കാണ്‍പൂര്‍ ഐ ഐ ടി യില്‍ പഠിപ്പിക്കാന്‍ വന്ന ഒരു അമേരിക്കന്‍ പ്രഫസര്‍ പറയുകയുണ്ടായി, അമേരിക്കയിലെ പ്രഫസര്‍മാരെ അപേക്ഷിച്ച് ഇന്ത്യയിലെ പ്രഫസര്‍മാര്‍ വളരെ ഭാഗ്യശാലികളാണ്, എന്ന്. മറ്റൊന്നുമല്ല കാര്യം, താരതമ്യേന ദരിദ്രര്‍ കൂടുതലുള്ള ഒരു രാജ്യത്തെ ഉയര്‍ന്ന മധ്യവര്‍ഗക്കാര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ വികസിത രാജ്യങ്ങളിലെ സമ്പന്നര്‍ക്കുപോലും അസുയ ഉണ്ടാക്കും. സ്വന്തമായി ഒരു ഡ്രൈവര്‍, മാലി, കുശിനിക്കാരന്‍, പുറം ജോലി സഹായി..... ഇതൊന്നും അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല. ഉത്തരേന്ത്യയിലെങ്കിലും ഇത്തരം സൗകര്യങ്ങള്‍ പ്രഫസര്‍മാര്‍ക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളു.
ഏതാണ്ടതുപോലെ തന്നെയാണ് സ്വന്തമായി കാറുള്ളവരുടെ കാര്യവും. അമേരിക്കയില്‍ ഒട്ടു മിക്കവര്‍ക്കും സ്വന്തമായി കാര്‍ ഉണ്ടാവും. (ശരാശരി ഒരു കുടുംബത്തിന് 2.3 വാഹനം എന്നതാണവിടത്തെ കണക്ക്). ഇവിടെയാണെങ്കില്‍ അടുത്തകാലം വരെ സ്വന്തം കാര്‍ എന്നത് വലിയൊരു ഭാഗ്യം തന്നെയായിരുന്നു. കഴിഞ്ഞ തലമുറയില്‍പോലും (ഏതാണ്ട് 35 വര്‍ഷം മുമ്പ്) കേരളത്തില്‍ കഷ്ടിച്ച് അരലക്ഷം സ്വകാര്യ കാറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതാണ്ട് കാല്‍ ലക്ഷം സ്‌കൂട്ടറും. ഇന്നാണെങ്കില്‍ ടാക്‌സികളുള്‍പ്പെടെ ഒമ്പതു ലക്ഷത്തോളം കാറുകളുണ്ട് കേരളത്തില്‍. ഇരുചക്രവാഹനങ്ങളാണെങ്കില്‍ മുപ്പതു ലക്ഷത്തോളമായി. അതായത് ഏതാണ്ട് പാതി വീടുകളിലെങ്കിലും കാറോ സ്‌കൂട്ടറോ ഉണ്ട് എന്നര്‍ഥം. എന്നാല്‍ കാറും സ്‌കൂട്ടറും മറ്റും അപൂര്‍വമായിരുന്ന കാലത്ത് അവയുടെ ഉടമസ്ഥര്‍ക്ക് അക്കാരണം കൊണ്ടുതന്നെ സമൂഹത്തില്‍ 'നിലയും വിലയും' അനുവദിച്ചു കൊടുക്കപ്പെട്ടിരുന്നു. അതിനനുസരിച്ചുള്ള ചില ആനുകൂല്യങ്ങളും വിശേഷ അവകാശങ്ങളും അവര്‍ അനുഭവിച്ചിരുന്നു. കാറുള്ളവര്‍ക്ക് എവിടെയും മുന്‍ഗണന. അവര്‍ക്ക് ഏതു വഴിയോരത്തും കാറിടാം. കടയുടെ മുമ്പില്‍ തന്നെ കാര്‍ നിര്‍ത്തിയിട്ട് ഷോപ്പിങ്ങും മറ്റും നടത്താം.
തിയേറ്റര്‍, കല്യാണമണ്ഡപം, ഹോട്ടല്‍ ആദിയായി ഏതു താവളത്തിനു മുമ്പിലും കാര്‍ ഇട്ടിട്ട് സ്വന്തം കാര്യങ്ങള്‍ നടത്താം. കാര്‍ പാര്‍ക്കു ചെയ്യുന്നതിന് കാശുകൊടുക്കുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാലം. എത്ര തിരക്കുള്ള കമ്പോളത്തെരുവ് ആയാലും കാറോടിച്ചു പോകുന്നതിനോ പാര്‍ക്ക് ചെയ്യുന്നതിനോ ഒരു നിയന്ത്രണവും പാടില്ല. കാല്‍ നടക്കാര്‍ അതിനനുസരിച്ച് ഒഴിഞ്ഞുമാറി, ഒതുങ്ങി, പൊയ്‌ക്കൊള്ളണം.
