"രാമയണം മുഴുവന്‍ വായിച്ചിട്ടും സീത രാമന്റെ ആരാണെന്ന് അറിയില്ല" എന്നൊരു പ്രയോഗമുണ്ട്. "എല്ലാം അറിയാവുന്ന വ്യക്തി" എന്ന് കരുതപ്പെടുന്നയാള്‍ അടിസ്ഥാനപരമായ ചില കാര്യങ്ങളെക്കുറിച്ച് "മണ്ടന്‍" സംശയങ്ങള്‍ ഉന്നയിക്കുമ്പോഴാണ് സാധാരണ ഈ പ്രയോഗം നടത്താറുള്ളത്. "രാമന്‍ സീതക്കെപ്പടി" എന്ന തമിഴ് പ്രയോഗവും സമാനാശയമാണ് പങ്കുവെക്കുന്നത്. ഈ രണ്ട് സന്ദേഹങ്ങളും എതെങ്കിലും മണ്ടന്റെ ചോദ്യമാവാന്‍ തരമില്ല. ഒരുപക്ഷേ പ്രഗത്ഭനായ ഒരു രാമായണ പണ്ഡിതന്റെയോ ഗവേഷകന്റെയോ ചോദ്യമാവാനാണ് സാധ്യത. കാരണം ഏഷ്യന്‍ രാജ്യങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ഭിന്ന ജാതി മതസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസംഖ്യം വാമൊഴി - വരമൊഴി രാമായണ പാഠങ്ങളിലൂടെ കടന്നു പോകുന്ന ഒരാള്‍ക്ക് നിശ്ചയമായും ഉണ്ടാകാവുന്ന സന്ദേഹങ്ങള്‍ മാത്രമാണിവ. ഒരുപക്ഷെ, സീതയോളം ഭിന്നപാഠങ്ങള്‍ ഉല്‍പാദിപ്പിച്ച സ്ത്രീ കഥാപാത്രങ്ങള്‍ മറ്റൊരു ഇതിഹാസത്തിലും സാഹിത്യ രൂപങ്ങളിലും ഇല്ലാതിരിക്കാനാണ് സാധ്യത.
ലിഖിത രാമായണങ്ങളില്‍ മാത്രമല്ല, വാമൊഴി സാഹിത്യത്തിലും കലാരൂപങ്ങളിലും സീതയ്ക്കുണ്ടായിട്ടുള്ള പാഠങ്ങളും പാഠാന്തരങ്ങളും അസംഖ്യമാണ്. ഈ ഓരോ പാഠങ്ങളും സമൂഹത്തില്‍ വ്യത്യസ്ത ദൗത്യവും കാഴ്ചപ്പാടുകളുമാണ് സൃഷ്ടിക്കുന്നത്. സീതയെക്കുറിച്ച് കവികള്‍ക്ക് പലപല കഥകള്‍ (ഒരേ പാഠത്തിന് ഭിന്ന വ്യാഖ്യാനങ്ങള്‍ അടക്കം) പറയുവാനുണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞത് സീതതന്നെയായിരിക്കണം എന്ന സൂചന എഴുത്തച്ഛന്റെ അധ്യാത്മരാമായണം അയോദ്ധ്യാ കാണ്ഡത്തില്‍ കാണാം. രംഗം ഇതാണ്: സീത രാമനോടൊത്ത് വനവാസത്തിന് പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്. വനത്തില്‍ ദീര്‍ഘകാലം വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും സീതയെ പിന്തിരിപ്പിക്കുന്നില്ല. ഒടുവില്‍ സീത ഇങ്ങനെ വാദിക്കുന്നു: "പല കവികള്‍ രചിച്ച രാമായണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. രാമന്‍ എപ്പോഴെങ്കിലും സീതയെ കൂടാതെ വനവാസത്തിന് പോയിട്ടുണ്ടോ?"
"രാമായണങ്ങള്‍ പലവും കവിവര
രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍
ജാനകിയെ കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?"
കവികള്‍ പാടിപ്പതിഞ്ഞ രൂപത്തില്‍ നിന്നും കഥ വഴിമാറിപോകുന്നുവോ എന്ന് ഒരു പാഠ സന്ദര്‍ഭത്തില്‍ കഥാപാത്രം തന്നെ കുണ്ഠിതപ്പെടുന്ന ഇത്തരമൊരു മുഹൂര്‍ത്തം മറ്റൊരു സാഹിത്യ കൃതിയിലും കാണപ്പെടുമെന്ന് തോന്നുന്നില്ല.
കഥയ്ക്കും കഥാകാരനുമിടയിലെ അസ്തിത്വഭേദങ്ങള്‍ ഇവിടെ മാറ്റിമറിക്കപ്പെടുകയാണ്. അനേകം രാമായണങ്ങള്‍ എന്നപോലെ അനേകം രാമന്മാരും സീതമാരുമുണ്ട്. എന്നല്ല, രാമന്‍ , സീത എന്നീ കഥാപാത്രങ്ങള്‍ വ്യത്യസ്ത ചമയങ്ങളിലും ചായക്കൂട്ടുകളിലും അവതാരപ്പെടുകയാണ്. ഇവയുടെ ആവിഷ്ക്കാരമാണ് വ്യത്യസ്ത രാമായണങ്ങള്‍ പങ്കുവെക്കുന്നത്. ത്രീ ഹണ്‍ഡ്രഡ് രാമായണാസ്: ഫൈവ് എക്സാംപിള്‍സ് ആന്‍ഡ് ത്രീ തോട്സ് ഓണ്‍ ട്രാന്‍സ്ലേഷന്‍സ് എന്ന ഉപന്യാസത്തില്‍ എ കെ രാമാനുജന്‍ ഒരു നാടോടിക്കഥ ഉദ്ധരിക്കുന്നുണ്ട്. ശ്രീരാമന്റെ നഷ്ടപ്പെട്ടുപോയ മോതിരം തേടി ഹനുമാന്‍ പാതാളത്തിലെത്തിയതാണ് കഥാസന്ദര്‍ഭം. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേര്‍ന്ന് ഒരു താലത്തില്‍ അനേകം മോതിരങ്ങള്‍ ഹനുമാന് മുമ്പില്‍ വെക്കുന്നു. അവയെല്ലാം രാമന്റേതായിരുന്നു. ഏതു തിരഞ്ഞെടുക്കും? ഹനുമാന്‍ ആകെ കുഴങ്ങി. അപ്പോള്‍ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: "എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്റെ ഒരവതാരം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ മോതിരം ഊരിപ്പോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു". തന്റെ രാമന്റെ മോതിരം തെരഞ്ഞെടുത്തു കൊള്ളാന്‍ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു. രാമന്റെ മോതിരങ്ങള്‍ പോലെ അനേകം രാമകഥകള്‍ (ഒരേ കഥയുടെ ഭിന്നപാഠങ്ങള്‍) നിലവിലുണ്ട്. രാമനെക്കുറിച്ചുള്ള ഭിന്ന പാഠങ്ങള്‍ എന്നപോലെ സീതയെക്കുറിച്ചുമുണ്ട്. "രാമായണ"ങ്ങള്‍ പോലെ "സീതായന"ങ്ങളുമുണ്ട്. രാമായണ സാഹിത്യമെന്നത് ഈ പാഠങ്ങളെല്ലാം ചേരുന്നതാണ്. ഈ ബഹുസ്വരത രാമായണത്തിന്റെ പരിമിതിയല്ല, അനന്ത സാധ്യതയാണ് വിളിച്ചോതുന്നത്.
