Monday, September 24, 2012

നാടുവാഴുന്ന കൊള്ളസംഘം

പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചപ്പോള്‍, അതിനെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ക്ക് ഒത്താശചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. അധികാര വികേന്ദ്രീകരണശ്രമങ്ങളെ എക്കാലത്തും തുരങ്കംവച്ചത് അവരാണ്. ജനകീയാസൂത്രണം എന്ന സവിശേഷമായ ആശയത്തെയും അതിന്റെ ഫലമായി ഉയര്‍ന്ന പുത്തന്‍ വികസന സംസ്കാരത്തെയും ചവിട്ടിത്തേക്കാന്‍ ആരാച്ചാര്‍മാരുടെ വേഷംകെട്ടിയതും കോണ്‍ഗ്രസുകാരാണ്. കള്ളുചെത്തുതൊഴിലാളികളുടെ സഹകരണ സംഘങ്ങളെ തകര്‍ത്ത് വിഷക്കള്ളിനും ആനമയക്കിക്കും സ്വാഗതകമാനം തീര്‍ത്തതും അവര്‍തന്നെ.

മുപ്പത്തേഴു ലക്ഷം വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ സംസ്ഥാനത്തിന്റെ പാതിയിലേറെ വീടുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മാതൃകാ സംരംഭമാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ ജയന്തി സഹകാരി റോസ്ഗാര്‍ യോജന എന്ന പദ്ധതിപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കേരളസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ ആ കൂട്ടായ്മ കേരളവികസനമാതൃകയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്ന ഒന്നായി വളര്‍ന്ന് പന്തലിച്ചപ്പോള്‍, അസൂയ പെരുത്ത കോണ്‍ഗ്രസുകാര്‍ ബദല്‍സ്ഥാപനം തുടങ്ങി- അതാണ് ജനശ്രീ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് പണം തട്ടിയെടുത്ത് സ്വന്തമാക്കാന്‍ രൂപീകരിച്ചതാണ് ജനശ്രീ മിഷന്‍ എന്ന് നേരത്തെ വ്യക്തമായതാണ്. അത് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യസ്വത്താണെന്ന വെളിപ്പെടുത്തലുണ്ടാകുന്നത് ഇപ്പോഴാണ്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത രേഖയില്‍ ജനശ്രീ മിഷന്‍, ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്ന ചിട്ടിക്കമ്പനി മാതൃകയിലുള്ള കേവലമൊരു കമ്പനിയാണെന്നാണ് തെളിയുന്നത്. ഈ സ്വകാര്യകമ്പനിയുടെ പേരിലാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചോര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകുന്നത്. കൃഷി- മൃഗസംരക്ഷണവകുപ്പുകള്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍നിന്ന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് 14.26 കോടി രൂപ സബ്സിഡി നല്‍കാന്‍ ഉത്തരവിറക്കിക്കഴിഞ്ഞു.

റിസര്‍വ് ബാങ്ക് രേഖപ്രകാരം ജനശ്രീ മൈക്രോ ഫിനാന്‍സ് കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ഓഹരി എം എം ഹസ്സനാണ്. അതിനായി 1,99,40,000 രൂപ ഹസ്സന്‍ മുടക്കി എന്ന് റിസര്‍വ്ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാകുന്നു. ഹസ്സന്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 99.7 ശതമാനം ഓഹരി സ്വന്തമായി കൈവശംവയ്ക്കുന്ന ഹസ്സനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല; ഹസ്സന്റെ കാലശേഷം പിന്തുടര്‍ച്ചാവകാശികള്‍ക്കായിരിക്കും അവകാശം. ഇതിനെയാണ്, പാവപ്പെട്ട സ്ത്രീകളെയും സര്‍ക്കാരിനെയും പറ്റിച്ച് സ്വത്ത് സ്വന്തമാക്കുന്ന തട്ടിപ്പ് എന്ന് പച്ചമലയാളത്തില്‍ വിളിക്കാവുന്നത്.

