എല്ലാ കിരണങ്ങളുടെയും പ്രഭവം ആസ്ട്രോണമിക്കലും കോസ്മോളജിക്കലുമാണ്. എല്ലാത്തിന്റെയും പ്രഭാവലയവും അതുതന്നെ. പ്രപഞ്ചം സ്ഥലത്തിലപാരവും കാലത്തില്‍ നിത്യവുമാണ്. പ്രപഞ്ചം ചലനാത്മകമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ട് ചലിക്കുന്നു. സൂര്യകിരണങ്ങള്‍ സൗരയൂഥ ഗ്രഹോപഗ്രഹങ്ങളിലെല്ലാം പതിക്കുന്നു. നേര്‍ പ്രതിഫലനങ്ങളായും ഗ്രഹോപഗ്രഹങ്ങള്‍ക്കുള്ളിലൂടെ അപഭ്രംശിച്ച് ചരിഞ്ഞും അനന്തക്ഷീരപഥങ്ങളില്‍നിന്നുള്ള പ്രഭാകിരണങ്ങള്‍ ലഭ്യം. ഭീമനക്ഷത്രങ്ങള്‍മുതല്‍ എളിയ ഗ്രഹങ്ങള്‍വരെയുള്ളതില്‍നിന്നെല്ലാം റേഡിയേഷനുണ്ട്. ഇതും ഭൂമിയിലെ റേഡിയോ ആക്ടീവതയുള്ള (അതിപ്രസരണമുള്ള) വികിരണങ്ങളും കൂടിച്ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന വികിരണവലയമാണ് മനുഷ്യവാസ പശ്ചാത്തലം. ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇതില്‍നിന്ന് ഉത്ഭൂതം.
ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും പാലനം ആകാശം, വായു, സൂര്യന്‍, ജലം, മണ്ണ് എന്നീ പഞ്ചഭൂതങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ രൂപങ്ങളിലുള്ള ഊര്‍ജം സ്വീകരിച്ചാണ്. സസ്യജന്തുജീവജാലങ്ങള്‍ എല്ലാം പഞ്ചഭൂതാത്മകമാണ്. റേഡിയേഷന്‍ തീരെയില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത നാശമായിരിക്കും ഫലം. എന്നാല്‍, റേഡിയേഷന്റെ ആരോഗ്യപരിണാമസീമ ഉല്ലംഘിച്ചാല്‍ അതും നാശകരംതന്നെ. അയണൈസിങ് റേഡിയേഷന്‍ സ്വഭാവമുള്ള (റേഡിയോ ആക്ടീവതയുള്ള) പരമാണുക്കള്‍ യുറേനിയത്തിനു മാത്രമല്ല വേറെ പല രാസമൂലകങ്ങള്‍ക്കുമുണ്ട്. കാര്‍ബണ്‍, പൊട്ടാസ്യം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയുണ്ട്. റേഡിയേഷന്റെ തോത് നിര്‍ണയിക്കുന്നതിന് അംഗീകൃത ഇന്റര്‍നാഷണല്‍ സിസ്റ്റമുണ്ട് (ടi). പരിസരങ്ങളിലെ വികിരണത്തിന്റെ ആഗിരണസാധ്യത പലപ്പോഴും പലരിലും ഉളവാക്കുന്നത് സ്റ്റൊക്കാസ്റ്റിക് ഇഫക്ടാണ്. ചാന്‍സ് ഇഫക്ടാണ്. വികിരണം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ആഘാതം വസ്തുനിഷ്ഠ ഘടകത്തോടൊപ്പം ആത്മനിഷ്ഠ ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കും. ആഘാതസംബന്ധിയായി അനാവശ്യ ഭയം ഒരുവന്റെ മനസ്സിലുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതല്‍ വലുതായിരിക്കും. ജനമനസ്സുകളില്‍ ഇപ്രകാരം ഭയാശങ്കയും പരിഭ്രാന്തിയും എത്തിക്കുന്ന കുബുദ്ധികള്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.
