Saturday, September 29, 2012

ചൂതാട്ടത്തെ ചെറുക്കാന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ല്‍ ലോട്ടറിത്തൊഴിലാളി ക്ഷേമനിധി നിയമം കൊണ്ടുവരികയും ലോട്ടറി നവീകരിക്കുകയും ചെയ്തതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നു. കേരള ഭാഗ്യക്കുറി കര്‍ശനമായി നിയമവ്യവസ്ഥകള്‍ പാലിച്ചതുകൊണ്ട് ലോട്ടറി മാഫിയകള്‍ക്ക് നിയന്ത്രണം വന്നു. കോടതിയുടെ ഇടപെടലുമുണ്ടായി. ഫലത്തില്‍ എല്‍ഡിഎഫിന്റെ കാലത്ത് 2010 സെപ്തംബര്‍ ഒന്നുമുതല്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിച്ചു. ലോട്ടറി മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കിയത് കേന്ദ്രസര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും മാത്രമാണ്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെങ്കിലും ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. മാര്‍ട്ടിനെപ്പോലുള്ളവര്‍ക്ക് പ്രചോദനം മണികുമാര്‍ സുബ്ബയെന്ന ലോട്ടറി മാഫിയാ സംഘത്തലവനാണ്. എഐസിസിയുടെ തെരഞ്ഞെടുപ്പു ഫണ്ടില്‍ 5000 കോടിവരെ സംഭാവന നല്‍കുന്ന ചൂതാട്ട ലോട്ടറി സംഘമാണ് ഇക്കൂട്ടരെന്ന് നേരത്തെ വ്യക്തമായതാണ്.

മാര്‍ട്ടിന് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 2004ല്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിക്കും 2005ല്‍ പേപ്പര്‍ ലോട്ടറിക്കും രജിസ്ട്രേഷന്‍ നല്‍കി. അന്നുമുതലാണ് കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം ആരംഭിക്കുന്നത്. ജനരോഷം ശക്തിപ്പെട്ടപ്പോള്‍ യുഡിഎഫിന് 2005ല്‍ കേരള ഗെയിങ് ആക്ടിലെ 2-1 (ബി) വകുപ്പില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കേണ്ടി വന്നു. എന്നാല്‍, 2010 ഏപ്രില്‍ 1 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ചട്ടം കൊണ്ടുവന്നു. പ്രസ്തുത ചട്ടത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കി. "98ലെ നിയമത്തിന് ചട്ടം കൊണ്ടുവരുന്നത് 2010ല്‍; 12 വര്‍ഷത്തിനുശേഷം. അതാകട്ടെ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടിയും. ഈ ചട്ടം വന്നപ്പോള്‍ 2010 ഏപ്രില്‍ 28ന് കേരള ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.

കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരോടൊപ്പം കേന്ദ്രമന്ത്രി പി ചിദംബരത്തെ കണ്ട് ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു. നിഷേധനിലപാടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. ലോട്ടറി മാഫിയകള്‍ക്ക് അനുകൂലമാണ് കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടെന്ന് പകല്‍പോലെ ഒരിക്കല്‍ക്കൂടി വ്യക്തമായി. നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറി അനുവദനീയമാണ്. അത് ഒരു സംസ്ഥാനത്തു മാത്രം നിരോധിക്കാനാകില്ല എന്നതായിരുന്നു കേന്ദ്രനിലപാട്. 2011 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രണ്ടുതരം ലോട്ടറിയും അനുവദിക്കാന്‍ ശ്രമം നടന്നുവരികയാണ്- പേപ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും. കേന്ദ്രത്തിലാണെങ്കില്‍ ചിദംബരം ശക്തനായ മന്ത്രിയാണു താനും. ലോട്ടറി മാഫിയകളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ചിദംബരവും മനു അഭിഷേക്സിങ്വിയും സംസ്ഥാനത്ത് ഗോവന്‍ ലോട്ടറിക്കും ഓണ്‍ലൈന്‍ ലോട്ടറിക്കും വേണ്ടി ചരടുവലിക്കുന്നു. സംസ്ഥാന നിയമവകുപ്പ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. 2012 സെപ്തംബര്‍ 25നു ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഡയറക്ടര്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം വീണ്ടും വരാനിടയുണ്ടെന്നും യൂണിയനുകള്‍ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പേപ്പര്‍ ലോട്ടറിയില്‍ നിയമവ്യവസ്ഥ പാലിച്ച് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കേരള ഭാഗ്യക്കുറിയും നിയമം ലംഘിച്ചുനടത്തുന്ന അന്യരാജ്യ-അന്യസംസ്ഥാന ലോട്ടറികളുമുണ്ട്. അന്യരാജ്യ- അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികള്‍ ചൂതാട്ടമായാണ് നടത്തുന്നത്. അതുകൊണ്ട് കേരളത്തില്‍ കേരള ഭാഗ്യക്കുറി മാത്രം മതി. ഇതിനെല്ലാമായി കേന്ദ്രനിയമം ഭേദഗതി ചെയ്യണം. യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമോ? വികലാംഗരും വൃദ്ധരും രോഗികളുമായ രണ്ടുലക്ഷത്തിലധികം വരുന്നവരുടെ ഉപജീവനമാര്‍ഗമാണ് കേരള ഭാഗ്യക്കുറി. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ലോട്ടറി സമ്പൂര്‍ണമായി നിരോധിച്ചു. നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു. ലോട്ടറി പുനഃസ്ഥാപിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് 2010 ആഗസ്ത് 30ന്റെ കോടതിവിധിയെ തുടര്‍ന്ന് ആഴ്ചയില്‍ ഒന്നായി കേരള ഭാഗ്യക്കുറി പരിമിതപ്പെട്ടു. ഇതും തൊഴിലാളികളുടെ തൊഴിലും കൂലിയും കുറയ്ക്കാനിടയാക്കി. വീണ്ടും സെക്രട്ടറിയറ്റ് ലോട്ടറിത്തൊഴിലാളികളുടെ സമര കേന്ദ്രമായി. 2011 മെയ് നാലിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്രകാരം കേരള ഭാഗ്യക്കുറി പ്രതിദിനമാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പു വേളയായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പ്രതിദിന നറുക്കെടുപ്പ് പുനഃസ്ഥാപിക്കാനായില്ല. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലോട്ടറി പ്രതിദിനമാക്കി പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. 2011 ആഗസ്ത് ഒന്നിനു പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ചു. ഒരുകാര്യം വ്യക്തമാണ് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ലോട്ടറിയുടെ സമ്പൂര്‍ണ നിരോധനം പ്രായോഗികമല്ല. എന്നാല്‍, നിയമം ലംഘിച്ചുള്ള ചൂതാട്ട ലോട്ടറി തടയുക തന്നെ വേണം. അന്യരാജ്യ- അന്യസംസ്ഥാന ലോട്ടറികള്‍ പലതും ചൂതാട്ടമായാണ് നടത്തിവരുന്നതെന്ന് മുന്‍കാല അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് ചൂതാട്ട ലോട്ടറിക്കെതിരാണ്. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകളും ചൂതാട്ട ലോട്ടറിക്കെതിരാണ്. കേരളീയ സമൂഹം പൊതുവില്‍ ചൂതാട്ടത്തിനെതിരാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയവും നിയമവും ചൂതാട്ടക്കാര്‍ക്ക് സഹായമാണ്. ഒന്നരവര്‍ഷമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിയില്ല. എന്നാല്‍, ചൂതാട്ടം പൂര്‍ണമായി അവസാനിച്ചെന്നു പറയാനാകില്ല. 2005ലേതുപോലെ വ്യാപകമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിക്കാനുള്ള നീക്കം ചില ലോബികള്‍ നടത്തുന്നുണ്ട്. പുതിയ മാര്‍ട്ടിന്‍മാര്‍ രംഗത്തുവന്നു. അതാണ് എഴുത്തുലോട്ടറിയെന്ന പുതിയ ചൂതാട്ടം. കംപ്യൂട്ടര്‍ പ്രിന്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും വിതരണം ചെയ്താണ് ഇപ്പോള്‍ ചിലത് നടത്തുന്നത്. ലോട്ടറിവകുപ്പിന്റെ അന്വേഷണത്തില്‍ ചില വന്‍കിട ഏജന്റുമാര്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ഇത്തരക്കാരുടെ പേരില്‍ കര്‍ശനടപടി സ്വീകരിക്കണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന 1267 കോടിയാണ്. സര്‍ക്കാര്‍ ലാഭം 515 കോടിയും. ഇത് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരട്ടിയോളം വരും. ഇനിയും വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയും. അതിന് ടിക്കറ്റിന്റെ അച്ചടി 50 ലക്ഷമാക്കണം. ജീവനക്കാരെ അധികം നിയമിക്കണം. താലൂക്കുതല വില്‍പ്പനകേന്ദ്രങ്ങള്‍ ആരംഭിക്കണം. ചെറുകിട ഏജന്റുമാര്‍ക്ക് യഥേഷ്ടം ടിക്കറ്റ് ലഭ്യമാക്കണം, കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ചൂതാട്ട ലോട്ടറിക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

