Monday, September 17, 2012

ഊര്‍ജ പ്രതിസന്ധിയും യുഡിഎഫ് നയവും

വികസനത്തിന്റെ പ്രാണവായുവാണ് വൈദ്യുതി. വൈദ്യുതിയുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ വികസനവായ്ത്താരിയുമായി എമര്‍ജിങ് കേരള സംഘടിപ്പിച്ചത്. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരു പദ്ധതിയും ഈ മാമാങ്കത്തില്‍ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതിലോമകരമായ വൈദ്യുതി നയവും കേരളത്തിന്റെ സമീപനവും പ്രതിസന്ധി ഇനിയും രൂക്ഷമാക്കും.

കേന്ദ്രനയം

കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഇന്ധന വ്യവസായ മേഖലകളാകെ സ്വകാര്യ മൂലധനതാല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഖനികളുടെ സ്വകാര്യവല്‍ക്കരണം വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള കല്‍ക്കരിയുടെയും മറ്റ് ഇന്ധനങ്ങളുടെയും ലഭ്യതയെ ഗുരുതരമായി ബാധിച്ചു. താപനിലയങ്ങളില്‍ മൂന്നുമാസത്തെയെങ്കിലും ഇന്ധനം കരുതലായി ഉണ്ടാകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും ഒരു ദിവസത്തെ ഇന്ധനംപോലുമില്ല. ഇതിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ കുറവാണുണ്ടാകുന്നത്. വൈദ്യുതി പദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും കടുത്ത വീഴ്ചയാണ് ഉണ്ടാകുന്നത്. സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കാനെന്ന നിലയില്‍ കൊണ്ടുവന്ന മെഗാ- അള്‍ട്രാമെഗാ വൈദ്യുതി നയം സമ്പൂര്‍ണ പരാജയമായി. പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യമിട്ട 79,000 മെഗാവാട്ട് ഉല്‍പ്പാദനശേഷിയില്‍ പകുതിയോളം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. എട്ട് അള്‍ട്രാമെഗാപദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ഒരു പദ്ധതിയിലെ ഒരു യൂണിറ്റ് മാത്രമാണ് ഇതുവരെ കമീഷന്‍ ചെയ്തത്. വനം പരിസ്ഥിതി അനുമതി അടക്കമുള്ള കുരുക്കുകളില്‍പ്പെട്ട് ജലവൈദ്യുത സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്കൊപ്പം ഉല്‍പ്പാദനം വര്‍ധിക്കാത്തത് രാജ്യത്തെ കടുത്ത വൈദ്യുതികമ്മിയിലെത്തിച്ചു.

കടുത്ത കമ്മി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതിയുടെ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിയന്ത്രണം അനിവാര്യമാണെന്നിരിക്കെ അതില്‍നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്മാറുന്നു. വൈദ്യുതിയെ സാമൂഹ്യവികസനത്തിനുള്ള പശ്ചാത്തല ഉല്‍പ്പന്നമെന്ന നിലയില്‍നിന്ന് തികഞ്ഞ കച്ചവടച്ചരക്കാക്കി മാറ്റുന്ന പരിഷ്കാരങ്ങളാണ് വൈദ്യുതി നിയമം 2003 ന്റെ ഭാഗമായി നടപ്പാക്കുന്നത്. വൈദ്യുതി ബോര്‍ഡുകള്‍ വിഭജിച്ച് സ്വകാര്യവല്‍ക്കരിക്കുക, വൈദ്യുതി ഉല്‍പ്പാദനം ഡീ ലൈസന്‍സ് ചെയ്യുക, പവര്‍ എക്സ്ചേഞ്ച് അടക്കമുള്ള വൈദ്യുതി കമ്പോളങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിഷ്കാരങ്ങള്‍ ഈ മേഖലയിലും കടുത്ത ഊഹക്കച്ചവടത്തിന് ഇടയാക്കി. ഇത് വൈദ്യുതി വില വന്‍തോതില്‍ കുതിച്ചുയരുന്നതിനൊപ്പം രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ നയം ശക്തമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് എല്‍ഡിഎഫ് 2006ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഈ നയങ്ങള്‍ക്ക് ഒരു ബദലുണ്ട് എന്നും എങ്ങനെ ജനക്ഷേമകരമായി വൈദ്യുതി മേഖലയില്‍ ഇടപെടാമെന്നും രാജ്യത്തിന് കാട്ടിക്കൊടുത്തു കേരളം.

