Thursday, September 20, 2012

മൗനാനന്ദം പരമാനന്ദം

മൗനം പലതരമുണ്ട്. നാണം കൊണ്ടൊരു മൗനം. സങ്കടം കൊണ്ടൊരു മൗനം. ദേഷ്യം കൊണ്ടൊരു മൗനം. പ്രണയം കൊണ്ടൊരു മൗനം. നഖം കടിക്കുക, മുഖം കുനിക്കുക എന്നീ ക്രിയകള്‍ മൗനാണത്തില്‍ പെട്ടതാണ്. പാട്ടെഴുത്തുകാര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ മൗനം. ഒരു കൊച്ചു നാണം കൊതിക്കാത്തതായി ആരുണ്ട് ഈ ഭൂമിയില്‍?.

മൗനസങ്കടം മറ്റൊരു വഴിക്കാണ്. ഒറ്റക്കിരിക്കലാണ് ആശ്വാസം. ദേഷ്യമൗനം, പൊട്ടാന്‍പോവുന്ന ആറ്റംബോംബാണെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നത്. സ്ഫോടനത്തിനു മുമ്പുള്ള നിശ്ശബ്ദതയെന്ന് ചില കവിമനസ്സുകള്‍ ഇതിനെ വാഴ്ത്തിപ്പാടാറുമുണ്ട്. മുഖം വീര്‍പ്പിച്ചിരിക്കലാണ് ഇതിന്റെ ലക്ഷണം. കാലമെത്ര മാറിയാലും പ്രണയമൗനത്തിന്റെ ലക്ഷണം പഴയതുതന്നെയാണ്. മുഖത്ത് അരുണിമ- ധവളിമ, മൃദുത്വം, താഴേക്ക് നോക്കി സൗജന്യച്ചിരി... ഇത്യാദി പരമ്പരാഗത രീതി ഇപ്പോഴും തുടരുന്നു. പശ്ചാത്തലത്തില്‍ ഒരു മൂളിപ്പാട്ട് ഉണ്ടാവുന്നത് രംഗം കൊഴുപ്പിക്കാന്‍ സഹായിക്കും. ഇതൊക്കെ വ്യക്തിഗത വികാരപ്രപഞ്ചത്തിലുണ്ടാകുന്നതാണ്. ആര്‍ക്കും എപ്പോഴും സാധിക്കാവുന്നത്. എന്നാല്‍ മറ്റു ചില മൗനങ്ങളും ഉണ്ട്. തന്ത്രപരമായ മൗനം. രാഷ്ട്രീയമൗനം. സാംസ്കാരിക മൗനം. മനം ചെയതെടുത്ത മൗനം. മൗനവ്രതം. ഇത് ഒരു സമരരൂപമാണ്. നിശ്ശബ്ദത ഒരു ശക്തിയാണെന്ന് ചൈനീസ് ചിന്തകന്‍ ലാവോത്സു പറയുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ദൈവം തന്നെയാണ്.

ഓരോ നിമിഷവും കോടിക്കണക്കിന് അപേക്ഷയല്ലേ അദ്ദേഹത്തിന് കിട്ടുന്നത്. നേര്‍ച്ചയുടെ രൂപത്തില്‍, കാഴ്ചയുടെ രൂപത്തില്‍, പ്രാര്‍ഥനയുടെ രൂപത്തില്‍... ഇങ്ങനെ അനുനിമിഷം പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ് ആവശ്യങ്ങള്‍, ആവലാതികള്‍. ഒന്നിനും പുള്ളി മറുപടി പറയാറില്ല. ഉടനെ മറുപടി കിട്ടണമെന്ന് പറയുന്നവര്‍ക്കുമില്ല. ഒരു മറുപടി കിട്ടിയിട്ടേ പോകൂ എന്ന് പറഞ്ഞ് ആരാണ് പള്ളിയില്‍ നിന്നും അമ്പലത്തില്‍നിന്നും ഇറങ്ങാതിരിക്കുന്നത്്. പിഎസ്സിയില്‍ അപേക്ഷ കൊടുക്കുന്ന പോലെയാണ് അത്. കൊടുത്ത ഉടനെ ജോലികിട്ടില്ല. രണ്ടു കൊല്ലം കഴിയുമ്പോള്‍ ടെസ്റ്റിനു വിളിക്കും. പിന്നെ രണ്ടു കൊല്ലം കഴിയുമ്പോള്‍ ഇന്റര്‍വ്യൂവിന് വിളിക്കും. അങ്ങനെയാണ് നടപടിക്രമം. ദൈവത്തിന്റെ കാര്യത്തില്‍ പിന്നെയും കാലതാമസമുണ്ടാവും. എങ്കിലും അപേക്ഷകര്‍ക്ക് പരാതിയുണ്ടാവില്ല. ജീവിതകാലത്തിനിടയില്‍ എന്നെങ്കിലും ഒന്ന് പരിഗണിച്ചാല്‍ മതി. ഭക്തര്‍ക്ക് തൃപ്തിയാവും. ഏത് ഡിജിറ്റല്‍ യുഗം വന്നാലും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ദൈവത്തിന് കഴിയില്ല. എത്ര ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ വേണ്ടിവരും? ഇത്രയധികം ഓപ്പറേറ്റര്‍മാര്‍ സ്വര്‍ഗത്തിലുണ്ടാവുമോ? നരകത്തില്‍നിന്ന് ആരെയെങ്കിലും എടുക്കാമെന്ന് വച്ചാല്‍ വിശ്വസിക്കാനും കഴിയില്ല. കോടതിയില്‍ കെട്ടിക്കിടക്കുന്ന പോലെ കേസുകള്‍ കുന്നുകൂടുകയാണ് ദൈവത്തിന്റെ കോടതിയിലും. അപ്പോള്‍ ദൈവത്തിന് ചെയ്യാവുന്ന ഏകകാര്യം ഉത്തരം പറയാതിരിക്കുക എന്നതാണ്. അപേക്ഷയിലെ തകരാറാണെന്ന് കരുതി ഭക്തര്‍ വീണ്ടും തിരുത്തിക്കൊടുക്കും. ഭക്തന്മാരാണ് ദൈവത്തിന്റെ ബലം. ദൈവം എത്ര ശക്തനാണെങ്കിലും ഭക്തന്മാരില്ലെങ്കില്‍ ബിസിനസ് മോശമാവും. പ്രതിഷ്ഠ മോശമായാല്‍ അമ്പലം ജീര്‍ണിക്കും. അതുകൊണ്ടാണ് ദൈവം തന്ത്രപരമായ മൗനം പാലിക്കുന്നത്. ഒരാള്‍പോയാല്‍ അത്രയും കുറയും. നിശ്ശബ്ദത ശക്തിയാണ്. അസാധ്യമായ എത്ര ആവശ്യങ്ങള്‍ക്ക് മുന്നിലാണ് ദൈവം നില്‍ക്കുന്നത്. ജോലി വേണം. അസുഖം മാറ്റണം. ആപത്തില്‍നിന്ന് രക്ഷിക്കണം. അപമാനം നീക്കണം. സത്യം പുറത്തുകൊണ്ടുവരണം.... എന്നിങ്ങനെ തീര്‍ത്തും ധാര്‍മികമായ ആവശ്യങ്ങള്‍ മാത്രമല്ല, അധാര്‍മികമായ ആവശ്യങ്ങളും ദൈവത്തിന്റെ മുന്നിലെത്തും. പലവിധ കേസുകളില്‍ പ്രതിയാകുന്നവരും നേരിട്ടോ, ബന്ധുക്കള്‍ മുഖേനയോ രക്ഷിക്കാന്‍തന്നെ അഭ്യര്‍ഥിക്കും. എല്ലാം ദൈവം കേള്‍ക്കും, നിശ്ശബ്ദമായി. അല്ലാതെന്തു ചെയ്യാന്‍? തീരുമാനം എടുക്കുന്നതുപോലെ പ്രധാനമാണ് തീരുമാനം എടുക്കാതിരിക്കലും. തീരുമാനം എടുക്കാതിരിക്കലും ഒരു തീരുമാനമാണ്. അത് വെറും കഴിവില്ലായ്മയും അറിവില്ലായ്മയും മാത്രമാണെന്ന് കരുതരുത്. വാസവദത്തയുടെ പ്രണയം ഉപഗുപ്തന് മനസ്സിലാവാതിരുന്നിട്ടാണോ ഉത്തരം പറയാതിരുന്നത്? " സമയമായില്ല", "സമയമായില്ല" എന്ന് പറഞ്ഞ് എത്രതവണ ഫയല്‍ മടക്കി. പാര്‍വതി കൊടുംതപസ്സനുഷ്ഠിച്ച ശേഷമാണല്ലോ സാക്ഷാല്‍ പരമശിവന്‍ റിയാക്റ്റ് ചെയ്തത്. പറയുന്നതുപോലെ തന്നെ പരമപ്രധാനമാണ് പറയാതിരിക്കലും. ഇപ്പോള്‍ പകലോ രാത്രിയോ എന്ന് ചോദിച്ചാല്‍ പോലും ചിലര്‍ പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കൂ എന്നുപറയും. അത് ശീലംകൊണ്ട് പറഞ്ഞുപോവുന്നതാണെന്ന് കരുതരുത്. അവര്‍ ജീവിതത്തില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഈ നിമിഷം ആയിരിക്കും. അവരൊന്ന് പഠിക്കട്ടെ എന്നാണ് മനസ്സില്‍. അതുകൊണ്ട് മൗനം ഒരടവാണ്. ഒരു രാഷ്ട്രതന്ത്രമാണ്.

