Friday, September 28, 2012

കെ ദാമോദരന്റെ ഭാര്യ സ: പത്മം നിര്യാതയായി

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരന്റെ ഭാര്യ പത്മം (87) നിര്യാതയായി. മകള്‍ ഉഷയുടെ, മരുതറോഡിലെ ബിആര്‍ജി അപ്പാര്‍ട്മെന്റില്‍ വ്യാഴാഴ്ച രാവിലെ 10.40നായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. എഴുത്തുകാരി, വിവര്‍ത്തക എന്നീ നിലകളില്‍ ഇവര്‍ ശ്രദ്ധേയയായിരുന്നു. കെ ദാമോദരന്‍ എഡിറ്ററായിരുന്ന "നവജീവനി"ല്‍ പ്രൂഫ്റീഡറായിരിക്കെ, ന്യൂ ഏജ് പോലുള്ള പത്രങ്ങള്‍ തര്‍ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇടക്കാലത്ത് "ദേശാഭിമാനി"യില്‍ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ നങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ പരേതരായ കുട്ടികൃഷ്ണമേനോന്റെയും കുഞ്ഞിലക്ഷ്മിയമ്മയുടെയും മകളായി 1926 ചിങ്ങത്തിലാണ് ജനിച്ചത്. ഇന്റര്‍മീഡിയറ്റില്‍ ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കണ്ണൂരില്‍ റെവന്യുവകുപ്പില്‍ ജോലി ചെയ്തു. 1946ലാണ് കെ ദാമോദരനുമായുള്ള വിവാഹം. 1965ല്‍ ദാമോദരന്‍ രാജ്യസഭാംഗമായപ്പോള്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റി. 1976ല്‍ അദ്ദേഹത്തിന്റെ മരണശേഷം കേരളത്തിലേക്ക് മടങ്ങി. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും പൊതുപ്രവര്‍ത്തനവും എഴുത്തും തുടര്‍ന്നു. ഗുരുവായൂര്‍ നഗരസഭയുടെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.


മക്കള്‍: മോഹന്‍, മധു(ഇരുവരും ഐഐഎസ്ആര്‍എ പുണെ), കെ പി ശശി(ചലച്ചിത്ര സംവിധായകന്‍, ബംഗളൂരു), രഘു. മരുമക്കള്‍: താര, കൃഷ്ണദാസ്, ഗീത. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പത്മത്തെ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ-സാമൂഹ്യരംഗത്തെ നിരവധിപേര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ഉണ്ണി, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. ദേശാഭിമാനി ജനറല്‍മാനേജര്‍ ഇ പി ജയരാജനുവേണ്ടി പാലക്കാട് ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ നേതാക്കളായ വി ചാമുണ്ണി, ജോസ് ബേബി, വിജയന്‍ കുനിശേരി എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

