Monday, August 22, 2011

മൂല്യം ഇടിഞ്ഞ അമേരിക്ക

അമേരിക്കയുടെ വായ്പാക്ഷമത ഇടിഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ പ്രണബ് മുഖര്‍ജിയും മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ചെയ്യുന്നതുപോലെ ലഘൂകരിച്ചു കാണരുത്. പ്രതിസന്ധികള്‍ മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പാണെന്നും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള വഴികള്‍ മുതലാളിത്തം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുമെന്നും പക്ഷേ പ്രതിസന്ധികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നുമുള്ള വസ്തുതയും അതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേണം ഇപ്പോഴത്തെ പ്രശ്നങ്ങളെ വിലയിരുത്താനും നിഗമനങ്ങളിലെത്താനും.

2008-09ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുതലാളിത്തം കരകയറാന്‍ തുടങ്ങിയെന്ന് ശക്തമായി പ്രചരിപ്പിക്കപ്പെടുമ്പോഴും മാന്ദ്യം തുടരുക തന്നെയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നില്ല. ആകെക്കൂടി നടന്നത് മേല്‍പ്പുറ ചികിത്സമാത്രം. ഇരട്ട സാമ്പത്തികമാന്ദ്യത്തിലേക്കാണ് അമേരിക്ക ഇപ്പോള്‍ കൂപ്പുകുത്തുന്നത്. കുറെ വര്‍ഷങ്ങളായി അമേരിക്ക പ്രധാന ഉല്‍പ്പാദന-സേവന മേഖലകളെ തീര്‍ത്തും അവഗണിച്ചുവരികയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയവയെല്ലാം അവഗണന നേരിട്ടപ്പോള്‍ , സൈനിക ചെലവുകളും ആയുധനിര്‍മാണവും ഇറക്കുമതിയും വീടു നിര്‍മാണവും ഉപഭോക്തൃ ഉപകരണ നിര്‍മാണവും പുരോഗമിക്കുകയായിരുന്നു. ഇവയ്ക്ക് ആവശ്യമായ പണം സമാഹരിച്ചത് നികുതി കൂട്ടിയിട്ടല്ല. വന്‍തോതില്‍ വായ്പ വാങ്ങിയും വായ്പയുടെ ജാമ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഓഹരികളെയും മറ്റ് ധനമേഖലാ സ്ഥാപനങ്ങളെയും ഉത്തേജിപ്പിച്ചുമായിരുന്നു.

ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയായിരുന്നു അമേരിക്ക. അമിതമായ കടബാധ്യതകള്‍ ഏറ്റെടുക്കുന്ന ഏതു രാജ്യവും ചെന്നുപതിക്കുന്ന കടക്കെണിയിലാണ് ഇന്ന് അമേരിക്ക. ഉയര്‍ന്ന ധനകമ്മി,ദേശീയവരുമാനത്തെ കവച്ചുവയ്ക്കുന്ന കടബാധ്യതകള്‍ , പലിശ കൊടുക്കാനും സൈനികച്ചെലവുകള്‍ നിര്‍വഹിക്കാനും ഇറക്കുമതിച്ചെലവുകള്‍ നടത്താനും സ്വകാര്യ കമ്പനികള്‍ക്കുള്ള കരാര്‍ തുക തീര്‍ക്കാനും ദൈനംദിന സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കാനും മാര്‍ഗം കാണാതെ സര്‍ക്കാര്‍തന്നെ പാപ്പരാവുക, ആഗോള സമൂഹത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുക എന്നിവയായിരിക്കും ഇതിന്റെ ഫലം. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പബ്ലിക്കന്‍ കക്ഷിയുടെ ശാസനയ്ക്ക് വഴങ്ങി 2.1 ട്രില്യന്‍ ഡോളറിന്റെ (ഒരു ട്രില്യന്‍=10 ലക്ഷം കോടി) ചെലവുചുരുക്കല്‍ കരാറിന് പകരമായി കടം വാങ്ങലിന്റെ പരിധി 14.3 ട്രില്യന്‍ ഡോളറില്‍നിന്ന് 16.4 ട്രില്യന്‍ ഡോളറായി ഉയര്‍ത്താനുള്ള അംഗീകാരം വാങ്ങിയത്. 2.8 ട്രില്യന്‍ ഡോളറിന്റെ ചെലവുചുരുക്കല്‍ പദ്ധതി ഏറ്റെടുക്കണമെന്നതായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ നിര്‍ബന്ധം. തല്‍ക്കാലം പ്രതിസന്ധി ഒഴിവായി. എന്നാല്‍ , വെളിപ്പെടുത്തപ്പെട്ട അമേരിക്കയുടെ പൊതുസാമ്പത്തിക ചിത്രവും വായ്പാപരിധി ഉയര്‍ത്താന്‍ വേണ്ടി നടത്തിയ രാഷ്ട്രീയ അന്തര്‍നാടകങ്ങളും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പിനെ സംബന്ധിച്ച് കാര്യമായ ആശങ്കകകളുയര്‍ന്ന സാഹചര്യത്തിലാണ് റേറ്റിങ് ഏജന്‍സി ട്രിപ്പിള്‍ എയില്‍നിന്ന് എ പ്ലസിലേക്ക് വായ്പാക്ഷമത താഴ്ത്തിയത്.