ഭയാശങ്കള്‍ക്ക് വിധേയരായവരെ അതില്‍നിന്ന് രക്ഷിക്കാനുള്ള, ബോധ്യപ്പെടുത്തല്‍ നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്തോ- യുഎസ് ആണവകരാറിനെ എതിര്‍ക്കുന്നവര്‍ കൂടംകുളം ആണവനിലയത്തെ അനുകൂലിക്കുന്നതില്‍ യുക്തിയില്ലെന്ന വാദം ചിലര്‍ ഉന്നയിച്ചുകണ്ടു. യാഥാര്‍ഥ്യം നേരെമറിച്ചാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്തവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ഒപ്പിട്ട രാജ്യമല്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരം നടത്തരുതെന്നാണ് അതിന്റെ നിബന്ധന. അതില്‍ സ്വയം അയവുവരുത്താന്‍ മാത്രമല്ല മറ്റ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് (എന്‍എസ്ജി) രാജ്യങ്ങളെക്കൊണ്ടുകൂടി അയവുവരുത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇന്തോ- യുഎസ് ആണവകരാര്‍ മുഖാന്തരം അമേരിക്കചെയ്തത്. ഒരു വന്‍ശക്തിയായി അംഗീകരിച്ച് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്ക് തെളിവായി ഇതിനെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഊര്‍ജശേഷിയിലും സാങ്കേതികവിദ്യയിലും മുന്‍നിര പദവി നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു ആണവകരാറിനു പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശ്യം.
1973ലെ ആണവ വിസ്ഫോടന പരീക്ഷണത്തെത്തുടര്‍ന്ന് വിലക്കിയ യുറേനിയം ലഭ്യതയും ആണവ സാങ്കേതികവിദ്യയും വിലക്കെല്ലാം നീക്കി യാഥാര്‍ഥ്യമാക്കാന്‍ പുതിയ പ്രലോഭന വാഗ്ദാനങ്ങളുമായി അമേരിക്ക സിവില്‍ ന്യൂക്ലിയര്‍ കരാറിലൂടെ ഒരുമ്പെടുന്നതിന്റെ പിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യം മനസ്സിലാക്കാന്‍ ആഗോള വര്‍ഗസമരത്തിന്റെ മൗലികപ്രമാണങ്ങള്‍ വിസ്മരിക്കാത്തവര്‍ക്കേ കഴിയൂ. വികസ്വരരാജ്യമായ ഇന്ത്യ സ്വാശ്രയത്വത്തില്‍ ഊന്നി സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച താരാപ്പുര്‍ ആണവനിലയത്തിനുള്‍പ്പെടെയുള്ള ഇന്ധനക്കരാറില്‍നിന്ന് അവര്‍ പുറകോട്ടുപോയി. മറ്റ് സഖ്യരാജ്യങ്ങളെക്കൊണ്ടുകൂടി അമേരിക്ക മുന്‍കൈയെടുത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്വന്തം നിലയ്ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അത് ഉര്‍വശീശാപം ഉപകാരം എന്ന നിലയ്ക്ക് ഭവിച്ചു. അങ്ങനെ ഇന്ത്യതന്നെ വികസിപ്പിച്ചതാണ് ഇന്ന് മുഖ്യമായി ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് ഹെവിവാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) സാങ്കേതികവിദ്യയും അതിന്റെ യന്ത്രങ്ങളും. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍. മറ്റ് രാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. പരീക്ഷണാര്‍ഥം 15 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) നമ്മള്‍ കല്‍പ്പാക്കത്തെ പരീക്ഷണശാലയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ (എഫ്ബിടിആര്‍) ഇപ്പോള്‍ കല്‍പ്പാക്കത്തുതന്നെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരള, തമിഴ്നാട് തീരങ്ങളില്‍ സുലഭമായി (400 വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്) ലഭിക്കുന്ന ലോഹമണലില്‍നിന്ന് തോറിയം ലഭ്യമാക്കിയാല്‍ ഇന്ത്യ ഊര്‍ജകാര്യത്തില്‍ ലോകോത്തര പദവി നേടിയെടുക്കാന്‍ ഇടയാകുമെന്നത് പലരുടെയും വിശേഷിച്ച് സാമ്രാജ്യത്വശക്തികളുടെ ഉറക്കംകെടുത്തിയേക്കാം.
പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അണുപ്രസരണ സ്വഭാവമുള്ള മാലിന്യങ്ങളെ ഇന്ധനമായിത്തന്നെ പുനരുപയോഗം ചെയ്യുന്നതിന്റെ സാങ്കേതികവിദ്യ പരിപൂര്‍ണതയിലെത്തിക്കാന്‍ ചുരുക്കം വര്‍ഷങ്ങളിലെ ഗവേഷണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നു. എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയതുപോലുള്ള അഭിവൃദ്ധിയുടെ അവസരമായിരിക്കും അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.