എന്നാല്‍, ഒരുമാതിരി എല്ലാവര്‍ക്കും സ്വന്തമായി കാറുള്ള അമേരിക്കയില്‍ കാറുടമസ്ഥര്‍ക്ക് അങ്ങനത്തെ പ്രത്യേക അവകാശങ്ങളൊന്നുമില്ല. എന്നുതന്നെയല്ല, റോഡു മുറിച്ചു കടക്കാനുള്ള സ്ഥലങ്ങളില്‍ കാല്‍ നടക്കാര്‍ക്കാണു മുന്‍ഗണനയും. പക്ഷേ, ഉള്ളതു പറയണമല്ലോ, കാല്‍ നടക്കാരും ചില നിയമങ്ങള്‍ അനുസരിച്ചേ മതിയാവൂ. റോഡിന്റെ നടുവിലൂടെ നടക്കുന്നതും തോന്നിയേടത്തെല്ലാം മുറിച്ചു കടക്കുന്നതും പറ്റില്ല. റോഡു മുറിച്ചു കടക്കാനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിലേ അതാകാവൂ. സിഗ്നല്‍ ഉള്ളിടത്ത് അതനുസരിക്കയും ചെയ്യണം. പക്ഷേ അങ്ങനെയുള്ള സ്ഥലങ്ങളില്‍ അവര്‍ക്കാണു മുന്‍ഗണന. കാല്‍നടക്കാര്‍ക്കായി വണ്ടി നിര്‍ത്തിക്കൊടുക്കും. വയസ്സായവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കുമെല്ലാം ധൈര്യമായി റോഡു മുറിച്ചു കടക്കാം.
പാര്‍ക്കിംഗിന്റെ കാര്യത്തിലും പരാധീനതകള്‍ ഏറെയാണ്. വഴിയോരത്താണെങ്കില്‍ അതിനായി അടയാളപ്പെടുത്തിയ സ്ഥലത്തുമാത്രമേ വണ്ടി നിര്‍ത്തിയിടാവൂ. നഗര നിരത്തുകളുടെ ഓരത്താണെങ്കില്‍ കനത്ത കൂലിയും നല്‍കണം. പല നഗരങ്ങളിലും 'പാര്‍ക്കിംഗ് ഫീ' നഗരസഭയുടെ ഒരു പ്രധാന വരുമാനമാര്‍ഗവുമാണ്. (ചില സ്ഥലത്തെല്ലാം ഇപ്പോഴത് സ്വകാര്യവല്‍ക്കരിച്ചു തുടങ്ങിയിട്ടുണ്ട്). അമ്പതുവര്‍ഷം മുമ്പുതന്നെ മെക്കാനിക്കല്‍ പാര്‍ക്കിംഗ് മീറ്ററുകള്‍ സര്‍വസാധാരണമായിരുന്നു. ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡും മറ്റും സ്വീകരിക്കുന്ന ഇലക്‌ട്രോണിക് മീറ്ററുകള്‍ വന്നിട്ടുണ്ട്.
വലിയ തിരക്കുള്ള നിരത്തുകളില്‍ വഴിയോര പാര്‍ക്കിംഗ് തടഞ്ഞുകൊണ്ട് ''ഓഫ് സ്ട്രീറ്റ്'' പാര്‍ക്കിംഗിലേയ്ക്ക് മാറുകയാണ് പലയിടത്തും. ബഹുനിലകളിലുള്ള പാര്‍ക്കിംഗ് ഗ്യാരേജുകള്‍ സാധാരണമായിക്കഴിഞ്ഞു. നഗരഹൃദയ ഭാഗത്ത് പാര്‍ക്കിംഗിനു സ്ഥലം കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുകാരണം പലരും സ്വന്തം വണ്ടി വീട്ടിലിട്ടിട്ട് പൊതുഗതാഗതത്തെ ആശ്രയിക്കുന്നതും പതിവായിട്ടുണ്ട്.
നമ്മുടെ നാട്ടിലും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു. പക്ഷേ നമ്മളിപ്പോഴും വാഹനപ്പെരുപ്പത്തെ പഴിക്കുകയും പണ്ടത്തെക്കാലത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ വിലപിക്കുകയുമാണ് ചെയ്യുന്നത്. ഈയിടെ ഒരു പഴയ 'തിര്വോന്തരത്തു'' കാരന്‍ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു: ''പണ്ടാണെങ്കില്‍ നമുക്കൊക്കെ നേരിട്ടറിയാവുന്ന കുറച്ചു വീട്ടുകാര്‍ക്കു മാത്രമേ 'പ്ലഷര്‍കാര്‍' ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണെങ്കില്‍ സകല അലവലാതികള്‍ക്കും കാറായി!'' എല്ലാവര്‍ക്കും കാറായതാണു പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാണ് പലരുടെയും വിചാരം.
സാധാരണക്കാര്‍ക്കുപോലും കാറും സ്‌കൂട്ടറും ഉണ്ടാകുന്നത് സമൂഹം പുരോഗമിക്കുന്നതിന്റെ ലക്ഷണമല്ലേ? പക്ഷേ അപ്പോള്‍ ഒരു വരേണ്യവിഭാഗത്തിനുമാത്രം സ്വകാര്യ വാഹനങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് അവര്‍ അനുഭവിച്ചിരുന്ന പല സൗജന്യങ്ങളും അവകാശങ്ങളും സൗകര്യങ്ങളും ഉപേക്ഷിക്കേണ്ടിവരും. അവയിലൊന്ന് എവിടെയും സൗജന്യമായി വണ്ടിനിര്‍ത്തിയിടാനുള്ള അവകാശമാണ്. വഴികള്‍ക്ക് ആവശ്യത്തിനു വീതിയുള്ള സ്ഥലങ്ങളില്‍ വഴിയോര പാര്‍ക്കിംഗ് ആകാം. പക്ഷേ, അവിടങ്ങളില്‍ പാര്‍ക്കിംഗ് മീറ്ററുകള്‍ സ്ഥാപിച്ച് കൂലി ഈടാക്കണം. അതിനു സൗകര്യമില്ലാത്ത ഇടങ്ങളില്‍ 'ഓഫ് സ്ട്രീറ്റ്' പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. യുക്തമായ സ്ഥലങ്ങളില്‍ ബഹുനില പാര്‍ക്കിംഗ് ഗ്യാരേജുകളും വേണ്ടിവരും.
സെന്റിന് ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നഗരഹൃദയഭാഗത്ത് അത് മുതലാക്കണമെങ്കില്‍ കനത്ത പാര്‍ക്കിംഗ് ഫീസ് ചുമത്തേണ്ടിവരും. അതു കൊടുത്തേ പറ്റൂ. അല്ലാത്തവര്‍ വണ്ടി വീട്ടിലിട്ടിട്ട് പൊതുഗതാഗതത്തെ ആശ്രയിക്കട്ടെ. അവിടെയാണ് സര്‍ക്കാര്‍ നയങ്ങള്‍ പ്രസക്തമാകുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതുള്ള നിയന്ത്രണങ്ങള്‍ പൊതുജന പ്രതിഷേധം ക്ഷണിച്ചുവരുത്തുകയേയുള്ളു.
വളരുന്ന നഗരങ്ങളില്‍ വിശേഷിച്ചും ബഹുജന ഗതാഗതത്തിനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതുള്‍പ്പെടെയുള്ള സമഗ്ര ഗതാഗത വികസനമാണ് ആവശ്യം. അപ്പോള്‍ പണ്ടുണ്ടായിരുന്ന ചില സൗകര്യങ്ങള്‍ ചിലര്‍ക്കു നഷ്ടപ്പെട്ടെന്നും വരും. അത് വികസനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി അംഗീകരിച്ചേ തീരൂ.
*
ആര്‍ വി ജി മേനോന്‍ ജനയുഗം 02 ആഗസ്റ്റ് 2011
Tuesday, August 2, 2011
Subscribe to:
Post Comments (Atom)
1 comment:
വളരുന്ന നഗരങ്ങളില്‍ വിശേഷിച്ചും ബഹുജന ഗതാഗതത്തിനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതുള്‍പ്പെടെയുള്ള സമഗ്ര ഗതാഗത വികസനമാണ് ആവശ്യം. അപ്പോള്‍ പണ്ടുണ്ടായിരുന്ന ചില സൗകര്യങ്ങള്‍ ചിലര്‍ക്കു നഷ്ടപ്പെട്ടെന്നും വരും. അത് വികസനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി അംഗീകരിച്ചേ തീരൂ.
Post a Comment