ഈ അടവ് നന്നായി അറിയാവുന്ന ഒരാള്‍ നമുക്കുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശ്ശബ്ദത സംഗീതമാണെങ്കില്‍ മന്‍മോഹന്‍ സിങ് സംഗീതസാഗരമാണ്. ശബ്ദങ്ങളുടെ ലോകത്തെ വേറിട്ട സഞ്ചാരി. സൗന്ദര്യത്തിന്റെ ഭാഷയും നിശ്ശബ്ദമാണ്. മൗനമായ സംവേദനങ്ങള്‍. ഏകാന്തതയുടെ അനുഭവസാന്ദ്രത. സ്വപ്നസന്നിഭമായ നിശ്ശബ്ദത. ശബ്ദംകൊണ്ട് ഭംഗം വരുത്തരുത് ആ ധ്യാനിമീലിത. പൂക്കള്‍ സംസാരിക്കുന്നില്ല. ഇതളുകള്‍ അതിന്റെ അക്ഷരമാലയല്ല. എന്നാലും "നേരെ വിടര്‍ന്നു വിലസുന്ന നിന്നെ മിഴിയുള്ളവര്‍" നോക്കിനിന്നുപോകുന്നു. പുഴകള്‍ സംസാരിക്കുന്നില്ല.ഓളങ്ങള്‍ അതിന്റെ അക്ഷരമാലയല്ല. എങ്കിലും"കുളിരുംകൊണ്ട് കുണുങ്ങിനടക്കും" ആ മലയാളിപ്പെണ്ണിനെ മിഴിയുള്ളവര്‍ നോക്കി നില്‍ക്കും. മലകള്‍ സംസാരിക്കുന്നില്ല. ശിഖരങ്ങള്‍ അതിന്റെ അക്ഷരമാലയല്ല. എന്നിട്ടും "അത്യുത്തരസ്യാം ദിശി ദേവതാത്മാവിനെ" മിഴിയുള്ളവര്‍ നോക്കി നമിച്ചുപോകും. മന്‍മോഹന്‍ സിങ്ങും സംസാരിക്കുന്നില്ല. നിര്‍വികാരത അദ്ദേഹത്തിന്റെ അക്ഷരമാലയല്ല. എങ്കിലും ആ കൊടും തപസ്സിനെ മിഴിയുള്ളവര്‍ നോക്കി പ്രണമിച്ചുപോകും. പൂപോലെ, പുഴപോലെ, മല പോലെ ഒരു പ്രധാനമന്ത്രി! കാറ്റിന് ഭാഷയില്ല, അത് സംസാരിക്കുന്നില്ല. പക്ഷേ കാറ്റിനെ നമ്മള്‍ അനുഭവിക്കുന്നു. കുളിരിന് ഭാഷയില്ല. അത് സംസാരിക്കുന്നില്ല. പക്ഷെ കുളിര് നമ്മള്‍ അനുഭവിക്കുന്നു. മഴയ്ക്ക് ഭാഷയില്ല. അത് സംസാരിക്കുന്നില്ല. പക്ഷേ മഴ നമ്മള്‍ അനുഭവിക്കുന്നു. മന്‍മോഹന്‍ സിങ്ങിന് ഭാഷയില്ല. അദ്ദേഹം സംസാരിക്കുന്നില്ല. പക്ഷേ അദ്ദേഹത്തെ നമ്മള്‍ അനുഭവിക്കുന്നു. നക്ഷത്രങ്ങള്‍ ഒന്നും പറയാറില്ല. അത് തിളങ്ങുന്നു. ആ തിളക്കം ഈ ലോകമാകെ നിറയുന്നു. നിലാവ് ഒന്നും പറയാറില്ല. അത് ശോഭിക്കുന്നു. ആ ശോഭ ഈ ലോകമാകെ നിറയുന്നു. അസ്തമയ സന്ധ്യ ഒന്നും പറയാറില്ല. അത് കുങ്കുമം പൂശുന്നു. ആ നിറം ഈ ലോകമാകെ നിറയുന്നു. മന്‍മോഹന്‍ സിങ്ങും ഒന്നും പറയാറില്ല. അത് പ്രതിമയെപ്പോലെ നില്‍ക്കുന്നു. ആ പ്രതിമ ഈ രാജ്യമാകെ സഞ്ചരിക്കുന്നു.