അമേരിക്കയുടെ ദേശീയ വരുമാനം 15 ട്രില്യന്‍ ഡോളറാണ്. ഇപ്പോള്‍ അനുവദിക്കപ്പെട്ട കടം ഏറ്റെടുത്തുകഴിയുമ്പോള്‍ (തീര്‍ച്ചയായും ഏറ്റെടുക്കും; അല്ലാതെ മുന്നോട്ടു പോകാനാകില്ല) മൊത്തം കടം 16.4 ട്രില്യന്‍ ഡോളറായി ഉയരും. കടം ഇത്രമേല്‍ വളര്‍ന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് പണത്തിന്റെ ആവശ്യം വര്‍ധിച്ചപ്പോഴാണ് കൂടെക്കൂടെ അമേരിക്കന്‍ കോണ്‍ഗ്രസിനെ സമീപിക്കുന്നത് ഒഴിവാക്കാന്‍ ഉയര്‍ന്ന വായ്പാപരിധി നിര്‍ണയിക്കപ്പെട്ടത്. പിന്നീട് പല പ്രാവശ്യം വായ്പാപരിധി ഉയര്‍ത്തി നിര്‍ണയിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെ കടബാധ്യത 242 ബില്യന്‍ (ശതകോടി) ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടര പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ 1970ല്‍ കടം 283 ബില്യന്‍ ഡോളര്‍ ആയി. 2011 മേയില്‍ അത് 14.3 ട്രില്യന്‍ ഡോളറായി. കടം ഏറിയതോടെ പലിശച്ചെലവും പെരുകി. 2003ല്‍ 150 ബില്യന്‍ ഡോളറായിരുന്ന പലിശച്ചെലവ് 2010ല്‍ 414 ബില്യന്‍ ഡോളറായി. അതായത് മൊത്തം ദേശീയ വരുമാനത്തിന്റെ 2.7 ശതമാനം. നിരന്തരം വര്‍ധിച്ചുപോന്ന ചെലവുകള്‍ നേരിടാന്‍ നികുതി വര്‍ധനയുടെ മാര്‍ഗം സ്വീകരിക്കപ്പെട്ടില്ല. മറിച്ച് നികുതി നിരക്കുകള്‍ ഇളവുചെയ്തുകൊണ്ടിരുന്നു. ജോര്‍ജ് ബുഷിന്റെ കാലത്ത് 2001, 2003, 2005 വര്‍ഷങ്ങളില്‍ ഗണ്യമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഒബാമ ആ മാര്‍ഗം പിന്തുടര്‍ന്നു. നികുതി കുറച്ചാല്‍ നിക്ഷേപം ഉയരുമെന്നും ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരുമെന്നുമുള്ള വിശ്വാസം ഫലവത്തായില്ല. സാധാരണക്കാരുടെ നികുതിഭാരം കുറയുമ്പോഴാണ് വാങ്ങല്‍ശേഷി ഉയരുകയെന്ന വസ്തുത അംഗീകരിക്കപ്പെടാതെ പോയി. നികുതി ഇളവിന്റെ ഫലം ലഭിച്ചത് സമ്പന്നര്‍ക്കായിരുന്നു.