രാമനെ സവിശേഷ വിശകലനത്തിന് വിധേയമാക്കുന്ന നിരവധി കൃതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സീതയെ മാത്രം സവിശേഷ പഠനത്തിന് വിധേയമാക്കുന്ന പഠനങ്ങള്‍ അത്രയൊന്നും ഉണ്ടായിട്ടില്ല. മേരീവിജ്ഞാനിയം (മെരിറ്റോളജി) എന്നപോലെ "സീതറ്റോളജി" എന്ന പഠനശാഖയോ, പരികല്‍പ്പനപോലുമോ എന്തുകൊണ്ട് രൂപപ്പെട്ടില്ല? സീത ആധ്യാത്മികതയുടെ മണ്ഡലത്തിലെ ഒരാരാധ്യ മൂര്‍ത്തിയായി മാത്രമല്ല ഇന്ത്യന്‍ മനസ്സില്‍ നിലകൊള്ളുന്നത്. മുഖ്യധാരയില്‍ ഇടം കിട്ടാതെപോയ ചിലപാഠങ്ങളില്‍ സ്ത്രീവാദിയായ സീതയെ കാണാം. ദലിതുകളുമായി ഇഴകി ചേര്‍ന്ന, അവരില്‍ ഒരുവളായിതീര്‍ന്ന സീതയെപ്പറ്റിയുള്ള ആവിഷ്ക്കാരങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ കിഴക്കന്‍ ബംഗാളിലെ മൈമന്‍സിംഗ് ദേശത്ത് ജീവിച്ച ചന്ദ്രബതി രചിച്ച "ചന്ദ്രബതി രാമായണ"ത്തിലെ സീത, അവഗണിക്കപ്പെടുകയും ഓരംതള്ളി നിര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന സ്ത്രീ വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്. ചന്ദ്രബതി രാമായണത്തില്‍ ഒരിടത്ത് സീത ഇങ്ങനെ പൊട്ടിത്തെറിക്കുന്നു; "ദശലക്ഷക്കണക്കിന് സ്ത്രീകളുടെ വിലാപങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഭര്‍ത്താക്കന്മാരും മക്കളും നഷ്ടപ്പെട്ട ദശലക്ഷകണക്കിന് പെണ്ണുങ്ങളുടെ വിലാപങ്ങള്‍" എന്ന്.
ഏറ്റവും രസകരമായ വസ്തുത; സീതയുടെ ജീവിതത്തിലെ ഓരോ സംഭവവും തീര്‍പ്പുകല്‍പ്പിക്കാനാവാത്തവിധം വിരുദ്ധ പാഠങ്ങളാല്‍ ബഹുസ്വരവും സമ്പന്നമാണെന്നതാണ്. സീതയുടെ ജനനം, വളര്‍ച്ച, വിവാഹം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടവും ഭിന്നരൂപത്തിലാണ് വാമൊഴി, വരമൊഴി രാമായണങ്ങള്‍ ആവിഷ്ക്കരിപ്പിക്കുന്നത്. ഉദാഹരണമായി, സീതയുടെ ജനനത്തെക്കുറിച്ചുള്ള ഭിന്നമതങ്ങളില്‍ ചിലത് കാണുക;
വാല്മീകി രാമായണമനുസരിച്ച്, ഒരു ദിവസം ജനക മഹാരാജാവ് യാഗഭൂമി തയ്യാറാക്കുന്നതിനു വേണ്ടി നിലം ഉഴുതുകൊണ്ടിരുന്നപ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയെ കലപ്പച്ചാലില്‍നിന്ന് കിട്ടി. അദ്ദേഹം അവളെ പുത്രിയായി സ്വീകരിച്ചു. സീതയെന്നു പേരിട്ടു. ഈ കഥാതന്തു പല രാമായണങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ ആവര്‍ത്തിക്കുന്നുണ്ട്. ജനകമഹാരാജാവ് യാഗം നടത്തിയത് ഒരു പുത്രനുവേണ്ടിയായിരുന്നുവെന്നും എന്നാല്‍ പുത്രിയെയാണ് കിട്ടിയതെന്നും വിഷ്ണു പുരാണംപറയുന്നു. കുഞ്ഞുസീത എങ്ങനെ കലപ്പച്ചാലില്‍ എത്തിപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മറ്റുചില രാമായണപാഠങ്ങള്‍ . മാധവകന്ദളീകൃതമായ അസ്സാമിയാ രാമായണത്തില്‍ സീതയുടെ ജനനം ഇങ്ങനെയാണ്: ജനകമഹാരാജാവിന് സന്താനങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ ദുഃഖിതനായിരിക്കുമ്പോള്‍ ഒരുദിവസം ആകാശത്തില്‍ അപസ്‌ര സുന്ദരി ഉര്‍വശിയെ കാണാനിടയായി. ജനകന്‍ ഉര്‍വശിയില്‍ കാമമോഹിതനായി. കാമത്തിന്റെ പരകോടിയില്‍ അദ്ദേഹത്തിന്റെ വീര്യം ഭൂമിയില്‍ പതിച്ചു. അങ്ങനെ ഭൂമി ഗര്‍ഭിണിയായി. കാലങ്ങള്‍ക്കു ശേഷം ജനകന്‍ ഉഴുതുകൊണ്ടിരുന്നപ്പോള്‍ ഒരു ഭ്രൂണം ലഭിക്കുകയും അതില്‍ നിന്നു സീത ജനിക്കുകയും ചെയ്തു. ഈ കഥയനുസരിച്ച് സീത ജനകമഹാരാജാവിന്റെ മകളാണ്.
ഇന്ത്യയ്ക്ക് വെളിയില്‍ രാമകഥ പ്രചാരത്തിലുള്ള ടിബറ്റ്, ഇന്‍ഡോനേഷ്യ, സയാം, കിഴക്കെ തുര്‍ക്കിസ്ഥാന്‍ (ഖൊത്താന്‍) തുടങ്ങിയ രാജ്യങ്ങളിലെ കഥകള്‍ അനുസരിച്ച് സീത രാവണപുത്രിയാണ്. "രാവണ പുത്രീവാദ"മുന്നയിക്കുന്ന രാമായണ പാഠങ്ങളിലെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം: മണ്ഡോദരിയുടെ ശരീരലക്ഷണമനുസരിച്ച് ഒന്നാമത്തെ സന്താനം രാവണന്റെ കുലത്തെ നശിപ്പിക്കുമെന്ന് ലങ്കയിലെ ജ്ഞാനികള്‍ അറിയിച്ചു. മണ്ഡോദരിയുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയ രാവണന്‍ ഈ മുന്നറിയിപ്പ് സ്വീകരിക്കുവാന്‍ തയ്യാറായില്ല; മണ്ഡോദരിയെ രാവണന്‍ വിവാഹം ചെയ്തു. വിവാഹാനന്തരം ജ്ഞാനികള്‍ വരാന്‍പോകുന്ന അപകടത്തെപ്പറ്റി രാവണനെ വീണ്ടും വീണ്ടും ഉണര്‍ത്തി. രാവണന്‍ ഒരു കാര്യം സമ്മതിച്ചു, ഒന്നാമത്തെ കുട്ടിയെ ഉപേക്ഷിക്കാമെന്ന്! മണ്ഡോദരിക്ക് ഒന്നാമതായി പിറന്ന കുട്ടി പെണ്ണായിരുന്നു. വിവരമറിഞ്ഞ രാവണന്‍ കുട്ടിയെ രത്നങ്ങളോടൊപ്പം ഒരു പെട്ടിയിലടച്ച് ഉപേക്ഷിക്കുവാന്‍ മന്ത്രിയോട് കല്‍പിച്ചു. മന്ത്രി കുട്ടിയടങ്ങിയ പേടകം ജനകന്റെ വയലില്‍ കൊണ്ടുപോയി വെച്ചു. ഈ ബാലികയെ ഒരു കര്‍ഷകന്‍ കലപ്പച്ചാലില്‍ നിന്നും കിട്ടിയതാണെന്ന് അറിയിച്ചുകൊണ്ട് ജനകനെ ഏല്‍പ്പിച്ചു. സന്താന ഭാഗ്യം ഇല്ലാതിരുന്ന ജനകന്‍ കുട്ടിയെ ഭാര്യയായ ധാരണിയെ ഏല്‍പ്പിച്ചു.
ഈ കഥാതന്തുവിനു നിരവധി പാഠാന്തരങ്ങള്‍ ഉണ്ട്. ടിബറ്റിലെയും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലേയും കഥകളില്‍ ഒരു പെട്ടിയിലാക്കി കുട്ടിയെ നദിയില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്. ഒഴുകിവന്ന സീതയെ ടിബറ്റന്‍ പാഠമനുസരിച്ച് ഒരു കൃഷിക്കാരനും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ പാഠമനുസരിച്ച് ഒരു മഹര്‍ഷിയുമാണ് വളര്‍ത്തുന്നത്.
ബംഗാളിലെ പ്രസിദ്ധമായ, "ചന്ദ്രബതി രാമായണ"മനുസരിച്ച് സീത മണ്ഡോദരിക്ക് ജനിച്ചവളാണ്. എന്നാല്‍ രാവണപുത്രിയല്ല. കഥ ഇങ്ങനെ: ഋഷിമാരുടെ രക്തം ഒരു പെട്ടിയിലാക്കി രാവണന്‍ സൂക്ഷിച്ചിരുന്നു. ദേവന്മാരുടെ അനശ്വരയില്ലാതാക്കുവാനുള്ള പാഷാണമായി ഇതുപയോഗിക്കാമെന്നും അങ്ങനെ തനിക്ക് ത്രൈലോകാധിപനായി വാഴാമെന്നുമായിരുന്നു രാവണന്റെ കണക്കുകൂട്ടല്‍ . സ്വര്‍ഗ്ഗലോകത്തുനിന്നും മോഷ്ടിച്ചു കൊണ്ടുവന്ന സ്ത്രീകളുമൊത്തായിരുന്നു അക്കാലത്ത് രാവണന്റെ വിളയാട്ടം. ഇത് കണ്ടും കേട്ടും മടുത്ത മണ്ഡോദരി വിഷം കഴിച്ചു മരിക്കുവാന്‍ തീരുമാനിച്ചു. രാവണന്‍ സൂക്ഷിച്ച ഋഷിമാരുടെ രക്തം വിഷത്തിനു പകരമായി മണ്ഡോദരി പാനം ചെയ്തു. പക്ഷെ, മരിച്ചില്ല; പകരം ഗര്‍ഭിണിയായി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു മുട്ട പ്രസവിച്ചു. ലങ്കയിലെ ജ്ഞാനികള്‍ രാക്ഷസവംശത്തിന്റെ അന്തക വിത്താണ് ഈ മുട്ടയിലുള്ളതെന്ന് പ്രവചിച്ചു. അതിനാല്‍ അത് ഉടച്ചുകളയുവാന്‍ രാവണന്‍ തീരുമാനിച്ചു. പക്ഷേ, മണ്ഡോദരി സമ്മതിച്ചില്ല. ഒരു സ്വര്‍ണ്ണ പേടകത്തിലടച്ച് അതിനെ കടലിലെറിയുകയാണ് അവള്‍ ചെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുകി നടന്ന പെട്ടി മാധബ് ജലിയ എന്ന ദരിദ്രനായ മുക്കുവന്‍ കണ്ടെടുത്തു. മാധവ്ജലിയയുടെ ഭാര്യയുടെ പേര് സത എന്നായിരുന്നു. അവള്‍ മുട്ടയെ ആരാധനാപൂര്‍വ്വം നോക്കി; പൂജിച്ചു. അതില്‍ ഒളിച്ചിരുന്ന ലക്ഷ്മി സതയെ അനുഗ്രഹിച്ചു. അവള്‍ സമ്പന്നരായി തീര്‍ന്നു. ഒരുനാള്‍ സതയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി. മുട്ട ജനകമഹാരാജാവിന് കാഴ്ചവെക്കണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അതനുസരിച്ച് കൊട്ടാരത്തിലെത്തിയ സത ജനകനോട് ഒരു ആവശ്യം ഉന്നയിച്ചു. മുട്ടയില്‍ നിന്നുണ്ടാകുന്ന കുഞ്ഞിന് തന്റെ പേരുപോലുള്ള "സീത" എന്ന നാമം നല്‍കണമെന്നായിരുന്നു ആവശ്യം. രാജാവ് അത് അംഗീകരിച്ചു. അങ്ങനെ ജനകന്‍ മുട്ടയേയും പിന്നീട് മുട്ടയില്‍നിന്ന് വിരിഞ്ഞ സീതയേയും സംരക്ഷിച്ചു വളര്‍ത്തി.
സീത മണ്ഡോദരിയുടെ മകളാണെങ്കിലും രാവണപുത്രിയല്ല എന്ന ചന്ദ്രബതീ രാമായണ പാഠത്തിന് നേര്‍വിപരീതമായ കഥകളും കണ്ടുകിട്ടിയിട്ടുണ്ട്. രാമഗൗഡരും സഹായികളും ചേര്‍ന്നു ശേഖരിച്ച നാടോടിപ്പാട്ടുകാര്‍ പാടിനടന്ന ഒരു കന്നട നാടോടിപ്പാട്ടില്‍ സീത രാവണന്റെ മകളാണ്. എന്നാല്‍ സീതയെ ഗര്‍ഭം ധരിക്കുന്നത് മണ്ഡോദരിയല്ല, രാവണന്‍ തന്നെയാണ്! ശിവന്‍ നല്‍കിയ ദിവ്യമായ ഒരു മാമ്പഴം ആര്‍ത്തിയോടെ ഭക്ഷിച്ചതു നിമിത്തമാണ് രാവണന്‍ ഗര്‍ഭം ധരിക്കുന്നത്. രാവണന്റെ ഗര്‍ഭത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച, ഒമ്പതുമാസത്തെ വേദനയുടെയും നാണക്കേടിന്റെയും അവസാനം വയറ്റാട്ടികളെ അമ്പരിപ്പിച്ചു കൊണ്ട് തുമ്മലിലൂടെ പുറത്തുവരുന്ന സീത തുടങ്ങിയ വിശദാംശങ്ങളെല്ലാം അതിലുണ്ട്. ഈ കഥയനുസരിച്ച് രാവണന്‍ സ്വന്തം പുത്രിയെ കാമിക്കുന്ന ദുഷ്ടനാണ്.
അത്ഭുത രാമായണത്തിലെ സീതാജനനവൃത്താന്തം, ചന്ദ്രബതി രാമായണകഥയുമായി ചില സാമ്യങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും യോജിക്കുന്നില്ല. സീതയുടെ ജനനം ഇങ്ങനെ: മഹാക്രൂരനായ രാവണന്‍ മുനിമാരെ ഉപദ്രവിക്കുക പതിവായിരുന്നു. വനത്തില്‍ തപസ്സനുഷ്ഠിക്കുന്ന മഹര്‍ഷിമാരിലേക്ക് ബാണം തൊടുത്തുവിട്ട് അവരുടെ രക്തം അമ്പിന്‍ മുനയില്‍ എടുത്ത് ഒരു കുടത്തില്‍ സംഭരിച്ചുപോന്നു. ഗൃത്സമദന്‍ എന്ന മഹര്‍ഷി ലക്ഷ്മീസമാനയായ ഒരു പെണ്‍കുട്ടിയെ ലഭിക്കുന്നതിനായി തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്നു. അദ്ദേഹം ദര്‍ഭാഗ്രം കൊണ്ട് പാലെടുത്ത് അത് മന്ത്രോച്ചാരണത്തോടു കൂടി ഒരു പാത്രത്തില്‍ എല്ലാ ദിവസവും ശേഖരിച്ചു. ഒരു ദിവസം രാവണന്‍ ഗൃത്സമദന്റെ ആശ്രമത്തില്‍ ചെന്ന് ആ പാല്‍പ്പാത്രം മോഷ്ടിച്ചു. അത് താന്‍ സംഭരിച്ചു വച്ചിരുന്ന രക്തത്തിലേക്കൊഴിച്ചു. ഈ മിശ്രിതം മണ്ഡോദരിക്കു കൊടുത്തു. ദിനംപ്രതി രാവണന്റെ സ്വഭാവം വഷളായികൊണ്ടിരുന്നു. പ്രജകളെ പോലെ മണ്ഡോദരിയും രാവണനെ വെറുത്തു. രാവണന്റെ പരസ്ത്രീകളുമായുള്ള ബന്ധം മണ്ഡോദരിയെ മാനസികമായി തകര്‍ത്തു, ഒരു ദിവസം മനോവിഷമം താങ്ങാനാവാതെ ആത്മാഹുതിക്ക് ശ്രമിച്ചു. അതിനായി വിഷമെന്നോണം മണ്ഡോദരി എടുത്തു കുടിച്ചത്, പാലും രക്തവും കലര്‍ന്ന ആ പാനീയമായിരുന്നു. എന്നാല്‍ മണ്ഡോദരി മരിച്ചില്ല; പകരം ഗര്‍ഭിണിയാവുകയാണുണ്ടായത്! അങ്ങനെ ജനിച്ചവളാണ് സീത.