കസ്തൂരിമാന്‍ സംസാരിക്കുന്നില്ല. കൃഷ്ണമൃഗം സംസാരിക്കുന്നില്ല. വരയന്‍ കുതിര സംസാരിക്കുന്നില്ല. മന്‍മോഹന്‍ സിങ്ങും സംസാരിക്കുന്നില്ല. നോക്കൂ, പ്രകൃതിയോട് ഇത്രയേറെ ഇണങ്ങിയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിട്ടില്ല. കല്‍ക്കരി ഖനികള്‍ ഒന്നും സംസാരിക്കാറില്ല. ആദര്‍ശ് ഫ്ളാറ്റുകള്‍ ഒന്നും സംസാരിക്കാറില്ല. 2ജി സ്പെക്ട്രം ഒന്നും സംസാരിക്കാറില്ല. മന്‍മോഹന്‍ സിങ്ങും ഒന്നും സംസാരിക്കാറില്ല. രാജ്യഭരണം പ്രകൃതിഭംഗി പോലെ ആസ്വദിക്കാം. ശബ്ദരഹിതനായ പ്രധാനമന്ത്രി. ഈ കാവ്യാത്മകമായ നിശ്ശബ്ദതക്കുവേണ്ടി എന്തെല്ലാം ആക്ഷേപങ്ങള്‍ അദ്ദേഹം സഹിച്ചു. വളര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെ പരിഹസിച്ചു. അമേരിക്കക്കാരുടെ "ടൈ"മും,"വാഷിങ്ടണ്‍ പോസ്റ്റും" നിന്ദിച്ചു. ആ കൊടും തപസ്സിളകിയില്ല. മൊബൈല്‍ ഫോണ്‍ സൈലന്റാക്കുന്നതിനെ"മന്‍മോഹന്‍ മോഡ്" എന്നു പറഞ്ഞുതുടങ്ങി. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അനക്കമില്ല. ഒരിക്കല്‍ പ്രധാനമന്ത്രി ദന്തഡോക്ടറുടെ മുന്നിലെത്തി. ഒടുവില്‍ ഡോക്ടര്‍ കാലുപിടിച്ചത്രെ!. "പ്ലീസ്... എന്റെ മുമ്പിലെങ്കിലും ഒന്ന് വായ തുറക്കൂൂൂ" അരുത്, തുറക്കരുത് പ്രധാനമന്ത്രീ.... തുറക്കരുത്.... സ്വന്തം വായ ഒരു പൊതുമേഖലാ സ്ഥാപനമല്ല. അത് എപ്പോള്‍ തുറക്കണം എപ്പോള്‍ അടയ്ക്കണം എന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. അതില്‍ കൈവയ്ക്കാന്‍ ആരെയും അനുവദിക്കരുത്. അടിച്ചമര്‍ത്തപ്പെടുന്ന ദരിദ്രകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. പീഡിപ്പിക്കപ്പെടുന്ന ജനകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. എല്ലാം നഷ്ടപ്പെട്ടാലും ഒടുവില്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഈ വായെങ്കിലും ബാക്കിയുണ്ടാവുമല്ലോ.