സര്‍ക്കാര്‍ ചെലവുകള്‍ 2.4 ട്രില്യന്‍ ഡോളര്‍ കണ്ട് അടുത്ത പത്ത് വര്‍ഷത്തിനകം വെട്ടിക്കുറയ്ക്കാനാണ് ഒബാമ ഉണ്ടാക്കിയ കരാര്‍ . അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാനിരിക്കുന്നതേയുള്ളൂ. ചെലവുചുരുക്കല്‍ പദ്ധതിയില്‍നിന്ന് സൈനിക ചെലവുകളും വിദ്യാഭ്യാസ ചെലവുകളും ഒഴിവാക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യം, സാമൂഹ്യക്ഷേമ സുരക്ഷാപദ്ധതികള്‍ തുടങ്ങിയവയെല്ലാം വെട്ടിക്കുറയ്ക്കപ്പെടും എന്നര്‍ഥം. ഒരു ശരാശരി അമേരിക്കക്കാരന്റെ കുടുംബചെലവുകളില്‍ മുഖ്യ ഇനമാണ് ആരോഗ്യ സുരക്ഷാചെലവുകള്‍ . അത് ഉള്‍പ്പെടെ കുറവ് ചെയ്യുമെന്നതിനാല്‍ ജീവിതച്ചെലവ് ഉയരുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ പൗരന്‍മാരുടെ വരുമാനമിടിക്കും. വാങ്ങല്‍ക്കഴിവ് കുറയ്ക്കും. നിക്ഷേപവും ഉല്‍പ്പാദനവും മരവിക്കും. തൊഴിലില്ലായ്മ വര്‍ധിക്കും. അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2011 ജൂലൈയില്‍ 13.9 ദശലക്ഷം പേര്‍ തൊഴില്‍രഹിതരാണ്. ഇത് തൊഴില്‍ശക്തിയുടെ 9.1 ശതമാനമാണ്. 2011 ഏപ്രിലിന് ശേഷം തുടര്‍ച്ചയായി ഈ നിരക്ക് ഉയരുകയാണ്. തൊഴില്‍രഹിതരില്‍ ഏഴ് മാസവും അതില്‍കൂടുതലും തൊഴില്‍രഹിതരായി തുടരുന്നവരാണ് 6.2 ദശലക്ഷം പേര്‍ . ഈ സ്ഥിതി കൂടുതല്‍ വഷളാകാന്‍മാത്രമേ ഈ ചെലവുചുരുക്കല്‍ സഹായിക്കൂ. ചെലവുചുരുക്കല്‍ മാത്രമല്ല റിപ്പബ്ലിക്കന്‍മാരുമായുണ്ടാക്കിയ കരാറിലുള്ളത്. 2011 നവംബര്‍ 24 ആവുമ്പോഴേക്കും ഇനിയും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിക്കുമെന്നും കരാറിലുണ്ട്. 2008-09ലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍പെട്ടത്. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരിക്കമ്പോളങ്ങളും ഒന്നൊന്നായി നിലംപൊത്തി. 1930കളിലെ മഹാമാന്ദ്യത്തോടാണ് അതിനെ താരതമ്യപ്പെടുത്തിയത്. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ പരിതസ്ഥിതിയില്‍ അമേരിക്കയ്ക്ക് കടംകൊടുക്കാന്‍ മറ്റുള്ളവര്‍ മടിക്കേണ്ടതാണ്. എന്നാല്‍ , ട്രഷറി ബില്ലുകളും ബോണ്ടുകളും ധാരാളമായി മറ്റ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സര്‍ക്കാരുകള്‍ക്ക് വിറ്റ് പണം സമാഹരിക്കാന്‍ അമേരിക്കയ്ക്ക് പ്രയാസമുണ്ടായില്ല.

അമേരിക്കന്‍ കറന്‍സിയുടെ കെട്ടുറപ്പായിരുന്നില്ല കാരണം. നഷ്ടസാധ്യതയില്ലാത്ത, അപകടം കുറഞ്ഞ മറ്റ് കറന്‍സികളുടെ അഭാവമാണ് ഡോളറിനെ ആകര്‍ഷണീയപദവിയില്‍ നിലനിര്‍ത്തിയത്. ഡോളറിനെ രക്ഷിക്കാന്‍ അവസാനത്തെ ആയുധവും ഒബാമ പ്രയോഗിച്ചുകഴിഞ്ഞു. ട്രിപ്പിള്‍ എ പദവി ഉടന്‍ വീണ്ടെടുക്കുമെന്നും സമ്പദ്വ്യവസ്ഥ ശക്തമാണെന്നുമുള്ള സന്ദേശമാണ് അദ്ദേഹം ആഗോള മൂലധനത്തിന് നല്‍കിയത്. പക്ഷേ ഒബാമയുടെ പ്രഖ്യാപനം വന്നശേഷവും അമേരിക്കന്‍ ഓഹരിസൂചികയായ ഡൗജോണ്‍സ് 635 പോയിന്റ് ഇടിഞ്ഞു. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇന്ത്യന്‍ ഓഹരി വിലസൂചികയായ സെന്‍സെക്സ് ഒറ്റദിവസം 500 പോയിന്റ് താഴ്ന്നു. അമേരിക്കയുടെ വായ്പാക്ഷമത ഇടിഞ്ഞമാത്രയില്‍ ഓഹരിസൂചികകളും ഇടിഞ്ഞത് സ്വാഭാവികം. കടപ്പത്രങ്ങള്‍ ആകര്‍ഷണീയമായ നിക്ഷേപങ്ങള്‍ അല്ലാതെ മാറുമ്പോള്‍ കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ രാജ്യം ബുദ്ധിമുട്ടും. പക്ഷേ, വില്‍ക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരും. നിക്ഷേപകരെ ആകര്‍ഷിക്കാനാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഉയര്‍ന്ന പലിശച്ചെലവ് കടത്തിന്റെ നല്ലൊരുഭാഗം തിന്നുതീര്‍ക്കും. ഉദാഹരണമായി അമേരിക്കന്‍ ട്രഷറിയില്‍ ചൈനീസ് നിക്ഷേപം 1.16 ട്രില്യന്‍ ഡോളറാണ്. പലിശനിരക്ക് ഉയരുമ്പോള്‍ ചൈനയ്ക്ക് മാത്രമായി 100 ബില്യന്‍ ഡോളറിന്റെ അധികപലിശ നല്‍കേണ്ടിവരും. അമേരിക്കയിലെ വിവിധ വായ്പാനിരക്കുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത് കടപ്പത്ര പലിശനിരക്കുമായിട്ടാണ്. വിദ്യാഭ്യാസം, വാഹനങ്ങള്‍ , വീടുകള്‍ , ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ മാത്രമല്ല പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളുടെ വായ്പകളുടെ നിരക്കുകളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ ട്രഷറി കടപ്പത്ര നിരക്കുമായിട്ടാണ്. കടപ്പത്രമൂല്യവും പലിശനിരക്കും തമ്മില്‍ വിപരീത ബന്ധമാണുള്ളത്. 100 ഡോളര്‍ കടപ്പത്രത്തിനുമേല്‍ അഞ്ച് ഡോളറാണ് നിരക്കെന്ന് കരുതുക. അതായത് അഞ്ച് ശതമാനം. കടപ്പത്രവില 90 ഡോളറാകുമ്പോള്‍ പലിശനിരക്ക് 5.5 ശതമാനമായി വര്‍ധിക്കും. ഇതോടെ മറ്റെല്ലാ നിരക്കും ഉയരും. ഇതാകട്ടെ ഉപഭോക്തൃചെലവുകള്‍ ചുരുക്കുകയും ഡിമാന്‍ഡ് വെട്ടിക്കുറയ്ക്കുകയുംചെയ്യും. ഉയര്‍ന്ന പലിശനിരക്കിന് കടമെടുക്കേണ്ടിവരുന്നത് കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. ലാഭവും നിക്ഷേപവും ചുരുക്കും. സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാചെലവ് ഉയരുന്നതിനും കടപ്പത്രവിലക്കുറവ് വഴിയൊരുക്കും. കടപ്പത്ര ജാമ്യത്തില്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് അധികജാമ്യം നല്‍കാന്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍ബന്ധിക്കാന്‍ തുടങ്ങുന്നതോടെ ആ വഴിക്കുള്ള ചെലവും വര്‍ധിക്കും. അമേരിക്കയിലെ സംഭവവികാസങ്ങള്‍ സമ്മിശ്രപ്രതികരണങ്ങളാകും ഇന്ത്യയിലുണ്ടാക്കുക. ലാഭ-നഷ്ടങ്ങളുടെ അളവും എത്രകാലം നിലനില്‍ക്കും എന്നതും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എങ്ങനെ എത്രവേഗം പ്രതിസന്ധി പരിഹരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഏതായാലും പൂര്‍ണമായ പ്രതിസന്ധി പരിഹാരം അസാധ്യമാണ്. അതുണ്ടാവണമെങ്കില്‍ നികുതികള്‍ കൂട്ടണം, വായ്പ കുറയ്ക്കണം. രണ്ടും സാധ്യമല്ലാത്ത സ്ഥിതിയാണിന്നുള്ളത്.

അമേരിക്കയിലെ നിക്ഷേപമാന്ദ്യവും തൊഴിലില്ലായ്മ വര്‍ധനയും ഏറ്റവും ആദ്യം പ്രതിഫലിപ്പിക്കുക ക്രൂഡ് ഓയിലിനുള്ള ആവശ്യത്തിലും അതിന്റെ വിലയിലുമാണ്. ഏറ്റവും ലാഭകരമായ നിക്ഷേപവിപണി തേടിയുള്ള പരക്കംപാച്ചിലിലാണ് ആഗോളധനമൂലധനം. പ്രതിസന്ധികളില്‍ ഉഴലുന്ന അമേരിക്കയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ധനമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എത്തിച്ചേരുന്നത് ഓഹരിമൂലധനമാണ്; ഉല്‍പ്പാദനത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രത്യക്ഷ മൂലധനനിക്ഷേപമല്ല എന്നോര്‍ക്കണം. പ്രതീക്ഷിച്ച ദേശീയ വരുമാന വളര്‍ച്ച നേടാത്ത പശ്ചാത്തലത്തിലും അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ചമുരടിപ്പിന്റെ സാഹചര്യത്തിലും സാമ്പത്തിക പരിഷ്കാരങ്ങളുടെ രണ്ടാം അധ്യായം തുറക്കുമെന്ന പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന ആഗോള മൂലധനത്തിന് ഊര്‍ജം പകരും.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 22 ആഗസ്റ്റ് 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയുടെ വായ്പാക്ഷമത ഇടിഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ പ്രണബ് മുഖര്‍ജിയും മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ചെയ്യുന്നതുപോലെ ലഘൂകരിച്ചു കാണരുത്. പ്രതിസന്ധികള്‍ മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പാണെന്നും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള വഴികള്‍ മുതലാളിത്തം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുമെന്നും പക്ഷേ പ്രതിസന്ധികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നുമുള്ള വസ്തുതയും അതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേണം ഇപ്പോഴത്തെ പ്രശ്നങ്ങളെ വിലയിരുത്താനും നിഗമനങ്ങളിലെത്താനും.

വെള്ളരി പ്രാവ് said...

ഈ പോസ്റ്റ്‌ ചിന്തോദ്ദീപനം. .
നന്ദി സുഹൃത്തെ.