എല്‍ഡിഎഫിന്റെ കാലത്ത് 35 ശതമാനം കമീഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ 27 മുതല്‍ 30 ശതമാനം വരെ മാത്രമാണ്. ഏജന്‍സി കമീഷന്‍ വര്‍ധിപ്പിക്കണം. കാരുണ്യ പോലെ മറ്റു ലോട്ടറികളുടെയും സമ്മാനഘടന ആകര്‍ഷകമാക്കണം. കാരുണ്യ ചികിത്സാ പദ്ധതിയില്‍ ലോട്ടറിത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കണം. കുടിശ്ശിക വരുത്തിയ മുഴുവന്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും അംശാദായം അടയ്ക്കാന്‍ അനുമതി നല്‍കണം. പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കണം. വിദ്യാഭ്യാസ-ചികിത്സ-മരണാനന്തര കുടുംബസഹായം വര്‍ധിപ്പിക്കണം. വീട്- വാഹന വായ്പാ പദ്ധതി നടപ്പാക്കണം.

ലോട്ടറിയുടെ ലക്ഷ്യം വരുമാനം മുഴുവന്‍ ഖജനാവില്‍ പണം എത്തിക്കാന്‍ മാത്രമാകരുത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനാകണം. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. കേരള ഭാഗ്യക്കുറി വില്‍പ്പന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണം. പരസ്യം ഉള്‍പ്പെടെ ചില കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച് പടിപടിയായി ടിക്കറ്റ് അച്ചടിയും നടത്തിപ്പും സ്വകാര്യവല്‍ക്കരിക്കാനും ഫ്രാഞ്ചൈസി വഴിയാക്കാനും ചില നീക്കങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ട്. അതിനെയൊക്കെ ചെറുത്തു പരാജയപ്പെടുത്താന്‍ ലോട്ടറി മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമാണ്. ആദിവാസികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി സിഐടിയു മാറി. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) 3-ാം സംസ്ഥാനസമ്മേളനം കോട്ടയത്ത് സെപ്തംബര്‍ 29, 30 തീയതികളില്‍ നടക്കുമ്പോള്‍ രാജ്യവ്യാപകമായി യോജിച്ച സമരത്തിന്റെ പാതയിലാണ് തൊഴിലാളിവര്‍ഗം.

*
എം വി ജയരാജന്‍ ദേശാഭിമാനി 29 സെപ്തംബര്‍ 2012

No comments: