Friday, September 28, 2012

മൃത്യുവിന്റെ ഗുഹയില്‍ വിരിഞ്ഞ പുഷ്പങ്ങള്‍

1975 ഒക്ടോബര്‍ 27ന് വയലാര്‍ അന്തരിച്ചു; 47ാമത്തെ വയസ്സില്‍. വയസ്സിന്റെ കണക്കില്‍ നോക്കിയാല്‍ വളരെ നേരത്തെ. പക്ഷേ ഈ ചെറുപ്രായത്തില്‍തന്നെ ഒരായുസ്സില്‍ ചെയ്യാന്‍ കഴിയുന്നത്രയും അദ്ദേഹം നമുക്കായി തന്നു. കവിതകളും ഗാനങ്ങളും ഒക്കെയായി. ചിന്തകളുടെ ലോകം കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്. സിനിമാ, നാടകഗാനലോകത്ത് അദ്ദേഹമുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍. പാട്ടിനെ കവിതയോടും സംഗീതത്തോടും അടുപ്പിച്ചുനിര്‍ത്തിയ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ മലയാളി മറക്കും? കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബായില്‍ നിസാര്‍ സെയ്ദ് എന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതായത് മലയാള സിനിമയുടെ 75ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായി. 75 വര്‍ഷത്തെ മലയാള സിനിമയില്‍നിന്ന് എസ്എംഎസിലൂടെ തെരഞ്ഞെടുക്കുന്ന കലാകാരന്മാര്‍ക്ക് അവാര്‍ഡു നല്‍കല്‍. അതായിരുന്നു പരിപാടി. ഏറ്റവും നല്ല ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടത് വയലാറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഏത് തലമുറയില്‍പ്പെട്ട മലയാളിക്കും സുപരിചിതനാണ് വയലാര്‍. കവിയായ വയലാറിനെ അറിഞ്ഞുകൂടാത്തവര്‍ക്കുപോലും ഗാനരചയിതാവായ വയലാറിനെ അറിയാതിരിക്കില്ല. കുട്ടിക്കാലത്ത് ഞാന്‍ കേട്ട പാട്ടുകളില്‍ അധികവും വയലാറിന്റേതും പി ഭാസ്കരന്റേതുമായിരുന്നു. നാടകഗാനങ്ങളില്‍ ഭൂരിപക്ഷവും ഒ എന്‍ വിയുടേതും. പാടിയ പാട്ടുകളധികവും പി ഭാസ്കരന്റേത്. സ്ത്രീശബ്ദത്തില്‍ പാടുന്ന കുട്ടിക്കാലത്ത് എസ് ജാനകിയുടെ പാട്ടുകളാണ് അധികവും പാടിയിരുന്നത്.

താമരക്കുമ്പിളല്ലോ മമഹൃദയം തുടങ്ങിയ ഗാനങ്ങള്‍. അധികവും ഭാസ്കരന്‍ മാസ്റ്റരുടെ രചനയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പാട്ടില്‍ എന്റെ പ്രധാന പ്രതിയോഗി അശോകന്‍ എന്ന സുഹൃത്തായിരുന്നു. ""കണ്ണുതുറക്കാത്ത ദൈവങ്ങളെ"" എന്ന വയലാര്‍, ബാബുരാജ്, സുശീല ഗാനമായിരുന്നു അവന്‍ അധികവും പാടിയിരുന്നത്. സിനിമാപ്പാട്ടുകള്‍ മത്സരങ്ങള്‍ക്കായി പാടുന്നതില്‍ അന്ന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല. സിനിമാപ്പാട്ടുകള്‍ പാടില്ല എന്ന നിയമം എന്തിനാണ് കൊണ്ടുവന്നതെന്ന് അറിയില്ല. സിനിമയ്ക്ക് പുറത്ത് പുതിയ പുതിയ ലളിതഗാനങ്ങള്‍ ഉണ്ടാവട്ടെ എന്ന് കരുതിയാവാം. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. ഒരു വര്‍ഷം സമ്മാനം കിട്ടിയതിന്റെ പിന്‍പറ്റിപ്പോവുക മാത്രമാണ് മത്സരവേദി ചെയ്തത്. മത്സരത്തിനു വേണ്ടിയുള്ള പ്രത്യേക അച്ചുണ്ടാക്കി പാട്ടിനെ അതില്‍ വാര്‍ത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. സിനിമാപ്പാട്ടുകള്‍ പാടുന്ന കാലത്ത് ആ പ്രശ്നമില്ലായിരുന്നു. നമ്മുടെ യുവജനോത്സവത്തിന്റെ വ്യാകരണരചയിതാക്കള്‍ എന്തെങ്കിലും കാര്യങ്ങള്‍ ഇതില്‍ കണ്ടിരിക്കാം എന്നല്ലാതെന്ത് പറയാന്‍. വയലാറിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു മലയാളിക്ക് ഉറങ്ങാനോ ഉണരാനോ പ്രവൃത്തിക്കാനോ കഴിയുമായിരുന്നില്ല.

സാഹിത്യഭംഗിയുള്ള പാട്ടുകള്‍. അന്നത്തെ മലയാളി സമൂഹം എത്ര ആദരവോടെയാണ്, എത്ര സ്നേഹത്തോടെയാണ് ഈ കവിയെ സ്വീകരിച്ചത്. അന്നാണെങ്കില്‍ കവിക്ക് എഴുത്തിനപ്പുറം ഒന്നും ഇല്ല. മാധ്യമ പിന്‍ബലത്തിലൊന്നും ആളാവാന്‍ കഴിയില്ലല്ലോ. വല്ലപ്പോഴും റേഡിയോവില്‍ വരുന്ന ഈ പാട്ടുകളെല്ലാം മലയാളി ഹൃദിസ്ഥമാക്കി. ഞങ്ങളെപ്പോലുള്ളവര്‍ പാടുമ്പോള്‍ വാക്കുകളും ഉച്ചാരണവും ഒക്കെ അവര്‍ ശ്രദ്ധിച്ചു. തെറ്റുമ്പോള്‍ അത് തെറ്റ് എന്നു വിളിച്ചുപറഞ്ഞു. ഇപ്പോള്‍ അതൊക്കെമാറി. പാട്ടെഴുത്തത് സാങ്കേതിക വിദ്യയായി മാറി. എന്നിട്ടും നല്ല പാട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്നത് മറ്റൊരു കാര്യം. ഒരുപാട് വിസ്തൃതിയുള്ള വയലാറിന്റെ ഗാനപ്രപഞ്ചത്തെ വിശദീകരിക്കുവാനോ അപഗ്രഥിക്കുവാനോ അതിനൊരാസ്വാദനം എഴുതുവാനോ അല്ല ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന കാലത്തെക്കുറിച്ചുള്ള ചില ഓര്‍മകള്‍ അയവിറക്കുകമാത്രം. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഞാന്‍ ആ കാലത്ത്. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും സംഗീത കോളേജില്‍ രാഷ്ട്രീയമുള്ള അപൂര്‍വം വിദ്യാര്‍ഥികളില്‍ ഒരാള്‍. വയലാറിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ എന്നിലെ രാഷ്ട്രീയബോധവും ഉണരും. വെറും സിനിമാപ്പാട്ടെഴുത്തുകാരനല്ല എനിക്കദ്ദേഹം. അദ്ദേഹത്തിന്റെ പാട്ടുകളിലെ രാഷ്ട്രീയം, മതേതരത്വം എല്ലാം ഞങ്ങളുടെ ചര്‍ച്ചയ്ക്ക് വിഷയമാവും. ചിലപ്പോള്‍ അനവസരങ്ങളില്‍ പോലും തന്റെ ആശയങ്ങള്‍ പാട്ടിലൂടെ, കഥാപാത്രങ്ങളുടെ ചുണ്ടുകളിലൂടെ ജനമധ്യത്തില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കലാകാരനെ വിലയിരുത്താന്‍ വെറും ഒരു മതിപ്പ് മാത്രം പോരാ എന്ന് അന്നേ തോന്നിയിരുന്നു. പലരും പ്രശസ്തിയുടെ അടിസ്ഥാനത്തിലുള്ള മതിപ്പുകള്‍ മാത്രമാണ് കൊണ്ടുനടന്നിരുന്നത്. എന്തുകൊണ്ട് എന്ന ചോദ്യം അന്നും സ്വയം ചോദിച്ചിരുന്നതിന്റെ പ്രധാന കാരണം ഉള്ളിലെ രാഷ്ട്രീയം തന്നെയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

വയലാറിനെ പൊതുവേദികളിലൊന്നിലും കാണാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടില്ല. അതിനിടയ്ക്ക് ഗുരുവായൂരമ്പലവമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വന്നത് ഓര്‍ക്കുന്നു. പൊതുവെ ഭക്തനല്ലാത്ത വയലാറാണ് മലയാളത്തിലെ നല്ല ഭക്തിഗാനങ്ങളെഴുതിയത്. ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചുമൊക്കെ എഴുതിയ ഗാനങ്ങള്‍ ഇന്നും നമ്മുടെ പ്രാര്‍ഥനാഗീതങ്ങള്‍ തന്നെ. അതെന്നും നിലനില്‍ക്കുകയും ചെയ്യും. ""ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും"" എന്ന ഗാനം യേശുദാസിന്റെ ഒരു മുദ്രാവാക്യമായിട്ടാണ് മലയാളി കണ്ടത്. അദ്ദേഹത്തിന്റെ ഈ ജീവിതാഭിലാഷവുമായി ബന്ധപ്പെട്ട് നാം ഒരുപാട് ആവശ്യവും അനാവശ്യവുമായ ചര്‍ച്ചകള്‍ നടന്നിയിട്ടുണ്ട്. ഗുരുവായൂരില്‍ യേശുദാസിനെ കയറ്റാമോ എന്ന ചര്‍ച്ച ഇന്നും നടക്കുന്നു. പൊതുസമൂഹത്തില്‍ അത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ശബരിമലയിലും മൂകാംബികയിലും പോകുന്ന യേശുദാസിനെ നാം കണ്ടിട്ടുണ്ട്. പിന്നെ ഗുരുവായൂരും ആയാലെന്താ എന്ന ചോദ്യം പലരും ഉന്നയിക്കുന്നു. എല്ലാം ഒന്നാണെന്ന് പറയുന്ന ഈ കലാകാരന് പിന്നെ ഗുരുവായൂരില്‍ പോയില്ലെങ്കിലെന്താ എന്ന ചോദ്യവും ഉയരുന്നു. യേശുദാസിന് വേണ്ടി എഴുതിയ പാട്ടല്ലെങ്കില്‍പോലും യേശുദാസിന്റെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകളും വിവാദങ്ങളും സംവാദങ്ങളും ഒക്കെ നടന്നത്. "ഒതേനന്റെ മകന്‍" എന്ന സിനിമയിലെ കഥാപാത്രത്തിനു പാടാന്‍ ഉണ്ടാക്കിയ പാട്ടിന് മറ്റൊരു അര്‍ഥതലം കൈവന്നു. പാട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലവഴിക്കും പോയി. രചനാപരമായി അത്രയേറെ ഗുണം പറയാനുള്ള കോപ്പില്ലാഞ്ഞിട്ടുപോലും ആശയതലത്തില്‍ ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

വയലാറിന് ദേശീയാംഗീകാരം ലഭിച്ച ""മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു"" എന്ന ഗാനവും ആശയതലത്തില്‍ ശ്രദ്ധ നേടി. രചനാപരമായി വലിയ സവിശേഷത തോന്നിയിട്ടില്ലെങ്കിലും ആശയതലത്തില്‍ അത് കൊടുങ്കാറ്റ്തന്നെ അഴിച്ചുവിട്ടു. വരികളുടെ സൗന്ദര്യാത്മകതയില്‍ ആ ഗാനത്തെക്കാള്‍ മികച്ച എത്രയോ വയലാറില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പക്ഷേ പാട്ടിന്റെ ഉദ്ദേശം സമകാലിക കേരളീയ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടു എന്ന് ഉറപ്പിച്ചുപറയാം. സ്വാതി തിരുനാളിനെക്കുറിച്ചും വയലാര്‍ ചില വിവാദങ്ങള്‍ കൊണ്ടുവന്നിരുന്നു. ആ വിവാദങ്ങള്‍ സംവാദങ്ങളായി നിലനില്‍ക്കുന്നു. അന്ന് അത് ഞെട്ടലോടെ കേട്ടവര്‍ ഇന്നതിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതി തിരുനാളിന്റെതായി ഇന്നറിയപ്പെടുന്ന കൃതികള്‍ രചിച്ചത് ""തഞ്ചൈനാല്‍വര്‍"" എന്ന പേരില്‍ പ്രസിദ്ധരായ പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദ, വടിവേലു സഹോദരന്മാരാണെന്ന വാദഗതി വന്നു. അതല്ല ഷഡ്ക്കാല ഗോവിന്ദമാരാണ് എന്നും ചിലര്‍ പറഞ്ഞു.

മദ്രാസില്‍ ചേര്‍ന്ന ഒരു സമ്മേളനത്തില്‍ വയലാറാണ് ഇക്കാര്യം ആദ്യം പ്രസംഗിച്ചതെന്നും അന്ന് ആ പ്രസംഗം കേട്ടിരുന്ന ശിവാനന്ദനും പൂര്‍വികരുടെ മഹത്വം ഉയര്‍ത്താനായി അതൊരു വിവാദമാക്കി എന്നും പറയുന്നു. എന്തായാലും ഈ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത് വയലാര്‍ ആണെന്ന് ഡോ. എസ് കെ നായര്‍ പറയുന്നു. രാജാവ് എന്ന നിലയില്‍ അധികാരം ഉപയോഗിച്ച് തന്റേതാക്കി മാറ്റിയതാണ് ഈ കൃതികളൊക്കെ എന്നാണ് വാദം. രാജഭക്തിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണുന്നവരും ഉണ്ട്. അല്ലാതെ ഗവേഷണബുദ്ധ്യാ കാണുന്നവരും ഉണ്ട്. എങ്ങനെയായാലും സ്വാതി തിരുനാളിന്റേതല്ലെങ്കില്‍തന്നെ കുറെ മികച്ച സംഗീത കൃതികള്‍ കര്‍ണാടക സംഗീതത്തിന് ലഭിച്ചുവല്ലോ എന്നുപറയുന്ന മിതവാദികളും ഉണ്ട്. പക്ഷേ ഇതൊക്കെ സ്ഥാപിച്ചെടുക്കാനുള്ള അവസരം വയലാറിന് ലഭിച്ചില്ല.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മരണാസന്നനായി കിടക്കുമ്പോള്‍പോലും വയലാറിനെ കാണാന്‍ അവസരമുണ്ടായില്ല. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സക്കായി ധാരാളം രക്തം ആവശ്യമുണ്ടായിരുന്നു. രക്തദാനത്തെക്കുറിച്ച് ഇന്നത്തെയത്ര അവബോധമുള്ള കാലമൊന്നുമല്ല. 1975 കാലം. ഇന്നും പൂര്‍ണ മനസ്സോടെ രക്തദാനത്തിനു തയാറാവുന്ന ചെറുപ്പക്കാര്‍ എത്രയുണ്ടെന്ന് ആലോചിക്കണം. വയലാറിന് രക്തം ദാനം ചെയ്യണമെന്ന അഭ്യര്‍ഥനയുമായി സംഗീത കോളേജിലെ സുഹൃത്തുക്കളെ സമീപിച്ചപ്പോള്‍ എല്ലാവരും വിസമ്മതിച്ചു. പാട്ടുകാരായതുകൊണ്ട് പിന്നീട് പാടുന്നതിനെ ബാധിച്ചെങ്കിലോ എന്ന പ്രശ്നം അവര്‍ ഉന്നയിച്ചു. പക്ഷേ ഞാന്‍ തയാറായി. മനസ്സിലെ രാഷ്ട്രീയം തന്നെയാണ് അതിനു പ്രേരിപ്പിച്ചത്. അത് എന്റെ പാട്ടിനും മേലെയായിരുന്നു. ചെങ്കല്‍ചൂളയിലേയും മറ്റും ധാരാളം തൊഴിലാളികള്‍ രക്തദാനത്തിനു തയാറായി എന്ന് പിന്നീട് അറിഞ്ഞു. അദ്ദേഹത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ബ്ലഡ്ബാങ്കില്‍ രക്തദാനം നടത്തിയതിന് ലഭിച്ച ഒരു മഞ്ഞക്കാര്‍ഡ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അഭിമാനത്തോടെ, അദ്ദേഹത്തിന്റെ അവസാനകാലത്ത്, പ്രത്യേകിച്ച് രക്തഗ്രൂപ്പ് നിര്‍ണയിച്ചതിലെ അപാകതയെക്കുറിച്ച് ഈയിടെ ഒരു വിവാദം കവി ഏഴാച്ചേരി ഉയര്‍ത്തുകയുണ്ടായി. അതിലേക്കൊന്നും ഇവിടെ കടക്കേണ്ടതില്ല.

നൂറുകണക്കിന് പാട്ടുകള്‍ എഴുതിയ വയലാറിന്റെ ഒരു പാട്ട് ഉള്ളില്‍ വല്ലാത്ത വികാരം ഉണ്ടാക്കാറുണ്ട്. ആ ഗാനം വയലാറിന്റെ ഓര്‍മകള്‍ മാത്രമല്ല മനസിലുണര്‍ത്തുന്നത്. അന്തരിച്ച പ്രതിഭാശാലിയായ നടന്‍ സത്യന്‍, തകഴി, ദേവരാജന്‍ മാസ്റ്റര്‍ അങ്ങനെ പലരും മുന്നിലെത്തും. ""അനുഭവങ്ങള്‍ പാളിച്ചകള്‍"" എന്ന കെ എസ് സേതുമാധവന്റെ സിനിമ എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നതാണ്. അതിന്റെ കഥ, സത്യന്‍, ഷീല, ബഹദൂര്‍, ലളിത തുടങ്ങിയവരുടെ അഭിനയം, വയലാറിന്റെ പാട്ടുകള്‍, ദേവരാജന്റെ സംഗീതം ഇങ്ങനെ ഒരു പാട് ഘടകങ്ങള്‍ അതിവിദഗ്ധമായി ഒത്തുചേര്‍ന്ന സിനിമ. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ചെല്ലപ്പന്റെ ജീവിതം - എല്ലാ പ്രലോഭനങ്ങളില്‍നിന്നും വഴുതിമാറുന്ന ആദര്‍ശദാര്‍ഢ്യമുള്ള കമ്യൂണിസ്റ്റുകാരന്‍. കുടുംബജീവിതത്തിലെ പാളിച്ചകള്‍. സ്വന്തം ഭാര്യ കുടുംബജീവിതത്തില്‍നിന്ന് വ്യതിചലിച്ചുപോയത് കണ്ടുനില്‍ക്കേണ്ടി വന്ന തൊഴിലാളി പ്രവര്‍ത്തകന്‍. സത്യന്‍ ഈ വേഷം അഭിനയിക്കുന്ന സമയത്ത് തീര്‍ത്തും രോഗാവസ്ഥയിലായിരുന്നുവെന്നും രോഗത്തെ വെല്ലുവിളിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും കൂടി അറിഞ്ഞപ്പോള്‍ സത്യന്‍ മനസ്സില്‍ ഒരു വിഗ്രഹമായി. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത വിഗ്രഹം.

ഷീലയുടെ അഭിനയ ജീവിതത്തില്‍ ചെമ്മീനിലെ കറുത്തമ്മയും കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയുമല്ല, അനുഭവങ്ങള്‍ പാളിച്ചകളിലെ കഥാപാത്രമാണ് ഏറ്റവും മികച്ചതെന്ന് തോന്നിപ്പോകും. ഓരോ രംഗവും കണ്ണിന്റെ, മനസ്സിന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഏതിനെക്കുറിച്ച് എഴുതണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം. ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ണമാകുന്നതിന് മുമ്പ് സത്യന്‍ മരിച്ചുപോയി. സത്യനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അതിന്റെ പശ്ചാത്തല സംഗീതമായി ""കഴുകാ ഹേ കഴുകാ കറുത്ത ചിറകുമായ് താണു പറന്നീ കനലിനെ കൂട്ടില്‍ നിന്നെടുത്തു കൊള്ളൂ."" എന്ന വരികള്‍ ഓര്‍മ വരും.

വയലാര്‍, സത്യന്‍, തകഴി, പ്രേംനസീര്‍, ദേവരാജന്‍ എല്ലാം ഈ പാട്ടിന്റെ ഓര്‍മകളില്‍ കണ്‍മുന്നില്‍ അണിനിരക്കുന്നു. ""നാളത്തെ പ്രഭാതത്തില്‍ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും"". എത്ര അന്വര്‍ഥമായ വരികള്‍. ഇവരൊക്കെ കത്തുന്ന പന്തങ്ങളായി, നക്ഷത്രജ്വാലകളായി, തീജ്വാലകളായി ഉള്ളില്‍ ജീവിക്കുന്നു. അതു കെട്ടുപോവുകയില്ല തീര്‍ച്ച. ഗാനം അഗ്നിപര്‍വ്വതം പുകഞ്ഞു - ഭൂ ചക്രവാളങ്ങള്‍ ചുവന്നു മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു രക്തപുഷ്പം വിടര്‍ന്നു (അഗ്നി...) * കഴുകാ ഹേ കഴുകാ കറുത്ത ചിറകുമായ് താണുവാ നീ കനലിനെ കൂട്ടില്‍ നിന്നെടുത്തുകൊള്ളു നാളത്തെ പ്രഭാതത്തില്‍ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും. (അഗ്നി...) * ഗരുഡാ- ഹേ ഗരുഡാ ചുവന്ന ചിറകുമായ് താണുപറന്നി പവിഴത്തെ ചെപ്പില്‍ നിന്നെടുത്തുകൊള്ളു നാളത്തെ നിശീഥത്തില്‍ ഈ മുത്തു രാവി രാകി കാലമൊരു നഷരത ജ്വാലയാക്കും തീജ്വാലയാക്കും. (അഗ്നി....) ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ (1971) രചന: വയലാര്‍ സംഗീതം: ദേവരാജന്‍ പാടിയത്: യേശുദാസ്

*
വി ടി മുരളി ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1975 ഒക്ടോബര്‍ 27ന് വയലാര്‍ അന്തരിച്ചു; 47ാമത്തെ വയസ്സില്‍. വയസ്സിന്റെ കണക്കില്‍ നോക്കിയാല്‍ വളരെ നേരത്തെ. പക്ഷേ ഈ ചെറുപ്രായത്തില്‍തന്നെ ഒരായുസ്സില്‍ ചെയ്യാന്‍ കഴിയുന്നത്രയും അദ്ദേഹം നമുക്കായി തന്നു. കവിതകളും ഗാനങ്ങളും ഒക്കെയായി. ചിന്തകളുടെ ലോകം കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്. സിനിമാ, നാടകഗാനലോകത്ത് അദ്ദേഹമുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍. പാട്ടിനെ കവിതയോടും സംഗീതത്തോടും അടുപ്പിച്ചുനിര്‍ത്തിയ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ മലയാളി മറക്കും? കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബായില്‍ നിസാര്‍ സെയ്ദ് എന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതായത് മലയാള സിനിമയുടെ 75ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായി. 75 വര്‍ഷത്തെ മലയാള സിനിമയില്‍നിന്ന് എസ്എംഎസിലൂടെ തെരഞ്ഞെടുക്കുന്ന കലാകാരന്മാര്‍ക്ക് അവാര്‍ഡു നല്‍കല്‍. അതായിരുന്നു പരിപാടി. ഏറ്റവും നല്ല ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടത് വയലാറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.