പൂര്‍വ്വജന്മത്തില്‍ സീതയെ രാവണന്‍ അപമാനിച്ചതിന്റെ ഫലമായി രാവണനെ സീത ശപിച്ചതായി പറയുന്ന പാഠങ്ങളുണ്ട്. "കൃത്തിവാസ രാമായണ"ത്തില്‍ ഇങ്ങനെ കാണാം; കുശധ്വജ മഹര്‍ഷി വേദമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും ഒരു കന്യകയുണ്ടായി. അവള്‍ക്ക് കുശധ്വജന്‍ വേദവതി എന്ന പേരിട്ടു. പിന്നീട് ശുംഭനെന്നു പേരുള്ള ദൈത്യന്‍ കുശധ്വജനെ കൊന്നു. അനന്തരം വേദവതി തപസ്സുചെയ്യുന്നതിനായി പോയി. ഒരിക്കല്‍ തപസ്സുചെയ്യുന്ന വേദവതിയെ രാവണന്‍ കണ്ടു. അവളുടെ അംഗലാവണ്യത്തില്‍ രാവണന്‍ കാമമോഹിതനായി. രാവണന്‍ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അഗ്നികുണ്ഡം തയ്യാറാക്കി അതില്‍ പ്രവേശിച്ചു. ഒപ്പം രാവണനെ ഇങ്ങനെ ശപിച്ചു: "നിന്നെയും നിന്റെ കുലത്തേയും നശിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ അയോനിജയായി വീണ്ടും ജന്മമെടുക്കും". അനന്തരം അവള്‍ സീതയായി ജന്മമെടുത്ത് രാവണനിഗ്രഹം നടത്തി.
ബലരാമദാസ രാമായണത്തില്‍ മേല്‍ക്കഥ അല്‍പംകൂടി വിസ്തരിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: അഗ്നിപ്രവേശം നടത്തിയ സ്ഥലത്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാവണന്‍ വന്നുനോക്കിയപ്പോള്‍ വേദവതിയുടെ ശരീരം ദഹിച്ചിട്ടില്ലെന്ന് മനസിലായി. രാവണന്‍ വേദവതിയുടെ ദഹിക്കാത്ത ശരീരം പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് കൊണ്ടുപോയി. മണ്ഡോദരിയോട് വേദവതിയുടെ മാംസം ഭക്ഷണത്തിനായി പാകം ചെയ്യുവാന്‍ കല്‍പ്പിച്ചു. നാരദമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം മണ്ഡോദരി വേറെ മാംസം പാകം ചെയ്യുകയും വേദവതിയെ സമുദ്രത്തിലൊഴുകുകയും ചെയ്തു. വരുണന്‍ അത് ജംബുദ്വീപില്‍ എത്തിച്ചു. ജനകന്‍ അവിടെ ഉഴുതപ്പോള്‍ അവളെ സീതയുടെ രൂപത്തില്‍ ലഭിച്ചു.
സീതയുടെ ജനനത്തെപ്പറ്റിയുള്ള "ആനന്ദരാമായണത്തിലെ ഭാഷ്യം "പുരാണിക് എന്‍സൈക്ലോപീഡിയ"യില്‍ ഉദ്ധരിച്ചിട്ടുണ്ട്. കഥ ഇങ്ങനെ: പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീദേവിയെ പുത്രീരൂപത്തില്‍ ലഭിക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെ തപസ്സുചെയ്തു. ഭഗവാന്‍ രാജാവിന്റെ ആഗ്രഹനിവൃത്തിക്കായി ഒരു മഹാലിംഗം നല്‍കി. അതില്‍ നിന്ന് പത്മാക്ഷന് സുന്ദരിയായ ഒരു പെണ്‍കുട്ടി ജനിച്ചു. കുട്ടിക്ക് പത്മ എന്നു നാമകരണം ചെയ്തു. പത്മ വിവാഹ പ്രായമെത്തിയപ്പോള്‍ പത്മാക്ഷന്‍ സ്വയംവരത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ചെയ്തുതുടങ്ങി. നിശ്ചിതദിവസം രാക്ഷസന്മാര്‍ കയറിവന്ന് സ്വയംവര മണ്ഡപവും മറ്റും തല്ലിത്തകര്‍ത്ത് നാമാവശേഷമാക്കി. പത്മാക്ഷനും മരണമടഞ്ഞു. ഈ ദുരന്താനന്തരം പത്മ അഗ്നിപ്രവേശം ചെയ്തു. ദൈത്യന്മാര്‍ പത്മയെ അവിടെയെല്ലാം അന്വേഷിച്ചു. കണ്ടു കിട്ടാഴികയാല്‍ ഭഗ്നാശരായി മടങ്ങി. അന്നൊരിക്കല്‍ രാവണന്‍ വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ പത്മയെ അഗ്നി കുണ്ഡത്തില്‍ നിന്നും വെളിയില്‍ വന്നിരിക്കുന്നതായി കണ്ടു. പത്മയുടെ രൂപലാവണ്യത്തില്‍ ആകൃഷ്ടനായി തീര്‍ന്ന രാവണന്‍ ഉടന്‍ അവളുടെനേര്‍ക്കു തിരിഞ്ഞു. ഇതു കണ്ട് പത്മ ആത്മരക്ഷാര്‍ത്ഥം വീണ്ടും യജ്ഞകുണ്ഡത്തിലേക്കുചാടി. രാവണന്‍ ഒട്ടും വൈകാതെ യജ്ഞകുണ്ഡം മുഴുവന്‍ പരിശോധന നടത്തി. ഒടുവില്‍ പത്മയുടെ (സീതയുടെ) ജഡം അഞ്ചു രത്നങ്ങളുടെ രൂപത്തില്‍ അവിടെ നിന്നു ലഭിച്ചു. നിരാശനായ രാവണന്‍ ആ രത്നങ്ങള്‍ ഒരു പെട്ടിയില്‍ ആടക്കം ചെയ്ത് ലങ്കയിലേക്കു കൊണ്ടുപോയി മണ്ഡോദരിയെ ഏല്‍പ്പിച്ചു. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നു നോക്കിയപ്പോള്‍ പത്മ ഒരു കന്യകാരൂപത്തില്‍ അതില്‍ സ്ഥിതിചെയ്യുന്നുതായി കണ്ടു. പത്മാക്ഷന്റെ കുലത്തിനും രാജ്യത്തിനും നാശകാരിണിയായ ഇവളെ ഇവിടെ വച്ചിരിക്കുന്നത് ആശാസ്യമായിരിക്കയില്ലെന്നു കരുതി മണ്ഡോദരി രാവണനില്‍ സമ്മര്‍ദം ചെലുത്തി ആ പേടകം അവിടെ നിന്നും വെളിയില്‍ തള്ളുവാന്‍ നിര്‍ദ്ദേശിച്ചു. രാവണന്‍ ആ പെട്ടി രാജധാനിയില്‍ നിന്ന് എടുപ്പിച്ച് മിഥിലയില്‍ കൊണ്ടുപോയി കുഴിച്ചിട്ടു. പേടകം ഭദ്രമായി അടയ്ക്കുന്നതിനു മുമ്പായി പത്മ രാവണനെ ഇങ്ങനെ ശപിച്ചു. "ഞാന്‍ നിന്റേയും നിന്റെ വംശത്തെയും നശിപ്പിക്കുവാന്‍ വീണ്ടും ലങ്കയില്‍ വരും." ഒരു ദിവസം മിഥിലയിലെ ഒരു ബ്രാഹ്മണന്‍ ഭൂമി ഉഴുതുകൊണ്ടിരിക്കുമ്പോള്‍ ഈ പേടകം അദ്ദേഹത്തിനു കിട്ടി. അത് രാജധനമെന്നു കരുതി ബ്രാഹ്മണന്‍ ആ പേടകം ജനകമഹാരാജാവിനെ ഏല്‍പ്പിച്ചു. രാജാവ് അതിലിരുന്ന ശിശുവിനെ എടുത്തു വളര്‍ത്തി. കുട്ടിക്ക് സീത എന്നു പേരിട്ടു.
രാമായണ കഥയുടെ മൂലരൂപമെന്ന് ഡോ. വെബര്‍ മുതല്‍ ദിനേശചന്ദ്രസേനന്‍ വരെയുള്ള നിരവധി രാമായണ ഗവേഷണ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ട "ദശരഥ ജാതക" പ്രകാരം സീത ദശരഥന്റെ പുത്രിയാണ്. മണ്ഡോദരി ദശരഥന്റെ പത്നിയും. "ദശരഥ ജാതക"ത്തില്‍ ഇങ്ങനെ പറയുന്നു: ദശരഥന്റെ പട്ടമഹര്‍ഷിയായിരുന്നു മണ്ഡോദരി. ലോകൈകസുന്ദരിയായിരുന്നു അവള്‍ . രാവണന്‍ ഈ വിവരമറിയുകയും ദശരഥന്റെ അടുത്തെത്തി മണ്ഡോദരിയെ ആവശ്യപ്പെടുകയും ചെയ്തു. മണ്ഡോദരി, അവളുടെ ഭര്‍ത്താവ് അവളെ നല്‍കുന്നതിന് ഒരുങ്ങുന്നത് അറിഞ്ഞ് സ്വഭവനത്തിലേക്ക് പോകുകയും മന്ത്രത്തിലൂടെ മറ്റൊരു മണ്ഡോദരിയെ സൃഷ്ടിക്കുകയും ചെയ്തു. രാവണന്‍ അവളെ കൊണ്ടുപോയി. പിന്നീട് യഥാര്‍ത്ഥ മണ്ഡോദരിയില്‍ നിന്നും നടന്ന കാര്യങ്ങള്‍ കേട്ട് ദശരഥന്‍ പരിഭ്രമിച്ചു. ഈ പുതുമണ്ഡോദരി അക്ഷതയോനിയാണ്. അതുകൊണ്ട് രാവണനു ചതിവ് മനസിലാവും. അനന്തരം ദശരഥന്‍ ലങ്കയില്‍ പോവുകയും ഒളിഞ്ഞിരുന്നു പുതിയ മണ്ഡോദരിയെ സന്ദര്‍ശിക്കുകയും ചെയ്തു. അതിനുശേഷം രാവണന്റെയും മണ്ഡോദരിയുടേയും വിവാഹം ആഘോഷിക്കപ്പെടുകയും മണ്ഡോദരിക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു. ജാതക പ്രകാരം ഈ കുട്ടിയുടെ ഭര്‍ത്താവ് രാവണനെ വധിക്കുന്നവനായിരിക്കുമെന്ന് മനസിലായി. അതുകൊണ്ട് കുട്ടിയെ പെട്ടിയിലടച്ച് സമുദ്രത്തില്‍ എറിഞ്ഞു. പിന്നീട് കലി മഹര്‍ഷി (ഈ മഹര്‍ഷിയെ ജാവയിലെ സേരത്ത് കാണ്ഡത്തില്‍ ഋഷികലന്‍ എന്നു കാണാം) ലഭിക്കുകയും അദ്ദേഹം അവളെ വളര്‍ത്തുകയും ചെയ്തു.
സീത ആരായിരുന്നു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണുള്ളത്. ഏറ്റവും പ്രാചീന സാഹിത്യങ്ങളില്‍ ഒന്നായ ഋഗ്വേദത്തില്‍ സീത കൃഷിയുടെ അധിഷ്ഠാന ദേവതയാണ്. സീത എന്ന പദത്തിനര്‍ത്ഥം "കലപ്പച്ചാല്‍" എന്നാണ്. കലപ്പച്ചാലിന് കൃഷിയിലുള്ള സ്ഥാനം എടുത്തുപറയേണ്ടതില്ലല്ലോ. ഋഗ്വേദത്തിലെ പ്രസിദ്ധമായ രണ്ടു ഛന്ദസ്സുകളിലെ പ്രാര്‍ത്ഥനയുടെ ആശയ പരിഭാഷ ഇങ്ങനെയാണ്.
"അല്ലയോ സൗഭാഗ്യവതീ! (ദയാദൃഷ്ടിയോടുകൂടി) ഞങ്ങള്‍ക്ക് അഭിമുഖമായിരിക്കൂ. അല്ലയോ സീതേ! ഭവതിയെ ഞങ്ങള്‍ നമസ്കരിക്കുന്നു. ഭവതി ഞങ്ങള്‍ക്ക് നല്ല ധനവും ഫലവും പ്രദാനം ചെയ്യുന്നവളായിരിക്കൂ"
"ഇന്ദ്രന്‍ സീതയെ ഗ്രഹിക്കട്ടെ. പൂഷാ (സൂര്യന്‍) അതിനെ പ്രവര്‍ത്തിപ്പിക്കട്ടെ. അത് വെള്ളംകൊണ്ട് നിറഞ്ഞ് (സീതാ) ഓരോ വര്‍ഷവും നമുക്ക് (ധ്യാനം) പ്രദാനം ചെയ്തുകൊണ്ടിരിക്കട്ടെ".
ഋഗ്വേദത്തിലെ മേല്‍ സൂക്തങ്ങള്‍ക്ക് സമാനമായ സൂക്തങ്ങള്‍ അഥര്‍വ്വ വേദത്തിലും കാണാം. തൈത്തീരിയ സംഹിത (4, 2, 5, 5-6)യില്‍ സീതയെ ഇങ്ങനെ സ്തുതിച്ചു പ്രാര്‍ഥിക്കുന്നു:
"അല്ലയോ കാമധേനുവായ സീതേ! മിത്രന്‍ , വരുണന്‍, ഇന്ദ്രന്‍ , ആശ്വിനന്‍ , പൂഷണന്‍, പ്രജകള്‍ , ഔഷധികള്‍ ഇവയുടെയെല്ലാം മനോരഥം പൂര്‍ണ്ണമാക്കുക. നെയ്യിലും തേനിലും മുഴുകിയ സീത വിശ്വദേവതകളാലും മരുത്തുകളാലും അനുമോദിത(രക്ഷിത)യായിരിക്കട്ടെ. അല്ലയോ സീതേ! ഓജസ്വിനിയും നെയ്യുകൊണ്ട് അഭിഷിക്തയുമായ ഭവതി ജലത്തോടുകൂടി (പാല്‍) ഞങ്ങളുടെ സമീപം വിരാജിച്ചാലും."
സീതയെ കൃഷിയുമായി ബന്ധിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ പൗരാണിക ഭാരതീയ സാഹത്യ കൃതികളിലുണ്ട്. "ബൗദ്ധ മഹാഅഭിധര്‍മ്മവിഭാഷയുടെ ചീനാഭാഷയിലുള്ള വിവര്‍ത്തനത്തില്‍ ഇങ്ങനെ രേഖപ്പെട്ടുത്തിയതായി കാമില്‍ ബുല്‍ക്കെ തന്റെ "രാമകഥ"യില്‍ പറയുന്നു: "വിത്തു വിതച്ചിട്ട്, ശരത് കാലത്തില്‍ ധാരാളമായി ധാന്യം ലഭിക്കുമ്പോള്‍ കൃഷിക്കാര്‍ പറയുന്നു, ഇത്(സസ്യം) ശ്രീ, സീത, സമാ എന്നീ ദേവതകളുടെ വരദാനമാണ്."
സീത മഹാലക്ഷ്മിയുടെ അവതാരമാണെന്ന പരാമര്‍ശം പല പുരാണകൃതികളിലും കാണാവുന്നതാണ്. സീത മാത്രമല്ല, പാഞ്ചാലി, വേദവതി, തുടങ്ങിയവരും മഹാലക്ഷ്മിയുടെ അവതാരങ്ങളാണ്. ഇവര്‍ക്കെല്ലാം കൃത്യമായ അവതാര ലക്ഷ്യങ്ങളുമുണ്ട്. സീത ശ്രീരാമന്റെ ഭാര്യയാണെന്ന പ്രബല പാഠവുമായി ബന്ധപ്പെട്ട പാഠാന്തരങ്ങള്‍ കൗതുകകരമാണ്. കിഴക്കെ തുര്‍ക്കിസ്ഥാനിലെ (ഖോത്താന്‍) രാമകഥാപാഠം അനുസരിച്ച് രാമനും ലക്ഷ്മണനും സീതയുടെ ഭര്‍ത്താക്കന്മാരാണ്. വനവാസകാലത്താണ് ഈ വിവാഹങ്ങള്‍ നടക്കുന്നത്. രസകരമായ കാര്യം, ഖോത്താനീ രാമായണത്തില്‍ വനവാസത്തിനുള്ള കാരണം പറയുന്നില്ല എന്നതാണ്. ഖോത്താന്‍ ബഹുഭര്‍തൃത്വം നിലനില്‍ക്കുന്ന പ്രദേശമാണ്. ഈ സമ്പ്രദായത്തിനുള്ള സാധൂകരണമായി സീതയുടെ ബഹുഭര്‍തൃത്വത്തെ കൂട്ടുപിടിക്കുന്നു.
രാമനും സീതയും സഹോദരീ സഹോദരന്മാരായിരുന്നെന്നും രാമന്‍ വിവാഹം ചെയ്തത് സഹോദരിയെ തന്നെയാണെന്നുമുള്ള ബൗദ്ധ രാമായണകഥ ഏറെ സംവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതാണ്. "പാലീ ജാതക കട്ഠ വര്‍ണ്ണന"യിലുള്ള ദശരഥ ജാതകത്തിലെ രാമകഥയുടെ ചുരുക്കം കാമില്‍ ബുല്‍ക്കെ തന്റെ "രാമകഥ"യില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതുപ്രകാരം ദശരഥമഹാരാജാവ് വാരാണസിയിലെ രാജാവാണ്. കഥ ഇങ്ങനെയാണ്: ദശരഥമഹാരാജാവ് വാരാണസിയില്‍ നീതിപൂര്‍വ്വം ഭരണം നടത്തിക്കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ പട്ടമഹര്‍ഷിക്ക് മൂന്നു സന്താനങ്ങളുണ്ടായിരുന്നു- രണ്ടു പുത്രന്മാരും (രാമപണ്ഡിതനും ലക്ഷ്മണനും) ഒരു പുത്രിയും (സീതദേവി). ഭാര്യമാരുടെ മരണാനന്തരം രാജാവ് മറ്റൊരു ഭാര്യയെ പട്ടമഹര്‍ഷിയുടെ സ്ഥാനത്ത് നിയോഗിച്ചു. അവള്‍ക്കും ഒരു പുത്രനുണ്ടായി (ഭരതകുമാരന്‍). അപ്പോള്‍ രാജാവ് അവള്‍ക്കൊരു വരം കൊടുത്തു. ഭരതന് ഏഴു വയസ്സായപ്പോള്‍ റാണി തന്റെ പുത്രനുവേണ്ടി രാജ്യം ആവശ്യപ്പെട്ടു. രാജാവ് ആ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീടും റാണി ഇതിനുവേണ്ടി വീണ്ടും വീണ്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഗുഢാലോചനയെ ഭയന്നിട്ട് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചുപറഞ്ഞു: "ഇവിടെ താമസിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് അനര്‍ത്ഥം സംഭവിച്ചേക്കാം. ഏതെങ്കിലും അന്യരാജ്യത്തിലോ അല്ലെങ്കില്‍ വനത്തിലോ പോയി താമസിക്കുവിന്‍ . എന്റെ മരണശേഷം മടങ്ങിവന്ന് രാജാധികാരം സമ്പാദിച്ചുകൊള്ളുക." രാജാവ് ജ്യോത്സ്യന്മാരെ വിളിച്ച് അവരോട് തന്റെ മരണസമയം അന്വഷിച്ചു. പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണെന്ന് മറുപടി കിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "പുത്രന്മാരെ, പന്ത്രണ്ടുവര്‍ഷത്തിനുശേഷം മടങ്ങിവന്ന് രാജകിരീടം വഹിച്ചുകൊള്ളുക." പിതാവിനെ നമസ്കരിച്ച് രണ്ടു സഹോദരന്മാരും പോകാനൊരുങ്ങിയപ്പോള്‍ സീതയും അവരോടൊന്നിച്ചു പോയി. മൂവരുടേയും കൂടെ ധാരാളം മറ്റാളുകളും പുറപ്പെട്ടു. അവരെയെല്ലാം തിരിച്ചയച്ചിട്ട് മൂന്നുപേരും ഹിമാലയത്തിലെത്തിച്ചേരുകയും അവിടെ ആശ്രമമുണ്ടാക്കി താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒന്‍പതു വര്‍ഷത്തിനുശേഷം ദശരഥന്‍ പുത്രശോകംകൊണ്ട് മരിച്ചു. അമാത്യന്മാരും ഭരതനും എതിര്‍ത്തതുകൊണ്ട് റാണി ഭരതനെ രാജാവാക്കുന്നതിന് നടത്തിയ ശ്രമം വിഫലമായി. അപ്പോള്‍ ഭരതന്‍ രാമനെ കൊണ്ടുവരുന്നതിനു വേണ്ടി ചതുരംഗസേനയുമായി വനത്തിലേക്കു പോയി. ആശ്രമസമീപം സേനയെ നിര്‍ത്തിയിട്ട് ഭരതന്‍ ചില അമാത്യരോടൊന്നിച്ച് രാമന്റെ അടുത്ത് എത്തിച്ചേരുന്നു. ആ സമയം രാമന്‍ ഒറ്റയ്ക്കാണ്. അദ്ദേഹത്തോട് പിതാവിന്റെ മരണവൃത്താന്തം മുഴുവന്‍ പറഞ്ഞ് ഭരതന്‍ കരയാന്‍ തുടങ്ങി. രാമപണ്ഡിതന്‍ ശോകം പ്രകടിപ്പിക്കുന്നുമില്ല; കരയുന്നുമില്ല.സന്ധ്യാസമയത്ത് ലക്ഷ്മണനും സീതയും മടങ്ങിവരുന്നു. പിതാവിന്റെ ചരമവാര്‍ത്ത കേട്ട് രണ്ടുപേരും വളരെ ദുഃഖിക്കുന്നു. അപ്പോള്‍ രാമപണ്ഡിതന്‍ അവരെ ധൈര്യപ്പെടുത്തുന്നതിനുവേണ്ടി അനിത്യതയെപ്പറ്റിയുള്ള ധര്‍മ്മോപദേശം നടത്തുന്നു. അതുകേട്ട് എല്ലാവരുടേയും ദുഃഖം ശമിക്കുന്നു. അനന്തരം ഭരതന്‍ വളരെ നിര്‍ബന്ധിച്ചിട്ടും രാമപണ്ഡിതന്‍ ഇങ്ങനെ പറഞ്ഞു കൊണ്ട് വനത്തില്‍ താമസിക്കുന്നതിനുള്ള തീരുമാനം പ്രകടിപ്പിക്കുന്നു: "എന്റെ പിതാവ് പന്ത്രണ്ടുവര്‍ഷത്തിനുശേഷം രാജ്യം ഭരിക്കുന്നതിനാണ് എന്നോട് ആജ്ഞാപിച്ചിരിക്കുന്നത്. ഇപ്പോള്‍ തിരിച്ചുവന്നാല്‍ എനിക്ക് അദ്ദേഹത്തിന്റെ ആജ്ഞ പാലിക്കാന്‍ സാധിക്കാതെ വരും. ഞാന്‍ മൂന്നു വര്‍ഷത്തിനുശേഷം മടങ്ങി വന്നുകൊള്ളാം." ഭരതനും ഭരണാധികാരം സ്വീകരിക്കാതിരുന്നപ്പോള്‍ രാമപണ്ഡിതന്‍ തന്റെ തൃണപാദുകങ്ങള്‍ കൊടുത്തിട്ട് പറയുന്നു:
"ഞാന്‍ വരുന്നതുവരെ ഇവ ഭരണം നടത്തും."
പാദുകങ്ങളും എടുത്തുകൊണ്ട് ഭരതനും ലക്ഷ്മണനും സീതയും മറ്റുള്ളവരോടൊന്നിച്ച് വാരാണാസിയിലേക്കു മടങ്ങി. അമാത്യര്‍ ഈ പാദുകങ്ങള്‍ക്കു മുന്നില്‍ രാജ്യകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. അന്യായം നടക്കുമ്പോഴെല്ലാം പാദുകങ്ങള്‍ പരസ്പരം കൂട്ടിമുട്ടും. ശരിയായ തീരുമാനമെടുക്കുമ്പോള്‍ അവ ശാന്തമായിരിക്കും. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ രാമപണ്ഡിതന്‍ തിരിച്ചെത്തി തന്റെ സഹോദരിയായ സീതയെ വിവാഹം കഴിച്ചു. പതിനാറായിരം വര്‍ഷംവരെ നീതിപൂര്‍വ്വം രാജ്യം ഭരിച്ചതിനുശേഷം അവര്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നു. കഥ പറഞ്ഞശേഷം മഹാത്മാബുദ്ധന്‍ ജാതകത്തിന്റെ യുക്തിയുക്തത ഇങ്ങനെ സ്ഥാപിക്കുന്നു: അക്കാലത്ത് ശുദ്ധോദന മഹാരാജാവ് ദശരഥമഹാരാജാവായിരുന്നു. മഹാമായ (ബുദ്ധന്റെ മാതാവ്) രാമന്റെ മാതാവും, യശോധര (രാഹുലന്റെ അമ്മ) സീതയും, ആനന്ദന്‍ ഭരതനും ഞാന്‍ രാമപണ്ഡിതനുമായിരുന്നു(രാമകഥ: പുറം: 75, 76) (രാമന്‍ സഹോദരിയായ സീതയെ വിവാഹം ചെയ്തു എന്ന ബൗദ്ധ രാമകഥാപാഠം, 1992-ല്‍ “സഹ്‌മതി"ന്റെ നേതൃത്വ(കെ.എന്‍ . പണിക്കര്‍ , ശബ്നം ഹഷ്മി എന്നിവരുടെ സംഘാടകത്വത്തില്‍)ത്തില്‍ ദില്ലിയില്‍ വിവിധ രാമായണങ്ങളുടെ പ്രദര്‍ശനം നടത്തിയ വേളയില്‍ പ്രദര്‍ശിപ്പിച്ചതു കാരണം ആര്‍ .എസ്. എസുകാര്‍ പ്രദര്‍ശനഹാള്‍ കയ്യേറുകയുണ്ടായി)
നാടോടി വാമൊഴി രാമായണകഥകളില്‍ സീതയെപ്പറ്റി വരമൊഴി പാഠങ്ങളിലില്ലാത്ത നിരവധി കഥകള്‍ കാണാം.
വയനാടു ജില്ലയിലെ അടിയ ആദിവാസി സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന രാമകഥാപാഠമനുസരിച്ച് കുട്ടയും വട്ടിയുമെടുത്ത് കുന്നും മലയും കയറിയിറങ്ങി വരുന്ന സീതയെയാണ് രാമന്‍ കാണുകയും പ്രേമിക്കുകയും ചെയ്യുന്നത്. പക്ഷേ, വഴിയില്‍വെച്ച് കണ്ടുമുട്ടിയ രാവണനുമായി സീത സ്നേഹത്തിലാവുകയും രാവണന്‍ സീതയെ പ്രണയപൂര്‍വ്വം ലങ്കയിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. കാളവണ്ടിയിലാണ് യാത്ര. പന്ത്രണ്ടുകൊല്ലം തന്റെ ഉടുപ്പിലോ ദേഹത്തോ തൊടാന്‍ പാടില്ല എന്ന ചട്ടപ്രകാരമാണ് സീത ലങ്കയില്‍ താമസിച്ചത്. ലങ്കയില്‍ താമസിക്കുമ്പോള്‍ സീത രാമന്റെ ഭാര്യയല്ല. ഹനുമാന്റെ ലങ്കാദഹനത്തിന്റെ കാരണം തന്നെ സീതയ്ക്കറിയില്ല. (വയനാടന്‍ രാമായണം പു. 21-35) ഇത് മിക്കവാറും എല്ലാ ആദിവാസി രാമായണങ്ങളുടേയും സ്വഭാവമാണെന്ന് കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നു.
വാല്മീകി രാമായണമനുസരിച്ച്, സീതയ്ക്ക് ലവന്‍ , കുശന്‍ എന്നിങ്ങനെ രണ്ടുമക്കളാണുള്ളത്. എന്നാല്‍ ഇന്‍ഡോനേഷ്യയിലെ "ഹികായത് സേരീരാമ"നുസരിച്ച് ഹനുമാന്‍ സീതയുടേയും രാമന്റേയും പുത്രനാണ്. "ഹികായത് സേരീരാമി"ലെ കഥയുടെ രത്നചുരുക്കം ഇങ്ങനെയാണ്:
വനവാസകാലത്ത് രാമനും സംഘവും ഒരു സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെ രണ്ടു സരോവരങ്ങള്‍ ഉണ്ടായിരുന്നു. ഒരു സരോവരത്തില്‍ ശുദ്ധജലവും മറ്റേതില്‍ മലിന ജലവും. ശുദ്ധജല സരോവരത്തില്‍ കുളിക്കുന്നയാള്‍ വാനര രൂപം ധരിക്കുകയും മലിന ജലത്തില്‍ കുളിച്ചാല്‍ പഴയ മനുഷ്യ രൂപം തിരിച്ചുകിട്ടുമെന്നും ഒരു മഹര്‍ഷി ലക്ഷ്മണനോട് പറഞ്ഞിരുന്നു. ലക്ഷ്മണന്റെ മുന്നറിയിപ്പ് വകവെയ്ക്കാതെ രാമനും സീതയും ശുദ്ധജലത്തില്‍ കുളിക്കാനിറങ്ങി. അല്‍പസമയത്തിനുള്ളില്‍ രാമനും സീതയും വാനരരൂപത്തില്‍ കരയ്ക്കുകയറി വൃക്ഷങ്ങളിലേക്ക് ചാടിക്കയറി; അവര്‍ സംഭോഗത്തില്‍ ഏര്‍പ്പെട്ടു. തല്‍ഫലമായി സീത ഗര്‍ഭിണിയായി. വളരെ ബുദ്ധിമുട്ടിയെങ്കിലും ലക്ഷ്മണന്‍ ഇരുവരേയും പിടിച്ചെടുത്ത് മലിന സരസ്സില്‍ മുക്കി. അങ്ങനെ നഷ്ടപ്പെട്ട മനുഷ്യരൂപം തിരിച്ചുകിട്ടി. അനന്തരം രാമന്‍ സീതയുടെ ഭ്രൂണം പുറത്തെടുക്കുകയും വായു അത് സൂചിമുനയില്‍ നില്ക്കുന്ന അഞ്ജനിയുടെ വായില്‍ (ഗൗതമമഹര്‍ഷി തന്റെ പുത്രിയായ അഞ്ജനിയെ നൂറുവര്‍ഷം സമുദ്രമധ്യത്തില്‍ സൂചിമുനയില്‍ തലകുത്തി നില്ക്കുന്നതിന് ശപിച്ചിരുന്നതായി സേരിരാമില്‍ പറയുന്നു) സ്ഥാപിക്കുകയും ചെയ്തു. പിന്നീട് അഞ്ജനി കുണ്ഡലങ്ങള്‍കൊണ്ട് അലങ്കരിച്ച ഹനുമാനെ പ്രസവിച്ചു" (രാമകഥ: 629 - 630)
ഗുണഭദ്രന്‍ രചിച്ച ഉത്തരപുരാണമനുസരിച്ച് ലങ്കയില്‍നിന്ന് അയോദ്ധ്യയിലേക്ക് മടങ്ങിയശേഷം സീതയ്ക്ക് എട്ട് പുത്രന്മാര്‍ ജനിക്കുന്നുണ്ട്. രസകരമായകാര്യം, ഒരു രാമകഥയിലും സീതയ്ക്ക് പെണ്‍കുട്ടി ജനിക്കുന്നില്ല എന്നതാണ്.
സീതയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ ഭിന്നകഥകള്‍ ഉള്ള ഒരു രംഗം സീതാത്യാഗമാണ്. ലോകപവാദം, രജകന്റെ കഥ, രാവണന്റെ ചിത്രം, ശുക്രന്റെ ശാപം, താരയുടെ ശാപം, ഭൃഗുവിന്റെ ശാപം തുടങ്ങി ഇരുപതിലേറെ കഥകള്‍ ഇതുമായി ബന്ധപ്പെട്ട് നിരത്തുവാനാകും. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന രാമായണ പഠങ്ങളുമുണ്ട്. രാവണന്‍ സീതയെ തട്ടികൊണ്ടുപോയ കഥയ്ക്കും പാഠഭേദങ്ങള്‍ അനവധിയാണ്. നാടോടിപ്പാട്ടുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം സീതയാണ്.
സ്ത്രീലോകത്തിന്റെ പ്രതിനിധിയാണ് സീത. സ്ത്രൈണാനുഭവങ്ങളുടെ താളങ്ങളും നെടുവീര്‍പ്പുകളും വികാരങ്ങളുമെല്ലാം സീതയില്‍ പ്രതിഫലിക്കുന്നു. വാല്മീകി പറയാതെ പോയ പലതും നാടോടിപ്പാട്ടുകളില്‍ ആവിഷ്കൃതമാവുന്നതായി കാണാം. തെലുങ്ക് വാമൊഴിപ്പാരമ്പര്യത്തില്‍, മേല്‍ച്ചേരു നാരായണ റാവു രാമായണത്തെക്കുറിച്ച് നടത്തിയ പഠനം ശ്രദ്ധേയമാണ്. സ്ത്രൈണാനുഭവങ്ങളുടേയും താല്‍പര്യങ്ങളുടേയും വിഷയങ്ങള്‍ നാടോടിപ്പാട്ടുകളില്‍ എത്ര സമര്‍ത്ഥമായി പ്രതിധ്വനിക്കുന്നു എന്ന് സീതയെ മുന്‍നിര്‍ത്തി അദ്ദേഹം കാണിച്ചു തരുന്നു. കേരളത്തിലെ ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന രാമായണ വാമൊഴി പാഠങ്ങളില്‍ സീതയ്ക്കുള്ള സ്ഥാനം മറ്റൊരു രാമായണ കഥാപാത്രത്തിനും ലഭിച്ചിട്ടില്ല. സീതയുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍, പ്രകൃതി പ്രതിഭാസങ്ങള്‍ (ഉദാഹരണം: സീതാതടാകം, കണ്ണീര്‍തടാകം, സീത ഭൂമിയില്‍ താണ സ്ഥലങ്ങള്‍) എന്നിവയൊക്കെ അസംഖ്യമാണ്. കേരളത്തിലങ്ങോളമിങ്ങോളമുളള ഇതിഹാസ കഥകളുടെ വ്യാപകത അതിവിപുലമാണ്. പൊന്നാനിയിലെ പാടങ്ങളില്‍ നെല്‍കതിര്‍ എന്നപോലെ രാമായണകഥകളും വിളയുന്ന രംഗത്തെപ്പറ്റി എം. ഗോവിന്ദന്‍ എഴുതിയ വരികള്‍ , കേരളത്തിലെന്നപോലെ ഇന്ത്യയിലെ മറ്റുഗ്രാമങ്ങള്‍ക്കും അനുയോജ്യമാണ്.
"ഓരോരോ കരിച്ചാലിരോരോ നുരിക്കൂമ്പില്‍
ഓരോരോ ചിരുതയുണ്ടിരിപ്പൂ ചിരിചൂടി
ജനകന്മാരും കൂടെ പ്പാടുന്നു രാമന്മാരും
ജനകീയമീ മഞ്ജുമൈഥിലീ മഹാകാവ്യം."
*
ഡോ. അസീസ് തരുവണ, കടപ്പാട് :ദേശാഭിമാനി വാരിക
അധികവായനക്ക്
ലങ്കാവാസത്തിനുശേഷം, രാമന്‍ സീതയ്ക്കെപ്പടി?
A break-up story
Subscribe to:
Post Comments (Atom)
1 comment:
സ്ത്രീലോകത്തിന്റെ പ്രതിനിധിയാണ് സീത. സ്ത്രൈണാനുഭവങ്ങളുടെ താളങ്ങളും നെടുവീര്‍പ്പുകളും വികാരങ്ങളുമെല്ലാം സീതയില്‍ പ്രതിഫലിക്കുന്നു. വാല്മീകി പറയാതെ പോയ പലതും നാടോടിപ്പാട്ടുകളില്‍ ആവിഷ്കൃതമാവുന്നതായി കാണാം. തെലുങ്ക് വാമൊഴിപ്പാരമ്പര്യത്തില്‍, മേല്‍ച്ചേരു നാരായണ റാവു രാമായണത്തെക്കുറിച്ച് നടത്തിയ പഠനം ശ്രദ്ധേയമാണ്. സ്ത്രൈണാനുഭവങ്ങളുടേയും താല്‍പര്യങ്ങളുടേയും വിഷയങ്ങള്‍ നാടോടിപ്പാട്ടുകളില്‍ എത്ര സമര്‍ത്ഥമായി പ്രതിധ്വനിക്കുന്നു എന്ന് സീതയെ മുന്‍നിര്‍ത്തി അദ്ദേഹം കാണിച്ചു തരുന്നു. കേരളത്തിലെ ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന രാമായണ വാമൊഴി പാഠങ്ങളില്‍ സീതയ്ക്കുള്ള സ്ഥാനം മറ്റൊരു രാമായണ കഥാപാത്രത്തിനും ലഭിച്ചിട്ടില്ല.
Post a Comment