 പത്മം: ചിന്തകയായും എഴുത്തുകാരിയായും നിറഞ്ഞ വ്യക്തിത്വം

ഭര്‍ത്താവിന്റെ വിശേഷണപദങ്ങളില്‍ നിഴലായി ഒതുങ്ങാതെ സ്വന്തമായ സവിശേഷതകളാല്‍ മുഖ്യധാരയില്‍ നിറഞ്ഞുനിന്ന പോരാളിയായിരുന്നു കെ ദാമോദരന്റെ പത്നി പത്മം. "പാട്ടബാക്കി" എന്ന നാടകത്തിലൂടെ ഒരു കാലഘട്ടത്തെയാകെ കൈപിടിച്ചുയര്‍ത്താന്‍ കെ ദാമോദരന്‍ യത്നിച്ചപ്പോള്‍ എല്ലാ പിന്തുണയുമേകി പത്മവുമുണ്ടായിരുന്നു. കെ ദാമോദരനെ പത്രപ്രവര്‍ത്തനത്തില്‍ സഹായിക്കുക മാത്രമാണ് ആദ്യകാലത്ത് ചെയ്തിരുന്നതെങ്കിലും പിന്നീട് പത്മവും പൊതുരംഗത്തും എഴുത്തിലും സജീവമായി.വാര്‍ത്തകള്‍ തര്‍ജമ ചെയ്യാനുള്ള അവരുടെ പാടവം എടുത്തുപറയേണ്ടതാണ്. ന്യൂ ഏജിലും മറ്റും വരുന്ന വാര്‍ത്തകള്‍ അവര്‍ "നവജീവനി"ലേക്ക് തര്‍ജമ ചെയ്തു. മാക്സിംഗോര്‍ക്കിയുടെ "ചേല്‍ക്കാശ്", കെ ദാമോദരന്റെ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും ഇംഗ്ലീഷില്‍ ലേഖനങ്ങളെഴുതുകയും ചെയ്തു. സ്ത്രീ സ്വത്വത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും പ്രതീകമായിരുന്നു പത്മത്തിന്റെ ലേഖനങ്ങള്‍. ഇടക്കാലത്ത് ദേശാഭിമാനിയില്‍ ലൈബ്രേറിയനായും ജോലി ചെയ്തു. ഗാന്ധിജിക്ക് സ്വന്തം ആഭരണങ്ങള്‍ ഊരിനല്‍കിയ കൗമുദിടീച്ചറോടൊത്തുള്ള സഹവാസം മാനുഷികതയുടെ പുതിയ പാഠങ്ങള്‍ പത്മത്തെ പഠിപ്പിച്ചു. 1956ലെ പാലക്കാട് പാര്‍ടികോണ്‍ഗ്രസില്‍ പി സി ജോഷി, സി രാജേശ്വരറാവു എന്നിവരോടൊപ്പം ദേശീയ മുന്നണി എന്ന സങ്കല്‍പ്പം കെ ദാമോദരന്‍ മുന്നോട്ടുവച്ചത് ഏറെ കോളിളക്കമുണ്ടാക്കി. 1957ല്‍ വിമോചനസമരത്തിന്റെ ധാര്‍ഷ്ട്യങ്ങളെ കെ ദാമോദരന്‍ ധീരമായി നേരിട്ടപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കിയത് പത്മമാണ്. കെ ദാമോദരന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുറച്ചുകാലം ഡല്‍ഹിയിലായി. അദ്ദേഹത്തിന്റെ മരണശേഷം 1976ല്‍ കേരളത്തിലേക്ക് മടങ്ങി. പൊതുരംഗത്ത് സജീവമായി. ഗുരുവായൂര്‍ പ്രഥമ നഗരസഭാ കൗണ്‍സിലില്‍ അംഗമായി. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. പുസ്തകങ്ങളും ജനങ്ങളുമായിരുന്നു ദാമോദരന്‍-പത്മം ദമ്പതികളുടെ ജീവിതസമ്പാദ്യം. ദാമോദരന്റെ മരണശേഷം പുസ്തകങ്ങളില്‍ ഭൂരിഭാഗവും ഡല്‍ഹി ജെഎന്‍യുവിലേക്ക് നല്‍കി. കുറച്ച് പുസ്തകങ്ങള്‍ ഗുരുവായൂര്‍ നഗരസഭാലൈബ്രറിക്കും ശേഷിച്ചവ അടുത്ത സുഹൃത്തുകള്‍ക്കും.

