്ട് സ്വര്‍ണത്തില്‍ "രക്ഷ"യെഴുതിച്ച് അവരുടെ തുട കീറി അതിനകത്ത് വെപ്പിച്ചു.
(അഞ്ച്) ഒന്നിച്ചു പിടികൂടിയ കള്ളന്മാരെ കിഴവനച്ചാല്‍ എന്ന സ്ഥലത്തെ കടലില്‍ കെട്ടിത്താഴ്ത്തി.
ശക്തന്‍ തമ്പുരാന്‍ എത്രയളവ് ഡ്രാക്കുളയാണ് എന്നാലോചിക്കാന്‍ ഇന്നത്തെ വായനക്കാരന് അവകാശമുണ്ട്. വിചിത്രമായ ക്രൗര്യം പതയുന്ന സംഭവങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ് അതിന്റെ പേടിയില്‍ ജനങ്ങള്‍ അടങ്ങിക്കഴിയും എന്ന വിചാരമാണ് തമ്പുരാന് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം ഈ ചോരപ്പണിയില്‍ തുടരെ ഏര്‍പ്പെട്ടതായിക്കാണാം. അടങ്ങിയൊതുങ്ങിക്കഴിയുന്ന പ്രജകള്‍ തന്നെ നിരാശനാക്കുമെന്നുപോലും തോന്നിപ്പിക്കുന്ന തരത്തിലാണ് ക്രൗര്യത്തില്‍ രാജാവ് കാണിച്ച ശ്രദ്ധയും സാമര്‍ഥ്യവും. ഡ്രാക്കുളീയത തമ്പുരാനില്‍ ശക്തമായി അടങ്ങിയിരുന്നുവോ?
ഈ ലേഖകന്‍ ഡ്രാക്കുള ആദ്യം വായിച്ചത് അടിയന്തരാവസ്ഥയുടെ കാലത്താണ്. ആ ഹൈ സ്കൂള്‍ കുട്ടിക്ക് ആ കാലത്തിന്റെ ചില കാര്യങ്ങള്‍കൂടി ആ പുസ്തകത്തില്‍നിന്ന് എങ്ങനെയെല്ലാമോ വായിച്ചറിയേണ്ടിവന്നു.
*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

2 comments:

Drakkula എന്ന കവിതയിലെ പാഠന്തരതയെ പറ്റി വിശദമാക്കാമോ?
Post a Comment