1980നു മുമ്പുവരെ നമ്മുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചിരുന്നു. രാജീവ്ഗാന്ധി ഭരണകാലത്ത് ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ആ പാതയില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചതിന്റെ ദുരന്തഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം തീക്ഷ്ണാനുഭവങ്ങളില്‍പ്പെട്ട് പിടയുന്നത് കാണാമല്ലോ. അമേരിക്കയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് രാജ്യസ്നേഹികള്‍ ആണവകരാറിനെ എതിര്‍ത്തത്. അത് ആണവോര്‍ജം വേണ്ടെന്നുള്ളതുകൊണ്ടായിരുന്നില്ല; അമേരിക്കന്‍ നേതൃത്വത്തില്‍ ലോകമേധാവിത്വം നേടാനുള്ള സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാണ്. സ്വന്തം ശേഷിയില്‍ സുലഭമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യ മാറരുതെന്നുള്ള നിര്‍ബന്ധംകൊണ്ടുമായിരുന്നു.
ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഇന്ത്യ ആണവോര്‍ജം വേണ്ടെന്നുവച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കൂടംകുളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആണവപരിപാടികളും നിര്‍ത്തിവക്കേണ്ടിവരും. നമ്മുടെ തനതായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും. ഇതുതന്നെയാണ് ആണവകരാര്‍വഴി നേടിയെടുക്കാന്‍ അമേരിക്ക ആഗ്രഹിച്ചത്. ഊര്‍ജരംഗത്ത് ഒരു മുന്‍നിര രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ സാധ്യതയെ തകര്‍ക്കണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യം പ്രാവര്‍ത്തികമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ആണവോര്‍ജവിരുദ്ധ പ്രക്ഷോഭകരും ശ്രമിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ നയിക്കുന്നവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രസക്തമാണ്.
എല്ലാത്തരം വൈദ്യുതോല്‍പ്പാദനത്തെയും എതിര്‍ത്താല്‍ നമ്മുടെ വൈദ്യുതി ആവശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യത്തിന് ഇവരെല്ലാം ഒരേ ഉത്തരമാണ് പറയുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ബദല്‍. ലോകത്ത് ഒരു രാജ്യവും ഈ ഊര്‍ജസ്രോതസ്സുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് അവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്ന് വിളിക്കുന്നത്. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരത്തില്‍ വന്‍തോതില്‍ ചെലവുകുറച്ച് തുടര്‍ച്ചയായി ഈ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല. എങ്കിലും ഇവയും കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് സബ്സിഡി നല്‍കേണ്ടിവരുന്നതും നഷ്ടമല്ല. കാരണം ഇവ ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പടിപടിയായി അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഭാവിയില്‍ ലാഭകരമായ ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാനാവൂ.
ഈ ലേഖനം ആണവോര്‍ജത്തിനുവേണ്ടിയുള്ള വക്കാലത്തല്ല. കാരണം ആണവോര്‍ജത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചുള്ള താപനിലയങ്ങളില്‍നിന്നാണ്. 20 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍നിന്നുമാണ്. മൂന്നു ശതമാനംമാത്രമാണ് ആണവനിലയങ്ങളില്‍നിന്നുള്ളത്. അത് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനമായി (20000 മെഗാവാട്ട്) ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് ആഗോളതാപനത്തിന്റെ പേരില്‍ താപനിലയത്തിന്മേലുള്ള ആശ്രിതത്വം ഉടനെ കുറയ്ക്കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ അനുകൂലിക്കാനാകില്ല.
വരുന്ന ഒന്നിലധികം ദശാബ്ദക്കാലത്തേക്കെങ്കിലും താപവൈദ്യുതോല്‍പ്പാദനത്തിനുതന്നെ ഇന്ത്യക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ജലവൈദ്യുതപദ്ധതിക്ക് രണ്ടാം പരിഗണന നല്‍കണം. കാരണം, അതിന്റെ സാധ്യതയുടെ 70 ശതമാനമെങ്കിലും നാമിപ്പോഴും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയാണ്. കേരളംപോലെ കല്‍ക്കരി, എണ്ണ നിക്ഷേപങ്ങള്‍ ഇല്ലാത്തതും നദികള്‍ നിരവധി ഉള്ളതുമായ സംസ്ഥാനങ്ങളില്‍ ജലവൈദ്യുതിക്ക് ഒന്നാമത്തെ പരിഗണന നല്‍കേണ്ടിവരും. ഇതോടൊപ്പം ആണവവൈദ്യുതി ഉല്‍പ്പാദനവും മെച്ചപ്പെടുത്തണം. അതായത്, ജലവൈദ്യുതിക്കും താപവൈദ്യുതിക്കും വേണ്ടത്ര മുന്‍ഗണന നല്‍കിയും ആണവവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നത്. പവനോര്‍ജത്തിന് (Wind Energy) ഇന്ത്യയില്‍ ഏഴ് ശതമാനം സ്ഥാപിതശേഷി ഉണ്ടെങ്കിലും അതില്‍നിന്ന് പൊതു ഗ്രിഡിലേക്ക് ലഭിക്കുന്നത് 1.6 ശതമാനം മാത്രമാണ്. സൗരോര്‍ജം പല സ്ഥാപനങ്ങളും വീടുകളും ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതു ഗ്രിഡിലേക്ക് നല്‍കപ്പെടുന്നില്ല. ഈ പരിമിതികള്‍ മറികടക്കാനും പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനും തുടര്‍ പരിശ്രമങ്ങള്‍ വേണം.
ആണവവൈദ്യുതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പല വാദങ്ങളും തികച്ചും പരിഹാസ്യമാണ്. അവരുടെ ഏതാനും വിമര്‍ശനങ്ങളും അതു സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും താഴെ കൊടുക്കുന്നു.
വിമര്‍ശം: ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യം മാത്രമാണ് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
യാഥാര്‍ഥ്യം: ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക- സാമ്പത്തിക ശേഷിയില്ല. വികസിതരാജ്യങ്ങളാണ് പ്രധാനമായും ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
വിമര്‍ശം: ലോക യുറേനിയം നിക്ഷേപത്തിലെ 23 ശതമാനവും ഉള്ള ഓസ്ട്രേലിയയില്‍ ആണവനിലയങ്ങള്‍ ഇല്ല.
യാഥാര്‍ഥ്യം: അവര്‍ക്ക് വിലകുറച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കല്‍ക്കരി, പ്രകൃതിവാതക നിക്ഷേപങ്ങള്‍ സുലഭമായുണ്ട്. കല്‍ക്കരി വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ.
വിമര്‍ശം: ലോക വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനം മാത്രമാണ് ആണവോര്‍ജംവഴി ഉല്‍പ്പാദിപ്പിക്കുന്നത്.
യാഥാര്‍ഥ്യം: വികസിതരാജ്യങ്ങള്‍ എടുത്താല്‍ 25-30 ശതമാനം ആണവവൈദ്യുതിയാണ്. ഫ്രാന്‍സില്‍ 80 ശതമാനം വൈദ്യുതിയും ആണവനിലയങ്ങളില്‍നിന്നാണ്. ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത രാജ്യങ്ങളെ ചേര്‍ത്ത് ശരാശരി എടുക്കുന്നതില്‍ അര്‍ഥമില്ല.
വിമര്‍ശം: ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമാണ് ആണവനിലയങ്ങളെന്ന വാദം ശരിയല്ല.
യാഥാര്‍ഥ്യം: അങ്ങനെ ഒരു വാദം ഇല്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് സൗരവൈദ്യുതിയേക്കാളും കാറ്റില്‍നിന്നുള്ള വൈദ്യുതിയേക്കാളും ചെലവു കുറഞ്ഞതാണ് ആണവവൈദ്യുതി. ചെലവ് കൂടിയതുകൊണ്ട് ആണവവൈദ്യുതിയോ സൗരവൈദ്യുതിയോ കാറ്റില്‍നിന്നുമുള്ള വൈദ്യുതിയോ വേണ്ടെന്നുവച്ചാല്‍ അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയില്ല.
വിമര്‍ശം :ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.
ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.
റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം പറയുന്നത് ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.
വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും.
യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.
വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്.
യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു. കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.
വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം.
യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.
വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി.
യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.
വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.
യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.
വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.
യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ കടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.
വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി.
യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു.
ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്.
വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.
സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.
*****
വി ബി ചെറിയാന്‍, ദേശാഭിമാനി

No comments:
Post a Comment