ജനങ്ങള്‍ക്ക് നല്‍കിയ ജീവിതം

"ലോകത്തിലാകെ 220 കോടി ആളുകള്‍ ജീവിക്കുന്നുണ്ട്. ഇതില്‍ ചുരുങ്ങിയത് 150 കോടിയോളം പേര്‍ക്ക് വയറു നിറയാത്ത ദിവസങ്ങള്‍ നിരവധിയാണ്. ഏഷ്യയിലും തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും സ്ഥിരം പട്ടിണിയുള്ള പ്രദേശങ്ങള്‍ ഉണ്ട്. "ഇന്ത്യക്കാര"നെന്ന വാക്കിന് "വിശന്ന" എന്ന വിശേഷണ പദം ഒരു സാധാരണ പ്രയോഗമായി തീര്‍ന്നിരിക്കുന്നു. ബംഗാളില്‍ കൊല്ലക്കണക്കില്‍ നീണ്ടുനിന്ന ക്ഷാമം കാരണം ആകെ ജനസംഖ്യയില്‍ മൂന്നിലൊന്നു ചത്തൊടുങ്ങി. ഹെയ്റ്റിയിലെ വിഭവസമൃദ്ധമായ ഹോട്ടലുകള്‍ അറ്റംകാണാത്ത ദാരിദ്ര്യ മഹാസമുദ്രത്തിലെ സുഭിക്ഷ ദ്വീപുകളാണെന്ന് ഒരമേരിക്കന്‍ എഴുതുന്നു. ഈ അമേരിക്കക്കാരന്‍ വിശന്നു പൊരിഞ്ഞവരെ കാണാന്‍വേണ്ടി ഇത്രയും വിദൂരമായ ഹെയ്റ്റിയിലേക്കൊന്നും പോകേണ്ടിയിരുന്നില്ല. അദ്ദേഹത്തിനത് സ്വന്തംനാട്ടില്‍തന്നെ കാണാമായിരുന്നു. സ്വന്തം കുടുംബാവശ്യത്തിന് മതിയായ ഭക്ഷണം വാങ്ങാന്‍ കഴിയാത്ത അമേരിക്കക്കാര്‍ ഒരു കോടിയിലധികം വരുമെന്ന് വേര്‍മണ്ടിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോര്‍ജ് എയ്ക്കണ്‍ പറയുകയുണ്ടായി. ഇക്കാലങ്ങളില്‍ "ലോകത്തിലെ വിശപ്പ്" പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും ഒരു പ്രധാന വിഷയമായി തീര്‍ന്നിട്ടുണ്ട്...." കെ പി പത്മം വിവര്‍ത്തനം ചെയ്ത എം ഇലിന്റെ മണ്ണും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ലോകത്തിലെ പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രസംഗങ്ങളും ലേഖനങ്ങളും പുസ്തകങ്ങളുമല്ല മറിച്ച് ആത്മാര്‍ഥമായി പാവപ്പെട്ടവരുടെയും അധഃകൃതരുടെയും ഇടയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഉറച്ച് വിശ്വസിച്ച് അതിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു കെ പി പത്മം എന്ന പത്മം ദാമോദരന്റെ ജീവിതം. കമ്യൂണിസ്റ്റുകാര്‍ക്ക് ക്ലേശങ്ങള്‍ മാത്രം സമ്പത്തായിരുന്ന കാലഘട്ടത്തില്‍ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ ദാമോദരന്റെ പത്നിയായി ജീവിതം തുടങ്ങിയ പത്മേടത്തി എന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ വിളിച്ചിരുന്ന കെ ദാമോദരന്റെ ഭാര്യ പത്മം ദാമോദരന്‍ നടന്നുതീര്‍ത്ത വഴികള്‍ ഏറെയാണ്. 1926 ആഗസ്റ്റിലാണ് പത്മം ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ ചിങ്ങത്തിലെ അത്തം നാളില്‍ . ഇന്റര്‍മീഡിയറ്റ് പാസായി കണ്ണൂരില്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. പ്രശസ്ത ഗാന്ധിയന്‍ കൗമുദി ടീച്ചറോടൊപ്പമാണ് പത്മേടത്തി കണ്ണൂരില്‍ താമസിച്ചിരുന്നത്. കൗമുദി ടീച്ചറുടെ സ്വാധീനം അനീതികള്‍ക്കെതിരെ പൊരുതേണ്ടത് ഉത്തരവാദിത്തമുള്ള പൗരന്റെ കടമയാണെന്ന ബോധം ഇവരിലുണ്ടാക്കി. അനീതികള്‍ക്കെതിരെ ഏതു സാഹചര്യത്തിലും പ്രതികരിക്കുന്ന സ്വഭാവം ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ ജോലി തന്നെ പോകാനും കാരണമായി. ഒരു ദിവസം മേലധികാരി ഓഫീസിലെ പ്യൂണിന്റെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിയുന്നതുകണ്ട പത്മത്തിന് പ്രതികരിക്കാതിരിക്കാനായില്ല. ഇതിനെതിരെ മേലധികാരിയോട് തന്റെ പ്രതിഷേധം അറിയിക്കുക മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവര്‍ പറയുകയും ചെയ്തു. ഇനി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ അനീതിക്കെതിരെ പ്രതികരിച്ചതിന് വിലനല്‍കേണ്ടി വന്നത് പത്മത്തിന് തന്റെ ജോലിതന്നെയായിരുന്നു.

1946ല്‍ കെ ദാമോദരനുമായുള്ള വിവാഹത്തിനു ശേഷമാണ് പത്മം സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. ഭര്‍ത്താവിനെ പത്രപ്രവര്‍ത്തനത്തിലും പത്മം സഹായിച്ചിരുന്നു. നവജീവനില്‍ പ്രൂഫ്റീഡറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ന്യൂഏജ് പോലെയുള്ള പത്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ തര്‍ജമചെയ്ത് നവജീവനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം ഇംഗ്ലീഷില്‍നിന്ന് എം ഇലീന്റെ "മണ്ണും മനുഷ്യനും" മാക്സിം ഗോര്‍ക്കിയുടെ "ചേല്‍ക്കാശ്" എന്നീ പ്രമുഖ പുസ്തകങ്ങള്‍ പത്മം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ചൈനീസ് വിപ്ലവം അവസാനിച്ച ഉടന്‍തന്നെ "ചൈനീസ് വിപ്ലവം" എന്ന ഒരു പുസ്തകവും പത്മം എഴുതി. സ്വന്തം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും എഴുത്തിന്റെ തിരക്കിനിടയിലും ദാമോദരന്‍ എഴുതിയിരുന്ന ലേഖനങ്ങളും പുസ്തകങ്ങളും പകര്‍ത്തി എഴുതുകയും ടൈപ്പ് ചെയ്യുകയും എല്ലാം ചെയ്തിരുന്നത് പത്മേടത്തിയായിരുന്നു. ഇതിനെല്ലാം പുറമേ കെ ദാമോദരന്‍ എഴുതിയ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും പത്മേടത്തി ചെയ്തിരുന്നു. അതിനിടെ കുറച്ചുകാലം ദേശാഭിമാനിയില്‍ ലൈബ്രറേറിയനായും സേവനമനുഷ്ഠിക്കുകയുണ്ടായി.