2006ലാണ് ജനശ്രീ സുസ്ഥിര വികസനമിഷന്‍ എന്ന പേരില്‍ സംഘം രൂപീകരിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലില്ലായ്മ ഇല്ലാതാക്കല്‍, മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലക്ഷ്യമെന്നവകാശപ്പെട്ട് തുടങ്ങിയ ആ പരിപാടിയാണ് സ്വകാര്യ സ്വത്തുസമ്പാദനത്തിന്റെയും സര്‍ക്കാര്‍മുതല്‍ കൊള്ളയടിക്കുന്നതിന്റെയും പരീക്ഷണവേദിയായി അതിവേഗം അധഃപതിച്ചു എന്ന ആക്ഷേപത്തിനിരയായിട്ടുള്ളത്. സിംഹഭാഗം ഓഹരികളും സ്വന്തമാക്കി എന്ന വാര്‍ത്ത വന്നപ്പോള്‍, "ദേശാഭിമാനി"യെ അധിക്ഷേപിക്കാനാണ് ഹസ്സന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്ത സമയത്ത് കാണിച്ച ഷെയറുകള്‍ "സാങ്കേതികം" മാത്രമാണെന്നു വിശേഷിപ്പിച്ച് തലയൂരാനും ശ്രമിച്ചുകാണുന്നു. അമ്പതിനായിരം രൂപയുടെ ഷെയര്‍മാത്രമേ തന്റെ പേരില്‍ ഉള്ളൂ എന്നാണ് വാദം. അത് അംഗീകരിച്ചാല്‍ സംഗതി വീണ്ടും കുഴയും. ഒരാള്‍ക്ക് ബിനാമിയായി തന്റെ പേരില്‍ ഷെയറുകള്‍ വാങ്ങാന്‍ അവകാശമില്ല. സ്വന്തം അക്കൗണ്ടില്‍നിന്ന് പണം നല്‍കിയേ വാങ്ങാനാവൂ. ആ അര്‍ഥത്തില്‍ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. റിസര്‍വ് ബാങ്കിനോട് കള്ളം പറയുകയായിരുന്നുവോ ഹസ്സന്‍? ഷെയറുകള്‍ സാങ്കേതികമാണെന്നതിനര്‍ഥം, വ്യാജരേഖ നല്‍കി റിസര്‍വ് ബാങ്കിനെ കബളിപ്പിച്ചു എന്നാണ്. അഴിമതിയും വഞ്ചനയുമടക്കമുള്ള കുറ്റകൃത്യങ്ങളുടെ ഗണത്തിലാണത് പെടുക. ജനശ്രീ മിഷനും ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനിയും രണ്ടാണെന്ന വാദം ശരിയെങ്കില്‍ ജനശ്രീയുടെ പേരില്‍ ജനശ്രീ മൈക്രോഫിന്‍ എങ്ങനെ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് ധനസഹായം അഭ്യര്‍ഥിക്കും എന്ന് വ്യക്തമാക്കേണ്ടിവരും. നേടിയവരും കൊടുത്തവരും കുറ്റവാളികളാകുമെന്നര്‍ഥം.

ജനശ്രീ മിഷന്‍ എന്നപേരില്‍ സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ അനുവദിച്ചുകൂടാ. ഹസ്സന്‍ പരിഹസിച്ചാലും സഹജീവികളായ മാധ്യമങ്ങള്‍ ഭരണകക്ഷിയെ ഭയന്ന് സത്യം മൂടിവച്ചാലും കേരളത്തിലെ പാവങ്ങളില്‍ പാവങ്ങളായ വനിതകളെ വഞ്ചിച്ച് നടത്തുന്ന ഈ തട്ടിപ്പിന്റെ അവസാനത്തെ തുമ്പുവരെ പുറത്തുകൊണ്ടുവരാനുള്ള പ്രതിബദ്ധത ഞങ്ങള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ. കേസുകാട്ടിയും പൊലീസിന്റെ മുഷ്ക് കാട്ടിയും ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ചും അഴിമതി അഭംഗുരം നടത്താമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. ജനശ്രീയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ എം എം ഹസ്സന്‍ എന്ന ഏക നേതാവിന്റെ അജന്‍ഡയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കോണ്‍ഗ്രസിന്റെ അജന്‍ഡയാണത്. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികളുടെ സംസ്ഥാനപതിപ്പാണത്. എന്തു വിലകൊടുത്തും അത് അവസാനിപ്പിക്കുകതന്നെ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 24 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചപ്പോള്‍, അതിനെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ക്ക് ഒത്താശചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. അധികാര വികേന്ദ്രീകരണശ്രമങ്ങളെ എക്കാലത്തും തുരങ്കംവച്ചത് അവരാണ്. ജനകീയാസൂത്രണം എന്ന സവിശേഷമായ ആശയത്തെയും അതിന്റെ ഫലമായി ഉയര്‍ന്ന പുത്തന്‍ വികസന സംസ്കാരത്തെയും ചവിട്ടിത്തേക്കാന്‍ ആരാച്ചാര്‍മാരുടെ വേഷംകെട്ടിയതും കോണ്‍ഗ്രസുകാരാണ്. കള്ളുചെത്തുതൊഴിലാളികളുടെ സഹകരണ സംഘങ്ങളെ തകര്‍ത്ത് വിഷക്കള്ളിനും ആനമയക്കിക്കും സ്വാഗതകമാനം തീര്‍ത്തതും അവര്‍തന്നെ.