വിഗ്രഹങ്ങള്‍ ഒരിക്കലും സംസാരിക്കാറില്ല. ഇടക്കിടക്ക് ചില ഗണപതിമാര്‍ പാലു കുടിക്കുന്നുണ്ടെങ്കിലും പൊതുവെ അവര്‍ ഭക്ഷണവിമുഖരാണ്. ഞങ്ങളുടെ വിഗ്രഹങ്ങള്‍ ഞങ്ങളോട് സംസാരിച്ച് സ്വയം വിലയിടിക്കരുത്. ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ? സാരമില്ല. ഞങ്ങള്‍ സഹിച്ചു. മാലിന്യക്കൂമ്പാരം? സാരമില്ല.ഞങ്ങള്‍ സഹിച്ചു. പുഴകള്‍, മലകള്‍, പൂവനങ്ങള്‍ ഇല്ലാതാവുന്നത്? സാരമില്ല. ഞങ്ങള്‍ സഹിച്ചു. കോടികള്‍ കോടികള്‍ കൊണ്ടുപോവുന്നത്? സാരമില്ല. ഞങ്ങള്‍ സഹിച്ചു. അങ്ങ് വായ തുറക്കുന്നത് മാത്രം കാണാന്‍ ഞങ്ങള്‍ക്ക് കരുത്തില്ല. നിസ്സംഗനായ ഒരാളുടെ വീട്ടില്‍ കള്ളന്‍ കയറിയ കഥ കേട്ടിട്ടുണ്ട്. കള്ളന്‍ കയറിയത് വീട്ടുകാരന്‍ അറിഞ്ഞു. അയാള്‍ എഴുന്നേറ്റ് ടോര്‍ച്ചടിച്ചപ്പോള്‍ കള്ളന്‍ സാധനങ്ങളൊക്കെ എടുത്ത് പോവുകയാണ്. വീട്ടുകാരന്‍ കള്ളനെ തിരിച്ചറിഞ്ഞു. പക്ഷെ അയാള്‍ കള്ളനോട് പറഞ്ഞത്രെ.

" മിസ്റ്റര്‍ കള്ളന്‍, നിങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞില്ല എന്ന് കരുതരുത്. മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുമെന്നുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.."

അരുത്, അത്രപോലും പറയരുത് പ്രധാനമന്ത്രീ.... ഒരക്ഷരം സംസാരിക്കരുത്. വാചകം വഞ്ചനയാണ്. നിശ്ശബ്ദതയാണ് സൗന്ദര്യം. നിശ്ശബ്ദത അവനവനിലേക്കുള്ള യാത്രയാണ്. വാചകമടി അതിര്‍ത്തിലംഘനമാണ്. രാഷ്ട്രീയ മൗനത്തിനും സൗന്ദര്യമുണ്ട്. മാനംപോയാലും മൗനം പോകരുത്. ഇത് ബുദ്ധന്റെ നാടാണ്. തപസ്സാണ് പ്രധാനം. നടന്നും ഇരുന്നും തപസ്സിലാണ് പ്രധാനമന്ത്രി. ഒടുവില്‍ എന്തെങ്കിലും വെളിപാടുണ്ടാവാതിരിക്കില്ല. കാത്തിരിക്കാം. യെവ്തുഷെങ്കോ എന്നൊരു കവിയുണ്ടായിരുന്നു റഷ്യയില്‍. അദ്ദേഹം ഇങ്ങനെ എഴുതി. " സത്യത്തിന്റെ സ്ഥാനത്ത് നിശ്ശബ്ദതയെ പ്രതിഷ്ഠിച്ചാല്‍ നിശ്ശബ്ദത ഒരു വലിയ നുണയാണ്".

*
എം എം പൗലോസ് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കസ്തൂരിമാന്‍ സംസാരിക്കുന്നില്ല. കൃഷ്ണമൃഗം സംസാരിക്കുന്നില്ല. വരയന്‍ കുതിര സംസാരിക്കുന്നില്ല. മന്‍മോഹന്‍ സിങ്ങും സംസാരിക്കുന്നില്ല.