കേന്ദ്രവൈദ്യുതി നിയമം 2003

2003ലെ വൈദ്യുതി ആക്ട് പ്രകാരം സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ ഉല്‍പ്പാദന, വിതരണ, പ്രസരണ കമ്പനികളായി വിഭജിക്കണം. ഈ നയത്തെ എല്‍ഡിഎഫ് എതിര്‍ത്തെങ്കിലും കേന്ദ്രം കേരളത്തിന്റെ മേല്‍ നിരന്തരം ശക്തമായ സമ്മര്‍ദം ചെലുത്തി. 2008 ജൂണില്‍ കാലാവധി തീര്‍ന്നപ്പോള്‍ ഇനിയും കാലാവധി നീട്ടാന്‍ കഴിയില്ല എന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ഒടുവില്‍ മൂന്ന് മാസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കണം എന്ന കര്‍ശന നിബന്ധനയോടെ 2008 സെപ്തംബര്‍ ഒന്‍പതുവരെ കാലാവധി നീട്ടാന്‍ തയ്യാറായി. 2008 സെപ്തംബര്‍ ഒന്‍പതിന് വീണ്ടും കാലാവധി നീട്ടിത്തരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിസന്ധിക്ക് കാരണമായി. പ്രസരണ മേഖലയെ പ്രത്യേകം കമ്പനിയാക്കിയാല്‍ കാലാവധി നീട്ടി നല്‍കാം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. ഒടുവില്‍ സെപ്തംബര്‍ 24 വരെമാത്രം കാലാവധി നീട്ടി. തുടര്‍ന്ന് പ്രതിസന്ധിയൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുടെ ആസ്തിബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തു.

ആക്ടിലെ 131-ാം വകുപ്പ് പ്രകാരം ഇങ്ങനെ ഏറ്റെടുത്ത ആസ്തിബാധ്യതകള്‍ ഒരു കമ്പനിയിലേക്കോ ഒന്നിലേറെ കമ്പനികളിലേക്കോ പുനര്‍നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍, വൈദ്യുതി ബോര്‍ഡിനെ വെട്ടിമുറിക്കാതെ ഒറ്റ പൊതുമേഖലാ കമ്പനിയിലേക്ക് പുനര്‍ നിക്ഷേപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ച ഏക സംസ്ഥാനമാണ് കേരളം. എന്നാല്‍, പ്രസരണ മേഖലയെ പ്രത്യേക കമ്പനിയാക്കുകയും പ്രസരണ, വിതരണ മേഖലകളില്‍ ഓപ്പണ്‍ അക്സസ് അനുവദിക്കുകയുംചെയ്ത് സ്വകാര്യ മേഖലയ്ക്ക് ഈ രംഗത്ത് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. രാജ്യമൊട്ടാകെ ഇലക്ട്രിസിറ്റി ആക്ടിന്റെയും കേന്ദ്രനയങ്ങളുടെയും ചുവടുപിടിച്ച് പരിഷ്കരണ പുനഃസംഘടനാ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് കേരളം ഇതില്‍നിന്ന് വ്യത്യസ്തമായി വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചത്.

ആസൂത്രണത്തിലെ പിഴവ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി ആസൂത്രണത്തിലെ കാര്യക്ഷമതയും വൈദ്യുതി ഉല്‍പ്പാദന പ്രസരണ മേഖലകളിലെ മികച്ച പ്രവര്‍ത്തനവുമാണ് കേരളത്തെ വൈദ്യുതി പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ (2001-2006) ആകെ 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു. അതിന് മുമ്പത്തെ എല്‍ഡിഎഫ് (1996-2001) കാലത്തെ ഉല്‍പ്പാദന നേട്ടംകൊണ്ടാണ് അന്ന് പിടിച്ചുനിന്നത്. പരമാവധി 40 മില്യണ്‍ യൂണിറ്റ് പ്രതിദിന ഉപഭോഗം ഉണ്ടായിട്ടുപോലും അക്കാലത്ത് മൂന്ന് വര്‍ഷത്തോളം ലോഡ്ഷെഡിങ്ങായിരുന്നു.