1965ല്‍ കെ ദാമോദരന്‍ രാജ്യസഭാംഗമായപ്പോള്‍ പത്മവും ദില്ലിയിലേക്ക് താമസം മാറ്റി. 1976ല്‍ ദാമോദരന്റെ മരണശേഷമാണ് പത്മം കേരളത്തില്‍ തിരിച്ചെത്തിയത്. ദില്ലിയില്‍ താമസിച്ചിരുന്ന കാലത്തും പത്മേടത്തി വെറുതെ സമയം കളയുകയായിരുന്നില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ക്ലേശകരമായ ദൗത്യത്തില്‍ ദാമോദരനെ സഹായിക്കുകയായിരുന്നു. 1991ല്‍ ആദ്യമായി തൃശൂര്‍ ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ പത്മം അതില്‍ അംഗമായിരുന്നു. ഗുരുവായുര്‍ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. പ്രഥമ ഗുരുവായൂര്‍ നഗരസഭയിലും ഇവര്‍ കൗണ്‍സിലറായിരുന്നു. 1949ല്‍ ദാമോദരന്‍ ജയിലിലായിരുന്നപ്പോള്‍ കാണാന്‍ അനിയത്തി കമലത്തോടും കെ പി മാധവമേനോനും ഒപ്പം പോയ അവസരത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച വിവരം ഇവര്‍ അറിയുന്നത്. അതിനെക്കുറിച്ച് പത്മേടത്തിയുടെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ "റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് സഖാവ് മരിച്ച വിവരം മാധവമേനോന്‍ അറിയിച്ചത്. ഞാന്‍ സ്തംഭിച്ചുപോയി. വളരെ അടുത്ത ഒരാള്‍ നമ്മളെ വിട്ടുപോയ പോലെയാണ് തോന്നിയത്. അനിയത്തി കമലം ചോദിച്ചു - "ആരാണ് സഖാവ്?" "സഖാവെന്നാല്‍ ഒരാള്‍ മാത്രം, കൃഷ്ണപിള്ള". അദ്ദേഹം മരിക്കുമ്പോള്‍ ദാമോദരേട്ടന്‍ കണ്ണൂര്‍ ജയിലിലായിരുന്നു. ആ മരണം എല്ലാ പാര്‍ടി പ്രവര്‍ത്തകര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു. അത് ഒരു വീടിന്റെ കാര്യമല്ല. ഒരു കുടുംബത്തിന്റെ കാര്യവുമായിരുന്നില്ല. മറിച്ച് വലിയ ഒരു കുടുംബസമുച്ചയത്തില്‍ സംഭവിച്ച മഹാദുരന്തമായിരുന്നു." "കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസുകള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് തറവാടുപോലെയായിരുന്നു. അവിടെയെത്തിയാല്‍ അവര്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്നു. എനിക്കും അവിടെ എത്തിയാല്‍ എന്റെ സ്വന്തം വീട്ടിലെത്തിയപോലെ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയാണ് എന്നെ ആദര്‍ശം പഠിപ്പിച്ചത്. മനുഷ്യരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് എനിക്ക് നേടിതന്നതും ഈ പാര്‍ടിയാണ്." ഈ നല്ല ഓര്‍മകളാണ് പത്മേടത്തിയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വലിയ അവശത അനുഭവിക്കുമ്പോഴും വല്ലപ്പോഴും തന്റെ ഓര്‍മകളിലേക്കുവരുമ്പോള്‍ പൊതുപ്രവര്‍ത്തനവുമായി നടന്ന ആ നല്ല നാളുകള്‍ മാത്രമാണ് അവരുടെ മനസ്സു നിറയെ ഇപ്പോഴും.

*****

എ കൃഷ്ണകുമാരി

No comments: