Thursday, September 13, 2012

പൊലീസല്ല, പൊളിറ്റിക്സാണ് പ്രശ്നം

2012 മെയ് നാലിനു രാത്രി ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേസന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. തുടര്‍ന്ന് കുറ്റവാളികളെന്ന് പൊലീസ് കണ്ടെത്തിയവര്‍ക്കെതിരെയും ആര്‍എംപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെയും രണ്ടു കേസുകള്‍ ചാര്‍ജ്ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 2012ലെ വധം, 2009ലെ ഗൂഢാലോചന എന്നു പറയപ്പെടുന്ന സംഭവം എന്നിവ ആധാരമാക്കിയാണ് കേസ് ചാര്‍ജ്ചെയ്തത്. രണ്ടു കേസുകളിലായി 76 പ്രതികളുണ്ടെന്നു പറയുന്നു. അന്വേഷണസംഘം രണ്ടു കേസുകളിലും കോടതിയില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചശേഷവും സിബിഐ തുടരന്വേഷണം നടത്തണമെന്നാണ് ആര്‍എംപി നേതാവുകൂടിയായ കെ കെ രമ ആവശ്യപ്പെടുന്നത്. പ്രത്യേകസംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തെപ്പറ്റി പരാതിയൊന്നുമില്ലെന്നും രമ കൂട്ടിച്ചേര്‍ക്കുന്നു. അന്വേഷണം തൃപ്തികരമാണെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന വിചിത്രമായ ആവശ്യമാണ് രമ ഉന്നയിച്ചത്. രമയുടെ ആവശ്യം നിയമവശം പരിശോധിച്ച് അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ യോജിക്കുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല. രമ പറഞ്ഞാല്‍ അതിലപ്പുറം തെളിവൊന്നും വേണ്ടതില്ലെന്ന് അദ്ദേഹം വളരെ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. സിപിഐ എം സംസ്ഥാന നേതാക്കളില്‍ ചില പ്രമുഖരെക്കൂടി കേസില്‍ പ്രതിചേര്‍ക്കാനുണ്ടെന്നാണ് ആര്‍എംപി പറയുന്നത്. മരണവാറന്റില്‍ ഒപ്പിട്ട ആളെ പിടികൂടുന്നതുവരെ അന്വേഷണം തുടരുമെന്നാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി വെളിപ്പെടുത്തിയത്. മരണവാറന്റില്‍ ഒപ്പിട്ടതാരാണെന്നും ആര്‍എംപി നേതാക്കള്‍ മാധ്യമങ്ങളോടു തുറന്നുപറഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്തിനാണെന്നു മനസ്സിലാക്കാന്‍ ഇതിലപ്പുറം തെളിവൊന്നും ആവശ്യമില്ല. സിബിഐ അന്വേഷണം തികച്ചും രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായാണ് യുഡിഎഫ് നേതാക്കളും കൂട്ടരും കാണുന്നത്. അതുകൊണ്ടുതന്നെയാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. ഇക്കാര്യം സിപിഐ എം കേന്ദ്രനേതാക്കള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

സിബിഐ അന്വേഷണം വേണ്ടെന്നുപറഞ്ഞതോടെ പാര്‍ടിക്കെതിരെയുള്ള കടന്നാക്രമണത്തിന് അതും ആയുധമാക്കാമെന്നാണ് ചിലരുടെ കണക്കുകൂട്ടല്‍.

(1) സിപിഐ എം നേതാക്കള്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നു.

(2) പാര്‍ടി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. മാറാട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. ചന്ദ്രശേഖരന്‍വധത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നു.

(3) കേരള പൊലീസിന്റെ കഴിവ് സിപിഐ എം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. അതുകൊണ്ടാണ് ഇതേവരെയുള്ള അന്വേഷണം തൃപ്തികരമാണ്, സിബിഐ അന്വേഷണം വേണ്ട എന്ന് പാര്‍ടി പറയുന്നത്.

ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരിഹാസവചനമാണ്. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ചര്‍ച്ചകളും മാധ്യമവിചാരണയുമൊക്കെ നടക്കുന്നുണ്ട്. ചന്ദ്രശേഖരന്‍വധം അടുത്ത തെരഞ്ഞെടുപ്പുവരെ ജീവനോടെ നിലനിര്‍ത്തുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് വളരെ വ്യക്തം. കോണ്‍ഗ്രസ് നേതാക്കളും കൂട്ടാളികളും നാലുമാസമായി വള്ളിക്കാട്ടെ വധം ആഘോഷിക്കുകയാണല്ലോ. സിപിഐ എമ്മിനെ ആക്രമിക്കാനുള്ള പുതിയ ആയുധം വീണുകിട്ടിയ സന്തോഷമാണല്ലോ കൊണ്ടാടിയത്. അതുകൊണ്ടാണല്ലോ ചന്ദ്രശേഖരന്റെ ജീവനുപകരം പാര്‍ടിയുടെ ജീവന്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ തയ്യാറല്ലെന്ന് പറയേണ്ടിവന്നത്.

സിബിഐ അന്വേഷണത്തെയെന്നല്ല, ഒരന്വേഷണത്തെയും സിപിഐ എം ഭയപ്പെടുന്നില്ല. ഭയപ്പെടേണ്ട ആവശ്യവുമില്ല. ലാവ്ലിന്‍ കേസന്വേഷണം വിജിലന്‍സിനുവിട്ട് റിപ്പോര്‍ട്ട് വാങ്ങിയവര്‍തന്നെ പ്രസ്തുത റിപ്പോര്‍ട്ട് അലമാരയില്‍ അടച്ചുവച്ച് സിബിഐ അന്വേഷണത്തിനു വിട്ടത് രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നല്ലോ. സിബിഐ അന്വേഷിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സംശയരഹിതമായി പറഞ്ഞുകഴിഞ്ഞല്ലോ. 300 കോടി അപഹരിച്ചെന്നും, 500 കോടി അപഹരിച്ചെന്നും കൊട്ടക്കണക്കില്‍ ഭാവനാവിലാസംപോലെ തെരഞ്ഞെടുപ്പുകാലത്ത് പാടിനടന്നവര്‍ മാളത്തില്‍ ഒളിച്ചതാണ് ഏറ്റവുമൊടുവില്‍ കണ്ടത്. പൊലീസന്വേഷണം തൃപ്തികരമാണെന്നു സമ്മതിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നു വ്യക്തം. നിയമക്രമപാലനം സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍പെട്ട കാര്യമാണ്. കൊലപാതകത്തിന് സംസ്ഥാനത്തിനു പുറത്ത് ബന്ധമുള്ളതായി ആരും പറഞ്ഞതായി വിവരമില്ല. തികച്ചും രാഷ്ട്രീയപ്രേരിതമായ ആവശ്യം നിരാകരിക്കുന്നത് രാഷ്ട്രീയധാരണ ഉള്ളതുകൊണ്ടാണ്. ഭീരുത്വമോ ധീരതയോ ഇവിടെ പ്രശ്നമല്ല.

രണ്ടാമത്തെ കാര്യം ഇരട്ടത്താപ്പിനെപ്പറ്റിയാണ്. പാര്‍ടിക്ക് ഇരട്ടത്താപ്പില്ല ഒറ്റത്താപ്പേയുള്ളു. ഒരു പ്രശ്നവും സ്വതന്ത്രമായി ഒറ്റപ്പെട്ടു നിലനില്‍ക്കുന്നതല്ല; പരസ്പരം ബന്ധപ്പെട്ടതാണ്. മാറാട് 2002ല്‍ ഒരുദിവസം ഒമ്പതുപേരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അതിലൊരാള്‍ അക്രമിസംഘത്തില്‍പ്പെട്ട ആളായിരുന്നു. അന്ന് സിബിഐ അന്വേഷിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതായതുകൊണ്ടാണ് ഈ നിലപാടെടുത്തത്. ഭരണത്തിലുണ്ടായിരുന്ന യുഡിഎഫും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്നത്തെ മുഖ്യമന്ത്രി, സിറ്റിങ് ജഡ്ജി ജോസഫിനെ അന്വേഷണ കമീഷനായി നിയമിച്ചു. കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ശുപാര്‍ശചെയ്തിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട പാര്‍ടി ഭരണത്തിലുള്ളപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം സിബിഐ അന്വേഷണം വേണമെന്നു പറയുന്നത് ഇരട്ടത്താപ്പല്ല. സാമാന്യ യുക്തിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തെഴുതി. സിബിഐ അന്വേഷണം നടന്നില്ല. ചന്ദ്രശേഖരന്‍വധത്തില്‍ അന്വേഷണം തൃപ്തികരമാണെന്നു പറയുകയും എങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയണം, മാറാട്കേസില്‍ ആന്റണി നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശചെയ്തിട്ടും അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സിബിഐ അന്വേഷണം നടത്തിയില്ല എന്ന്.

മുത്തങ്ങ സംഭവത്തില്‍ ആദിവാസികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. സി കെ ജാനുവിന്റെ മുഖം അടിച്ചുപരത്തി. ഒരു ആദിവാസിയെ പൊലീസ് വെടിവച്ചുകൊന്നു. ഈ സംഭവത്തിലും ജുഡീഷ്യല്‍ അന്വേഷണമാണ് പാര്‍ടി ആവശ്യപ്പെട്ടത്. അതിനായി എംഎല്‍എമാര്‍ സമരം നടത്തി. ഒടുവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷിച്ച് സത്യം കണ്ടെത്തിയോ? അഭയാ കേസില്‍ സിബിഐ അന്വേഷിച്ച് സത്യം കണ്ടെത്തിയോ? ചേകന്നൂര്‍ മൗലവി വധക്കേസ് സിബിഐ അന്വേഷിച്ച് സത്യം കണ്ടെത്തിയോ?

കേരളത്തിലെ പൊലീസിന്റെ കഴിവ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നു പറയുന്നത് ശരിയായ വിവരമില്ലാത്തതുകൊണ്ടാണ്. ആറുതവണ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. വ്യക്തമായ പൊലീസ്നയവും പ്രഖ്യാപിച്ചതാണ്. തൊഴില്‍തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടരുതെന്നു തീരുമാനിച്ചു. ബഹുജനസമരങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമല്ല പൊലീസെന്നും പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തില്‍ പൊലീസിന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചു. രാഷ്ട്രീയ ഇടപെടലുണ്ടായില്ല. പ്രതിപക്ഷ നേതാക്കളെ രാഷ്ട്രീയ വിദ്വേഷംവച്ച് പിടികൂടി മര്‍ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന ഒരു സംഭവംപോലും ഉണ്ടായില്ല. ഇതില്‍നിന്നു തികച്ചും വ്യത്യസ്തമായി സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ പ്രതിചേര്‍ത്ത് പീഡിപ്പിക്കാനും ജയിലിലടയ്ക്കാനുമാണ് കോണ്‍ഗ്രസ് ഭരണാധികാരികള്‍ നേതൃത്വം നല്‍കിയത്. ചന്ദ്രശേഖരന്‍വധം നടന്ന മെയ് നാലിനു രാത്രിതന്നെ ഇടപെടലുണ്ടായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും സ്ഥലം എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരന്തരം പരസ്യമായിത്തന്നെ കേസില്‍ ഇടപെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പറയുന്നവരെ പ്രതികളാക്കി അറസ്റ്റ്ചെയ്ത് ജയിലില്‍ അടച്ചില്ലെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് തുടക്കംമുതല്‍ ഭീഷണിമുഴക്കി. കൊലപാതകം രാഷ്ട്രീയമായ ലക്ഷ്യം സാധിക്കാനല്ല, സ്വകാര്യലാഭത്തിനാണ് എന്ന് ഡിജിപി പറഞ്ഞപ്പോള്‍ ആഭ്യന്തരമന്ത്രി പരസ്യമായി ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തി ഡിജിപിയെ തിരുത്തി. രാഷ്ട്രീയമല്ലാതെ വേലിത്തര്‍ക്കമാണോ, കുടുംബവഴക്കാണോ എന്നു ചോദിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ പരിഹസിച്ചു. രാഷ്ട്രീയ കൊലപാതകമെന്നും അരാഷ്ട്രീയ കൊലപാതകമെന്നും ഞങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള കൊലപാതകമില്ല എന്ന് പൊലീസ് പറഞ്ഞപ്പോള്‍, കൊലപാതകം രാഷ്ട്രീയമാണെന്ന് ഭരണക്കാര്‍ തറപ്പിച്ചുപറഞ്ഞു. പിടികൂടിയത് പരല്‍മീനുകളെ മാത്രമാണ്, വമ്പന്‍ സ്രാവുകള്‍ പുറത്താണെന്നും പറഞ്ഞു. എന്തു വൃത്തികെട്ട മാര്‍ഗം ഉപയോഗിച്ചും സിപിഐ എം സംസ്ഥാനനേതാക്കള്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കണമെന്ന് ഉപദേശിച്ചു. ഈ രാഷ്ട്രീയ ഇടപെടലാണ് ഷുക്കൂര്‍ വധക്കേസ്, ഫസല്‍ വധക്കേസ്, ചന്ദ്രശേഖരന്‍ വധക്കേസ് എന്നിവയിലുണ്ടായത്.

കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ഏറ്റവും ഒടുവില്‍ ഡിജിപിയെ തള്ളിപ്പറഞ്ഞു. പുതിയ ഡിജിപി അധികാരം ഏറ്റെടുത്തശേഷം അന്വേഷണത്തിന്റെ ഗതിമാറിയെന്നു പറഞ്ഞു. പൊലീസിനെ യുഡിഎഫ് അനുകൂലികളും എല്‍ഡിഎഫ് അനുകൂലികളുമായി വേര്‍പെടുത്തി. അതായത് കോണ്‍ഗ്രസ് അനുകൂലികളായ പൊലീസ്സേനയെ സൃഷ്ടിച്ച്, അവരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് നേതാവായ സുധാകരന്‍ ശ്രമിച്ചത്. പൊലീസിനുമേല്‍ ഇത്രയും നഗ്നമായ രാഷ്ട്രീയ ഇടപെടല്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കേരളത്തിലെ പൊലീസിന്റെ കഴിവ് അന്നും ഇന്നും ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തി മരണത്തില്‍നിന്നു മനുഷ്യനെ രക്ഷിക്കാനാണ് ഡോക്ടര്‍ ശ്രമിക്കുന്നത്. അതേ മൂര്‍ച്ചയുള്ള കത്തി മനുഷ്യനെ കൊല്ലാന്‍ ക്രിമിനല്‍പുള്ളി ഉപയോഗിക്കുന്നു. കുറ്റം കത്തിയുടേതല്ല, ഉപയോഗിക്കുന്ന ആളുടേതാണ്. പ്രശ്നം പൊലീസല്ല, രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നഗ്നമായ ഇടപെടലാണ്. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന സിപിഐ എം പിബി നിലപാട് തികച്ചും ന്യായമാണ്, ശരിയുമാണ്. പൊലീസിന്റെ ബുദ്ധിശക്തിയും അനുഭവജ്ഞാനവും പരിശീലനവും ശാസ്ത്രീയ അന്വേഷണരീതിയും ഉപയോഗിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് അനുവദിച്ചാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമില്ല. അതല്ല ഇവിടെ ഉണ്ടായത്. നഗ്നമായ രാഷ്ട്രീയ ഇടപെടലാണ്. അതിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകതന്നെ ചെയ്യും.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 13 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രശ്നം പൊലീസല്ല, രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നഗ്നമായ ഇടപെടലാണ്. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന സിപിഐ എം പിബി നിലപാട് തികച്ചും ന്യായമാണ്, ശരിയുമാണ്. പൊലീസിന്റെ ബുദ്ധിശക്തിയും അനുഭവജ്ഞാനവും പരിശീലനവും ശാസ്ത്രീയ അന്വേഷണരീതിയും ഉപയോഗിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് അനുവദിച്ചാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമില്ല. അതല്ല ഇവിടെ ഉണ്ടായത്. നഗ്നമായ രാഷ്ട്രീയ ഇടപെടലാണ്. അതിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകതന്നെ ചെയ്യും.