എന്നാല്‍, പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല ഇടപെടലാണ് നടത്തിയത്. ഈ ഇടപെടലുകളുടെ ഭാഗമായാണ് 57 മില്യണ്‍ യൂണിറ്റുവരെ ഉപഭോഗം ഉയര്‍ന്നിട്ടും, കേന്ദ്രപൂളില്‍നിന്ന് ലഭിക്കേണ്ട 1041 മെഗാവാട്ട് വൈദ്യുതി വിഹിതം പൂര്‍ണതോതില്‍ ലഭിക്കാതിരുന്നിട്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞത്. ഉല്‍പ്പാദനം ഉല്‍പ്പാദനമേഖലയില്‍ മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ത്വരിതപ്പെടുത്തി. പുതിയ പദ്ധതികളേറ്റെടുത്തു. കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ട് കമീഷന്‍ചെയ്തു. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ 100 മെഗാവാട്ട്, നേര്യമംഗലം എക്സ്റ്റന്‍ഷന്‍ 25 മെഗാവാട്ട്, കുറ്റ്യാടി ടെയില്‍റേസ് 3.75 മെഗാവാട്ട് എന്നിവ പൂര്‍ത്തിയാക്കി. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, പൂഴിത്തോട്, വിലങ്ങാട്, ചാത്തങ്കോനട, റാന്നി- പെരിനാട്, ചെങ്കുളം ഒഗ്മെന്റേഷന്‍, ബാരാപ്പോള്‍, ചിമ്മിനി എന്നീ പദ്ധതികള്‍ ടെന്‍ഡര്‍ചെയ്ത് പണി തുടങ്ങി. 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതികള്‍ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലാണ്.

വരുന്ന 10 വര്‍ഷത്തിനുശേഷമുള്ള വൈദ്യുതി ആവശ്യകത മുന്നില്‍കണ്ട് ബൃഹത്പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംകൊടുത്തത്. ഇതിന്റെ ഭാഗമായാണ് ഒറീസയില്‍ 1000 മെഗാവാട്ട് കല്‍ക്കരിപ്പാടത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയത്. എല്‍എന്‍ജി അധിഷ്ഠിത നിലയങ്ങള്‍ എന്ന നിലയില്‍ കാസര്‍കോട് ചീമേനിയില്‍ 1000 മെഗാവാട്ട്, എറണാകുളം ബ്രഹ്മപുരത്ത് 1000 മെഗാവാട്ട് എന്നിങ്ങനെ രണ്ടു പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതോടൊപ്പം കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാംഘട്ടം നടപ്പാകും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു. ഇങ്ങനെ 10 വര്‍ഷത്തിനുള്ളില്‍ 3000- 4000 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചത്.

ഊര്‍ജ സംരക്ഷണം

വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം താല്‍ക്കാലികമായി പ്രതിസന്ധി തരണം ചെയ്യുന്നതിന് വൈദ്യുതി സംരക്ഷണ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. പ്രസരണ- വിതരണ നഷ്ടം കുറയ്ക്കുക, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കുക എന്നിങ്ങനെ രണ്ട് പ്രധാന തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ പ്രതിസന്ധിയെ താല്‍ക്കാലികമായി നേരിട്ടത്. 10 ലക്ഷം സിഎഫ്എല്‍ ലാമ്പുകള്‍ ഇതിനായി സൗജന്യമായി വിതരണംചെയ്തു.

II

തള്ളിവിടുന്നത് ഇരുട്ടിലേക്ക്

പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിന് 1800 കോടി രൂപയുടെ പ്രസരണ മാസ്റ്റര്‍പ്ലാനിനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ 206 സബ്സ്റ്റേഷനുകളുടെ പണി ആരംഭിച്ചു. 95 എണ്ണം പൂര്‍ത്തിയാക്കി. വിതരണരംഗത്ത് 11 കെവി ലൈന്‍ നിര്‍മിക്കുക, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ റെക്കോഡ് പുരോഗതിയാണ് ഉണ്ടായത്. 14,000 കിലോമീറ്റര്‍ 11 കെവി ലൈന്‍ വലിച്ചു. ഇത് കേരളത്തിലുള്ള ആകെ 11 കെവി ലൈനിന്റെ നാലിലൊന്നുവരും (യുഡിഎഫ് കാലത്ത് ആകെ വലിച്ചത് 4776 കിലോമീറ്റര്‍മാത്രമായിരുന്നു). 20,200 ട്രാന്‍സ്ഫോര്‍മറുകളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ചത് (യുഡിഎഫ് സ്ഥാപിച്ചത് 6755). ആകെ 42,000 ട്രാന്‍സ്ഫോര്‍മറുകളായിരുന്നു ഈ സര്‍ക്കാര്‍ വരുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത്. പ്രസരണ- വിതരണ മേഖലയില്‍ നടത്തിയ നല്ല ഇടപെടലിന്റെ ഭാഗമായി 26.6 ശതമാനമായിരുന്ന പ്രസരണ-വിതരണ നഷ്ടം 17.4 ആയി കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.

വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃസൗഹൃദ സ്ഥാപനമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കി ജീവനക്കാര്‍ വികസിപ്പിച്ച&ഹറൂൗീ;ഒരുമ ഉപയോഗിച്ച് എല്ലാ സെക്ഷന്‍ ഓഫീസുകളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. മോഡല്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചു. പരാതിരഹിത വൈദ്യുതിബോര്‍ഡ് എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ ജില്ലയിലും വൈദ്യുതിമന്ത്രി പങ്കെടുത്ത് അദാലത്തുകള്‍ നടത്തി. കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. 56 പേജുള്ള അപേക്ഷാഫോറം രണ്ട് പേജായി ചുരുക്കി. സെക്ഷന്‍ ഓഫീസുകളിലെ അസി. എന്‍ജിനിയര്‍ക്ക് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍തലത്തിലുള്ള അധികാരങ്ങള്‍ വികേന്ദ്രീകരിച്ചുനല്‍കി. ബിപിഎല്‍ കുടുംബങ്ങള്‍, പട്ടികജാതി- വര്‍ഗങ്ങള്‍, വികലാംഗര്‍, 10-ാംക്ലാസ് വിദ്യാര്‍ഥികള്‍, അര്‍ബുദരോഗികള്‍, ജവാന്മാര്‍ എന്നിവര്‍ക്ക് സൗജന്യമായി കണക്ഷന്‍ ഏര്‍പ്പെടുത്തി. കൃഷിക്കും ചെറുകിടവ്യവസായങ്ങള്‍ക്കും സൗജന്യനിരക്കുകള്‍ ആവിഷ്കരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണമാണ് മറ്റൊരു സുപ്രധാന പ്രവര്‍ത്തനം. 85 അസംബ്ലി മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. ശേഷിക്കുന്ന 55 മണ്ഡലങ്ങളില്‍ക്കൂടി പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് എല്‍ഡിഎഫ് അധികാരത്തില്‍നിന്ന് ഒഴിയുന്നത്. പാലക്കാട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയാക്കി മാറ്റി (തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിച്ചു).

അവാര്‍ഡുകള്‍

വൈദ്യുതി ബോര്‍ഡിന്റെ മൊത്തം പ്രവര്‍ത്തനത്തില്‍ നല്ല കാര്യക്ഷമത കൈവരിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈദ്യുതി യൂട്ടിലിറ്റിയായി കെഎസ്ഇബിയെ തെരഞ്ഞെടുത്തത്. 2008ലെ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിനാണ് കിട്ടിയത്. ഇതേവര്‍ഷം ദേശീയതലത്തില്‍ രണ്ടാംസ്ഥാനമാണ് നമുക്ക് കിട്ടിയത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് 2009ലെ പവര്‍ എക്സലന്‍സ് അവാര്‍ഡ് കേരളത്തിന് നല്‍കിയത് നമ്മുടെ കാര്യക്ഷമത കണക്കിലെടുത്താണ്. എല്ലാവര്‍ക്കും വൈദ്യുതി എന്നതുമാത്രമല്ല ഇന്ന് കേരളത്തിന്റെ ആവശ്യം. തടസ്സമില്ലാതെ, മതിയായ വോള്‍ട്ടേജില്‍ ആവശ്യക്കാരന് ആവശ്യമുള്ളത്ര വൈദ്യുതി ലഭ്യമാക്കുക എന്നതാണ്. അതിലേക്കാണ് വൈദ്യുതി ബോര്‍ഡിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ചത്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പരാതിരഹിത വൈദ്യുതിമേഖലയിലേക്കും കടന്നു.

കേന്ദ്രനയങ്ങള്‍ക്ക് വിഭിന്നമായ, കേരളം ഉയര്‍ത്തിപ്പിടിച്ച ബദല്‍ ജനകീയസമീപനം തുടരുന്ന നിലപാടല്ല കഴിഞ്ഞ ഒരുവര്‍ഷമായി യുഡിഎഫ് ഭരണത്തില്‍ കാണുന്നത്. അതിരപ്പിള്ളിയടക്കമുള്ള വൈദ്യുതപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതി സൃഷ്ടിച്ച കേന്ദ്ര വനം- പരിസ്ഥിതിവകുപ്പിന്റെ നടപടികളെ ഫലപ്രദമായി ചെറുക്കാനോ, പണി നടന്നുവന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനോ, പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനോ ഒരിടപെടലും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ചീമേനി താപനിലയമടക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതികളെല്ലാം ഉപേക്ഷിക്കുകയാണ്. ചീമേനിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വില്‍ക്കാന്‍ എമര്‍ജിങ് കേരളയില്‍ പദ്ധതി കൊണ്ടുവന്നു. കടുത്ത വൈദ്യുതിക്ഷാമത്തിന്റെയും കുത്തനെയുള്ള നിരക്കുവര്‍ധനയുടെയും ഫലമായി വ്യാവസായിക- കാര്‍ഷിക മേഖലകള്‍ തളരും. കുടിവെള്ളവിതരണ പദ്ധതികളെയും ജലസേചനപദ്ധതികളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനായി രൂപംകൊടുത്ത വിവിധ സ്വപ്നപദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കും.

വൈദ്യുതി ആസൂത്രണത്തില്‍ വന്ന പിശകാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ജലസംഭരണികളില്‍ മഴക്കാലത്ത് ലഭിക്കുന്ന നീരൊഴുക്ക് പരമാവധി സംഭരിക്കുന്നതിനുപകരം കഴിഞ്ഞ സെപ്തംബര്‍മുതല്‍ അമിതമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. കേന്ദ്രപൂളില്‍നിന്ന് റെക്കോഡ് വിഹിതം ലഭ്യമായിട്ടും വൈദ്യുതിനിയന്ത്രണങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നിലയാണ് ഇതുവഴി ഉടലെടുത്തത്. വേനല്‍ക്കാലത്തെ ഉയര്‍ന്ന ഉപയോഗം നേരിടാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, പ്രസരണലൈനുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയത്. ഇതിന്റെ ഫലമായി ലഭ്യമായ പ്രസരണശേഷി മുഴുവനും അയല്‍സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി ബുക്കുചെയ്തു. വൈദ്യുതി ചാര്‍ജ് വര്‍ധന കുത്തനെയുള്ള വൈദ്യുതിനിരക്ക് വര്‍ധന കേരളത്തിന്റെ വികസനം സ്തംഭിപ്പിക്കും. സര്‍വീസ്ചാര്‍ജ് ഇതിനുമുമ്പുതന്നെ വര്‍ധിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹികമേഖലയില്‍ 41 ശതമാനമാണ് വര്‍ധന. ഓരോസമയത്തെയും ഉപയോഗം മനസ്സിലാക്കാവുന്ന ടൈം ഓഫ് ദി ഡേ മീറ്റര്  500 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ സ്ഥാപിക്കണം. 6.50 രൂപയാണ് ഇവരുടെ നിരക്ക്. രാത്രിയിലെ ഉപയോഗത്തിന് കൂടുതല്‍ ചാര്‍ജ് ഈടാക്കും. 120 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ വര്‍ധന പ്രക്ഷോഭത്തെതുടര്‍ന്ന് പിന്‍വലിച്ചെങ്കിലും 121-150 സ്ലാബില്‍പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് മൂന്നു രൂപയില്‍നിന്ന് 3.60 ആയി വര്‍ധിച്ചു. 151-200 സ്ലാബില്‍ 1.15 രൂപയും 201-300 സ്ലാബില്‍ 1.70 രൂപയും 301-500 സ്ലാബില്‍ 2.20 രൂപയും വര്‍ധിപ്പിച്ചു.

കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്ക് 60 പൈസയില്‍നിന്ന് 1.50 രൂപയായും വര്‍ധിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് 59 ശതമാനം വര്‍ധന ഏര്‍പ്പെടുത്തി. ചെറിയ കടകള്‍ക്ക് 19 ശതമാനവും വ്യവസായങ്ങള്‍ക്ക് 27 ശതമാനവും വര്‍ധനവരുത്തി. തെരുവുവിളക്കുകളുടെ നിരക്ക് 90 പൈസയില്‍നിന്ന് 2.75 രൂപയാക്കി. തദ്ദേശസ്ഥാപനങ്ങളെ ഇത് സാമ്പത്തികബുദ്ധിമുട്ടിലാക്കും. 2013 മാര്‍ച്ചിനുശേഷം വീണ്ടും ചാര്‍ജ് വര്‍ധന വരുമെന്നാണ് ബോര്‍ഡ് നല്‍കുന്ന സൂചന. കേരളത്തിന്റെ വ്യവസായമേഖലയെ മൊത്തത്തിലും ഇടത്തരം ചെറുകിടവ്യവസായ മേഖലയെ പ്രത്യേകിച്ചും തകര്‍ക്കുന്നതാണ് ഈ നിരക്കുവര്‍ധന. വ്യവസായങ്ങള്‍ നിരക്കുവര്‍ധന താങ്ങാനാകാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്തിയെങ്കിലും വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചുകാണുന്നില്ല. കേരളത്തിന് അര്‍ഹതപ്പെട്ട 266 മെഗാവാട്ട് വൈദ്യുതി കൂടംകുളം ആണവനിലയത്തില്‍നിന്ന് നേടിയെടുക്കാനും പ്രസരണ ലൈനിന്റെ പണി മുടങ്ങിക്കിടക്കുന്നത് പൂര്‍ത്തിയാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. 600 മെഗാവാട്ട് വരുന്ന മുപ്പതോളം ജലവൈദ്യുതപദ്ധതികളും 3000 മെഗാവാട്ട് വരുന്ന കല്‍ക്കരി, പ്രകൃതിവാതക പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല. ആര്‍എപിഡിആര്‍പി വൈദ്യുതിമേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കാന്‍ എല്‍ഡിഎഫ് സ്വീകരിച്ച പല നടപടികളെയും യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് അട്ടിമറിച്ചതിന്റെ കഥയും ഇതിനോട് ചേര്‍ത്തുവായിക്കണം.

സംസ്ഥാനത്ത് 43 നഗരങ്ങളില്‍ വൈദ്യുതി പ്രസരണ- വിതരണ ശൃംഖല നവീകരിക്കാനുള്ള കേന്ദ്രപദ്ധതി (ആര്‍എപിഡിആര്‍പി) കൊറിയന്‍ കമ്പനിക്ക് നല്‍കാന്‍ നിയമാനുസൃതം കരാര്‍ ഒപ്പിട്ടതിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അട്ടിമറിച്ചവര്‍ ഇപ്പോള്‍ ആ വാദങ്ങളെല്ലാം വിഴുങ്ങി വീണ്ടും നടപ്പാക്കുമെന്ന് പറയുന്നു. കാലാവധി കഴിയാറായ പദ്ധതി നഷ്ടപ്പെട്ടതിന് യുഡിഎഫും ഉമ്മന്‍ചാണ്ടിയുമാണ് ഉത്തരവാദി. 500 മെഗാവാട്ട് സാധ്യതയുള്ള- കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും ഇല്ലാതാക്കിയത് യുഡിഎഫാണ്. ചെറുകിട ജലസേചനപദ്ധതികളിലൂടെയും പാരമ്പര്യേതര ഊര്‍ജമേഖലയിലൂടെയും വൈദ്യുതി ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ചും പ്രസരണനഷ്ടം കുറച്ചും ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും കേന്ദ്രവിഹിതം പൂര്‍ണമായി നേടിയെടുത്തും സര്‍വോപരി ബോര്‍ഡിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും. അതിനുള്ള ആര്‍ജവം ഈ സര്‍ക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. ഇല്ലെങ്കില്‍ കേരളത്തെ ഇരുട്ടിലേക്കാകും ഈ സര്‍ക്കാര്‍ തള്ളിവിടുക.

*
എ കെ ബാലന്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വികസനത്തിന്റെ പ്രാണവായുവാണ് വൈദ്യുതി. വൈദ്യുതിയുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ വികസനവായ്ത്താരിയുമായി എമര്‍ജിങ് കേരള സംഘടിപ്പിച്ചത്. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരു പദ്ധതിയും ഈ മാമാങ്കത്തില്‍ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതിലോമകരമായ വൈദ്യുതി നയവും കേരളത്തിന്റെ സമീപനവും പ്രതിസന്ധി ഇനിയും രൂക്ഷമാക്കും.